മനുഷ്യന്റെയും ജീവന്റെയും സൃഷ്‌ടിപ്പ്‌
ചോദ്യം :

ഖുര്‍ആനില്‍ ഒരിടത്ത്‌ മനുഷ്യനെ മണ്ണില്‍ നിന്നും സൃഷ്‌ടിച്ചെന്നും മറ്റൊരിടത്ത്‌ വെള്ളത്തില്‍ നിന്ന്‌ സൃഷ്‌ടിച്ചെന്നും പറയുന്നു. അല്ലാഹു ജീവനെ നിര്‍മിച്ചത്‌ എന്തില്‍ നിന്നാണെന്ന്‌ ഖുര്‍ആനില്‍ പ്രതിപാദിക്കുന്നുണ്ടോ?

ഉത്തരം :

മനുഷ്യനെ മണ്ണില്‍ നിന്നും വെള്ളത്തില്‍ നിന്നും സൃഷ്‌ടിച്ചു എന്ന്‌ മാത്രമല്ല, ബീജത്തില്‍ നിന്ന്‌ സൃഷ്‌ടിച്ചുവെന്നും (16:4) ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്‌ടിച്ചുവെന്നും (96:2) ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്‌. ഇതിനൊക്കെയുള്ള വിശദീകരണമാണ്‌ ``നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്‌ടിച്ചിരിക്കുന്നു'' (71:14) എന്ന ഖുര്‍ആന്‍ വാക്യം. ആദ്യത്തെ മനുഷ്യനെ മണ്ണില്‍ നിന്ന്‌ സൃഷ്‌ടിച്ചതിനെപ്പറ്റി അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. പിന്നീട്‌ ജനിച്ചു വളര്‍ന്ന എല്ലാ മനുഷ്യരുടെയും ശരീരങ്ങളില്‍ ഗണ്യമായ അളവില്‍ ജലാംശവും പുറമെ മണ്ണില്‍ നിന്ന്‌ സ്വാംശീകരിക്കപ്പെട്ട പലതരം ധാതുലവണങ്ങളുമാണുള്ളത്‌.

ശരീരത്തില്‍ ഏതൊക്കെ ധാതുക്കള്‍ ഏതേത്‌ അനുപാതത്തില്‍ അടങ്ങിയിട്ടുണ്ടെന്ന്‌ ശാസ്‌ത്രഗ്രന്ഥങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാം. പുരുഷന്റെ ബീജവും സ്‌ത്രീയുടെ അണ്ഡവും സംയോജിച്ച ഭ്രൂണമാണ്‌ ഗര്‍ഭാശയത്തില്‍ വെച്ച്‌ അത്യന്തം സങ്കീര്‍ണവും സവിശേഷവുമായ കോശവിഭജന പ്രക്രിയകളിലൂടെ ശിശുവായി വളരുന്നതെന്നും ഭ്രൂണശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്‌. മനുഷ്യ സൃഷ്‌ടിപ്പിന്റെ വിവിധ ഘട്ടങ്ങളെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച കാര്യങ്ങളൊന്നും അനിഷേധ്യമായി തെളിയിക്കപ്പെട്ട ശാസ്‌ത്ര വസ്‌തുതകള്‍ക്ക്‌ വിരുദ്ധമല്ല.

മരണത്തെയും ജീവിതത്തെയും അല്ലാഹു സൃഷ്‌ടിച്ചുവെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 67:2 സൂക്തത്തില്‍ പറഞ്ഞിട്ടുണ്ട്‌. ജീവിതം എന്ന്‌ തര്‍ജമ നല്‌കിയ `ഹയാത്ത്‌' എന്ന അറബിപദത്തിന്‌ ജീവന്‍ എന്നും അര്‍ഥമുണ്ട്‌. മരണത്തെയും ജീവിതത്തെയും എന്തില്‍ നിന്ന്‌ സൃഷ്‌ടിച്ചുവെന്ന്‌ ഖുര്‍ആനില്‍ വിവരിച്ചിട്ടില്ല. ജീവന്റെ ഉല്‌പത്തിയെ സംബന്ധിച്ച്‌ ശാസ്‌ത്രജ്ഞര്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. പക്ഷെ, ഒന്നും അനിഷേധ്യമായി തെളിയിക്കപ്പെട്ടിട്ടില്ല. ആത്മാവ്‌ എന്നും ജീവചൈതന്യം എന്നും തര്‍ജമ നല്‌കപ്പെടാറുള്ള `റൂഹി'നെ സംബന്ധിച്ച്‌ പല ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശമുണ്ട്‌. ഒരിടത്ത്‌ ഇപ്രകാരം കാണാം: ``നിന്നോട്‌ അവര്‍ റൂഹിനെ സംബന്ധിച്ച്‌ ചോദിക്കുന്നു. പറയുക: റൂഹ്‌ എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന്‌ അല്‌പമല്ലാതെ നിങ്ങള്‍ക്ക്‌ നല്‌കപ്പെട്ടിട്ടില്ല.''(17:85)

