അതിരു വിടാതിരിക്കാന്‍ ആത്മസംയമനം
അതിരുവിടുക എന്നതാണ്‌ മനുഷ്യജീവിതത്തില്‍ സംഭവിക്കുന്ന പല കുഴപ്പങ്ങള്‍ക്കും കാരണം. ചെയ്യാന്‍ പാടില്ലാത്തത്‌ ചെയ്യുന്നതും പറയാന്‍ പാടില്ലാത്തത്‌ പറയുന്നതും അതിരുവിടലാണ്‌. വിലക്കപ്പെടാത്ത പ്രവൃത്തികളും വാക്കുകളും അമിതമാകുന്നതും അതിരുവിടലാണ്‌. ജന്തുക്കളൊന്നും ജന്മവാസനയാല്‍ നിര്‍ണയിക്കപ്പെട്ട അതിരുകള്‍ അതിലംഘിക്കുന്നില്ല. എന്നാല്‍ മനുഷ്യജീവിതത്തില്‍ ജന്മവാസന അതിരടയാളങ്ങളിടുന്നില്ല. സൃഷ്‌ടികര്‍ത്താവ്‌ സമ്മാനിച്ച വിശേഷബുദ്ധി ഉപയോഗിച്ചാണ്‌ പാടുള്ളതും പാടില്ലാത്തതും മനുഷ്യര്‍ വേര്‍തിരിക്കുന്നത്‌ അഥവാ ജീവിതപരിധി നിര്‍ണയിക്കുന്നത്‌. പക്ഷെ, ഇതിനുവേണ്ടി വിശേഷബുദ്ധി വിനിയോഗിക്കുമ്പോള്‍ ദേഹേച്ഛ അല്ലെങ്കില്‍ ജീവിതതൃഷ്‌ണ ഇടങ്കോലിടുന്നു. ഉചിതവും ന്യായവും ആയിട്ടുള്ളത്‌ മാത്രമേ ചെയ്യാവൂ, പറയാവൂ എന്ന്‌ വിശേഷബുദ്ധി ഉണര്‍ത്തിയാലും ദേഹേച്ഛ പരിധി ലംഘിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു.പ്രകോപനമോ പ്രലോഭനമോ എത്രമാത്രം ഉണ്ടായാലും വാക്കുകളും പ്രവൃത്തികളും അതിരുവിടുകയില്ലെന്ന്‌ ഉറപ്പ്‌ വരുത്താന്‍ സാധിക്കണമെങ്കില്‍ ദേഹേച്ഛയെ നിയന്ത്രണാധീനമാക്കാന്‍ പര്യാപ്‌തമായ ആത്മസംയമനം ശീലിക്കുക തന്നെ വേണം. പല ശക്തന്മാര്‍ക്കും ബുദ്ധിമാന്മാര്‍ക്കും ഇത്‌ സാധിക്കുന്നില്ല. അവര്‍ അക്രമങ്ങളിലും അഴിമതികളിലും ചൂഷണങ്ങളിലും ഏര്‍പ്പെടുന്നു. അവരുടെ വായില്‍ നിന്ന്‌ തെറിയും ശകാരവും പരദൂഷണവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ധാര്‍മികതയെ സംബന്ധിച്ച്‌ സംസാരിക്കുന്നവര്‍ക്കു പോലും തിന്മകള്‍ക്കെതിരില്‍ സ്വയം പ്രതിരോധിക്കാന്‍ കഴിയുന്നില്ല. മനസ്സിനെ അഗാധമായി സ്വാധീനിക്കുന്ന വിശ്വാസത്തില്‍ അധിഷ്‌ഠിതമായ വ്രതനിഷ്‌ഠയുടെ പ്രസക്തി സ്‌പഷ്‌ടമാകുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.

