തികച്ചു വാങ്ങുകയും കുറച്ചു കൊടുക്കുകയും ചെയ്യുന്നവര്‍




വിശുദ്ധ ഖുര്‍ആനിലെ എണ്‍പത്തിമൂന്നാം അധ്യായത്തിന്റെ പേര്‌ `മുത്വഫ്‌ഫിഫീന്‍ അഥവാ അളവില്‍ കമ്മിവരുത്തുന്നവര്‍ എന്നാണ്‌. ഈ അധ്യായത്തിലെ ആദ്യ സൂക്തങ്ങള്‍ ഇപ്രകാരമാകുന്നു: ``അളവില്‍ കുറയ്ക്കുന്നവര്‍ക്ക്‌ മഹാനാശം. അതായത്‌ ജനങ്ങളോട്‌ അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും, ജനങ്ങള്‍ക്ക്‌ അളുന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്‌ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്‌, ആ കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ ഭയങ്കരമായ ഒരു ദിവസത്തിനായി എഴുന്നേല്‌പിക്കപ്പെടുന്നവരാണെന്ന്‌? അതെ, ലോകരക്ഷിതാവിങ്കലേക്ക്‌ ജനങ്ങള്‍ എഴുന്നേറ്റുവരുന്ന ദിവസം. (83:1–6)

കൊടുക്കേണ്ടത്‌ പരമാവധി കുറച്ചുകൊടുക്കുക, കിട്ടേണ്ടത്‌ പരമാവധി കൂടുതല്‍ വാങ്ങുക –ഇതാണ്‌ വന്‍ലാഭം നേടാന്‍ പണക്കൊതിയന്മാര്‍ എക്കാലത്തും സ്വീകരിച്ചുപോന്ന തന്ത്രം. ഉല്‌പാദകരില്‍ നിന്ന്‌ ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും മറ്റു ഉല്‌പന്നങ്ങളും വാങ്ങുന്ന മൊത്ത വ്യാപാരികള്‍ സാധനങ്ങള്‍ പൂര്‍ണമായ അളവിലും തൂക്കത്തിലും തന്നെ വാങ്ങുന്നു. പക്ഷെ, കടകളില്‍ നിന്ന്‌ ചില്ലറയായി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക്‌ പലപ്പോഴും അളവും തൂക്കവും തികച്ചു കിട്ടാറില്ല. പലതരം അളവു പാത്രങ്ങളും തൂക്കരീതികളും നിലവിലുണ്ടായിരുന്ന കാലത്ത്‌ ഉല്‌പാദകരും ഉപഭോക്താക്കളും ഒരുപോലെ ഇടത്തട്ടുകാരാല്‍ വന്‍തോതില്‍ കബളിപ്പിക്കപ്പെട്ടിരുന്നു. മെട്രിക്ക്‌ അളവ്‌ തൂക്കങ്ങള്‍ നടപ്പിലാവുകയും, ലീഗല്‍ മെട്രോളജി വകുപ്പ്‌ കൃത്രിമങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങുകയും ചെയ്‌തതോടെ ജാഗ്രതയുള്ള ഉപഭോക്താക്കളെ കബളിപ്പിക്കുക പ്രയാസകരമായിത്തീര്‍ന്നിട്ടുണ്ട്‌. സാമര്‍ഥ്യം കുറഞ്ഞ സ്‌ത്രീകളും കുട്ടികളുമാണ്‌ സാധനങ്ങള്‍ വാങ്ങുന്നതെങ്കില്‍ ചെറിയ കൃത്രിമങ്ങള്‍ കാണിക്കാന്‍ മടിക്കാത്ത ചില വ്യാപാരികള്‍ ഇപ്പോഴുമുണ്ട്‌. പലതരം തുലാസുകളില്‍ ചിലതിന്റെ കൃത്യതയ്ക്ക്‌ ചിലപ്പോള്‍ യാന്ത്രിക കാരണങ്ങളാല്‍ കോട്ടം തട്ടാറുള്ളതും ഉപഭോക്താക്കള്‍ക്ക്‌ നഷ്‌ടം വരുത്തിവെക്കാറുണ്ട്‌.

