മതവിദ്യാഭ്യാസ രംഗത്തെ മുതല്‍മുടക്കും പ്രയോജനവും
മതവിദ്യാഭ്യാസത്തിനുവേണ്ടി മറ്റു ഏത്‌ സമുദായത്തെക്കാളുമധികം പണം ചെലവഴിക്കുന്നവരാണ്‌ മുസ്ലിംകള്‍. കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലത്ത്‌ മദ്‌റസകള്‍ മുതല്‍ ജാമിഅകള്‍ വരെ സ്ഥാപിച്ചു നടത്താന്‍വേണ്ടി കേരളത്തിലെ മുസ്‌ലിംകള്‍ സഹസ്രകോടിക്കണക്കില്‍ രൂപ ചെലവഴിച്ചിട്ടുണ്ടെന്ന്‌ മഹല്ലുകള്‍ തോറുമുള്ള സ്ഥിതിവിവരക്കണക്കുകള്‍ അവലോകനം ചെയ്‌താല്‍ വ്യക്തമാകും. സ്വദേശത്തോ വിദേശത്തോ ഉള്ള കുറെ സമ്പന്നരുടെ സംഭാവനകള്‍ മാത്രമല്ല ഇതിനുവേണ്ടി സ്വരൂപിക്കപ്പെട്ടത്‌. ദരിദ്രരും ഇടത്തരക്കാരും ഉള്‍പ്പെടെ മുസ്ലിം സമൂഹത്തിലെ മഹാഭൂരിപക്ഷം ഇതിനുവേണ്ടി തങ്ങളാല്‍ കഴിയുന്നതൊക്കെ നല്‌കിയിട്ടുണ്ട്‌. പിടിയരിയും ധര്‍മപ്പെട്ടികളും മാസവരിയും കോഴിമുട്ടയും ചെറുനാരങ്ങയും ലേലം ചെയ്‌ത തുകയും മറ്റു പല ധനാഗമ മാര്‍ഗങ്ങളും തലമുറകളെ ദീന്‍ പഠിപ്പിക്കുന്നതിനുവേണ്ടി വിനിയോഗിക്കപ്പെട്ടിട്ടുണ്ട്‌. തൃണമൂല തലത്തില്‍ നിന്നുള്ള പൂര്‍ണ പങ്കാളിത്തത്തോടെ ഇത്ര ഭീമമായ വിദ്യാഭ്യാസ സംരംഭം ലോകത്ത്‌ മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന്‌ സംശയമാണ്‌.

പതിനായിരക്കണക്കിന്‌ മദ്‌റസകളില്‍ മതപഠനം തുടര്‍ന്നുപോന്നതിനു പുറമെ മുതിര്‍ന്നവരില്‍ മതബോധം സജീവമാക്കി നിര്‍ത്താന്‍ വേണ്ടിയുള്ള വഅദുകള്‍ അഥവാ മതപ്രഭാഷണ പരമ്പരകള്‍ ആയിരക്കണക്കില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഇതിനുവേണ്ടിയും മുസ്ലിം സമൂഹം ശതകോടിക്കണക്കിന്‌ രൂപ ചെലവഴിച്ചിട്ടുണ്ട്‌. എന്നാല്‍ ഇതിന്റെയൊക്കെ പ്രത്യക്ഷവും പരോക്ഷവുമായ ഫലം തൃപ്‌തികരവും പ്രതീക്ഷക്ക്‌ വക നല്‌കുന്നതുമാണോ? ഭീമമായ ധനവിനിയോഗത്തിനും അഭൂതപൂര്‍വകമായ അധ്വാനത്തിനും ആനുപാതികമായുള്ള പ്രയോജനം മദ്‌റസകള്‍കൊണ്ടും മത പ്രഭാഷണപരിപാടികള്‍കൊണ്ടും ലഭിച്ചിട്ടുണ്ടോ?