തികഞ്ഞ വിശ്വാസത്തോടെ നോമ്പെടുക്കുന്നവര്‍ക്ക്‌ തിന്മകളുടെയെല്ലാം പ്രലോഭനത്തെ അതിജയിക്കാന്‍ പര്യാപ്‌തമായ വിധത്തില്‍ ആത്മസംയമനം നേടിയെടുക്കാന്‍ കഴിയുമെന്നാണ്‌ ഖുര്‍ആനില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും ചരിത്രഗ്രന്ഥങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. എന്നാല്‍ ഇപ്പോള്‍ ഒട്ടേറെ ആളുകള്‍ തിന്മകളോട്‌ വിടപറയാതെ ഒരു പരമ്പരാഗത അനുഷ്‌ഠാനമെന്ന നിലയില്‍ മാത്രം വ്രതമനുഷ്‌ഠിക്കുകയാണ്‌ ചെയ്യുന്നത്‌. ജീവിതത്തെയാകെ തിന്മകളുടെ സ്വാധീനത്തില്‍ നിന്ന്‌ മുക്തമാക്കുക എന്നര്‍ഥമുള്ള തഖ്വയെ അനുഷ്‌ഠാനത്തിന്റെ ചിട്ടകള്‍ ശരിപ്പെടുത്തുക എന്ന പരിമിതമായ അര്‍ഥത്തിലേക്ക്‌ ചുരുക്കുകയാണ്‌ പലരും ചെയ്യുന്നത്‌. അത്താഴത്തിനും നോമ്പുതുറയ്ക്കുമുള്ള പണം അവിഹിത ഇടപാടുകളിലൂടെ സമ്പാദിച്ചതാണെങ്കിലും പ്രഭാതം മുതല്‍ പ്രദോഷംവരെ ആഹാരപാനീയങ്ങള്‍ വര്‍ജിച്ചാല്‍ നോമ്പ്‌ പൂര്‍ണവും പ്രതിഫലാര്‍ഹവുമാകുമെന്ന്‌ കരുതുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്‌.

``വ്യാജ വാക്കും തെറ്റായ പ്രവൃത്തിയും വര്‍ജിക്കാന്‍ തയ്യാറില്ലാത്തവന്‍ ആഹാരപാനീയങ്ങള്‍ വര്‍ജിക്കണമെന്ന്‌ അല്ലാഹുവിന്‌ യാതൊരാവശ്യവുമില്ല എന്ന ഹദീസ്‌ കൂടി പരിഗണിച്ചാണ്‌ `നോമ്പ്‌ മുറിയുക എന്നതിന്റെ സാക്ഷാല്‍ വിവക്ഷ മനസ്സിലാക്കേണ്ടത്‌. കൊപ്ലിക്കുമ്പോഴും പല്ലുതേക്കുമ്പോഴും ജലാംശം അല്‌പം പോലും കീഴോട്ട്‌ ഇറങ്ങാതിരിക്കാന്‍ നിഷ്‌കര്‍ഷിക്കുന്നവര്‍ സാങ്കേതികാര്‍ഥത്തില്‍ നോമ്പ്‌ മുറിയാതിരിക്കാന്‍ അത്യന്തം ശ്രദ്ധിക്കുന്നു. എന്നാല്‍ അല്ലാഹുവിന്‌ ആവശ്യമില്ലാത്ത പട്ടിണി എന്ന്‌ നബി(സ) വിശേഷിപ്പിച്ച വകുപ്പില്‍ തങ്ങളുടെ നോമ്പ്‌ പെട്ടുപോകാതിരിക്കാന്‍ പലരും ശ്രദ്ധിക്കുന്നേയില്ല. ഹറാമായ വാക്കുകളും പ്രവൃത്തികളും പൂര്‍ണമായി വര്‍ജിക്കാന്‍ പ്രചോദനമേകുന്ന ആത്മസംയമനം റമദാനിന്റെ പകലില്‍ മാത്രമല്ല രാത്രിയിലും നിലനിര്‍ത്താന്‍ കഴിയണം. ഒരു മാസത്തില്‍ മാത്രമല്ല ആയുഷ്‌കാലം മുഴുവന്‍ നിലനിര്‍ത്താനാവണം. വ്രതമാസം ആഗതമാകുമ്പോള്‍ മനോനിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‌ പ്രത്യേക പ്രസക്തിയുണ്ടെന്ന്‌ മാത്രം.

