മതഗവേഷണമല്ലേ ഭിന്നതയ്‌ക്കു കാരണം ?
ചോദ്യം :

മതകാര്യങ്ങളില്‍ ഖുര്‍ആനിലും നബിചര്യയിലും ഖണ്‌ഡിതമായ വിധി കണ്ടില്ലെങ്കില്‍ ഗവേഷണാടിസ്ഥാനത്തില്‍ എത്തിച്ചേരാവുന്ന നിഗമനങ്ങള്‍ക്ക്‌ ഇസ്‌ലാം പ്രമാണികത കല്‌പ്പിച്ചു. കര്‍മശാസ്‌ത്ര പ്രശ്‌നങ്ങളിലെ ഈ നിയമ നിര്‍മാണമല്ലേ, ഇസ്‌ലാമിക സമൂഹത്തില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്‌ടിച്ചത്‌? പുതിയ തത്വചിന്തക്കും (പണ്‌ഡിത തീരുമാനം) ആധ്യാത്മിക ദര്‍ശനങ്ങള്‍ക്കും ഇസ്‌ലാം നിയമസാധുത നല്‌കുന്നതിനാല്‍ മദ്‌ഹബുകളും നവീന ചിന്താഗതികളും ഇപ്പോഴും മുസ്‌ലിംകളെ ഭിന്നിപ്പിച്ച്‌ കൊണ്ടിരിക്കുന്നു. ഖുര്‍ആനും സുന്നത്തും കൃത്യമായ മാര്‍ഗദര്‍ശനം നല്‌കുമെങ്കില്‍, സ്വതന്ത്ര തീരുമാനങ്ങള്‍ക്ക്‌ എന്താണ്‌ പ്രസക്തി?

ഉത്തരം :

മനുഷ്യരെ സൃഷ്‌ടിച്ച അല്ലാഹു തന്നെയാണ്‌ അവരുടെ ശാരീരികവും മാനസികവുമായ ഘടനയില്‍ വൈവിധ്യമുണ്ടാക്കിയത്‌. ഈ വൈവിധ്യം നിമിത്തമാണ്‌ കുറെ വീക്ഷണവ്യത്യാസങ്ങളുണ്ടാകുന്നത്‌. ഇത്‌ അപകടകരമായ കാര്യമല്ല. അതിക്രമപരമായ ഭിന്നതയെ, അഥവാ സത്യം മനസ്സിലായിട്ടും വൈരാഗ്യമോ മാത്സര്യമോ നിമിത്തം അതില്‍ നിന്ന്‌ തെറ്റിപ്പോകുന്ന പ്രവണതയെയാണ്‌ വിശുദ്ധ ഖുര്‍ആന്‍ ആക്ഷേപിച്ചത്‌. ``എന്നാല്‍ വേദം നല്‌കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നു കിട്ടിയതിനുശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത്‌ അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല'' (വി.ഖു 2:213) ``വേദഗ്രന്ഥം നല്‌കപ്പെട്ടവര്‍ തങ്ങള്‍ക്ക്‌ അറിവ്‌ വന്നു കിട്ടിയ ശേഷം തന്നെയാണ്‌ ഭിന്നിച്ചത്‌. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്‌.'' (വി.ഖു 3:19)

സകല വിഷയങ്ങളുടെയും വിശദാംശങ്ങള്‍ സംബന്ധിച്ച്‌ അതിസൂക്ഷ്‌മമായ വിധി നല്‌കിയിട്ട്‌ അതില്‍ നിന്ന്‌ മനുഷ്യര്‍ അല്‌പമെങ്കിലും വ്യതിചലിച്ചാല്‍ അവരെ കുറ്റവാളികളായി ഗണിക്കുന്ന സമീപനമല്ല അല്ലാഹുവിന്റേത്‌. വലിയൊരളവോളം അവര്‍ക്ക്‌ അവന്‍ അഭിപ്രായ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‌കിയിരിക്കുന്നു. ``സത്യവിശ്വാസികളേ, ചില കാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്‌. നിങ്ങള്‍ക്ക്‌ അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത്‌ മനഃപ്രയാസമുണ്ടാക്കും.'' (വി.ഖു 5:101)

നിഷിദ്ധമായ ഏതാനും കാര്യങ്ങള്‍ വ്യക്തമാക്കിയ ശേഷം അതിനപ്പുറമുള്ളതെല്ലാം അനുവദനീയമായി അല്ലാഹു പ്രഖ്യാപിച്ചത്‌ (6:145, 4:24) മനുഷ്യരോടുള്ള അവന്റെ ഔദാര്യത്തിന്‌ വ്യക്തമായ തെളിവാകുന്നു. സങ്കീര്‍ണമായ വിലക്കുകള്‍ കൊണ്ട്‌ മനുഷ്യരെ വീര്‍പ്പ്‌ മുട്ടിക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ലെന്ന്‌ ഇതില്‍ നിന്നൊക്കെ വ്യക്തമാകുന്നു. അല്ലാഹു വിശാലത നല്‌കിയ കാര്യങ്ങളില്‍ പോലും ആര്‍ക്കും വീക്ഷണ വ്യത്യാസമുണ്ടാകരുതെന്ന്‌ ശഠിക്കുന്നത്‌ തികച്ചും തെറ്റാണ്‌. പരിശുദ്ധ ഹറമുകളിലെ ജമാഅത്തുകളില്‍ പങ്കെടുക്കുന്ന ജനലക്ഷങ്ങളുടെ നമസ്‌കാരത്തിന്റെ വിശദാംശങ്ങളില്‍ പല വ്യത്യാസങ്ങളും കാണാം. അതിന്റെ പേരില്‍ ആര്‍ക്കും ആശയക്കുഴപ്പമൊന്നും ഉണ്ടാകുന്നില്ല.

എന്നാല്‍ ഖുര്‍ആനിലെയോ പ്രാമാണികമായ ഹദീസിലെയോ വ്യക്തമായ നിര്‍ദേശം ഇന്നതാണെന്ന്‌ ബോധ്യമായിക്കഴിഞ്ഞാല്‍ അതിനെതിരായ അഭിപ്രായം പറയാന്‍ അല്ലാഹു വിശ്വാസികള്‍ക്ക്‌ സ്വാതന്ത്ര്യം നല്‌കിയിട്ടില്ല. ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായ തത്വചിന്തകളോ ആദ്ധ്യാത്മിക ദര്‍ശനങ്ങളോ മുസ്‌ലിംകള്‍ സ്വീകരിക്കാന്‍ പാടില്ല. സൃഷ്‌ടിയും സ്രഷ്‌ടാവും ഒന്നു തന്നെയാണെന്ന്‌ പറയുന്ന അദൈ്വത വാദവും, അല്ലാഹുവിന്റെയും റസൂലി(സ)ന്റെയും വിധിവിലക്കുകള്‍ `ദൈവികസത്തയില്‍ വിലയം പ്രാപിച്ചവര്‍'ക്ക്‌ ബാധകമല്ലെന്ന്‌ വാദിക്കുന്ന ചില ത്വരീഖത്തുകളും വിശുദ്ധ ഖുര്‍ആനിനും തിരുസുന്നത്തിനും തീര്‍ത്തും വിരുദ്ധമാകുന്നു. ഇസ്‌ലാമില്‍ നിയമസാധുതയുള്ള വീക്ഷണവൈവിധ്യങ്ങള്‍ ഏതൊക്കെയെന്നും, പ്രമാണവിരുദ്ധമായ ഭിന്നതകള്‍ ഏതെല്ലാമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്‌.

ദൈവം പരീക്ഷിക്കുന്നതെന്തിന്‌ ?
ചോദ്യം :

``ഏതെല്ലാം അറിവുകളും ശേഷികളും തന്റെ വിദ്യാര്‍ഥികള്‍ നേടിയെന്നും നേടാതെ പോയത്‌ ഏതെല്ലാമെന്നും സ്വയം തിരിച്ചറിയുന്നതിനു വേണ്ടിയാണ്‌ അധ്യാപകര്‍ അവര്‍ക്ക്‌ പരീക്ഷ നടത്തുന്നത്‌. തന്റെ എല്ലാ സൃഷ്‌ടികളെക്കുറിച്ചും സകലവിധ അറിവുകളുമുള്ള ദൈവത്തിന്‌ പിന്നീട്‌ മനുഷ്യരെ പരീക്ഷിക്കുന്നതിന്റെ ആവശ്യമെന്താണ്‌?'' ഒരു യുക്തിവാദി നേതാവിന്റെ പ്രസംഗത്തില്‍ നിന്ന്‌. `മുസ്‌ലിം' എന്ത്‌ പറയുന്നു?

ഉത്തരം :

അധ്യാപകന്‌ വിദ്യാര്‍ഥിയെ സംബന്ധിച്ച്‌ തിരിച്ചറിവുണ്ടാവുക എന്നത്‌ ഫലപ്രദമായ അധ്യാപനത്തിന്‌ ഉപകരിക്കുമെങ്കിലും അതല്ല പരീക്ഷയുടെ ആത്യന്തിക ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക്‌ കൂടുതല്‍ പഠിക്കാന്‍ പ്രചോദനം നല്‍കുകയും അവരുടെ അറിവും കഴിവും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ പരീക്ഷകള്‍ കൊണ്ട്‌ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. വിവിധ ജീവിതമേഖലകളില്‍ സേവനമര്‍പ്പിക്കാന്‍ അവരെ പ്രാപ്‌തരാക്കുക എന്നതും ഒരു ഉദ്ദേശ്യമാണ്‌. അല്ലാഹു മനുഷ്യരെ പരീക്ഷിക്കുന്നതിന്‌ ഇതുപോലെ ബഹുമുഖ ലക്ഷ്യങ്ങളുണ്ടായിരിക്കാം. സര്‍വജ്ഞനായ അല്ലാഹുവെ പരിമിതമായ അറിവ്‌ മാത്രമുള്ള അധ്യാപകരോടോ പരിശീലകരോടോ ഉപമിക്കാവുന്നതല്ല.

തഹജ്ജുദ്‌ നമസ്‌കാരം പാവപ്പെട്ടവര്‍ക്ക്‌ പ്രയാസമല്ലേ ?
ചോദ്യം :

ഇസ്‌ലാമിന്റെ വിധികള്‍ പലപ്പോഴും ക്രൂരമാണ്‌. നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യണമെന്നും, ഇടയ്‌ക്ക്‌ തഹജ്ജുദ്‌ പുണ്യകരമാണെന്നും ഇസ്‌ലാം പ റയുന്നു. പക്ഷേ, ഇതെല്ലാം പണക്കാര്‍ക്കേ സാധിക്കൂ. പാവപ്പെട്ടവ ന്‌ ഇതൊക്കെ എങ്ങനെ കഴിയും. പകലന്തിയോളം അധ്വാനിച്ച്‌ ക്ഷീണിച്ച ഒരാള്‍ക്ക്‌ ഈ പുണ്യങ്ങളൊക്കെ നേടാന്‍ സാധിക്കുമോ?

ഉത്തരം :

തഹജ്ജുദ്‌ നമസ്‌കാരത്തെ സംബന്ധിച്ച്‌ വിശുദ്ധഖുര്‍ആനില്‍ പറയുന്നത്‌ ഇപ്രകാരമാകുന്നു: ``നീയും നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്‌കരിക്കുന്നുണ്ട്‌ എന്ന്‌ തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ്‌ രാത്രിയെയും പകലിനെയും കണക്കാക്കുന്നത്‌. നിങ്ങള്‍ക്ക്‌ അത്‌ ക്ലിപ്‌തപ്പെടുത്താനാവില്ലെന്ന്‌ അവന്നറിയാം. അതിനാല്‍ അവന്‍ നിങ്ങള്‍ക്ക്‌ ഇളവ്‌ ചെയ്‌തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന്‌ സൗകര്യപ്പെട്ടത്‌ ഓതിക്കൊണ്ട്‌ നമസ്‌കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും, ഭൂമിയില്‍ സഞ്ചരിച്ച്‌ അല്ലാഹുവിന്റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റു ചിലരും ഉണ്ടാകുമെന്ന്‌ അല്ലാഹുവിന്നറിയാം. അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന്‌ സൗകര്യപ്പെട്ടത്‌ നിങ്ങള്‍ പാരായണം ചെയ്‌തുകൊള്ളുകയും നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത്‌ നല്‌കുകയും അല്ലാഹുവിന്‌ ഉത്തമമായ കടം നല്‌കുകയും ചെയ്യുക.'' (73:20)

തഹജ്ജുദ്‌ നമസ്‌കാരം കൊണ്ട്‌ ആര്‍ക്കും ഞെരുക്കമുണ്ടാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ലെന്ന്‌ ഈ സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു. നബി (സ)യുടെ അനുചരന്മാരില്‍ മഹാഭൂരിപക്ഷവും പാവപ്പെട്ടവരായിരുന്നു. അതോടൊപ്പം തന്നെ അവരില്‍ പലരും ഉറക്കത്തില്‍ നിന്ന്‌ ഉണര്‍ന്ന്‌ കുറച്ച്‌ സമയമെങ്കിലും നമസ്‌കരിക്കുന്നവരുമായിരുന്നു.

ഇസ്‌ലാം മാത്രമല്ല ആരോഗ്യശാസ്‌ത്രവും നിര്‍ദേശിക്കുന്നത്‌ നേരത്തെ ഉറങ്ങി നേരത്തെ ഉണരാനാണ്‌. അതാണ്‌ ശരീരത്തിനും മനസ്സിനും സൗഖ്യമുണ്ടാക്കുന്ന രീതി. ശാരീരികമായി അധ്വാനിക്കുന്നവര്‍ക്കാണ്‌ യഥാസമയം ഉറങ്ങാനും ഉണരാനും വിഷമം കൂടാതെ സാധിക്കുന്നത്‌. പണക്കാര്‍ക്കാണ്‌ ഉറക്കം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതലുള്ളത്‌. പണക്കാര്‍ക്ക്‌ ആരാധനാകര്‍മങ്ങള്‍ കൂടുതല്‍ എളുപ്പമായിരിക്കുമെന്ന ധാരണ അടിസ്ഥാനരഹിതമാകുന്നു. പരമകാരുണികനായ അല്ലാഹു ആരോടും ക്രൂരതകാണിക്കുന്നില്ല.

ഭഗവത്‌ഗീത ദൈവികഗ്രന്ഥമല്ലേ ?
ചോദ്യം :

അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായ മതം ഇസ്‌ലാം മാത്രമാണെന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അതുതന്നെ നമ്മളും പറയുന്നു. എന്നാല്‍ ഭഗവത്‌ഗീത, ബൈബിള്‍ മുതലായ അന്യമത ഗ്രന്ഥങ്ങളില്‍ ഒട്ടനവധി സത്യവചനങ്ങളും പ്രമാണവാക്യങ്ങളും കാണാന്‍ കഴിയുന്നു. ഇത്തരം ഗ്രന്ഥങ്ങള്‍ ദൈവികമല്ല എന്ന്‌ പറയാനാകുമോ? അങ്ങനെ ഉറപ്പിച്ചു പറയാനാകില്ല എങ്കില്‍ അതില്‍ വിശ്വസിച്ചുപോരുന്ന ജനവിഭാഗങ്ങളെ നമ്മള്‍ എന്തിനാണ്‌ ഇസ്‌ലാമിലേക്ക്‌ ക്ഷണിക്കുന്നത്‌? യഥാര്‍ഥത്തില്‍ അവ ദൈവികവചനങ്ങളല്ല എങ്കില്‍ എങ്ങനെയാണ്‌ അതില്‍ വലിയ യുക്തിവിചാരങ്ങള്‍ അടങ്ങിയിരിക്കുന്നത്‌? അത്തരം ഗ്രന്ഥങ്ങള്‍ ദൈവികമല്ലെങ്കില്‍ പിന്നെയെന്തിനാണ്‌ നമ്മള്‍ അത്‌ നമ്മുടെ ലേഖനങ്ങളിലും പ്രസംഗങ്ങളിലും എടുത്തുദ്ധരിക്കുന്നത്‌?

ഉത്തരം :

ഭഗവത്‌ഗീത ലോകരക്ഷിതാവായ സാക്ഷാല്‍ ദൈവം ഏതെങ്കിലും പ്രവാചകന്‌ വെളിപ്പെടുത്തിക്കൊടുത്ത ഗ്രന്ഥമാണെന്ന്‌ ഹിന്ദുക്കള്‍ പോലും പറയുന്നില്ലല്ലോ. ദൈവികവെളിപാട്‌ ലഭിച്ച ഏതെങ്കിലും പ്രവാചകനില്‍ നിന്ന്‌ ഉദ്ധരിക്കപ്പെട്ട വചനങ്ങളും താത്വികചിന്തകളും കൂടിച്ചേര്‍ന്നതായിരിക്കാം ഗീത പോലുള്ള ഗ്രന്ഥങ്ങള്‍. മുസ്‌ലിം പണ്ഡിതന്മാര്‍ എഴുതിയ മതഗ്രന്ഥങ്ങളിലും കാണുമല്ലോ ഉദ്ധരിക്കാവുന്ന ധാരാളം സത്യവചനങ്ങളും ആപ്‌തവാക്യങ്ങളും മറ്റും. വേദഗ്രന്ഥങ്ങളില്‍ മാത്രമേ പ്രമാണവാക്യങ്ങള്‍ കാണപ്പെടുകയുള്ളൂ എന്ന ധാരണ ശരിയല്ല.

മൂസാനബി(അ)ക്ക്‌ തൗറാത്ത്‌, ദാവൂദ്‌ നബി(അ)ക്ക്‌ സബൂര്‍, ഈസാനബി(അ)ക്ക്‌ ഇന്‍ജീല്‍ എന്നീ ഗ്രന്ഥങ്ങള്‍ അല്ലാഹു അവതരിപ്പിച്ചുകൊടുത്തിട്ടുണ്ടെന്ന്‌ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു. എന്നാല്‍ യഹൂദ ബൈബിള്‍ എന്ന്‌ വിളിക്കപ്പെടുന്ന പഴയനിയമമോ ക്രൈസ്‌തവ ബൈബിള്‍ എന്ന്‌ വിളിക്കപ്പെടുന്ന പുതിയ നിയമമോ അതേ രൂപത്തില്‍ സാക്ഷാല്‍ ദൈവം പ്രവാചകന്മാര്‍ക്ക്‌ അവതരിപ്പിച്ചുകൊടുത്തതാണെന്ന്‌ യഹൂദരോ ക്രൈസ്‌തവരോ അവകാശപ്പെടുന്നില്ല. ബൈബിള്‍ പഴയനിയമ പുസ്‌തകങ്ങള്‍ അജ്ഞാതരായ യഹൂദപണ്ഡിതന്മാര്‍ എഴുതിയതാണെന്നത്രെ പ്രമുഖ ബൈബിള്‍ ചരിത്രകാരന്മാരുടെ അഭിപ്രായം. തൗറാത്തിന്റെ ചില ഭാഗങ്ങള്‍ ആവര്‍ത്തനം പുസ്‌തകത്തിലും സബൂറിന്റെ ചില ഭാഗങ്ങള്‍ സങ്കീര്‍ത്തനങ്ങള്‍ പുസ്‌തകത്തിലും ഉള്ളതായി കരുതപ്പെടുന്നത്‌ മാത്രമാണ്‌ സാക്ഷാല്‍ വേദഗ്രന്ഥങ്ങളും യഹൂദ ബൈബിളും തമ്മിലുള്ള ബന്ധം. ക്രൈസ്‌തവ ബൈബിളിലെ (പുതിയ നിയമത്തിലെ) പ്രധാനപ്പെട്ട നാല്‌ പുസ്‌തകങ്ങള്‍ മത്തായി, മര്‍ക്കൊസ്‌, ലൂക്കോസ്‌, യോഹന്നാന്‍ എന്നിവര്‍ എഴുതിയതാണ്‌. യഹോവയോ യേശുവോ പറഞ്ഞുകൊടുത്തിട്ടാണ്‌ ഈ പുസ്‌തകങ്ങള്‍ എഴുതിയതെന്ന്‌ മത്തായി മുതല്‍ പേരുകാര്‍ രേഖപ്പെടുത്തിയിട്ടില്ല.

ബൈബിള്‍ ചരിത്രകാരന്മാരും അങ്ങനെ അഭിപ്രായപ്പെട്ടിട്ടില്ല. ഈസാനബി(അ)ക്ക്‌ അല്ലാഹു അവതരിപ്പിച്ചുകൊടുത്തതും അദ്ദേഹം ശിഷ്യന്മാര്‍ക്ക്‌ കേള്‍പിച്ചതുമായ ചില വാക്യങ്ങള്‍ ഈ നാല്‌ പുസ്‌തകങ്ങളില്‍ ഉണ്ടായിരിക്കാം എന്നത്‌ മാത്രമാണ്‌ അവയും ഇന്‍ജീലുമായുള്ള ബന്ധം.
മൂസാ, ദാവൂദ്‌, ഈസാ(അ) എന്നീ പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തിയ വിശുദ്ധ ഖുര്‍ആനില്‍ തന്നെ ഇസ്‌റാഈല്യര്‍ സ്വന്തം കൈകൊണ്ട്‌ എഴുതിയുണ്ടാക്കിയ ഗ്രന്ഥം ദൈവികമാണെന്ന്‌ വ്യാജമായി അവകാശപ്പെട്ട കാര്യവും (2:79) വ്യക്തമാക്കിയിട്ടുണ്ട്‌. അങ്ങനെ പൂര്‍വികമതക്കാരുടെ ഗ്രന്ഥങ്ങളില്‍ ദൈവികവചനങ്ങളും മനുഷ്യരുടെ വാക്യങ്ങളും കൂടിക്കലര്‍ന്നു കിടക്കുന്നതിനാലാണ്‌ ദൈവികവചനങ്ങള്‍ മാത്രമടങ്ങിയ കലര്‍പ്പില്ലാത്ത വേദഗ്രന്ഥത്തിലേക്ക്‌ ക്ഷണിക്കാന്‍ മുഹമ്മദ്‌ നബി(സ) നിയുക്തനായത്‌. അല്ലാഹുവും നബി(സ)യും ആ പ്രബോധനദൗത്യം നമ്മെ ഏല്‍പിച്ചിട്ടുമുണ്ട്‌.

യുക്തിവിചാരങ്ങള്‍ ദൈവികഗ്രന്ഥത്തിലേ ഉണ്ടാകാവൂ എന്നില്ല. പ്രമുഖ മുസ്‌ലിം ചിന്തകന്മാരുടെ രചനകളിലും യുക്തിപൂര്‍വകവും തത്വാധിഷ്‌ഠിതവുമായ ധാരാളം വാക്യങ്ങള്‍ കാണാം. ബൈബിളില്‍ നിന്നും ഗീതയില്‍ നിന്നും മറ്റും ഇസ്‌ലാമിക പ്രബോധകര്‍ ഉദ്ധരിക്കുന്നത്‌, ത്രിത്വത്തിനും ബഹുദൈവത്വത്തിനും എതിരായ വചനങ്ങള്‍ അവയിലുണ്ടെന്ന്‌ ചൂണ്ടിക്കാണിക്കാനാണ്‌. ദൈവം മൂന്നായ ഒന്നോ ഒന്നായ മൂന്നോ ആണെന്ന്‌ പറയുന്നത്‌ ബൈബിളിന്‌ തന്നെ വിരുദ്ധമാണ്‌ എന്നതിന്റെ അര്‍ഥം ക്രൈസ്‌തവര്‍ അവരുടെ കയ്യിലുള്ള പ്രമാണത്തില്‍ നിന്നുപോലും വ്യതിചലിച്ചുപോയി എന്നാണല്ലോ. അതുപോലെ തന്നെ പ്രസക്തമാണ്‌ ഇന്ത്യന്‍ വേദങ്ങളില്‍ നിന്ന്‌ ഏകദൈവത്വം ഊന്നിപ്പറയുന്നതും ബഹുദൈവാരാധനയ്‌ക്ക്‌ വിരുദ്ധവുമായ വചനങ്ങള്‍ ഉദ്ധരിക്കുന്നതും.

പ്രബോധനം വ്യക്തിപരമായ ബാധ്യതയാണോ ?
ചോദ്യം :

മതം പ്രബോധനം ചെയ്യുന്ന ഒട്ടനവധി സംഘടനകള്‍ നിലവിലുണ്ട്‌. എന്നാല്‍ ഈ പ്രബോധന ധര്‍മം നിര്‍വഹിക്കുക എന്നത്‌ വ്യക്തിബാധ്യതയാണോ അതോ സാമൂഹ്യ ബാധ്യതയോ?

ഉത്തരം :

നബി(സ)യുടെ കാലത്ത്‌ ഇന്നത്തേതു പോലുള്ള സംഘടനകള്‍ ഉണ്ടായിരുന്നില്ലല്ലോ. പ്രവാചകന്‍ പഠിപ്പിച്ച സത്യങ്ങള്‍ ഓരോ ശിഷ്യനും പരമാവധി ആളുകള്‍ക്ക്‌ അറിയിച്ചുകൊടുക്കുകയാണുണ്ടായത്‌. പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ നബി(സ) ആജ്ഞാപിച്ചത്‌ ഇവിടെ ഹാജരുള്ളവന്‍ ഹാജരില്ലാത്തവന്‌ അറിയിച്ചു കൊടുക്കണം എന്നാണ്‌. ശാഹിദ്‌, ഗാഇബ്‌ എന്നീ ഏകവചന പദങ്ങളാണ്‌ അദ്ദേഹം പ്രയോഗിച്ചത്‌. ഇസ്‌ലാമിനെ സംബന്ധിച്ച്‌ അറിയാവുന്ന കാര്യങ്ങള്‍ അറിയാത്തവര്‍ക്ക്‌ ബോധ്യപ്പെടുത്തിക്കൊടുക്കല്‍ ഓരോരുത്തരുടെയും ബാധ്യതയാണെന്നത്ര ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ഒരു ഖുര്‍ആന്‍ സൂക്തമെങ്കിലും അറിയിച്ചുകൊടുക്കുക എന്നത്‌ ഒരു പ്രബോധന ദൗത്യമെന്ന നിലയില്‍ നിര്‍വഹിക്കാന്‍ നബി(സ) ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. സത്യസന്ദേശമെത്തിക്കുക എന്ന ബാധ്യത ഓരോരുത്തരും കഴിയുംവിധം നിര്‍വഹിച്ചാല്‍ മതി.

ആടിയുലയുന്ന വിശ്വാസം
ചോദ്യം :

ഇസ്‌ലാം മതത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന വ്യക്തിയാണ്‌ ഞാന്‍. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ്‌ നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ അടിയുറച്ച്‌ വിശ്വസിക്കന്നു. പക്ഷെ, ചില സന്ദര്‍ഭങ്ങളില്‍ എന്റെ മനസ്സില്‍ സ്വാമിശരണം, അയ്യപ്പ ശരണം, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെയുള്ള ചിന്തകള്‍ വരുന്നു. ഇവരാരും തന്നെ ആരാധ്യന്മാരല്ലെന്നും ഇവര്‍ക്ക്‌ യാതൊരു സഹായവും ചെയ്യാന്‍ കഴിയില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ ഇനി അല്ലാഹുവോടല്ലാതെ വേറെ ആരോടെങ്കിലും പറഞ്ഞിട്ട്‌ കാര്യമുണ്ടാകുമോ, വലിയ അല്ലാഹു ചെറിയ അല്ലാഹു എന്നിങ്ങനെയുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നീ ചിന്തകളും എന്റെ മനസ്സില്‍ തോന്നി. എന്നാല്‍ ഇങ്ങനെ അല്ലാഹുവിന്‌ ഒന്നാമന്‍, രണ്ടാമന്‍ എന്നിങ്ങനെയുള്ള സ്ഥാനങ്ങള്‍ ഇല്ലെന്നും അല്ലാഹുവോടല്ലാതെ വേവലാതികള്‍ പറഞ്ഞിട്ട്‌ കാര്യമില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. പിശാചിന്റെ പ്രേരണ കൊണ്ടുണ്ടാകുന്ന ഇത്തരം ചിന്തകള്‍ എന്നെ അസ്വസ്ഥനാക്കുന്നു. ഇത്തരം ചിന്തകള്‍ വന്നുപോകുന്ന സമയത്ത്‌ ഞാന്‍ അതില്‍ വിശ്വസിച്ചുപോകുമോ എന്നു ഭയപ്പെടുന്നു. വിശ്വസിച്ചുപോയാല്‍ ശിര്‍ക്കാകുമോ? ഇതിന്‌ വല്ല പ്രായശ്ചിത്തവുമുണ്ടോ?

ഉത്തരം :

മനുഷ്യമനസ്സിന്റെ പല അവസ്ഥകളിലൊന്നായി വിശുദ്ധ ഖുര്‍ആനില്‍ (12:53) പറഞ്ഞിട്ടുള്ളതാണ്‌ `അമ്മാറത്തുന്‍ ബിസ്സൂഅ്‌' (ചീത്ത കാര്യത്തിന്‌ അത്യധികം പ്രേരിപ്പിക്കുന്നത്‌). വിശ്വാസവും മതനിഷ്‌ഠയും ഉള്ളവരുടെ മനസ്സുപോലും ചിലപ്പോള്‍ ദുഷ്‌പ്രേരണകള്‍ക്ക്‌ വിധേയമായെന്ന്‌ വരാം. വിശ്വാസികളുടെ മനസ്സില്‍ തന്നെ ചിലപ്പോള്‍ സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉടലെടുക്കാന്‍ സാധ്യതയുണ്ട്‌. സ്വന്തം നിലയില്‍ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്താന്‍ പരമാവധി ശ്രമിക്കുകയും അതിനുപരിയായി അല്ലാഹുവോട്‌ മനസ്സുറപ്പ്‌ നല്‌കാന്‍ പ്രാര്‍ഥിക്കുകയുമാണ്‌ സത്യവിശ്വാസികള്‍ ചെയ്യേണ്ടത്‌. `ഖല്‍ബുകള്‍ മാറ്റിമറിക്കുന്ന അല്ലാഹുവേ, എന്റെ ക്വല്‍ബ്‌ നിന്റെ മതത്തില്‍ ഉറപ്പിച്ചു നിര്‍ത്തണമേ' എന്ന്‌ നബി(സ) പ്രാര്‍ഥിച്ചിരുന്നുവെന്ന്‌ പ്രബലമായ ഹദീസില്‍ കാണാം. അടിയുറച്ച അറിവുള്ളവരുടെ ഒരു പ്രാര്‍ഥന വിശുദ്ധ ഖുര്‍ആനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌ ഇപ്രകാരമാകുന്നു:

``ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയതിന്‌ ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക്‌ നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു.''(3:8)

മനസ്സിന്‌ ഇളക്കമുണ്ടാകാനുള്ള മറ്റൊരു കാരണം ജിന്നുകളിലും മനുഷ്യരിലും പെട്ട പിശാചുക്കളുടെ ദുര്‍ബോധനമാണ്‌. വിശുദ്ധ ഖുര്‍ആനിലെ അവസാനത്തെ അധ്യായം ഇത്തരക്കാരുടെ ദുര്‍ബോധനം കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌ മനുഷ്യരുടെ രക്ഷിതാവും രാജാവും ആരാധ്യനുമായ അല്ലാഹുവോട്‌ അഭയം തേടണമെന്ന്‌ പഠിപ്പിക്കുന്നു. 23:97,98 സൂക്തങ്ങളില്‍ ഇപ്രകാരം കാണാം:

``നീ പറയുക: എന്റെ രക്ഷിതാവേ പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന്‌ ഞാന്‍ നിന്നോട്‌ അഭയം തേടുന്നു. പിശാചുക്കള്‍ എന്റെ അടുത്ത്‌ സന്നിഹിതരാകുന്നതില്‍ നിന്നും, എന്റെ രക്ഷിതാവേ, നിന്നോട്‌ ഞാന്‍ അഭയംതേടുന്നു.'' മനസ്സ്‌ നല്ല ചിന്തകളാല്‍ ധന്യമാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം ഇത്തരത്തിലൊക്കെ പ്രാര്‍ഥിക്കുക കൂടി ചെയ്‌താല്‍ സംശയങ്ങളില്‍ നിന്നും ആശയക്കുഴപ്പങ്ങളില്‍ നിന്നും അല്ലാഹു മോചനമരുളുമെന്ന്‌ പ്രതീക്ഷിക്കാം.

