പാശ്ചാത്യ നാഗരികത - ഭൌതിക ശാസ്ത്രം - അതിജീവനത്തിന്റെ ദൈവശാസ്ത്രം
പാശ്ചാത്യനാഗരികതയ്ക്ക്‌ ബൌദ്ധികാടിത്തറ നല്‌കിയിട്ടുള്ളത്‌ ഡാര്‍വിനിസമാണ്‌. ജീവജാതികളുടെ പരിണാമം എന്ന്‌ ഡാര്‍വിനിസ്റ്റുകളും നിയോ ഡാര്‍വിനിസ്റ്റുകളും പേര്‍ വിളിക്കുന്ന സാങ്കല്‌പിക പ്രതിഭാസത്തെ അവര്‍ വളരെ വളരെ അക്കാദമികമായി അപഗ്രഥിക്കുകയും വിശദീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഖണ്ഡിതമായ തെളിവിന്റെയൊന്നും പിന്‍ബലമില്ലാത്ത പരിണാമസിദ്ധാന്തത്തെ ജീവശാസ്‌ത്രത്തിലെ അനിഷേധ്യ സത്യമെന്നോണം അവതരിപ്പിക്കാന്‍ വേണ്ടി അവര്‍ ഒട്ടേറെ മിഥ്യകളെ ചെത്തിമിനുക്കി `തിളങ്ങുന്ന തെളിവുകളാക്കിയിട്ടുണ്ട്‌. അത്‌ ഇവിടെ വിശകലനം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.പരിണാമ സിദ്ധാന്തത്തെ ആത്യന്തിക സത്യമായി അവതരിപ്പിക്കുമ്പോള്‍ പാശ്ചാത്യ ശാസ്‌ത്രജ്ഞര്‍ പ്രധാനമായി ലക്ഷ്യമാക്കിയത്‌ പ്രപഞ്ചനാഥനെ ബോധപൂര്‍വം മാറ്റിനിര്‍ത്തി പ്രാപഞ്ചിക പ്രതിഭാസങ്ങളെ വ്യാഖ്യാനിക്കാന്‍ സൌകര്യപ്രദമായ ഒരു രീതിശാസ്‌ത്രം കണ്ടെത്തുകയായിരുന്നു. എന്നാല്‍ രാഷ്‌ട്രതന്ത്രജ്ഞരുടെയും സമാനമനസ്ഥിതിക്കാരുടെയും മുഖ്യ താല്‌പര്യം ഭൌതികമായി എല്ലാ അസ്‌തിവാരങ്ങളും പ്രബലമായിട്ടുള്ള പാശ്ചാത്യനാഗരികതയ്ക്ക്‌ മാത്രമേ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുകയുള്ളൂവെന്ന്‌ സമര്‍ഥിക്കുകയായിരുന്നു. പരിണാമ സിദ്ധാന്തം ഉയര്‍ത്തിക്കാണിക്കുന്ന ഒരു സുപ്രധാന തത്വമാണ്‌ `ഏറ്റവും അര്‍ഹതയുള്ളതേ അതിജീവിക്കുകയുള്ളൂ (survival of the fittest) എന്നത്‌. ജീവജാതികളില്‍ ചിലത്‌ മാത്രം എന്തുകൊണ്ട്‌ അതിജീവിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രമല്ല, മനുഷ്യസമൂഹങ്ങളുടെ ഉയര്‍ച്ച താഴ്‌ചകളെ സംബന്ധിച്ച പ്രശ്‌നങ്ങളുടെ വിശദീകരണവും ഈ തത്വത്തില്‍ കണ്ടെത്താമെന്നാണ്‌ ഡാര്‍വിനിസ്റ്റുകള്‍ കരുതുന്നത്‌.
ഔന്നത്യത്തിന്റെ ഭൌതിക മാനദണ്ഡങ്ങള്‍

ഒരു രാഷ്‌ട്രത്തിന്‌/നാഗരികതയ്ക്ക്‌ ശാസ്‌ത്രത്തിലും സാങ്കേതിക വിദ്യയിലും ഔന്നത്യം കൈവരിക്കാന്‍ കഴിഞ്ഞാല്‍, അത്യന്താധുനിക ആയുധങ്ങള്‍ കൈവശമുണ്ടായാല്‍, സ്ഥിരതയുള്ള ഭരണവ്യവസ്ഥയും സമ്പദ്‌ഘടനയും ഉണ്ടായാല്‍ അത്‌ അജയ്യവും അപ്രതിരോധ്യവുമായി തുടരുമെന്നും അവര്‍ കരുതുന്നു. അവരുടെ ധാരണയനുസരിച്ച്‌ മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ഏഷ്യനാഫ്രിക്കന്‍ സമൂഹങ്ങള്‍ എക്കാലത്തും പിന്നാക്കാവസ്ഥയിലായിരിക്കും. ക്രൈസ്‌തവ യൂറോപ്പും അമേരിക്കയും പുരോഗതിയിലേക്കുള്ള അനുസ്യൂതമായ കുതിപ്പിലും. ജനാധിപത്യബോധത്തിലും ആധുനിക വിദ്യാഭ്യാസത്തിലും ഏറെ പിന്നാക്കമായ തീവ്രവാദികളും ഭീകരരും നിറഞ്ഞ മുസ്ലിം സമൂഹത്തിന്‌ വിദൂരഭാവിയില്‍ പോലും വെല്ലുവിളികളെ നേരിട്ട്‌ മുന്നേറാന്‍ കഴിയില്ലെന്നാണ്‌ പാശ്ചാത്യരില്‍ പലരുടെയും വിലയിരുത്തല്‍. ഇനി വല്ല കാലത്തും മുസ്ലിംകള്‍ക്ക്‌ സാമൂഹ്യ പുരോഗതി സാധ്യമാകണമെങ്കില്‍ തന്നെ അവര്‍ ഇസ്ലാമിക പൈതൃകങ്ങളിലും പാരമ്പര്യങ്ങളിലും തല പൂഴ്‌ത്തിവെക്കാതെ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുകയാണ്‌ വേണ്ടതെന്ന്‌ പാശ്ചാത്യര്‍ ഉപദേശിക്കാറുമുണ്ട്‌. മുസ്ലിംലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോസ്‌മോപൊളിറ്റന്‍ എന്നോ സിവിലൈസ്‌ഡ്‌ എന്നോ വിളിക്കപ്പെടുന്ന ഒരു വിഭാഗം മുസ്ലിംകള്‍ പാശ്ചാത്യരെക്കാള്‍ ആവേശത്തോടെയാണ്‌ അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രിന്റ്‌–ഇലക്‌ട്രോണിക്‌ മാധ്യമങ്ങളെയും വാഴ്‌ത്താറുള്ളത്‌. മുസ്‌ലിംകളുടെ ഏത്‌ ന്യൂനതയെക്കാളും ദോഷം ചെയ്യുന്നതത്രെ ഈ തോതിലുള്ള അനുകരണഭ്രമവും അപകര്‍ഷതാബോധവും. നാഗരികമായ പുരോഗതിയുടെയും അധോഗതിയുടെയും കാരണങ്ങളെ സംബന്ധിച്ച ഇസ്ലാമിക പ്രമാണങ്ങളില്‍ അവഗാഹമുള്ളവര്‍ പോലും ഈ വിഷയകമായി അബദ്ധജടിലമായ ധാരണകളാണ്‌ പുലര്‍ത്തുന്നത്‌.

സെപ്‌റ്റിക്‌ ടാങ്ക്‌ കള്‍ച്ചര്‍

ശോഭനമെന്നും ഉജ്ജ്വലമെന്നും വിശേഷിപ്പിക്കപ്പെടാറുള്ള പാശ്ചാത്യനാഗരികതയുടെ യഥാര്‍ഥ ചിത്രം ചെറുതായൊന്ന്‌ മറനീക്കി കാണിച്ചാല്‍ മാന്യവായനക്കാര്‍ക്ക്‌ അനിഷ്‌ടം തോന്നരുത്‌. ഏതോ ഒരു രതിവൈകൃതത്തിന്റെ ഭാഗമായി സ്വന്തം ലൈംഗിക അവയവം ഒരു കക്കൂസ്‌ ടാങ്കില്‍ പൂഴ്‌ത്തി സായൂജ്യമടയുന്ന ഒരു മനുഷ്യനെ നിങ്ങള്‍ക്ക്‌ സങ്കല്‌പിക്കാന്‍ സാധിക്കുമോ? ആ സങ്കല്‌പം പോലും ഓക്കാനമുണ്ടാക്കും. എന്നാല്‍ മലവിസര്‍ജനത്തിന്റെ വഴിയിലേക്ക്‌ ലൈംഗികാനന്ദം തേടിപ്പോകുന്ന, പാശ്ചാത്യലോകത്ത്‌ ധാരാളമുള്ള സ്വവര്‍ഗ ദമ്പതികളുടെ അവസ്ഥയ്ക്ക്‌ ഈ മനുഷ്യന്റെ അവസ്ഥയെക്കാള്‍ എന്ത്‌ മഹത്വമാണുള്ളത്‌? പാശ്ചാത്യ നാഗരികത യഥാര്‍ഥത്തില്‍ ഒരു `സെപ്‌റ്റിക്‌ ടാങ്ക്‌ കള്‍ച്ചറാണെന്ന്‌ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അതിന്റെ ആരാധകര്‍ അത്യന്തം ക്ഷുഭിതരാകാനിടയുണ്ട്‌. ആ പ്രയോഗം അതിശയോക്തിപരമല്ല എന്ന്‌ മാത്രമല്ല, വാസ്‌തവത്തില്‍ അപര്യാപ്‌തവും കൂടിയാണ്‌.

