ഫാസിസവും പ്രതിരോധവും
ചോദ്യം :

ഫാസിസ്റ്റ്‌ ഭീകരതയെ ചെറുക്കാന്‍ യുവാക്കളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രതിരോധസംഘടനകളെ മുസ്‌ലിംസമൂഹം എതിര്‍ക്കേണ്ടതുണ്ടോ? ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ സമുദായം വളരെ ഭീതിയിലും ആശങ്കയിലും കഴിയുന്ന സാഹചര്യത്തില്‍ പ്രതിരോധ സമിതികള്‍ സമുദായത്തിന്‌ തുണയും മുതല്‍ക്കൂട്ടുമല്ലേ? രൂക്ഷമായ വിമര്‍ശനത്തിന്‌ വിധേയരായിക്കൊണ്ടിരിക്കുന്ന പ്രതിരോധ സംഘടനയ്‌ക്ക്‌ പകരമായി ബദല്‍ നിര്‍ദേശം വെക്കാന്‍ പ്രതിരോധ സംഘടനാ വിരുദ്ധകര്‍ക്ക്‌ എന്താണുള്ളത്‌ ?

ഉത്തരം :

ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയെ സംബന്ധിച്ച്‌ വ്യത്യസ്‌ത കാഴ്‌ചപ്പാടുകളുണ്ടാകാം. മുഴുവന്‍ മുസ്‌ലിംകളും തീര്‍ത്തും അരക്ഷിതരാണെന്നായിരിക്കും തികച്ചും ദോഷൈകദൃക്കുകളായിട്ടുള്ള ആളുകള്‍ കരുതുന്നത്‌. സര്‍ക്കാര്‍ സര്‍വത്ര അവഗണിക്കുന്നു, ജനപ്രതിനിധി സഭകളിലും ഉദ്യോഗങ്ങളിലും അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ല, വര്‍ഗീയ വിവേചനത്തിന്‌ ഇരയാകുന്നു, കലാപങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും ഇരയാകുന്നു എന്നിങ്ങനെ ധാരാളം പരാതികള്‍ അവര്‍ക്ക്‌ ഉന്നയിക്കാനുണ്ടാകും. ദോഷങ്ങള്‍ മാത്രമേ അവരുടെ ശ്രദ്ധയില്‍ പെടൂ. ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ അവര്‍ക്ക്‌ ശ്രദ്ധേയമായോ പ്രസ്‌താവ്യമായോ തോന്നുകയില്ല. കടുത്ത അശുഭചിന്തയില്ലാത്ത ആളുകളുടെ കാഴ്‌ചപ്പാട്‌ ഇതില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമായിരിക്കും. പല രാഷ്‌ട്രങ്ങളെയും അപേക്ഷിച്ച്‌ മുസ്‌ലിംകള്‍ക്ക്‌ അഭിപ്രായപ്രകടനത്തിനും സംഘടിക്കാനും പ്രബോധനംനടത്താനും കൂടുതല്‍ സ്വാതന്ത്ര്യമുള്ള നാടാണ്‌ ഇന്ത്യ എന്ന വസ്‌തുതയിലായിരിക്കും അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. ഏറ്റവും കടുത്ത മുസ്‌ലിംവിരോധം പുലര്‍ത്തുന്ന മോഡി ഭരിക്കുന്ന ഗുജറാത്തില്‍ പോലും മുസ്‌ലിംകള്‍ക്ക്‌ ആരാധനാ-പ്രബോധന സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കമ്യൂണിസ്റ്റുരാഷ്‌ട്രങ്ങളിലും ചില ജനാധിപത്യ മതേതര രാഷ്‌ട്രങ്ങളിലും ചില മുസ്‌ലിംഭൂരിപക്ഷ രാഷ്‌ട്രങ്ങളില്‍ പോലും ഇന്ത്യയിലുള്ളത്ര വിപുലമായ സ്വാതന്ത്ര്യം മുസ്‌ലിംകള്‍ക്ക്‌ ലഭിക്കുന്നില്ല എന്നതാണ്‌ സത്യം.

ഇന്ത്യയിലെ ഹിന്ദുസമൂഹത്തിലെ ഒരു ന്യൂനപക്ഷം മാത്രമാണ്‌ ഫാസിസ്റ്റ്‌ പ്രവണതകള്‍ പ്രകടിപ്പിക്കുന്നവര്‍. ബഹുഭൂരിപക്ഷം ഹിന്ദുക്കളും മതനിരപേക്ഷ ജനാധിപത്യത്തിന്റെ പക്ഷത്ത്‌ നില്‌ക്കുന്നവരും മുസ്‌ലിംകളെ ശത്രുതയോടെ വീക്ഷിക്കാത്തവരുമാണ്‌. എന്നാല്‍ ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്‍ മുസ്‌ലിംകള്‍ സംഘടിച്ചാല്‍ അതിനെ ഒരു ഹിന്ദുവിരുദ്ധ നീക്കമായി ചിത്രീകരിക്കുക എന്നതാണ്‌ ഫാസിസ്റ്റ്‌ മറുതന്ത്രം. വര്‍ഗീയമായി ചിന്തിക്കാത്ത ഹിന്ദുക്കളുടെ മനസ്സില്‍ പോലും മുസ്‌ലിംവിരോധം വളരുകയത്രെ ഇതിന്റെ ഫലം. മാറാട്‌ സംഭവം വര്‍ഗീയ ധ്രുവീകരണത്തിന്‌ എത്രമാത്രം ആക്കം കൂട്ടിയിട്ടുണ്ട്‌ എന്ന കാര്യം ശരാശരി പത്രവായനക്കാര്‍ക്കെല്ലാം അറിയാവുന്നതാണ്‌. ഇസ്‌ലാമിക പ്രബോധനസംരംഭങ്ങളും തെറ്റുധാരണകള്‍ നീക്കാനുള്ള ശ്രമങ്ങളും ഒട്ടൊക്കെ വിഫലമാകാനും വര്‍ഗീയ ധ്രുവീകരണം ഒരു നിമിത്തമായിത്തീരും. വര്‍ഗീയസംഘര്‍ഷം സമൂഹത്തിനും രാഷ്‌ട്രത്തിനും കഷ്‌ടനഷ്‌ടങ്ങള്‍ വരുത്തിവെക്കുമെന്നതിനാല്‍ അതിന്‌ വഴിയൊരുക്കുന്നവരെ ഭരണകൂടം കര്‍ക്കശമായി നേരിടുമ്പോഴും വിവിധ മതക്കാരായ ധാരാളം പേര്‍ക്ക്‌ കഷ്‌ടനഷ്‌ടങ്ങള്‍ നേരിടും. ചുരുക്കത്തില്‍ സാമുദായിക പ്രതിരോധശ്രമങ്ങള്‍ കൊണ്ട്‌ വെളുക്കാന്‍ തേച്ചത്‌ പാണ്ഡാകുന്ന അനുഭവമേ ഉണ്ടാകൂ. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത പുലര്‍ത്താത്ത മതേതര സംഘടനകളുമായി സഹകരിച്ചുകൊണ്ട്‌ മാത്രമേ സംഘപരിവാറിന്റെ വിദ്രോഹനടപടികളെ പരാജയപ്പെടുത്താന്‍ കഴിയൂ. മുസ്‌ലിം പ്രതിരോധസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറിന്‌ കരുത്ത്‌ പകരുകയേയുള്ളൂ. മുസ്‌ലിം ഭീകരതയുടെ പേരുപറഞ്ഞ്‌ സഹതാപ തരംഗം സൃഷ്‌ടിക്കാന്‍ എല്ലാ അടവുകളും അവര്‍ പയറ്റും.

0 comments:

Post a Comment