ഹിന്ദുക്കള്‍ അഹ്‌ലുകിതാബോ ?
ചോദ്യം :

`ക്രിസ്‌ത്യാനികള്‍, ജൂതന്മാര്‍, ഹിന്ദുക്കള്‍, പാര്‍സികള്‍, മജൂസികള്‍ തുടങ്ങിയവരെ ദൈവത്തെയും മരണശേഷമുള്ള ശിക്ഷകളെയും നിഷേധിക്കുന്ന കാഫിറുകളായല്ല മുസ്‌ലിംകള്‍ കാണുന്നത്‌. മറിച്ച്‌ ദൈവത്തിലും മരണത്തിനുശേഷമുള്ള കര്‍മഫലങ്ങളിലും തങ്ങളുടെ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്ന അഹ്‌ലുല്‍ കിതാബ്‌ ആയിട്ടാണ്‌.'' (അത്തൗഹീദ്‌ മാസിക -2009 ഡിസംബര്‍)
ഈ ഉദ്ധരണി പ്രകാരം ഹിന്ദുക്കളും അഹ്‌ലുല്‍ കിതാബിന്റെ പരിധിയില്‍ വരുന്നു. എന്നാല്‍ അഹ്‌ലുകിതാബിലെ യുവതികളെ വിവാഹം ചെയ്യാമെന്ന ഇസ്‌ലാമിക നിയമപ്രകാരം ഹിന്ദു യുവതികളെ മുസ്‌ലിംകള്‍ക്ക്‌ വിവാഹം ചെയ്യുന്നതില്‍ തെറ്റില്ലെന്നാണോ?

ഉത്തരം :

കാഫിര്‍ എന്നത്‌ ഒരു ജാതിയുടെയോ സമുദായത്തിന്റെയോ പേരല്ല. സത്യത്തെ ബോധപൂര്‍വം നിഷേധിക്കുന്നവന്‍ എന്നാണ്‌ മുഅ്‌മിന്‍ (വിശ്വാസി) എന്നതിന്റെ വിപരീതമെന്ന നിലയില്‍ പ്രയോഗിക്കപ്പെടുമ്പോള്‍ കാഫിര്‍ എന്ന പദത്തിന്റെ വിവക്ഷ. മുസ്‌ലിം സമുദായത്തില്‍ ജനിച്ചുവളര്‍ന്ന ഒരു വ്യക്തി ദൈവത്തെയോ സത്യമതത്തെയോ നിഷേധിച്ചാല്‍ അവനും ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ കാഫിര്‍ തന്നെ. അഹ്‌ലുല്‍ കിതാബിലും (വേദക്കാരിലും) കാഫിറുകളുണ്ടെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്‌.

``തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവ വിശ്വാസികളിലും പെട്ട കാഫിറുകള്‍ (സത്യനിഷേധികള്‍) നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്‌ടികളില്‍ മോശപ്പെട്ടവര്‍'' (വി.ഖു. 98:6). ``മര്‍യമിന്റെ മകന്‍ മസീഹ്‌ (യേശു മിശിഹ തന്നെയാണ്‌ ദൈവം എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും കാഫിറായിരിക്കുന്നു (അവിശ്വാസികളായിരിക്കുന്നു.) എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; `ഇസ്‌റാഈല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം. അല്ലാഹുവിനു വല്ലവനും പങ്കാളിയെ ചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു അവന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായിയായി ആരും തന്നെയില്ല എന്നാണ്‌.''

``അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും കാഫിറുകളായിരിക്കുന്നു (അവിശ്വാസികളായിരിക്കുന്നു). ഏകദൈവമല്ലാതെ യാതൊരു ദൈവവും ഇല്ലതന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന്‌ അവിശ്വസിച്ചവര്‍ക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും''(വി.ഖു 5:72,73). ഉസൈര്‍ (എസ്ര പ്രവാചകന്‍) ദൈവപുത്രനാണെന്ന്‌ വാദിച്ച യഹൂദരുടെ അവസ്ഥയും ഇതുപോലെ തന്നെ.

എന്നാല്‍ കാഫിറേ അഥവാ കാഫിറുകളേ എന്ന്‌ ഏതെങ്കിലും സമുദായക്കാരെ അഭിസംബോധന ചെയ്യണമെന്ന്‌ ഇസ്‌ലാം അനുശാസിക്കുന്നില്ല. പൂര്‍വ സമൂഹങ്ങളിലേക്ക്‌ നിയോഗിക്കപ്പെട്ട പല പ്രവാചകന്മാരെയും അവരുടെ സഹോദരന്‍' എന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ വിശേഷിപ്പിച്ചിട്ടുള്ളത്‌. ആ പ്രവാചകന്മാര്‍ സത്യനിഷേധികളടക്കമുള്ള അഭിസംബോധിതരെ എന്റെ സമൂഹമേ എന്ന്‌ വിളിച്ചുകൊണ്ട്‌ സത്യത്തിലേക്ക്‌ ക്ഷണിച്ചുവെന്നാണ്‌ വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളത്‌. മുഹമ്മദ്‌ നബി(സ) യാതൊരു ജനവിഭാഗത്തെയും ആക്ഷേപസൂചകമായ വാക്ക്‌ പ്രയോഗിച്ച്‌ അഭിസംബോധന ചെയ്‌തിട്ടില്ല. ആളുകളെ വെറുപ്പിച്ച്‌ അകറ്റരുതെന്ന്‌ അദ്ദേഹം പ്രബോധനദൗത്യം നിര്‍വഹിക്കുന്നവരെ ഉണര്‍ത്തിയിട്ടുണ്ട്‌.

`അഹ്‌ലുല്‍ കിതാബ്‌, അഥവാ വേദക്കാര്‍' എന്ന തലക്കെട്ടില്‍ അതേ ലക്കം അത്തൗഹീദില്‍ തന്നെ ഒരു ലേഖനമുണ്ട്‌. ആ ലേഖനത്തില്‍ ഇപ്രകാരം കാണാം: ``എന്നാല്‍ കൂടുതല്‍ സൂക്ഷ്‌മവും പ്രമാണങ്ങളോടും പൗരാണിക പണ്ഡിതന്മാരില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തോടും യോജിക്കുന്നതും അഹ്‌ലുകിതാബ്‌ എന്നതില്‍ ജൂത-ക്രൈസ്‌തവര്‍ മാത്രമേ ഉള്‍പ്പെടുകയുള്ളുവെന്നതാണ്‌. വിശുദ്ധ ഖുര്‍ആനിന്റെ പ്രസ്‌താവനയാണ്‌ ഇവര്‍ മുഖ്യമായും അവലംബിക്കുന്നത്‌.'' (പേജ്‌ 20)

വിശുദ്ധ ഖുര്‍ആനിലെ അനേകം സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ ഏതെങ്കിലും തരത്തിലുള്ള ഒരു ദൈവസങ്കല്‌പമുണ്ടായാല്‍ പോര; കണിശമായ ദൈവവിശ്വാസം തന്നെ വേണമെന്നാണ്‌. ഹിന്ദുമതത്തിലെ പുനര്‍ജന്മ വിശ്വാസം തന്നെ പരലോക വിശ്വാസമായി പരിഗണിക്കാന്‍ പറ്റില്ല. അക്രമികള്‍ പട്ടികളായും പന്നികളായും മറ്റും പുനര്‍ജന്മം കൊള്ളുമെന്നാണ്‌ അവരുടെ വിശ്വാസം. ഇത്‌ ശരിയാണെന്ന്‌ സങ്കല്‌പിച്ചാല്‍ പോലും തങ്ങള്‍ ഇങ്ങനെയായത്‌ മുജ്ജന്മത്തിലെ ദുഷ്‌കര്‍മത്തിന്റെ ഫലമായിട്ടാണെന്ന്‌ ഈ മൃഗങ്ങള്‍ തിരിച്ചറിയുമെന്നതിന്‌ യാതൊരു തെളിവുമില്ല. ഒരു മൃഗത്തിനും അതിന്റെ ജീവിതം ശാപഫലമോ ശിക്ഷയോ അല്ല. ജന്മവാസനയനുസരിച്ച്‌ സംതൃപ്‌തമായ ജീവിതമാണ്‌ മൃഗങ്ങള്‍ നയിക്കുന്നത്‌.

വേദക്കാരില്‍ സത്യനിഷേധത്തിന്റെ പല അംശങ്ങളുണ്ടായിട്ടും അവരെ ബഹുദൈവാരാധകരില്‍ നിന്ന്‌ വ്യത്യസ്‌തമായ വിഭാഗമായി തിരിച്ചത്‌ തൗറാത്ത്‌ എന്ന വേദഗ്രന്ഥം നല്‌കപ്പെട്ട മൂസാനബി(അ)യുടെയും ഇന്‍ജീല്‍ എന്ന വേദഗ്രന്ഥം നല്‌കപ്പെട്ട ഈസാനബി(അ)യുടെയും അനുയായികളാണ്‌ തങ്ങളെന്ന്‌ അവര്‍ അവകാശപ്പെടുന്നതിനാലാണ്‌. വിശുദ്ധ ഖുര്‍ആന്‍ അവരെ വേദക്കാര്‍ എന്ന്‌ വിളിക്കുന്നതില്‍ നിന്ന്‌ അവര്‍ സന്മാര്‍ഗത്തിലാണെന്ന്‌ മനസ്സിലാക്കാവുന്നതല്ല. അവരുടെ വിശ്വാസ വ്യതിയാനങ്ങളെയും ദുര്‍നടപടികളെയും സംബന്ധിച്ച്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌.

ഹൈന്ദവ വേദങ്ങള്‍ ഏതെങ്കിലും പ്രവാചകന്മാര്‍ക്ക്‌ ദൈവം ഇറക്കിക്കൊടുത്തതാണെന്ന്‌ ഹിന്ദുക്കള്‍ തന്നെ വിശ്വസിക്കുന്നില്ലല്ലോ. അതിനാല്‍ `അഹ്‌ലുല്‍കിതാബി'ന്റെ അര്‍ഥപരിധിയില്‍ അവര്‍ ഉള്‍പ്പെടുമെന്ന്‌ കരുതാന്‍ ന്യായം കാണുന്നില്ല. അതുകൊണ്ട്‌ ഹിന്ദു സ്‌ത്രീകളെ അവര്‍ ബഹുദൈവവിശ്വാസികളോ സത്യനിഷേധികളോ ആയിരിക്കുന്നേടത്തോളം മുസ്‌ലിംകള്‍ വിവാഹം കഴിക്കാവുന്നതല്ല. 2:221, 60:10 എന്നീ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌ ഇതത്രെ.

ഈ ദുര്യോഗത്തിന്‌ അറുതിവരുത്തേണ്ടതല്ലേ ?
ചോദ്യം :

കാലഹരണപ്പെട്ട നാണയംപോലെയാണ്‌ ഇന്നത്തെ മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥ. മുസ്‌ലിംകളെ അത്രമാത്രം തെറ്റിദ്ധരിച്ചിരിക്കുന്നു ഇതരസമുദായങ്ങള്‍. ഇല്ലാത്തതും ഉള്ളതുമായ തീവ്രവാദത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും മുസ്‌ലിം സമുദായത്തിന്‌. മാധ്യമങ്ങളും ഇസ്‌ലാം വിരുദ്ധരും കൈകോര്‍ക്കുമ്പോള്‍ മുസ്‌ലിം സംഘടനകള്‍ മൗനംപാലിക്കുന്നു. സര്‍ക്കാറും നീതിന്യായ വ്യവസ്ഥയും പലപ്പോഴും സംഘപരിവാറിനെപ്പോലെ പെരുമാറുന്നു. ഈ ദുര്യോഗത്തിന്‌ അറുതിവരുത്തേണ്ടതല്ലേ? പ്രതിരോധ സംവിധാനം നമുക്ക്‌ എങ്ങനെ രൂപപ്പെടുത്താം?

ഉത്തരം :

പ്രവാചകന്മാരും അവരുടെ അനുയായികളും എക്കാലത്തും പരിഹാസത്തെയും എതിര്‍പ്പുകളെയും നേരിടേണ്ടി വന്നിട്ടുണ്ട്‌. അപ്പോഴൊക്കെ ക്ഷമയും സഹനവും കൈക്കൊണ്ടതിനാലാണ്‌ ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവര്‍ക്ക്‌ കരഗതമായത്‌. ``നിനക്ക്‌ മുമ്പും ദൂതന്മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട്‌ തങ്ങള്‍ നിഷേധിക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും ചെയ്‌തത്‌, നമ്മുടെ സഹായം അവര്‍ക്ക്‌ വന്നെത്തുന്നതുവരെ അവര്‍ സഹിച്ചു. അല്ലാഹുവിന്റെ വചനങ്ങള്‍ക്ക്‌ മാറ്റംവരുത്താന്‍ ആരുംതന്നെയില്ല. ദൈവദൂതന്മാരുടെ വൃത്താന്തങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ വന്നുകിട്ടിയിട്ടുണ്ടല്ലോ.'' (വി.ഖു 6:34)

യഥാര്‍ഥ വിശ്വാസികളായി ജീവിക്കുകയും സത്യത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ എന്തൊക്കെ കഷ്‌ടപ്പാടുകള്‍ സഹിക്കേണ്ടിവന്നാലും അതിനൊക്കെ അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുമെന്ന്‌ വിശുദ്ധ ഖുര്‍ആനിലൂടെ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. അതിന്റെയൊന്നും പേരില്‍ മനസ്സ്‌ മടുത്ത്‌ സത്യമതത്തില്‍ നിന്ന്‌ പിന്തിരിയാനോ സത്യപ്രബോധനം ഉപേക്ഷിക്കാനോ പാടില്ല. അങ്ങനെ ചെയ്‌താല്‍ അല്ലാഹുവിന്റെ ശിക്ഷയ്‌ക്ക്‌ നാം അവകാശികളായിത്തീരും.

പരിഹാസത്തെ പരിഹാസംകൊണ്ടും അക്രമത്തെ അക്രമംകൊണ്ടും നേരിടുന്നത്‌ ഇസ്‌ലാമിക രീതിയല്ല. തിന്മയെ നന്മകൊണ്ട്‌ നേരിടുന്നതിനെയാണ്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പ്രോത്സാഹിപ്പിച്ചിട്ടുള്ളത്‌. അതായത്‌ നമ്മെ പരിഹസിക്കുന്നവരോടും ശകാരിക്കുന്നവരോടും നാം മാന്യതയോടെ നല്ല വാക്കുകള്‍ പറയുക. നമ്മോട്‌ അനീതി കാണിക്കുന്നവരോടുപോലും നാം നീതിപാലിക്കുക. നമ്മെ ദ്രോഹിക്കുന്നവരെപ്പോലും നാം സഹായിക്കുക. വിമര്‍ശിക്കുന്നവര്‍ക്കും തെറ്റിദ്ധരിച്ചവര്‍ക്കും നാം കാര്യങ്ങള്‍ ഏറ്റവും നല്ല നിലയില്‍ വിശദീകരിച്ചുകൊടുക്കുക. ഇതൊക്കെ അസാധ്യമോ അപ്രായോഗികമോ ആണെന്ന്‌ തോന്നുന്നത്‌ വൈകാരികമായ സന്തുലിതത്വമില്ലാത്തതുകൊണ്ടാണ്‌. തീവ്രമായ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ഇതൊക്കെ സാധ്യമാകും.

അങ്ങനെ സാധിച്ചാല്‍ അതിന്റെ ഫലം ആശ്ചര്യകരമായിരിക്കും. നമ്മുടെ സ്വഭാവമഹിമയും ആദര്‍ശത്തിന്റെ മഹത്വവും മനസ്സിലാക്കി ദുര്‍വാശിയില്ലാത്ത ആളുകള്‍ ശത്രുത കൈവെടിഞ്ഞ്‌ നമ്മുടെ മിത്രങ്ങളായി മാറും. അങ്ങനെ ക്ഷമാപൂര്‍വകമായ സമീപനങ്ങളിലൂടെ ശത്രുക്കളെ സുഹൃത്തുക്കളാക്കിത്തീര്‍ക്കാന്‍ കഴിയുന്നത്‌ മഹാഭാഗ്യമാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു (41:34,35). ഉന്മൂലന ഭീഷണി നേരിട്ട സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇതില്‍നിന്ന്‌ വ്യത്യസ്‌തമായി സായുധ പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും മാര്‍ഗം നബി(സ)യും അനുചരന്മാരും സ്വീകരിച്ചിട്ടുള്ളൂ. ഉന്മൂലന ഭീഷണി നേരിടുമ്പോള്‍ ഒറ്റപ്പെട്ട സംഘങ്ങളല്ല ഇസ്‌ലാമിക രാഷ്‌ട്രമാണ്‌ ശത്രുക്കള്‍ക്കെതിരില്‍ പോരാട്ടം നയിക്കേണ്ടത്‌. ഇപ്പോള്‍ ഇസ്‌റാഈലൊഴികെയുള്ള ഒരു രാഷ്‌ട്രത്തിലും മുസ്‌ലിംകള്‍ ഒരു വിശ്വാസി സമൂഹം എന്ന നിലയില്‍ ഉന്മൂലന ഭീഷണി നേരിടുന്നില്ല.

മറ്റു മതസമുദായങ്ങളും മതനിഷേധികളും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും രൂക്ഷമായി വിമര്‍ശിക്കുക എന്നത്‌ ഒരു പുതിയ സംഭവമല്ല. ചരിത്രത്തിലെ പല ദശാസന്ധികളിലും പല കാരണങ്ങളാലും എതിരാളികള്‍ ഇസ്‌ലാം വിമര്‍ശനത്തില്‍ മുഴുകിയിട്ടുണ്ട്‌. ഇസ്‌ലാം ശ്രദ്ധിക്കപ്പെടുകയും മുസ്‌ലിംകള്‍ ഏതെങ്കിലും രംഗത്ത്‌ സ്വാധീനം നേടുകയും ചെയ്യുമ്പോള്‍ വിമര്‍ശകര്‍ക്ക്‌ വാശികൂടാറുണ്ട്‌. ഇതിനെ ഫലപ്രദമായി നേരിടാന്‍ ഒന്നാമതായി വേണ്ടത്‌ മുസ്‌ലിംകള്‍ എല്ലാ വിഷയങ്ങളിലും തങ്ങളുടെ നിലപാട്‌ കുറ്റമറ്റതാക്കുകയാണ്‌. മുസ്‌ലിം പേരുള്ള ചിലര്‍, നിരപരാധികള്‍ കൊല്ലപ്പെടാന്‍ ഇടയാക്കുന്ന ചാവേറാക്രമണങ്ങള്‍ നടത്തുമ്പോള്‍ ഇസ്‌ലാം വിമര്‍ശകര്‍ അത്‌ പൊക്കിക്കാണിക്കുക സ്വാഭാവികമാണ്‌. ചാവേറാക്രമണം എന്ന ഏര്‍പ്പാടുതന്നെ ഇസ്‌ലാമിക ആദര്‍ശത്തിന്‌ വിരുദ്ധമാണ്‌. ഇസ്‌ലാമിനെ താറടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക്‌ ന്യായമുണ്ടാക്കിക്കൊടുക്കുകയാണ്‌ ചാവേറുകള്‍ ചെയ്യുന്നത്‌. അല്ലാഹുവോടും റസൂലിനോടും ദീനിനോടും ആത്മാര്‍ഥതയുള്ള എല്ലാവരും ഒന്നിച്ച്‌ ഇസ്‌ലാമിന്‌ ചീത്തപ്പേരുണ്ടാക്കുന്ന തീവ്രവാദികളെ എതിര്‍ക്കുകയാണ്‌ രണ്ടാമതായി വേണ്ടത്‌. അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച സമാധാനത്തിന്റെ ആദര്‍ശമായ ഇസ്‌ലാമിനെ ലോകജനതയ്‌ക്ക്‌ യഥോചിതം പരിചയപ്പെടുത്തുക എന്ന ഉത്തരവാദിത്തം കഴിവിന്റെ പരമാവധി നല്ല നിലയില്‍ നിര്‍വഹിക്കുകയാണ്‌ മൂന്നാമതായി വേണ്ടത്‌.

മുസ്‌ലിംകളെക്കാളേറെ തീവ്രവാദം സംഘപരിവാരത്തിനുണ്ട്‌ എന്നത്‌ ഇന്ത്യയിലെ രാഷ്‌ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും വ്യക്തമായി അറിയാം. മുസ്‌ലിംകളോട്‌ പകപോക്കാന്‍ അവര്‍ ഒട്ടേറെ കലാപങ്ങളും കൂട്ടക്കൊലകളും നടത്തിയിട്ടുണ്ട്‌. മുസ്‌ലിംകളുടെ മേല്‍ ഭീകരത കെട്ടിയേല്‌പിക്കാന്‍ വേണ്ടി ഫാസിസ്റ്റു സംഘടനകള്‍ സ്വന്തം വകയായി ഒട്ടേറെ ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്‌. രാഷ്‌ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും സംഘപരിവാര ഭീകരതയെ യഥാര്‍ഥ പേരില്‍ പരിചയപ്പെടുത്താന്‍ പോലും സന്നദ്ധത കാണിക്കാറില്ല. ഹിന്ദുത്വവാദികളെ പിണക്കിയാല്‍ വോട്ട്‌ കുറയുമെന്ന്‌ രാഷ്‌ട്രീയക്കാരും പ്രചാരം കുറയുമെന്ന്‌ മാധ്യമ നടത്തിപ്പുകാരും ആശങ്കിക്കുന്നതാണ്‌ ഇതിന്‌ കാരണം. മുസ്‌ലിംകള്‍ക്ക്‌ തങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ ഈ ഭീരുക്കളുടെ തനിനിറം തുറന്നുകാണിക്കാം എന്നതില്‍ കവിഞ്ഞ്‌ കാര്യമായെന്തെങ്കിലും ചെയ്യുക പ്രയാസകരമായിരിക്കും. മുസ്‌ലിംകളുടെ ജനാധിപത്യാവകാശങ്ങള്‍ ഹനിക്കുന്ന രാഷ്‌ട്രീയ കക്ഷികളെ അധികാരത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്താന്‍ കഴിയുംവിധം മുസ്‌ലിംവോട്ടുകള്‍ ഏകോപിപ്പിക്കാന്‍ ചില സംസ്ഥാനങ്ങളില്‍ സാധിച്ചേക്കും. അതിനുള്ള കരുനീക്കങ്ങള്‍ വളരെ കരുതലോടെ ചെയ്‌തില്ലെങ്കില്‍ വിപരീത രാഷ്‌ട്രീയ ധ്രുവീകരണത്തിന്‌ നിമിത്തമാകാനുമിടയുണ്ട്‌. ജനാധിപത്യ രാഷ്‌ട്രീയത്തില്‍ വോട്ടിന്റെ എണ്ണമാണല്ലോ ഏറ്റവും നിര്‍ണായകം.

മൃഗങ്ങളുടെ പാല്‍ മനുഷ്യന്‌ ഗുണകരമോ ?
ചോദ്യം :

മൃഗങ്ങളുടെ പാല്‍ മനുഷ്യന്‍ കഴിക്കുന്നത്‌ ഗുണകരമല്ല എന്ന പ്രകൃതിജീവനക്കാരുടെ കാഴ്‌ചപ്പാടാണ്‌ ഈ ചോദ്യത്തിന്നാധാരം. അവ ദഹിപ്പിക്കാനുള്ള ശേഷി മനുഷ്യന്റെ ദഹനയന്ത്രങ്ങള്‍ക്കില്ല എന്നാണ്‌ വിലയിരുത്തല്‍. ദഹിക്കാത്ത വസ്‌തുക്കള്‍ മനുഷ്യന്‌ രോഗമുണ്ടാക്കുന്നു. മൃഗങ്ങളുടെ പാല്‌ അവയുടെ കുഞ്ഞുങ്ങള്‍ക്കുള്ളതാണ്‌, അമ്മയുടെ പാല്‌ മക്കള്‍ക്കെന്ന പോലെ. അത്‌ കറന്നെടുത്ത്‌ മനുഷ്യന്‍ കഴിക്കുന്നതും ബിസിനസ്‌ നടത്തുന്നതും മൃഗങ്ങളോടും പ്രകൃതിയോടും ചെയ്യുന്ന അതിക്രമമാണെന്നാണ്‌ പ്രകൃതിജീവന പക്ഷം. പശുക്കുട്ടിയെ കുടിപ്പിക്കാന്‍ എന്ന മട്ടില്‍ അകിടിന്നടുത്ത്‌ നിര്‍ത്തി പാല്‍ ചുരത്തിക്കുകയും അവ യഥേഷ്‌ടം കറന്നെടുക്കുകയും വറ്റിയാല്‍ ഒടുവില്‍ പശുക്കുട്ടിയെ അകിടിലേക്ക്‌ സ്വതന്ത്രനാക്കി വിടുകയും ചെയ്യുന്ന കാഴ്‌ച ക്രൂരമാണെന്ന്‌ ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്‌.അതേസമയം, പാല്‌ മനുഷ്യന്‌ നല്ലൊരു ആഹാരമായിട്ടാണ്‌ വി. ഖുര്‍ആന്‍ പറയുന്നത്‌. പ്രകൃതിജീവനക്കാരുടെ വാദങ്ങളും വിശുദ്ധ ഖുര്‍ആനിന്റെ ആശയവും തമ്മിലുള്ള വൈരുധ്യത്തെ `മുസ്‌ലിം' എങ്ങനെ കാണുന്നു?

ഉത്തരം :

ഈ ലോകത്ത്‌ മനുഷ്യര്‍ക്ക്‌ കുടിക്കുവാനായി കാലികളുടെ പാല്‍ അല്ലാഹു ഒരുക്കിത്തന്ന കാര്യം വിശുദ്ധ ഖുര്‍ആനില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ``കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ ഒരു പാഠമുണ്ട്‌. അവയുടെ ഉദരങ്ങളിലുള്ളതില്‍നിന്ന്‌- കാഷ്‌ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന്‌- കുടിക്കുന്നവര്‍ക്ക്‌ സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്‍ക്ക്‌ കുടിക്കുവാനായി നാം നല്‍കുന്നു'' (വി.ഖു 16:66). ഇവിടെ മൃഗങ്ങളുടെ പാല്‍ എന്നല്ല കാലികളുടെ പാല്‍ എന്നാണ്‌ പറഞ്ഞിട്ടുള്ളത്‌. ആട്‌, മാട്‌, ഒട്ടകം എന്നീ മൃഗങ്ങളെ മാത്രം ഉള്‍ക്കൊള്ളുന്നതാണ്‌ ഉപര്യുക്ത ഖുര്‍ആന്‍ സൂക്തത്തില്‍ പ്രയോഗിച്ച `അന്‍ആം' എന്ന പദം. ഈ മൃഗങ്ങള്‍ക്കുള്ള ഒരു പ്രധാന സവിശേഷത അവയുടെ ഉദരത്തില്‍ അവയുടെ കുഞ്ഞുങ്ങള്‍ക്ക്‌ അത്യാവശ്യമായിട്ടുള്ളതിനെക്കാള്‍ വളരെ കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു എന്നതാണ്‌. ആന, സിംഹം, ജിറാഫ്‌ തുടങ്ങിയ മൃഗങ്ങള്‍ക്കൊന്നും വന്‍തോതിലുള്ള ക്ഷീരോല്‍പാദന ശേഷിയില്ല. അതുകൊണ്ട്‌ തന്നെയാണ്‌ മനുഷ്യര്‍ എക്കാലത്തും ക്ഷീരോല്‍പാദനത്തിന്‌ കാലികളെ മാത്രം ആശ്രയിച്ചുപോന്നിട്ടുള്ളത്‌. മനുഷ്യര്‍ പാല്‍ മുഴുവന്‍ കറന്നെടുക്കുന്നതുകൊണ്ട്‌ കാലിക്കുഞ്ഞുങ്ങള്‍ കഷ്‌ടപ്പെടുന്നുവെന്ന ധാരണ ശരിയല്ല. രണ്ടു കറവകള്‍ക്കിടയില്‍ കാലികളുടെ അകിട്ടില്‍ ഊറിവരുന്ന പാല്‍ തന്നെ കന്നുകുട്ടികളുടെ നിലനില്‌പിനും വളര്‍ച്ചക്കും മതിയാകും.

പ്രകൃതിയുമായി ഒത്തുപോകുന്ന ജീവിതത്തിന്റെ മൗലികത അനിഷേധ്യമാണ്‌. എന്നാല്‍ `പ്രകൃതി മൗലികവാദം' എന്ന്‌ വിളിക്കാവുന്ന തീവ്രനിലപാട്‌ പടച്ചവന്റെ വ്യവസ്ഥയുമായി ഒത്തുപോകുന്നതല്ല. ആരോഗ്യമുള്ള കുട്ടികളുടെയും അധ്വാനിക്കുന്ന മനുഷ്യരുടെയും പ്രോട്ടീന്‍ ആവശ്യങ്ങള്‍ നിറവേറ്റുന്ന പാനീയങ്ങളില്‍ ഏറ്റവും മികച്ചത്‌ പാലും ക്ഷീരോല്‍പന്നങ്ങളും തന്നെയാണ്‌. മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യമായത്‌ മാതാവിന്റെ മുലപ്പാല്‍ തന്നെയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ വല്ല കാരണത്താലും മുലപ്പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്കും മുലകുടി നിര്‍ത്തിയ കുഞ്ഞുങ്ങള്‍ക്കും താരതമ്യേന ഏറ്റവും മെച്ചപ്പെട്ടതും പോഷക സമൃദ്ധവുമായ പാനീയം കാലികളുടെ പാല്‍ തന്നെയാണ്‌. പല രോഗങ്ങളുള്ള കുഞ്ഞുങ്ങള്‍ക്കു പോലും ഭിഷഗ്വരന്മാര്‍ ആട്ടിന്‍ പാല്‍ നിര്‍ദേശിക്കുന്നു. എല്ലാ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലായ്‌പോഴും പാല്‍ ഗുണകരമായിരിക്കുെമന്ന്‌ ഇപ്പറഞ്ഞതിനര്‍ഥമില്ല.

പാലല്ലാത്ത പാനീയങ്ങളും പലര്‍ക്കും ബഹുവിധ കാരണങ്ങളാല്‍ അനുയോജ്യമായില്ലെന്ന്‌ വരാം. അതിന്റെയൊക്കെ അടിസ്ഥാനത്തിലുള്ള സാമാന്യവത്‌കരണം ഭാഗികമായ സത്യമേ ആവുകയുള്ളൂ. നാഗരികതാജന്യമായ അനേകം കാരണങ്ങളാല്‍ പാല്‍ ചിലര്‍ക്ക്‌ അലര്‍ജിയുണ്ടാക്കിയെന്ന്‌ വരാം. കാലിത്തീറ്റയില്‍ ചേരുന്ന രാസവളങ്ങളും കീടനാശിനികളും പാലിന്റെ മൗലികത ഒരളവോളം നഷ്‌ടപ്പെടുന്നതിന്‌ ഇടയാക്കും. ഡെയറിപ്പാല്‍ ചില്ലിംഗ്‌, പാസ്‌ചറൈസേഷന്‍ തുടങ്ങിയ പ്രക്രിയകള്‍ക്ക്‌ വിധേയമാകുമ്പോഴും പാക്കിംഗിനിടയിലും മേന്മ അല്‌പമൊക്കെ നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ട്‌. ഇതുകൊണ്ടൊക്കെ സംഭവിക്കാവുന്ന ദോഷങ്ങളുടെ പേരില്‍, കാലികളുടെ പാല്‍ അല്ലാഹു മനുഷ്യര്‍ക്ക്‌ അനുവദിച്ചത്‌ തെറ്റായിപ്പോയെന്ന്‌ വാദിക്കുന്നത്‌ ഒട്ടും ന്യായമല്ലെന്നാണ്‌ മുസ്‌ലിം കരുതുന്നത്‌.

