പാപ പരിഹാരത്തിന്റെ അവശ്യ ഉപാധികള്‍
പ്രവാചകന്മാരെ നിയോഗിക്കുകയും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയും ചെയ്‌തതുകൊണ്ട്‌ അല്ലാഹു ഉദ്ദേശിച്ചത്‌ മനുഷ്യരെ സംശുദ്ധരാക്കുകയും അതുവഴി ഇഹപര സൌഭാഗ്യങ്ങള്‍ക്ക്‌ അവരെ അര്‍ഹരാക്കുകയും ചെയ്യാനാണ്‌. ``നിങ്ങള്‍ക്ക്‌ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും തന്റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം(വി.ഖു. 5:6). തെറ്റായ വിശ്വാസങ്ങളും ദുസ്സ്വഭാവങ്ങളും ദുഷ്‌പ്രവൃത്തികളും ജീവിതത്തെ കളങ്കപങ്കിലമാക്കിത്തീര്‍ക്കും. അതില്‍ നിന്നൊക്കെ മോചനം നേടിയാലേ ജീവിതം സംശുദ്ധമാകൂ. അല്ലാഹു മാത്രമാണ്‌ രക്ഷിതാവും ആരാധ്യനും എന്ന വിശ്വാസത്തിന്‌ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചവര്‍ കണിശമായ ഏകദൈവത്വം സ്വീകരിക്കുന്നതോടെ പൂര്‍വകാലത്ത്‌ വന്നുപോയ അവരുടെ തെറ്റുകളൊക്കെ അല്ലാഹു പൊറുക്കുമെന്നത്രെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. എന്നാല്‍ വീണ്ടും അവിശ്വാസത്തിലേക്കോ ബഹുദൈവവിശ്വാസത്തിലേക്കോ തിരിച്ചുപോകുന്നവര്‍ക്ക്‌ അല്ലാഹു പൊറുത്തുകൊടുക്കുകയില്ലെന്ന്‌ വ്യക്തമാക്കിയിട്ടുമുണ്ട്‌.``സത്യനിഷേധികളോട്‌, അവര്‍ വിരമിക്കുകയാണെങ്കില്‍ അവര്‍ മുമ്പ്‌ ചെയ്‌തുപോയിട്ടുള്ളത്‌ അവര്‍ക്ക്‌ പൊറുത്തുകൊടുക്കപ്പെടും എന്ന്‌ നീ പറയുക. ഇനി അവര്‍ (നിഷേധത്തിലേക്ക്‌ തന്നെ) മടങ്ങുകയാണെങ്കിലോ, പൂര്‍വികരുടെ കാര്യത്തില്‍ (അല്ലാഹുവിന്റെ) നടപടി കഴിഞ്ഞുപോയിട്ടുണ്ടല്ലോ(വി.ഖു 8:38). ``തന്നോട്‌ പങ്കുചേര്‍ക്കപ്പെടുക എന്നത്‌ അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴികെയുള്ളത്‌ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കും. ആര്‍ അല്ലാഹുവോട്‌ പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു.(വി.ഖു 4:116)

ശിര്‍ക്കും കുഫ്‌റും (ബഹുദൈവാരാധനയും സത്യനിഷേധവും) കഴിഞ്ഞാല്‍ ജീവിതത്തെ ഏറ്റവുമധികം കളങ്കപ്പെടുത്തുന്നത്‌ വന്‍ പാപങ്ങളാണ്‌. വന്‍ പാപങ്ങളില്‍ ഏറ്റവും ഗുരുതരമായത്‌ അന്യായമായ കൊലപാതകമാണ്‌. കൊലയാളി ശാശ്വതമായ നരകശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന്‌ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ``ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനപ്പൂര്‍വം കൊലപ്പെടുത്തുകയാണെങ്കില്‍ അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവന്‍ അതില്‍ നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും അവനെ ശപിക്കുകയും ചെയ്‌തിരിക്കുന്നു. കനത്ത ശിക്ഷയാണ്‌ അവനുവേണ്ടി അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്‌ (വി.ഖു 4:93). എന്നാല്‍ കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതരമായ പാപങ്ങളും നിഷ്‌കളങ്കമായി പശ്ചാത്തപിക്കുന്നവര്‍ക്ക്‌ അല്ലാഹു പൊറുത്തുകൊടുക്കുമെന്നാണ്‌ സൂറത്തുല്‍ ഫുര്‍ഖാനിലെ എഴുപതാം സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. പ്രബലമായ ഹദീസുകളിലും ഇതിന്‌ തെളിവുണ്ട്‌.

