അനുസരണം കൊണ്ട്‌ പ്രവാചകത്വമോ?
ചോദ്യം :

“മുഹമ്മദ്‌ നബി(സ)യുടെ അനുസാരിത്വം കൊണ്ട്‌ മനുഷ്യന്‌ പ്രവാചകത്വ പദവിവരെ ലഭ്യമാകും. ഖാത്തമുന്നബിയ്യീന്‍ എന്ന അഭിധാനത്തിലെ അര്‍ഥവിവക്ഷ സജീവമായതും ഒരിക്കലും നിലക്കാത്തതുമായ ഈ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു... അല്ലാഹുവും അവന്റെ റസൂലും ഹദ്‌റത്ത്‌ ഇമാം മഹ്‌ദി(അ)യെ നബിയെന്ന നാമത്തിലാണ്‌ സംബോധന ചെയ്‌തിട്ടുള്ളത്‌. എന്നാല്‍ താന്‍ എപ്രകാരത്തിലുള്ള പ്രവാചകനാണെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. തനിക്ക്‌ ഒരു പുതിയ ശരീഅത്തില്ലെന്നും തന്റെ പ്രവാചകത്വം തിരുനബി(സ)യെ അനുസരിച്ചുകൊണ്ട്‌ മാത്രം കിട്ടിയതാണെന്നും അദ്ദേഹം വ്യക്തമാക്കിയത്‌.” (സത്യദൂതന്‍, പേജ്‌ 17). ഇതിനെക്കുറിച്ച്‌ മുസ്‌ലിം എന്ത്‌ പറയുന്നു.

ഉത്തരം :

മുഹമ്മദ്‌ നബി(സ)യെ അനുസരിക്കുന്നതുകൊണ്ട്‌ പ്രവാചകത്വ പദവി കൈവരുമെന്ന്‌ അല്ലാഹുവോ നബി(സ)യോ പറഞ്ഞിട്ടില്ല. വിശുദ്ധ ഖുര്‍ആനിലെ 4:69 സൂക്തം ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ടാണ്‌ ഖാദിയാനികള്‍ അപ്രകാരം ജല്‌പിക്കുന്നത്‌. ആ സൂക്തത്തിന്റെ ശരിയായ പരിഭാഷ ഇപ്രകാരമാണ്‌: “ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍.” അല്ലാഹുവെയും റസൂലി(സ)നെയും യഥോചിതം അനുസരിക്കുന്ന എല്ലാവര്‍ക്കും അല്ലാഹുനല്‍കുന്ന വാഗ്‌ദാനമാണിത്‌. സ്വര്‍ഗത്തില്‍ പ്രവാചകന്മാരുടെയും മറ്റും കൂടെ വസിക്കാനുള്ള സൗഭാഗ്യം. പ്രവാചകന്മാരുടെ കൂടെയായിരിക്കുക എന്നാല്‍ പ്രവാചകന്മാരായിത്തീരുക എന്നല്ല അര്‍ഥം. അങ്ങനെയാണെങ്കില്‍ അല്ലാഹുവെയും റസൂലി(സ)നെയും അനുസരിക്കുന്നവരൊക്കെ പ്രവാചകന്മാരായിത്തീരുമെന്ന്‌ പറയേണ്ടിവരും. അങ്ങനെ ഖാദിയാനികള്‍ക്ക്‌ വാദമില്ലല്ലോ.


‘ഖാത്തമുന്നബിയ്യീന്‍’ എന്ന വാക്കിന്‌ പ്രവാചകന്മാരില്‍ അവസാനത്തെ ആള്‍ എന്നാണര്‍ഥം. പ്രവാചകത്വം നിലക്കാത്ത അനുഗ്രഹമാണെന്ന സൂചന ആ വാക്കില്‍ അടങ്ങിയിട്ടുണ്ടെന്ന്‌ യാതൊരു നിഘണ്ടുവിലും പറഞ്ഞിട്ടില്ല. അല്ലാഹു ഹദ്‌റത്ത്‌ ഇമാം മഹ്‌ദി എന്നൊരാളെപ്പറ്റി യാതൊന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തെ നബിയെന്ന്‌ വിളിച്ചിട്ടുമില്ല. ഇത്‌ തനികള്ളമാണ്‌. ഖുര്‍ആനിലോ ഖുദ്‌സിയായ ഹദീസുകളിലോ ഇങ്ങനെയൊരു കാര്യമില്ല. മഹ്‌ദിയെപ്പറ്റി ചില ഹദീസുകളുണ്ടെങ്കിലും അവ പ്രബലമാണോ അല്ലേ എന്ന കാര്യത്തില്‍ ഹദീസ്‌ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്‌. ആ ഹദീസുകളിലും മഹ്‌ദി നബിയാണെന്ന്‌ പറഞ്ഞിട്ടില്ല. യാതൊരു തെളിവിന്റെയും പിന്‍ബലമില്ലാത്ത പ്രവാചകത്വവാദം മുസ്‌ലിംസമൂഹത്തിന്‌ ഒരിക്കലും സ്വീകാര്യമാവുകയില്ലെന്ന്‌ അറിയാവുന്നതുകൊണ്ട്‌ മീര്‍സ സൃഷ്‌ടിച്ച ഒരു ജാടയാണ്‌ ശരീഅത്തില്ലാത്ത പ്രവാചകന്‍ എന്ന വാദം. അത്തരമൊരു പ്രവാചകനെപ്പറ്റിയും അല്ലാഹുവോ റസൂലോ(സ) പരാമര്‍ശിച്ചിട്ടില്ല. സകല വ്യാജവാദങ്ങളും എഴുതി നിറക്കുന്ന മാസികയ്‌ക്ക്‌ ‘സത്യദൂതന്‍’ എന്ന്‌ പേരിട്ടതുതന്നെ വല്ലാത്തൊരു അട്ടിമറിയത്രെ.