അവിശ്വാസികളും അധര്‍മകാരികളും സകാത്തിന്‌ അര്‍ഹരാകുമോ ?
ചോദ്യം :

അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്ന പാവപ്പെട്ടവരായ കമ്യൂണിസ്റ്റുകാര്‍ക്കും നിരീശ്വരവാദികള്‍ക്കും വ്യഭിചരിക്കുകയും മദ്യം സേവിക്കുകയും അനര്‍ഹമായ രീതിയില്‍ പണം സമ്പാദിക്കുകയും ചെയ്‌തുവരുന്ന ദരിദ്രരായ `മുസ്‌ലിംകള്‍ക്കും' മുസ്‌ലിംകളോട്‌ ശത്രുതയില്ലാത്ത അമുസ്‌ലിംകള്‍ക്കും ഇസ്‌ലാമിലെ സകാത്ത്‌ നല്‌കുന്നതിന്റെ മതവിധി എന്താണ്‌? `മുഅല്ലഫത്തുല്‍ ഖുലൂബി'ന്റെ പരിധിയില്‍ വരുന്നവര്‍ ഇസ്‌ലാം ആശ്ലേഷിക്കാന്‍ സാധ്യതയുള്ളവര്‍ ആണോ? അതല്ല, ഇസ്‌ലാം സ്വീകരിക്കാന്‍ സാധ്യതയില്ലാത്തവരാണോ? മുഹമ്മദ്‌ നബി അമുസ്‌ലിംകള്‍ക്ക്‌ സകാത്ത്‌ നല്‌കിയിരുന്നോ?

ഉത്തരം :

സകാത്തില്‍ നിന്നും അമുസ്‌ലിംകള്‍ക്ക്‌ നല്‌കുന്നത്‌ നിഷിദ്ധമാണെന്ന്‌ അല്ലാഹുവോ റസൂലോ(സ) വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സകാത്ത്‌ ലഭിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ മുസ്‌ലിംകളില്‍ പെട്ട ദരിദ്രരും അഗതികളും കടബാധിതരും സകാത്തിന്റെ ജോലിക്കാരും മറ്റും തന്നെയാണ്‌. സകാത്തിനെ സംബന്ധിച്ച ഒരു നബിവചനത്തില്‍ `അവരിലെ ധനികരില്‍ നിന്ന്‌ അത്‌ വാങ്ങുകയും അവരിലെ ദരിദ്രര്‍ക്ക്‌ അത്‌ നല്‌കുകയും' ചെയ്യേണ്ടതാണെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മുസ്‌ലിംകളിലെ അധര്‍മകാരികള്‍ക്ക്‌ അവര്‍ ദരിദ്രരോ അഗതികളോ ആണെങ്കില്‍ സകാത്ത്‌ നല്‌കുന്നതിന്‌ നബി(സ) വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ധര്‍മനിഷ്‌ഠയുള്ള പാവങ്ങള്‍ക്ക്‌ മുന്‍ഗണന നല്‌കുന്നതിന്‌ ന്യായമുണ്ട്‌.

`മുഅല്ലഫത്തുല്‍ ഖുലൂബ്‌' എന്ന വാക്കിന്‌ മനസ്സ്‌ ഇണക്കപ്പെട്ടവര്‍ എന്നും ഇണക്കപ്പെടേണ്ടവര്‍ എന്നും അര്‍ഥമാക്കാവുന്നതാണ്‌. എന്നാല്‍ മനസ്സ്‌ ഇണക്കപ്പെട്ടവര്‍ മുസ്‌ലിംസമൂഹത്തിലെ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തരല്ലാത്തതുകൊണ്ടും അവര്‍ ദരിദ്രരോ അഗതികളോ മറ്റോ ആണെങ്കില്‍ സകാത്തിന്‌ അവകാശികളാണെന്നതുകൊണ്ടും `മുഅല്ലഫത്തുല്‍ ഖുലൂബ്‌' എന്ന പ്രത്യേക വിഭാഗം, സകാത്ത്‌ നല്‌കി മനസ്സ്‌ ഇണക്കപ്പെടേണ്ടവര്‍ ആയിരിക്കാനാണ്‌ കൂടുതല്‍ സാധ്യത. ഈ വിഭാഗത്തില്‍ പുതുതായി ഇസ്‌ലാം ആശ്ലേഷിച്ചവരും ഇനിയും ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്തവരും ഉള്‍പ്പെടും. സകാത്തില്‍ നിന്നും യുദ്ധാര്‍ജിത സ്വത്തുക്കളില്‍ നിന്നും അവിശ്വാസികളായ ചിലര്‍ക്ക്‌ നബി(സ) നല്‌കിയതായി പ്രാമാണികമായ ഹദീസുകളില്‍ കാണാം. `ഇസ്‌ലാം സ്വീകരിക്കാന്‍ സാധ്യതയില്ലാത്തവര്‍' എന്നൊരു വിഭാഗത്തെ നബി(സ) വേര്‍തിരിച്ചു നിര്‍ത്തിയതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല.

മൈക്കില്‍ ബാങ്ക്‌ വിളിക്കുമ്പോള്‍
ചോദ്യം :

ബാങ്ക്‌ വിളിക്കുമ്പോള്‍ `ഹയ്യ അലസ്സലാത്ത്‌' എന്ന്‌ പറയുമ്പോള്‍ വലത്തോട്ടും `ഹയ്യഅലല്‍ഫലാഹ്‌' എന്ന്‌ പറയുമ്പോള്‍ ഇടത്തോട്ടും തിരിയണമെന്ന്‌ നിര്‍ദേശമുണ്ട്‌. കൂടുതല്‍ ആളുകള്‍ ബാങ്ക്‌ കേള്‍ക്കാന്‍ വേണ്ടി നബി(സ) നിര്‍ദേശിച്ചതാണല്ലോ ഇങ്ങനെ. ഇന്ന്‌ മൈക്കിലൂടെയാണ്‌ ബാങ്ക്‌ വിളിക്കുതെന്നിരിക്കെ വലത്തോട്ടും ഇടത്തോട്ടും തിരിയേണ്ടതുണ്ടോ?

ഉത്തരം :

ബാങ്കില്‍ ഹയ്യഅലല്‍... പറയുമ്പോള്‍ വലത്തോട്ടും ഇടത്തോട്ടും തിരിയണമെന്ന്‌ നബി(സ) നിര്‍ദേശിച്ചുവെന്ന്‌ പ്രാമാണികമായ ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. ബിലാല്‍(റ) ബാങ്ക്‌ വിളിക്കുമ്പോള്‍ അപ്രകാരം ചെയ്യാറുണ്ടായിരുന്നുവെന്നാണ്‌ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. നബി(സ) ബിലാലിനോട്‌ അങ്ങനെ നിര്‍ദേശിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നേ പറയാനൊക്കൂ. അങ്ങനെ ഇരുവശത്തേക്കും തിരിയുന്നതുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കപ്പെട്ടതെന്ന്‌ ഉറപ്പിച്ചുപറയാന്‍ തെളിവൊന്നും ലഭ്യമല്ല. ഇടത്തും വലത്തുമുള്ള ആളുകളെക്കൂടി കേള്‍പിക്കുക എന്ന ഉദ്ദേശമുണ്ടാകാം. `നമസ്‌കാരത്തിലേക്ക്‌ വരൂ, വിജയത്തിലേക്ക്‌ വരൂ' എന്ന്‌ പറയുമ്പോള്‍ മുമ്പിലുള്ള ആളുകളെ മാത്രമല്ല, ഇടതും വലതും ഭാഗങ്ങളിലുള്ളവരെയും ഉദ്ദേശിക്കുന്നുണ്ടെന്ന്‌ ഭാവത്തിലൂടെ സൂചിപ്പിക്കുക എന്നതും ഉദ്ദേശമാകാം. അതിനാല്‍ മൈക്കിലൂടെ ബാങ്ക്‌ വിളിക്കുന്ന ആള്‍ വലത്തോട്ടും ഇടത്തോട്ടും തിരിയേണ്ട ആവശ്യമില്ലെന്ന്‌ ഉറപ്പിച്ചുപറയാവുന്നതല്ല.

രണ്ടു സഹോദരിമാരെ ഒന്നിച്ചു വിവാഹം ചെയ്യല്‍
ചോദ്യം :

ബഹുഭാര്യാത്വം (പരിമിതികളില്‍ തന്നെയും) അനുവദിക്കുന്ന, ദൈവത്തിങ്കല്‍ സ്വീകാര്യമായ ജീവിതചര്യ വിഭാവനംചെയ്യുന്ന, ഇസ്‌ലാംമതത്തില്‍ സഹോദരിമാരെ ഒരേ സമയം ഭാര്യമാരായി സ്വീകരിക്കുന്നത്‌ നിഷിദ്ധമാക്കുന്ന പ്രകൃതിചര്യ അഥവാ ധര്‍മ-സദാചാരനിഷ്‌ഠ എന്താണ്‌? അല്ലെങ്കില്‍ പുരുഷന്‌ തന്റെ ഭാര്യാസഹോദരിയിലുള്ള അമാനത്ത്‌ എന്താണ്‌?

ഉത്തരം :

ബഹുഭാര്യാത്വം അനുവദിച്ചത്‌ എന്തുകൊണ്ട്‌, നാലിലേറെ പാടില്ലെന്ന്‌ പറഞ്ഞത്‌ എന്തുകൊണ്ട്‌ എന്നൊന്നും അല്ലാഹുവോ നബി(സ)യോ വിശദീകരിച്ചിട്ടില്ല. മറ്റു കല്‌പനകളുടെയും വിലക്കുകളുടെയും കൂട്ടത്തിലും കാരണം വ്യക്തമാക്കിയതും അല്ലാത്തതുമുണ്ട്‌. നിങ്ങള്‍ രണ്ടു സഹോദരിമാരെ ഒന്നിച്ച്‌ ഭാര്യമാരാക്കുന്നത്‌ അല്ലാഹു നിരോധിച്ചിരിക്കുന്നു എന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 4:23 സൂക്തത്തില്‍ സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതിന്റെ ന്യായം ബോധ്യമായില്ലെങ്കില്‍ പോലും അത്‌ വര്‍ജിക്കുകയാണ്‌ യഥാര്‍ഥ വിശ്വാസികള്‍ ചെയ്യേണ്ടത്‌.

വിശുദ്ധ ഖുര്‍ആനില്‍ വിവാഹം വിലക്കിയിട്ടുള്ളത്‌ രക്തബന്ധത്താലോ മുലകുടി ബന്ധത്താലോ ഏറ്റവും അടുത്തവരുമായിട്ടാണ്‌. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം ലൈംഗിക പങ്കാളിത്തത്തിനതീതമായ പവിത്രബന്ധമാണ്‌. രണ്ടു സഹോദരിമാര്‍ ഒരു പുരുഷനെ ലൈംഗിക പങ്കാളിയായി സ്വീകരിക്കുന്നതും സാഹോദര്യത്തിന്റെ ഉത്തമതാല്‌പര്യങ്ങള്‍ക്ക്‌ ഹാനികരമാകാന്‍ സാധ്യതയുണ്ട്‌. ഭാര്യാ സഹോദരിയോടുള്ള അമാനത്ത്‌ അവളോട്‌ മാന്യമായി പെരുമാറുകയും ഒരു ബന്ധു എന്ന നിലയില്‍ ഗുണകാംക്ഷ പുലര്‍ത്തുകയും അവള്‍ക്ക്‌ എന്തെങ്കിലും സഹായം ആവശ്യമായാല്‍ അത്‌ നല്‌കുകയുമാകുന്നു. ബന്ധുക്കള്‍ക്ക്‌ നന്മചെയ്യണമെന്ന ഖുര്‍ആനിക കല്‌പനയുടെ പരിധിയില്‍ ഭാര്യയുടെ ഉറ്റ ബന്ധുക്കളും ഉള്‍പ്പെടും.

സ്വലാത്ത്‌ പ്രത്യേക സന്ദര്‍ഭത്തില്‍ മാത്രമോ ?
ചോദ്യം :

പ്രവാചകന്റെ(സ) മേലുള്ള സ്വലാത്ത്‌ എല്ലാ സമയത്തും ചൊല്ലാന്‍ പറ്റുമോ? അതല്ല, പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമേ പാടുള്ളൂ എന്നുണ്ടോ?

ഉത്തരം :

വിശുദ്ധ ഖുര്‍ആനിലെ 33:56 സൂക്തത്തില്‍ നബി(സ)യുടെ പേരില്‍ സ്വലാത്തും സലാമും ചൊല്ലാന്‍ അഥവാ അദ്ദേഹത്തിന്‌ അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ഥിക്കാന്‍ സത്യവിശ്വാസികളോട്‌ കല്‌പിച്ചിട്ടുണ്ട്‌. ഇത്‌ ഏതെങ്കിലും പ്രത്യേക സന്ദര്‍ഭത്തിലേ ചൊല്ലാവൂ എന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. സാധാരണ നമസ്‌കാരങ്ങളില്‍ അത്തഹിയ്യാത്തിനു ശേഷവും മയ്യിത്ത്‌ നമസ്‌കാരത്തില്‍ രണ്ടാമത്തെ തക്‌ബീറിനു ശേഷവും സ്വലാത്ത്‌ ചൊല്ലാന്‍ ഹദീസുകളില്‍ നിര്‍ദേശമുണ്ട്‌. അതുപോലെ തന്നെ പ്രാര്‍ഥന തുടങ്ങുമ്പോഴും. നബി(സ)യുടെ പേര്‍ കേള്‍ക്കുമ്പോള്‍ സ്വലാത്ത്‌ ചൊല്ലണമെന്ന്‌ അവിടുന്ന്‌ പഠിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ സ്വലാത്ത്‌ ചൊല്ലുന്നത്‌ വിലക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്‌തിട്ടില്ല. സ്വലാത്ത്‌ വര്‍ധിപ്പിക്കുന്നതിനെ നബി(സ) പ്രോത്സാഹിപ്പിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പക്ഷെ, നബി(സ)യോ ശിഷ്യന്മാരോ സ്വലാത്ത്‌ ചൊല്ലാന്‍ പ്രത്യേക സദസ്സ്‌ സംഘടിപ്പിക്കുകയോ, സ്വലാത്ത്‌ വാര്‍ഷികം പോലുള്ള പരിപാടികള്‍ നടത്തുകയോ ചെയ്‌തിട്ടില്ല. അതൊക്കെ എതിര്‍ക്കപ്പെടേണ്ട നൂതനാചാരങ്ങളാകുന്നു.

മൊഴി ചൊല്ലിയ ഭാര്യയുടെ ജീവനാംശം എത്ര കാലേത്തക്ക്‌ ?
ചോദ്യം :

മൊഴിചൊല്ലിയ ഭാര്യക്ക്‌ ഭര്‍ത്താവ്‌ ചെലവ്‌ കൊടുക്കേണ്ടത്‌ എത്രകാലത്തേക്കാണ്‌? ഭാര്യ വേറെ വിവാഹം കഴിക്കുന്നതുവരെയോ ഇദ്ദയുടെ കാലാവധി കഴിയുന്നത്‌ വരെയോ? ഈ കാര്യത്തില്‍ ഇസ്ലാമികനിയമവും ഇന്ത്യന്‍നിയമവും ഒന്നുതന്നെയാണോ?

ഉത്തരം :

വിവാഹമോചനം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന്‌ ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും വിവാഹമുക്തയായ സ്‌ത്രീക്ക്‌ മുന്‍ ഭര്‍ത്താവ്‌ ആജീവനാന്തം ജീവനാംശം നല്‌കണമെന്ന്‌ വിധിച്ചിട്ടില്ല. വിവാഹമുക്തയ്‌ക്ക്‌ മതാഅ്‌ (ആശ്വാസധനം എന്ന നിലയില്‍ നല്‌കുന്ന മോശമല്ലാത്ത തുക), ഇദ്ദ കാലത്തേക്ക്‌ ജീവിതച്ചെലവ്‌ എന്നിവയാണ്‌ മുന്‍ ഭര്‍ത്താവ്‌ നല്‌കേണ്ടത്‌. മഹ്രര്‍ വിവാഹവേളയില്‍ നിയമപ്രകാരം നല്‌കിയിട്ടില്ലെങ്കില്‍ അതും വിവാഹമോചനസമയത്ത്‌ നല്‌കണം. മൂന്നു മാസമുറക്കാലമാണ്‌ ഇദ്ദ കാലാവധി. ഗര്‍ഭിണിയാണെങ്കില്‍ പ്രസവം വരെയും. ഈ കാലയളവില്‍ വിവാഹമുക്തയെ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെയാണ്‌ താമസിപ്പിക്കേണ്ടത്‌. കുടുംബിനി എന്ന നിലയില്‍ ലഭിച്ചിരുന്ന ജീവിതച്ചെലവ്‌ തന്നെയാണ്‌ വിവാഹമുക്തയ്‌ക്ക്‌ ഇദ്ദ കാലത്ത്‌ ലഭിക്കേണ്ടത്‌.

ഇദ്ദ കാലാവധിക്കുള്ളില്‍ ദാമ്പത്യം പുനസ്ഥാപിക്കാന്‍ ഭര്‍ത്താവ്‌ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവധി കഴിയുന്നതോടെ ഭര്‍ത്താവ്‌ മതാഅ്‌ നല്‌കി അവളെ പിരിച്ചയക്കുകയാണ്‌ വേണ്ടത്‌. മതാഅ്‌ നല്‌കണമെന്ന്‌ വിശുദ്ധഖുര്‍ആനില്‍ (2:236, 2:241) അനുശാസിച്ചിട്ടുണ്ടെങ്കിലും ഭക്തരായ ആളുകള്‍ പോലും വിവാഹമുക്തര്‍ക്ക്‌ യഥോചിതം മതാഅ്‌ നല്‌കാറുണ്ടായിരുന്നില്ല. ശാബാനു കേസിലെ സുപ്രീംകോടതിവിധിയെത്തുടര്‍ന്ന്‌ ഇതൊരു വിവാദവിഷയമാവുകയും അനന്തരം ഇന്ത്യന്‍ പാര്‍ലമെന്റ്‌ മുസ്ലിം വനിതാസംരക്ഷണ നിയമം പാസാക്കുകയും ചെയ്‌തതോടെയാണ്‌ മതാഅ്‌ ഒരു നിയമപ്രാബല്യമുള്ള വിഷയമായിത്തീര്‍ന്നത്‌.

വിവാഹമുക്തയ്‌ക്ക്‌ മരണം വരെയോ പുനര്‍വിവാഹം വരെയോ ജീവനാംശം നല്‌കണമെന്ന്‌ ക്രിമിനല്‍ നടപടിച്ചട്ടത്തില്‍ വ്യവസ്ഥയുണ്ട്‌. മുമ്പ്‌ ഇത്‌ മുസ്ലിംസ്‌ത്രീകള്‍ക്കും ബാധകമായിരുന്നു. എന്നാല്‍ മുകളില്‍ പറഞ്ഞ പ്രത്യേക നിയമം പ്രാബല്യത്തില്‍ വന്നതോടെ മുസ്ലിം സ്‌ത്രീകള്‍ക്ക്‌ ജീവനാംശത്തിനു പകരം മതാഅ്‌ ബാധകമാവുകയാണുണ്ടായത്‌. എന്നാല്‍ ഈ വിഷയകമായി ഇനിയും ചില അവ്യക്തതകള്‍ തുടരുന്നുണ്ടെന്നാണ്‌ ചില ജീവനാംശംന്യായാധിപന്മാരുടെയും നിയമജ്ഞരുടെയും അഭിപ്രായപ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്‌. ക്രിമിനല്‍ നടപടിച്ചട്ടപ്രകാരമുള്ള ജീവനാംശം ലഭിക്കാന്‍ ഇപ്പോഴും ഇന്ത്യയിലെ വിവാഹമുക്തരായ മുസ്ലിം സ്‌ത്രീകള്‍ക്ക്‌ അവകാശമുണ്ടെന്ന്‌ ചില നിയമജ്ഞര്‍ വാദിക്കുന്നുണ്ട്‌.

ശിര്‍ക്ക്‌ ചെയ്‌ത മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാമോ ?
ചോദ്യം :

മാതാപിതാക്കള്‍ ശിര്‍ക്കു ചെയ്‌താണ്‌ മരിക്കുന്നതെങ്കില്‍ അവര്‍ക്കു പാപമോചനത്തിനായി പ്രാര്‍ഥിക്കാന്‍ പാടില്ല എന്നുള്ളത്‌ ഇന്നത്തെ സമൂഹത്തിനും ബാധകമാണോ?

ഉത്തരം :

ഈ വിഷയകമായി വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത്‌ ഇപ്രകാരമാണ്‌: ``ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന്‌ തങ്ങള്‍ക്ക്‌ വ്യക്തമായിക്കഴിഞ്ഞതിനുശേഷം അവര്‍ക്ക്‌ വേണ്ടി പാപമോചനം തേടാന്‍ -അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും- പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല. ഇബ്‌റാഹീം അദ്ദേഹത്തിന്റെ പിതാവിനുവേണ്ടി പാപമോചനം തേടിയത്‌ അദ്ദേഹം പിതാവിനോട്‌ അങ്ങനെ വാഗ്‌ദാനം ചെയ്‌തതുകൊണ്ട്‌ മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്‌) അല്ലാഹുവിന്റെ ശത്രുവാണെന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്‌റാഹീം ഏറെ താഴ്‌മയുള്ളവനും സഹനശീലനുമാകുന്നു.''(വി.ഖു 9:113,114)

അല്ലാഹുവല്ലാത്തവരെ ആരാധിക്കാമെന്നോ അവരോട്‌ പ്രാര്‍ഥിക്കാമെന്നോ ഉള്ള നിലപാടോടുകൂടിയാണ്‌ മാതാപിതാക്കള്‍ മരിച്ചുപോയതെങ്കില്‍ അവര്‍ക്ക്‌ പാപമോചനത്തിനു വേണ്ടി സത്യവിശ്വാസികളായ മക്കള്‍ പ്രാര്‍ഥിക്കാന്‍ പാടില്ലെന്ന്‌ ഉപര്യുക്തസൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു. ഈ വിലക്ക്‌ ഏതെങ്കിലും കാലത്തേക്കോ സമൂഹത്തിലേക്കോ ബാധകമല്ലെന്ന്‌ അല്ലാഹുവോ റസൂലോ(സ) പറഞ്ഞിട്ടില്ല. എന്നാല്‍ മരിച്ചുപോയ മാതാപിതാക്കളുടെ ആദര്‍ശം സംബന്ധിച്ച്‌ അവ്യക്തതയുണ്ടെങ്കില്‍ ഈ വിലക്ക്‌ ബാധകമായിരിക്കുകയില്ല. എന്നാലും അല്ലാഹുവിങ്കല്‍ ആ മാതാപിതാക്കള്‍ പാപമോചനത്തിന്‌ അര്‍ഹതയുള്ളവരാണെങ്കില്‍ മാത്രമേ അവര്‍ക്ക്‌ വേണ്ടി വിശ്വാസികളായ മക്കള്‍ നടത്തുന്ന പ്രാര്‍ഥന പ്രയോജനപ്പെടുകയുള്ളൂ.

മറ്റുള്ളവര്‍ കേള്‍ക്കാന്‍ വേണ്ടി ഓത്ത്‌ നന്നാക്കാമോ ?
ചോദ്യം :

അബൂമൂസായുടെ(റ) ഖിറാഅത്ത്‌ ശ്രദ്ധിച്ചുകേട്ട മുഹമ്മദ്‌ നബി(സ)യോട്‌ അബൂമൂസാ(റ) പറയുന്നതായി ഹദീസില്‍ കാണാം: “താങ്കളെന്നെ ശ്രദ്ധിക്കുമെന്ന്‌ നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ താങ്കള്‍ക്കുവേണ്ടി ഒരുങ്ങി ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു.” ഇങ്ങനെ മറ്റുള്ള ആളുകള്‍ കേള്‍ക്കണമെന്ന ആഗ്രഹത്തോടെ തന്റെ ഖിറാഅത്ത്‌ നന്നാക്കുന്നത്‌ രിയാഇന്റെ പരിധിയില്‍ പെടുമോ? ഇങ്ങനെ ആഗ്രഹിക്കുന്നത്‌ മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാനാവുമ്പോള്‍ അത്‌ മുസ്‌ലിമിന്‌ ഭൂഷണമാണോ? നല്ല ഓത്തുകാരനാണ്‌ എന്ന്‌ സ്വയം മതിപ്പ്‌ തോന്നുന്നതില്‍ തെറ്റുണ്ടോ ?

ഉത്തരം :

ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിശ്ശബ്‌ദമായി ശ്രദ്ധിച്ചുകേള്‍ക്കണമെന്ന്‌ അല്ലാഹു കല്‌പിച്ചിട്ടുണ്ട്‌. ഓത്ത്‌ നല്ല നിലയിലായാല്‍ കേള്‍ക്കുന്നവര്‍ക്ക്‌ അത്‌ ശ്രദ്ധിക്കാനും അതിന്റെ ആശയം ഉള്‍ക്കൊള്ളാനും പ്രചോദനമുണ്ടാകും. ഇത്‌ ഓതുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരുപോലെ പ്രതിഫലാര്‍ഹമായിത്തീരും. ഈ നല്ല ഉദ്ദേശത്തോടെയാണ്‌ ഖുര്‍ആന്‍ പാരായണം മെച്ചപ്പെടുത്തുന്നതെങ്കില്‍ അത്‌ രിയാഇന്റെ (പ്രകടനപരതയുടെ) വകുപ്പില്‍ പെടുകയില്ല. നല്ല ഓത്തുകാരന്‍ എന്ന പ്രസിദ്ധിയുണ്ടാകണമെന്നതാണ്‌ ഒരാളുടെ ലക്ഷ്യമെങ്കില്‍ അത്‌ പ്രകടനപരതയുടെ വകുപ്പില്‍ തന്നെയാണ്‌ ഉള്‍പ്പെടുക.

നബി(സ)യെ കേള്‍പിക്കാന്‍ വേണ്ടി ഖുര്‍ആന്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വം പാരായണം ചെയ്യുന്നതിനെ സംബന്ധിച്ച്‌ അബൂമൂസാ(റ) സംസാരിച്ചത്‌ പ്രകടനപരത എന്ന ലക്ഷ്യത്തോടെ ആയിരിക്കാന്‍ സാധ്യതയില്ല. പ്രകടനപരത ഗുരുതരമായ തെറ്റാണെന്ന ധാരണ ഖുര്‍ആനും നബിചര്യയുമായി അടുത്ത ബന്ധമുള്ള ആ സ്വഹാബിവര്യന്‌ തീര്‍ച്ചയായും ഉണ്ടായിരിക്കും. അദ്ദേഹം ഉച്ചത്തിലും സാവധാനത്തിലും ശ്രദ്ധിച്ച്‌ ഓതിയാല്‍ നബി(സ)ക്ക്‌ തെറ്റ്‌ ചൂണ്ടിക്കാണിക്കാന്‍ കൂടുതല്‍ സൗകര്യമാകുമെന്നും നബി(സ) അദ്ദേഹത്തിനുവേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചിട്ടുണ്ടാകാം. ഖുര്‍ആന്‍ നന്നായി ഓതുന്ന വിഷയത്തില്‍ ആത്മസംതൃപ്‌തിയുണ്ടാകുന്നത്‌ തെറ്റല്ല. എന്നാല്‍ അതിന്റെ പേരില്‍ സ്വയം മഹത്വവത്‌കരണം പാടില്ല.

തലകുനിച്ചു വണങ്ങല്‍
ചോദ്യം :

കോടതികളില്‍ കയറുമ്പോള്‍ വക്കീല്‍മാരും അല്ലാത്തവരും കോടതിയെ തലകുനിച്ച്‌ വണങ്ങുന്നത്‌ കാണാം. ഇത്‌ മുസല്‍മാന്‌ പറ്റുമോ?

ഉത്തരം :

കൈകൂപ്പലും തലകുനിക്കലും ചില ആളുകള്‍ ചെയ്യുന്നത്‌ കേവലം ഉപചാരം എന്ന രീതിയിലാണ്‌. എന്നാല്‍ വിഗ്രഹങ്ങള്‍, ശവകുടീരങ്ങള്‍, സിദ്ധന്മാര്‍ എന്ന്‌ വിളിക്കപ്പെടുന്നവര്‍ എന്നിവര്‍ക്ക്‌ മുമ്പില്‍ കുമ്പിടുന്നവര്‍ പരമമായ വണക്കം അഥവാ ആരാധന എന്ന നിലയിലാണ്‌ അത്‌ ചെയ്യുന്നത്‌. ഉപചാരം മാത്രമായിട്ടുള്ള തലകുനിക്കല്‍ മുസ്‌ലിംകള്‍ക്ക്‌ നിഷിദ്ധമല്ല. എന്നാല്‍ ആരാധനാപരമായ തല കുനിക്കല്‍ ശരിയായ ഏകദൈവവിശ്വാസത്തിന്‌ വിരുദ്ധവും മുസ്‌ലിംകള്‍ക്ക്‌ തീര്‍ത്തും നിഷിദ്ധവുമാകുന്നു. കോടതിയുടെയോ ജഡ്‌ജിയുടെയോ നേരെ യഥാര്‍ഥ വിശ്വാസികള്‍ക്ക്‌ പരമമായ വണക്കം ഉണ്ടാകാന്‍ സാധ്യതയില്ല. അതിനാല്‍ ഒരു അഭിവാദനം എന്ന നിലയില്‍ ജഡ്‌ജിയുടെ മുമ്പില്‍ തല കുനിക്കുന്നത്‌ നിഷിദ്ധമാവില്ല. എന്നാലും ഒരു മുസ്‌ലിം ആരുടെയും മുമ്പില്‍ തല കുനിക്കാതിരിക്കുക തന്നെയാണ്‌ ഏറ്റവും നല്ലത്‌.

ഭാര്യ ഗര്‍ഭിണിയെങ്കില്‍ ബലി നിഷിദ്ധമോ ?
ചോദ്യം :

ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ബലിമൃഗത്തെ അറുക്കുന്നത്‌ നിഷിദ്ധമാണോ? നിഷിദ്ധമാണ്‌ എന്ന വിശ്വാസത്താല്‍ ഒരാള്‍ തന്റെ ബലിമൃഗത്തെ അറുക്കാന്‍ മറ്റൊരാളെ ഏല്‌പിക്കുകയുണ്ടായി. ഈ നടപടി ശരിയാണോ?

ഉത്തരം :

ഗര്‍ഭിണിയായ സ്‌ത്രീയോ അവളുടെ ഭര്‍ത്താവോ ബലിമൃഗത്തെ അറുക്കാന്‍ പാടില്ലെന്ന്‌ അല്ലാഹുവോ റസൂലോ(സ) വിലക്കിയിട്ടില്ല. അതിനാല്‍ ഈ വിഷയത്തില്‍ ആശങ്ക പുലര്‍ത്തുന്നതിന്‌ യാതൊരു അടിസ്ഥാനവുമില്ല. എന്നാലും അറുക്കാന്‍ മറ്റൊരാളെ ഏല്‌പിക്കുന്നതില്‍ അപാകതയില്ല. ഹജ്ജ്‌വേളയില്‍ ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയ ഒട്ടകങ്ങളെ അറുക്കാന്‍ നബി(സ) മരുമകന്‍ അലി(റ)യോട്‌ കല്‌പിച്ചതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇപ്പോള്‍ സഊദി ഭരണകൂടത്തിന്റെയും അവിടത്തെ പണ്ഡിതന്മാരുടെയും അംഗീകാരത്തോടെ ഇസ്‌ലാമിക്‌ ബാങ്കുകളും മറ്റു ചില സ്ഥാപനങ്ങളും ഹാജിമാര്‍ക്കുവേണ്ടി ബലിയറുക്കുന്ന ചുമതല ഏറ്റെടുത്ത്‌ നിര്‍വഹിക്കുന്നുണ്ട്‌.

