കൌമാരത്തിന്‌ ദിശാബോധം നല്‌കാന്‍
മനുഷ്യ ജീവിതത്തിലെ അനിതരമായ ഒരു ദശാസന്ധിയാണ്‌ കൌമാരം. കുട്ടിത്തം വിട്ടെങ്കിലും യൌവനത്തിലെത്താത്ത അവസ്ഥ. ബാധ്യതകളെയും ഭവിഷ്യത്തുകളെയും കുറിച്ച്‌ ചിന്തിച്ച്‌ വേവലാതിപ്പെടേണ്ടതില്ലാത്ത കുട്ടികള്‍ക്ക്‌ മിക്കപ്പോഴും മാതാപിതാക്കളുടെ സ്‌നേഹവും പിന്തുണയും നിര്‍ലോഭമായി ലഭിക്കുന്നു. രക്ഷിതാക്കളുടെ മേല്‍നോട്ടം എല്ലായ്‌പ്പോഴുമുള്ളതിനാല്‍ കുട്ടികള്‍ അപഥസഞ്ചാരികളും കുറ്റവാളികളുമായിത്തീരാനുള്ള സാധ്യത കുറവാണ്‌. തകര്‍ന്ന കുടുംബങ്ങളിലെ സന്തതികള്‍ പോലുള്ള നിരാലംബരായ കുട്ടികള്‍ മാത്രമേ സാമൂഹ്യവിരുദ്ധരുടെയും മറ്റും കെണികളില്‍ അകപ്പെട്ട്‌ തുലഞ്ഞുപോകാന്‍ മിക്കവാറും സാധ്യതയുള്ളൂ. എന്നാല്‍ കൌമാരത്തിന്റെ അവസ്ഥ ഇതില്‍നിന്ന്‌ തികച്ചും വ്യത്യസ്‌തമാണ്‌. സ്വാതന്ത്ര്യവാഞ്‌ഛയാണ്‌ കൌമാരത്തിന്റെ മുഖമുദ്ര. മാതാപിതാക്കളോടും കുടുംബത്തിലെ മുതിര്‍ന്നവരോടും അച്ചടക്കം പുലര്‍ത്തുന്ന കൌമാരപ്രായക്കാര്‍പോലും പല രംഗങ്ങളിലും സ്വതന്ത്രമായി വിഹരിക്കാന്‍ വെമ്പല്‍കൊള്ളുന്നു. മാതാപിതാക്കളെ ആശ്രയിക്കാതെ പല കാര്യങ്ങളും സ്വന്തമായി കൈകാര്യം ചെയ്യാന്‍ തിടുക്കം കാണിക്കുന്നു. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വ്യത്യസ്‌തതയും പുതുമയും പ്രകടിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നു. നൂതന പ്രവണതകളോടെല്ലാം ത്യാജ്യഗ്രാഹ്യ വിവേചനം കൂടാതെ അഭിനിവേശം കാണിക്കുന്നു. പഴഞ്ചന്‍ എന്ന്‌ മുദ്രകുത്തി പലതിനെയും തള്ളിപ്പറയാനുള്ള ധാര്‍ഷ്‌ട്യവും ചിലപ്പോള്‍ തലനീട്ടുന്നു.

