മാതാപിതാക്കള്‍ക്ക്‌ വേണ്ടി മക്കള്‍ നമസ്‌കരിക്കാമോ ?
ചോദ്യം :

മരിച്ചുപോയ മാതാപിതാക്കള്‍ക്കുവേണ്ടി മക്കള്‍ ഹജ്ജ്‌ നിര്‍വഹിച്ചാല്‍ അതിന്റെ പ്രതിഫലം മാതാപിതാക്കള്‍ക്ക്‌ ലഭിക്കുമോ? ഇതുപോലെ നമസ്‌കാരത്തില്‍ അത്ര ശ്രദ്ധയൊന്നും പുലര്‍ത്താതിരുന്ന മാതാപിതാക്കള്‍ മരിച്ചുപോയാല്‍ അവര്‍ക്കുവേണ്ടി നമസ്‌കരിച്ചാല്‍ അല്ലാഹു അവര്‍ക്കുവേണ്ടി അതു സ്വീകരിക്കുമോ? മനുഷ്യന്‍ മരിച്ചുപോയാലും മൂന്ന്‌ കാര്യങ്ങള്‍ അവന്‌ ഉപകാരപ്പെടുമെന്ന്‌ പറഞ്ഞ കൂട്ടത്തില്‍ `തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്ന നല്ല മക്കള്‍' എന്ന വിഭാഗമുള്ള സ്ഥിതിക്ക്‌ നിര്‍വഹിക്കപ്പെടാതെ പോയ മാതാപിതാക്കളുടെ നമസ്‌കാരം മക്കളിലൂടെ സാധ്യമായാല്‍ പോരേ ?

ഉത്തരം :

മാതാപിതാക്കള്‍ക്ക്‌ നിര്‍വഹിക്കാന്‍ കഴിയാതെ പോയ നിര്‍ബന്ധമായ നോമ്പും ഹജ്ജും അവര്‍ക്കുവേണ്ടി മക്കള്‍ നിര്‍വഹിക്കണമെന്ന്‌ നബി(സ) നിര്‍ദേശിച്ചതായി പ്രാമാണികമായ ഹദീസുകളില്‍ കാണാം. മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കാന്‍ വേണ്ടി അടുത്ത ബന്ധുക്കള്‍ ദാനം ചെയ്യുന്നതിനും പ്രാമാണികമായ ഹദീസില്‍ തെളിവുണ്ട്‌. എന്നാല്‍ മരിച്ച ആള്‍ നിര്‍വഹിക്കാന്‍ വിട്ടുപോയ നിര്‍ബന്ധ നമസ്‌കാരം അയാള്‍ക്കുവേണ്ടി മക്കളോ അടുത്ത ബന്ധുക്കളോ നിര്‍വഹിക്കണമെന്ന്‌ നബി(സ) നിര്‍ദേശിച്ചതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല. `തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്ന മക്കള്‍' എന്ന്‌ ഹദീസില്‍ പറഞ്ഞത്‌ മാതാപിതാക്കളുടെ നമസ്‌കാരം മക്കള്‍ `ഖദ്വാ' വീട്ടണം എന്ന അര്‍ഥത്തിലല്ല. മരിച്ചുപോയവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനുള്ള ഒരു അനുഷ്‌ഠാനമല്ലല്ലോ നമസ്‌കാരം. `അല്ലാഹുവേ, എന്റെ മാതാപിതാക്കള്‍ക്ക്‌ പൊറുത്തു കൊടുക്കുകയും അവരോട്‌ കരുണ കാണിക്കുകയും ചെയ്യേണമേ എന്നോ അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും നരകത്തില്‍ നിന്ന്‌ രക്ഷിക്കുകയും ചെയ്യേണമേ എന്നോ മറ്റോ പ്രാര്‍ഥിക്കുന്നതാണ്‌ പരേതനുവേണ്ടി മക്കള്‍ പ്രാര്‍ഥിക്കുന്നതിനെ സംബന്ധിച്ച്‌ പരാമര്‍ശിക്കുന്ന ഹദീസില്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌.

0 comments:

Post a Comment