സജദ ഓതുന്നത്‌ പുണ്യകരമോ?
ചോദ്യം :

എല്ലാ വെള്ളിയാഴ്‌ചകളിലെയും സുബ്‌ഹ്‌ നമസ്‌കാരത്തില്‍ സൂറതുസജദ ഓതുന്ന ചില ഇമാമുമാരെ കാണുന്നു. ഇങ്ങനെ ഓതുന്നതിന്‌ പുണ്യമുണ്ടോ?

ഉത്തരം :

വെള്ളിയാഴ്‌ച സുബ്‌ഹ്‌ നമസ്‌കാരത്തില്‍ റസൂല്‍(സ) അലിഫ്‌ലാമീം സജദ സൂറത്തും ഹല്‍അതാ അലല്‍ ഇന്‍സാനി എന്ന സൂറത്തും ഓതാറുണ്ടായിരുന്നുവെന്ന്‌ അബൂഹുറയ്‌റയില്‍(റ) നിന്ന്‌ ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌

ഹജ്ജ്‌ സല്‌ക്കാരം
ചോദ്യം :

ചില പ്രദേശങ്ങളില്‍ ഹജ്ജിനു പോകുന്നവര്‍ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച്‌ ഭക്ഷണം നല്‌കുന്നു. ഇതിന്‌ `യാത്രാച്ചോറ്‌' എന്ന പേരാണ്‌ പറയുന്നത്‌. ഇത്തരം ഒരു സമ്പ്രദായം നബി(സ)യുടെ ചര്യയില്‍ കാണുന്നുണ്ടോ? ഇല്ലെങ്കില്‍ ഇത്‌ ഒരു ബിദ്‌അത്തല്ലേ?

ഉത്തരം :

ഹജ്ജിനു പോകുന്നവര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച്‌ സല്‌ക്കാരം നടത്തണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) നിര്‍ദേശിച്ചിട്ടില്ല. അതുകൊണ്ട്‌ ഒരു മതാചാരം എന്ന നിലയില്‍ അങ്ങനെയൊരു സല്‌ക്കാരം നടത്താവുന്നതല്ല. ഒരു പ്രത്യേക മാതാചാരം എന്ന നിലയിലല്ലാതെ ഒരാള്‍ ആരെയെങ്കിലും വീട്ടിലേക്ക്‌ വിളിച്ച്‌ സല്‌ക്കരിക്കുകയാണെങ്കില്‍ അത്‌ ആചാരവല്‌കരണത്തിന്‌ വഴിവെക്കാത്ത വിധത്തിലാണെങ്കില്‍ നിഷിദ്ധമാവുകയില്ല. പക്ഷെ, ഹജ്ജിന്‌ പോകുന്നവരെല്ലാം ഇങ്ങനെയൊരു സല്‌ക്കാരം നടത്തുമ്പോള്‍ അത്‌ പ്രധാനപ്പെട്ട ഒരു മാതാചാരമാണെന്ന ധാരണ സമൂഹത്തില്‍ സാര്‍വത്രികമാകും. അതിനാല്‍ അനാചാരങ്ങള്‍ക്കെതിരായ പ്രതിബദ്ധത പുലര്‍ത്തുന്നവരൊക്കെ ഇത്തരം സല്‍ക്കാരം ഒഴിവാക്കുകയാണ്‌ വേണ്ടത്‌.

മയ്യിത്തിനെ അനുഗമിക്കലെങ്ങനെ ?
ചോദ്യം :

മയ്യിത്തിനെ അനുഗമിക്കുന്നവര്‍ മയ്യിത്തിന്റെ മുന്നിലാണ്‌ പോകേണ്ടതെന്ന്‌ ഒരു പ്രഭാഷണത്തില്‍ കേള്‍ക്കാനിടയായി. യഥാര്‍ഥ നബിചര്യയെന്താണ്‌?

ഉത്തരം :

ഈ വിഷയകമായി വ്യത്യസ്‌തമായ നിലയില്‍ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. മുഗീറത്തുബ്‌നു ശുഅ്‌ബയില്‍(റ) നിന്ന്‌ അഹ്മദ്‌, അബൂദാവൂദ്‌ എന്നിവര്‍ ഉദ്ധരിച്ച ഹദീസില്‍ ഇപ്രകാരം കാണാം. നബി(സ) പറഞ്ഞു: ``വാഹനത്തില്‍ സഞ്ചരിക്കുന്നവന്‍ ജനാസയുടെ പിന്നിലാണ്‌ പോകേണ്ടത്‌. നടന്നുപോകുന്നവന്‍ അതിന്റെ മുമ്പില്‍ അതിനോടടുത്തോ അതിന്റെ വലതുഭാഗത്തോ ഇടതുഭാഗത്തോ ആയിരിക്കണം.'' നബി(സ)യും ഖലീഫമാരായ അബൂബക്കറും ഉമറും(റ) ജനാസയുടെ മുമ്പില്‍ നടക്കുന്നതായി താന്‍ കണ്ടുവെന്ന്‌ ഇബ്‌നു ഉമര്‍(റ) പറഞ്ഞത്‌ പ്രമുഖ ഹദീസ്‌ ഗ്രന്ഥകാരന്മാര്‍ ഉദ്ധരിച്ചിട്ടുണ്ട്‌. ഈ ഹദീസുകളുടെ അടിസ്ഥാനത്തില്‍ ജനാസയോടൊപ്പം പോകുന്നവര്‍ മുമ്പില്‍ നടക്കുന്നതാണ്‌ സുന്നത്ത്‌ എന്നത്രെ സ്വഹാബികളില്‍ പലരും മദ്‌ഹബ്‌ ഇമാമുകളായ മാലിക്‌, ശാഫിഈ, അഹ്മദ്‌ എന്നിവരും അഭിപ്രായപ്പെട്ടത്‌.

എന്നാല്‍ ഇമാം അബൂഹനീഫയുടെയും സുഫ്യാനുസ്സൗരിയുടെയും മറ്റും അഭിപ്രായം ജനാസയുടെ പിന്നില്‍ നടക്കലാണ്‌ സുന്നത്ത്‌ എന്നത്രെ. നബി(സ) ചിലരുടെ ജനാസയെ പിന്തുടര്‍ന്നത്‌ സംബന്ധിച്ചും, ജനാസയെ പിന്തുടരുന്നവര്‍ പാലിക്കേണ്ട മര്യാദകളെപ്പറ്റി തിരുമേനി നല്‌കിയ വിശദീകരണങ്ങള്‍ സംബന്ധിച്ചുമുള്ള ഹദീസുകളാണ്‌ ഈ അഭിപ്രായക്കാര്‍ക്കുള്ള തെളിവ്‌. ജനാസയുടെ പിന്നില്‍ നടക്കേണ്ടത്‌ എപ്രകാരമാണെന്ന്‌ ഞങ്ങള്‍ ചോദിച്ചപ്പോള്‍ വലിയ വേഗത്തിലല്ലാതെ നടക്കൂ എന്ന്‌ നബി(സ) മറുപടി പറഞ്ഞുവെന്ന്‌ ഇബ്‌നു മസ്‌ഊദില്‍(റ) നിന്ന്‌ തിര്‍മിദിയും അബൂദാവൂദും ഉദ്ധരിച്ചിട്ടുണ്ട്‌. ജനാസയുടെ പിന്നിലല്ല നടക്കേണ്ടതെന്ന്‌ നബി അവരോട്‌ പറഞ്ഞില്ല എന്നതില്‍ നിന്ന്‌ പിന്നില്‍ നടക്കുന്നത്‌ അനുവദനീയമാണെന്ന്‌ വ്യക്തമാണ്‌. വാഹനത്തിലേറിയവന്‍ ജനാസയുടെ പിന്നില്‍ തന്നെയാണ്‌ പോകേണ്ടത്‌. ഈ കാര്യത്തില്‍ പ്രമുഖ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല.

ദുഃഖാചരണമോ ഹജ്ജ്‌ യാത്രയോ?
ചോദ്യം :

എന്റെ സഹോദരിയും ഭര്‍ത്താവും ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ്‌കര്‍മത്തിന്‌ പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നു. വിസയും മറ്റു യാത്രാ സൗകര്യങ്ങളുമെല്ലാം ശരിയാക്കി, ഹജ്ജിന്‌ മാനസികമായും തയ്യാറെടുത്തിരുന്നു. എന്നാല്‍ പെട്ടെന്ന്‌, സഹോദരിയുടെ ഭര്‍ത്താവ്‌ ഹൃദയസ്‌തംഭനംമൂലം മരണപ്പെട്ടു. ഈ സാഹചര്യത്തില്‍ എന്റെ സഹോദരിക്ക്‌ ഇദ്ദഃയാചരിക്കുകയാണോ, ഹജ്ജിന്‌ പുറപ്പെടുകയാണോ ഉത്തമമായിട്ടുള്ളത്‌?

ഉത്തരം :

ഇത്തരമൊരു സന്ദര്‍ഭത്തില്‍ എന്തു ചെയ്യണമെന്ന്‌ നബി(സ) പ്രത്യേകം വിധി നല്‌കിയതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. അതിനാല്‍ ഇത്‌ വീക്ഷണവ്യത്യാസത്തിന്‌ സാധ്യതയുള്ള വിഷയമാണ്‌. ഇദ്ദഃ കാലമായ നാലുമാസവും പത്തുദിവസവും ദുഃഖമാചരിക്കല്‍ ഭര്‍ത്താവ്‌ മരിച്ചതിനെത്തുടര്‍ന്നുള്ള കാലത്ത്‌ തന്നെ ചെയ്യേണ്ടതാണ്‌. അത്‌ മറ്റൊരു സന്ദര്‍ഭത്തിലേക്ക്‌ നീട്ടിവെക്കാവുന്നതല്ല. എന്നാല്‍ ഹജ്ജ്‌ ജീവിതത്തിലൊരിക്കല്‍ സൗകര്യങ്ങള്‍ ഒത്തുവരുമ്പോള്‍ മാത്രമേ നിര്‍ബന്ധമായി നിര്‍വഹിക്കേണ്ടതുള്ളൂ. അതിനാല്‍ യഥാസമയം നിര്‍വഹിക്കേണ്ട ദുഃഖാചരണത്തിന്‌ മുന്‍ഗണന നല്‌കുകയും ഹജ്ജിന്‌ അടുത്തവര്‍ഷം ഏതെങ്കിലും ഉറ്റബന്ധുവിന്റെ കൂടെ പോവുകയുമായിരിക്കും നല്ലത്‌.

സൂര്യഗ്രഹണവും നമസ്‌കാരസമയവും
ചോദ്യം :

ഉച്ചക്ക്‌ ആരംഭിക്കുന്ന ഗ്രഹണം ഏകദേശം അസ്‌തമയസമയം വരെ നീളുകയാണെങ്കില്‍ രണ്ട്‌ റകഅത്തുള്ള ഗ്രഹണനമസ്‌കാരം ഗ്രഹണം ആരംഭിച്ചത്‌ മുതല്‍ ഗ്രഹണം അവസാനിക്കുന്നത്‌ വരെ നമസ്‌കരിക്കേണ്ടതുണ്ടോ? അതോ ഏകദേശം സൂര്യന്‍ അസ്‌തമിക്കുന്നതിന്റെ രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ തുടങ്ങിയാല്‍ മതിയോ? ഏതായാലും നാല്‌ മണിക്കൂര്‍ തുടര്‍ച്ചയായി നില്‍ക്കാന്‍ ആളുകള്‍ക്ക്‌ സാധിച്ചെന്നുവരില്ല. എന്താണ്‌ ഇതിന്റെ വിധി? ഉച്ചയ്‌ക്ക്‌ ആരംഭിച്ച ഗ്രഹണം ഏകദേശം ആറ്‌ മണിവരെ നീളുകയാണെങ്കില്‍ അസ്ര്‍‌ എപ്പോള്‍ നമസ്‌കരിക്കും?

ഉത്തരം :

ഗ്രഹണം കഴിഞ്ഞ്‌ സൂര്യന്‍ തെളിയുന്നത്‌ വരെ നിങ്ങള്‍ നമസ്‌കരിക്കണം എന്ന്‌ നബി(സ) പറഞ്ഞതായി ജാബിറില്‍(റ) നിന്ന്‌ മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. നബി(സ)യുടെ ഗ്രഹണ നമസ്‌കാരം കഴിഞ്ഞപ്പോള്‍ സൂര്യന്‍ തെളിഞ്ഞിരുന്നു എന്ന്‌ പ്രബലമായ ഹദീസുകളില്‍ കാണുന്നുണ്ട്‌. എന്നാല്‍ ഉച്ചയ്‌ക്ക്‌ തുടങ്ങുകയും അസ്‌തമയത്തോടെ അവസാനിക്കുകയും ചെയ്യുന്ന ഗ്രഹണമാണെങ്കില്‍ ഒന്നുകില്‍ ദ്വുഹ്‌റിന്റെയും അസ്വ്‌റിന്റെയും സമയത്തിന്നിടയിലോ അല്ലെങ്കില്‍ അസ്വ്‌റിന്റെയും മഗ്രിബിന്റെയും സമയത്തിന്നിടയിലോ ഗ്രഹണനമസ്‌കാരം നിര്‍വഹിച്ചാല്‍ മതി. കാരണം, ഗ്രഹണനമസ്‌കാരം സുന്നത്താണ്‌ (ഐച്ഛികമാണ്‌). നിര്‍ബന്ധനമസ്‌കാരത്തിന്‌ ഭംഗം വരുത്തിക്കൊണ്ടോ അതിന്റെ സമയം തെറ്റിച്ചുകൊണ്ടോ സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിക്കാവുന്നതല്ല. അസ്വ്‌റിന്‌ ശേഷമുള്ള സമയത്തെക്കാള്‍ സുന്നത്ത്‌ നമസ്‌കാരത്തിന്‌ അനുയോജ്യമായ സമയം ദ്വുഹ്‌റിനും അസ്വ്‌റിനും ഇടയിലാകുന്നു.

വനിതാ ഖത്വീബിന്‌ സാധുതയുണ്ടോ ?
ചോദ്യം :

ആമിനാവദൂദ്‌ എന്ന സ്‌ത്രീ വീണ്ടും ജുമുഅക്ക്‌ നേതൃത്വംനല്‌കി വാര്‍ത്തയിലിടം പിടിച്ചിരിക്കുകയാണല്ലോ. പുരുഷന്മാരടക്കമുള്ളവര്‍ പള്ളിയില്‍ ഉണ്ടായിരിക്കെ ഒരു സ്‌ത്രീപണ്ഡിത ജുമുഅക്ക്‌ നേതൃത്വംനല്‌കുക എന്നത്‌ ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ സാധുതയര്‍ഹിക്കുന്നതാണോ?

ഉത്തരം :

സത്യവിശ്വാസികളുടെ മാതാക്കള്‍ എന്ന്‌ വിളിച്ച്‌ മുസ്ലിം സമൂഹം മുഴുവന്‍ അംഗീകരിക്കുന്ന മഹതികളാണല്ലോ പ്രവാചകപത്‌നിമാര്‍. ഇവരില്‍ ചിലര്‍ നബി(സ)യുടെ കാലശേഷം വര്‍ഷങ്ങളോളം ജീവിച്ചിട്ടുണ്ട്‌. അതുപോലെ എല്ലാവരും ആദരിക്കുന്ന മഹതിയാണ്‌ പ്രവാചകപുത്രി ഫാത്വിമ(റ). അവരും തിരുമേനിയുടെ കാലശേഷം ജീവിച്ചിരുന്നിട്ടുണ്ട്‌. എന്നാല്‍ ഇവരെയൊന്നും സ്വഹാബികള്‍ ഇമാമുകളോ ഖത്വീബുമാരോ ആയി നിയോഗിച്ചിട്ടില്ല. ആ മഹതികളാരും ആ സ്ഥാനങ്ങള്‍ അവകാശപ്പെട്ടിട്ടുമില്ല. അവരും പ്രവാചകശിഷ്യന്മാരെല്ലാവരും ആ സ്ഥാനങ്ങള്‍ പുരുഷന്മാരാണ്‌ വഹിക്കേണ്ടത്‌ എന്ന നിലപാടുകാരായിരുന്നു എന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. അക്കാലം മുതല്‍ സമീപകാലം വരെയും മുസ്ലിംലോകം തര്‍ക്കം കൂടാതെ അംഗീകരിച്ചുപോരുന്ന നിലപാടാണ്‌ പുരുഷന്മാര്‍ മാത്രം ഖത്വീബുമാരായിക്കൊണ്ട്‌ ജുമുഅ നമസ്‌കാരത്തിന്‌ നേതൃത്വം വഹിക്കുക എന്നത്‌. അതിന്‌ വിരുദ്ധമായ നിലപാട്‌ ഒരു കാരണത്താലും സാധൂകരിക്കപ്പെടാവുന്നതല്ല.

ഇഹ്‌റാമിന്റെ മുമ്പ്‌ സുന്നത്ത്‌ നമസ്‌കാരമോ ?
ചോദ്യം :

ഇഹ്‌റാം ചെയ്യുന്നതിന്‌ മുമ്പ്‌ രണ്ട്‌ റക്‌അത്ത്‌ സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിക്കേണ്ടതുണ്ടോ?

ഉത്തരം :

ഇഹ്‌റാമിന്‌ പ്രത്യേക സുന്നത്ത്‌ നമസ്‌കാരമുണ്ടെന്ന്‌ നബിവചനങ്ങളില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നബി(സ) നിര്‍വഹിച്ച ഹജ്ജ്‌ എപ്രകാരമായിരുന്നു എന്ന്‌ വിവരിക്കുന്ന, ജാബിറില്‍(റ) നിന്ന്‌ മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍, നബി(സ) ദുല്‍ഹുലൈഫയിലെ (ഇപ്പോള്‍ അബ്‌യാര്‍ അലി എന്ന പേരിലാണ്‌ ഈ സ്ഥലം അറിയപ്പെടുന്നത്‌.) പള്ളിയില്‍ നമസ്‌കരിച്ചശേഷമാണ്‌ ഇഹ്‌റാമില്‍ പ്രവേശിച്ചതെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. പള്ളിയുടെ അടുത്ത്‌ നിന്നല്ലാതെ റസൂല്‍(സ) ഇഹ്‌റാമില്‍ പ്രവേശിച്ചിട്ടില്ല. അഥവാ ഹജ്ജിന്റെ പ്രഖ്യാപനം നടത്തിയിട്ടില്ല എന്ന്‌ ഇബ്‌നുഉമറില്‍(റ) നിന്ന്‌ ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ കാണാം. ഇഹ്‌റാമിന്‌ പ്രത്യേക സുന്നത്ത്‌ നമസ്‌കാരമുണ്ടെന്ന്‌ നബി(സ) അറിയിച്ചിട്ടില്ലാത്തതിനാല്‍ ഇഹ്‌റാമിന്‌ തൊട്ടുമുമ്പ്‌ അവിടുന്ന്‌ നിര്‍വഹിച്ചത്‌ ഫര്‍ദ്‌ നമസ്‌കാരമോ അതിന്‌ ശേഷമുള്ള സുന്നത്ത്‌ നമസ്‌കാരമോ ആയിരിക്കാനാണ്‌ സാധ്യത. ഇത്‌ പരിഗണിച്ച്‌ ഫര്‍ദോ മറ്റു തരത്തിലുള്ള ഏതെങ്കിലും സുന്നത്തോ ആയ നമസ്‌കാരം മീഖാത്തില്‍ നിന്ന്‌ നിര്‍വഹിച്ചശേഷം ഇഹ്‌റാമില്‍ പ്രവേശിക്കുന്നതാണ്‌ നബിചര്യയോട്‌ യോജിച്ച രീതി. പ്രമുഖ പണ്ഡിതന്മാരുടെ അഭിപ്രായവും ഇതത്രെ.

അജ്ഞേയവാദവും ഇസ്‌ലാമികാശയങ്ങളും
ചോദ്യം :

അജ്ഞേയവാദവും ഇസ്‌ലാമികാശയങ്ങളും തമ്മിലുള്ള ബന്ധത്തെയോ ഭിന്നതയെയോ കുറിക്കുന്ന വല്ലതും ഇസ്‌ലാമിന്‌ പറയാനുണ്ടോ? ഉണ്ടെങ്കില്‍ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ അജ്ഞേയവാദത്തിന്റെ നിലനില്‌പ്‌ എപ്രകാരമാണ്‌?

ഉത്തരം :

അനുഭവാതീതമായ യാതൊന്നിനെയും സംബന്ധിച്ച്‌ അറിയുക സാധ്യമല്ല എന്ന സിദ്ധാന്തത്തിന്നാണ്‌ അജ്ഞേയതാവാദം എന്ന്‌ പറയുന്നത്‌. പഞ്ചേന്ദ്രിയങ്ങള്‍ മുഖേന മാത്രമേ മനുഷ്യര്‍ക്ക്‌ ഉറപ്പായ അറിവ്‌ നേടാന്‍ കഴിയുകയുള്ളൂവെന്നും ദൈവം, ആത്മാവ്‌, പരലോകം തുടങ്ങിയ കാര്യങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട്‌ അനുഭവിച്ചറിയാന്‍ കഴിയാത്തതിനാല്‍ അവയെക്കുറിച്ച്‌ നമുക്ക്‌ അറിയാം എന്ന്‌ പറയുന്നത്‌ തെറ്റാണെന്നുമാണ്‌ ഈ സിദ്ധാന്തത്തിന്റെ വക്താക്കള്‍ പറയുന്നത്‌. പുരാതനകാലം മുതല്‍ തന്നെ ഇന്ത്യയിലും മറ്റു പല നാടുകളിലും സന്ദേഹവാദികള്‍ ഉണ്ടായിരുന്നുവെങ്കിലും ആജ്ഞേയവാദം എന്ന പദം ആദ്യമായി പ്രയോഗിക്കുകയും തല്‍സംബന്ധമായ വിശദാംശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്‌തത്‌ ബ്രിട്ടീഷ്‌ ജീവശാസ്‌ത്രജ്ഞനായ ടി എച്ച്‌ ഹക്‌സലിയാണത്രെ. അജ്ഞേയതാവാദികളില്‍ അധികപേരും ഫലത്തില്‍ നാസ്‌തികരായിരുന്നുവെങ്കിലും ദൈവവിശ്വാസികളായ ചുരുക്കം ചിലരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ ദൃഷ്‌ടിയില്‍ അറിവും വിശ്വാസവും വ്യത്യസ്‌ത കാര്യങ്ങളത്രെ.

വിശുദ്ധ ഖുര്‍ആനില്‍ രണ്ടുതരം അറിവുകളെ സംബന്ധിച്ച്‌ പറയുന്നുണ്ട്‌. ഒന്ന്‌, ഇല്‍മുല്‍ഗൈബ്‌. രണ്ട്‌, ഇല്‍മുശ്ശഹാദ. പഞ്ചേന്ദ്രിയങ്ങളുടെ പരിധിയില്‍ വരാത്ത അഭൗതികയാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച അറിവാണ്‌ ഇല്‍മുല്‍ഗൈബ്‌. ഈ ജ്ഞാനം സര്‍വജ്ഞനായ ജഗന്നിയന്താവിന്റെ അധീനത്തിലാണുള്ളത്‌. അവന്‍ അറിയിച്ചുതരുമ്പോള്‍ മാത്രമേ മനുഷ്യര്‍ക്ക്‌ അതില്‍ നിന്ന്‌ വല്ലതും അറിയാന്‍ കഴിയൂ. “അവന്‍ അഭൗതിക ജ്ഞാനമുള്ളവനാണ്‌. അവന്‍ തന്റെ അഭൗതികമായ അറിവ്‌ ആര്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല; അവന്‍ തൃപ്‌തിപ്പെട്ട വല്ല ദൂതനുമല്ലാതെ. എന്നാല്‍ ആ ദൂതന്റെ മുമ്പിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുക തന്നെ ചെയ്യുന്നതാണ്‌.''(വി.ഖു. 72:26,27)

പഞ്ചേന്ദ്രിയങ്ങളുടെ പരിധിയില്‍ വരുന്ന ഭൗതിക യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച അറിവാണ്‌ ഇല്‍മുശ്ശഹാദ. ഭൗതികപ്രപഞ്ചത്തിലെ സൂക്ഷ്‌മവും സ്ഥൂലവുമായ സകല വസ്‌തുക്കളെയും സംബന്ധിച്ച പരമവും പൂര്‍ണവുമായ അറിവ്‌ സ്രഷ്‌ടാവും രക്ഷിതാവുമായ അല്ലാഹുവിന്‌ മാത്രമാണുള്ളതെങ്കിലും മനുഷ്യര്‍ക്ക്‌ സ്ഥലകാല സാഹചര്യങ്ങളനുസരിച്ച്‌ അവയില്‍ പലതിനെയും പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയും ഉപയോഗിച്ച്‌ പഠിക്കാനും വിലയിരുത്താനും കഴിയും. “പറയുക: അവനാണ്‌ നിങ്ങളെ സൃഷ്‌ടിച്ചുണ്ടാക്കുകയും നിങ്ങള്‍ക്ക്‌ കേള്‍വിയും കാഴ്‌ചകളും ഹൃദയങ്ങളും ഏര്‍പ്പെടുത്തിത്തരികയും ചെയ്‌തവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ'' (വി.ഖു. 67:23). “നീ വായിക്കുക. നിന്റെ രക്ഷിതാവ്‌ പേനകൊണ്ട്‌ പഠിപ്പിച്ച അത്യുദാരനാകുന്നു. മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു.'' (വി.ഖു. 96:3-5)

ദൈവവും ദിവ്യസന്ദേശവും ആത്മാവും മരണാനന്തരജീവിതവും മറ്റും ഭൗതികജ്ഞാനത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നില്ല എന്നതിനാല്‍ അജ്ഞേയതാവാദികള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ നിരാകരിക്കാന്‍ ഒരിക്കലും പര്യാപ്‌തമാകുന്നില്ല.

ദൈവസങ്കല്‌പത്തിലെ ആശയക്കുഴപ്പങ്ങള്‍
ചോദ്യം :

“ലോകത്ത്‌ ചെറുതും വലുതുമായ നിരവധി മതസംഘടനകളുണ്ട്‌. ഓരോ മതവും തങ്ങളുടേതായ ദൈവങ്ങളെക്കുറിച്ച്‌ പറയുന്നുണ്ട്‌. എന്നാല്‍, ഇന്നുവരെ ഒരു ദൈവത്തിന്റെയും അസ്‌തിത്വം തെളിയിക്കപ്പെട്ടിട്ടില്ല. യഹോവ, അല്ലാഹു, കൃഷ്‌ണന്‍, കുട്ടിച്ചാത്തന്‍ തുടങ്ങിയുള്ള നൂറുകണക്കിന്‌ ദൈവങ്ങളെല്ലാം ആത്യന്തിക വിശകലനത്തില്‍ സങ്കല്‌പസൃഷ്‌ടികളും പരസ്‌പര വിരുദ്ധങ്ങളുമാണ്‌. യഹൂദമതവും ഇസ്ലാംമതവും ഏകദൈവത്തെക്കുറിച്ചാണ്‌ പറയുന്നതെങ്കിലും, യഹൂദന്മാര്‍ അത്‌ യഹോവ മാത്രമാണെന്നും മുസ്ലിംകള്‍ അത്‌ അല്ലാഹു മാത്രമാണെന്നും വാശിപിടിക്കുന്നു. ക്രിസ്‌തുമതം പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ്‌ എന്നിങ്ങനെയുള്ള ത്രൈയേക ദൈവം എന്ന വിചിത്ര രൂപത്തിലാണ്‌ ദൈവമെന്ന്‌ അവകാശപ്പെടുന്നു. ഹിന്ദുമതത്തിലാകട്ടെ ആണും പെണ്ണുമൊക്കെയായി മുപ്പത്തിമുക്കോടി ദൈവങ്ങളാണുള്ളത്‌. ഓരോ മതത്തിന്റെയും ദൈവങ്ങള്‍ പരസ്‌പരം നിഷേധിക്കുന്നു. സത്യത്തില്‍ പ്രപഞ്ചത്തെ സൃഷ്‌ടിച്ച്‌ പരിപാലിക്കുന്ന സര്‍വശക്തനായ ഒരു ദൈവം ഉണ്ടായിരുന്നുവെങ്കില്‍ ഇത്രത്തോളം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന വൈരുധ്യം ദൈവസങ്കല്‌പങ്ങളില്‍ കാണുമായിരുന്നില്ല.” (സ്റ്റാര്‍ന്യൂസ്‌ വീക്ക്‌, പേജ്‌ 6) ഈ പ്രസ്‌താവനയെ മുസ്‌ലിം എങ്ങനെ നോക്കിക്കാണുന്നു.

ഉത്തരം :

യഥാര്‍ഥത്തില്‍ ഒരു ദൈവമേ ഉള്ളൂ. മറ്റുള്ളതൊക്കെ മനുഷ്യര്‍ സങ്കല്‌പിച്ചുണ്ടാക്കുന്നതാണ്‌. പ്രപഞ്ചമാകെ സൃഷ്‌ടിച്ചു സംവിധാനിച്ച യഥാര്‍ഥ ദൈവത്തെ ഏത്‌ ഭാഷയില്‍ ഏത്‌ പേരില്‍ വിളിക്കുന്നതിനും കുഴപ്പമില്ല. പ്രപഞ്ചനാഥന്റെ മഹത്വത്തിന്‌ നിരക്കാത്ത പേരാകരുതെന്നേ ഉള്ളൂ. അറബിഭാഷ സംസാരിക്കുന്ന യഹൂദരും ക്രിസ്‌ത്യാനികളും പ്രപഞ്ചനാഥന്‌ `അല്ലാഹു' എന്ന പേരുതന്നെ പ്രയോഗിക്കാറുണ്ട്‌. യഹൂദരും ക്രൈസ്‌തവരും അറബിഭാഷയില്‍ രചിച്ചിട്ടുള്ള നിഘണ്ടുകളും വിജ്ഞാനകോശങ്ങളും പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും. യഹോവ, ഖുദാ, ഗോഡ്‌, ദൈവം, ഈശ്വരന്‍ എന്നീ പദങ്ങള്‍ പ്രയോഗിക്കുന്നവര്‍ സാക്ഷാല്‍ പ്രപഞ്ചനാഥനെയാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ മുസ്‌ലിംകള്‍ക്ക്‌ അതിനോട്‌ ഒട്ടും വിയോജിപ്പില്ല. അല്ലാഹു എന്ന പദത്തെ സാമുദായികമോ വര്‍ഗീയമോ ആയ ഒരു ദൈവനാമം എന്ന നിലയിലല്ല ഇസ്‌ലാം പരിചയപ്പെടുത്തുന്നത്‌.

