അല്ലാഹു ആദ്യം സൃഷ്‌ടിച്ചത്‌ എന്താണ്‌ ?
ചോദ്യം :

അല്ലാഹു ആദ്യം സൃഷ്‌ടിച്ചത്‌ പേനയാണെന്നും, മറ്റൊരു ഹദീസില്‍ ബുദ്ധിയാണ്‌ ആദ്യം സൃഷ്‌ടിക്കപ്പെട്ടതെന്നും കാണുന്നു. ആദ്യം സൃഷ്‌ടിക്കപ്പെട്ടത്‌ മുഹമ്മദ്‌ നബിയാണെന്ന്‌ മറ്റു ചിലരും പറയുന്നു. അല്ലാഹു ആദ്യം സൃഷ്‌ടിച്ചത്‌ എന്തിനെയാണ്‌?

ഉത്തരം :

"അല്ലാഹുവാണ്‌ ഏതൊരു വസ്‌തുവിന്റെയും സ്രഷ്‌ടാവ്‌'' എന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (39:62) വ്യക്തമാക്കിയിട്ടുണ്ട്‌. ഇതനുസരിച്ച്‌ അല്ലാഹുവല്ലാത്തതെല്ലാം സൃഷ്‌ടിക്കപ്പെട്ടവയാണ്‌. ഇതില്‍ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക്‌ ഗോചരമാകുന്നതും അല്ലാത്തവയും ഉണ്ടാകും. ആകാശഗോളങ്ങളും ഭൂമിയും ദൃശ്യപ്രപഞ്ചത്തിന്റെ ഭാഗമാണ്‌. അവയുടെ സൃഷ്‌ടിപ്പിനെ സംബന്ധിച്ച്‌ ഒരു ഖുര്‍ആന്‍ സൂക്തത്തില്‍ ഇപ്രകാരം കാണാം: "ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്‌ടിച്ചത്‌ അവനത്രെ. അവന്റെ അര്‍ശ്‌ വെള്ളത്തിന്മേലായിരുന്നു'' (11:7). ആകാശങ്ങളും ഭൂമിയും സൃഷ്‌ടിക്കുന്നതിനു മുമ്പ്‌ അല്ലാഹുവിന്റെ അര്‍ശ്‌ ഉണ്ടായിരുന്നു എന്നത്രെ ഈ സൂക്തത്തില്‍ നിന്നും ചില നബിവചനങ്ങളില്‍ നിന്നും ഗ്രഹിക്കാവുന്നത്‌.

എന്താണ്‌ അര്‍ശ്‌? അതിന്റെ ഘടന എങ്ങനെയാണ്‌? ഇതിനൊന്നും വ്യക്തമായ ഉത്തരം വിശുദ്ധ ഖുര്‍ആനില്‍ നിന്നോ പ്രാമാണികമായ ഹദീസുകളില്‍ നിന്നോ ലഭിക്കുന്നില്ല. രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും ഇരിപ്പിടത്തെ അഥവാ അധികാരപീഠത്തെ കുറിക്കാന്‍ മലയാളത്തില്‍ പ്രയോഗിക്കുന്ന സിംഹാസനം എന്ന പദമാണ്‌ അര്‍ശിന്‌ തര്‍ജമയായി പലരും നല്‍കിക്കാണുന്നത്‌. ഈ പദപ്രയോഗത്തിന്റെ സാധുതയെ സംബന്ധിച്ച്‌ 'മുസ്ലിമി'ന്‌ ഉറപ്പിച്ചു പറയാനാവില്ല. അര്‍ശ്‌ ദൃശ്യപ്രപഞ്ചത്തിന്റെ ഭാഗമല്ലെന്നാണ്‌ 11:7 സൂക്തത്തിന്റെ സൂചന.