ഒരു സെപ്‌റ്റിക്‌ ടാങ്ക്‌ ലീക്കായാല്‍ ഒരു ചെറിയ പരിധിയില്‍ അസഹനീയമായ ദുര്‍ഗന്ധം പരക്കാനിടയുണ്ട്‌ എന്നതൊഴിച്ചാല്‍ പ്രകൃതിക്കോ ജൈവലോകത്തിനോ മാനവരാശിക്കോ അത്‌ ഗുരുതരമായ നാശമുണ്ടാക്കുമെന്ന്‌ ആശങ്കിക്കാനില്ല. എന്നാല്‍ നാറുന്ന പാശ്ചാത്യനാഗരികത ലോകമാകെ അപമാനവീകരണം പരത്തുക കൂടി ചെയ്യുന്നുണ്ട്‌. പാശ്ചാത്യരുടെ കൈയില്‍ ധാരാളം പണമുള്ളതുകൊണ്ട്‌ ലോകത്തുടനീളമുള്ള സുഖവാസകേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും `സ്‌പാകളിലും ചെന്ന്‌ അവര്‍ സെക്‌സ്‌ ടൂറിസം എന്ന പാപക്കൃഷി നടത്തുന്നു. വിവാഹവും ദാമ്പത്യവും അറുപഴഞ്ചന്‍ സമ്പ്രദായങ്ങളാണെന്ന പൈശാചിക പ്രചാരണം നടത്തുന്നു. ആദമിന്റെ കാലം മുതല്‍ ആരംഭിച്ച സ്‌ത്രീപുരുഷ ലൈംഗികത ആഗോളവത്‌കരണത്തിന്റെ കാലത്തും തുടരുന്നതില്‍ അര്‍ഥമില്ലെന്നും പ്രസവത്തിന്റെയും സന്താന പരിപാലനത്തിന്റെയും ബാധ്യതകള്‍ വരുത്തിവെക്കാത്ത `സെപ്‌റ്റിക്‌ ടാങ്ക്‌ രതിയാണ്‌ കാലിക പ്രസക്തിയുള്ളതെന്നുമുള്ള `സൊദോമിയന്‍ തത്വശാസ്‌ത്രവും അവര്‍ പ്രചരിപ്പിക്കുന്നു.

ശാസ്‌ത്രം സൃഷ്‌ടിച്ച പ്രതിസന്ധികള്‍

ഭൌതിക പ്രമത്തവും പൂര്‍ണമായി സ്വാര്‍ഥത്തില്‍ അധിഷ്‌ഠിതവുമായ പാശ്ചാത്യശാസ്‌ത്രത്തിന്റെ വിവിധ ശാഖകള്‍ ജീവജാതികളെയും മാനവരാശിയെയും അപരിഹാര്യമായ പ്രതിസന്ധികളിലേക്കാണ്‌ തള്ളിവിട്ടിരിക്കുന്നത്‌. പാശ്ചാത്യ മനുഷ്യന്‍ എന്ന `സൂപ്പര്‍ പവര്‍ ജീവി മാത്രം ഭൂമുഖത്ത്‌ നിലനിന്നാല്‍ മതി എന്ന അപ്രഖ്യാപിത കാഴ്‌ചപ്പാടോടുകൂടിയുള്ള ശാസ്‌ത്രവ്യവഹാരങ്ങളാണ്‌ ഈ പ്രതിസന്ധികള്‍ക്കൊക്കെ അടിസ്ഥാന കാരണം. മറ്റു ജനപദങ്ങളെയൊക്കെ അടിച്ചൊതുക്കുകയോ ഉന്മൂലനം ചെയ്യുകയോ വേണമെന്ന ഉദ്ദേശത്തോടെ അമേരിക്കയും കൂട്ടാളികളും പ്രയോഗിച്ച, അണുബോംബ്‌ ഉള്‍പ്പെടെ വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ കോടിക്കണക്കില്‍ മനുഷ്യര്‍ക്ക്‌, ഒരിക്കലും വിവരിച്ചുതീര്‍ക്കാനൊക്കാത്ത കൊടും ദുരിതങ്ങളാണ്‌ വരുത്തിവെച്ചത്‌. മനുഷ്യസ്‌നേഹമോ മൃഗസ്‌നേഹമോ മനസ്സില്‍ അവശേഷിച്ചിട്ടില്ലാത്ത കൂട്ടര്‍ വിതച്ച സര്‍വനാശത്തില്‍ എത്ര ജീവിവര്‍ഗങ്ങള്‍ക്ക്‌ വംശനാശം സംഭവിച്ചുവെന്നതിന്റെ കൃത്യമായ കണക്ക്‌ എവിടെയും ലഭ്യമല്ല.

മനുഷ്യജീവിതത്തിന്‌ എല്ലാ വിധത്തിലും താങ്ങായിരിക്കാന്‍ വേണ്ടി പരമകാരുണികനായ പ്രപഞ്ചനാഥന്‍ സൃഷ്‌ടിച്ചൊരുക്കിയ പ്രാണികളോടാണ്‌ പാശ്ചാത്യശാസ്‌ത്രം ഏറ്റവും കൊടിയ ക്രൂരത കാണിച്ചത്‌. ഇപ്പോഴും അത്‌ തുടരുന്നു. മനുഷ്യരുടെ കൃഷിനശിപ്പിക്കുക എന്ന ദ്രോഹപദ്ധതി മാത്രമാണ്‌ കീടങ്ങള്‍ക്കുള്ളതെന്നും അവയെ ഉന്മൂലനം ചെയ്‌തെങ്കിലല്ലാതെ ഹരിതവിപ്ലവം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കാനാവില്ലെന്നുമാണ്‌ രസതന്ത്രജ്ഞര്‍ വ്യാപകമായി പ്രചരിപ്പിച്ചത്‌. സഹസ്രകോടിക്കണക്കില്‍ രൂപയുടെ കീടനാശിനിക്കച്ചവടം നടത്തുന്ന ബഹുരാഷ്‌ട്ര കുത്തകകളുടെ ചട്ടുകങ്ങളായ രസതന്ത്രജ്ഞര്‍ പ്രചരിപ്പിച്ച, പ്രാണിവിരുദ്ധ നിഷേധാത്മക ആശയങ്ങള്‍ ലോകത്ത്‌ ഉടനീളമുള്ള കാര്‍ഷിക വിദഗ്‌ധരും വികസന തന്ത്രജ്ഞരും ഏറ്റുചൊല്ലുകയായിരുന്നു. എന്നാല്‍ കീടങ്ങളെയൊക്കെ ഉന്മൂലനം ചെയ്‌തിട്ട്‌ കൃഷി വ്യാവസായികാടിസ്ഥാനത്തില്‍ വികസിപ്പിക്കാമെന്ന മോഹത്തിന്‌ സമീപകാലത്ത്‌ മങ്ങലേറ്റുകൊണ്ടിരിക്കുകയാണ്‌.

കീടങ്ങളും പ്രാണികളും നിര്‍വഹിക്കുന്ന സേവനം

ഭൂമിയെ കൃഷിയോഗ്യമാക്കുന്നതിലും മനുഷ്യര്‍ക്ക്‌ ആവാസയോഗ്യമാക്കുന്നതിലും മനുഷ്യരുടെ എച്ചിലുകളും വിസര്‍ജ്യങ്ങളും ജൈവ വിഘടനത്തിലൂടെ ശുദ്ധീകരിക്കുന്നതിലും ഉറവിടങ്ങളെ സ്വച്ഛവും നിര്‍മലവുമാക്കി നിലനിര്‍ത്തുന്നതിലും നിര്‍ണായക പങ്കുവഹിക്കുന്ന പ്രാണികള്‍ക്കും സൂക്ഷ്‌മജീവികള്‍ക്കുമെതിരില്‍ ഉന്മൂലനവിധി പുറപ്പെടുവിക്കുമ്പോള്‍ പാശ്ചാത്യ ശാസ്‌ത്രജ്ഞര്‍ക്ക്‌ അതിന്റെ ഭവിഷ്യത്തുകള്‍ ദീര്‍ഘദര്‍ശനം ചെയ്യാന്‍ യാതൊരു കഴിവുമുണ്ടായിരുന്നില്ല. പരമകാരുണികനായ ലോകരക്ഷിതാവ്‌ അവന്റെ അപാരമായ കാരുണ്യത്താല്‍ സംവിധാനിച്ചൊരുക്കിയതാണ്‌ ജൈവചക്രമെന്നും, ജീവജാതികളിലെ ഒരു കൊച്ചുകണ്ണിപോലും ഉന്മൂലനം ചെയ്യപ്പെടാവുന്നതല്ലെന്നും ഗ്രഹിക്കാനും ഉള്‍ക്കൊള്ളാനും അടിസ്ഥാനപരമായി ആവശ്യമായ വിനയം, ആ ശാസ്‌ത്രജ്ഞര്‍ ഗവേഷണത്തിനിരിക്കുന്നതിന്‌ മുമ്പു തന്നെ പിശാച്‌ അവരോട്‌ പിടിച്ചുവാങ്ങി വെച്ചിരുന്നു.

കൃഷിയിടങ്ങളിലെ പ്രാണിവര്‍ഗങ്ങളെ മൊത്തമായി ഉന്മൂലനം ചെയ്യുന്ന കീടനാശിനി പ്രയോഗത്തെപ്പറ്റി ചില പരിസ്ഥിതിവാദികളും മറ്റും ഉത്‌കണ്‌ഠ പ്രകടിപ്പിച്ചിരുന്നെങ്കിലും പാശ്ചാത്യ കെമിസ്റ്റുകള്‍ അതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറുണ്ടായിരുന്നില്ല. കീടനാശിനി നിരന്തരം പ്രയോഗിച്ചപ്പോള്‍ വിള കുറയുകയും ഒന്നിനും കീഴടങ്ങാത്ത ചില കീടങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്‌തു. ഇതിനെക്കുറിച്ച്‌ പ്രമുഖ കര്‍ഷകര്‍ പരാതിപ്പെട്ടപ്പോഴൊക്കെ കെമിസ്റ്റുകള്‍ നല്‌കിയ മറുപടി, ഹൈബ്രിഡ്‌ വിത്തുകള്‍ ഉപയോഗിക്കുകയും രാസവളങ്ങള്‍ ശാസ്‌ത്രീയമായ രീതിയില്‍ പ്രയോഗിക്കുകയും കീടനാശിനികള്‍ ആദ്യാവസാനം ഉപയോഗിക്കുകയും ചെയ്‌താല്‍ ഹരിത തേജസ്സ്‌ മങ്ങുകയില്ലെന്നായിരുന്നു.