ക്രൈസ്‌തവ മതപ്രമാണങ്ങളായ ബൈബിള്‍ പുതിയ നിയമ പുസ്‌തകങ്ങളില്‍ ഏകദൈവത്വം പഠിപ്പിക്കുന്ന പല വചനങ്ങളുമുണ്ട്‌. ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട പൂര്‍വ പ്രവാചകരെല്ലാം ഏകദൈവത്വമാണ്‌ പ്രബോധനം ചെയ്‌തത്‌. ത്രിയേകത്വ സങ്കല്‌പം പില്‌ക്കാലത്ത്‌ ചര്‍ച്ച്‌ ചമച്ചുണ്ടാക്കിയതാണ്‌. ഹൈന്ദവ വേദങ്ങളിലും ഉപനിഷത്തുകളിലും ഏക ദൈവത്വം പരാമര്‍ശിക്കപ്പെട്ട ഒട്ടേറെ സൂക്തങ്ങളുണ്ട്‌. വിവിധ നാടുകളില്‍ പല കാലങ്ങളില്‍ സാക്ഷാല്‍ ദൈവദൂതന്മാര്‍ പ്രപഞ്ചനാഥനെ സംബന്ധിച്ച്‌ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട്‌ എന്നതിന്‌ തെളിവാണ്‌ ഇതെല്ലാം. ദൈവദൂതന്മാരുടെ പാതയില്‍ നിന്ന്‌ വ്യതിചലിച്ചവര്‍ ബഹുദൈവത്വ സങ്കല്‌പങ്ങള്‍ മെനഞ്ഞുണ്ടാക്കി എന്നതുകൊണ്ട്‌ ഏകദൈവത്വത്തിന്റെ മൗലികതയ്‌ക്ക്‌ മങ്ങലേല്‌ക്കുകയില്ല.

“പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ (പരമകാരുണികന്‍) എന്ന്‌ വിളിച്ചുകൊള്ളുക. ഏത്‌ തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്‌ടമായ നാമങ്ങള്‍.'' (വി.ഖു 17:110)

പ്രപഞ്ചനാഥന്‍ മനുഷ്യര്‍ക്ക്‌ ചിന്താസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നല്‌കിയത്‌ അവന്റെ അപാരമായ അനുഗ്രഹമാണ്‌. മറ്റു ജന്തുജാലങ്ങള്‍ക്കൊന്നും ലഭിക്കാത്ത വിശേഷബുദ്ധിയും സ്വാതന്ത്ര്യവും ലഭിച്ച മനുഷ്യന്‍ തന്റെ അസ്‌തിത്വത്തെ സംബന്ധിച്ച്‌ നേരെ ചൊവ്വേ ചിന്തിച്ചാല്‍ തന്നെ സ്രഷ്‌ടാവും പരിപാലകനുമായ ഏകദൈവത്തെ സംബന്ധിച്ച്‌ മനസ്സിലാക്കാന്‍ കഴിയും. യാതൊരു ആശയക്കുഴപ്പവും കൂടാതെ പ്രപഞ്ചനാഥനെക്കുറിച്ച്‌ മനസ്സിലാക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്ന ജനകോടികള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്‌. കുറെ ആളുകള്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതുകൊണ്ട്‌ പ്രപഞ്ചനാഥന്നോ അവന്റെ വിനീത ദാസന്മാര്‍ക്കോ യാതൊരു നഷ്‌ടവും സംഭവിക്കാനില്ല.

സംഘടനകളും നബിചര്യയും
ചോദ്യം :

`ദഅ്‌വത്തിന്‌ (പ്രബോധനത്തിന്‌) സ്വഹാബത്തും താബിഉകളും സംഘടന ഉണ്ടാക്കിയിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെ നമുക്ക്‌ അതുണ്ടാക്കാനുള്ള അനുമതി ലഭിക്കും? ആരാണ്‌ ആ അനുമതി നമുക്ക്‌ നല്‌കിയത്‌? സ്വഹാബത്ത്‌ വിശ്വസിച്ചതുപോലെ വിശ്വസിച്ചാലല്ലേ നാം സന്‍മാര്‍ഗത്തിലാവുക? യഥാര്‍ഥത്തില്‍ ദുന്‍യവിയായ കാര്യങ്ങള്‍ക്ക്‌ മുസ്ലിംകള്‍ക്ക്‌ മേല്‍നോട്ടം വഹിക്കേണ്ടത്‌ മുസ്ലിംഭരണാധികാരികളും പാരത്രികവിഷയങ്ങളില്‍ മേല്‍നോട്ടം വഹിക്കേണ്ടത്‌ ഉലമാക്കളുമായിരുന്നു. അങ്ങനെയാണ്‌ പൂര്‍വസൂരികളുടെ ജീവിതത്തില്‍ നമുക്ക്‌ കാണാന്‍ കഴിയുക. പക്ഷെ, ദു:ഖത്തോടെ പറയട്ടെ, ഇന്ന്‌ ആ രണ്ട്‌ മഹനീയ പദവികളും സംഘടനകളും അതിന്റെ നേതാക്കളും കവര്‍ന്നെടുത്തു. സംഘടനകളുടെ കരാളഹസ്‌തങ്ങളില്‍ നിന്ന്‌ കുതറിമാറി സംഘടന പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കക്ഷിത്വത്തിന്റെയും കിടമാത്സര്യത്തിന്റെയും വറചട്ടിയില്‍ നിന്ന്‌ സുന്നത്തിന്റെ വെള്ളി വെളിച്ചത്തിലേക്കുള്ള ഒരു ഉറച്ച കാല്‍വെപ്പ്‌ ചരിത്രം നമ്മോട്‌ ആവശ്യപ്പെടുന്നു.''

സംഘടന വേണ്ട എന്നു പറയുന്നവരുടെ ലഘുലേഖയില്‍ നിന്നു ചില വരികളാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌. വിശദീകരണം പ്രതീക്ഷിക്കുന്നു.

ഉത്തരം :

ദഅ്‌വത്തിന്‌ വേണ്ടി സ്വഹാബികള്‍ മൈക്കും നോട്ടീസും ഉപയോഗിച്ചിട്ടില്ല എന്നതുകൊണ്ട്‌ അത്‌ രണ്ടും ഹറാമാകുമോ? ലഘുലേഖ എന്നത്‌ സ്വഹാബികളും തൊട്ടടുത്ത തലമുറകളും ദഅ്വത്തിന്‌ വേണ്ടി ഉപയോഗിച്ചിട്ടില്ലല്ലോ. ഒന്നോ രണ്ടോ വ്യക്തികള്‍ ഓരോരുത്തരെ കണ്ട്‌ സത്യത്തിലേക്ക്‌ ക്ഷണിക്കുന്നത്‌ ശരിയായ രീതിയാണെങ്കില്‍ പത്തുപേര്‌ ചേര്‍ന്ന്‌ കൂടുതല്‍ പേരെ സത്യത്തിലേക്ക്‌ ക്ഷണിക്കാന്‍ ഫലപ്രദമെന്ന്‌ തോന്നുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്‌ തെറ്റായിത്തീരുന്നതിന്റെ യുക്തി `മുസ്ലിമി'ന്‌ ബോധ്യപ്പെട്ടിട്ടില്ല. തങ്ങള്‍ ദഅ്‌വത്തിന്‌ വേണ്ടി വ്യക്തിപരമായ ശ്രമങ്ങള്‍ നടത്തിയത്‌ സംഘടിത ദഅ്‌വത്തിന്‌ നബി(സ) അനുമതി നല്‌കാത്തതുകൊണ്ടാണെന്ന്‌ സ്വഹാബികളാരും പറഞ്ഞിട്ടില്ല. അതുകൊണ്ട്‌ തന്നെ സംഘടിതമായി ദഅ്‌വത്ത്‌്‌ നടത്താന്‍ പ്രത്യേക അനുമതി അനിവാര്യമാണെന്ന്‌ വാദിക്കുന്നതിന്‌ യാതൊരു ന്യായവുമില്ല.

സ്വഹാബികളില്‍ നിന്ന്‌ ഖലീഫമാരും വാലിമാരും ഖാദ്വിമാരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഉലമാക്കള്‍ എന്ന ഒരു വിഭാഗത്തെ ആരും പ്രത്യേകം ഉയര്‍ത്തിക്കാണിച്ചിട്ടില്ല. ആലിം എന്ന പദവി ആര്‍ജിച്ചവര്‍ മാത്രമേ ദഅ്‌വത്ത്‌ നടത്താവൂ എന്ന്‌ നബി(സ)യോ ഖലീഫമാരോ നിഷ്‌കര്‍ഷിച്ചിട്ടില്ല. ലാഇലാഹ ഇല്ലല്ലാഹു എന്ന വാക്യത്തിന്റെ സാരം മാത്രം അറിയുന്ന ഒരാള്‍ ആ ആശയത്തിലേക്ക്‌ മറ്റൊരാളെ ക്ഷണിച്ചാലും അത്‌ ദഅ്‌വത്ത്‌ തന്നെയാണ്‌. ഒരു മേഖലയിലെ `ഉലമാക്കള്‍ എന്ന മഹനീയ പദവി'യിലുള്ളവര്‍ സംഘടിച്ച്‌ പ്രഭാഷണം നടത്തുകയോ ലഘുലേഖ തയ്യാറാക്കുകയോ ചെയ്‌താല്‍ അത്‌ ഇസ്ലാമില്‍ അനുമതിയില്ലാത്ത സംഘാടനമാകുമെന്ന്‌ സംഘടനാവിരുദ്ധര്‍ വാദിക്കുകയില്ലെന്ന്‌ കരുതുന്നു.

സ്വഹാബികള്‍ വിശ്വസിച്ചതുപോലെ വിശ്വസിച്ചാലേ നാം സ്വര്‍ഗാവകാശികളാവുകയുള്ളൂ എന്ന ആശയം കുറച്ചുപേര്‍ ചേര്‍ന്ന്‌ പ്രചരിപ്പിച്ചാല്‍ അഥവാ സംഘടിത പ്രചാരണം നടത്തിയാല്‍ അത്‌ ശിര്‍ക്കോ കുഫ്‌റോ പാപമോ ആകുമോ? ഇസ്ലാമിനോടും മുസ്ലിംകളോടും ഗുണകാംക്ഷയുള്ള ആരും സംഘടിതമായ സത്യപ്രചാരണം അനിസ്ലാമിക പ്രവണതയാണെന്ന്‌ ജല്‌പിക്കുകയില്ലെന്നാണ്‌ `മുസ്ലിം' കരുതുന്നത്‌. ഖുര്‍ആനും നബിചര്യയും പ്രചരിപ്പിക്കാനുള്ള സംഘടിത ശ്രമങ്ങളോടേ `മുസ്ലിമി'ന്‌ യോജിപ്പുള്ളൂ. അഥവാ സംഘടനകളുടെ കിടമാത്സര്യങ്ങളോടും പോരുകളോടും കുനുഷ്‌ഠുകളോടും ഒട്ടും യോജിക്കുന്നില്ല.

ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഫിര്‍ദൗസ്‌ ലഭിക്കുമോ ?
ചോദ്യം :

സ്വര്‍ഗാവകാശികളില്‍ തന്നെ വ്യത്യസ്‌ത തട്ടുകളിലുള്ളവര്‍ ഉണ്ടല്ലോ. ജന്നാത്തുല്‍ ഫിര്‍ദൗസ്‌ ആണല്ലോ അതില്‍ ഏറ്റവും മുന്തിയ സ്വര്‍ഗം. സ്വര്‍ഗാവകാശികള്‍ ആഗ്രഹിക്കുന്ന എന്തും ലഭിക്കുമെന്നാണല്ലോ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. എന്നാല്‍ താഴേ തട്ടിലുള്ള സ്വര്‍ഗത്തില്‍ പ്രവേശിച്ച മനുഷ്യന്‍ ജന്നാത്തുല്‍ ഫിര്‍ദൗസ്‌ ആഗ്രഹിച്ചാല്‍ അതവന്‌ ലഭ്യമാവുമോ? അത്‌ ലഭ്യമാവുമെങ്കില്‍ അല്ലാഹു എങ്ങനെയാണ്‌ നീതിമാനാവുന്നത്‌? ഇനി അത്‌ ലഭ്യമാവില്ലെങ്കില്‍ എന്തും അവിടെവെച്ച്‌ ലഭിക്കുമെന്ന ഖുര്‍ആനിന്റെ പ്രഖ്യാപനത്തില്‍ എന്ത്‌ പ്രസക്തിയാണുള്ളത്‌?

ഉത്തരം :

നമ്മുടെ യുക്തിക്ക്‌ ആധാരമായിട്ടുള്ളത്‌ നമ്മുടെ പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയുമാണ്‌. ഭൗതികമായ വസ്‌തുക്കളെയും വസ്‌തുതകളെയും വിശകലനം ചെയ്യുന്നതിന്‌ മാത്രമേ യുക്തിചിന്ത പര്യാപ്‌തമാവുകയുള്ളൂ. പരലോകം ഈ ഭൗതികലോകത്തില്‍ നിന്ന്‌ വ്യത്യസ്‌തമായിരിക്കുമെന്ന്‌ വിശുദ്ധഖുര്‍ആനില്‍ (14:48) വ്യക്തമാക്കിയിട്ടുണ്ട്‌. അതിനാല്‍ സ്വര്‍ഗത്തിലെ സൗഭാഗ്യങ്ങളും പദവികളും മറ്റും നമ്മുടെ യുക്തിക്ക്‌ അനുസൃതമായിരിക്കുമെന്നോ ആയിരിക്കണമെന്നോ കരുതുന്നത്‌ ശരിയായിരിക്കുകയില്ല. ഈ വിഷയകമായി ഖുര്‍ആനിലും പ്രമാണികമായ ഹദീസുകളിലും വ്യക്തമാക്കപ്പട്ടതില്‍ കവിഞ്ഞ വിശദീകരണമൊന്നും നല്‌കാന്‍ `മുസ്ലിമി'ന്‌ കഴിയില്ല. “അവര്‍ക്ക്‌ അവിടെ (സ്വര്‍ഗത്തില്‍) അവര്‍ ഉദ്ദേശിക്കുന്നതെല്ലാം ലഭ്യമായിരിക്കു''മെന്ന്‌ വ്യക്തമാക്കിയ വിശുദ്ധ ഖുര്‍ആനില്‍ തന്നെ 76:30, 81:29 എന്നീ സൂക്തങ്ങളില്‍, “അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല'' എന്നും പറഞ്ഞിട്ടുണ്ട്‌. ഇഹലോകത്ത്‌ മനുഷ്യര്‍ക്ക്‌ വലിയ തോതില്‍ ഇച്ഛാസ്വാതന്ത്ര്യമുണ്ടെങ്കിലും അത്‌ അല്ലാഹുവിന്റെ ഹിതത്തിന്‌ വിധേയമാണെന്ന്‌ ഈ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാം. പരലോകത്തും മനുഷ്യരുടെ ഇച്ഛയും ഇഷ്‌ടവും അല്ലാഹുവിന്റെ ഹിതത്തിന്‌ വിധേയമായിരിക്കാന്‍ സാധ്യതയുണ്ട്‌.

യഥാസമയം നമസ്‌കരിക്കാന്‍ കഴിയാതായാല്‍
ചോദ്യം :

അസര്‍ നമസ്‌കാരം മഗ്‌രിബിന്റെ കൂടെ നമസ്‌കരിക്കുന്നത്‌ കുറ്റകരമാണെന്ന്‌ പറയുന്നു. അപ്പോള്‍ കുട്ടികള്‍ ക്ലാസു കഴിഞ്ഞു വരുമ്പോള്‍ വല്ല ബ്ലോക്കിലും മറ്റും കുടുങ്ങി അസര്‍ നമസ്‌കാരത്തിന്റെ സമയം കഴിഞ്ഞുപോയാല്‍ അവര്‍ എന്തുചെയ്യും? അതിന്റെ പേരില്‍ നമസ്‌കാരം നഷ്‌ടപ്പെടുത്തുന്നത്‌ കുറ്റകരമല്ലേ?

ഉത്തരം :

യുദ്ധരംഗത്തുപോലും ശത്രുക്കള്‍ക്കെതിരില്‍ ജാഗ്രത പുലര്‍ത്തിക്കൊണ്ട്‌ തന്നെ പോരാളികള്‍ ഊഴമിട്ട്‌ നമസ്‌കാരം നിര്‍വഹിക്കണമെന്നാണ്‌ വിശുദ്ധ ഖുര്‍ആനിലെ 4:102 സൂക്തത്തില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌. അതിനുപോലും സാധിക്കാത്ത വിധത്തില്‍ മുഴുവന്‍ സമയ പോരാട്ടത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നതുപോലുള്ള സന്ദര്‍ഭങ്ങളില്‍ യഥാസമയം നമസ്‌കാരം നിര്‍വഹിക്കാന്‍ കഴിയാതെ പോയെന്ന്‌ വരാം. നബി(സ)ക്കും സ്വഹാബികള്‍ക്കും ചില യുദ്ധവേളകളില്‍ സൂര്യന്‍ അസ്‌തമിക്കുന്നതുവരെ അസ്വ്‌ര്‍ നമസ്‌കരിക്കാന്‍ സാധിക്കാതെ പോവുകയും പിന്നീട്‌ അവര്‍ ആദ്യം അസ്വ്‌റും പിന്നീട്‌ മഗ്‌രിബും നമസ്‌കരിക്കുകയും ചെയ്‌തതായി പ്രബലായ ഹദീസുകളില്‍ കാണാം. ഇതല്ലാതെ സ്വദേശത്ത്‌ വെച്ചോ യാത്രയിലോ നബി(സ) അസ്വ്‌റ് നമസ്‌കാരം വൈകിച്ച്‌ മഗ്‌രിബിനോട്‌ ചേര്‍ത്ത്‌ നമസ്‌കരിച്ചതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല.

യാത്രയിലും മറ്റു അനിവാര്യ സാഹചര്യങ്ങളിലും ദ്വുഹ്‌റും അസ്വ്‌റും കൂടി ദുഹ്‌റിന്റെ സമയത്ത്‌ തന്നെ നമസ്‌കരിക്കാവുന്നതാണ്‌. അസ്വ്‌റ് യഥാസമയം നിര്‍വഹിക്കാന്‍ വലിയ പ്രയാസം നേരിടുന്ന വിദ്യാര്‍ഥികള്‍ ഉച്ചയ്‌ക്ക്‌ ലഭിക്കുന്ന ഒഴിവുസമയത്ത്‌ ദ്വുഹ്‌റിനോടൊപ്പം അസ്വ്‌റും നമസ്‌കരിക്കുകയാണ്‌ വേണ്ടത്‌. അസ്വ്‌റ് യഥാസമയം നിര്‍വഹിക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും ഗതാഗത തടസ്സം നിമിത്തമോ മറ്റോ അതിന്‌ സാധിക്കാതെ വരികയാണെങ്കില്‍ വാഹനത്തില്‍ ഇരുന്നുകൊണ്ട്‌ തന്നെ നമസ്‌കരിക്കാവുന്നതാണ്‌. വുദ്വൂ (അംഗശുദ്ധി) ഇല്ലെങ്കില്‍ വാഹനത്തിന്റെ ഏതെങ്കിലും ഭാഗത്ത്‌ കൈകൊണ്ട്‌ അടിച്ച്‌ മുഖവും കൈപ്പടങ്ങളും തടവിയാല്‍ (തയമ്മും ചെയ്‌താല്‍) മതി. ഇതൊന്നും സാധിക്കാത്ത സാഹചര്യമാണെങ്കില്‍ മാത്രം സൂര്യാസ്‌തമനത്തിനു ശേഷം ആദ്യം അസ്വ്‌റും പിന്നീട്‌ മഗ്‌രിബും നമസ്‌കരിക്കാം. അത്‌ പതിവാക്കേണ്ടി വരാത്ത വിധത്തില്‍ അസ്വ്‌റ് യഥാസമയം നമസ്‌കരിക്കാന്‍ തന്നെയാണ്‌ പരമാവധി ശ്രമിക്കേണ്ടത്‌, ഒരു കാരണവശാലും നമസ്‌കാരം ഉപേക്ഷിക്കാന്‍ പാടില്ല.

അനല്‍‌ഹഖും‌ അദ്വൈതവും
ചോദ്യം :

“വിയോജന ശബ്ദങ്ങള്‍ ‌മതത്തെ ചലനാത്മകമാക്കുന്നു. അവയെ പുനര്‍‌നിര്‍‌മിക്കുന്നു. ഇസ്‌ലാമിലേക്ക് കടന്നുവരുമ്പോഴും വ്യത്യസ്തമല്ല സ്ഥിതി. മനുഷ്യനുപുറത്തുനില്‍‌കുന്ന ദൈവത്തെ കുറിച്ച് സം‌സാരിച്ച ആദ്യകാല ഇസ്‌ലാമിക ദാര്‍‌ശനികരില്‍‌ നിന്നും‌ വ്യത്യസ്ഥമായി അനല്‍‌ഹഖ് (ഞാനാണ് സത്യം) എന്ന സിദ്ധാന്തത്തിലൂടെ മനുഷ്യനകത്ത് നില്‍‌‌കുന്ന ദൈവത്തെ കുറിച്ച് സം‌സാരിച്ച മന്‍സൂര്‍‌ ഹല്ലാജ് ഒരു നവ ഇസ്‌ലാം വിളം‌ബരം‌ ചെയ്തു.” (പ്രൊഫ. ഹമീദ് ചേന്നമം‌ഗല്ലൂര്‍‌, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2006 സപ്തം‌ബര്‍‌ 25)

അനല്‍‌ഹഖ് എന്ന സിദ്ധാന്തവും‌ അദ്വൈതവിശ്വാ‍സവും‌ ഒന്നുതന്നെയോ? എന്താണ് ഇതുകൊണ്‍‌ട് അര്‍‌ഥമാക്കുന്നത്? മനുഷ്യനകത്തുതന്നെ ദൈവത്തെ കണ്‍‌ടെത്താനുള്ള ശ്രമം‌ ഇസ്‌ലാം‌ മുന്നോട്ട് വെക്കുന്ന ദൈവവിശ്വാസത്തെ സം‌ബന്ധിച്ച യാഥാര്‍‌ഥ്യങ്ങളുമായി യോജിക്കുമോ? അത്ഥരം‌ ഒരന്വേഷണം‌ മതത്തെ പുനര്‍‌നിര്‍‌മിക്കലാകുമോ ?

ഉത്തരം :

വിവിധജനസമൂഹങ്ങളില്‍‌ മതത്തെ സം‌ബന്ധിച്ച് വ്യത്യസ്ഥമായ കാഴ്ചപ്പാടുകള്‍‌ നിലനിന്നിട്ടുണ്‍‌ട്. ആത്യന്തിക വിശകലനത്തില്‍‌ ആ കാഴ്ചപ്പാടുകളെ രണ്‍‌ട് ഇiനമായി തിരിക്കാം‌. ഒന്ന്, മനുഷ്യരുടെ വിശ്വാസവും‌ കര്‍‌മങ്ങളും‌ എങ്ങനെയായിരിക്കണമെന്നത് സം‌ബന്ധിച്ച് ലോകരക്ഷിതാവ് നല്‍കിയ മാര്‍‌ഗദര്‍‌ശനമാണ് മതം‌ എന്ന കാഴ്ചപ്പാട്. കാലാകാലങ്ങളില്‍‌ വിവിധ സമൂഹങ്ങളിലേക്ക് ലോകരക്ഷിതാവ് നിയോഗിച്ച ദൂതന്‍‌മാരും അവര്‍‌ക്കവന്‍‌ നല്‍‌കിയ വേദങ്ങളും‌ മുഖേനയാണ് ഈ മാര്‍‌ഗദര്‍‌ശനം‌ മാനവര്‍‌ക്ക് നല്‍‌കപ്പെട്ടത്. ദൈവിക മതത്തെ സം‌ബന്ധിച്ച ഈ കാഴ്ചപ്പാടനുസരീച്ച് അതില്‍‌ മാറ്റം‌ വരുത്താനോ കൂട്ടിച്ചേര്‍‌ക്കാനോ വെട്ടിച്ചുരുക്കാനോ മനുഷ്യര്‍‌ക്കാര്‍‌ക്കും‌ അവകാശമില്ല.

ദൈവത്തെയും‌ മനുഷ്യനെയും‌ പ്രപഞ്ചത്തെയും‌ സം‌ബന്ധിച്ച് ധിഷണാശാലികളായ മനുഷ്യര്‍‌ തന്നെ മനനം‌ നടത്തിയിട്ട് കണ്‍‌ടെത്തിയ ആശയങ്ങളുടെ സമുച്ചയമാണ് മതം‌‌ എന്നതാണ് രണ്‍‌ടാമത്തെ കാഴ്ച്ചപ്പാട്. ഈ കാഴ്ച്ചപ്പാടനുസരിച്ച് ഓരോ ചിന്തകനും‌ ഓരോ ബുദ്ധിജീവിക്കും‌ ഓരോ തരം‌ മതമുണ്‍‌ടാക്കാവുന്നതാണ്. വാഗ്മികളും‌ എഴുത്തുകാരും‌ അവതരിപ്പിക്കുന്ന മത ചിന്തകള്‍‌ സമാനവീക്ഷാഗതിക്കാര്‍‌ക്കിടയില്‍‌ കുറെയൊക്കെ പ്രചരിച്ചെന്നുവരും‌. പക്ഷേ, സ്ഥലകാല സാഹചര്യങ്ങളുടെ സ്വാധീനത്താല്‍‌ ഉരുത്തിരിയുന്ന മത ചിന്തകള്‍‌ കാലമേറെ ചെല്ലുമ്പോള്‍‌ വിസ്മരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ആണ് പതിവ്.

ഒന്നാമത്തെ കാഴ്ചപ്പാടനുസരിച്ച് രൂപം‌ കൊണ്‍‌ട മത സമൂഹങ്ങളിലും‌ കാലക്രമത്തില്‍‌ മനുഷ്യനിര്‍‌മിത മതങ്ങള്‍‌ നുഴഞ്ഞുകയറിയെന്നു വരാം‌. ദൈവിക ഗ്രന്ഥത്തെയും‌ പ്രവാചക വചനങ്ങളെയും‌ അവയുടെ യാ‍ഥാര്‍‌ഥ്യത്തിന് നേര്‍‌വിപരീതമായി വ്യാഖ്യാനിക്കാനുള്ള പ്രവണത വളരാനിടയുണ്‍‌ട്. അങ്ങനെ വളര്‍‌ന്നുവന്ന അനിസ്‌ലാമിക സിദ്ധാന്തമാണ് ‘സൂഫിസം.’ സ്രഷ്ടാവായ അല്ലാഹു മാത്രമാണ് ഇലാഹ് (ദൈവം‌‌) സൃഷ്ടികളൊന്നും‌ തന്നെ ഇലാഹ് എന്ന പദവിക്ക് അര്‍‌ഹരല്ല എന്നതാണ് ഇസ്‌ലാമിലെ ഏകദൈവവിശ്വാസം‌. ഇതിനെ അട്ടിമറിച്ചുകൊണ്‍‌ട് സ്രഷ്ടാവും‌ സൃഷ്ടിയും‌ രണ്‍‌ടല്ല ഒന്നുതന്നെയാണ് എന്നൊരു സിദ്ധാന്തം‌ മെനഞ്ഞുണ്‍‌ടാക്കുകയാണ് ‘സൂഫികള്‍‌’ ചെയ്തത്. ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹു ഒഴികെ മറ്റൊരു ദൈവവും‌ ഇല്ല) എന്ന സത്യസാക്ഷ്യവചനത്തിന്‍റ്റെ അര്‍ഥം അവരുടെ ഭാഷ്യപ്രകാരം അല്ലാഹുവല്ലാത്തയാതൊരു ഉണ്മയും ഇല്ല അഥവാ ഉള്ളതെല്ലാം അല്ലാഹു തന്നെയാണ്‌ എന്നാകുന്നു. ഈ വിതണ്ഡവാദം തലക്കുപിടിച്ച പലര്‍ക്കും അനല്‍ഹഖ് (ഞാന്‍ തന്നെയാണ്‌ സാക്ഷാല്‍ സത്യം അഥവാ ദൈവം) എന്ന് വാദിക്കാന്‍ മടിയുണ്‍ടായില്ല. മനുഷ്യനകത്ത് ദൈവമുണ്‍ട് എന്നല്ല, മനുഷ്യന്‍ തന്നെ ദൈവത്തിന്‍റ്റെ മദ്വ്‌ഹര്‍ (മാനിഫെസ്റ്റേഷന്‍ - ബഹിര്‍പ്രകടനം) ആണെന്നാണ്‌ അനല്‍ഹഖ് എന്ന അദ്വൈദവാദത്തിലെത്തിയ സൂഫികള്‍ പറഞ്ഞത്.

'വഹ്ദത്തുല്‍ വുജൂദ്' എന്ന് അറ്ബിയില്‍ പേരുനല്‍കപ്പെട്ട സൂഫീ അദ്വൈദ പ്രകാരം ലോകത്തുള്ള എന്തൊന്നിനെ ആരാധിച്ചാലും അത് ഏക ദൈവാരാധന തന്നെയായിരിക്കും. സൂഫിസത്തിന്‍റ്റെ ചില മലയാളി വക്താക്കള്‍ തൌഹീദ് എന്നാല്‍ അദ്വൈദമാണെന്നുതന്നെ തെളിച്ചെഴുതിയിട്ടുണ്‍ട്. അവരുടെ ഭാഷയില്‍ ശിര്‍ക്ക് എന്നാല്‍ അല്ലാഹുവല്ലാത്ത ആരേയും ആരാധിക്കരുത് എന്ന് പറയുന്നതാണ്. കാരണം, അത് ഉണ്മയെ ആരാധിക്കപ്പെടേണ്‍ടതും ആരാധിക്കപ്പെട്ടുകൂടാത്തതുമായി വിഭജിക്കലാണല്ലോ. അതെ, മുഴുവന്‍ പ്രവാചകന്‍മാര്‍ക്കും അല്ലാഹു ബോധനം നല്‍കിയതായി ഖുര്‍ആനില്‍ പറഞ്ഞ തൌഹീദ് അദ്വൈദ സൂഫികളുടെ വാദപ്രകാരം ശിര്‍ക്കാണ്‌!!! ഇതിലും വലിയ അട്ടിമറി മതരംഗത്ത് വേറെ ഉണ്‍ടാവില്ല. ഇത് നവ ഇസ്‌ലാമല്ല, നവ കുഫ്‌റാണ്‌. അതുകൊണ്‍ട് തന്നെയാണ്‌ മര്‍ക്സിസ്റ്റുകള്‍ക്കും, ഫാഷിസ്റ്റുകള്‍ക്കും, സാമ്രാജ്യത്വ ശക്തികള്‍ക്കുമെല്ലാം ഒരു പോലെ സൂഫിസത്തോട് പ്രിയമേറുന്നത്.

ഈച്ചയുടെ ചിറകിന്റെ പ്രശ്‌നം
ചോദ്യം :

ഇമാം ബുഖാരി ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ``നിങ്ങളുടെ പാത്രത്തില്‍ ഈച്ചവീണാല്‍ അതിനെ മുക്കിയെടുക്കുക. കാരണം അതിന്റെ ഒരു ചിറകില്‍ രോഗവും മറുചിറകില്‍ ഔഷധവുമുണ്ട്‌.'' രോഗം പരത്തുന്ന ഒരു ജീവിയായ ഈച്ചയുടെ ഒരു ചിറകില്‍ ഔഷധമുണ്ടെന്ന ഈ ഹദീസ്‌ വൈദ്യശാസ്‌ത്രം അംഗീകരിക്കുന്നുണ്ടോ? ഈ ഹദീസ്‌ സ്വീകരിക്കാതിരുന്നാല്‍ അത്‌ സത്യനിഷേധമായി കണക്കാക്കപ്പെടുമോ? ഹദീസ്‌ നിഷേധത്തിന്റെ പരിധിയില്‍ അത്‌ വരുമോ?