ഈ സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം അനുവദനീയമാകുമോ ?
ചോദ്യം :

എന്റെ അകന്ന ബന്ധുവായ ഒരു സ്‌ത്രീ രണ്ടു മാസം ഗര്‍ഭിണിയായിരിക്കെ വിവാഹമോചനം ചെയ്യപ്പെട്ടിരിക്കയാണ്‌. ദാമ്പത്യം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റില്ലെന്ന്‌ ഇരു വിഭാഗത്തിനും ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ്‌ വിവാഹമോചനം നടന്നത്‌. ഗര്‍ഭവും പ്രസവവും മുലയൂട്ടലും സ്‌ത്രീക്ക്‌ വലിയ ഭാരവും ബാധ്യതയുമാകും. പുനര്‍വിവാഹ സാധ്യതയെയും അതൊക്കെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം നടത്തി അവളുടെ ജീവിത ക്ലേശങ്ങള്‍ ഒഴിവാക്കുന്നത്‌ അനുവദനീയമാകുമോ? ഹറാമായ കാര്യങ്ങള്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ ഹലാലാകുമെന്ന വിധി ഇതിന്‌ ബാധകമാകുമോ?

ഉത്തരം :

ഗര്‍ഭം വളര്‍ന്നാല്‍ ഗര്‍ഭിണിക്കോ ഗര്‍ഭസ്ഥ ശിശുവിനോ ഗുരുതരമായ എന്തെങ്കിലും ആരോഗ്യ പ്രശ്‌നമുണ്ടാകുമെന്ന്‌ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാണിക്കുകയാണെങ്കില്‍ നിര്‍ബന്ധിതാവസ്ഥയുടെ പേരില്‍ ഗര്‍ഭഛിദ്രത്തിന്‌ സാധുതയുണ്ടാകും. ഗര്‍ഭം പുനര്‍വിവാഹത്തിന്‌ തടസ്സമാകുമെന്ന്‌ ആശങ്കയുണ്ടാവുക എന്നത്‌ നിര്‍ബന്ധിതാവസ്ഥയുടെ വകുപ്പില്‍ പെടുമെന്ന്‌ `മുസ്‌ലിം' കരുതുന്നില്ല. ഗര്‍ഭാവസ്ഥയില്‍ നടക്കുന്ന വിവാഹമോചനത്തെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. അവരുടെ ഇദ്ദയെ സംബന്ധിച്ച്‌ 65:4ല്‍ ഇപ്രകാരം പറയുന്നു: ``ഗര്‍ഭവതികളായ സ്‌ത്രീകളാവട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുകയാണെങ്കില്‍ അവന്റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കിക്കൊടുക്കുന്നതാണ്‌.''

