രണ്ടാം റക്‌അത്തില്‍ താഴെയുള്ള സൂറത്തോ ?
ചോദ്യം :

നമസ്‌കാരത്തില്‍ ഫാതിഹ പാരായണം ചെയ്‌ത ശേഷം ഏതെങ്കിലും സൂറത്ത്‌ പാരായണം ചെയ്യുന്നത്‌ സുന്നത്തുള്ള കാര്യമാണല്ലോ. അപ്രകാരം ചെയ്യുമ്പോള്‍ ഒന്നാം റക്‌അത്തില്‍ പാരായണം ചെയ്‌ത സൂറത്തിന്റെ താഴെയുള്ള സൂറത്തേ രണ്ടാം റക്‌അത്തില്‍ പാരായണം ചെയ്യാവൂ എന്ന്‌ നിബന്ധനയുണ്ടോ? അല്ലെങ്കിലും മേലെ സൂറത്ത്‌, താഴെ സൂറത്ത്‌ എന്നതിന്റെ അടിസ്ഥാനമെന്താണ്‌ ?

ഉത്തരം :

ഒന്നാമത്തെ റക്‌അത്തില്‍ ഓതുന്ന സൂറത്തിന്റെ താഴെയുള്ള സൂറത്തായിരിക്കണം രണ്ടാമത്തെ റക്‌അത്തില്‍ ഓതുന്നതെന്ന്‌ നബി(സ) നിര്‍ദേശിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. രാത്രി നമസ്‌കാരത്തിലെ ഒന്നാമത്തെ റക്‌അത്തില്‍ തന്നെ ആദ്യമായി സൂറത്തു ബഖറയും രണ്ടാമതായി സൂറത്തുന്നിസാഉം മൂന്നാമതായി സൂറത്തു ആലുഇംറാനും നബി(സ) ഓതിയതായി ഹുദൈഫ(റ)യില്‍ നിന്ന്‌ മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. നമസ്‌കാരത്തില്‍ ഖുര്‍ആന്‍ ഓതുന്നത്‌ മുസ്‌ഹഫിലുള്ള അതേ ക്രമത്തില്‍ തന്നെ ആകണമെന്നില്ലെന്നാണ്‌ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

ജനങ്ങള്‍ക്ക്‌ ഇമാമായി നമസ്‌കരിക്കുമ്പോള്‍ വശ്ശംസി വദ്വുഹാഹാ, സബ്ബിഹിസ്‌മ റബ്ബികല്‍ അഅ്‌ലാ, ഇഖ്‌റഅ്‌ ബിസ്‌മി റബ്ബിക്ക, വല്ലൈലി ഇദാ യഗ്‌ശാ എന്നീ ഏറെ ദൈര്‍ഘ്യമില്ലാത്ത സൂറത്തുകള്‍ ഓതണമെന്ന്‌ മുആദി(റ)നോട്‌ നബി(സ) കല്‌പിച്ചതായി മുസ്‌ലിമിന്റെ ഒരു ഹദീസില്‍ കാണാം. ഈ സൂറത്തുകള്‍ നബി(സ) എടുത്തുപറഞ്ഞത്‌ മുസ്‌ഹഫിലുള്ള ക്രമത്തിലല്ല. ഇവ ഏതേത്‌ റക്‌അത്തുകളില്‍ ഓതണമെന്ന്‌ നബി(സ) നിര്‍ണയിച്ചിട്ടുമില്ല.

താഴെയുള്ള സൂറത്ത്‌, മേലെയുള്ള സൂറത്ത്‌ എന്നീ വാക്കുകള്‍ നബിവചനങ്ങളില്‍ കാണുന്നില്ല. മേലേ പതിനഞ്ച്‌, താഴേ പതിനഞ്ച്‌ എന്നീ പ്രയോഗങ്ങള്‍ മലയാളികള്‍ക്കിടയില്‍ മാത്രമുള്ളതാണെന്ന്‌ തോന്നുന്നു. ദീര്‍ഘമായ സൂറത്തുകള്‍, ചുരുങ്ങിയ സൂറത്തുകള്‍ എന്നീ പ്രയോഗങ്ങള്‍ ചില ഹദീസുകളില്‍ കാണാം. ഗ്രഹണനമസ്‌കാരത്തെ സംബന്ധിച്ച ഒരു ഹദീസില്‍ ഓരോ നിര്‍ത്തവും അതിന്റെ മുമ്പത്തേതിനേക്കാള്‍ ദൈര്‍ഘ്യം കുറഞ്ഞതായിരുന്നുവെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. രണ്ടാമത്തെ റക്‌അത്തില്‍ നബി(സ) ഓതിയ സൂറത്ത്‌ ഒന്നാമത്തേതില്‍ ഓതിയതിനേക്കാള്‍ ദൈര്‍ഘ്യം കുറഞ്ഞതായിരുന്നുവെന്ന്‌ ഈ ഹദീസില്‍ സൂചനയുണ്ട്‌. ഏതെങ്കിലുമൊരു സൂറത്ത്‌ താഴെ കിടയാണെന്ന്‌ കരുതാന്‍ യാതൊരു ന്യായവുമില്ല.

0 comments:

Post a Comment