പ്രവാചകന്മാരുടെ പ്രബോധന വിഷയങ്ങളില്‍ ഒന്നാമത്തേത് ഇബാദത്ത് അല്ലാഹുവിന് മാത്രം എന്നതായിരുന്നു. രണ്ടാമത്തേത് അല്ലാഹുവെ സൂക്ഷിച്ചുജീവിക്കണം എന്നതും. അഅ്റാഫ്, ഹൂദ്, ശുഅറാ എന്നീ സൂറത്തുകളിലെ പൂര്വപ്രവാചകന്മാരുടെ പ്രബോധനചരിത്രം പ്രതിപാദിക്കുന്ന സൂക്തങ്ങളില്‍ നിന്ന് ഇത് വ്യക്തമായി ഗ്രഹിക്കാം. ഇബാദത്ത് അല്ലാഹുവിന് മാത്രമേ സമര്‍പ്പിക്കാവൂ എന്ന കാര്യം മുസ്ലിംകളെല്ലാം പൊതുവെ ഔപചാരികമായി അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഇബാദത്തിന്റെ വകുപ്പില്‍ പെട്ട നേര്‍ച്ചയും പ്രാര്‍ഥനയും അല്ലാഹുവല്ലാത്തവര്‍ക്ക് സമര്‍പ്പിക്കുന്ന ചിലരെയും മുസ്ലിം സമൂഹത്തില്‍ കാണാം. ഭരണനിയമങ്ങള്‍ അനുസരിക്കുക എന്നൊരു വിഷയം കൂടി ഇബാദത്തിന്റെ വകുപ്പില്‍ ഉള്‍പ്പെടുത്തുകയും മുസ്ലിംകളില് മഹാഭൂരിപക്ഷവും രാഷ്ട്രീയ ശിര്‍ക്കില്‍ അകപ്പെട്ടിരിക്കുന്നു എന്ന് സമര്‍ഥിക്കുകയും ചെയ്യുന്ന ഒരു വിഭാഗവുമുണ്ട്.
തഖ്വയുടെ അഥവാ സൂക്ഷ്മതയുടെ കാര്യത്തില്‍ ഗുരുതരമായ അഭിപ്രായ വ്യത്യാസമൊന്നും മുസ്ലിംകള്ക്കിടയില് നിലവിലില്ല. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അതിലംഘിക്കാതെ സൂക്ഷിക്കുക എന്നത് തഖ്വയുടെ താല്പര്യമായി പൊതുവെ അംഗീകരിക്കപ്പെടുന്നു. ദോഷബാധയെ കാത്തുസൂക്ഷിക്കുക എന്നാണ് ചിലര്‍ തഖ്വയെ വിശദീകരിക്കാറുള്ളത്. ഇഹത്തിലും പരത്തിലും ദോഷമുളവാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കി നല്ലൊരു ജീവിതത്തിന് വഴിയൊരുക്കലാണ് തഖ്വാ എന്നൊരു സൂചന കൂടി ഈ വിശദീകരണത്തിലുണ്ട്. എന്നാല്‍ തഖ്വ എന്തിന്, അതുകൊണ്ടുള്ള പ്രയോജനമെന്ത്, തഖ്വയില്ലാതിരുന്നാല് എന്താണ് നഷ്ടം? എന്നീ കാര്യങ്ങളെക്കുറിച്ച് വിശ്വാസികളില്‍ പലരും ബോധവാന്മാരല്ല. ഇബാദത്ത് അല്ലാഹുവിന് മാത്രം എന്ന തത്വം മുറുകെ പിടിക്കുന്നവര്‍ പോലും ചിലപ്പോള്‍ തഖ്വയുടെ കാര്യത്തില്‍ ഉദാസീനരാകാറുണ്ട്.