ആത്മസംയമനം കൊണ്ട്‌ ജീവിതം ധന്യമാക്കാന്‍ കഴിയണമെങ്കില്‍ ദേഹേച്ഛയെ കര്‍ശനമായി നിയന്ത്രിക്കുന്നതില്‍ വിജയിക്കണം. അല്‌പമൊക്കെ കള്ളം പറഞ്ഞാലും കുഴപ്പമില്ല എന്ന അയഞ്ഞ നിലപാട്‌ സ്വീകരിച്ചാല്‍ നാവിന്‌ നുണയൊരു ശീലമാകും. പാപങ്ങള്‍ പെരുകും. ചില്ലറ തെറ്റുകള്‍ ചെയ്‌താലും തരക്കേടില്ല എന്ന്‌ കരുതി തുടങ്ങുന്നവര്‍ തെറ്റുകുറ്റങ്ങളുടെ പ്രളയത്തില്‍ മുങ്ങിപ്പൊങ്ങാന്‍ ഏറെ താമസമുണ്ടാവില്ല. ഇച്ഛകളുടെയും തൃഷ്‌ണകളുടെയും പിന്നാലെ പോയി സ്വയം പിഴയ്ക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്‌ത പല വിഭാഗങ്ങളെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. സത്യമതത്തിന്റെ പല വശങ്ങളും മനസ്സിലാക്കിയിട്ടും ദേഹേച്ഛയുടെ പ്രലോഭനങ്ങള്‍ക്ക്‌ വശംവദനായ, ഇസ്‌റാഈല്‍ സമൂഹത്തിലെ ഒരു ജ്ഞാനിയെ സംബന്ധിച്ച്‌ അല്ലാഹു ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു:

``നാം നമ്മുടെ ദൃഷ്‌ടാന്തങ്ങള്‍ നല്‌കിയിട്ട്‌ അതില്‍ നിന്ന്‌ ഊരിച്ചാടുകയും, അങ്ങനെ പിശാച്‌ പിന്നാലെ കൂടുകയും, എന്നിട്ട്‌ ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്‌ത ഒരുവന്റെ വൃത്താന്തം നീ അവര്‍ക്ക്‌ വായിച്ചുകേള്‍പ്പിച്ചുകൊടുക്കുക. നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അവ (ദൃഷ്‌ടാന്തങ്ങള്‍) മൂലം അവനെ ഉയര്‍ച്ച നല്‌കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയിലേക്ക്‌ (അത്‌ ശാശ്വതമാണെന്ന ഭാവേന) തിരിയുകയും തന്റെ തന്നിഷ്‌ടത്തെ പിന്‍പറ്റുകയുമാണ്‌ ചെയ്‌തത്‌. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടേത്‌ പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത്‌ നാവ്‌ തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത്‌ നാവ്‌ തൂക്കിയിടും. അതാണ്‌ നമ്മുടെ ദൃഷ്‌ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിയ ആളുകളുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്‌) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന്‌ വരാം (7:175,176). അല്ലാഹു പാണ്ഡിത്യം നല്‌കിയിട്ടും ദേഹേച്ഛയുടെ പ്രലോഭനങ്ങള്‍ക്ക്‌ വശംവദനായി സത്യത്തോടുള്ള പ്രതിബദ്ധത കൈവിട്ടതിനാലാണ്‌ ഈ സൂക്തങ്ങളില്‍ സൂചിപ്പിക്കപ്പെട്ട ഇസ്‌റാഈലീ പണ്ഡിതന്‍ അല്ലാഹുവിന്റെ ശിക്ഷയ്ക്ക്‌ അര്‍ഹനായിത്തീര്‍ന്നത്‌.

``പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌. മുമ്പേ പിഴച്ചുപോവുകയും ധാരാളം പേരെ പിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന്‌ തെറ്റിപ്പോവുകയും ചെയ്‌ത ഒരു ജനവിഭാഗത്തിന്റെ തന്നിഷ്‌ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്‌ (വി.ഖു. 5:77). ``ഇനി നിന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുന്നില്ലെങ്കില്‍, തങ്ങളുടെ തന്നിഷ്‌ടങ്ങളെ മാത്രമാണ്‌ അവര്‍ പിന്തുടരുന്നത്‌ എന്ന്‌ നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്‌ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അക്രമികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. (വി.ഖു 28:50)

തന്നിഷ്‌ടത്തെ അഥവാ ദേഹേച്ഛയെ പിന്തുടരുക എന്നാല്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്ന്‌ മാത്രമല്ല അര്‍ഥം. പണം സമ്പാദിക്കാന്‍ തെറ്റായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നവരും, പണത്തിനു വേണ്ടി സത്യം മറച്ചുവെക്കുന്നവരും. പണക്കാരുടെ ദുഷ്‌പ്രവൃത്തികളുടെ നേര്‍ക്ക്‌ മൌനം പാലിക്കുന്നവരും, പണം ധൂര്‍ത്തടിക്കുന്നവരും, നിഷിദ്ധമായ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നവരും, ഹലാലായ ആഹാരപാനീയങ്ങള്‍ അമിതമായി കഴിക്കുന്നവരും, നിഷിദ്ധമായ വാക്കുകള്‍ പറയുന്നവരും അക്രമങ്ങള്‍ ചെയ്യുന്നവരുമെല്ലാം ദേഹേച്ഛയെ പിന്തുടരുന്നവര്‍ എന്നെ വാക്കിന്റെ അര്‍ഥപരിധിയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ നിന്നൊക്കെ മാറിനില്‌ക്കാന്‍ പ്രേരിപ്പിക്കുന്ന ആത്മസംയമനമാണ്‌ വ്രതം മുഖേന വിശ്വാസികള്‍ നേടിയെടുക്കേണ്ടത്‌.