അല്ലാഹുവെ സൂക്ഷിക്കുന്നതിന്റെ അനിവാര്യ താല്‌പര്യമാണ്‌ അവന്‍ സൃഷ്‌ടിച്ച ഭ്രൂണത്തെ സ്വാഭാവികമായി വളരാന്‍ അനുവദിക്കുക എന്നത്‌. ഒരു സ്‌ത്രീക്ക്‌ ആദ്യ വിവാഹത്തിലാണോ പുനര്‍വിവാഹത്തിലാണോ സന്തതിയുണ്ടാകേണ്ടതെന്ന്‌ അല്ലാഹുവാണ്‌ തീരുമാനിക്കുക. ഗര്‍ഭമുണ്ടാകണമെന്ന്‌ ദമ്പതികള്‍ ആഗ്രഹിക്കുമ്പോള്‍ അത്‌ സംഭവിക്കണമെന്നില്ല. ഒരു കുഞ്ഞിന്‌ വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന ദമ്പതികളില്‍ കുറച്ചു പേര്‍ക്ക്‌ മാത്രമേ ആഗ്രഹം നിറവേറുന്നുള്ളൂ. താങ്കളുടെ ബന്ധുവായ സ്‌ത്രീക്ക്‌ പുനര്‍വിവാഹം സാധിച്ചാലും ഇല്ലെങ്കിലും ഇപ്പോള്‍ ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞ്‌ ഭാവിയില്‍ താങ്ങും തണലുമാകാന്‍ സാധ്യതയുണ്ട്‌. കുട്ടിയുള്ള സ്‌ത്രീയെ വിവാഹം കഴിക്കാന്‍ ആരും തയ്യാറാവുകയില്ല എന്ന ആശങ്ക അടിസ്ഥാനരഹിതമാണ്‌. പല കാരണങ്ങളാല്‍ സന്തതിയുള്ള സ്‌ത്രീയെ പുരുഷന്മാര്‍ പുനര്‍വിവാഹത്തിന്‌ പരിഗണിക്കാന്‍ സാധ്യതയുണ്ട്‌. മനുഷ്യജീവിതത്തിലും പ്രകൃതിയിലും അല്ലാഹു ഉദ്ദേശിച്ചതേ സംഭവിക്കുകയുള്ളൂ എന്ന്‌ വിശ്വസിക്കുന്നവര്‍ പോസിറ്റീവായിട്ടാണ്‌ ചിന്തിക്കുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യേണ്ടത്‌.

വിവാഹ മുക്തരായ ഗര്‍ഭിണികളുടെയും പ്രസവാനന്തരം മുലയൂട്ടുന്ന വിവാഹ മുക്തകളുടെയും പരിരക്ഷയ്‌ക്ക്‌ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്‌. ``അവര്‍ ഗര്‍ഭിണികളാണെങ്കില്‍ അവര്‍ പ്രസവിക്കുന്നതുവരെ നിങ്ങള്‍ അവര്‍ക്ക്‌ ചെലവ്‌ കൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി (കുഞ്ഞിന്‌) മുലയൂട്ടുകയാണെങ്കില്‍ അവര്‍ക്ക്‌ നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങള്‍ തമ്മില്‍ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്‌ത്രീ മുലകൊടുത്തുകൊള്ളട്ടെ.''

സാമൂഹികതിന്മകളും മതസംഘടനകളും
ചോദ്യം :

നമ്മുടെ നാടിന്റെ സാമൂഹികാന്തരീക്ഷം അനുദിനം വഷളാവുന്നതായി മീഡിയകളിലൂടെ മനസ്സിലാവുന്നു. ഇതില്‍ ഇടപെടേണ്ട മത, സാംസ്‌കാരിക സംഘടനകള്‍ ഉള്‍വലിഞ്ഞ്‌ നിഷ്‌ക്രിയരായി നോക്കിനില്‌ക്കുന്നു. പരമ്പരാഗത രീതിയിലുള്ള പ്രബോധന പ്രവര്‍ത്തനങ്ങളുമായി ഇവര്‍ മാറി നില്‌ക്കുന്നു. എന്നൊക്കെ ആരോപണം ഉയരുന്നു. വിശ്വാസിയുടെ പ്രതികരണം എങ്ങനെയാവണം?

ഉത്തരം :

മതസംഘടനകള്‍ പല തരമാണ്‌. വ്യഭിചാരത്തിന്റെയും സ്വവര്‍ഗരതിയുടെയും കാര്യത്തില്‍ ഉദാസീന നിലപാട്‌ സ്വീകരിക്കുന്ന മതങ്ങളുണ്ട്‌. മദ്യപാനം ഒരു കുറ്റമായിത്തന്നെ ഗണിക്കാത്ത മതങ്ങളുണ്ട്‌. ഒരു വിശ്വാസം സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ ഏത്‌ പാപം ചെയ്യുന്നതുകൊണ്ടും കുഴപ്പമില്ലെന്ന്‌ കരുതുന്ന മതങ്ങളുണ്ട്‌. മുസ്‌ലിംകളില്‍ തന്നെ നബിദിനാഘോഷം എല്ലാ പാപങ്ങള്‍ക്കും പരിഹാരമാകുമെന്ന്‌ വാദിക്കുന്നവരുണ്ട്‌. ചില ത്വരീഖത്തുകളില്‍ ചേരുന്നതോടെ ശരീഅത്തിന്റെ വിധിവിലക്കുകള്‍ അപ്രസക്തമാകുമെന്ന്‌ സിദ്ധാന്തിക്കുന്നവരുണ്ട്‌. ഇത്തരക്കാരൊക്കെ സംഘടിച്ചാല്‍ ശക്തി പ്രകടനങ്ങള്‍ കേമമായി നടക്കുമെന്നല്ലാതെ തിന്മകളില്‍ നിന്നും അധര്‍മങ്ങളില്‍ നിന്നും അകന്നു നില്‌ക്കാനുള്ള പ്രചോദനമുണ്ടാവില്ല.