ഉത്തരം :

ഒരു വചനം നബി(സ) പറഞ്ഞതാണെന്ന്‌ ബോധ്യമായ ശേഷം അതിനെ നിഷേധിക്കുന്നത്‌ വിശ്വാസത്തിന്റെ തന്നെ നിരാകരണമാണ്‌. റിപ്പോര്‍ട്ടര്‍മാരില്‍ ആരെയെങ്കിലും സംബന്ധിച്ച്‌ സംശയമുള്ളതുകൊണ്ട്‌ പ്രാമാണികത ബോധ്യംവരാതിരിക്കുകയാണെങ്കില്‍ അത്‌ സത്യനിഷേധത്തിന്റെ വകുപ്പില്‍ ഉള്‍പ്പെടുകയില്ല. നമ്മുടെ യുക്തിക്ക്‌ യോജിക്കാത്ത ഹദീസുകളൊക്കെ തള്ളിക്കളയുന്നത്‌ സത്യവിശ്വാസത്തിന്റെ താല്‌പര്യത്തിന്‌ നിരക്കുന്നതല്ല.

ഈച്ചയെ അല്ലാഹു സൃഷ്‌ടിച്ചത്‌ രോഗം പരത്താന്‍ വേണ്ടിയാണെന്ന്‌ `മുസ്ലിം' കരുതുന്നില്ല. അല്ലാഹു സൃഷ്‌ടിച്ചതെല്ലാം വിശിഷ്‌ടമാണെന്ന്‌ വിശുദ്ധഖുര്‍ആനില്‍ (32:7) വ്യക്തമാക്കിയിട്ടുണ്ട്‌. അപ്പോള്‍ ഈച്ചയും ഒരു വിശിഷ്‌ട സൃഷ്‌ടിയാണ്‌. ബാക്‌ടീരിയകളും വൈറസുകളും പോലും അല്ലാഹുവിന്റെ ഉത്തമ സൃഷ്‌ടികളാണ്‌. ഒരാളുടെ രോഗപ്രതിരോധശേഷി ഭദ്രമാണെങ്കില്‍ ഈച്ചകളെക്കൊണ്ടോ രോഗാണുക്കളെക്കൊണ്ടോ അയാള്‍ക്ക്‌ യാതൊരു ദോഷവും ബാധിക്കുകയില്ലെന്ന്‌ മാത്രമല്ല, രോഗാണുവിന്റെ വരവോടെ അയാളുടെ പ്രതിരോധ സംവിധാനം കൂടുതല്‍ ജാഗ്രത്താവുകയും ചെയ്യും. പ്രതിരോധ വ്യവസ്ഥ ദുര്‍ബലമായിട്ട്‌ രോഗബാധയുണ്ടായാല്‍ തന്നെ ശരീരത്തിലെ ചില സൂക്ഷ്‌മാണുക്കള്‍ ശമനസഹായികളായി വര്‍ത്തിക്കുകയും ചെയ്യും. അതായത്‌ രോഗകാരണങ്ങളും ശമനകാരണങ്ങളും നമ്മുടെ കൂടെത്തന്നെയുണ്ടാകും. ഈച്ചകള്‍ക്ക്‌ വംശനാശം സംഭവിക്കാത്തത്‌ രോഗാണുക്കളെ പ്രതിരോധിക്കാന്‍ അവയ്‌ക്ക്‌ കഴിവുള്ളതുകൊണ്ടാണല്ലോ.

പാമ്പിന്റെ വിഷം തന്നെ ചില രാസപ്രക്രിയകള്‍ക്ക്‌ വിധേയമാക്കിയിട്ടാണ്‌ വിഷത്തിനുള്ള മരുന്ന്‌ നിര്‍മിക്കുന്നത്‌. രോഗകാരണം തന്നെ പ്രതിരോധം ശക്തിപ്പെടാനുള്ള കാരണവുമായി മാറുന്നുവെങ്കില്‍ വിഷം തന്നെ മരുന്നാക്കുന്നുവെങ്കില്‍ ഈച്ചയുടെ ചിറകില്‍ അണുബാധയെ പ്രതിരോധിക്കാനുള്ള ഔഷധമുണ്ടാകുമെന്ന്‌ പറയുന്നത്‌, അവിശ്വസനീയമായി `മുസ്‌ലിമി'ന്‌ തോന്നുന്നില്ല. ഈച്ച വീണ വെള്ളം കുടിച്ചേ തീരൂ എന്ന്‌ നബി(സ) ആരെയും നിര്‍ബന്ധിച്ചിട്ടില്ലാത്തതുകൊണ്ട്‌ ഈച്ചയെ ദുര്‍മൂര്‍ത്തിയായി ഗണിക്കുന്നവര്‍ക്കും വേവലാതി തോന്നേണ്ട കാര്യമില്ല.

ഹന്‍ബലീമദ്‌ഹബും സലഫീ ആശയവും
ചോദ്യം :

ഇമാം അഹ്മദുബ്‌നു ഹന്‍ബല്‍ സ്വന്തമായി ഒരു മദ്‌ഹബ്‌ ആവിഷ്‌കരിച്ചിട്ടുണ്ടോ? ശാഫിഈ, അബൂഹനീഫ എന്നീ ഇമാമുകളെപ്പോലെ അദ്ദേഹം ഹിഖ്‌ഹ്‌ ഗ്രന്ഥം രചിച്ചിട്ടുണ്ടോ? അദ്ദേഹം സലഫീ ആശയക്കാരനായിരുന്നുവെന്ന്‌ ചിലര്‍ പറയുന്നത്‌ ശരിയാണോ?

ഉത്തരം :

സലഫീ ആശയം എന്ന്‌ പറയുന്നത്‌ ഒരു പ്രത്യേക മദ്‌ഹബല്ല. മതവിധികള്‍ നിര്‍ധാരണം ചെയ്യുന്നതിന്‌ ഒന്നാമതായി വിശുദ്ധ ഖുര്‍ആനിനെയും രണ്ടാമതായി നബി(സ)യില്‍ നിന്ന്‌ വിശ്വസനീയമായി ഉദ്ധരിക്കപ്പെട്ട ഹദീസുകളെയും അവലംബിച്ച പൂര്‍വിക പണ്ഡിതന്മാരെല്ലാം സലഫീ ആശയഗതിക്കാരായിരുന്നു. നാലു ഇമാമുകളും അവരുടെ മുന്‍ഗാമികളും സമകാലീനരുമായ പല പ്രമുഖ പണ്ഡിതന്മാരും സലഫീ ആശയഗതിക്കാരായിരുന്നു. എന്നാല്‍ ഇവരില്‍ ഇമാം അബൂഹനീഫയും ശാഫിഈയും കര്‍മശാസ്‌ത്രഗ്രന്ഥങ്ങള്‍ രചിച്ചിരുന്നു. ഇമാം അഹ്മദാകട്ടെ ഖുര്‍ആനും സുന്നത്തുമല്ലാത്ത യാതൊന്നും മതഗ്രന്ഥമെന്ന നിലയില്‍ എഴുതുകയോ ക്രോഡീകരിക്കുകയോ വേണ്ട എന്ന അഭിപ്രായക്കാരനായിരുന്നു. പല പ്രശ്‌നങ്ങളെ സംബന്ധിച്ചും പ്രമാണങ്ങളുടെ പിന്‍ബലത്തോടെ അദ്ദേഹം ഫത്വകള്‍ നല്‌കിയിരുന്നെങ്കിലും അതൊന്നും രേഖപ്പെടുത്തുകയോ ക്രോഡീകരിക്കുകയോ ചെയ്യരുതെന്ന്‌ അദ്ദേഹം വിലക്കിയിരുന്നു. തന്റെ വാക്കുകളെ ജനങ്ങള്‍ ഇസ്‌ലാമികപ്രമാണങ്ങളായി ഗണിക്കാന്‍ ഇടവരരുതെന്ന സദുദ്ദേശ്യമായിരുന്നു ഈ നിലപാടിന്‌ പ്രേരകം. അദ്ദേഹത്തിന്റെ മക്കളായ സ്വാലിഹ്‌, അബ്‌ദുല്ലാഹ്‌ എന്നിവരും ശിഷ്യന്മാരായ അബൂബക്കര്‍ അഥ്‌റം, അബ്‌ദുല്‍മലിക്‌ മൈമൂനി തുടങ്ങിയവരുമാണ്‌ അദ്ദേഹം നല്‌കിയ മതവിധികള്‍ രേഖപ്പെടുത്തുകയും ഉദ്ധരിക്കുകയും ചെയ്‌തത്‌. അദ്ദേഹം സ്വന്തമായി ഒരു മദ്‌ഹബ്‌ ആവിഷ്‌കരിക്കുകയോ അത്‌ പിന്തുടരാന്‍ ആഹ്വാനം നല്‌കുകയോ ചെയ്‌തിട്ടില്ല.

ഈ മിഠായികളും പലഹാരങ്ങളും നിഷിദ്ധമാണോ ?
ചോദ്യം :

ദീപാവലി, ക്രിസ്‌തുമസ്‌ തുടങ്ങിയ ആഘോഷവേളകളില്‍ മാത്രം തയ്യാറാക്കപ്പെടുന്ന പ്രത്യേക പലഹാരങ്ങള്‍ ബേക്കറികളില്‍ ലഭ്യമാവും. പ്രത്യേക മതവിഭാഗങ്ങളുടെ ആഘോഷത്തിന്റെ ഭാഗമായി വില്‍ക്കപ്പെടുന്ന ഇത്തരം മിഠായികള്‍ നമുക്ക്‌ അനുവദനീയമാണോ? ശബരിമലയില്‍ പോയി വരുന്ന സുഹൃത്തുക്കളും അയല്‍വാസികളും നല്‍കുന്ന അരവണയും മറ്റു പലഹാരങ്ങളും സ്വീകരിക്കാമോ?

ഉത്തരം :

അല്ലാഹുവും റസൂലും(സ) നിരോധിച്ചതല്ലാത്ത ഭക്ഷ്യവസ്‌തുക്കളെല്ലാം അനുവദനീയമാണ്‌ എന്നതത്രെ പൊതുവായ ഇസ്ലാമിക തത്വം. നിഷിദ്ധമായ കാര്യങ്ങള്‍ എടുത്തുപറഞ്ഞതിനു ശേഷം “അതിനപ്പുറമുള്ളത്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു'' എന്ന്‌ വിശുദ്ധഖുര്‍ആനില്‍ (4:24) വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹുവല്ലാത്തവര്‍ക്ക്‌ നേര്‍ച്ചയായും ബലിയായും സമര്‍പ്പിക്കപ്പെട്ട ജന്തുക്കളുടെ മാംസം കഴിക്കുന്നത്‌ വിശുദ്ധ ഖുര്‍ആനില്‍ (5:3) നിരോധിച്ചിട്ടുണ്ട്‌. വിഗ്രഹങ്ങള്‍ക്കും അല്ലാഹുവിന്‌ പുറമെ ദിവ്യത്വം കല്‍പിക്കപ്പെടുന്നവര്‍ക്കും സമര്‍പ്പിക്കപ്പെടുന്ന മാംസേതരമായ ഭക്ഷ്യവസ്‌തുക്കള്‍ക്കും നിഷിദ്ധമായ മാംസത്തോട്‌ സാമ്യമുണ്ട്‌. അതിനാല്‍ അവ വര്‍ജിക്കുന്നതാണ്‌ നമ്മുടെ ജീവിതം പാപമുക്തമാക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം. ഹറാമിനോട്‌ സാധര്‍മ്യമുള്ളതെല്ലാം വര്‍ജിക്കാന്‍ നബി(സ) പ്രേരിപ്പിച്ചതായി പ്രാമാണികമായ ഹദീസില്‍ കാണാം. എന്നാല്‍ പ്രത്യേക മധുരപലഹാരങ്ങളോ മറ്റു ഭക്ഷ്യവസ്‌തുക്കളോ കഴിക്കുന്നതുകൊണ്ട്‌ അല്ലാഹുവല്ലാത്ത ആരാധ്യരുടെ അനുഗ്രഹം ലഭിക്കുമെന്ന്‌ വിശ്വസിക്കുകയാണെങ്കില്‍ അത്‌ ശിര്‍ക്കിന്റെ (ബഹുദൈവാരാധന) വകുപ്പില്‍ ഉള്‍പ്പെടുന്നതാണ്‌. ഒരു ആഘോഷവേളയില്‍ ബേക്കറിക്കാരോ മറ്റോ തയ്യാറാക്കുന്നതാണ്‌ എന്നതിന്റെ പേരില്‍ മാത്രം ഒരു ഭക്ഷ്യവസ്‌തു നിഷിദ്ധമാണെന്ന്‌ പറയാന്‍ ന്യായം കാണുന്നില്ല.

ബാങ്ക്‌ വിളിക്കുമ്പോള്‍ തഹിയ്യത്ത്‌ നമസ്‌കരിക്കാമോ ?
ചോദ്യം :

ഖത്വീബ്‌ മിമ്പറില്‍ കയറിയ ശേഷം ബാങ്കുവിളിച്ചുകൊണ്ടിരിക്കേ പള്ളിയിലേക്ക്‌ വരുന്ന ഒരാള്‍ ബാങ്കുവിളി അവസാനിക്കുന്നതിന്നു മുമ്പായിത്തന്നെ തഹിയ്യത്ത്‌ നമസ്‌കാരം തുടങ്ങാമോ?

ഉത്തരം :

ഈ വിഷയകമായി ഖണ്ഡിതമായ നിര്‍ദേശമൊന്നും നബി(സ)യില്‍ നിന്ന്‌ വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ബാങ്ക്‌ വിളിക്കുന്ന സമയത്ത്‌ തഹിയ്യത്ത്‌ നമസ്‌കാരം പാടില്ലെന്നോ, ബാങ്ക്‌ വിളിച്ചുതുടങ്ങിയാല്‍ അത്‌ കഴിഞ്ഞ ശേഷമേ തഹിയ്യത്ത്‌ നമസ്‌കാരം തുടങ്ങാവൂ എന്നോ നബി(സ) നിര്‍ദേശിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. എന്നാല്‍ ബാങ്ക്‌ കേള്‍ക്കുന്ന ആള്‍ ബാങ്കിന്റെ വാക്കുകള്‍ ഏറ്റുപറയണമെന്ന്‌ പ്രബലമായ ഹദീസിലുണ്ട്‌. അതുപോലെ തന്നെ ബാങ്കിന്‌ ശേഷം `അല്ലാഹുമ്മ റബ്ബ...' എന്ന്‌ പ്രാര്‍ഥിക്കണമെന്നും. അതിനാല്‍ ഈ കാര്യങ്ങള്‍ കൂടി കഴിഞ്ഞിട്ട്‌ തഹിയ്യത്ത്‌ നമസ്‌കാരം തുടങ്ങുന്നതാണ്‌ നല്ലത്‌. ഖുത്വ്‌ബ തുടങ്ങിയ ശേഷം തഹിയ്യത്ത്‌ നമസ്‌കരിക്കുന്നതില്‍ അപാകതയൊന്നുമില്ല. ഖുത്വ്‌ബയ്‌ക്കിടയില്‍ പള്ളിയില്‍ കടന്നുവന്ന ആളോട്‌ തഹിയ്യത്ത്‌ നമസ്‌കരിക്കാന്‍ നബി(സ) കല്‌പിച്ചതായി പ്രബലമായ ഹദീസിലുണ്ട്‌. അവിടുന്ന്‌ നിര്‍ദേശിച്ച കാര്യങ്ങളൊന്നും വിട്ടുകളയാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുകയാണല്ലോ ഏറ്റവും മാതൃകാപരമായ നിലപാട്‌.

ജംഅ്‌ ചെയ്യുന്നവന്‍ ഇശാ ജമാഅത്തിന്‌ എത്തിയാല്‍
ചോദ്യം :

മഗ്‌രിബ്‌ നമസ്‌കാരം ഇശായോടു കൂടി ജംഅ്‌ ആക്കി നമസ്‌കരിക്കാന്‍ തീരുമാനിച്ച ഒരാള്‍ പള്ളിയില്‍ എത്തിയപ്പോള്‍ അവിടെ ഇശാഅ്‌ ജമാഅത്ത്‌ തുടങ്ങിയിട്ടുണ്ടെങ്കില്‍ എന്ത്‌ ചെയ്യണം?

ഉത്തരം :

ഇദ്ദേഹം യാത്രക്കാരനാണെങ്കില്‍ ജമാഅത്തില്‍ പങ്കെടുക്കാതെ മഗ്‌രിബ്‌ മൂന്നും ഇശാ രണ്ടും റക്‌അത്തായി (ജംഉം ഖസ്വ്‌റും) നമസ്‌കരിക്കാവുന്നതാണ്‌. യാത്രക്കാരന്‍ ജമാഅത്തില്‍ പങ്കെടുക്കാതിരിക്കുന്നതില്‍ തെറ്റില്ല. ജമാഅത്തില്‍ പങ്കെടുക്കണമെന്ന്‌ അയാള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രണ്ടിലൊന്ന്‌ ചെയ്യാം. ഒന്നുകില്‍ മഗ്‌രിബ്‌ വേഗത്തില്‍ നമസ്‌കരിച്ചശേഷം ഇമാമിനെ തുടര്‍ന്ന്‌ ഇശാ നമസ്‌കരിക്കുക. ബാക്കി വരുന്ന റക്‌അത്തുകള്‍ ഇമാം സലാം വീട്ടിയ ശേഷം പൂര്‍ത്തിയാക്കുക. നാലു റക്‌അത്ത്‌ നമസ്‌കരിക്കുന്ന ഇമാമിനെ തുടരുന്ന വ്യക്തി യാത്രയിലാണെങ്കിലും ഖസ്വ്‌റ് ചെയ്യാതെ പൂര്‍ണമായി നമസ്‌കരിക്കുക തന്നെ വേണം.

ഇശാ നമസ്‌കരിക്കുന്ന ഇമാമിനെ മൂന്നാമത്തെ റക്‌അത്തില്‍ തുടര്‍ന്ന്‌ കൊണ്ട്‌ മഗ്‌രിബ്‌ നമസ്‌കരിക്കുകയും (രണ്ടു റക്‌അത്ത്‌ ഇമാമിനോടൊപ്പവും ഒരു റക്‌അത്ത്‌ ഇമാം സലാം വീട്ടിയ ശേഷവും) അതിന്‌ ശേഷം ഇശാ നമസ്‌കരിക്കുകയുമാണ്‌ അയാള്‍ക്ക്‌ സ്വീകരിക്കാവുന്ന മറ്റൊരു മാര്‍ഗം.

പൂര്‍ണ പ്രതിഫലം ഇഹലോകത്തില്‍ തന്നെ ലഭ്യമാവുക സാധ്യമല്ലേ ?
ചോദ്യം :

മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ (നന്മയായാലും തിന്മയായാലും) അവയ്‌ക്ക്‌ പൂര്‍ണ പ്രതിഫലം നല്‌കാനാണ്‌ പരലോകമെന്ന്‌ ഇസ്‌‌ലാം പറയുന്നു. ഇവിടെ ചെയ്‌ത പ്രവര്‍ത്തനത്തിന്‌ പൂര്‍ണമായ പ്രതിഫലം ഈ ലോകത്തുവെച്ച്‌ നല്‌കാന്‍ കഴിയില്ല എന്നത്‌ ഒരു മിഥ്യാധാരണയാണ്‌. യഥാര്‍ഥത്തില്‍ മനുഷ്യരായ നമുക്ക്‌ പ്രത്യക്ഷത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. കോടിക്കണക്കിന്‌ പേരെ കൊന്ന ഹിറ്റ്‌ലര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അതിന്റെ വേദന അനുഭവിച്ച്‌ തീര്‍ന്നിട്ടില്ല എന്ന്‌ ഉറപ്പിച്ച്‌ പറയാന്‍ പറ്റുമോ? അതേപോലെ വലിയ നന്മകള്‍ ചെയ്‌തവര്‍ക്ക്‌ ഇവിടെ വെച്ചുതന്നെ പ്രതിഫലം ലഭിക്കുന്നതായി കാണാം. അവര്‍ക്ക്‌ ലഭിക്കുന്ന പ്രശസ്‌തിയും സല്‍പ്പേരും അവര്‍ ചെയ്‌ത നന്മക്കുള്ള പ്രതിഫലമല്ലേ? ഉദാഹരണമായി മദര്‍ തെരേസ. ഒരുപാട്‌ നന്മകള്‍ ചെയ്‌ത അവര്‍ക്ക്‌ സമൂഹത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രശസ്‌തി പ്രസ്‌തുത നന്മകള്‍ക്കുള്ള പ്രതിഫലമായിരിക്കാം. ചെയ്യുന്ന നന്മക്കും തിന്മക്കും പൂര്‍ണാര്‍ഥത്തില്‍ ഇവിടെ വെച്ചുതന്നെ പ്രതിഫലം ലഭിക്കുന്നുണ്ട്‌. നൂറുപേരെ കൊന്നവനെ ഒരു തവണയേ കൊല്ലാന്‍ കഴിയുന്നുള്ളൂ എന്ന്‌ നാം പറയുന്നുണ്ടെങ്കിലും ആ മനുഷ്യന്‍ അതിന്റെ പ്രതിഫലം ഈ ജീവിതത്തില്‍ വെച്ചുതന്നെ ഏറ്റുവാങ്ങിയിട്ടില്ല എന്ന്‌ പ്രത്യക്ഷ വസ്‌തുതകള്‍ മാത്രം അറിയാന്‍ കഴിയുന്ന നമുക്ക്‌ എങ്ങനെയാണ്‌ പറയാന്‍ കഴിയുക ?

ഉത്തരം :

യുക്തിചിന്തയെ സംബന്ധിച്ച്‌ പലരുടെയും കാഴ്‌ചപ്പാടുകള്‍ വ്യത്യസ്‌തമാകാം. ഞാന്‍ യുക്തിയെന്ന്‌ കരുതുന്നത്‌ മറ്റൊരാള്‍ക്ക്‌ അയുക്തിയായി തോന്നാം. ദീര്‍ഘകാലം ജനങ്ങളെ സേവിച്ച വ്യക്തിക്ക്‌ നീണ്ടുനില്‌ക്കുന്ന സല്‍ഫലവും ദീര്‍ഘകാലം ദ്രോഹങ്ങള്‍ ചെയ്‌ത ആള്‍ക്ക്‌ നീണ്ടുനില്‌ക്കുന്ന ശിക്ഷയും ലഭിക്കേണ്ടതുണ്ടെന്ന്‌ യുക്തി ചിന്തയില്‍ തെളിയുന്നു എന്നതുകൊണ്ടല്ല, പൂര്‍ണമായ പ്രതിഫലം ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളിലാണ്‌ നല്‌കപ്പെടുകയെന്നും അത്‌ ശാശ്വതവാസത്തിന്റെ നാളായിരിക്കുമെന്നും പ്രപഞ്ച നാഥനായ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയതു കൊണ്ടാണ്‌ മുസ്‌ലിംകള്‍ പരലോകത്തില്‍ വിശ്വസിക്കുന്നത്‌.

“ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണമായി നല്‌കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന്‌ അകറ്റി നിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹിക ജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല'' (വി.ഖു 3:185). “(അവരോട്‌ പറയപ്പെടും) സമാധാനപൂര്‍വം നിങ്ങള്‍ അവിടെ പ്രവേശിച്ചു കൊള്ളുക. ശാശ്വത വാസത്തിനുള്ള ദിവസമാകുന്നു അത്‌. അവര്‍ക്കവിടെ അവര്‍ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്‌.'' (50:34,35)

അല്ലാഹു ഇഹലോകത്ത്‌ പ്രതിഫലമോ ശിക്ഷയോ നല്‌കുകയില്ലെന്ന്‌ ഇതിനര്‍ഥമില്ല. സത്യവിശ്വാസികള്‍ക്കും സച്ചരിതര്‍ക്കും അവന്‍ ഇഹലോകത്ത്‌ നല്‌കുന്ന പലതരം അനുഗ്രഹങ്ങളെയും സൗഭാഗ്യങ്ങളെയും സംബന്ധിച്ച്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. എന്നാല്‍ അനശ്വരമായ പരലോക സൗഭാഗ്യങ്ങളെ അപേക്ഷിച്ച്‌ ക്ഷണികമായ ഐഹിക ജീവിതത്തിലെ ഏത്‌ മഹാഭാഗ്യവും നിസ്സാരം മാത്രമാണ്‌. നശ്വരവും അനശ്വരവും ഒരുപോലെ പൂര്‍ണമല്ലെന്ന്‌ സാമാന്യമായ യുക്തിബോധമുള്ള എല്ലാവര്‍ക്കും ഗ്രഹിക്കാവുന്നതാണ്‌.

“നിങ്ങളുടെ രക്ഷിതാവ്‌ എന്താണ്‌ അവതരിപ്പിച്ചിട്ടുള്ളതെന്ന്‌ സൂക്ഷ്‌മത പാലിക്കുന്നവരോട്‌ ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ‘ഉത്തമമായത്‌ തന്നെ.’ നല്ലത്‌ ചെയ്‌തവര്‍ക്ക്‌ ഈ ദുന്‍യാവില്‍ തന്നെ നല്ല ഫലമുണ്ട്‌. പരലോകഭവനമാകട്ടെ കൂടുതല്‍ ഉത്തമമാകുന്നു. സൂക്ഷ്‌മത പാലിക്കുന്നവര്‍ക്കുള്ള ഭവനം എത്രയോ നല്ലത്‌!''(വി.ഖു 16:30). ശാശ്വതമായ പരലോക ശിക്ഷക്ക്‌ മുമ്പായി സത്യനിഷേധികളും അതിക്രമകാരികളുമായിട്ടുള്ളവര്‍ക്ക്‌ അല്ലാഹു ഇഹലോകത്ത്‌ നല്‌കിയ കഠിന ശിക്ഷയെകുറിച്ചും വിശുദ്ധ ഖുര്‍ആനില്‍ ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്‌. പരലോകത്തെ വലിയ ശിക്ഷയെ അപേക്ഷിച്ച്‌ അതൊക്കെ നിസ്സാരമാണെന്ന്‌ വ്യക്തമാക്കിയിട്ടുമുണ്ട്‌.

“എന്നാല്‍ ധിക്കാരം കാണിച്ചവരാരോ അവരുടെ വാസസ്ഥലം നരകമാകുന്നു. അവര്‍ അതില്‍ നിന്നു പുറത്തു കടക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക്‌ തന്നെ അവര്‍ തിരിച്ചയയ്‌ക്കപ്പെടുന്നതാണ്‌. നിങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക എന്ന്‌ അവരോട്‌ പറയപ്പെടുകയും ചെയ്യും. ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ (ഐഹികമായ) ചില ചെറിയ തരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്‌. അവര്‍ ഒരു വേള മടങ്ങിയേക്കാമല്ലോ.''(വി.ഖു 32:20,21)

മരണത്തോടുകൂടെ മനുഷ്യജീവിതം ശൂന്യതയില്‍ കലാശിക്കുന്നുവെങ്കില്‍ അതിനു ശേഷം അവാര്‍ഡുകളോ പ്രശംസകളോ ആദരാഞ്‌ജലികളോ റീത്തുകളോ ലഭിച്ചതു കൊണ്ട്‌ പരേതന്‌ യാതൊരു പ്രയോജനവുമില്ല. ഭൗതിക വാദികള്‍ സ്ഥാപിക്കുന്ന രക്തസാക്ഷി മണ്ഡപങ്ങളൊക്കെ വട്ടപൂജ്യത്തിന്‌ മുകളില്‍ കെട്ടിപ്പൊക്കുന്ന അസംബന്ധങ്ങള്‍ മാത്രമാണ്‌. ഏക ദൈവവിശ്വാസികള്‍ക്ക്‌ മാത്രമാണ്‌ നിലനില്‌ക്കുന്ന ദാനങ്ങള്‍ മുഖേനയും ബന്ധുമിത്രാദികളുടെ പ്രാര്‍ഥനകള്‍ മുഖേനയും മരണാന്തരം ദൈവികമായ അനുഗ്രഹങ്ങള്‍ ലഭിക്കുന്നത്‌. ഇരുപത്തിനാലു മണിക്കൂറുള്ള ഒരു ദിവസത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളെയും അനശ്വരതയുടെ യുഗത്തിലെ രക്ഷാശിക്ഷകളെയും തുല്യമായി ഗണിക്കാമെന്നാണ്‌ ഒരാളുടെ യുക്തി വിധിക്കുന്നതെങ്കില്‍ ആ യുക്തി മൗഢ്യത്തിന്റെ പര്യായം മാത്രമായിരിക്കും.

മീശ ഡൈ ചെയ്‌താല്‍ വുദ്വൂഇനെ ബാധിക്കുമോ ?
ചോദ്യം :

ഒരാളുടെ മീശ നരച്ചപ്പോള്‍ അദ്ദേഹം അത്‌ കറുപ്പിക്കാന്‍വേണ്ടി ഡൈവാഷ്‌ ചെയ്‌തു. എന്നാല്‍ വുദ്വൂഅ്‌ എടുക്കുമ്പോള്‍ അവിടെ വെള്ളം ചേരുമോ?

ഉത്തരം :

മൈലാഞ്ചി, കതമ്‌ (ഒരു ചെടിയില്‍ നിന്നുള്ള ചായം) എന്നിവ ഉപയോഗിച്ച്‌ നരച്ച മുടിക്ക്‌ ചായം നല്‍കുന്നത്‌ നബി(സ) പ്രോത്സാഹിപ്പിച്ചതായും കറുപ്പ്‌ ചായം പൂശുന്നത്‌ അവിടുന്ന്‌ നിരോധിച്ചതായും പ്രാമാണികമായ ഹദീസുകളില്‍ കാണുന്നുണ്ട്‌. പ്രായംകുറച്ച്‌ കാണിക്കുന്നതിലൂടെ വിവാഹാന്വേഷണ വേളയിലും മറ്റും കബളിപ്പിക്കല്‍ നടക്കാന്‍ സാധ്യതയുള്ളതായിരിക്കാം കറുപ്പിക്കാന്‍ പാടില്ലെന്ന്‌ നബി(സ) വിലക്കിയതിന്റെ കാരണമെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഡൈവാഷ്‌ ചെയ്‌ത സ്ഥലത്ത്‌ വെള്ളം ചേരുമോ ഇല്ലേ എന്നത്‌ ചായത്തിന്റെ ഘടനയെ ആശ്രയിച്ചിരിക്കും. മെഴുകുപോലുളള ഡൈ മുടിയിലും ചര്‍മത്തിലും വെള്ളം ചേരുന്നതിന്‌ തടസ്സമായിരിക്കും. ഹെയര്‍ ഡൈകളുടെ ഇനങ്ങളെ സംബന്ധിച്ച്‌ `മുസ്‌ലിമി'ന്‌ അറിയില്ല. വെള്ളം ചേരുന്നതിന്‌ തടസ്സമാകുന്ന തരത്തിലുള്ള ഡൈ വുദ്വൂവിന്റെ സാധുതയെ ബാധിക്കുമെന്നതില്‍ സംശയമില്ല.

ബാങ്ക്‌ പലിശ എങ്ങനെ കൈകാര്യം ചെയ്യണം ?
ചോദ്യം :

വര്‍ത്തമാന കാലത്തെ ഓരോ മനുഷ്യരും ബാങ്കിനെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്‌, മുഅ്‌മിനുകളായവര്‍ പോലും. എന്നാല്‍ ബാങ്കില്‍ നിന്നും പലിശ എടുക്കാന്‍ ഇവര്‍ മുതിരാറില്ല. ഈ പണം പിന്നീട്‌ ഇസ്‌ലാമിന്‌ എതിരെ ഉപയോഗിക്കുന്നതായ ചില വാര്‍ത്തകള്‍ സമീപകാലത്ത്‌ ഉയര്‍ന്നുകേട്ടിരുന്നു. ആയതുകൊണ്ട്‌ തന്നെ പലിശ സാമൂഹ്യരംഗങ്ങളില്‍ ഉപയോഗിക്കുന്നതിന്‌ ഇസ്‌ലാമില്‍ വിലക്കുണ്ടോ? ഇല്ലെങ്കില്‍ ഏതെല്ലാം രീതിയിലുള്ള സാമൂഹ്യസേവനമാകാം ?

ഉത്തരം :

ഇന്ന്‌ മനുഷ്യരെല്ലാം ബാങ്കിനെ ആശ്രയിച്ചു ജീവിക്കുന്നു എന്ന്‌ പറയുന്നത്‌ ശരിയല്ല. പലര്‍ക്കും ബാങ്ക്‌ അക്കൗണ്ട്‌ ആവശ്യമായി വരുന്നു എന്നതാണ്‌ യാഥാര്‍ഥ്യം. അങ്ങനെ ആവശ്യമാകുന്നവര്‍ക്ക്‌ ഒന്നുകില്‍ പലിശയില്ലാത്ത കറന്റ്‌ അക്കൗണ്ടുകള്‍ തുടങ്ങാം. അല്ലെങ്കില്‍ സേവിംഗ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങി പലിശയുടെ കണക്കില്‍ വരുന്ന തുക ഭുജിക്കാതെ/അനുഭവിക്കാതെ സൂക്ഷിക്കുകയും ചെയ്യാം. നബി(സ)യുടെ കാലത്ത്‌ ബാങ്കുകളോ പലിശയിടപാടുകള്‍ അത്യാവശ്യമാകുന്ന സാഹചര്യമോ ഉണ്ടായിരുന്നില്ല എന്നതുകൊണ്ട്‌ ഈ വിഷയകമായി നബിചര്യയില്‍ നിന്ന്‌ പ്രത്യേക തെളിവ്‌ ലഭ്യമല്ല.

പലിശ തിന്നുന്നവനെയും തീറ്റുന്നവനെയും അതിന്റെ കണക്കെഴുത്തുകാരെയും സാക്ഷികളെയും റസൂല്‍(സ) ശപിച്ചതായി വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ബാങ്ക്‌ പലിശ ഇതില്‍ നിന്ന്‌ ഒഴിവാണെന്ന്‌ ചിലര്‍ പറയാറുണ്ടെങ്കിലും അതിന്‌ സ്വീകാര്യമായ തെളിവൊന്നും മുസ്‌ലിം കണ്ടിട്ടില്ല. അതിനാല്‍ സമ്പാദ്യത്തിലും ഉപജീവന മാര്‍ഗത്തിലും ഹറാം കലരാതെ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പലിശത്തുക സ്വന്തമായി അനുഭവിക്കുകയോ മറ്റുള്ളവര്‍ക്ക്‌ അനുഭവിക്കാന്‍ കൊടുക്കുകയോ ചെയ്യാതിരിക്കുകയാണ്‌ വേണ്ടത്‌. പലിശ വേണ്ട എന്ന്‌ എഴുതിക്കൊടുത്താല്‍ ബാങ്കുകാര്‍ ഇടപാടുകാരന്റെ കണക്കില്‍ പലിശ ചേര്‍ക്കുകയില്ല എന്നുറപ്പാണ്‌. അങ്ങനെ ചെയ്‌താല്‍ മതിയെന്നും, ഉപേക്ഷിച്ച പലിശത്തുക ബാങ്കുകാര്‍ എന്തു ചെയ്യും എന്നത്‌ ഇടപാടുകാരനെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നുമാണ്‌ ചില പണ്ഡിതന്മാരുടെ അഭിപ്രായം.

ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച്‌ പരമാവധി തിന്മ ഒഴിവാക്കുകയും നന്മ സ്വായത്തമാക്കുകയും ചെയ്യേണ്ടതാണ്‌ എന്നതിനാല്‍, ഇടപാടുകാര്‍ ഉപേക്ഷിച്ച പലിശത്തുക ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷകരമായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയും ഒഴിവാക്കേണ്ടതാണെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. മുസ്‌ലിം ഇടപാടുകാര്‍ ബാങ്കുകളില്‍ നിന്ന്‌ വാങ്ങാതെ വിട്ടുകളയുന്ന പലിശത്തുക സംഘ്‌പരിവാര്‍ പോലുള്ള ചില ഇസ്‌ലാം വിരുദ്ധ സംഘടനകളുടെ ഫണ്ടിലേക്ക്‌ എത്താറുണ്ടെന്ന്‌ പലരും പറഞ്ഞുകേട്ടിട്ടുണ്ട്‌. മുസ്‌ലിമിന്‌ അതിനെ സംബന്ധിച്ച്‌ സൂക്ഷ്‌മമായി അറിയില്ല. അങ്ങനെയുണ്ടെങ്കില്‍ അതൊരു ഗുരുതരമായ പ്രശ്‌നമാണ്‌. ആ വഴിയിലൂടെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷം വരുന്നത്‌ തടയേണ്ടതുമാണ്‌. അതിന്‌ ചില പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്ന മാര്‍ഗം ഇടപാടുകാരന്റെ കണക്കില്‍ വരുന്ന പലിശത്തുക ബാങ്കില്‍ നിന്ന്‌ വാങ്ങി ഹറാമല്ലാത്ത മാര്‍ഗത്തില്‍ വിനിയോഗിക്കുക എന്നതാണ്‌. ഇതനുസരിച്ച്‌ നിര്‍ബന്ധിത സാഹചര്യത്തില്‍ കടം വാങ്ങിയവന്‍ അടക്കേണ്ടി വരുന്ന പലിശയിലേക്ക്‌ ഈ പലിശത്തുക നല്‌കാവുന്നതാണ്‌. അന്യായമായി ചുമത്തപ്പെടുന്ന പിഴ അടയ്‌ക്കാനും ഈ തുക ഉപയോഗപ്പെടുത്താം. റോഡ്‌, പാലം, ബസ്സ്‌റ്‌റാന്‍ഡ്‌, പാര്‍ക്ക്‌ എന്നിവയുടെ നിര്‍മാണത്തിന്‌ ബാങ്കില്‍ നിന്ന്‌ കിട്ടുന്ന പലിശത്തുക ഉപയോഗപ്പെടുത്താമെന്ന്‌ ചില ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇത്തരം അഭിപ്രായങ്ങള്‍ വ്യക്തിപരമായ നിഗമനങ്ങള്‍ എന്ന നിലയിലേ പരിഗണിക്കേണ്ടതുള്ളൂ.

അറഫാദിനത്തിലെ ഫര്‍ദ്വ്‌ നോമ്പ്‌ ?
ചോദ്യം :

ഒരാള്‍ക്ക്‌ റമദാനില്‍ നോമ്പ്‌ നഷ്‌ടപ്പെട്ടു. അയാള്‍ ആ നോമ്പിനെ അറഫാദിനത്തിലെ സുന്നത്ത്‌ നോമ്പിന്റെ കൂടെ റമദാനില്‍ നഷ്‌ടപ്പെട്ട നോമ്പിന്റെ നിയ്യത്തും വെച്ച്‌ അനുഷ്‌ഠിച്ചാല്‍ അയാള്‍ക്ക്‌ ഫര്‍ദ്‌ നോമ്പ്‌ വീടുമോ ?

ഉത്തരം :

റമദാനിലെ നോമ്പ്‌ നഷ്‌ടപ്പെട്ടത്‌ പെരുന്നാളല്ലാത്ത ഏത്‌ ദിവസത്തിലും -അറഫയും ആശൂറാഉം ഉള്‍പ്പെടെ- നോറ്റുവീട്ടാവുന്നതാണ്‌. എന്നാല്‍ റമദാന്‍ നോമ്പ്‌ അറഫാദിനത്തില്‍ നോറ്റുവീട്ടിയാല്‍ രണ്ടിന്റെയും കൂടെ പ്രതിഫലം ലഭിക്കുമെന്ന്‌ നബി(സ) പറഞ്ഞിട്ടില്ല.

എന്താണ്‌ രോഗം, എന്താണ്‌ ആരോഗ്യം? ചികിത്സാശാസ്ത്രം വിസ്മരിക്കുന്ന മൗലികതത്വങ്ങള്‍
ദൈവികഗ്രന്ഥം ശിഫാ (ശമനം/ശമനൗഷധം) ആണെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ മൂന്ന്‌ സൂക്തങ്ങളില്‍ (10:57, 17:82, 41:44) വ്യക്തമാക്കിയിട്ടുണ്ട്‌. നെഞ്ചുകളിലുള്ള രോഗത്തിന്‌ ശമനം എന്നുകൂടി വിശദമാക്കിയിട്ടുണ്ട്‌ 10:57 സൂക്തത്തില്‍. നെഞ്ചുകള്‍ എന്നര്‍ഥമുള്ള സ്വുദൂര്‍ എന്ന പദം ഹൃദയങ്ങളുടെ സ്ഥാനം എന്ന നിലയിലാണ്‌ വിശുദ്ധ ഖുര്‍ആനില്‍ (22:46 നോക്കുക) പ്രയോഗിച്ചിട്ടുള്ളത്‌. ഹൃദയങ്ങളിലുള്ള രോഗത്തിന്‌ പല വ്യാഖ്യാതാക്കളും വിശദീകരണം നല്‍കിയത്‌ സത്യനിഷേധം, കാപട്യം, പ്രകടനപരത, അസൂയ, വൈരാഗ്യം, ഭോഗാസക്തി തുടങ്ങിയ ദുര്‍ഗുണങ്ങളും ദുര്‍വികാരങ്ങളുമെന്നാണ്‌. ഹൃദയസ്തംഭനത്തെയും ഹൃദയവാല്‍വുകളുടെ തകരാറിനെയും മറ്റും ഈ വകുപ്പില്‍ വ്യാഖ്യാതാക്കളാരും ഉള്‍പ്പെടുത്തിയതായി കണ്ടിട്ടില്ല.

അപ്പോള്‍ ഖുര്‍ആന്‍ ശിഫാ അഥവാ ശമനമാകുന്നു എന്ന ദൈവിക വചനത്തിന്റെ സാക്ഷാല്‍ വിവക്ഷ എന്താണ്‌? അഥവാ അതിന്റെ അര്‍ഥവൈപുല്യം എത്രത്തോളമുണ്ട്‌ എന്നത്‌ സൂക്ഷ്മ പഠനം അര്‍ഹിക്കുന്ന ഒരു വിഷയമാണ്‌. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതി ശരീരത്തില്‍ ഊതുകയോ വെള്ളത്തില്‍ ഊതിയിട്ട്‌ അത്‌ കുടിക്കുകയോ നൂലില്‍ ഊതി അത്‌ ശരീരത്തില്‍ കെട്ടുകയോ ചെയ്താല്‍ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും സുഖപ്പെടുമെന്നാണ്‌ ചിലര്‍ കരുതുന്നത്‌. എന്നാല്‍ നബി(സ) ഖുര്‍ആന്‍ ഓതി വെള്ളത്തിലോ നൂലിലോ ഊതിയിട്ട്‌ അത്‌ ശമനോപാധിയാക്കിയതായി പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല. ഒരു സ്വഹാബി ഫാതിഹ ഓതി ഒരു രോഗിയുടെ ശരീരത്തില്‍ ഊതിയ നടപടി നബി(സ) അംഗീകരിച്ചതായി പ്രാമാണികമായ ഹദീസിലുണ്ട്‌. എന്നാല്‍ രോഗങ്ങള്‍ക്ക്‌ പൊതുവായോ ചില രോഗങ്ങള്‍ക്ക്‌ പ്രത്യേകമായോ ഖുര്‍ആന്‍ ഓതി മന്ത്രിക്കല്‍ എന്ന ചികിത്സ നബി(സ) നിര്‍ദേശിച്ചതായി പ്രബലമായ ഹദീസുകളിലൊന്നും കാണുന്നില്ല. അദ്ദേഹവും അനുചരന്മാരും വിവിധ രോഗങ്ങള്‍ക്ക്‌ അക്കാലത്ത്‌ ലഭ്യമായിരുന്ന മരുന്നുകളും 'കൊമ്പ്വെക്കല്‍' പോലുള്ള ചികിത്സാരീതികളും സ്വീകരിക്കുകയാണ്‌ ചെയ്തത്‌. സകല രോഗത്തിനും മന്ത്രിക്കാനുള്ളത്‌ എന്നാണ്‌ വിശുദ്ധ ഖുര്‍ആനിലെ ശിഫാ എന്ന പദത്തിന്റെ സാക്ഷാല്‍ വിവക്ഷയെങ്കില്‍ നബി(സ)യും സ്വഹാബികളും അതൊരു സാര്‍വത്രിക ചികിത്സാരീതിയായി സ്വീകരിക്കേണ്ടതായിരുന്നു. എന്നാല്‍ പരമകാരുണികനായ അല്ലാഹു അവന്റെ അന്തിമവേദഗ്രന്ഥത്തെ ശിഫാ അഥവാ ശമനം എന്ന്‌ വിശേഷിപ്പിച്ചത്‌ നിരര്‍ഥകമാണെന്നോ വളരെ പരിമിതമായ അര്‍ഥത്തിലാണെന്നോ കരുതാന്‍ യാതൊരു ന്യായവുമില്ല. 17:82 സൂക്തം ഈ വിഷയകമായി പ്രത്യേകം ശ്രദ്ധേയമാകുന്നു: "സത്യവിശ്വാസികള്‍ക്ക്‌ ശമനവും കാരുണ്യവുമായിട്ടുള്ളത്‌ ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക്‌ അത്‌ നഷ്ടമല്ലാതെ (മറ്റൊന്നും) വര്‍ധിപ്പിക്കുന്നില്ല." 'സത്യവിശ്വാസികള്‍ക്ക്‌ ശമനം' എന്നാണ്‌ ഈ സൂക്തത്തില്‍ വിശുദ്ധ ഖുര്‍ആനിനെ ഒന്നാമതായി വിശേഷിപ്പിച്ചിട്ടുള്ളത്‌. ശമനം എന്നത്‌ ഖുര്‍ആന്‍കൊണ്ട്‌ ഉദ്ദേശിക്കപ്പെട്ട അതിപ്രധാന വിഷയമാണെന്നത്രെ ഇതില്‍നിന്ന്‌ മനസ്സിലാക്കാവുന്നത്‌. ഈ ശമനം വിശ്വാസികള്‍ക്ക്‌ മാത്രമുള്ളതാണെന്ന്‌ പറഞ്ഞതിന്റെ സൂചന, ഖുര്‍ആനിന്റെ ഉള്ളടക്കത്തില്‍ ദൃഢവിശ്വാസമുണ്ടാവുകയും ഖുര്‍ആനിക അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നതിലൂടെയാണ്‌ ശമനം കൈവരുന്നത്‌ എന്നത്രെ. അക്രമികള്‍ക്ക്‌ ശമനത്തിനുപകരം നഷ്ടം വര്‍ധിക്കുമെന്ന്‌ പറഞ്ഞതില്‍നിന്ന്‌ മനസ്സിലാക്കാവുന്നത്‌ അത്‌ മന്ത്രംകൊണ്ട്‌ കൈവരുന്ന ശമനമല്ലെന്നാകുന്നു. കാരണം ഖുര്‍ആന്‍ ഓതിക്കൊണ്ടുള്ള മന്ത്രംകൊണ്ട്‌ ഒരു അവിശ്വാസിയുടെ രോഗം ശമിച്ചില്ലെങ്കിലും അയാള്‍ക്ക്‌ വേറെ വര്‍ധിത നഷ്ടമുണ്ടാകാന്‍ സാധ്യതയില്ലല്ലോ. മഹത്തായ ദൈവിക അധ്യാപനങ്ങളുടെ നിരാസത്തിലൂടെയാണ്‌ അയാള്‍ക്ക്‌ നഷ്ടം വര്‍ധിക്കുന്നത്‌.

രോഗം ഖുര്‍ആനിക ദൃഷ്ട്യാ

രോഗത്തെ സംബന്ധിച്ച വിശുദ്ധ ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ ഈ വിഷയകമായി നമുക്ക്‌ കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതത്രെ. രോഗം എന്നര്‍ഥമുള്ള മറദ്വുന്‍ എന്ന പദം പന്ത്രണ്ട്‌ ഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്‌. പതിനൊന്ന്‌ സൂക്തങ്ങളില്‍ ഇതോടൊപ്പം ഫീ ഖുലൂബിഹിം (അവരുടെ ഹൃദയങ്ങളില്‍) എന്നുകൂടി പറഞ്ഞിട്ടുണ്ട്‌. ഒന്നില്‍ ഫീ ഖല്‍ബിഹി (അവന്റെ ഹൃദയത്തില്‍) എന്നും. ഈ വാക്യങ്ങള്‍ക്ക്‌ അവരുടെ / അവന്റെ ഹൃദയത്തില്‍ രോഗമുണ്ട്‌ എന്നോ ഹൃദയത്തിലാണ്‌ രോഗമുള്ളത്‌ എന്നോ അര്‍ഥമാകാം. നേരത്തെ സൂചിപ്പിച്ചതുപോലെ ഹൃദയം എന്ന അവയവത്തിന്‌ സംഭവിച്ച ഭൗതികമായ കേടുപാടുകളെ സംബന്ധിച്ചല്ല ഈ ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചത്‌. സാധാരണ ഗതിയില്‍ മനോരോഗങ്ങളെന്ന്‌ വിളിക്കപ്പെടുന്നവയെ സംബന്ധിച്ചുമല്ല. മനുഷ്യരെ തെറ്റായ വാക്കുകളിലേക്കും പ്രവൃത്തികളിലേക്കും നയിക്കുന്ന ദുര്‍വികാരങ്ങളെയും ദുര്‍ഗുണങ്ങളെയും കുറിക്കാനാണ്‌ ഉപര്യുക്ത സൂക്തങ്ങളില്‍ മറദ്വുന്‍ എന്ന പദം പ്രയോഗിച്ചിട്ടുള്ളത്‌. 2:10 സൂക്തത്തില്‍ "അവരുടെ ഹൃദയങ്ങളില്‍ രോഗമുണ്ട്‌" എന്ന്‌ വ്യക്തമാക്കിയതിനുശേഷം "അതിനാല്‍ അല്ലാഹു അവര്‍ക്ക്‌ രോഗം വര്‍ധിപ്പിച്ചു" എന്നുകൂടി പറഞ്ഞിട്ടുണ്ട്‌.

വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട കാലത്ത്‌ മറ്റ്‌ ഏത്‌ കാലഘട്ടങ്ങളിലെയും പോലെ മനുഷ്യര്‍ക്ക്‌ ശാരീരികവും മാനസികവുമായ അനേകം രോഗങ്ങളുണ്ടായിരുന്നു. രോഗങ്ങള്‍ നിമിത്തം ഏറെ വിഷമിക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്നിട്ടും അല്ലാഹുതന്നെ ശിഫാ എന്ന്‌ വിശേഷിപ്പിച്ച വിശുദ്ധ ഖുര്‍ആനില്‍ അത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സയെയോ മരുന്നുകളെയോ സംബന്ധിച്ച്‌ പ്രത്യേകമായ യാതൊരു പരാമര്‍ശവുമില്ല എന്നത്‌ വിസ്മയകരമാകുന്നു. ഹൃദയത്തിലെ രോഗങ്ങളെ സുദൃഢമായ വിശ്വാസവും ഉത്തമ ജീവിതക്രമവുംകൊണ്ട്‌ ചികിത്സിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു പുറമെ ഈ വിഷയകമായി വിശുദ്ധ ഖുര്‍ആനിലുള്ളത്‌ തേനില്‍ മനുഷ്യര്‍ക്ക്‌ രോഗശമനമുണ്ട്‌ എന്ന പരാമര്‍ശമാണ്‌. അവിടെ രോഗങ്ങളെ അപഗ്രഥന വിധേയമാക്കിയിട്ടില്ല.

ശിഫാ പൂര്‍ണ അര്‍ഥത്തില്‍

അല്ലാഹു തന്നെ വിശുദ്ധ ഖുര്‍ആനിനെ ശിഫാ എന്ന്‌ വിശേഷിപ്പിച്ചത്‌ ഭാഗികമോ അപൂര്‍ണമോ ആയ അര്‍ഥത്തിലാണെന്ന്‌ കരുതുന്നത്‌ അന്തിമ വേദഗ്രന്ഥത്തോട്‌ നീതി പുലര്‍ത്തലാവില്ല. വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ അര്‍ഥത്തില്‍ തന്നെ ശിഫാ ആണ്‌ എന്ന ധാരണയാണ്‌ ന്യായമായിട്ടുള്ളത്‌. മാനവരാശിക്കാകെ മാര്‍ഗദര്‍ശകമായിട്ടുള്ള സത്യവേദ ഗ്രന്ഥം സമ്പൂര്‍ണ ശമനൗഷധമാകുന്നത്‌ എങ്ങനെയെന്ന്‌ വിവിധ സൂക്തങ്ങളുടെയും അവയുടെ വിശദീകരണമായിട്ടുള്ള നബിവചനങ്ങളുടെയും ലൗകിക വിജ്ഞാനീയങ്ങളുടെയും വെളിച്ചത്തില്‍ വിലയിരുത്തേണ്ടതുണ്ട്‌. രോഗത്തിന്റെ ഉറവിടം ഹൃദയമാണെന്നും അവിടെ രോഗം നിലനില്‍ക്കുന്നതുകൊണ്ടാണ്‌ മനുഷ്യന്റെ രോഗാതുരത വര്‍ധിക്കുന്നതെന്നുമുള്ള ഖുര്‍ആനിക ദര്‍ശനം പൂര്‍ണ സത്യമാണെന്ന്‌ ബോധ്യമാകണമെങ്കില്‍ ഒട്ടേറെ വസ്തുതകള്‍ പരിശോധനാ വിധേയമാക്കേണ്ടി വരും.

രോഗങ്ങള്‍ എന്തുകൊണ്ടുണ്ടാകുന്നു, എങ്ങനെ സുഖപ്പെടുന്നു എന്നതിനെ സംബന്ധിച്ച്‌ ലോകത്തിന്റെ പല ഭാഗങ്ങളില്‍ കാലാകാലങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ നിലനിന്നിട്ടുണ്ട്‌. വര്‍ത്തമാനകാലത്ത്‌ നൂറുകണക്കില്‍ ചികിത്സാ പദ്ധതികള്‍ നിലവിലുണ്ട്‌. അലോപ്പതി മുതല്‍ ഉലുവാപ്പതിവരെയും ചിരിചികിത്സ മുതല്‍ മൂത്ര ചികിത്സ വരെയുമുള്ള ഒട്ടേറെ മാര്‍ഗങ്ങളിലൂടെ രോഗശമനമുണ്ടാകുന്നതായി ചികിത്സകരും അനുഭവസ്ഥരും അവകാശപ്പെടുന്നു. ബാക്ടീരിയയും വൈറസും പോലുള്ള സൂക്ഷ്മാണുക്കളുടെ ആക്രമണം മൂലമാണ്‌ മിക്ക രോഗങ്ങളും ഉണ്ടാകുന്നതെന്നും കൊതുക്‌, ഈച്ച പോലുള്ള പ്രാണികള്‍ മുഖേനയാണ്‌ രോഗാണുക്കള്‍ പരക്കുന്നതെന്നും അലോപ്പതി സിദ്ധാന്തിക്കുന്നു. എന്നാല്‍ ആയുര്‍വേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നും രോഗാണുക്കള്‍ മൂലമുള്ള രോഗസംക്രമണത്തെ സംബന്ധിച്ച്‌ പരാമര്‍ശിച്ചിട്ടില്ല. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ അസന്തുലിതത്വമോ ക്രമഭംഗമോ ആണ്‌ ആയുര്‍വേദ സിദ്ധാന്തപ്രകാരം രോഗഹേതു. രക്തം ദുഷിക്കുന്നതാണ്‌ എല്ലാ രോഗങ്ങള്‍ക്കും കാരണമെന്നാണ്‌ ചില പ്രാചീന ചികിത്സകര്‍ വിശ്വസിച്ചിരുന്നത്‌. കൊമ്പ്‌ വെച്ചോ അട്ടയെ കടിപ്പിച്ചോ ദുഷിച്ച രക്തം പുറത്തു കളഞ്ഞാണ്‌ ഇത്തരം ചികിത്സകരില്‍ ചിലര്‍ രോഗനിവാരണത്തിന്‌ ശ്രമിച്ചിരുന്നത്‌. രക്തം ദുഷിക്കാതിരിക്കാനും ദുഷിച്ച രക്തം ശുദ്ധീകരിക്കപ്പെടാനും മരുന്ന്‌ നല്‍കിയാണ്‌ മറ്റു ചിലര്‍ ചികിത്സിച്ചിരുന്നത്‌. ഇങ്ങനെ വൈവിധ്യമാര്‍ന്ന ചികിത്സാപദ്ധതികള്‍ കൊണ്ട്‌ രോഗങ്ങള്‍ ഭേദപ്പെട്ടുവെന്ന്‌ കരുതുന്ന അനുഭവസ്ഥര്‍ അസംഖ്യമുണ്ട്‌. ഇവയ്ക്കു പുറമെ മന്ത്രവാദം, ചാത്തന്‍ സേവ പോലെയുള്ള നിഗൂഢ മാര്‍ഗങ്ങളിലൂടെ രോഗശമനം ലഭിച്ചുവെന്ന്‌ വിശ്വസിക്കുന്ന അനുഭവസ്ഥര്‍ വേറെയുമുണ്ട്‌!

ശമനത്തിന്റെ മനോ-ശാരീരിക മാനങ്ങള്‍

ഇങ്ങനെ പരസ്പര ഭിന്നമായ മാര്‍ഗങ്ങളിലൂടെ രോഗശമനം ഉണ്ടാകുന്നതായി അനുഭവപ്പെടുന്നതില്‍ ശാസ്ത്രീയതയില്ലെന്ന്‌ കരുതുന്ന പലരും അഭിപ്രായപ്പെടുന്നത്‌ ചികിത്സകനെയും മരുന്നിനെയും പ്രതിവിധിയെയും സംബന്ധിച്ച്‌ രോഗിക്കുണ്ടാകുന്ന ദൃഢബോധ്യമാണ്‌ ശമനത്തിലേക്ക്‌ നയിക്കുന്ന പ്രധാന ഘടകമെന്നത്രെ. ചില ആധുനിക ചികിത്സകര്‍ തന്നെ ഔഷധാംശം ഒട്ടുമില്ലാത്ത സ്റ്റാര്‍ച്ച്‌-ഗ്ലൂക്കോസ്‌ ഗുളികകള്‍ അത്യാധുനികവും ഏറ്റവും ഫലപ്രദവുമായ മരുന്ന്‌ എന്ന നിലയില്‍ രോഗികളെ വിശ്വസിപ്പിച്ച്‌ നല്‍കി ശമനത്തിലേക്ക്‌ നയിക്കുന്നത്‌ ഈ അഭിപ്രായത്തിന്‌ ഉപോല്‍ബലകമാകുന്നു. ഇങ്ങനെയുണ്ടാകുന്ന രോഗശമനം 'പ്ലാസിബോ ഇഫക്ട്‌' എന്ന പേരില്‍ അറിയപ്പെടുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ തന്റെ രോഗത്തിന്‌ ഏറ്റവും മികച്ച മരുന്ന്‌ അഥവാ പ്രതിവിധി ലഭിച്ചു എന്ന്‌ രോഗിക്ക്‌ ദൃഢബോധ്യമുണ്ടായാല്‍ ശമനത്തിന്‌ സാധ്യതയേറും. മനോശാരീരിക (സൈക്കോസൊമാറ്റിക്‌) രോഗങ്ങളെ സംബന്ധിച്ച ആധുനിക വൈദ്യശാസ്ത്ര സിദ്ധാന്തങ്ങളും രോഗിയുടെ മനോഭാവത്തിന്‌ ശാരീരിക സൗഖ്യവുമായുള്ള ബന്ധത്തിലേക്ക്‌ വെളിച്ചം വീശുന്നു. കടുത്ത മാനസിക സംഘര്‍ഷം തലവേദനയ്ക്കും വയറുവേദനക്കും അള്‍സറിനും മറ്റും കാരണമാകുന്നതായി ആധുനിക പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഇതിനു നേര്‍ വിപരീതമായി ശുഭചിന്തയും സംതൃപ്തിയും ആഹ്ലാദവും ശാരീരിക സൗഖ്യത്തിന്‌ വഴിയൊരുക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. അവരുടെ ഖല്‍ബുകളിലാണ്‌ രോഗമുള്ളത്‌ എന്ന ഖുര്‍ആനിക ആശയത്തിന്റെ അര്‍ഥവ്യാപ്തിയത്രെ ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്‌.

മനുഷ്യരെ രോഗാതുരരാക്കിത്തീര്‍ക്കുന്ന ഘടകങ്ങളില്‍ ഏറ്റവും ഗൗരവമുള്ളത്‌ അകാരണവും അനാവശ്യവുമായ ഭയമാണ്‌. അതിന്‌ തൊട്ടുതാഴെയുള്ള അപകടകാരി കടുത്ത ദുഃഖം അഥവാ വ്യഥയാണ്‌. അല്ലാഹുവിന്റെ മിത്രങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതയായി വിശുദ്ധ ഖുര്‍ആനില്‍ (10:62) എടുത്തുപറഞ്ഞിട്ടുള്ളത്‌ അവര്‍ ഭയത്തില്‍ നിന്നും ദുഃഖത്തില്‍ നിന്നും മുക്തരായിരിക്കും എന്ന കാര്യമാണ്‌. രോഗത്തെ സംബന്ധിച്ച ഭയത്തില്‍ നിന്ന്‌ മാത്രമല്ല അല്ലാഹുവിനു പുറമെയുള്ള എന്തൊന്നിനെ സംബന്ധിച്ച ഭയത്തില്‍ നിന്നും അല്ലാഹുവിന്റെ മിത്രങ്ങള്‍ മുക്തരായിരിക്കുമെന്നാണ്‌ പ്രസ്തുത സൂക്തം സൂചിപ്പിക്കുന്നത്‌. കടുത്ത ഭയം ഏത്‌ വകയിലുള്ളതാണെങ്കിലും അത്‌ ചെറുതോ വലുതോ ആയ രോഗങ്ങള്‍ക്ക്‌ നിമിത്തമാകാം. ബാധിച്ച രോഗത്തെ സംബന്ധിച്ച ഭയം രോഗശമനം വൈകിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യും. ഒരു പ്രത്യേക രോഗം ശമിക്കുകയില്ലെന്ന ധാരണ സമൂഹത്തില്‍ രൂഢമൂലമായാല്‍ അതുകൊണ്ട്‌ തന്നെ ചികിത്സകള്‍ പരാജയപ്പെടാന്‍ സാധ്യയുമുണ്ട്‌. ഒരു കാലത്ത്‌ നമ്മുടെ നാട്ടില്‍ ക്ഷയരോഗം നിമിത്തം ധാരാളം പേര്‍ മരിച്ചിരുന്നത്‌ ഫലപ്രദമായ മരുന്നില്ലാത്തതുകൊണ്ട്‌ മാത്രമല്ല, അത്‌ മാറാരോഗമാണെന്ന ഭയം ജനമനസ്സുകളെ തളര്‍ത്തിയിരുന്നതുകൊണ്ടുകൂടിയാണ്‌. ഇന്ന്‌ കാന്‍സറിനെയും എയ്ഡ്സിനെയും സംബന്ധി ച്ച ഭയം തത്തുല്യമായ അനുഭവമുണ്ടാക്കുന്നു.