ജീവിതത്തിന്റെ ഭാഗമെന്നോണം സ്വീകരിച്ച ദുശ്ശീലങ്ങളും ദുര്‍വൃത്തികളും നിഷിദ്ധമായ ധനസമ്പാദന, ധനവിനിമയ രീതികളും റമദാനിലും മറ്റു മാസങ്ങളിലും ഒരുപോലെ തുടരുന്നവരും, റമദാനില്‍ മാത്രം ചില ദുഷ്‌പ്രവൃത്തികള്‍ നിര്‍ത്തിവെക്കുന്നവരും നോമ്പിനെ ഉള്ളില്‍ തട്ടാത്ത ഒരു അനുഷ്‌ഠാനമാക്കുകയാണ്‌ ചെയ്യുന്നത്‌. ഈ അവസ്ഥക്ക്‌ മാറ്റം വരണമെങ്കില്‍ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തിന്റെ മൌലികതയെ സംബന്ധിച്ച്‌ ദൃഢബോധ്യമുണ്ടാവണം. അതായത്‌ അല്ലാഹു കല്‌പിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും അവന്‍ വിലക്കിയ കാര്യങ്ങള്‍ പൂര്‍ണമായി വര്‍ജിക്കുകയും ചെയ്യുന്നതിലൂടെയാണ്‌ സകല നന്മകളും കൈവരുക എന്ന ദൃഢബോധ്യം. ഹറാമായ സമ്പാദ്യത്തിലൂടെ അഭിവൃദ്ധിയുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നതും നിഷിദ്ധമായ ഇടപാടുകള്‍ നിര്‍ത്തിയാല്‍ ജീവിതം വഴിമുട്ടിപ്പോകുമെന്ന ആശങ്കയും ഇതുമായി പൊരുത്തപ്പെടുന്നതല്ല.

തെറ്റുകുറ്റങ്ങളുള്ള മനുഷ്യരുടെ വ്രതം അല്ലാഹു സ്വീകരിക്കുകയേ ഇല്ലെന്നല്ല ഇത്രയും എഴുതിയതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അല്ലാഹു അത്യധികം പൊറുക്കുമെന്ന്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. നോമ്പും നമസ്‌കാരവും സകാത്തും പോലെയുള്ള മഹത്തായ സല്‍കര്‍മങ്ങള്‍ നിമിത്തം അല്ലാഹു പല പാപങ്ങളും പൊറുക്കുമെന്നും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. എന്നാലും ഒരു കാര്യം നാം വിസ്‌മരിക്കാന്‍ പാടില്ല. തെറ്റുകുറ്റങ്ങളില്‍ നിന്ന്‌ നിഷ്‌കളങ്കമായി ഖേദിച്ചുമടങ്ങുകയും ദുഷ്‌പ്രവൃത്തികളില്‍ ഉറച്ചുനില്‌ക്കാതിരിക്കുകയും ചെയ്യുന്നവരുടെ പശ്ചാത്താപമേ അല്ലാഹു സ്വീകരിക്കുകയുള്ളൂവെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (4:17,18, 3:135) വ്യക്തമാക്കിയിട്ടുണ്ട്‌ എന്നതത്രെ അത്‌.

1 comments:

Yousuf said...

>>>അത്താഴത്തിനും നോമ്പുതുറയ്ക്കുമുള്ള പണം അവിഹിത ഇടപാടുകളിലൂടെ സമ്പാദിച്ചതാണെങ്കിലും പ്രഭാതം മുതല്‍ പ്രദോഷംവരെ ആഹാരപാനീയങ്ങള്‍ വര്‍ജിച്ചാല്‍ നോമ്പ്‌ പൂര്‍ണവും പ്രതിഫലാര്‍ഹവുമാകുമെന്ന്‌ കരുതുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്‌.<<< !!!

Post a Comment