ഹരിതവിപ്ലവം–മരീചിക

പക്ഷെ, പാശ്ചാത്യശാസ്‌ത്രം ഊതിവീര്‍പ്പിച്ചു കാണിച്ച ജൈവവിരുദ്ധ ഹരിത വിപ്ലവത്തിന്റെ ആധാരശിലകള്‍ തന്നെ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. പ്രാണികളും സൂക്ഷ്‌മജീവികളും ചേര്‍ന്നു നടത്തുന്ന ജൈവവിഘടനം കൃഷിയിടങ്ങളെ ഹരിതാഭമാക്കുന്ന ദിവ്യ പ്രതിഭാസം പാശ്ചാത്യരുടെ നിര്‍ജീവ ലാബുകളുടെ പരിധിക്ക്‌ പുറത്തായതിനാല്‍ അവര്‍ കാര്‍ഷികാഭിവൃദ്ധിയെ ബന്ധപ്പെടുത്തിയത്‌ അമോണിയ, യൂറിയ, ഫോസ്‌ഫറസ്‌, പൊട്ടാഷ്‌ തുടങ്ങിയ രാസവസ്‌തുക്കളോടായിരുന്നു. അത്യന്തം ലളിതമായ ഒരു സത്യം, ഈ രാസവസ്‌തുക്കളെ കച്ചവടച്ചരക്കാക്കിയ ബഹുരാഷ്‌ട്ര കുത്തകകളും അവരുടെ മോഹവലയത്തിലകപ്പെട്ട കര്‍ഷകരും മറന്നുകളയുകയാണ്‌ ചെയ്‌തത്‌. പാശ്ചാത്യരുടെ ജൈവവിരുദ്ധ രസതന്ത്രം കാര്‍ഷിക മേഖലയെ കീഴടക്കുന്നതിന്‌ മുമ്പ്‌, കീടനാശിനികളും രാസവളങ്ങളും പ്രയോഗിക്കാതെ പടച്ചതമ്പുരാന്‍ ലക്ഷണക്കത്തില്‍ തവണ ഭൂമുഖത്തെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ സസ്യശ്യാമളമാക്കിക്കൊണ്ടേയിരുന്നിട്ടുണ്ട്‌ എന്നതത്രെ ആ മൌലികമായ സത്യം. ദൈവികമായ ആ പുനരുജ്ജീവന പ്രക്രിയ പരിസ്ഥിതിക്ക്‌ ഒരിക്കലും അപചയം വരുത്തിയിട്ടില്ല.

``ഭൂമി വരണ്ടു നിര്‍ജീവമായിക്കിടക്കുന്നത്‌ നിനക്ക്‌ കാണാം. എന്നിട്ട്‌ അതി©ന്മല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത്‌ ഇളകുകയും വികസിക്കുകയും കൌതുകമുള്ള എല്ലാതരം ചെടികളെയും അത്‌ മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ്‌ സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത്‌ കാര്യത്തിനും കഴിവുള്ളവനാണ്‌ (വി.ഖു 22:5,6). മരിച്ച സസ്യങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന രക്ഷിതാവ്‌ മരിച്ച മനുഷ്യരെയും പുനരുജ്ജീവിപ്പിക്കുമെന്ന ഖുര്‍ആനിക ദര്‍ശനം അനിതരമാകുന്നു.

ഹൈബ്രിഡ്‌ വിത്തുകളും കീടനാശിനികളും

ഹൈബ്രിഡ്‌ വിത്തുകള്‍ ഇരുതല മൂര്‍ച്ചയുള്ള വാളുകളാണ്‌. സസ്യബീജകോശങ്ങളില്‍ നിന്ന്‌, പരമകാരുണികനായ രക്ഷിതാവ്‌ സന്നിവേശിപ്പിച്ച അതിവിശിഷ്‌ട ഗുണങ്ങള്‍ പലതും വെട്ടിമാറ്റിയാണ്‌ ജനിതക ശാസ്‌ത്രജ്ഞര്‍ ഈ വിത്തുകള്‍ തട്ടിക്കൂട്ടുന്നത്‌. അത്യുല്‌പാദനശേഷി എന്ന ഗുണം തേടി കര്‍ഷകരെല്ലാം അവയുടെ പിന്നാലെ പോകുമ്പോള്‍, പടച്ചവന്‍ പടച്ച പത്തരമാറ്റ്‌ മൂല്യമുള്ള പരസഹസ്രം വിത്തിനങ്ങള്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കപ്പെടുന്നു. മാനവികവും ജൈവികവുമായ അപരിഹാര്യ നഷ്‌ടമത്രെ ഇതിന്റെ പരിണത ഫലം. `ജനിതക പരിഷ്‌കരണത്തിന്‌ വിധേയമായ അന്തകവിത്ത്‌ എന്ന വിചിത്രവസ്‌തു സമീപകാലത്ത്‌ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വലിയ വിവാദമായിരുന്നു.

കീടനാശിനികള്‍ ആദ്യാവസാനം പ്രയോഗിച്ചപ്പോള്‍ കര്‍ഷകര്‍ ദുരന്തങ്ങളുടെ പ്രളയത്തില്‍ മുങ്ങിപ്പൊങ്ങുകയാണ്‌ ചെയ്‌തത്‌. സൂക്ഷ്‌മജീവികളും പ്രാണികളും ചത്തൊടുങ്ങിയപ്പോള്‍ മണ്ണിന്റെ ജൈവമൂല്യം എന്നെന്നേക്കുമായി നഷ്‌ടപ്പെട്ടു. വിളകള്‍ ക്ഷയിച്ചു. കര്‍ഷകര്‍ മോചനമില്ലാത്ത കടക്കെണിയില്‍ കുടുങ്ങി. ഭക്ഷ്യവസ്‌തുക്കളിലും കുടിനീരിലും കലര്‍ന്ന വിഷദ്രാവകങ്ങള്‍ ചികിത്സയില്ലാത്ത രോഗങ്ങള്‍ക്ക്‌ ജന്മം നല്‌കി. ചികിത്സിക്കാനുള്ള കാശ്‌ വിഷക്കമ്പനികളോ കെമിസ്റ്റുകളോ ഒരിക്കലും നല്‌കിയില്ല. അതവര്‍ നല്‌കേണ്ടതാണെന്ന്‌ പറയാന്‍ ഭൂഗോളത്തിലെ ഒരധികാരിയുടെയും നാവ്‌ പൊങ്ങിയില്ല. എന്നാലും ഒരു `ഗുണമുണ്ടായി! കടവും വ്യാധികളും ആധികളും കൂടി കര്‍ഷകരുടെ ജീവിതം അസഹനീയമായ ഒരു ദുരനുഭവമാക്കി മാറ്റിയപ്പോള്‍ ആത്മഹത്യ ചെയ്യാനുള്ള ഉപായങ്ങള്‍ തേടി അവര്‍ വലഞ്ഞില്ല. ഇഹലോകത്തോട്‌ പെട്ടെന്ന്‌ വിടപറയാന്‍ വേണ്ടത്ര വിഷം അവരുടെ വീടുകളിലോ കൃഷിക്കളങ്ങളിലോ ബാക്കിയുണ്ടായിരുന്നു!!

എന്നിട്ടും പാശ്ചാത്യലോകത്തെ ശാസ്‌ത്രജ്ഞരുടെയും സാങ്കേതികവിദഗ്‌ധരുടെയും രാഷ്‌ട്രമീമാംസകരുടെയും അധിനിവേശ പ്ലാനര്‍മാരുടെയും അഹന്തയ്ക്ക്‌ ഒരു കുറവും ഉണ്ടായില്ല. ഇഷ്‌ടമില്ലാത്ത തീവ്രന്മാരുടെയും പിന്തിരിപ്പന്മാരുടെയും ഭീകരന്മാരുടെയും ഉന്മൂലനത്തിനു വേണ്ട സര്‍വനാശ ബോംബുകളുടെയും മിസൈലുകളുടെയും വന്‍ ശേഖരമുണ്ടായാല്‍ സര്‍വ പ്രതിസന്ധികളെയും തരണംചെയ്‌ത്‌ എക്കാലവും വാണരുളാമെന്ന്‌ തന്നെ അവര്‍ ഉറച്ചുവിശ്വസിക്കുന്നു. ഗാലക്‌സികളില്‍ ഉണ്ടാകാവുന്ന ഭീകരരെക്കൂടി കൊന്നൊടുക്കാന്‍ അമേരിക്കക്ക്‌ ഒരു `സ്റ്റാര്‍വാര്‍ പദ്ധതി ഉണ്ടായിരുന്നല്ലോ!

തിരിച്ചടിക്കുന്ന ഉന്മൂലന പദ്ധതികള്‍

പക്ഷെ, രണ്ടു വിഷയങ്ങളില്‍ പാശ്ചാത്യസമൂഹവും അവരെ താങ്ങിനിര്‍ത്തുന്ന ശാസ്‌ത്രവും അപരിഹാര്യമായ പ്രതിസന്ധി നേരിടുകയാണ്‌. ഒന്ന്‌, സ്വന്തം ശരീരങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന രോഗാണുക്കളെ `തുടച്ചുനീക്കുന്നതില്‍. രണ്ട്‌, കൂട്ടനശീകരണ ആയുധങ്ങള്‍ മുഖേന എതിരാളികളുടെ ഉന്മൂലനം ഉറപ്പ്‌ വരുത്തുന്നതില്‍. മൈക്രോസ്‌കോപ്പിലൂടെ മാത്രം കാണാനൊക്കുന്ന ബാക്‌ടീരിയയും വൈറസും ലോക പോലീസിന്‌ പേടിസ്വപ്‌നമാകുന്ന സംഭവം വല്ലാത്തൊരു വിസ്‌മയമാണ്‌. ഏത്‌ വൈറസിനെയും തകര്‍ത്തു തരിപ്പണമാക്കാന്‍ വേണ്ടി പാശ്ചാത്യവൈദ്യശാസ്‌ത്രം തയ്യാറാക്കിയ ആന്റിബയോട്ടിക്‌ ഗുളികകളെ ഒട്ടും കൂസാത്ത വൈറസുകള്‍ ഇടക്കിടെ തലപൊക്കുകയാണത്രെ.

അമേരിക്കന്‍ `ഉന്മൂലന ഗുരുക്കള്‍ ലക്ഷ്യമാക്കാറുള്ളത്‌ രണ്ടു നൂറ്റാണ്ടുകള്‍ പിന്നിലേക്കാണത്രെ. ഗ്രാമങ്ങളും നഗരങ്ങളും മുഴുക്കെ ബോംബിട്ട്‌ തകര്‍ത്ത്‌ ഇറാഖിനെ രണ്ടു നൂറ്റാണ്ട്‌ മുമ്പത്തെ സ്ഥിതിയിലാക്കിക്കളയുമെന്ന്‌ ബുഷ്‌ സദ്ദാമിന്‌ ഒരിക്കല്‍ മുന്നറിയിപ്പ്‌ നല്‌കിയതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പതിനാല്‌ നൂറ്റാണ്ട്‌ മുമ്പത്തെ മക്കയിലെയും മദീനയിലെയും സുന്ദരസുരഭില സാഹചര്യങ്ങള്‍ സ്വപ്‌നം കാണുന്ന താലിബാന്‍ കുട്ടികള്‍ ഇതുകേട്ട്‌ പൊട്ടിച്ചിരിച്ചിട്ടുണ്ടാകും. ശത്രുരാഷ്‌ട്രത്തിന്‌ തകര്‍ച്ചയില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‌ക്കുക അസാധ്യമാക്കിത്തീര്‍ക്കുന്ന വിധത്തിലുള്ള ആയുധത്തിനു വേണ്ടി അമേരിക്ക നടത്തിയ അന്വേഷണമാണ്‌ അണുബോംബുകളിലേക്ക്‌ നയിച്ചത്‌.