ഹോര്‍മോണുകളുടെ പ്രഭാവവും ലൈംഗിക വളര്‍ച്ചയും കൌമാരത്തെ പലപ്പോഴും വൈകാരികമായ ആന്ദോളനങ്ങളിലേക്ക്‌ നയിക്കുന്നു. സദാചാര നിയമങ്ങളോട്‌ പൂര്‍ണമായ പ്രതിബദ്ധത പുലര്‍ത്താന്‍ പാകപ്പെടാത്ത മാനസികാവസ്ഥ ഇതിന്റെ ഉപോല്‍പന്നമായിരിക്കും. ലൈംഗിക വിഷയങ്ങളില്‍ പക്വവും അപക്വവുമായ സമീപനങ്ങള്‍ ഏതൊക്കെയെന്ന്‌ വ്യവച്ഛേദിച്ചു വിലയിരുത്താനുള്ള ആര്‍ജവം കൌമാരപ്രായത്തില്‍ പലര്‍ക്കും അപ്രാപ്യമായിരിക്കും. സാഹിത്യങ്ങളും മാധ്യമങ്ങളും ദൃശ്യകലകളും കൌമാരത്തെ അപക്വ ലൈംഗികധാരണകളിലേക്ക്‌ തള്ളിവിടുന്നതില്‍ ചെറുതല്ലാത്ത പങ്ക്‌ വഹിക്കുന്നുണ്ട്‌. മാതൃകാപരമായ ദൌമ്പത്യത്തിന്റെ മഹിതഭാവങ്ങള്‍ യഥാതഥമായി ആവിഷ്‌കരിച്ചാല്‍ അത്‌ കലയോ സാഹിത്യമോ ആവില്ലെന്നാണല്ലോ കരുതപ്പെടുന്നത്‌. പക്വമായ ലൈംഗികവീക്ഷണത്തെക്കുറിച്ച്‌ കൌമാരപ്രായക്കാരെ ബോധവത്‌കരിക്കാന്‍ രക്ഷിതാക്കള്‍ക്കോ ഗുരുജനങ്ങള്‍ക്കോ മറ്റു മാര്‍ഗദര്‍ശികള്‍ക്കോ സാധിക്കാത്തതും കൌമാരം ദുഷ്‌പ്രവണതകള്‍ക്ക്‌ വശംവദമാകുന്നതിന്റെ ഒരു പ്രധാന കാരണമാകുന്നു.

കുടുംബാന്തരീക്ഷത്തിലും ഗ്രാമീണപശ്ചാത്തലത്തിലുമാകുമ്പോള്‍ ഗുരുതരമായ സദാചാര ലംഘനത്തിന്‌ മുതിരാത്ത കൌമാരപ്രായക്കാര്‍ കാമ്പസുകളിലും ഹോസ്റ്റലുകളിലുമെത്തുമ്പോള്‍ സംഘബോധത്തിന്റെ ബലത്തില്‍ പലപ്പോഴും അതിരുവിടുകയും അതിക്രമങ്ങളിലേക്ക്‌ നീങ്ങുകയും ചെയ്യുന്നു. നവവത്സരാഘോഷം, പ്രണയദിനാഘോഷം തുടങ്ങിയ കോപ്രായങ്ങളും പിക്‌നിക്‌ പരിപാടുകളുമൊക്കെ സദാചാരബോധത്തോട്‌ വിടപറയാനുള്ള അവസരങ്ങളായിട്ടാണ്‌ കാമ്പസുകളില്‍ അടയാളപ്പെടുത്തപ്പെടുന്നത്‌. കൌമാരത്തിനും ആരബ്‌ധ യൌവനത്തിനും അല്‌പം പ്രായംകുറഞ്ഞവരുടെ നേര്‍ക്ക്‌ ലൈംഗികമായ കടന്നാക്രമണം നടത്താനുള്ള ഒരു ഹേതുവായിട്ടാണ്‌ ഹോസ്റ്റലുകളില്‍ റാഗിംഗ്‌ പരിഗണിക്കപ്പെടുന്നത്‌. ഇരകള്‍ക്ക്‌ ആയുഷ്‌കാലം മുഴുവന്‍ പേടിസ്വപ്‌നമായി തുടരുന്ന റാഗിംഗ്‌ വിക്രിയകള്‍ ചിലപ്പോഴെങ്കിലും ശിക്ഷാനടപടികള്‍ക്ക്‌ വിധേയമാവുകയും ചെയ്യുന്നു. രക്ഷിതാക്കള്‍ ഏറെ പ്രതീക്ഷയോടെ പഠിക്കാനായച്ച മൂന്നു ചെറുപ്പക്കാര്‍ റാഗിംഗിന്റെ പേരില്‍ നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ക്ക്‌ അഞ്ചും പത്തും വര്‍ഷം കഠിനതടവ്‌ ശിക്ഷ വിധിക്കപ്പെട്ടത്‌ അടുത്ത ദിവസമാണല്ലോ.