ഭയത്തില്‍ നിന്ന്‌ മോചനം

രോഗം ഉള്‍പ്പെടെയുള്ള എന്തിനെയും സംബന്ധിച്ച ഭയത്തില്‍ നിന്ന്‌ അല്ലാഹുവിന്റെ മിത്രങ്ങള്‍ എങ്ങനെയാണ്‌ മുക്തരാകുന്നത്‌? ഉത്തരം വളരെ ലളിതമാണ്‌. പരമകാരുണികനായ രക്ഷിതാവ്‌ യഥാര്‍ഥ വിശ്വാസികളെ അനുഭവിപ്പിക്കുന്നതെന്തും അവര്‍ക്ക്‌ ഗുണകരമായി കലാശിക്കും എന്ന ദൃഢബോധ്യമാണ്‌ മനസ്സില്‍ നിന്ന്‌ ഭയത്തെ പൂര്‍ണമായി നീക്കം ചെയ്യുന്നത്‌. 4:79, 9:52, 16:30 എന്നീ ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക. "സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരമാകുന്നു. സന്തോഷകരമായ കാര്യം വന്നെത്തിയാല്‍ അവന്‍ അല്ലാഹുവിന്‌ നന്ദി പ്രകടിപ്പിക്കുകയും അതവന്‌ ഗുണമായിത്തീരുകയും ചെയ്യുന്നു. വിഷമകരമായ വല്ല കാര്യവും ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുകയും അതവന്‌ ഗുണകരമായിത്തീരുകയും ചെയ്യുന്നു. ആ അവസ്ഥ (സന്തോഷകരമായതും ദു:ഖകരമായതും ഒരുപോലെ ഗുണകരമായിത്തീരുന്ന അവസ്ഥ) സത്യവിശ്വാസിയല്ലാത്ത ആര്‍ക്കും ഉണ്ടാവുകയില്ല" എന്ന നബിവചനം ഇ ത്തരുണത്തില്‍ ഏറെ ശ്രദ്ധേയമാകുന്നു. ജീവിതത്തില്‍ എന്തു സംഭവിച്ചാലും ഒന്നുകില്‍ നന്ദികൊണ്ട്‌ അല്ലെങ്കില്‍ ക്ഷമകൊണ്ട്‌ ധന്യമാകുന്ന മനസ്സിനെ ഒരിക്കലും വിനാശകരമായ അളവില്‍ ഭയമോ ദു:ഖമോ ഉത്കണ്ഠയോ ബാധിക്കുകയില്ല. ഈ ഭയമുക്തി പരലോകവിശ്വാസവുമായും ബന്ധപ്പെട്ടതാണ്‌. അതിനാല്‍ പരലോക നിഷേധിക്ക്‌ അത്‌ പൂര്‍ണമായ അളവില്‍ നേടിയെടുക്കാനാവില്ല. "...അതെന്തുകൊണ്ടെന്നാല്‍ അ ല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവര്‍ക്ക്‌ ദാഹവും ക്ഷീണവും വിശപ്പും നേരിടുകയോ, സത്യനിഷേധികളെ പ്രകോപിപ്പിക്കുന്ന വല്ല സ്ഥാനത്തും അവര്‍ കാല്‍വെക്കുകയോ, ശത്രുവിന്‌ വല്ല നാശവും ഏല്‍പിക്കുകയോ ചെയ്യുന്നപക്ഷം അത്‌ കാരണം അവര്‍ക്ക്‌ ഒരു സല്‍കര്‍മം രേഖപ്പെടുത്തപ്പെടാതിരിക്കുകയില്ല. തീര്‍ച്ചയായും സുകൃതം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല." (വി. ഖു 9:120). "അല്ലാഹുവേ, എനിക്ക്‌ സംഭവിച്ച വിപത്തിലൂടെ എനിക്ക്‌ നീ പ്രതിഫലം തരേണമേ" എന്ന്‌ പ്രാ ര്‍ഥിക്കാന്‍ നബി(സ) പഠിപ്പിച്ചതും ഇത്തരുണത്തില്‍ സ്മരണീയമാകുന്നു. വേദനയും ക്ഷീണവും അനുഭവിക്കുന്നതിന്‌ അല്ലാഹു നമുക്ക്‌ ന ല്‍കുന്ന പൂര്‍ണമായ പ്രതിഫലത്തി ന്റെ വേദി പരലോകമാണെങ്കിലും ഇഹലോകത്തെ സൗഖ്യവും അവ ന്‍ നല്‍കുന്ന പ്രതിഫലത്തില്‍ ഉള്‍ പ്പെടാം.

രോഗത്തെ സംബന്ധിച്ച ഭയത്തില്‍ നിന്ന്‌ മോചനം നേടാന്‍ സഹായിക്കുന്ന പല വസ്തുതകളും വിശുദ്ധ ഖുര്‍ആനിലും ആധുനിക വിജ്ഞാനീയങ്ങളിലും ഉണ്ട്‌. അതിലൊന്ന്‌ അല്ലാഹു സൃഷ്ടിച്ചതെല്ലാം വിശിഷ്ടവും അന്യൂനവും ഘടനാഭദ്രതയുള്ളതും ആകുന്നു എന്ന യാഥാര്‍ഥ്യമാണ്‌. പലരും ആശങ്കിക്കുന്നത്‌ യാതൊരു കാരണവും കൂടാതെ രോഗാണുക്കള്‍ നമ്മെ ആക്രമിച്ചുകീഴടക്കുകയോ നാം എത്ര ശ്രദ്ധിച്ചാലും പക്ഷാഘാതം, ഹൃദ്രോഗം, കാന്‍സര്‍, കിഡ്നി പ്രവര്‍ത്തന രഹിതമാകല്‍ എന്നീ രോഗങ്ങള്‍ നമ്മെ ദുരിതത്തിലേക്ക്‌ തള്ളിവിടുകയോ ചെയ്യാനിടയുണ്ട്‌ എന്നാണ്‌. ഈ ആശങ്ക വലിയൊരളവോളം അടിസ്ഥാനരഹിതമാണ്‌. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്‌ ഏറ്റവും മികച്ച ഘടനയിലാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍(95:4) വ്യക്തമാക്കിയിട്ടുണ്ട്‌. സൃഷ്ടിച്ചതെല്ലാം അല്ലാഹു വിശിഷ്ടമാക്കിയിരിക്കുന്നുവെന്ന്‌ 32:7 സൂക്തത്തിലും, സകല വസ്തുക്കളെയും അല്ലാഹു ഘടനാഭദ്രതയുള്ളതാക്കി എന്ന്‌ 27:88 സൂക്തത്തിലും കാണാം. രോഗാണുക്കള്‍ ഉള്‍പ്പെടെയുള്ളതെല്ലാം അല്ലാഹുവിന്റെ വിശിഷ്ടവും അന്യൂനവും അവികലവുമായ സൃഷ്ടികളാണെന്നത്രെ ഈ രണ്ടു സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

രോഗാണുക്കളും പ്രതിരോധവ്യവസ്ഥയും

ഏതൊരാളുടെയും ഇമ്യൂണ്‍സിസ്റ്റം അഥവാ പ്രതിരോധ വ്യവസ്ഥ ബലഹീനമാകുമ്പോള്‍ മാത്രമാണ്‌ രോഗാണുക്കള്‍ക്ക്‌ അയാളുടെ ശരീരത്തില്‍ അധിനിവേശം നടത്താന്‍ കഴിയുന്നത്‌ എന്ന യാഥാര്‍ഥ്യം ആധുനിക ആരോഗ്യശാസ്ത്രം സംശയാതീതമായി തെളിയിച്ചിട്ടുണ്ട്‌. പ്രതിരോധ വ്യവസ്ഥ ബലഹീനമാകാനുള്ള കാരണങ്ങളില്‍ ഭൂരിഭാഗവും മനുഷ്യരുടെ തന്നെ ദുര്‍വികാരങ്ങളും ദുശ്ശീലങ്ങളുമാണ്‌ എന്നതും ആരോഗ്യശാസ്ത്ര വിദഗ്ധര്‍ പരക്കെ അംഗീകരിച്ചിട്ടുണ്ട്‌. ഭയം, ഉത്കണ്ഠ, നിരാശ, കോപം, വൈരാഗ്യം തുടങ്ങിയ പല ദുര്‍വിചാരങ്ങള്‍ക്കും പുകയില, മയക്കുമരുന്നുകള്‍, മദ്യം തുടങ്ങിയവയോടുള്ള ആസക്തിക്കും അമിതവും അഹിതവുമായ ആഹാരപാനീയങ്ങള്‍ക്കും അവിഹിത ലൈംഗിക വേഴ്ചകള്‍ക്കും വ്യായാമമില്ലായ്മക്കും മറ്റും പ്രതിരോധവ്യവസ്ഥയെ ദുര്‍ബലമാക്കുന്നതില്‍ ഗണ്യമായി പങ്കുണ്ട്‌. പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും പോലുള്ള മനുഷ്യനിയന്ത്രണത്തിന്‌ അതീതമായ ചില കാര്യങ്ങളും പ്രതിരോധവ്യവസ്ഥ ദുര്‍ബലാകാന്‍ കാരണമായിത്തീരാറുണ്ടെങ്കിലും നമ്മുടെ ജീവിതരീതി വലിയ കുഴപ്പമില്ലാത്തതാണെങ്കില്‍ അത്തരം താല്‍ക്കാലിക ദൗര്‍ബല്യങ്ങളെ തരണം ചെയ്യാന്‍ ശരീരത്തിന്‌ കഴിയും. നമ്മുടെ ജീവിതരീതികളിലെയോ ജീവിതപരിസരങ്ങളിലെയോ പ്രതികൂലഘടകങ്ങള്‍ നിമിത്തമുണ്ടാകുന്ന പല രോഗങ്ങളും യഥാര്‍ഥത്തില്‍ നമ്മുടെ ജീവിതം അപകടപ്പെടുത്തന്നവയല്ല. മറിച്ച്‌ ശരീരം സ്വയം രക്ഷയ്ക്ക്‌ വേണ്ടി സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണ്‌ ആ ലക്ഷണങ്ങള്‍. അകാരണമായ ഭയം നിമിത്തം, തുമ്മല്‍, ഛര്‍ദി, ജലദോഷപ്പനി, വയറിളക്കം തുടങ്ങിയ നിസ്സാര രോഗലക്ഷണങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടി വെപ്രാളപ്പെട്ട്‌ നടത്തുന്ന ചികിത്സയാണ്‌ പല ഗുരുതര രോഗങ്ങള്‍ക്കും അടിസ്ഥാന കാരണമായിത്തീരുന്നത്‌. എന്തെങ്കിലും കാരണത്താല്‍ ശരീരം ക്ഷീണിച്ച സമയത്ത്‌ അമിതാഹാരമോ അഹിതാഹാരമോ കഴിച്ചാല്‍ അതുകൊണ്ടുള്ള കുഴപ്പത്തില്‍ നിന്ന്‌ ശരീരത്തിന്‌ മുക്തി ലഭിക്കണമെങ്കില്‍ ഛര്‍ദിയോ വയറിളക്കമോ മുഖേന ആ മോശമായ ആഹാരം പുറന്തള്ളപ്പെടണം. ഈ പുറംതള്ളല്‍ പൂര്‍ത്തിയാകാന്‍ മൂന്നോ നാലോ തവണ ഛര്‍ദിയോ വിരേചനമോ വേണ്ടി വരിക സ്വാഭാവികമാണ്‌. അത്‌ കഴിഞ്ഞാല്‍ ശാരീരിക പ്രവര്‍ത്തനം സാധാരണ ഗതിയിലാകും. ഇതൊക്കെ അടിച്ചമര്‍ത്തുന്ന മരുന്നുകള്‍ കഴിച്ചാല്‍ ശരീരത്തിന്റെ സ്വയരക്ഷാസംവിധാനം (ഡിഫന്‍സ്‌ മെക്കനിസം) ദുര്‍ബലമാകും എന്നതല്ലാതെ യാതൊരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല.

തുമ്മല്‍ എന്ന അനുഗ്രഹം

തുമ്മിയാല്‍ 'അല്‍ഹംദുലില്ലാഹ്‌' (അല്ലാഹുവിന്‌ സ്തുതി) എന്ന്‌ പറയണമെന്നും അത്‌ കേള്‍ക്കുന്നവന്‍ 'യര്‍ഹമുക്കല്ലാഹ്‌' (നിനക്ക്‌ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുമാറാകട്ടെ) എന്ന്‌ പ്രാര്‍ഥിക്കണമെന്നുമാണല്ലോ നബി(സ) പഠിപ്പിച്ചത്‌. തുമ്മല്‍ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്‌ എന്നതത്രെ ഇതിന്‌ കാരണം. നിലനില്‍പിനും സൗഖ്യത്തിനും ഏറ്റവും അനുപേക്ഷ്യമായ കാര്യങ്ങളിലൊന്നാണ്‌ സുഗമമായ ശ്വസനം. പുക, പൊടി, കഫക്കെട്ട്‌ തുടങ്ങിയ കാരണങ്ങളാല്‍ ശ്വസനത്തിന്‌ തടസ്സം നേരിട്ടാല്‍ അതൊഴിവാക്കാനുള്ള അടിയന്തര സംവിധാനമാണ്‌ തുമ്മല്‍. തടസ്സം നീങ്ങി സുഖമായി ശ്വാസോച്ഛാസം ചെയ്യാന്‍ സാധിച്ചതിന്‌ അല്ലാഹുവെ സ്തുതിക്കുകയും പുകയില്‍ നിന്നും പൊടിയില്‍ നിന്നും മറ്റും മാറിനില്‍ക്കുകയും കഫം വര്‍ധിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തി ഒഴിവാക്കുകയുമാണ്‌ യാഥാര്‍ഥ്യബോധമുള്ളവര്‍ ചെയ്യേണ്ടത്‌. എന്നാല്‍ ഇപ്പോള്‍ പലരും ചെയ്യുന്നത്‌ ആന്റി ഹിസ്റ്റെമിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന രാസവസ്തുക്കള്‍ മുഖേന തുമ്മല്‍ എന്ന ദൈവിക അനുഗ്രഹത്തെ അടിച്ചൊതുക്കുകയാണ്‌. ശ്വാസകോശം ഉള്‍പ്പെടെ പല ശാരീരിക വ്യവസ്ഥകളെയും ആലസ്യത്തിലാഴ്ത്തുന്ന ആന്റിഹിസ്റ്റമിനുകള്‍ യഥാര്‍ഥത്തില്‍ ശമനോപാധികളല്ല. വീര്യം കുറഞ്ഞ മയക്കുമരുന്നുകള്‍ മാത്രമാണ്‌.

താപനിലയിലും മറ്റുമുണ്ടാകുന്ന വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാന്‍ ശരീരം നടത്തുന്ന ശ്രമങ്ങളാണ്‌ ജലദോഷലക്ഷണങ്ങളായി നമുക്ക്‌ അനുഭവപ്പെടുന്നത്‌. രണ്ടോ മൂന്നോ ദിവസംകൊണ്ട്‌ അതൊക്കെ തനിയെ ഭേദപ്പെടും. ചികിത്സ വേണമെന്ന്‌ നിര്‍ബന്ധമാണെങ്കില്‍ തുളസി, ചുക്ക്‌ മുതലായ നിരുപദ്രവകരമായ ഔഷധങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാം. എന്നാല്‍ യാഥാര്‍ഥ്യബോധമില്ലാത്ത ആളുകള്‍ ജലദോഷം മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണമായി മാറണമെന്ന നിര്‍ബന്ധം മൂലം ഡോക്ടര്‍മാരെ സമീപിച്ച്‌ രാസഔഷധങ്ങള്‍ ധാരാളമായി അകത്താക്കുന്നു. പെട്ടെന്ന്‌ സുഖപ്പെട്ടാലും ഇല്ലെങ്കിലും ഇത്തരം മരുന്നുകളില്‍ മിക്കതും ദോഷഫലങ്ങള്‍ ഉളവാക്കുന്നവയാണ്‌. ഒന്നോ രണ്ടോ തവണ ഫലപ്പെട്ട മരുന്നുകള്‍ വീണ്ടും ഉപയോഗിക്കുമ്പോള്‍ ഫലപ്പെടാറില്ല എന്നതും ശ്രദ്ധേയമാണ്‌. ജലദോഷം വീണ്ടും വീണ്ടും വരുകയോ വിട്ടുമാറാതിരിക്കുകയോ ആണെങ്കില്‍ മരുന്നുകള്‍ കഴിച്ച്‌ ശരീരവ്യവസ്ഥകളെ ക്ഷയോന്മുഖമാക്കുന്നതിന്‌ പകരം ശമനം തടസ്സപ്പെടുത്തുകയോ വൈകിക്കുകയോ ചെയ്യുന്ന എന്തൊക്കെ ഘടകങ്ങളാണ്‌ നമ്മുടെ ജീവിതരീതിയിലും ഭക്ഷണക്രമത്തിലും മറ്റും ഉള്ളതെന്ന്‌ പരിശോധിച്ച്‌ അവ ഒഴിവാക്കുന്നതാണ്‌ സുരക്ഷിതമായ മാര്‍ഗം.
പ്രതികൂല സാഹചര്യങ്ങളില്‍ ശാരീരിക വ്യവസ്ഥകള്‍ അവതാളത്തിലാകാതിരിക്കാന്‍ വേണ്ടി പരമകാരുണികനായ രക്ഷിതാവ്‌ ഏര്‍പ്പെടുത്തിയിട്ടുള്ള അടിയന്തര ക്രമീകരണങ്ങളെ ഗുരുതരമായ രോഗങ്ങളായി തെറ്റിദ്ധരിച്ച്‌ അകാരണമായ ഭയം വെച്ചുപുലര്‍ത്തുന്നതും അനാവശ്യമായ ചികിത്സകള്‍ നടത്തുന്നതുമാണ്‌ പലപ്പോഴും ആരോഗ്യത്തെ അപകടത്തിലാക്കുന്നത്‌. ഈ യാഥാര്‍ഥ്യം ജനങ്ങള്‍ ഗ്രഹിക്കുന്നത്‌ ഭിഷഗ്വര സമൂഹത്തിന്റെയും മരുന്നു മാഫിയയുടെയും താല്‍പര്യങ്ങള്‍ക്ക്‌ അനുകൂലമല്ലാത്തതിനാല്‍ ഔഷധസേവ കൊണ്ട്‌ മാത്രമേ ആരോഗ്യത്തെ താങ്ങിനിര്‍ത്താന്‍ കഴിയൂ എന്ന ധാരണ വ്യാപകമായി പ്രചരിപ്പിക്കുകയാണ്‌ അവരെല്ലാം ചെയ്യുന്നത്‌. മരുന്നും ചികിത്സയും അത്യാവശ്യമാവുന്ന സന്ദര്‍ഭങ്ങള്‍ ഒരിക്കലും ഉണ്ടാവുകയില്ല എന്ന തെറ്റായ ധാരണ സൃഷ്ടിക്കാനല്ല ഇതെഴുതുന്നത്‌. സമഗ്രമായ ഒരു ആരോഗ്യവീക്ഷണം ചികിത്സകളുടെ ഫലപ്രാപ്തിക്ക്‌ തന്നെ സഹായകമാവുകയും 'ഹൈബജറ്റ്‌' ചികിത്സ മിക്കവാറും ആവശ്യമില്ലാതാക്കിത്തീര്‍ക്കുകയും ചെയ്യും എന്ന അവബോധം ചിന്താശീലര്‍ ക്കെങ്കിലും ഉണ്ടാക്കാനാണ്‌ ഈ വരികള്‍ കുറിക്കുന്നത്‌.

ആന്റിബോഡി എന്ന രക്ഷാകവചം

രോഗാണുക്കളെ സംബന്ധിച്ച്‌ പ്രചരിപ്പിക്കപ്പെടുന്ന ധാരണകളും അബദ്ധജടിലമാണ്‌. പരമകരുണികനായ രക്ഷിതാവ്‌ അവയെ സൃഷ്ടിച്ചൊരുക്കിയത്‌ മനുഷ്യരെ സങ്കീര്‍ണമായ രോഗങ്ങളിലൂടെ പീഡിപ്പിക്കാന്‍ വേണ്ടിയല്ല. രോഗാണുക്കളുടെ സൃഷ്ടിപ്പുകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌ ശൈശവം മുതല്‍ മനുഷ്യരുടെ രോഗപ്രതിരോധ ശേഷി ക്രമേണ പ്രബലീകരിക്കുകയാണ്‌. ഒരു കുട്ടിയെ ശൈശവം മുതല്‍ യൗവനം വരെ രോഗാണുക്കളൊന്നും കടക്കാത്ത ഒരു മുറിയില്‍ വളര്‍ത്തിയാല്‍ അവന്റെ രോഗപ്രതിരോധശേഷി തീര്‍ത്തും ദുര്‍ബലമായിരിക്കും. കുറച്ചൊക്കെ രോഗാണുക്കള്‍ ശരീരത്തില്‍ കടന്നുകൂടുകയും അവയെ ചെറുത്തുതോല്‍പിക്കാന്‍ വേണ്ടി ശരീരം ഒരുക്കുന്ന ആന്റിബോഡികള്‍ (പ്രതിവസ്തുക്കള്‍) അവയ്ക്കും മറ്റു പല രോഗാണുക്കള്‍ക്കുമെതിരില്‍ രക്ഷാകവചമായിത്തീരുകയും ചെയ്യുക എന്നതാണ്‌ രോഗപ്രതിരോധശേഷി ക്രമപ്രവൃദ്ധമായി ശക്തിപ്പെടുത്തുന്നതിനുവേണ്ടി പടച്ചവന്‍ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥ. അതിനാല്‍ രോഗാണുക്കളെ വെറുക്കുകയും ഭയക്കുകയും ചെയ്യുന്നതിനു പകരം സ്നേഹിക്കുകയാണ്‌ കാര്യബോധമുള്ളവര്‍ ചെയ്യേണ്ടത്‌. രോഗാണുക്കള്‍ നമുക്ക്‌ വിനാശകാരികളായിത്തീരുന്നത്‌ നമ്മുടെ ജീവിതരീതിയിലെ തകരാറുകൊണ്ടും കടുത്ത ഭയവും ദു:ഖവും മറ്റും നിമിത്തവും നമ്മുടെ പ്ര തിരോധ സംവിധാനം ഏറെ ദുര്‍ബലമായിരിക്കുമ്പോള്‍ മാത്രമാണ്‌.

വേദന എന്ന സൗഭാഗ്യം

വേദനയെ സംബന്ധിച്ച ഭയമാണ്‌ പലരെയും തളര്‍ത്തിക്കളയുന്ന ഒരു ഘടകം. 'ദൈവമേ, നീ കരുണാമയനാണെങ്കില്‍ ഈ അസഹ്യമായ വേദന എന്തിന്‌ എന്നെ അനുഭവിപ്പിക്കുന്നു' എന്ന്‌ പോലും ചിലര്‍ ചോദിച്ചുപോകാറുണ്ട്‌. വേദനയെ സംബന്ധിച്ച വ്യഥ ചിലരെ വിഷാദരോഗികളാക്കി മാറ്റുകയും ആത്മഹത്യയിലേക്ക്‌ തള്ളിവിടുകയും ചെയ്തിട്ടുണ്ട്‌. യഥാര്‍ഥത്തില്‍ വേദനയെ വെറുക്കുകയോ ഭയക്കുകയോ ചെയ്യുന്നതിന്‌ യാതൊരു അടിസ്ഥാനവുമില്ല. എത്രയോ പരിക്കുകളില്‍ നിന്നും കേടുപാടുകളില്‍ നിന്നും ശരീരത്തെ കാത്തുസൂക്ഷിക്കുന്നത്‌ വേദന എന്ന രക്ഷാസംവിധാനമാണ്‌. ഒരു കുട്ടി ജനിക്കുന്നത്‌ ശരീരത്തില്‍ എവിടെയും സൂചികുത്തിയാല്‍ വേദന അനുഭവപ്പെടാത്ത വിധത്തിലാണെങ്കില്‍ അവന്റെ നിലനില്‍പ്‌ ഏറെ പ്രയാസകരമായിരിക്കും. ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദന ഒട്ടും അനുഭവപ്പെടാതിരിക്കുക എന്നതാണല്ലോ കുഷ്ഠരോഗിയുടെ നിര്‍ഭാഗ്യം. പക്ഷെ, വേദനയോട്‌ തികച്ചും നിഷേധാത്മകമായ നിലപാടാണ്‌ എല്ലാവരും പുലര്‍ത്തുന്നത്‌. വേദനാ സംഹാരി, പെയിന്‍ കില്ലര്‍ എന്നീ പദങ്ങളുടെ സൂചന തന്നെ ശത്രുതാപരമാണല്ലോ. ഒരു അനുഷ്ഠാനമെന്ന നിലയില്‍ വേദന അനുഭവിക്കണമെന്നല്ല ഉദ്ദേശിക്കുന്നത്‌. പ്രത്യുത, വേദനയെന്ന രക്ഷാസന്ദേശത്തെ ശരിയായ അര്‍ഥത്തില്‍ ഗ്രഹിക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യണമെന്നാണ്‌. ശരീരത്തിലെവിടെയെങ്കിലും കേടുപാട്‌ സംഭവിക്കുന്നതിനെതിരില്‍ കാരുണ്യപൂര്‍വം ഉണര്‍ത്തുന്ന വേദനയെ സംഹരിക്കാന്‍ ശ്രമിക്കുന്നതിനുപകരം അതിന്റെ ഉറവിടം കണ്ടെത്തി കുഴപ്പമൊഴിവാക്കുകയും വേദന മുഖേന മുഴുസമയ ജാഗ്രതയൊരുക്കിയ സൃഷ്ടികര്‍ത്താവിനോട്‌ നന്ദി കാണിക്കുകയുമാണ്‌ സല്‍ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്‌.

സര്‍വതല സ്പര്‍ശിയായ ആരോഗ്യദര്‍ശനം

സമ്പൂര്‍ണ ശിഫാ ആയിട്ടുള്ള വിശുദ്ധ ഖുര്‍ആനില്‍ ആത്മീയവും മാനസികവും ശാരീരികവുമായ മുഴുവന്‍ രോഗങ്ങളില്‍ നിന്നും മുക്തി നല്‍കാന്‍ ഉപയുക്തമാകുന്ന സമഗ്ര ആരോഗ്യദര്‍ശനമുണ്ട്‌. നിരവധി സൂക്തങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആ ദര്‍ശനത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ഇവിടെ വിശകലനവിധേയമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ചില സൂചനകള്‍ കൊണ്ട്‌ മതിയാക്കുന്നു. ദൈവികഗ്രന്ഥത്തില്‍ ഏറെ ഊന്നല്‍ നല്‍കിയിട്ടുള്ളത്‌ ആത്മവിശുദ്ധിക്കാണ്‌. 91:9,10 സൂക്തങ്ങള്‍ നോക്കുക. സ്വന്തം അസ്തിത്വത്തെ അഥവാ ആത്മാവിനെ പരിശുദ്ധമാക്കിയവന്‌ സാര്‍വത്രിക വിജയവും ആത്മാവിനെ കളങ്കപ്പെടുത്തിയവന്‌ ആത്യന്തികമായ പരാജയവും ഉണ്ടാകുമെന്നത്രെ ഈ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ആത്മവിശുദ്ധിക്കായി ദൈവികഗ്രന്ഥങ്ങള്‍ നിര്‍ദേശിക്കുന്ന എല്ലാ കാര്യങ്ങളും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്‌ കൂടി വഴിതെളിയിക്കുന്നതത്രെ. മനുഷ്യബന്ധങ്ങളെയെല്ലാം സ്നേഹവും കാരുണ്യവും കൊണ്ട്‌ കൂട്ടിയിണക്കാന്‍ ആഹ്വാനം ചെയ്യുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ മനുഷ്യരെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തിലേക്ക്‌ നയിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യം സര്‍വവസ്തുക്കള്‍ക്കും വ്യാപകമായിട്ടുള്ളതാണെന്ന്‌ പഠിപ്പിക്കുന്ന സൂക്തം (7:156) വിശ്വാസികളുടെ എല്ലാ മാനസിക സംഘര്‍ഷങ്ങളും ലഘൂകരിക്കാന്‍ പര്യാപ്തമാകുന്നു. അനുവദനീയവും വിശിഷ്ടവുമായ ഭക്ഷ്യവസ്തുക്കള്‍ മാത്രം കഴിക്കണമെന്നും ആഹാരപാനീയങ്ങളില്‍ അതിരു കവിയരുതെന്നും അനുശാസിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ (2:168, 7:31) അമിതാഹാരവും അഹിതാഹാരവും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരില്‍ സത്യവിശ്വാസികളെ ജാഗരൂകരാക്കുന്നു. മദ്യവും പന്നിമാംസവും ശവങ്ങളും രക്തവും നിഷിദ്ധമായി വിധിക്കുന്ന സൂക്തങ്ങള്‍ (5:3, 5:90) ഒട്ടേറെ ഭക്ഷ്യജന്യരോഗങ്ങളില്‍ നിന്ന്‌ വിശ്വാസികളെ സംരക്ഷിക്കുന്നു. തീ ര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത്‌ ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു"(90:4). "എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരെളുപ്പമുണ്ടായിരിക്കും" (94:5) എന്നീ ഖുര്‍ആന്‍ സൂക്തങ്ങള്‍, അധ്വാനമോ വ്യായാമമോ ഇല്ലാത്ത അലസതാ വിലസിതമായ ജീവിതം സൗഖ്യത്തിലേക്കോ സാഫല്യത്തിലേക്കോ നയിക്കുകയില്ലെന്ന്‌ സൂചിപ്പിക്കുന്നു.

ആരോഗ്യത്തിന്‌ ലോകാരോഗ്യസംഘടന നല്‍കിയിട്ടുള്ള നിര്‍വചനം 'മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതി' എന്നാണ്‌. ഈ നിര്‍വചനപ്രകാരമുള്ള സമഗ്രആരോഗ്യം സാക്ഷാത്കരിക്കാന്‍ ഉതകുന്ന മാര്‍ഗദര്‍ശനമത്രെ ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളിലും നബിവചനങ്ങളിലുമുള്ളത്‌. ശരീരവും വസ്ത്രവും പരിസരവും ആഹാരപാനീയങ്ങളും സംശുദ്ധമായിരിക്കണമെന്ന്‌ അനുശാസിക്കുന്ന ഇസ്ലാം മാലിന്യജന്യമായ സകല രോഗങ്ങളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്നു. ചേലാകര്‍മം നിര്‍ദേശിക്കുകയും ശരീരവും വസ്ത്രവും മൂത്രത്തില്‍ നിന്ന്‌ തികച്ചും ശുദ്ധമാക്കണമെന്ന്‌ വിധിക്കുകയും ചെയ്യുന്ന ഇസ്ലാം വിശ്വാസികളെ ശുചിത്വത്തില്‍ ഉന്നതനിലവാരമുള്ളവരാക്കുന്നു. ലഹരിക്കും ആസക്തികള്‍ക്കും ദുര്‍വികാരങ്ങള്‍ക്കും ദുര്‍വൃത്തികള്‍ക്കുമെതിരില്‍ കര്‍ക്കശമായ നിലപാട്‌ സ്വീകരിക്കുന്ന ഇസ്ലാം യഥാര്‍ഥ വിശ്വാസികളെ തികഞ്ഞ മാനസിക-ശാരീരിക സൗഖ്യംകൊണ്ട്‌ ധന്യരാക്കുന്നു. മാതാപിതാക്കള്‍, മക്കള്‍, സ ഹോദരങ്ങള്‍, ഇണകള്‍, ബന്ധുക്ക ള്‍, അയല്‍ക്കാര്‍, ഗുരുനാഥന്മാര്‍, സ ഹപ്രവര്‍ത്തകര്‍, പങ്കാളികള്‍ എന്നിവരോടുള്ള ബാധ്യതകള്‍ യഥോചി തം നിറവേറ്റുന്ന സത്യവിശ്വാസികള്‍ സാമൂഹിക സൗഖ്യത്തില്‍ മറ്റുപല വിഭാഗങ്ങളെയും കവച്ചുവെക്കുന്നു. അനാരോഗ്യത്തിന്‌ വഴിവെക്കുന്ന യാതൊന്നും ഇസ്ലാമിക അധ്യാപനങ്ങളില്‍ ഇല്ല എന്ന കാര്യവും ഇതോടൊപ്പം വിലയിരുത്തേണ്ടതാകുന്നു.