3 comments:

കല്‍ക്കി said...

"അല്ലാഹുവെയും റസൂലി(സ)നെയും യഥോചിതം അനുസരിക്കുന്ന എല്ലാവര്‍ക്കും അല്ലാഹു നല്‍കുന്ന വാഗ്‌ദാനമാണിത്‌. സ്വര്‍ഗത്തില്‍ പ്രവാചകന്മാരുടെയും മറ്റും കൂടെ വസിക്കാനുള്ള സൗഭാഗ്യം. പ്രവാചകന്മാരുടെ കൂടെയായിരിക്കുക എന്നാല്‍ പ്രവാചകന്മാരായിത്തീരുക എന്നല്ല അര്‍ഥം."

പ്രിയ മൗലവി സാഹിബ്,

ഇവിടെ 'മ‌അ' (കൂടെ) എന്നതിന് 'കൂടെ ഇരിക്കുക' എന്നു മാത്രമെ അര്‍ഥമുള്ളൂ എന്നു താങ്കള്‍ പറയുന്നു. പക്ഷേ, വിശുദ്ധ ഖുര്‍‌ആനില്‍ 'മ‌അ' എന്ന പദം 'ആ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍' എന്ന അര്‍ഥത്തിലും പ്രയോഗിച്ചതായി കാണാം. പ്രത്യേകിച്ച് വിശുദ്ധ ഖുര്‍‌ആനില്‍ സജ്ജനങ്ങളോട് കൂടെ 'മ‌അ' എന്ന വാക്ക് പ്രയോഗിച്ച എല്ലാ സന്ദര്‍ഭത്തിലും അത് അവരില്‍ ഉള്‍പ്പെട്ടവര്‍ എന്ന അര്‍ഥത്തില്‍ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ എന്നു കാണാം. അല്ലാതെ അവരുടെ കൂടെ ഇരിക്കുക എന്ന അര്‍ഥം ഒരിക്കലും അതിനു കല്പ്പിക്കാന്‍ സാധ്യമല്ല. ഉദാഹരണത്തിന് 'വതവഫ്ഫനാ മ‌അല്‍ അബ്റാര്‍' (3:193) 'പുണ്യവാന്മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ' (താങ്കളുടെ പരിഭാഷ)

ഇവിടെ 'മ‌അ' എന്നതിന് പുണ്യവാന്മാരുടെ കൂട്ടത്തിലായി, അതായത് അവരില്‍ ഉള്‍പ്പെടുത്തി എന്ന അര്‍ഥമാണ് താങ്കള്‍ കൊടുത്തിരിക്കുന്നത്. ഈ അര്‍ഥം തന്നെയാണ് "ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും." എന്ന സൂക്തത്തിനും യുക്തമായിട്ടുള്ളത്. കാരണം. ഇവിടെയും 'മ‌അ' എന്നത് പുണ്യവാന്മാരോട് കൂട്ടിയാണ് പ്രയോഗിച്ചിട്ടുള്ളത്. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ പുണ്യവാന്മാരോട് കൂട്ടി 'മ‌അ' വിശുദ്ധ ഖുര്‍‌ആന്‍ പ്രയോഗിച്ച സ്ഥലങ്ങളിലെല്ലാം തന്നെ അവരില്‍ ഉള്‍പ്പെട്ട എന്ന അര്‍ഥത്തില്‍ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ. അങ്ങനെ അല്ല എങ്കില്‍ താങ്കള്‍ അത് വ്യക്തമാക്കണം എന്ന് അപേക്ഷിക്കുന്നു.

കല്‍ക്കി said...

"പ്രവാചകന്മാരുടെ കൂടെയായിരിക്കുക എന്നാല്‍ പ്രവാചകന്മാരായിത്തീരുക എന്നല്ല അര്‍ഥം. അങ്ങനെയാണെങ്കില്‍ അല്ലാഹുവെയും റസൂലി(സ)നെയും അനുസരിക്കുന്നവരൊക്കെ പ്രവാചകന്മാരായിത്തീരുമെന്ന്‌ പറയേണ്ടിവരും. അങ്ങനെ ഖാദിയാനികള്‍ക്ക്‌ വാദമില്ലല്ലോ."