അല്ലാഹുവിന്റെ ശിക്ഷ ഭയപ്പെട്ടിട്ട് അവന് കല്പിച്ച എല്ലാ കര്‍മങ്ങളും ചെയ്യുകയും അവന് നിരോധിച്ച എല്ലാ ദുഷ്പ്രവൃത്തികളും ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് തഖ്വ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സില്‍ കടന്നുവരുന്ന ആശയം. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളിലും നബിവചനങ്ങളിലും താക്കീത് നല്‍കിയിട്ടുണ്ട്. ദൈവിക ശിക്ഷയെക്കുറിച്ച് ഭയമില്ലാത്തവര്‍ താന്തോന്നികളായിത്തീരാന് ഏറെ സാധ്യതയുണ്ട്. അതിനാല്‍ തഖ്വയ്ക്ക് പ്രേരകമാകുന്ന കാര്യങ്ങളില്‍ ദൈവഭയത്തിന് അപ്രധാനമല്ലാത്ത സ്ഥാനമുണ്ട്. എന്നാല്‍ തഖ്വയുള്ളവരുടെ മനസ്സില്‍ ഭയമെന്ന വികാരത്തെക്കാള്‍ മുന്നിട്ടു നില്‍ക്കേണ്ടത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയും അനുഗ്രഹങ്ങളെയും സംബന്ധിച്ച ഓര്‍മയും കൃതജ്ഞതാബോധവുമാണ്. അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും ഈ കാര്യം ഗ്രഹിക്കാം. ദോഷബാധയില്‍ നിന്ന് മുക്തി ലഭിക്കാനും നന്മകള്‍ക്ക് പ്രചോദനമേകാനും വേണ്ടി അല്ലാഹു നമുക്ക് നിയമമാക്കിയ നമസ്കാരമെന്ന അനുഷ്ഠാനത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: ``തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക'' (വി.ഖു 20:14). ``തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മത്തില്‍ നിന്നും തടയുന്നു: അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു'' (വി.ഖു 29:45). പതിവായി മനസ്സാന്നിധ്യത്തോടെ നമസ്കരിക്കുന്ന മനുഷ്യന് നമസ്കാരവേളയിലും മറ്റുള്ളപ്പോഴും അല്ലാഹുവെ സംബന്ധിച്ച ഓര്‍മയുണ്ടാകുന്നു. ആ ഓര്മ നീചമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കപ്പെട്ട കാര്യങ്ങളില്‍ നിന്നും അവനെ പിന്തിരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ജീവിത വിശുദ്ധിക്ക് അവലംബമാകുന്ന ദൈവസ്മരണ അതിമഹത്തായ കാര്യമാണെന്ന് ഈ സൂക്തം പഠിപ്പിക്കുന്നു.
തഖ്വയുടെ ഭാഗമായി ദിക്റിന് വലിയ പ്രാധാന്യം കല്പിക്കുന്നവരാണ് മുസ്ലിംകളില് ഭൂരിഭാഗവും. പക്ഷെ, അവരില്‍ അധിക പേരും അല്ലാഹുവെ അനുസ്മരിക്കുക എന്നര്‍ഥമുള്ള ദിക്റിനെ സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ പോലെയുള്ള ചില മഹദ്വാക്യങ്ങള്‍ ഉരുവിടുന്നതില്‍ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ വാക്യങ്ങള്‍ തികച്ചും പുണ്യകരമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതിനപ്പുറം ദിക്റിന് അതിവിശാലമായ അര്‍ഥതലങ്ങളുണ്ട്. ആകാശഭൂമികളിലെവിടെയുമുള്ള അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ അപാരമായ അനുഗ്രഹങ്ങളെയും അവന്റെ മാര്‍ഗദര്‍ശനത്തിന്റെ അന്യൂനതയെയും അവന്റെ നടപടി ക്രമങ്ങളുടെ മൗലികതയെയും മറ്റും അനുസ്മരിക്കുന്നത് ദിക്റിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആനില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത് ഇപ്രകാരമാകുന്നു:
``നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ ഓര്‍മിക്കുകയും ആകാശഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്? അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കണേ'' (വി.ഖു 3:191). ``അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക് സാരോപദേശം നല്‍കിക്കൊണ്ട് അവന് അവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്‍മിക്കുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക'' (വി.ഖു 2:231). മനസ്സിലേക്ക് കടക്കാത്ത, ജീവിതതലങ്ങളെ സ്പര്‍ശിക്കാത്ത, അലസവും യാന്ത്രികവുമായ ഉരുവിടലില്‍ ഒതുങ്ങുന്ന ദിക്റിന്റെ വ്യര്‍ഥതയെക്കുറിച്ചും വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്: ``അവര്‍ നമസ്കരിക്കാന്‍ നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ചു മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍ക്കുകയുള്ളൂ.''(വി.ഖു 4:142)
ആകാശഭൂമികളില്‍ അല്ലാഹു സംവിധാനിച്ചൊരുക്കിയ ഭൗതിക പ്രതിഭാസങ്ങളെയും ഭൂമിയില്‍ അവന് വിന്യസിച്ച സസ്യ-ജീവജാലങ്ങളുടെ അത്ഭുത വ്യവസ്ഥകളെയും മനുഷ്യന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ഘടനാവിശേഷങ്ങളെയും സംബന്ധിച്ച് അനുസ്മരിക്കുന്നിടത്തോളം എത്തുന്ന ദിക്ര് അല്ലാഹുവിന്റെ നിയമപരിധികള് ഒട്ടും ലംഘിക്കാതെ തികഞ്ഞ തഖ്വ പുലര്‍ത്താന്‍ പ്രേരകമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മനുഷ്യര്‍ക്ക് മറ്റു ജന്തുജാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വിശേഷ ബുദ്ധിയും വിപുലമായ അറിവുകളും കഴിവുകളും നല്കി അനുഗ്രഹിച്ച അല്ലാഹുവിന്റെ അപാരമായ കാരുണ്യത്തെ യഥോചിതം അനുസ്മരിക്കുന്നവര്‍ അവന്റെ മാര്‍ഗദര്‍ശനത്തിന്റെ മഹനീയത അംഗീകരിക്കാന്‍ പ്രചോദിതരായിത്തീരുക തന്നെ ചെയ്യും. അങ്ങനെ അല്ലാഹുവും പ്രപഞ്ചവും തമ്മിലും അല്ലാഹുവും മനുഷ്യനും തമ്മിലുമുള്ള ബന്ധത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് ദിക്ര് അഥവാ അനുസ്മരണം നീങ്ങുമ്പോള്‍ ജീവിതമേഖലകളെയാകെ സംശുദ്ധമാക്കാനുതകുന്ന ആത്മീയ ചൈതന്യം അതില്‍ നിന്ന് സ്ഫുരിക്കും. അതാണ് ചുണ്ടില്‍ തങ്ങാതെ സര്‍വതല സ്പര്‍ശിയായി വികസിക്കുന്ന ദിക്ര്. ജീവിത വ്യവഹാരങ്ങളെയാകെ തഖ്വയില്‍ അധിഷ്ഠിതമാക്കാന്‍ ആ ദിക്ര് പ്രചോദകമായി വര്‍ത്തിക്കുക തന്നെ ചെയ്യും.
അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെയും പരിപാലനത്തിന്റെയും നിയമ നിര്‍ദേശങ്ങളുടെയും മൗലികത യഥോചിതം ഗ്രഹിക്കുന്നവരുടെ മനസ്സില്‍ അല്ലാഹുവോടു നന്ദി നിറയും. ദിക്റിന്റെ അനിവാര്യ താല്പര്യമാണ് ശുക്ര്. നന്ദിയുള്ള മനസ്സ് അസ്വസ്ഥമാവുകയില്ല. ശാന്തി ആ മനസ്സിനെ ധന്യമാക്കും. ``അറിയുക: അല്ലാഹുവെ അനുസ്മരിക്കുന്നതിലൂടെയാണ് ഖല്‍ബുകള്‍ പ്രശാന്തമായിത്തീരുന്നത്''(വി.ഖു 13:28). കൃതജ്ഞതാ നിര്‍ഭരമായ ജീവിതം നയിക്കുന്നവര്‍ക്ക് അല്ലാഹു അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുകൊടുക്കുമെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ (14:7) വാഗ്ദാനം ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കണമെന്ന ഉല്‍ബോധനം ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണാം. കോടാനുകോടി മനുഷ്യര്‍ നന്ദിവാക്ക് പറഞ്ഞതുകൊണ്ട് അല്ലാഹുവിന് എന്താണ് പ്രയോജനമെന്ന് ചില നിഷേധികള്‍ ചോദിക്കാറുണ്ട്. മനുഷ്യര്‍ അല്ലാഹുവോട് നന്ദിയുള്ളവരായാല്‍ അവര്‍ക്ക് തന്നെയാണ് ഗുണമെന്ന് വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിന്റെ അത്യധികം അനുഗ്രഹങ്ങള്‍ ലഭിച്ച സുലൈമാന്‍ നബി(അ)യുടെ ഒരു പ്രസ്താവം ഖുര്‍ആനില്‍ ഉദ്ധരിച്ചിട്ടുള്ളത് ഇപ്രകാരമാകുന്നു: ``ഞാന്‍ നന്ദി കാണിക്കുമോ നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കാന്‍ വേണ്ടി എന്റെ രക്ഷിതാവ് നല്കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്. വല്ലവനും നന്ദി കാണിക്കുകയാണെങ്കില്‍ അവന്റെ ഗുണത്തിനായിട്ട് തന്നെയാണ് അവന് നന്ദി കാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ രക്ഷിതാവ് പരാശ്രയമുക്തനും ഉല്‍കൃഷ്ടനുമാകുന്നു'' (വി.ഖു 27:40). ഭൂമിയിലുള്ള മുഴുവന്‍ മനുഷ്യരും ധിക്കാരികളായി മാറിയാലും അല്ലാഹുവിന്റെ അധികാരത്തിനോ പ്രതാപത്തിനോ യാതൊരു കോട്ടവും തട്ടുകയില്ലെന്ന് പ്രാമാണികമായ ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയത്തിലും ഉദ്യോഗത്തിലും വ്യാപാരത്തിലും വ്യവസായത്തിലുമൊക്കെ തഖ്വ പുലര്‍ത്തിയാല്‍ അഥവാ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ലംഘിക്കാതെ സൂക്ഷിച്ചാല്‍ പ്രയാസങ്ങളും നഷ്ടങ്ങളുമുണ്ടാകുമെന്ന അബദ്ധ ധാരണയില്‍ കഴിയുന്നവരും വിശ്വാസികളുടെ കൂട്ടത്തിലുണ്ട്. അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം മനുഷ്യരുടെ സര്വതോമുകമായ നന്മയ്ക്കും വിജയത്തിനും വേണ്ടിയുള്ളതാണെന്ന മൗലിക സത്യം ഗ്രഹിക്കാത്തതിന്റെ ഫലമാണ് ഈ അബദ്ധ ധാരണ. നമ്മെ കഷ്ടത്തിലാക്കുകയല്ല, കഷ്ടനഷ്ടങ്ങള്‍ക്ക് നിവാരണമുണ്ടാക്കുകയാണ് അല്ലാഹുവിന്റെ പദ്ധതി. വ്രതമാസം വിളിപ്പാടകലെ നില്ക്കുമ്പോള് ദൈവിക മാര്‍ഗദര്‍ശനത്തിന്റെ മഹദ്ഭാവങ്ങളെ സംബന്ധിച്ച് നാം കൂടുതല്‍ ബോധവാന്മാരാകുന്നത് ഇഹത്തിലും പരത്തിലും നമുക്ക് ഗുണദായകമായിരിക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ.