പുരുഷനും ബുര്‍ഖയോ ?
ചോദ്യം :

അന്യപുരുഷനെ അന്യസ്‌ത്രീ നോക്കുന്നതും അന്യസ്‌ത്രീയെ അന്യ പുരുഷന്‍ നോക്കുന്നതും ഹറാമാണല്ലോ. ഔറത്ത്‌ മറക്കാന്‍ സ്‌ത്രീകള്‍ ബുര്‍ഖ ധരിക്കുന്നുമുണ്ട്‌. എന്നാല്‍ അന്യസ്‌ത്രീകള്‍ പുരുഷനെ കാണാതിരിക്കാന്‍ പുരുഷനും ബുര്‍ഖ ധരിക്കേണ്ടതല്ലേ ?

ഉത്തരം :

ദൃഷ്‌ടികള്‍ താഴ്‌ത്താന്‍ അഥവാ മോഹത്തോടെയുള്ള നോട്ടം ഒഴിവാക്കാന്‍ വിശുദ്ധഖുര്‍ആനില്‍ ആദ്യമായി കല്‌പിച്ചിട്ടുള്ളത്‌ പുരുഷന്മാരോടാണ്‌; പിന്നീട്‌ സ്‌ത്രീകളോടും. "നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തു സൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും പറയുക.'' (24:30,31) പലരും ആരോപിക്കുന്നതുപോലെ ഇസ്‌ലാം പുരുഷമേധാവിത്വത്തിന്റെ മതമാണെങ്കില്‍ ആദ്യമായി പുരുഷന്മാരുടെ നോട്ടത്തിന്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധ്യതയില്ല.

പുരുഷന്മാര്‍ ഗോപ്യഭാഗങ്ങള്‍ മറയുന്ന മാന്യമായ വസ്‌ത്രം ധരിക്കണമെന്ന്‌ തന്നെയാണ്‌ അല്ലാഹുവും റസൂലും(സ) പഠിപ്പിച്ചിട്ടുള്ളത്‌. സ്‌ത്രീകള്‍ മുഖവും കൈപ്പടങ്ങളും ഒഴികെയുള്ള ഭാഗങ്ങള്‍ മുഴുവന്‍ മറയുന്ന വസ്‌ത്രം ധരിക്കണമെന്ന്‌ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ളത്‌ അവരുടെ തെന്ന സുരക്ഷിതത്വത്തിനുവേണ്ടിയാണ്‌. വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറയുന്നത്‌ നോക്കുക: "നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്‌ത്രീകളോടും തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്‌ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (33:59)


അംഗലാവണ്യം തുറന്നു കാണിക്കുന്ന വസ്‌ത്രധാരണം സ്‌ത്രീകള്‍ ലൈംഗികകൈയേറ്റത്തിന്‌ ഇരയാകാന്‍ ഒരു പ്രധാനകാരണമാണെന്ന്‌ പല സാമൂഹ്യശാസ്‌ത്രജ്ഞരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. പുരുഷന്മാര്‍ ഏത്‌ തരത്തിലുള്ള വസ്‌ത്രം ധരിച്ചാലും സ്‌ത്രീകള്‍ അവരുടെ നേരെ ലൈംഗികകൈയേറ്റം നടത്തുന്നില്ല എന്നത്‌ അനിഷേധ്യ സത്യമാണ്‌. ലൈംഗികപീഡനത്തിന്‌ ഇരയാകുന്ന സ്‌ത്രീകള്‍ വര്‍ണനാതീതമായ കഷ്‌ടതകള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍, അവര്‍ വേഷത്തിലും വാക്കിലും നോക്കിലും സൂക്ഷ്‌മത പുലര്‍ത്തണമെന്ന്‌ അല്ലാഹു അനുശാസിച്ചത്‌ പക്വമതികള്‍ക്കൊക്കെ യുക്തിസഹമെന്ന്‌ ബോധ്യപ്പെടും. യാഥാര്‍ഥ്യ ബോധമില്ലാത്തവര്‍ മാത്രമേ അനാവശ്യ സംശയങ്ങളുമായി തര്‍ക്കിക്കാന്‍ വരൂ.

0 comments:

Post a Comment