മൗലവി സാഹിബ്,

താങ്കള്‍ ഇവിടെ അറിഞ്ഞുകൊണ്ട് കാപട്യം നടിക്കുകയാണെന്ന് ഞാന്‍ പറഞ്ഞാല്‍ എന്നോട് പരിഭവിക്കരുത്. കാരണം, അത്ര വ്യക്തമാണ് ഇവിടെ കാര്യങ്ങള്‍. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്ന എല്ലാവരും പ്രവാചകന്മാര്‍ ആയിത്തീരില്ല എന്നത് ശരിയാണ്. അതുപോലെത്തന്നെ ഈ ആയത്തില്‍ പറഞ്ഞ മറ്റു പദവികളും എല്ലാ വിശ്വാസികള്‍ക്കും ലഭിക്കുന്നിലല്ലോ? അതായത്, “ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും." എന്നതിലെ സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നീ പദവിള്‍ എല്ലാ വിശ്വാസികള്‍ക്കും ലഭിക്കുന്നുണ്ടോ? ഇനി ഈ പദവികളൊന്നും മുസ്‌ലിംകള്‍ക്ക് ലഭിക്കില്ല എന്നാണോ? സ്വര്‍ഗ്ഗത്തില്‍ ഇവരുടെ കൂടെ ഇരിക്കാനുള്ള 'ഭാഗ്യം' മാത്രമേ മുസ്‌ലിംകള്‍ക്ക് ലഭിക്കുകയുള്ളൂ?

മൗലവി സാഹിബ്, ദയവു ചെയ്ത് വ്യക്തമാക്കുക. ഒന്നുകില്‍ ഈ നാലു പദവികളും ഈ ഭൂമിയില്‍ വെച്ചു തന്നെ ലഭിക്കാനുള്ള സാധ്യത ഉണ്ട്. അല്ലെങ്കില്‍ ഈ നാലു പദവികളും ലഭിച്ചവരുടെ കൂടെ സ്വര്‍ഗ്ഗത്തില്‍ ഇരിക്കാനുള്ള സൗഭാഗ്യം മാത്രമേ അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച മുസ്‌ലിംകള്‍ക്ക് ലഭിക്കുകയുള്ളൂ.

മൂന്നാമത്തെ ഒരു സാധ്യത, അതായത്, ഇതില്‍ പറഞ്ഞതില്‍ ഏതെങ്കിലും ഒരു പദവി മാത്രം മാറ്റി നിര്‍ത്തി മറ്റു മൂന്നു പദവികളും ലഭിക്കും എന്നു പറയാന്‍ താങ്കള്‍ എന്ത് ന്യായമാണ് കാണുന്നത്?

കല്‍ക്കി said...

‘ഖാത്തമുന്നബിയ്യീന്‍’ എന്ന വാക്കിന്‌ പ്രവാചകന്മാരില്‍ അവസാനത്തെ ആള്‍ എന്നാണര്‍ഥം.

ഇവിടെയും താങ്കള്‍ വായനക്കരെ കബളിപ്പിക്കുകയാണ്. ‘ഖാത്തമുന്നബിയ്യീന്‍’ എന്ന വാക്കിനു പ്രവാചകന്മാരുടെ മുദ്ര എന്നാണ് അര്‍ഥം. 'ഖാത്തം' എന്ന പദത്തിനു മുദ്ര (സീല്‍) മോതിരം എന്നെല്ലാം അര്‍ഥമുണ്ട്. ഖാത്തം എന്ന പദം ഒരു സമൂഹപദത്തോട് ചേര്‍ത്ത് അതിന്‍റെ വിശേഷണമായി പറയുന്ന സന്ദര്‍ഭത്തിലെല്ലാം അവരിലെ ശേഷ്ഠന്‍ എന്നാണ് അര്‍ഥം ലഭിക്കുക. ഉദാഹരണത്തിന്. 'ഖാത്തമുല്‍ ഔലിയാ' 'ഖാത്തമുല്‍ മുഹാജിരീന്‍' 'ഖാത്തമുശ്ശുഅറാഅ്‌' ഇവിടെ എവിടെയും തന്നെ വലിമാരില്‍ അവസാനത്തെ ആള്‍ എന്നോ മുഹാജിരീങ്ങളിലെ അവസാനത്തെ ആള്‍ എന്നോ ആരും അര്‍ഥം നല്‍കാറില്ല. 'ഖാത്തമുന്നബിയ്യീന്‍' എന്ന പ്രയോഗവും വ്യത്യസ്തമല്ല. നബിമാരില്‍ ശേഷ്ഠന്‍ എന്നാണ് ആ പ്രയോഗത്തിന്‍റെ അര്‍ഥം.

'ഖാത്തം' എന്ന അറബി വാക്ക് മേല്‍ പറഞ്ഞപോലെ ഒരു സമൂഹ പദത്തിന്‍റെ വിശേഷണമായി പ്രയോഗിച്ച ഏതെങ്കിലും സന്ദര്‍ഭത്തില്‍ അതിന് ആ സമൂഹത്തിലെ അവസാനത്തെ ആള്‍ എന്ന അര്‍ഥം ലഭിക്കുന്ന പ്രയോഗം പൗരാണിക അറബി സാഹിത്യത്തില്‍ നിന്ന് മൗലവി സാഹിബിനു ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?

Post a Comment