പാപങ്ങളുടെ കൂട്ടത്തില്‍ അല്ലാഹുവോടും മനുഷ്യരോടും ചെയ്യുന്ന തെറ്റുകളുണ്ട്‌. അല്ലാഹുവോട്‌ മാത്രമായി ചെയ്യുന്ന തെറ്റുകളുമുണ്ട്‌. മനുഷ്യരോട്‌ ചെയ്‌ത പാപങ്ങളില്‍ നിന്ന്‌ മോചനം ലഭിക്കണമെങ്കില്‍ അവര്‍ മാപ്പ്‌ നല്‌കേണ്ടത്‌ അനിവാര്യമാകുന്നു. മോഷണം, കവര്‍ച്ച, ശാരീരികമോ സാമ്പത്തികമോ ആയ കയ്യേറ്റങ്ങള്‍, അപമാനിക്കല്‍, പരദൂഷണം, അപവാദം പറയല്‍ തുടങ്ങിയ കുറ്റങ്ങള്‍ അല്ലാഹുവിന്റെ ആജ്ഞകളുടെ ലംഘനമാണെന്നതു പോലെത്തന്നെ മനുഷ്യരുടെ നേരെയുള്ള അക്രമവും കൂടിയാണ്‌. ധനാപഹരണം നടത്തിയവന്‍ അത്‌ തിരിച്ചുകൊടുക്കുകയും ഉടമസ്ഥരോട്‌ മാപ്പ്‌ തേടുകയും ചെയ്യണം. മറ്റു തരത്തില്‍ ദ്രോഹിച്ചവര്‍ അതിന്ന്‌ പരിഹാരമാര്‍ഗം തേടണം. വാക്കുകൊണ്ട്‌ വേദനിപ്പിച്ചവരോട്‌ നിര്‍വ്യാജം ക്ഷമ ചോദിക്കണം.

അളവിലും തൂക്കത്തിലും കമ്മിവരുത്തുന്നവരും, മായംചേര്‍ത്ത വസ്‌തുക്കള്‍ വില്‌ക്കുന്നവരും, മയക്കുമരുന്നുകള്‍ വിതരണം നടത്തുന്നവരും, ഗുരുതരമായ പരിസരമലിനീകരണം നടത്തുന്നവരും മറ്റും തങ്ങളുടെ ദ്രോഹത്തിന്‌ ഇരയാകുന്നവരെ കൃത്യമായി അറിയാത്തവരാണ്‌. എല്ലാവരില്‍ നിന്നും അവര്‍ക്ക്‌ പൊറുത്തുകിട്ടാനുള്ള സാധ്യത വളരെ കുറവാണ്‌. പരലോകത്തെത്തുമ്പോള്‍ അവര്‍ മോചനമില്ലാത്ത പാപക്കെണിയിലിരിക്കും. മയ്യിത്ത്‌ നമസ്‌കാരവേളയില്‍ നടത്തപ്പെടുന്ന അഭ്യര്‍ഥന, അത്തരക്കാര്‍ കുറ്റവിമുക്തരാകാന്‍ പര്യാപ്‌തമാകണമെന്നില്ല. അതിനാല്‍ അപരാധമുക്തരായിക്കൊണ്ട്‌ അല്ലാഹുവെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ജനങ്ങള്‍ക്ക്‌ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒട്ടും ദ്രോഹം വരുത്താതെ ശ്രദ്ധിച്ചു ജീവിക്കുകയാണ്‌ വേണ്ടത്‌.