അമേരിക്കയുടെ രണ്ട്‌ അണുബോംബുകള്‍ വീണ്‌, ലക്ഷക്കണക്കില്‍ ജനങ്ങള്‍ നിവസിച്ചിരുന്ന ഹിരോഷിമ, നാഗസാക്കി എന്നീ ജാപ്പനീസ്‌ നഗരങ്ങള്‍ നിശ്ശേഷം തകര്‍ന്നപ്പോള്‍ ലോകം അക്ഷരാര്‍ഥത്തില്‍ സ്‌തംഭിച്ചു. ജപ്പാന്‌ ഇനിയൊന്ന്‌ തലയുയര്‍ത്താന്‍ യുഗങ്ങള്‍ തന്നെ വേണ്ടിവരുമെന്നാണ്‌ എല്ലാവരും കണക്കു കൂട്ടിയത്‌. പക്ഷെ, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം കണ്ടത്‌ ജപ്പാന്റെ ഓട്ടോമൊബൈല്‍– ഇലക്‌ട്രോണിക്‌സ്‌ വ്യവസായങ്ങള്‍ റോക്കറ്റ്‌ വേഗത്തില്‍ കുതിച്ചുയരുന്ന അമ്പരിപ്പിക്കുന്ന കാഴ്‌ചയാണ്‌ വൈകാതെ അമേരിക്കയിലും യൂറോപ്പിലും ജാപ്പനീസ്‌ കാറുകളും ടി വികളും നിറഞ്ഞു. അണുബോംബിന്‌ കീഴിലുള്ള സകല ബോംബുകളും ഉപയോഗിച്ച്‌ കാല്‍ നൂറ്റാണ്ട്‌ മുമ്പ്‌ അമേരിക്ക ചതച്ചരച്ച വിയറ്റ്‌നാം ഇപ്പോള്‍ സജീവതയുള്ള ഒരു ഏഷ്യന്‍ രാഷ്‌ട്രമാണ്‌.

ഊര്‍ജത്തിന്റെ കൂറുമാറ്റം

അല്‍ഖാഇദക്കാര്‍ക്കും താലിബാന്‍കാര്‍ക്കുമെതിരില്‍ അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ചേര്‍ന്ന്‌ അത്യാധുനിക ബോംബുകളും മിസൈലുകളും ഉള്‍പ്പെടെയുള്ള സകല ഉന്മൂലനോപാധികളും പ്രയോഗിക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളേറെയായി. പക്ഷെ, അതുകൊണ്ടൊന്നും യാതൊരു ഫലവും കാണുന്നില്ലെന്നും, `കൊടുംഭീകരര്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ്‌ അമേരിക്കന്‍ യുദ്ധ മാനേജര്‍മാരുടെയും അവരുടെ പാവയായ കര്‍സായിയുടെയും വിലയിരുത്തല്‍. വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍, പാശ്ചാത്യര്‍ അവരുടെ ശത്രുക്കളുടെ മേല്‍ ചൊരിഞ്ഞിട്ട്‌ അവര്‍ നശിച്ച്‌ നാമാവശേഷമാകുന്നതിനു പകരം കൂടുതല്‍ കരുത്താര്‍ജിച്ചുവരാന്‍ കാരണമെന്ത്‌ എന്ന വിഷയം വസ്‌തുനിഷ്‌ഠമായി വിലയിരുത്താന്‍ പാശ്ചാത്യശാസ്‌ത്രജ്ഞന്മാര്‍ നാളിതുവരെ ധൈര്യം കാണിച്ചിട്ടില്ല. ഊര്‍ജത്തിന്റെ മ്യൂട്ടേഷന്‍ എന്നോ ഊര്‍ജത്തിന്റെ കൂറുമാറ്റമെന്നോ വിശേഷിപ്പിക്കാവുന്ന, വിസ്‌മയങ്ങളുടെ വിസ്‌മയമായ ഈ പ്രതാഭാസത്തിന്‌ ഏറ്റവും ശരിയായ വിശദീകരണം, പാശ്ചാത്യ ഉന്മൂലന ഗുരുക്കള്‍ സംഹാരത്തിനായി തിരിച്ചുവിടുന്ന ഊര്‍ജത്തെ പരമകാരുണികന്‍ കൂറുമാറ്റിച്ച്‌ നിര്‍മാണത്തിന്റെ വഴികളില്‍ കര്‍മനിരതമാക്കുന്നു എന്നാണ്‌. ദ്രവ്യത്തിന്റെ മാത്രമല്ല, ഊര്‍ജത്തിന്റെയും അധിപനാണ്‌ പരമകാരുണികനായ ജഗന്നിയന്താവ്‌. അതിജീവനത്തിന്റെ ദൈവശാസ്‌ത്രം ഇവിടെ തുടങ്ങുന്നു.

ഇതൊരു പുതിയ വിഷയമല്ല. അല്ലാഹുവിന്റെ മിത്രമായ ഇബ്‌റാഹീം നബി(അ)യെ ഒരു പൊടിപോലും അവശേഷിപ്പിക്കാതെ നശിപ്പിക്കാന്‍ ഇറാഖിലെ ഉന്മൂലന ഗുരുക്കള്‍ ഒരുക്കിയ ഭീമന്‍ അഗ്നികുണ്ഡം അദ്ദേഹത്തിന്‌ തണുപ്പുള്ള മെത്തയായി മാറിയത്‌ ഇതുപോലൊരു സംഭവമായിരുന്നു. മധ്യകാലത്ത്‌ മുസ്ലിംലോകത്തെ തകര്‍ത്ത്‌ തരിപ്പണമാക്കി മുന്നേറിയ താര്‍ത്താരികളുടെ സംഹാരതാണ്ഡവം സഫലമാവാതെ പോയതാണ്‌ മറ്റൊരു ശ്രദ്ധേയ സംഭവം. ആ സംഹാരമൂര്‍ത്തികളുടെ അടുത്ത തലമുറയെ ഇസ്ലാമിന്റെ കര്‍മഭടന്മാരാക്കി മാറ്റിക്കൊണ്ടാണ്‌, സംഹാരോര്‍ജത്തിന്റെ ഗതി തിരിച്ചുവിടുന്ന വിസ്‌മയം പരമകാരുണികന്‍ പൂര്‍ണതയിലെത്തിച്ചത്‌. ബൈതുല്‍ മുഖദ്ദസില്‍ ചോരക്കളങ്ങള്‍ സൃഷ്‌ടിച്ച കുരിശുയോദ്ധാക്കള്‍ക്ക്‌ ഇസ്‌ലാമിന്റെ ഹൃദയഭൂമികളില്‍ കാല്‍വെക്കാന്‍ സാധിക്കാതിരുന്നതും ശത്രുക്കള്‍ തിരിച്ചുവിട്ട സംഹാരോര്‍ജത്തിന്‌ മേല്‍ പരമകാരുണികന്‍ ആധിപത്യം സ്ഥാപിച്ചതുകൊണ്ടുതന്നെ.

ഭാഗം 2

അതിജീവനത്തിനുള്ള ത്വര (thrust for survival) ജീവജാലങ്ങളുടെ ഘടനയില്‍ പരമകാരുണികനായ സ്രഷ്‌ടാവ്‌ സന്നിവേശിപ്പിച്ചിട്ടുള്ള അന്തശ്ചേദനമാണ്‌. വിവേകം നഷ്‌ടപ്പെട്ട മനുഷ്യന്‍ മരണത്തിന്‌ കാതോര്‍ത്ത്‌ റയില്‍പാളത്തില്‍ തലവെച്ചു കിടക്കുന്നതു പോലൊരു സംഭവം മറ്റു ജീവജാതികള്‍ക്കിടയില്‍ നിന്ന്‌ ഒരിക്കലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ആക്രമണങ്ങള്‍ നേരിട്ടാല്‍, അപകടങ്ങളെ അഭിമുഖീകരിച്ചാല്‍ ആത്മരക്ഷയ്‌ക്കുവേണ്ടി തീവ്രശ്രമം നടത്താന്‍ പ്രചോദനമേകുന്ന മഹത്തായ സംവിധാനങ്ങള്‍ സകലജീവികളുടെയും പ്രകൃതിയില്‍ കൂട്ടിയിണക്കപ്പെട്ടിട്ടുണ്ട്‌. മനുഷ്യന്റെ കേന്ദ്ര നാഡീവ്യൂഹവുമായി ബന്ധപ്പെട്ട സത്വര ജാഗ്രതാസംവിധാനം `പൊരുതാനോ പലായനത്തിനോ വേണ്ട യാന്ത്രികക്രമീകരണം' (fight or flight mechanism) എന്ന പേരില്‍ അറിയപ്പെടുന്നു. ലഹരിയോ മനോവിഭ്രാന്തിയോ മയക്കുമരുന്ന്‌ ആസക്തിയോ ബാധിച്ച മനുഷ്യന്‍ മാത്രമേ തനിക്ക്‌ ആത്മരക്ഷയോ അതിജീവനമോ ആവശ്യമില്ലെന്നും ഇവിടെ മരണം കാത്ത്‌ കിടക്കുകയാണെന്നും പറയുകയുള്ളൂ. എല്ലാ ജീവജാതികളും അതിജീവനത്തിനുള്ള അതിശക്തമായ ത്വര പ്രകടിപ്പിക്കുമ്പോള്‍ `പരിണാമത്തിന്റെ മുകള്‍പടവുകളിലെത്തി' നില്‍ക്കുന്ന മനുഷ്യന്‍ മാത്രം എന്തുകൊണ്ട്‌ ആത്മഹത്യയിലേക്ക്‌ ആവേശത്തോടെ നീങ്ങുന്നു എന്ന ചോദ്യത്തിന്‌ ഭൗതികശാസ്‌ത്രത്തിന്റെ ഏതെങ്കിലും ശാഖയില്‍ ഉത്തരമുള്ളതായി അറിയാന്‍ കഴിഞ്ഞിട്ടില്ല.

അതിജീവന തന്ത്രത്തിലെ വ്യതിരിക്തത

മനുഷ്യരുടെയും ജന്തുക്കളുടെയും അതിജീവനത്തിന്റെ കാര്യത്തില്‍ വ്യാപകമായി അറിയപ്പെടുന്നതും സമീപകാലത്ത്‌ മാത്രം അറിയപ്പെട്ടതുമായ ചില കാര്യങ്ങളുണ്ട്‌. ആഴമുള്ള ജലാശയത്തില്‍ വീണാല്‍ മനുഷ്യരല്ലാത്ത ജന്തുക്കളെല്ലാം നീന്തി രക്ഷപ്പെടും. തള്ളകള്‍ കുഞ്ഞുങ്ങളെ നീന്താന്‍ പഠിപ്പിച്ചതിന്റെ ഫലമല്ലിത്‌. എന്നാല്‍ നീന്തല്‍ പഠിക്കാത്ത ഏതൊരു മനുഷ്യനും ആഴമുള്ള വെള്ളത്തില്‍ വീണാല്‍ മുങ്ങി മരിച്ചുപോകും; ആരെങ്കിലും രക്ഷിച്ചില്ലെങ്കില്‍. കൊടുങ്കാറ്റ്‌, ഭൂകമ്പം, സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക്‌ മുമ്പേ ജന്തുക്കള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ നീങ്ങാറുള്ളതായി പല രാജ്യങ്ങളിലെയും നിരീക്ഷകരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്‌. മനുഷ്യര്‍ക്ക്‌ ലഭിക്കാത്ത ഉള്‍വിളി ജന്തുക്കള്‍ക്ക്‌ ലഭിക്കുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നതെന്ന്‌ പലരും വിലയിരുത്തുന്നു. ആന്തമാന്‍-നിക്കോബാര്‍ ദീപുകളിലെ തീരെ പ്രാകൃതരായ ആദിവാസികള്‍ സുനാമിക്ക്‌ മുമ്പ്‌ സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളതും ഇതോട്‌ ചേര്‍ത്ത്‌ വായിക്കാവുന്നതാണ്‌.


പല ജന്തുക്കള്‍ക്കുമുള്ള അതിജീവനശേഷി മനുഷ്യന്‌ ലഭ്യമല്ലെന്ന്‌ ഇതില്‍ നിന്നൊക്കെ വ്യക്തമാകുന്നു. അതിജീവനോപായങ്ങള്‍ തേടാന്‍ എല്ലാ ജന്തുക്കള്‍ക്കും ജന്മവാസനയുടെ പിന്തുണ ലഭിക്കുമ്പോള്‍ `പരിണാമത്തിന്റെ ഉന്നത സോപാനങ്ങളില്‍ എത്തിയ' മനുഷ്യനു മാത്രം ഇതെന്തുകൊണ്ട്‌ ലഭിക്കാതെ പോകുന്നു എന്ന ചോദ്യത്തിന്‌ ജീവശാസ്‌ത്രത്തിന്റെ പക്കല്‍ യാതൊരു മറുപടിയും ഇല്ല. ചിമ്പന്‍സി ഉള്‍പെടെയുള്ള ജന്തുക്കളില്‍ നിന്നെല്ലാം വ്യത്യസ്‌തമായി, അതിജീവനത്തിന്‌ വേണ്ട ഉപകരണങ്ങളും ആയുധങ്ങളും സ്വന്തമായി നിര്‍മിക്കാനുള്ള കഴിവ്‌ മനുഷ്യന്‌ നല്‍കിയതുകൊണ്ടാണ്‌ ജന്മവാസനയുടെ പിന്തുണയോടെയുള്ള അതിജീവനസൗകര്യം അവന്‌ തുടര്‍ന്ന്‌ നല്‍കേണ്ടതില്ലെന്ന്‌ പരമകാരുണികനായ ജഗന്നിയന്താവ്‌ തീരുമാനിച്ചതെന്ന്‌ കരുതാന്‍ ന്യായമുണ്ട്‌. അതിജീവനവിഷയത്തില്‍ മനുഷ്യനെ ഉന്നതവും സ്വതന്ത്രവുമായ ഒരവസ്ഥയിലും ഇതരജീവജാലങ്ങളെയെല്ലാം തികച്ചും വ്യത്യസ്‌തമായ മറ്റൊരവസ്ഥയിലുമാണ്‌ പ്രപഞ്ചനാഥന്‍ പടച്ചിറക്കിയത്‌ എന്നത്രെ ഇതില്‍നിന്ന്‌ ഗ്രഹിക്കാവുന്നത്‌. പരിണാമം സംബന്ധിച്ച വാചാടോപങ്ങളൊക്കെ ഇവിടെ നിഷ്‌പ്രഭമാകുന്നു.

അത്യുല്‍കൃഷ്‌ടമായ അതിജീവനോപായം

അതിജീവനത്തിനുവേണ്ടി വ്യത്യസ്‌ത കാലങ്ങളില്‍ വ്യത്യസ്‌ത ഉപകരണങ്ങളും ഉപായങ്ങളും ആയുധങ്ങളുമാണ്‌ മനുഷ്യര്‍ അവലംബിച്ചത്‌. ആത്മരക്ഷോപായങ്ങള്‍ എന്തായാലും അതൊക്കെ ആവിഷ്‌കരിക്കാനും വികസിപ്പിക്കാനും മനുഷ്യന്‌ സഹായകമായത്‌, അവന്‌ മാത്രം അധീനമായ ആശയപ്രപഞ്ചമാണ്‌. ദശലക്ഷക്കണക്കില്‍ ജീവജാതികളില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായി മനുഷ്യന്റെ ജയാപജയങ്ങള്‍ക്ക്‌ നിദാനമാകുന്നത്‌ ആശയങ്ങളുടെ സ്വീകാരമോ തിരസ്‌കാരമോ ആണ്‌. ഏറ്റവും ശ്രേഷ്‌ഠമായ ആശയങ്ങളെ ജീവിതത്തിന്റെ ഊടുംപാവുമായി സ്വീകരിച്ച വ്യക്തിക്ക്‌ അതിജീവനത്തിനു വേണ്ടി ഉപകരണങ്ങളെയോ ആയുധങ്ങളെയോ ആശ്രയിക്കേണ്ട ആവശ്യമേ ഉണ്ടായില്ലെന്ന്‌ വരാം. വിശുദ്ധ ഖുര്‍ആനില്‍ അത്തരമൊരു സാധ്യതയെ മഹാഭാഗ്യമെന്നാണ്‌ വിശേഷിപ്പിച്ചിട്ടുള്ളത്‌.

``നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത്‌ ഏതോ അതുകൊണ്ട്‌ നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല'' (41:34,35). ദ്രോഹിക്കുന്നവന്‌ പോലും മാനുഷികമായ സഹായം ചെയ്‌തുകൊടുത്തുകൊണ്ട്‌ അവന്റെ മനസ്സിലെ ദുഷ്‌ടതയും വിരോധവും ഇല്ലാതാക്കുന്ന സാത്വികരായ മനുഷ്യര്‍ക്ക്‌ ശത്രുക്കള്‍ ഉണ്ടാവുകയില്ല. ദ്രോഹിച്ചവനും ശകാരിച്ചവനും അപവദിച്ചവനുമെല്ലാം നിരുപാധികം മാപ്പ്‌ നല്‍കാനാണ്‌ അല്ലാഹു ഉദ്‌ബോധിപ്പിക്കുന്നത്‌. പ്രവാചകപത്‌നി ആഇശ(റ)യെ സംബന്ധിച്ച്‌ അപവാദം പ്രചരിപ്പിച്ചവരുടെ കൂട്ടത്തില്‍ അവരുടെ ഒരു ബന്ധുവായ മിസ്‌ത്വഹ്‌ ബിന്‍ അഥാഥയും ഉള്‍പ്പെട്ടിരുന്നു. മിസ്‌ത്വഹ്‌ ആഇശ(റ)യുടെ പിതാവായ അബൂബക്കര്‍ സിദ്ദീഖി(റ)ന്റെ ഒരു ആശ്രിതന്‍ കൂടിയായിരുന്നു. അബൂബക്കറിന്റെ(റ) സഹായമാണ്‌ ദരിദ്രനായ മിസ്‌ത്വഹിന്‌ താങ്ങായിരുന്നത്‌. തന്റെ മകളെപ്പറ്റി അപവാദം പ്രചരിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ തന്റെ ആശ്രിതനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ കേട്ടപ്പോള്‍ അബൂബക്കര്‍(റ) രോഷാകുലനായി. സ്‌നേഹമുള്ള ഏതൊരു പിതാവും അത്തരം സന്ദര്‍ഭത്തില്‍ രോഷംകൊള്ളുക സ്വാഭാവികമാണ്‌. ഇനിമേല്‍ ആ ആശ്രിതന്‌ യാതൊരു സാമ്പത്തിക സഹായവും ചെയ്യില്ലെന്ന്‌ അബൂബക്കര്‍(റ) ശപഥം ചെയ്‌തു. അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ ആ നടപടിയെ വിമര്‍ശിക്കുകയാണ്‌ ചെയ്‌തത്‌.

``നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്‌ഠതയും കഴിവുമുള്ളവര്‍, കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞുവന്നവര്‍ക്കും യാതൊന്നും കൊടുക്കുകയില്ലെന്ന്‌ ശപഥം ചെയ്യരുത്‌. അവര്‍ മാപ്പ്‌ നല്‍കുകയും വിട്ടുവീഴ്‌ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക്‌ പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്‌ടപ്പെടുന്നില്ലേ? ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ അല്ലാഹു'' (24:22). സത്യവിശ്വാസി ആത്മാര്‍ഥമായി പശ്ചാത്തപിച്ചാല്‍ അവന്റെ എല്ലാ തെറ്റുകുറ്റങ്ങളും അല്ലാഹു പൊറുത്തുകൊടുക്കും. അത്‌ പ്രവാചകപത്‌നിയെക്കുറിച്ച്‌ അപവാദം പറയുക എന്ന അത്യന്തം ഗൗരവമുള്ള കുറ്റമായാല്‍പോലും. ``പറയുക, സ്വന്തം ആത്മാക്കളോട്‌ അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും'' (വി.ഖു 39:53). ``കുറ്റവാളിക്ക്‌ അല്ലാഹു മാപ്പ്‌ നല്‍കിയാലും ഞാന്‍ പൊറുക്കാന്‍ സന്നദ്ധനല്ല'' എന്ന ശാഠ്യം യാതൊരു സത്യവിശ്വാസിയുടെയും ഭാഗത്തുനിന്ന്‌ ഉണ്ടാകാന്‍ പാടില്ല.

വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ദ്രോഹിച്ചവര്‍ക്കെല്ലാം നിരുപാധികം മാപ്പ്‌ നല്‍കാന്‍ ഒരാള്‍ സന്നദ്ധനായാല്‍ അയാള്‍ക്ക്‌ ശത്രുക്കളുണ്ടാകാന്‍ സാധ്യത തീരെ കുറവാണ്‌. മുമ്പ്‌ ശത്രുക്കളായിരുന്നവര്‍ പോലും മിത്രങ്ങളായി മാറും. ഉല്‍കൃഷ്‌ടമായ ഈ അവസ്ഥയെയാണ്‌ 41:35 സൂക്തത്തില്‍ മഹാഭാഗ്യം എന്ന്‌ വിശേഷിപ്പിച്ചത്‌. അതിജീവനത്തിനുള്ള ഏറ്റവും വിശിഷ്‌ടമായ ഉപായവും ഇതുതന്നെയാണ്‌. എന്നാല്‍ സത്യവിശ്വാസികളെല്ലാം ഇത്രയും ഉല്‍കൃഷ്‌ടമായ വിതാനത്തിലേക്ക്‌ ഉയരുക തന്നെ വേണമെന്ന്‌ പരമകാരുണികനായ അല്ലാഹു ശഠിക്കുന്നില്ല. ക്ഷമ കുറഞ്ഞവരും മുന്‍കോപക്കാരും ഉള്‍പ്പെടെ പല അളവില്‍ തെറ്റുകുറ്റങ്ങളുള്ളവരോടും അല്ലാഹു കരുണ കാണിക്കുക തന്നെ ചെയ്യും.


``പിന്നീട്‌ നമ്മുടെ ദാസന്മാരില്‍ നിന്ന്‌ നാം തെരഞ്ഞെടുത്തവര്‍ക്ക്‌ നാം വേദഗ്രന്ഥം അവകാശപ്പെടുത്തിക്കൊടുത്തു. അവരുടെ കൂട്ടത്തില്‍ സ്വന്തത്തോട്‌ അന്യായം ചെയ്‌തവരുണ്ട്‌. മധ്യനിലപാടുകാരും അവരിലുണ്ട്‌. അല്ലാഹുവിന്റെ അനുമതിയോടെ നന്മകളില്‍ മുന്നേറിയവരും അവരിലുണ്ട്‌. അതുതന്നെയാണ്‌ മഹത്തായ അനുഗ്രഹം.'' (വി.ഖു 35:32)

അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടം

നന്മയില്‍ മുന്നേറിയവര്‍ക്ക്‌ അവരുടെ വ്യക്തിവൈശിഷ്‌ട്യംകൊണ്ട്‌ എതിരാളികളെ അതിജയിക്കാന്‍ കഴിയുക എന്നത്‌ അല്ലാഹു നല്‍കുന്ന അതിജീവനത്തിന്റെ ഒരു വശമാണ്‌. ഇത്തരക്കാര്‍ പോലും ജനങ്ങളുടെ വിശ്വാസത്തിലെയോ ആചാരത്തിലെയോ തെറ്റ്‌ ചൂണ്ടിക്കാണിച്ചാല്‍ ചിലര്‍ ശത്രുതയോടെ പ്രതികരിച്ചെന്നു വരാം. മുസ്ലിം സമൂഹാംഗങ്ങളുടെ വ്യക്തിത്വം ഏറെ ആകര്‍ഷകമായാലും അല്ലെങ്കിലും അവരുടെ സംഖ്യയും ശക്തിയും വര്‍ധിക്കുന്നതോടെ പലരുടെ മനസ്സിലും അസൂയയും വിരോധവും വളര്‍ന്നുവരാനിടയുണ്ട്‌. ഏത്‌ സാഹചര്യത്തിലും അതിജീവനത്തിന്‌ വേണ്ട മാര്‍ഗദര്‍ശനവും സഹായവും അല്ലാഹുവിങ്കല്‍ നിന്ന്‌ ഉണ്ടാകും. സത്യവിശ്വാസം സ്വീകരിച്ചു എന്നതിന്റെ പേരില്‍ മാത്രം പീഡിപ്പിക്കപ്പെടുകയോ ഉന്മൂലനഭീഷണിക്ക്‌ ഇരയാവുകയോ ചെയ്യുന്നവര്‍ക്ക്‌ അതിജീവനത്തിന്‌ വേണ്ടി പോരാടാന്‍ അല്ലാഹു അനുവാദം നല്‍കിയിട്ടുണ്ട്‌. സത്യമാര്‍ഗത്തില്‍ ആത്മാര്‍ഥമായി പോരാടുന്നവര്‍ക്ക്‌ പ്രത്യേകമായ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്‌.


``തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കുവേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പ്പെടുത്തുന്നതാണ്‌. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്‌ടപ്പെടുകയില്ല. തീര്‍ച്ച. യുദ്ധത്തിന്‌ ഇരയാകുന്നവര്‍ക്ക്‌, അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു കാരണവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ എന്ന്‌ പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍നിന്ന്‌ പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ പല സന്യാസിമഠങ്ങളും ക്രിസ്‌തീയ ദേവാലയങ്ങളും യഹൂദ ദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.'' (വി.ഖു 22:38-40)

പോരാട്ടത്തിന്റെ നീതിശാസ്‌ത്രം

പക്ഷെ, അതിജീവനത്തിന്‌ വേണ്ടിയുള്ള പോരാട്ടത്തിന്‌ അതിന്റേതായ നീതിശാസ്‌ത്രമുണ്ട്‌. അത്‌ കൂട്ടക്കശാപ്പോ ഉന്മൂലനശ്രമമോ ആകാന്‍ പാടില്ല. ``നിങ്ങളോട്‌ യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട്‌ പ്രവര്‍ത്തിക്കരുത്‌. പരിധിവിട്ട്‌ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്‌ടപ്പെടുക തന്നെയില്ല'' (വി.ഖു 2:190). ഇങ്ങോട്ട്‌ ആക്രമിക്കുകയോ ആക്രമണത്തിന്‌ കോപ്പ്‌ കൂട്ടുകയോ ചെയ്യുന്നവരല്ലാത്ത ആരെയും മുസ്ലിംകള്‍ ആക്രമിക്കാന്‍ പാടില്ല. അത്‌ നീതിക്ക്‌ വിരുദ്ധമാണ്‌. പരിധി ലംഘിക്കലാണ്‌. ``മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടേത്തോളം നിങ്ങള്‍ അവര്‍ക്ക്‌ നന്മചെയ്യുന്നതും നിങ്ങള്‍ അവരോട്‌ നീതിപാലിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹൂ നീതി പാലിക്കുന്നവരെ ഇഷ്‌ടപ്പെടുന്നു'' (വി.ഖു 60:8). ``മസ്‌ജിദുല്‍ ഹറാമില്‍ നിന്ന്‌ നിങ്ങളെ തടഞ്ഞു എന്നതിന്റെ പേരില്‍ ഒരു ജനവിഭാഗത്തോട്‌ നിങ്ങള്‍ക്കുള്ള അമര്‍ഷം, അതിക്രമം പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക്‌ ഒരിക്കലും പ്രേരകമാകരുത്‌. പുണ്യത്തിലും ധര്‍മനിഷ്‌ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ പരസ്‌പരം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.'' (വി.ഖു 5:2) ആക്രമണകാരികളല്ലാത്ത സ്‌ത്രീകള്‍, കുട്ടികള്‍, വൃദ്ധജനങ്ങള്‍, ആരാധനാലയങ്ങളില്‍ പ്രാര്‍ഥനാ നിരതരായി കഴിയുന്നവര്‍ എന്നീ അപരാധികളല്ലാത്ത വിഭാഗങ്ങളെ മുസ്ലിംകള്‍ ആക്രമിക്കരുതെന്ന്‌ നബി(സ) വിലക്കിയിട്ടുണ്ട്‌. എന്നാല്‍ പാശ്ചാത്യ കോളനിവാഴ്‌ചക്കാരും അധിനിവേശക്കാരും തങ്ങളുടെ ആക്രമണങ്ങളില്‍ നിരപരാധികള്‍ക്ക്‌ നാശനഷ്‌ടങ്ങള്‍ നേരിടരുതെന്ന്‌ ഒരിക്കലും നിഷ്‌കര്‍ഷിക്കാറില്ല.

ബോംബും മുസ്ലിം സമൂഹങ്ങളും

വിവേചനമില്ലാത്ത നശീകരണോപാധിയായ ബോംബ്‌ എന്ന ആയുധം, ദൈവമാര്‍ഗത്തില്‍ വിശ്വാസികളുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഉപയോഗിക്കാവുന്നതല്ല; മുസ്ലിംകളെ ഒന്നടങ്കം ഉന്മൂലനം ചെയ്യാന്‍വേണ്ടി ശത്രുക്കള്‍ ശ്രമിക്കുന്ന സന്ദര്‍ഭങ്ങളിലല്ലാതെ. ``ബഹുദൈവവിശ്വാസികള്‍ നിങ്ങളോട്‌ ആകമാനം യുദ്ധംചെയ്യുന്നതുപോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധംചെയ്യുക. അല്ലാഹു സൂക്ഷ്‌മത പാലിക്കുന്നവരുടെ കൂടെയാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക'' (വി.ഖു 9:36). ഉന്മൂലന യുദ്ധത്തിന്‌ ഇരയാകുന്ന സന്ദര്‍ഭത്തില്‍പോലും പരമകാരുണികനായ അല്ലാഹുവിന്റെ ദാസന്മാര്‍ ക്രൂരതയുടെ മൂര്‍ത്തീമദ്‌ഭാവങ്ങളായി മാറാന്‍ പാടില്ലെന്നത്രെ ഈ സൂക്തത്തിന്റെ അവസാന വാക്യത്തിലെ സൂചന.