ഇംറാനുബ്‌നു ഹുസൈനില്‍ നിന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: "യമന്‍കാര്‍ നബി(സ)യുടെ അടുത്ത്‌ വന്നിട്ട്‌ പറഞ്ഞു: മതപരമായ അറിവ്‌ നേടാനാണ്‌ ഞങ്ങള്‍ താങ്കളുടെ അടുക്കല്‍ വന്നത്‌. ഈ കാര്യത്തിന്റെ ആരംഭത്തെക്കുറിച്ച്‌ ഞങ്ങള്‍ അങ്ങയോട്‌ ചോദിക്കട്ടെ. അവിടുന്ന്‌ പറഞ്ഞു: അല്ലാഹു ഉണ്ടായിരുന്നു. അവന്‌ മുമ്പ്‌/അവന്റെ കൂടെ/അവനല്ലാതെ യാതൊരു വസ്‌തുവും ഉണ്ടായിരുന്നില്ല. അവന്റെ അര്‍ശ്‌ വെള്ളത്തിന്മേലായിരുന്നു. ദിക്‌റില്‍ അവന്‍ എല്ലാ കാര്യവും എഴുതിവെച്ചു. ആകാശങ്ങളും ഭൂമിയും അവന്‍ സൃഷ്‌ടിക്കുകയും ചെയ്‌തു.'' ദൃശ്യപ്രപഞ്ചം സൃഷ്‌ടിക്കുന്നതിന്‌ മുമ്പ്‌ അര്‍ശ്‌ ഉണ്ടായിരുന്നുവെന്ന്‌ ഈ ഹദീസും സൂചിപ്പിക്കുന്നുണ്ട്‌. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ അര്‍ശാണ്‌ അല്ലാഹു സൃഷ്‌ടിച്ച ആദ്യവസ്‌തുവെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അര്‍ശ്‌ വെള്ളത്തിന്മേലായിരുന്നുവെന്ന്‌ ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കിയിട്ടുള്ളതുകൊണ്ട്‌ ആദ്യം സൃഷ്‌ടിക്കപ്പെട്ടത്‌ വെള്ളമാണെന്നത്രെ മറ്റുചില പണ്ഡിതന്മാരുടെ അഭിപ്രായം. വെള്ളവും അര്‍ശും ഒരേ സമയത്തുതന്നെ സൃഷ്‌ടിക്കപ്പെട്ടിരിക്കാനും സാധ്യതയുണ്ട്‌. ആകാശഭൂമികള്‍ക്ക്‌ മുമ്പ്‌ അല്ലാഹു സൃഷ്‌ടിച്ച ജലം ദൃശ്യപ്രപഞ്ചത്തിന്റെ ഭാഗമായ, നമുക്ക്‌ പരിചിതമായ ജലമായിരിക്കാന്‍ സാധ്യതയില്ല. സ്ഥിതി ചെയ്യാന്‍ പാത്രത്തിന്റെയോ പ്രതലത്തിന്റെയോ ആവശ്യമില്ലാത്ത വാതകസമാനമായ ഒരുതരം സവിശേഷജലമായിരിക്കാനാണ്‌ സാധ്യത.

അല്ലാഹു ഏറ്റവും ആദ്യമായി സൃഷ്‌ടിച്ചത്‌ 'പേന'യാണെന്നും, അതിനോട്‌ എഴുതൂ എന്ന്‌ അവന്‍ കല്‍പിച്ചപ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍വരെ ഉണ്ടാകാനുള്ള കാര്യങ്ങളെല്ലാം ആലേഖനം ചെയ്യപ്പെട്ടുവെന്നും റസൂല്‍(സ) പറഞ്ഞതായി അഹ്മദ്‌, അബൂദാവൂദ്‌, തിര്‍മിദി എന്നിവര്‍ ഉബാദത്തുബ്‌നുസ്സാമിതില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍, അര്‍ശിനെക്കാള്‍ മുമ്പ്‌ പേനയാണ്‌ അല്ലാഹു സൃഷ്‌ടിച്ചതെന്ന്‌ ഉറപ്പിച്ചുപറയാന്‍ മാത്രം പ്രബലമായ തെളിവല്ല ഈ ഹദീസ്‌. നേരത്തെ ഉദ്ധരിച്ച ബുഖാരിയുടെ ഹദീസിന്റെ വാചകഘടനപ്രകാരം പേനയുടെ സൃഷ്‌ടിപ്പും സര്‍വകാര്യങ്ങളുടെയും ആലേഖനവും അര്‍ശിനെ സൃഷ്‌ടിച്ചതിനു ശേഷമായിരിക്കാന്‍ സാധ്യതയുണ്ട്‌. ആദ്യം സൃഷ്‌ടിക്കപ്പെട്ടത്‌ ബുദ്ധിയാണെന്നോ മുഹമ്മദ്‌ നബി(സ)യാണെന്നോ വ്യക്തമാക്കുന്ന പ്രബലമായ തെളിവ്‌ `മുസ്ലിം' കണ്ടിട്ടില്ല.

0 comments:

Post a Comment