ഈമാന്‍കാര്യങ്ങള്‍, ഇസ്ലാം കാര്യങ്ങള്‍, ചില ആരാധനാ കര്‍മങ്ങളുടെ ശര്‍ത്വ്‌ ഫര്‍ദുകള്‍ എന്നിവയുടെ എണ്ണങ്ങള്‍ ഓര്‍മിക്കുന്ന കുറെ ആളുകള്‍ സമൂഹത്തില്‍ ഉണ്ടായി എന്നത്‌ ശരിയാണെങ്കിലും ഇസ്ലാമിനെ സംബന്ധിച്ച അടിസ്ഥാനപരമായ പല കാര്യങ്ങളും യഥോചിതം മനസ്സിലാക്കാന്‍ പല മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിച്ചു പുറത്തിറങ്ങിയവര്‍ക്ക്‌ അവസരം ലഭിച്ചില്ല എന്നത്‌ ഖേദകരമായ സത്യമാകുന്നു. ഇസ്ലാമിലെ അതിപ്രധാന വിഷയമായ തൌഹീദിന്റെ സാക്ഷാല്‍ വിവക്ഷ എന്താണെന്നോ തൌഹീദിന്‌ വിരുദ്ധമായ വിശ്വാസങ്ങളും നടപടികളും എന്തൊക്കെയാണെന്നോ ഈ സ്ഥാപനങ്ങളില്‍ നിന്ന്‌ പഠിച്ചിറങ്ങിയവരില്‍ ഭൂരിഭാഗത്തിനും അറിയില്ല. അദദ¨¨്വതവാദികള്‍ പറയുന്ന ഏകദൈവത്വവും ത്രിയേകത്വവാദികള്‍ പറയുന്ന ഏകദൈവത്വവും വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പഠിപ്പിക്കുന്ന ഏകദൈവത്വവും തമ്മില്‍ എന്താണ്‌ വ്യത്യാസമെന്ന്‌ ചോദിച്ചാല്‍ വ്യക്തമായ മറുപടി നല്‌കാന്‍ ഈ മതപാഠശാലകളില്‍ പഠനം പൂര്‍ത്തിയാക്കിയ മിക്കവര്‍ക്കും കഴിയില്ല.

ഒരു ആദര്‍ശമെന്ന നിലയില്‍ ഇസ്ലാമിന്റെയോ ഒരു സമൂഹമെന്ന നിലയില്‍ മുസ്ലിംകളുടെയോ വ്യതിരിക്തത എന്താണെന്ന്‌ വ്യക്തമായി മനസ്സിലാക്കിയവരും വളരെ വിരളം തന്നെ. അതിനാല്‍ തെറ്റായ ആശയങ്ങളെയും ആചാരങ്ങളെയും സമ്പ്രദായങ്ങളെയും തിരിച്ചറിഞ്ഞു വര്‍ജിക്കാന്‍ മതം പഠിച്ചവര്‍ക്ക്‌ തന്നെ കഴിയാതെപോകുന്നു. അതുപോലെ തന്നെ ഇസ്ലാമിനെതിരില്‍ ഇതര മതസ്ഥരും ഭൌതികവാദികളും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി നല്‌കാനും അവര്‍ അശക്തരാകുന്നു. ഇത്‌ അവരില്‍ അപകര്‍ഷബോധമുളവാക്കുകയും വിമര്‍ശകര്‍ പറയുന്നതിലും ന്യായമുണ്ടെന്ന്‌ കരുതുന്ന പരുവത്തില്‍ അവര്‍ ആയിത്തീരുകയും ചെയ്യുന്നു. മനുഷ്യന്റെ ഉപഭോഗത്വരയെയും ഭോഗതൃഷ്‌ണയെയും ഉദ്ദീപിപ്പിച്ച്‌ അവനെ സര്‍വത്ര ദുഷിപ്പിക്കുകയും ചൂഷണത്തിനിരയാക്കുകയും ചെയ്യുന്ന പാശ്ചാത്യ സംസ്‌കാരത്തിന്റെ അധിനിവേശത്തെ ഫലപ്രദമായി ചെറുക്കാന്‍ എന്തുചെയ്യും എന്നതിനെ സംബന്ധിച്ചും മതപഠിതാക്കളില്‍ മഹാഭൂരിപക്ഷത്തിനും വ്യക്തമായ ധാരണയില്ല. പതിനാലു നൂറ്റാണ്ട്‌ മുമ്പത്തെ അറേബ്യയിലെ സാഹചര്യങ്ങള്‍ക്ക്‌ അനുയോജ്യമായിരുന്ന ഇസ്ലാമിന്‌ ആധുനിക യുഗത്തില്‍ പ്രസക്തി നഷ്‌ടപ്പെട്ടിരിക്കുകയാണെന്ന വിമര്‍ശകരുടെ വാദത്തിന്‌ മുമ്പില്‍ അവര്‍ പകച്ചുപോകുന്നു.