അളവിലും തൂക്കത്തിലും കമ്മി വരുത്തുന്നതുപോലെ തന്നെയാണ്‌ സാധനങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന കൃത്രിമങ്ങള്‍. സ്വര്‍ണത്തിന്റെ മാറ്റ്‌ മാറ്റിമറിച്ചുകൊണ്ടാണ്‌ ഇക്കാലത്ത്‌ പലരും ഭീമമായ തുകയുടെ കൃത്രിമങ്ങള്‍ കാണിക്കുന്നത്‌. മഞ്ഞ ലോഹത്തിന്റെ പരിശുദ്ധിയെ സംബന്ധിച്ച്‌ വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന വന്‍കിട ആഭരണ വ്യാപാരികള്‍ പോലും ഈ വിഷയകമായി തികഞ്ഞ സത്യസന്ധത പാലിക്കുന്നില്ലെന്നാണ്‌ ആഭരണങ്ങള്‍ വില്‌ക്കുകയോ ഉരുക്കുകയോ ചെയ്യേണ്ടിവന്ന ചില ഉപഭോക്താക്കള്‍ പരാതിപ്പെടുന്നത്‌. ഉപഭോക്താക്കളില്‍ ബഹുഭൂരിപക്ഷവും കാരറ്റിന്റെ കാര്യത്തില്‍ അഭിജ്ഞരല്ല എന്നത്‌ കൃത്രിമക്കാര്‍ക്ക്‌ ഏറെ അനുകൂലമായിത്തീരുന്നു. ഇതുപോലെ തന്നെ ബഹുജനങ്ങള്‍ക്ക്‌ സൂക്ഷ്‌മമായി മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമാണ്‌ ഇലക്‌ട്രിക്‌–ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ ഗുണനിലവാരം. ഒറിജനല്‍ സാധനമാണെന്ന്‌ പ്രമുഖ വ്യാപാരികള്‍ പറഞ്ഞത്‌ വിശ്വസിച്ച്‌ ഉപകരണങ്ങള്‍ വാങ്ങിയ പലര്‍ക്കും വൈകാതെ ബോധ്യപ്പെടുന്നു തങ്ങള്‍ കബളിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന്‌.

അത്യാധുനിക ഫാഷന്‌ വേണ്ടി യുവതീയുവാക്കള്‍ തള്ളിക്കയറുന്ന വന്‍കിട വസ്‌ത്രാലയങ്ങളില്‍ രണ്ടു തരത്തില്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നു. കൊള്ളലാഭത്തിലൂടെയും ഗുണമേന്മക്കുറവിലൂടെയും. യഥാര്‍ഥ ഉല്‌പാദനച്ചെലവിന്റെ അനേകം മടങ്ങാണ്‌ സിനിമാ താരങ്ങള്‍ ധരിച്ച മോഡലുകള്‍ക്കും മറ്റും വിലയിടുന്നത്‌. ഒന്നോ രണ്ടോ തവണ കഴുകുമ്പോഴേക്കും അവയില്‍ പലതും കോലം കെട്ടുപോകുന്നു. കബളിപ്പിക്കപ്പെടുന്നതിലും നഷ്‌ടം പറ്റുന്നതിലും മനപ്രയാസം തോന്നാത്ത കുബേരവര്‍ഗമാണ്‌ ഫാഷനു വേണ്ടി നിര്‍ലോഭം പണം തുലയ്ക്കുന്നത്‌ എന്ന വസ്‌തുത, ഭീമമായ തുക വാങ്ങി മൂല്യംകുറഞ്ഞ വസ്‌ത്രങ്ങള്‍ നല്‌കുന്ന ബിസിനസ്സിന്‌ സാധൂകരണമാവുകയില്ല.

ഇതില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമല്ലാത്ത മറ്റൊരു മേഖലയാണ്‌ സ്റ്റാര്‍ ഹോട്ടല്‍, റിസോര്‍ട്ട്‌, സ്‌പാ ബിസിനസ്‌. ഈ സ്ഥാപനങ്ങളെല്ലാം ഉപഭോക്താക്കളില്‍ നിന്ന്‌ അതിഭീമമായ തുക വാങ്ങി അതിനു മാത്രം മൂല്യമില്ലാത്ത സേവനമാണ്‌ നല്‌കിക്കൊണ്ടിരിക്കുന്നത്‌. അത്യപൂര്‍വ സുഖവാസ–സുഖ ചികിത്സാകേന്ദ്രങ്ങളായ സ്‌പാകളില്‍ ഒരു ദിവസം കഴിച്ചുകൂട്ടുന്നതിന്‌ പതിനായിരക്കണക്കില്‍ രൂപയാണ്‌ ഈടാക്കുന്നത്‌. അവിടെ നിന്ന്‌ ഉപഭോക്താവിന്‌ ലഭിക്കുന്ന സേവനങ്ങളുടെ യഥാര്‍ഥ മൂല്യം വിലയിരുത്തിയാലറിയാം വലിയവരുടെ വമ്പന്‍ മൌഢ്യത്തിന്റെ വില എത്ര കനത്തതാണെന്ന്‌!