മുഹമ്മദ്‌ നബി(സ)യും അദ്ദേഹത്തിന്റെ ഉത്തമ മാതൃക പിന്തുടര്‍ന്നവരും ജൈത്രയാത്ര നടത്തിയ സന്ദര്‍ഭങ്ങളില്‍ വന്‍തോതിലുള്ള രക്തച്ചൊരിച്ചിലോ കൂട്ടക്കശാപ്പോ ഉണ്ടായില്ല എന്നത്‌ നിഷ്‌പക്ഷരായ ചരിത്രനിരീക്ഷകരുടെയെല്ലാം ശ്രദ്ധയാകര്‍ഷിച്ച വസ്‌തുതയത്രെ. ശത്രുക്കളുടെ കൊടിയ മര്‍ദനം സഹിക്കവയ്യാതെ മക്കയില്‍ നിന്ന്‌ പലായനം ചെയ്‌ത മുഹമ്മദ്‌ നബി(സ)യും അനുചരന്മാരും ജേതാക്കളായി അവിടെ തിരിച്ചെത്തിയ സന്ദര്‍ഭം ചരിത്രത്തിലെ ഒരു അപൂര്‍വ മുഹൂര്‍ത്തമായിരുന്നു. തന്നെയും ശിഷ്യരെയും നിരന്തരം ദ്രോഹിച്ചുകൊണ്ടിരുന്ന ഖുറൈശികളെ ഏത്‌ വിധത്തില്‍ ശിക്ഷിക്കാനും പ്രവാചകന്‌ സ്വാതന്ത്ര്യമുണ്ടായിരുന്നു. പ്രവാചക ശിഷ്യരില്‍ ഒരാള്‍ ആവേശപൂര്‍വം പറഞ്ഞു: ``ഇന്ന്‌ രക്തമൊഴുക്കുന്ന ദിവസമാണ്‌.'' പ്രവാചകന്‍ അത്‌ തിരുത്തിക്കൊണ്ട്‌ പറഞ്ഞു: ``അല്ല, ഇന്ന്‌ കാരുണ്യപ്രകടനത്തിന്റെ ദിവസമാണ്‌.'' തുടര്‍ന്ന്‌, തൊട്ടു മുമ്പുവരെ ശത്രുതാ നടപടികളിലേര്‍പ്പെട്ടവരോട്‌ അവിടുന്ന്‌ പറഞ്ഞു: ``നിങ്ങള്‍ക്ക്‌ പോകാം. നിങ്ങള്‍ മോചിതരാകുന്നു.'' രണ്ടാം ഖലീഫ ഉമര്‍(റ) ബൈതുല്‍ മുഖദ്ദസ്‌ (ജറൂസലം) കീഴടക്കിയപ്പോഴും, പില്‍ക്കാലത്ത്‌ കുരിശുയുദ്ധത്തക്കാരില്‍ നിന്ന്‌ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ബൈതുല്‍ മുഖദ്ദസ്‌ തിരിച്ചുപിടിച്ചപ്പോഴും പകപോക്കല്‍ നടപടികളുണ്ടായില്ല. എന്നാല്‍ മുസ്ലിംകളില്‍ നിന്ന്‌ കുരിശുയോദ്ധാക്കള്‍ ജറൂസലം പിടിച്ചടക്കിയപ്പോള്‍ അവിടെ ചോരക്കളങ്ങള്‍ മാത്രമല്ല, ചോരക്കുളങ്ങളും സൃഷ്‌ടിക്കപ്പെട്ടുവെന്ന്‌ നിഷ്‌പക്ഷരായ പാശ്ചാത്യ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ശക്തിയും വിജയവും

ചരിത്രം കണ്ട എല്ലാ സാമ്രാജ്യസ്ഥാപകരുടെയും ധാരണ, വന്‍ സൈന്യവും വിപുലമായ ആയുധശേഖരവുമുണ്ടായാല്‍ വിജയം സുനിശ്ചിതമാകുമെന്നായിരുന്നു. മിക്കപ്പോഴും ആ ധാരണ സഫലമായിട്ടില്ല എന്ന യാഥാര്‍ഥ്യം നിഷ്‌പക്ഷ ചരിത്ര നിരീക്ഷകര്‍ക്കെല്ലാം അറിയാം. എന്നിട്ടും, മൂടുറച്ച ധാരണകള്‍ തിരുത്താന്‍ ധീരതയോടെ മുന്നോട്ടുവന്ന ഒബാമ പോലും ഭൗതികശക്തികളില്‍ അമിത പ്രതീക്ഷയര്‍പ്പിക്കുന്നതായാണ്‌ നാം കാണുന്നത്‌. എന്നാല്‍ മനുഷ്യമനസ്സിനെ ശക്തവും ദീപ്‌തവുമാക്കുന്ന സത്യവിശ്വാസവും സര്‍വശക്തന്റെ അനുഗ്രഹവുമാണ്‌ നിര്‍ണായകം എന്ന പോയന്റിലാണ്‌ മുഹമ്മദ്‌ നബ(സ)യും ശിഷ്യന്മാരും ഊന്നിയത്‌. അവരെല്ലാം ആദര്‍ശം മുറുകെ പിടിച്ചുപോരാടിയപ്പോള്‍ വിജയം അവരോടൊപ്പം നില്‌ക്കുകയും ഉന്മൂലന ശ്രമക്കാര്‍ പരാജയപ്പെടുകയും ചെയ്‌തു. ആദര്‍ശവ്യതിയാനത്തിന്റെ നേരിയ മിന്നലാട്ടങ്ങളുണ്ടായപ്പോള്‍ അവര്‍ക്ക്‌ നാശനഷ്‌ടങ്ങളും മാനസിക സംഘര്‍ഷങ്ങളും അനുഭവിക്കേണ്ടി വരികയും ചെയ്‌തു. വിശുദ്ധ ഖുര്‍ആനില്‍ ഇതൊന്നും പ്രതിപാദിക്കാതെ വിട്ടിട്ടില്ല.


ഉഹ്‌ദില്‍ നബി(സ) കാവലിന്‌ നിയോഗിച്ച സൈനികര്‍ അവിടുത്തെ ആജ്ഞ ലംഘിച്ച്‌ സ്ഥലം വിട്ടതിന്റെ ഫലമായി തിരിച്ചടികളുണ്ടായതിനെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: ``അല്ലാഹുവിന്റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്റെ വാഗ്‌ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്‌. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും നിങ്ങളിഷ്‌ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക്‌ കാണിച്ചുതന്നതിനു ശേഷം നിങ്ങള്‍ അനുസരണക്കേട്‌ കാണിക്കുകയും ചെയ്‌തപ്പോഴാണ്‌ (കാര്യങ്ങള്‍ നിങ്ങള്‍ക്ക്‌ എതിരായത്‌). നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്‌. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്‌. അനന്തരം നിങ്ങളെ പരീക്ഷിക്കാനായി അവരില്‍ (ശത്രുക്കളില്‍) നിന്ന്‌ നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക്‌ മാപ്പ്‌ തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട്‌ ഔദാര്യം കാണിക്കുന്നവനാകുന്നു. ആരെയും തിരിഞ്ഞുനോക്കാതെ നിങ്ങള്‍ (പടക്കളത്തില്‍ നിന്ന്‌) ഓടിക്കയറിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). റസൂല്‍ പിന്നില്‍ നിന്ന്‌ നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ അല്ലാഹു നിങ്ങള്‍ക്ക്‌ ദു:ഖത്തിന്മേല്‍ ദു:ഖം പ്രതിഫലമായി നല്‌കി. നഷ്‌ടപ്പെട്ടുപോകുന്ന നേട്ടത്തിന്റെ പേരിലോ നിങ്ങളെ ബാധിക്കുന്ന ആപത്തിന്റെ പേരിലോ നിങ്ങള്‍ ദു:ഖിക്കാന്‍ ഇടവരാതിരിക്കാന്‍ വേണ്ടിയാണിത്‌. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്‌മമായി അറിയുന്നവനാകുന്നു.'' (വി.ഖു 3:152,153)

മുസ്ലിം സൈനികര്‍ക്ക്‌ തങ്ങളുടെ സംഖ്യാ ബാഹുല്യത്തിന്റെ പേരില്‍ അമിത പ്രതീക്ഷയുണ്ടായിരുന്ന ഹുനൈന്‍ യുദ്ധത്തില്‍ നേരിട്ട തകര്‍ച്ചയെപ്പറ്റി വിശുദ്ധഖുര്‍ആനില്‍ ഇപ്രകാരം കാണാം: ``തീര്‍ച്ചയായും ധാരാളം (യുദ്ധ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. ഹുനൈന്‍(യുദ്ധ) ദിവസത്തിലും (സഹായിച്ചു). അതായത്‌ നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും, എന്നാല്‍ അത്‌ നിങ്ങള്‍ക്ക്‌ യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമി വിശാലമായിട്ടും നിങ്ങള്‍ക്ക്‌ അത്‌ ഇടുങ്ങിയതായി തോന്നുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്‌ത സന്ദര്‍ഭം. പിന്നീട്‌ അല്ലാഹു അവന്റെ ദൂതനും വിശ്വാസികള്‍ക്കും അവന്റെ പക്കല്‍ നിന്നുള്ള മനസ്സമാധാനം ഇറക്കിക്കൊടുക്കുകയും, നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും, സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്‌തു. അതത്രെ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.'' (വി.ഖു 9:25,26)


പോരാടുന്നവരുടെ എണ്ണവും വണ്ണവുമല്ല, അവര്‍ വിജയിക്കണമെന്നാണോ ദൈവഹിതം എന്നതാണ്‌ നിര്‍ണായകം. വിശുദ്ധ ഖുര്‍ആനില്‍ (2:249-251) വിവരിച്ച ദാവൂദിന്റെയും ജാലൂത്തിന്റെയും (ദാവീദും ഗോലിയത്തും) ചരിത്രത്തില്‍ നിന്ന്‌ അതാണ്‌ ഗ്രഹിക്കാവുന്നത്‌. ``അങ്ങനെ ജാലൂത്തിനും സൈന്യങ്ങള്‍ക്കുമെതിരില്‍ പോരിനിറങ്ങിയപ്പോള്‍ അവര്‍ പ്രാര്‍ഥിച്ചു: ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിയുകയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനങ്ങള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ. അല്ലാഹുവിന്റെ അനുമതിപ്രകാരം ശത്രുക്കളെ അവര്‍ പരാജയപ്പെടുത്തി. ദാവൂദ്‌ ജാലൂത്തിനെ കൊലപ്പെടുത്തി. അദ്ദേഹത്തിന്‌ അല്ലാഹു ആധിപത്യവും ജ്ഞാനവും നല്‌കുകയും, താന്‍ ഉദ്ദേശിക്കുന്ന പലതും പഠിപ്പിക്കുകയും ചെയ്‌തു. മനുഷ്യരില്‍ ചിലരെ മറ്റു ചിലര്‍ മുഖേന അല്ലാഹു തടുക്കുന്നില്ലായിരുന്നെങ്കില്‍ ഭൂലോകം കുഴപ്പത്തിലാകുമായിരുന്നു. പക്ഷെ, അല്ലാഹു ലോകരോട്‌ വളരെ ഉദാരനത്രെ.'' (വി.ഖു 2:250,251)