നമസ്‌കാരത്തിന്റെ ശര്‍ത്വുകളും ഫര്‍ദുകളും സുന്നത്തുകളും എണ്ണിപ്പറയാന്‍ മദ്‌റസകളില്‍ പഠിച്ച പലര്‍ക്കും സാധിക്കുമെങ്കിലും നമസ്‌കാരത്തിന്റെ പ്രാധാന്യവും പ്രസക്തിയും അത്‌ വിശ്വാസികളുടെ ജീവിതത്തില്‍ ഉണ്ടാക്കേണ്ട മൌലികമായ മാറ്റവും സംബന്ധിച്ച്‌ അവര്‍ക്ക്‌ ശരിയായ ധാരണയുണ്ടായിരിക്കുകയില്ല. നോമ്പിന്റെയും ഹജ്ജിന്റെയും സ്ഥിതി ഇതില്‍നിന്ന്‌ ഏറെ വ്യത്യസ്‌തമല്ല. ഒരു സമുദായം പരമ്പരാഗതമായി സ്വീകരിച്ചുവരുന്ന മതാചാരങ്ങള്‍ എന്ന നിലയില്‍ ഇതൊക്കെ അവര്‍ അനുഷ്‌ഠിക്കുമെങ്കിലും മനുഷ്യരെ ദുര്‍വൃത്തികളില്‍ നിന്ന്‌ അകറ്റുകയും സല്‍സ്വഭാവങ്ങളിലേക്കും സല്‍പ്രവൃത്തികളിലേക്കും അടുപ്പിക്കുകയും ചെയ്യുന്ന സംശുദ്ധമായ ആരാധനാകര്‍മങ്ങള്‍ എന്ന നിലയില്‍ അവയ്ക്കുള്ള സ്ഥാനം മദ്‌റസാ വിദ്യാര്‍ഥികളില്‍ മിക്കവരും മനസ്സിലാക്കാറില്ല.

ഒരു ബഹുമത സമൂഹത്തില്‍ ആഗോളവത്‌കരണത്തിന്റെ യുഗത്തില്‍ ജീവിക്കുന്ന മുസ്ലിംകളെ സംബന്ധിച്ചേടത്തോളം കാലാതീതമായ ആദര്‍ശത്തിന്റെയും അതുല്യമായ സംസ്‌കാരത്തിന്റെയും മൌലികത സ്വയം ബോധ്യപ്പെടുകയും ഇതരരെ ബോധ്യപ്പെടുത്താന്‍ കഴിവ്‌ നേടുകയും ചെയ്യുക എന്നത്‌ നിര്‍ണായക പ്രാധാന്യമുള്ള വിഷയമാകുന്നു. മുസ്ലിം സമൂഹം ഏറെ പണവും പ്രയത്‌നവും വിനിയോഗിച്ച്‌ ഏര്‍പ്പെടുത്തുന്ന മതവിദ്യാഭ്യാസം ഈ വിഷയത്തില്‍ തികച്ചും അപര്യാപ്‌തമാണെങ്കില്‍ അത്‌ അപരിഹാര്യമായ നഷ്‌ടം തന്നെയായിരിക്കും.

മതവിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെയും ശൈലിയെയും സംബന്ധിച്ച്‌ മൌലികമായ പഠനമൊന്നും നടത്താതെ പരമ്പരാഗതമായി അനുവര്‍ത്തിക്കപ്പെട്ടുപോന്ന നിലപാട്‌ തന്നെ പിന്തുടരുന്നതാണ്‌ മതം പഠിച്ച വ്യക്തിക്ക്‌ കാലത്തിനും ലോകത്തിനും നടുവില്‍ ആദര്‍ശത്തിന്റെ അതുല്യത ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കാത്ത അവസ്ഥയ്ക്ക്‌ കാരണം. ഉദാഹരണമായി അല്ലാഹുവില്‍ എങ്ങനെ വിശ്വസിക്കണമെന്ന്‌ ചില മദ്‌റസാ പാഠപുസ്‌തകങ്ങളിലും ദര്‍സ്‌ കിതാബുകളിലും പഠിപ്പിക്കുന്ന രീതി നോക്കാം: ഇരുപത്‌ `സ്വിഫതുകള്‍ (വിശേഷഗുണങ്ങള്‍) അല്ലാഹുവിന്‌ നിര്‍ബന്ധവും അതിന്‌ നേര്‍ വിപരീതമായ ഇരുപത്‌ സ്വിഫതുകള്‍ അവന്‌ ഉണ്ടാകാന്‍ പാടില്ലാത്തതും ഒരു സ്വിഫത്ത്‌ അവന്‌ ജാഇസും (ഉണ്ടാകാവുന്നത്‌) ആണ്‌ എന്നത്രെ മൌലികമായ ആദര്‍ശം (അഖീദ) എന്ന നിലയില്‍ പഠിപ്പിക്കുന്നത്‌. എന്നിട്ട്‌ ഒന്നാമതായി എണ്ണിപ്പഠിപ്പിക്കുന്നത്‌ `വുജൂദ്‌ (ഉള്ളവനായിരിക്കല്‍) എന്ന സ്വിഫത്‌ അല്ലാഹുവിന്‌ നിര്‍ബന്ധമാണെന്നാകുന്നു. അതിന്റെ വിപരീതമായി പഠിപ്പിക്കുന്നത്‌ `അദം (ഇല്ലായ്‌മ) എന്ന `സ്വിഫത്‌ അല്ലാഹുവിന്‌ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും.

അല്ലാഹുവിന്‌ ഇങ്ങനെ നാല്‌പത്തൊന്ന്‌ `സ്വിഫതുകള്‍ പഠിപ്പിക്കുന്ന രീതി വിശുദ്ധഖുര്‍ആനിലോ പ്രാമാണികമായ നബിവചനങ്ങളിലോ ഇല്ല. ഈ വിധത്തില്‍ പഠിപ്പിച്ചതുകൊണ്ട്‌ ആധുനിക സാഹചര്യത്തില്‍ ആരുടെയും വിശ്വാസം ദൃഢീകരിക്കാന്‍ കഴിയില്ല. സര്‍വചരാചരങ്ങളുടെയും സ്രഷ്‌ടാവും രക്ഷിതാവും ആരാധ്യനുമായ അല്ലാഹുവെക്കുറിച്ച്‌ മനുഷ്യര്‍ക്ക്‌ വ്യക്തമായ ധാരണ ഉണ്ടാകേണ്ടതിന്‌ വേണ്ടി വിശുദ്ധഖുര്‍ആനില്‍ അനേകം പ്രാപഞ്ചിക ദൃഷ്‌ടാന്തങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. മനുഷ്യരുടെയും ജീവ– സസ്യജാലങ്ങളുടെയും ഭൂമിയുടെയും ആകാശഗോളങ്ങളുടെയും ഘടനയും പ്രകൃതിയും സൂക്ഷ്‌മമായി പരിശോധിച്ചാല്‍ അതൊന്നും തനിയെ ഉണ്ടാകാവുന്നതല്ലെന്നും, സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അതൊന്നും സൃഷ്‌ടിച്ചുണ്ടാക്കാന്‍ കഴിയില്ലെന്നുമാണ്‌ വിശുദ്ധഖുര്‍ആനില്‍ ചൂണ്ടിക്കാണിക്കുന്നത്‌. ആകാശഭൂമികളുടെ ഘടനയെപ്പറ്റി ശരിയായി ചിന്തിക്കുന്ന ആളുകള്‍ ``ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായി സൃഷ്‌ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ നീ കാത്തുരക്ഷിക്കണേ എന്ന്‌ പറഞ്ഞുപോകുമെന്ന്‌ വിശുദ്ധഖുര്‍ആനില്‍ (3:191) വ്യക്തമാക്കിയിരിക്കുന്നു. അതെ, സൃഷ്‌ടി പ്രപഞ്ചത്തെ സംബന്ധിച്ച സൂക്ഷ്‌മ പഠനമാണ്‌ സ്രഷ്‌ടാവിന്റെ അനിഷേധ്യതയെ സംബന്ധിച്ച ദൃഢബോധ്യത്തിലേക്ക്‌ നയിക്കുന്നത്‌.