ആരോഗ്യമുള്ളവരെ ചൂഷണം ചെയ്യുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റമാണ്‌ രോഗികളെ ദാക്ഷിണ്യം കൂടാതെ ഞെക്കിപ്പിഴിഞ്ഞ്‌ കൊള്ളലാഭമെടുക്കുന്നത്‌. ജീവന്‍ രക്ഷാമരുന്നുകള്‍ എന്ന്‌ പറയപ്പെടുന്നവയ്ക്ക്‌ മരുന്നു മാഫിയകളും ആശുപത്രി വ്യവസായികളും ചേര്‍ന്ന്‌ രോഗികളില്‍ നിന്ന്‌ ഈടാക്കുന്നത്‌ ഉല്‌പാദനച്ചെലവിന്റെ നൂറുകണക്കില്‍ മടങ്ങാണ്‌. സഹകരണ ആശുപത്രികള്‍ പോലും ചില മരുന്നുകളുടെ വില്‌പനയില്‍ രണ്ടും മൂന്നും ഇരട്ടി ലാഭമെടുക്കുന്ന കഥകള്‍ ഒരു പ്രമുഖ മലയാളപത്രം ഇയ്യിടെ വെളിച്ചത്ത്‌ കൊണ്ടുവന്നത്‌ വായനക്കാരുടെ മനസ്സില്‍ പച്ചപിടിച്ചു നില്‌ക്കുന്നുണ്ടാകും. ശമനാതീത ഘട്ടത്തിലെത്തിയ രോഗികളുടെ ശരീരത്തില്‍ പതിനായിരക്കണക്കിന്‌ വിലയുള്ള ഇന്‍ജക്ഷന്‍ മരുന്നുകള്‍ കുത്തിക്കയറ്റിയും പ്രയോജനരഹിതമായ ശസ്‌ത്രക്രിയകള്‍ നടത്തിയും കൊള്ളലാഭമെടുക്കുന്ന ആശുപത്രികള്‍ ഏറെയുണ്ട്‌. പാവപ്പെട്ട രോഗികള്‍ക്കു വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും സമാഹരിച്ചു നല്‌കുന്ന പതിനായിരങ്ങളോ ലക്ഷങ്ങളോ ആയിരിക്കും ചിലപ്പോള്‍ ആരോഗ്യരംഗത്തെ കടല്‍ കൊള്ളക്കാര്‍ പിടിച്ചുപറിക്കുന്നത്‌. ജനങ്ങളില്‍ നിന്ന്‌ പരമാവധി വാങ്ങുകയും അവര്‍ക്ക്‌ കഷ്‌ടപ്പാടുകളല്ലാതെ യാതൊന്നും തിരിച്ചുകൊടുക്കാതിരിക്കുകയും ചെയ്യുന്നവരും ഈ മേഖലയില്‍ ഏറെയുണ്ട്‌.

സര്‍ക്കാരില്‍ നിന്ന്‌ പരമാവധി ശമ്പളം വിലപേശി വാങ്ങുകയും ജനങ്ങള്‍ക്ക്‌ പരമാവധി കുറച്ചു മാത്രം സേവനം നല്‌കുകയും ചെയ്യുന്നവരാണ്‌ ഉദ്യോഗസ്ഥ സമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗം. ചെയ്യുന്ന മുഴുവന്‍ ജോലിക്കും കൈക്കൂലി വാങ്ങുന്ന തരക്കാരും കുറവല്ല. പരീക്ഷയും മൂല്യനിര്‍ണയവും മാര്‍ക്ക്‌ ലിസ്റ്റുമൊക്കെ കേവലം പ്രഹസനമാക്കുകയും ഉഴപ്പിന്റെ ടാര്‍ഗറ്റ്‌ പൂര്‍ത്തിയാക്കുകയും ചെയ്യുന്ന വിചിത്ര ധിഷണാശാലികള്‍ അധ്യാപക സമൂഹത്തില്‍ വിരളമല്ല. ജിജ്ഞാസയുള്ള വിദ്യാര്‍ഥികള്‍ക്കും അവരുടെ ഉല്‍ക്കര്‍ഷത്തില്‍ താല്‌പര്യമുള്ള രക്ഷിതാക്കള്‍ക്കും മധ്യേ എങ്ങനെയാണ്‌ ചില അധ്യാപകര്‍ക്ക്‌ നിസ്സംഗതയുടെയും അനാസ്ഥയുടെയും ഉത്തമോദാഹരണങ്ങളായി പരിലസിക്കാന്‍ കഴിയുന്നതെന്നോര്‍ത്ത്‌ വേവലാതിപ്പെട്ടിട്ട്‌ കാര്യമില്ല.