ത്രസിക്കുന്ന കൌമാരത്തിന്റെ അധിക ഊര്‍ജം തിരിച്ചുവിടുന്ന മേഖലകളാണ്‌ രാഷ്‌ട്രീയ–സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തനങ്ങള്‍. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്ന പലരും അവിഹിത ലൈംഗികത, മദ്യ–മയക്കുമരുന്ന്‌ ആസക്തി തുടങ്ങിയ തിന്മകളിലേക്ക്‌ വഴുതിപ്പോകാറില്ല എന്നത്‌ ശുഭോദര്‍ക്കമാണെങ്കിലും രാഷ്‌ട്രീയവും വര്‍ഗീയവുമായ സ്‌പര്‍ധയുടെ പേരില്‍ ഹിംസാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവര്‍ മടിക്കാറില്ല. ക്യാംപസ്‌ അക്രമങ്ങള്‍ നിസ്സാരമായ അടിപിടികള്‍ മുതല്‍ കൊപാതകം വരെ നീളുന്നു. അറിവ്‌ തേടിപ്പോയ കൌമാരപ്രായക്കാരന്‍ ശവമായി വീട്ടില്‍ തിരിച്ചെത്തുന്നതോ കൊലക്കുറ്റത്തിന്‌ കഠിന ശിക്ഷ അനുഭവിക്കേണ്ടിവരുന്നതോ രക്ഷിതാക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കും സഹിക്കാന്‍ കഴിയില്ല.

ലക്ഷണയുക്തമായ വ്യക്തിത്വത്തിലേക്കുള്ള വികാസത്തിന്റെ ചവിട്ടുപടിയായ കൌമാരത്തില്‍ പുതുതലമുറയ്ക്ക്‌ അടിപതറാതിരിക്കുക എന്നത്‌ സമൂഹത്തിന്റെ ഭാവിയെ സംബന്ധിച്ചേടത്തോളം നിര്‍ണായകമാണ്‌. ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ബാധ്യസ്ഥരായ ഇസ്ലാമിക പ്രവര്‍ത്തകര്‍ ഒട്ടും അവഗണിക്കാന്‍ പാടില്ലാത്ത വിഷയമാണിത്‌. നമ്മുടെ ഇളംതലമുറ മതനിഷേധത്തിലേക്കോ ബഹുദൈവത്വത്തിലേക്കോ ലൈംഗിക അരാജകത്വത്തിലേക്കോ മദ്യ–മയക്കുമരുന്ന്‌ ആസക്തിയിലേക്കോ കുറ്റകൃത്യങ്ങളിലേക്കോ വഴുതിപ്പോകാതിരിക്കണമെങ്കില്‍ കൌമാരത്തെ സകല അപചയങ്ങളില്‍ നിന്നും കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി ആസൂത്രിതമായ പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്‌. പത്താമത്തെയോ പന്ത്രണ്ടാമത്തെയോ വയസ്സില്‍ അവസാനിപ്പിക്കുന്ന മദ്‌റസാ വിദ്യാഭ്യാസത്തിന്‌ ഉല്‍കൃഷ്‌ട വ്യക്തിത്വത്തിന്റെ വികസനത്തില്‍ താരതമ്യേന ചെറിയ പങ്ക്‌ മാത്രമേ വഹിക്കാന്‍ കഴിയൂ. ആവേഗവും ആവേശവും ആസക്തിയും കൊണ്ട്‌ ജീവിതം ചടുലവും വിക്ഷുബ്‌ധവുമാകുന്ന കൌമാര പ്രായത്തില്‍ വാഗ്വിചാര കര്‍മങ്ങളെ സ്വാധീനിക്കാന്‍ മദ്‌റസാ പാഠങ്ങളുടെ ശിഷ്‌ടസ്‌മൃതികള്‍ പലപ്പോഴും മതിയായില്ലെന്ന്‌ വരാം.