ജിഹാദിന്റെ യാഥാര്‍ഥ്യം

ഇസ്ലാമിലെ ഒരു സാങ്കേതിക പദമായ ജിഹാദിന്‌ സയ്യിദ്‌ മൗദൂദിയും സയ്യിദ്‌ ഖുത്വ്‌ബും നല്‌കിയ ഭാഷ്യങ്ങള്‍ അടിസ്ഥാന പ്രമാണങ്ങള്‍ക്ക്‌ തീര്‍ത്തും വിരുദ്ധമത്രെ. ഉസാമയും മുല്ലാ ഉമറും താലിബാന്‍ നേതാക്കളും അഹ്മദി നജാദും ജിഹാദിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്കൊന്നും വിശുദ്ധ ഖുര്‍ആനിന്റെയോ നബിചര്യയുടെയോ പിന്‍ബലമില്ല. ഖുര്‍ആനിക പരിപ്രേക്ഷ്യമനുസരിച്ച്‌ ജിഹാദ്‌ എന്നാല്‍ സാക്ഷാല്‍ സത്യത്തിന്റെ പ്രചാരണത്തിനായുള്ള ഊര്‍ജിത ശ്രമമാകുന്നു. ``അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചു പോകരുത്‌. ഇത്‌ (ഖുര്‍ആന്‍) കൊണ്ട്‌ നീ അവരോട്‌ വലിയൊരു ജിഹാദ്‌ നടത്തിക്കൊള്ളുക.'' (വി.ഖു 25:52). ഖുര്‍ആന്‍കൊണ്ട്‌ നിര്‍വഹിക്കുന്നതാണ്‌ വലിയ ജിഹാദെന്ന്‌ ഈ സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു. ഖുര്‍ആന്‍ കൊണ്ടുള്ള ജിഹാദ്‌ എന്നാല്‍ ഖുര്‍ആന്‍ പ്രതികള്‍ കൊണ്ട്‌ അവിശ്വാസികളുടെ തലയ്‌ക്ക്‌ അടിക്കുക എന്നല്ല അര്‍ഥം. പ്രപഞ്ചനാഥനെ ക്കുറിച്ചും അവന്റെ മാര്‍ഗദര്‍ശനത്തെ സംബന്ധിച്ചും ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങള്‍ പരമാവധി കൂടുതല്‍ ആളുകള്‍ക്ക്‌ അറിയിച്ചുകൊടുക്കലാണ്‌ ഖുര്‍ആന്‍ കൊണ്ടുള്ള ജിഹാദ്‌. ഈ ജിഹാദില്‍ ഏര്‍പ്പെട്ടവര്‍ കയ്യേറ്റത്തിനോ ഉന്മൂലന ശ്രമത്തിനോ വിധേയരാകുന്ന സന്ദര്‍ഭത്തിലാണ്‌ സായുധ സമരം ജിഹാദാകുന്നത്‌. ഇതുകൊണ്ട്‌ ലക്ഷ്യമാക്കപ്പെടുന്നത്‌ കുറെ ആളുകളെ വെട്ടിക്കൊല്ലലോ ബോംബെറിഞ്ഞ്‌ തകര്‍ക്കലോ അല്ല; വിശ്വാസികളുടെ അതിജീവനം ഉറപ്പാക്കുക മാത്രമാണ്‌ ജിഹാദിന്റെ ഭാഗമാകുന്ന സായുധ സമരത്തിന്റെ ലക്ഷ്യം.

മതവിഭാഗങ്ങളുടെ നാശം ദൈവം ഉദ്ദേശിക്കുന്നില്ല

``മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ പല സന്യാസിമഠങ്ങളും ക്രിസ്‌തീയ ദേവാലയങ്ങളും യഹൂദ ദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുകയായിരുന്നു''(വി.ഖു 22:40) എന്ന വാക്യത്തില്‍ നിന്ന്‌ സംശയാതീതമായി തെളിയുന്നു; വിവിധ മതവിഭാഗക്കാരുടെയും അവരുടെ ആരാധനാലയങ്ങളുടെയും നാശമല്ല; നിലനില്‌പാണ്‌ പരമാകാരുണികനായ അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്‌. ഇസ്ലാമിന്റെ പേര്‌ പറഞ്ഞ്‌, അല്ലാഹുവിന്റെ ഉദ്ദേശത്തിനെതിരായി, ഏതെങ്കിലും ജനവിഭാഗത്തിനെതിരില്‍ ഉന്മൂലന യുദ്ധത്തിന്‌ ഒരുമ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ പിശാചിന്റെ ദൗത്യമാണ്‌ ഏറ്റെടുക്കുന്നത്‌.

ഇസ്ലാമിക്‌ ന്യൂക്ലിയര്‍ ബോംബോ?

അപരാധികളെയും നിരപരാധികളെയും വേര്‍തിരിക്കാതെ ഉന്മൂലനം ചെയ്യുന്ന ബോംബ്‌ എന്ന ആയുധം തന്നെ യഥാര്‍ഥത്തില്‍ ഇസ്ലാമികമായ ജിഹാദില്‍ പ്രയോഗിക്കാന്‍ പാടില്ലാത്തതാണ്‌. ബോംബുകള്‍ ധാരാളമായി സംഭരിച്ചുവെച്ച ചില മുസ്ലിം രാഷ്‌ട്രങ്ങള്‍ക്ക്‌ അവ ശത്രുക്കള്‍ക്കെതിരില്‍ `വിജയകരമായി' ഉപയോഗിക്കാന്‍ ഒരിക്കലും സാധിക്കുകയുണ്ടായിട്ടില്ല എന്ന യാഥാര്‍ഥ്യം പ്രത്യേകം വലിയിരുത്തേണ്ടതാണ്‌. `ഇസ്ലാമിക്‌ ന്യൂക്ലിയര്‍ ബോംബ്‌' എന്ന അസംബന്ധത്തിന്റെ പിന്നാലെ പോയ പാക്കിസ്‌താന്‍ എന്ന ഭാഗ്യംകെട്ട രാഷ്‌ട്രം അതിന്റെ ഭയാനകമായ ഭവിഷ്യത്ത്‌ ഇപ്പോള്‍ വേണ്ടത്ര അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. ആ ബോംബ്‌ ഭീകരവാദികളുടെ കൈകളില്‍ എത്തിപ്പെടാനുള്ള സാധ്യതയാണ്‌ ഇപ്പോള്‍ ഒബാമയുടെയും പാശ്ചാത്യരാഷ്‌ട്രത്തലവന്മാരുടെയും ഉറക്കം കെടുത്തുന്നത്‌.


അതിജീവനത്തിനുവേണ്ടി അനിവാര്യമായി വേണ്ടിവരുന്ന പോരാട്ടത്തില്‍ മതമുള്ളവരോ ഇല്ലാത്തവരോ ആയ ഒരു ജനവിഭാഗത്തെയും നിശ്ശേഷം അടിച്ചൊതുക്കാനോ ഉന്മൂലനം ചെയ്യാനോ ശ്രമിക്കരുത്‌ എന്ന അധ്യാപനത്തിന്‌ പുറമെ അങ്ങനെ ശ്രമിച്ചാല്‍ ഫലമുണ്ടാവുകയില്ലെന്ന്‌ മാത്രമല്ല വിപരീതഫലമുണ്ടാകാന്‍ സാധ്യതയുമുണ്ടെന്ന ഓര്‍മപ്പെടുത്തലും വിശുദ്ധ ഖുര്‍ആനില്‍ കാണം: ``ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട്‌ ഔദാര്യം കാണിക്കാനും അവരെ നേതാക്കളാക്കാനും അവരെ (നാടിന്റെ) അനന്തരാവകാശികളാക്കാനും അവര്‍ക്ക്‌ ഭൂമിയില്‍ സ്വാധീനം നല്‌കാനും നാം ഉദ്ദേശിക്കുന്നു.''(വി.ഖു 28:5,6)

പടയോട്ടങ്ങളും ജന്തുജാലങ്ങളും


പടയോട്ടങ്ങളും ജൈത്രയാത്രകളും സൂക്ഷ്‌മജീവികള്‍ ഉള്‍പ്പെടെയുള്ള ജന്തുജാലങ്ങളെയൊന്നും ചതച്ചരച്ചുകൊണ്ടായിരിക്കരുതെന്ന്‌ വിശുദ്ധഖുര്‍ആനില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. നിസ്‌തുലമായ രാജാധികാരം നല്‌കപ്പെട്ട പ്രവാചകനായ സുലൈമാന്‍ നബി(അ)യുടെ ചരിത്രം വിവരിക്കുന്ന സൂറതു നംലിലെ മൂന്ന്‌ സൂക്തങ്ങളുടെ പരിഭാഷ താഴെ ചേര്‍ക്കുന്നു:

``സുലൈമാന്‌ വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിര്‍ത്തപ്പെടുന്നു. അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ്‌ പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചുകൊള്ളുക. സുലൈമാനും അദ്ദേഹത്തിന്റെ സൈന്യങ്ങളും, അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിത്തേച്ചുകളയാതിരിക്കട്ടെ. അപ്പോള്‍ അതിന്റെ വാക്ക്‌ കേട്ട്‌ അദ്ദേഹം നന്നായൊന്ന്‌ പുഞ്ചിരിച്ചു. (തുടര്‍ന്ന്‌ പ്രാര്‍ഥിച്ചു:) എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്‌തു തന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന്‌ നന്ദി കാണിക്കാനും നീ തൃപ്‌തിപ്പെടുന്ന സല്‍കര്‍മം ചെയ്യാനും എനിക്ക്‌ നീ പ്രചോദനം നല്‌കേണമേ. നിന്റെ കാരുണ്യത്താല്‍, നിന്റെ സദ്വൃത്തരായ ദാസന്മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ'' (വി.ഖു 27:17-19). ആ മഹാ ചക്രവര്‍ത്തിയുടെ പ്രവര്‍ത്തനങ്ങളിലും പ്രാര്‍ഥനകളിലും തെളിഞ്ഞുനിന്നത്‌ ഭൂതദയയും ജീവകാരുണ്യവുമായിരുന്നു.


മനുഷ്യരെപ്പോലെ തന്നെയുള്ള സമൂഹങ്ങളാണ്‌ ഇതര ജീവജാതികളും എന്നത്രെ ഖുര്‍ആനിക അധ്യാപനം. അതായത്‌ മനുഷ്യസമൂഹത്തിന്റെ സൗഖ്യവും ക്ഷേമവും പരിഗണിക്കുന്നതുപോലെ തന്നെ ഇതര ജന്തുസമൂഹങ്ങളുടെ സൗഖ്യവും ക്ഷേമവും പരിഗണിക്കണം. മനുഷ്യരുടെ നന്മയ്‌ക്ക്‌ വേണ്ടി ഇതര ജീവികളെ ഉപയോഗപ്പെടുത്താന്‍ പരമകാരുണികനായ രക്ഷിതാവ്‌ അനുവദിച്ചിട്ടുണ്ട്‌. എന്നാല്‍ അത്‌ അവയ്‌ക്ക്‌ വംശനാശം വരുത്താനുള്ള ലൈസന്‍സല്ല.

``ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ടു ചിറകുകൊണ്ട്‌ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമൂഹങ്ങള്‍ തന്നെയാകുന്നു. ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്‌ച വരുത്തിയിട്ടില്ല. പിന്നീട്‌ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ അവര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്‌.'' (വി.ഖു 6:38)

0 comments:

Post a Comment