നിത്യോപയോഗ സാധനങ്ങളുടെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ മുസ്ലിംസമൂഹത്തില്‍ വളരെയധികമുണ്ട്‌. അളവിലും തൂക്കത്തിലും കമ്മി വരുത്തല്‍ മാത്രമല്ല, മായംചേര്‍ത്തതും അനാരോഗ്യകരവുമായ ഭക്ഷ്യവസ്‌തുക്കളുടെ വില്‌പനയും ഗുണമേന്മ കുറഞ്ഞ സാധനങ്ങള്‍ മുന്തിയതെന്ന്‌ പറഞ്ഞു വില്‌ക്കലും അവരില്‍ പലരും വ്യാപകമായി നടത്തുന്നു. പോളീഷ്‌ ചെയ്‌ത ധാന്യങ്ങളും പയറുവര്‍ഗങ്ങളും ആരോഗ്യത്തിന്‌ ഹാനികരമാണെന്ന്‌ വിദഗ്‌ധര്‍ ഉറപ്പിച്ച്‌ പറഞ്ഞിട്ടും സൂപ്പര്‍ ഫൈന്‍ എന്ന നിലയിലാണ്‌ വ്യാപാരികള്‍ അവ വിറ്റുവരുന്നത്‌. തീര്‍ത്തും അനാരോഗ്യകരമായ കൃത്രിമ വര്‍ണകങ്ങളും എസ്സന്‍സുകളും ടേസ്റ്റ്‌പൌഡര്‍ എന്ന്‌ പേരുള്ള വിഷപദാര്‍ഥമായ അജിനാമോട്ടയും മനസ്സാക്ഷിക്കുത്തില്ലാതെ അവര്‍ വിറ്റു ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. പച്ചക്കറികള്‍ നല്ലതും കേടായതും ചേര്‍ത്തു വില്‌ക്കുന്നതും നല്ല പഴങ്ങള്‍ ഉപഭോക്താക്കള്‍ കാണുന്നേടത്ത്‌ വെച്ച്‌ പിന്നില്‍ നിന്ന്‌ മോശപ്പെട്ടവ എടുത്ത്‌ പാക്ക്‌ചെയ്‌ത്‌ തികഞ്ഞ വില വാങ്ങുന്നതും ഭക്തരായി കരുതപ്പെടുന്ന കച്ചവടക്കാര്‍ക്കുപോലും മോശമായി തോന്നുന്നില്ല.

ഇതുപോലെ ജനങ്ങളില്‍ നിന്നും തികച്ചും വാങ്ങുകയും അവര്‍ക്ക്‌ തിരിച്ചുനല്‌കുന്നതില്‍ കമ്മി വരുത്തലും കബളിപ്പിക്കലും നടത്തുകയും ചെയ്യുന്നവര്‍ക്ക്‌ മഹാനാശം എന്നാണ്‌ ലോകരക്ഷിതാവ്‌ പറഞ്ഞിരിക്കുന്നത്‌. മഹാനാശം നേരിടുന്നത്‌ ഇഹത്തിലും പരത്തിലുമാകാം. പരലോകത്ത്‌ മാത്രവുമാകാം. എന്തായാലും ലോകരക്ഷിതാവിനല്ലാതെ മറ്റാര്‍ക്കും ആ നാശത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ കഴിയില്ല. `ഇതൊക്കെ എല്ലാവരും ചെയ്യുന്നത്‌ തന്നെയല്ലേ എന്ന ചിന്ത രക്ഷാദായകമാവുകയില്ല. എല്ലാവരും ദുഷിക്കുമ്പോള്‍ നന്മയുടെയും നീതിയുടെയും സത്യസന്ധതയുടെയും സംശുദ്ധമായ മാതൃക കാഴ്‌ചവെക്കേണ്ടവരാണ്‌ സത്യവിശ്വാസികള്‍.

0 comments:

Post a Comment