പാപത്തില്‍ നിന്നും അതു നിമിത്തമുണ്ടാകുന്ന ശിക്ഷയില്‍ നിന്നും മുക്തിലഭിക്കാന്‍ ദിയ:, കഫ്‌ഫാറ:, ഫിദ്യ:, തൌബ: എന്നീ പരിഹാരങ്ങളാണ്‌ വിശുദ്ധഖുര്‍ആനില്‍ നിര്‍ദേശിച്ചിട്ടുള്ളത്‌. ഘാതകന്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്‌ നല്‌കേണ്ട നഷ്‌ടപരിഹാരമാണ്‌ ദിയ:. കൊലയാളിക്ക്‌ കൊല്ലപ്പെട്ടയാളുടെ ഉറ്റബന്ധുവില്‍ നിന്ന്‌ മാപ്പ്‌ ലഭിക്കുകയാണെങ്കില്‍ അയാള്‍ ന്യായമായ നിലയില്‍ നഷ്‌ടപരിഹാരം നല്‌കണമെന്ന്‌ 2:178 സൂക്തത്തില്‍ ആജ്ഞാപിച്ചിട്ടുണ്ട്‌. ഒരു സത്യവിശ്വാസിയെ അബദ്ധവശാല്‍ വധിക്കാന്‍ ഇടയായാല്‍ അയാളുടെ കുടുംബത്തിന്‌ ദിയ: നല്‌കുന്നതിന്‌ പുറമെ കഫ്‌ഫാറ: (പ്രായശ്ചിത്തം) എന്ന നിലയില്‍ ഒരു വിശ്വാസിയായ അടിമയെ അടിമത്തത്തില്‍ നിന്ന്‌ മോചിപ്പിക്കുകയും വേണമെന്ന്‌ 4:92 സൂക്തത്തില്‍ അനുശാസിച്ചിരിക്കുന്നു. അടിമമോചനം സാധ്യമാകാത്ത പക്ഷം തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്‌ഠിക്കുകയാണ്‌ പ്രായശ്ചിത്തം.

അല്ലാഹുവിന്റെ പേരില്‍ ശപഥംചെയ്‌തിട്ട്‌ അത്‌ നിറവേറ്റാതെ ലംഘിച്ചാല്‍, പത്ത്‌ അഗതികള്‍ക്ക്‌ ഭക്ഷണമോ വസ്‌ത്രമോ നല്‌കുക, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുക, അതൊന്നും സാധിച്ചില്ലെങ്കില്‍ മൂന്ന്‌ ദിവസം നോമ്പനുഷ്‌ഠിക്കുക എന്നിങ്ങനെയുള്ള പ്രായശ്ചിത്തം ചെയ്യാനാണ്‌ 5:89 സൂക്തത്തില്‍ കല്‌പിച്ചിട്ടുള്ളത്‌. ഹജ്ജിന്‌/ഉംറയ്ക്ക്‌ ഇഹ്‌റാമില്‍ പ്രവേശിച്ച നിലയില്‍ ബോധപൂര്‍വം വല്ല ജന്തുവെയും കൊന്നാല്‍ ബലിയോ അന്നദാനമോ വ്രതമോ പ്രായശ്ചിത്തമായി 5:95 സൂക്തത്തില്‍ നിര്‍ദേശിച്ചിരിക്കുന്നു. നോമ്പനുഷ്‌ഠിക്കാന്‍ ഏറെ പ്രയാസമുള്ള ആള്‍ നോമ്പ്‌ ഉപേക്ഷിക്കുകയാണെങ്കില്‍ അതിന്‌ പകരം ഫിദ്യ: (പ്രായശ്ചിത്തം) എന്ന നിലയില്‍ അഗതിക്ക്‌ ആഹാരം നല്‌കണമെന്നാണ്‌ 2:184 സൂക്തത്തിലെ നിര്‍ദേശം. റമദ്വാനിന്റെ പകലില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട വ്യക്തി ആ പാപത്തിന്‌ പ്രായശ്ചിത്തമായി ഒരു അടിമയെ മോചിപ്പിക്കുകയോ രണ്ടു മാസം തുടര്‍ച്ചയായി നോമ്പനുഷ്‌ഠിക്കുകയോ അറുപത്‌ അഗതികള്‍ക്ക്‌ ആഹാരം നല്‌കുകയോ ചെയ്യണമെന്ന്‌ നബി(സ) കല്‌പിച്ചതായി ബുഖാരിയും മുസ്ലിമും മറ്റു പ്രമുഖ ഹദീസ്‌ ഗ്രന്ഥകാരന്മാരും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ദിയ:, ഫിദ്യ:, കഫ്‌ഫാറ: എന്നിവയ്ക്ക്‌ പുറമെ, ഗുരുതരമായ പാപങ്ങളില്‍ നിന്ന്‌ മുക്തി ലഭിക്കാന്‍ നിഷ്‌കളങ്കമായ തൌബയും അനുപേക്ഷ്യമാകുന്നു. അപരാധങ്ങളും അതിക്രമങ്ങളും ഒഴിവാക്കി ഖേദപൂര്‍വം അല്ലാഹുവിങ്കലേക്ക്‌ മടങ്ങുന്നതിനാണ്‌ തൌബ: എന്ന്‌ പറയുന്നത്‌. തെറ്റു പറ്റിപ്പോയതില്‍ അതിയായ ഖേദമുണ്ടാവുക, ഇനി തെറ്റ്‌ ആവര്‍ത്തിക്കുകയില്ലെന്ന്‌ ദൃഢനിശ്ചയം ചെയ്യുക, തെറ്റ്‌ പൊറുത്തുതരാന്‍ അല്ലാഹുവോട്‌ വിനീതമായി പ്രാര്‍ഥിക്കുക –ഇവ തൌബ: നിഷ്‌കളങ്കവും സ്വീകാര്യവും ആയിത്തീരാന്‍ ഒഴിച്ചുകൂടാത്തതാകുന്നു. ``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട്‌ മടങ്ങുക. നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ പാപങ്ങള്‍ മാച്ചുകളയുകയും താഴ്‌ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം(വി.ഖു 66:8). പൂര്‍വ പ്രവാചകന്മാരില്‍ പലരും അവരുടെ ജനതയെ, പാപമോചനം തേടണമെന്നും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചു മടങ്ങണമെന്നും ഉല്‍ബോധിപ്പിച്ചതായി വിശുദ്ധ ഖുര്‍ആനില്‍ എടുത്തുപറഞ്ഞിട്ടുണ്ട്‌. ഹൂദ്‌ നബി(അ)യുടെ വാക്കുകള്‍:

``എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. എന്നിട്ട്‌ അവങ്കലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക്‌ സമൃദ്ധമായി മഴ അയച്ചുതരികയും നിങ്ങളുടെ ശക്തിയിലേക്ക്‌ അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്‌. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട്‌ പിന്തിരിഞ്ഞു പോകരുത്‌.(വി.ഖു 11:52)

സ്വാലിഹ്‌ നബി(അ)യുടെ വാക്കുകള്‍: ``എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവും ഇല്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന്‌ സൃഷ്‌ടിച്ചു വളര്‍ത്തുകയും അവിടെ അധിവസിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ അവനോട്‌ പാപമോചനം തേടുകയും എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. എന്റെ രക്ഷിതാവ്‌ സമീപസ്ഥനും (പ്രാര്‍ഥനക്ക്‌) ഉത്തരം നല്‌കുന്നവനുമാകുന്നു.(വി.ഖു 11:61)

നൂഹ്നബി(അ)യുടെ വാക്കുകള്‍: ``അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക്‌ മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട്‌ നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും നിങ്ങള്‍ക്കവന്‍ തോട്ടങ്ങളും അരുവികളും ഉണ്ടാക്കിത്തരികയും ചെയ്യും.(വി.ഖു 71:10–12)

പാപത്തിന്റെ കറകള്‍ നിഷ്‌കളങ്കമായ പശ്ചാത്താപത്തിലൂടെ കഴുകിക്കളഞ്ഞാല്‍ അല്ലാഹു ഇഹത്തിലും പരത്തിലും അവന്റെ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞുതരുമെന്നത്രെ ഇതില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നത്‌. പശ്ചാത്താപത്തിന്റെ സ്വീകാര്യതയും അസ്വീകാര്യതയും വ്യവച്ഛേദിച്ചുകൊണ്ട്‌ അല്ലാഹു ഇപ്രകാരം പറയുന്നു: ``പശ്ചാത്താപം സ്വീകരിച്ചാല്‍ അല്ലാഹു ബാധ്യതയേറ്റിട്ടുള്ളത്‌ അറിവുകേട്‌ നിമിത്തം തിന്മ ചെയ്യുകയും എന്നിട്ട്‌ താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക്‌ മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. പശ്ചാത്താപം എന്നത്‌, തെറ്റുകള്‍ ചെയ്‌തുകൊണ്ടിരിക്കുകയും, എന്നിട്ട്‌ മരണം ആസന്നമാകുമ്പോള്‍, ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായി മരണമടയുന്നവര്‍ക്കുള്ളതുമല്ല. അത്തരക്കാര്‍ക്ക്‌ വേദനയേറിയ ശിക്ഷയാണ്‌ നാം ഒരുക്കിവെച്ചിട്ടുള്ളത്‌. (വി.ഖു 4:18)

0 comments:

Post a Comment