പരമ്പരാഗത മതപ്രബോധന പരിപാടികളില്‍ ചിലത്‌ കൌമാരപ്രായക്കാരുടെ കൌതുകങ്ങളും കുതൂഹലങ്ങളും ചിന്തകളും വികാരങ്ങളും സിദ്ധാന്തങ്ങളും തിരയടിക്കുന്ന മനസ്സുകളില്‍ ഒരു ഇടം നേടാന്‍ പര്യാപ്‌തമായില്ലെന്ന്‌ വരാം. നമ്മില്‍ പലരും കൌമാരത്തിലൂടെ കടന്നുവരുമ്പോള്‍ നമ്മെ സ്വാധീനിച്ച ഭൌതിക സാഹചര്യങ്ങളില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമായിരിക്കും ഇന്നത്തെ കൌമാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. സാര്‍വലൌകിക നന്മകളുടെയും തിന്മകളുടെയും തിരനോട്ടം നടക്കുന്ന ഇന്റര്‍നെറ്റ്‌, തിന്മകളുടെ എക്‌സ്‌പ്രസ്‌ വേകള്‍ കൂടി ഒരുക്കുന്ന മൊബൈല്‍ ഫോണുകള്‍, നാഴികകളെയും വിനാഴികകളെയും മുഴുവന്‍ മദാലസയാമങ്ങളാക്കി മാറ്റുന്ന എഫ്‌ എം റോഡിയോകള്‍ തുടങ്ങി പലതും കൌമാരത്തിന്റെ മനോഘടനയെയും ശീലങ്ങളെയും അഭിരുചികളെയും എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്ന്‌ വിലയിരുത്തിയാലേ ദൈവികമതത്തിന്റെ മൌലികത വളരുന്ന തലമുറയ്ക്ക്‌ അനുഭവവേദ്യമാക്കാനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ നിര്‍ണയിക്കാന്‍ കഴിയൂ.

മതപണ്ഡിതന്മാരും സാമൂഹ്യശാസ്‌ത്രജ്ഞരും മനശ്ശാസ്‌ത്രജ്ഞരും മാധ്യമപ്രവര്‍ത്തകരും ഒന്നിച്ചിരുന്ന്‌ ചര്‍ച്ചചെയ്‌താല്‍ ഇന്നത്തെ കൌമാരപ്രായക്കാരെ എല്ലാ വിധ അപച്യുതികളില്‍ നിന്നും മോചിപ്പിച്ച്‌ ആദര്‍ശത്തിളക്കവും അര്‍പ്പണബോധവും കര്‍മോത്സുകതയുമുള്ളവരാക്കിത്തീര്‍ക്കുന്നതിനുവേണ്ടിയുള്ള വിജയകരമായ പ്രവര്‍ത്തന പരിപാടിയുടെ രൂപരേഖ ആവിഷ്‌കരിക്കാന്‍ കഴിയുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം. വാര്‍ഷികപ്പരീക്ഷകള്‍ നടക്കാന്‍ പോകുന്ന ഈ സന്ദര്‍ഭത്തില്‍ തന്നെ ആസൂത്രണങ്ങള്‍ ആരംഭിച്ചാല്‍ അടുത്ത അവധിക്കാലത്ത്‌ കേരളത്തിന്റെ പല ഭാഗങ്ങളിലും കൌമാരത്തെ ലക്ഷ്യംവെച്ച്‌ കൊണ്ടുള്ള ബോധവത്‌കരണ–ദിശാനിര്‍ണയ പരിപാടികള്‍ ശാസ്‌ത്രീയമായി ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ കഴിഞ്ഞേക്കും. ഏകപക്ഷീയമായ ഉല്‍ബോധനങ്ങളെക്കാള്‍ കൌമാരപ്രായക്കാരുടെ സംശയങ്ങളും തെറ്റിദ്ധാരണകളും അകറ്റാനും അവരുടെ ആശങ്കകള്‍ക്കും ഉല്‍ക്കണ്‌ഠകള്‍ക്കും പരിഹാരം നിര്‍ദേശിക്കാനും ഉതകുന്ന ഒരു `അഡോളസന്‍സ്‌ പാക്കേജായിരിക്കണം വിദഗ്‌ധര്‍ മുന്നോട്ടുവെക്കേണ്ടത്‌. ടി വി ചാനലുകളില്‍ നിന്നും ഇന്റര്‍നെറ്റില്‍നിന്നും മറ്റും കൌമാരക്കാരെ പൂര്‍ണമായി മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നത്‌ മൌഢ്യമായിരിക്കും. അതിനുപകരം ആധുനിക സാങ്കേതിക സൌകര്യങ്ങളെ ഗുണദോഷ വിവേചനത്തോടെ ഉപയോഗപ്പെടുത്താനും, അവയുടെ പ്രയോജനങ്ങള്‍ സ്വാംശീകരിക്കാനും ദോഷങ്ങള്‍ ഒഴിവാക്കാനുമുള്ള പക്വതയിലേക്ക്‌ പുതുതലമുറയെ നയിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളാണ്‌ ആരായേണ്ടത്‌.