ഈ വിധത്തിലുള്ള പഠനവും ബോധ്യവും എക്കാലത്തെയും ചിന്താശീലര്‍ക്ക്‌ പ്രസക്തിയുള്ളതാകുന്നു. പ്രാപഞ്ചികപ്രതിഭാസത്തെ സംബന്ധിച്ച അറിവ്‌ വര്‍ധിക്കുംതോറും അവയുടെ സൂക്ഷ്‌മമായ വ്യവസ്ഥ സംവിധാനിച്ച അല്ലാഹുവെയും അവന്റെ വേദഗ്രന്ഥത്തെയും പ്രവാചകനെയും സംബന്ധിച്ച ബോധ്യം ചിന്താശീലര്‍ക്ക്‌ കൂടുതല്‍ ദൃഢമാകുമെന്ന്‌ വിശുദ്ധഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുണ്ട്‌.

``ഇത്‌ (ഖുര്‍ആന്‍) സത്യമാണെന്ന്‌ അവര്‍ക്ക്‌ വ്യക്തമാകത്തക്കവിധം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്‌ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക്‌ കാണിച്ചുകൊടുക്കുന്നതാണ്‌. നിന്റെ രക്ഷിതാവ്‌ ഏത്‌ കാര്യത്തിനും സാക്ഷിയാണ്‌ എന്നത്‌ തന്നെ മതിയായതല്ലേ? (വി.ഖു. 41:53)

മനുഷ്യന്റെ ഉല്‌പത്തിയും അവന്റെ വിവിധ അവയവങ്ങളുടെ ഘടനയുമായി ബന്ധപ്പെട്ട അതീവ സൂക്ഷ്‌മമായ വ്യവസ്ഥ ആധുനിക ശാസ്‌ത്രം കണ്ടെത്തിയിട്ടുണ്ട്‌. കോശങ്ങളുടെയും ക്രോമസോമുകളുടെയും ജീനുകളുടെയും അത്യന്തം സൂക്ഷ്‌മമായ വ്യവസ്ഥയും പഠനവിധേയമായിട്ടുണ്ട്‌. ഇതൊക്കെ യാദൃച്ഛികമായി ഉരുത്തിരിയാവുന്നതല്ലെന്ന്‌ ചിന്താശീലര്‍ക്ക്‌ കൂടുതല്‍ ദൃഢമായി ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അതുപോലെതന്നെ ഇസ്ലാമിക നിയമനിര്‍ദേശങ്ങളുടെ മൌലികതയും ആധുനിക വിജ്ഞാനീയങ്ങളുടെ വെളിച്ചത്തില്‍ കൂടുതല്‍ വ്യക്തമാവുകയാണ്‌ ചെയ്യുന്നത്‌.

ഇതൊക്കെ വളരുന്ന തലമുറയെ യഥോചിതം ബോധ്യപ്പെടുത്തുന്ന പാഠ്യപദ്ധതിയും അധ്യാപനരീതിയും മുഖേന മാത്രമേ മതവിദ്യാഭ്യാസത്തെ ഫലദായകമാക്കിത്തീര്‍ക്കാന്‍ കഴിയൂ. മനുഷ്യനെയും പ്രപഞ്ചത്തെയും സംബന്ധിച്ച്‌ മൌലികവും അന്യൂനവുമായ അറിവാണ്‌ അല്ലാഹുവിന്റെ ഗ്രന്ഥത്തിലും പ്രവാചകവചനങ്ങളിലും അടങ്ങിയിട്ടുള്ളതെന്ന്‌ അറിയാനും അറിയിക്കാനും ഉതകുന്നവിധം ഇസ്ലാമിക വിദ്യാഭ്യാസത്തെ പുനസ്സംഘടിപ്പിക്കേണ്ടത്‌ ഏറെ കാലിക പ്രസക്തിയുള്ള ആവശ്യമാകുന്നു.

0 comments:

Post a Comment