ആദര്‍ശപ്രതിബദ്ധതയുടെയും ധര്‍മനിഷ്‌ഠയുടെയും ഉത്തരവാദിത്ത ബോധത്തിന്റെയും കാര്യത്തില്‍ ചാഞ്ചല്യവും വ്യതിയാന സാധ്യതയും കൌമാരത്തില്‍ സ്വാഭാവികമാണ്‌. ക്രമപ്രവൃദ്ധവും ഗുണകാംക്ഷാ നിര്‍ഭരവുമായ ബോധവത്‌കരണ ശ്രമങ്ങളിലൂടെ മാത്രമേ കൌമാരപ്രായക്കാരെ പക്വതയുടെയും സന്മാര്‍ഗനിഷ്‌ഠയുടെയും പാതയിലേക്ക്‌ നയിക്കാന്‍ കഴിയൂ. കൌമാരത്തിന്റെ ചാപല്യങ്ങളെയും ചാഞ്ചല്യങ്ങളെയും കടുത്ത അസഹിഷ്‌ണുതയോടെ വീക്ഷിക്കുന്ന കാര്‍ക്കശ്യക്കാര്‍ക്ക്‌ വളരുന്ന തലമുറയെ ദിശാബോധത്തിലേക്ക്‌ നയിക്കുന്നതില്‍ ക്രിയാത്മകമായ പങ്ക്‌ വഹിക്കാന്‍ കഴിയില്ല. സംഗീതത്തോടും കലയോടുമുള്ള അഭിനിവേശം കൌമാരത്തില്‍ കൂടുതല്‍ പ്രകടമായിരിക്കും. നാടുനീളെ നടക്കുന്ന യുവജനോത്സവങ്ങളിലൂടെ ഇവയൊക്കെ പരിപോഷിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. മാധ്യമങ്ങളും അവയ്ക്ക്‌ അതിരുകവിഞ്ഞ പ്രാധന്യം കല്‌പിക്കുന്നു. ഈ സാഹചര്യത്തില്‍ കൌമാരത്തെ ധര്‍മപാതയിലേക്ക്‌ നയിക്കാന്‍ ശ്രമിക്കുന്നവര്‍ അവയുടെ നേര്‍ക്ക്‌ ഏറെ കര്‍ക്കശമായ നിലപാട്‌ സ്വീകരിക്കുന്നത്‌ വിപരീത ഫലമുളവാക്കാന്‍ സാധ്യതയുണ്ട്‌. എല്ലാ വിഷയത്തിലും തികഞ്ഞ യാഥാര്‍ഥ്യബോധം എന്നത്‌ ഉത്തമമായ ലക്ഷ്യമാണ്‌. പക്ഷെ, ഇളംതലമുറയെ ഒന്നിച്ച്‌ അങ്ങോട്ട്‌ നയിച്ചേ തീരൂ എന്ന്‌ ശഠിക്കുന്നത്‌ യാഥാര്‍ഥ്യബോധത്തിന്റെ ലക്ഷണമല്ല. ഈ വിഷയകമായി പരിഗണിക്കപ്പെടേണ്ട ഇനിയും ധാരാളം കാര്യങ്ങളുണ്ട്‌. വിദഗ്‌ധരുടെ പഠനമനനങ്ങളിലൂടെയാണ്‌ അവയുടെ വിശദാംശങ്ങളില്‍ എത്തിച്ചേരേണ്ടത്‌.

0 comments:

Post a Comment