സാംസ്‌കാരിക സംഘടനകളും പലതരമുണ്ട്‌. കലയുടെ പേരിലുള്ള എല്ലാ അഴിഞ്ഞാട്ടങ്ങളും വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ആ കൂട്ടത്തിലുണ്ട്‌. വിവാഹം പിന്തിരിപ്പന്‍ സമ്പ്രദായമാണെന്ന്‌ സമര്‍ഥിക്കുന്ന സാംസ്‌കാരിക നായകന്മാരുണ്ട്‌. അശ്ലീലമെഴുതിയാലേ മൗലികതയുള്ള സാഹിത്യമാവുകയുള്ളൂ എന്ന്‌ കരുതുന്നവരുണ്ട്‌. സംസ്‌കാരം എന്നാല്‍ മനുഷ്യനെ കൊള്ളരുതായ്‌മകളില്‍ നിന്ന്‌ സംസ്‌കരിക്കാന്‍ പര്യാപ്‌തമാകണം. ആ നിലയില്‍ ചിന്തിക്കുന്നവര്‍ അണിനിരന്ന സാംസ്‌കാരിക സംഘടനകളേ സാമൂഹ്യതിന്മകള്‍ക്കെതിരില്‍ പ്രതിരോധം ഏര്‍പ്പെടുത്തുമെന്ന്‌ പ്രതീക്ഷിക്കേണ്ടതുള്ളൂ.

മുസ്‌ലിം സമൂഹത്തില്‍ അധാര്‍മിക പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും കുറയണമെങ്കില്‍ ഓരോ പ്രദേശത്തെയും ആദര്‍ശ പ്രതിബദ്ധതയുള്ള മുസ്‌ലിംകള്‍ കക്ഷിത്വങ്ങള്‍ക്ക്‌ അതീതമായി ഒന്നിച്ച്‌ കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രതിരോധനിര ഉണ്ടാക്കണം. ഒരു മതപോലീസുണ്ടാക്കുക എന്നല്ല ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. പ്രാമാണികമായ ഹദീസില്‍ നിര്‍ദേശിച്ചിട്ടുള്ളതു പോലെ ദുര്‍വൃത്തികളെ കൈകൊണ്ടോ നാവുകൊണ്ടോ തടയാനും അതിന്‌ സാധ്യമല്ലെങ്കില്‍ മനസ്സുകൊണ്ട്‌ വെറുക്കാനും ധര്‍മബോധമുള്ള എല്ലാ വിശ്വാസികളും തീരുമാനിച്ചാല്‍ ഇന്നത്തെ ദുരവസ്ഥയ്‌ക്ക്‌ മാറ്റമുണ്ടാകും.

ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിക പ്രബോധനം നടത്തുന്നവരെല്ലാം സാമൂഹിക തിന്മകളെ നിഷിക്രിയരായി നോക്കി നില്‌ക്കുകയാണ്‌ ചെയ്യുന്നതെന്ന നിരീക്ഷണം പൂര്‍ണമായി ശരിയല്ല. ചില പ്രബോധകന്മാര്‍ ഒട്ടൊക്കെ നിസ്സംഗത പുലര്‍ത്തുന്നുണ്ടാകാം. ചിലര്‍ക്ക്‌ തനിച്ച്‌ തിന്മകളെ നേരിടാന്‍ കഴിവുകേടുണ്ടാകാം. എന്നാലും തിന്മകള്‍ക്കെതിരില്‍ ശക്തമായ ബോധവത്‌കരണം നടത്തുന്ന ധാരാളം പ്രബോധകരുണ്ട്‌ എന്ന യാഥാര്‍ഥ്യം വിസ്‌മരിക്കരുത്‌. വിശ്വാസ വ്യതിയാനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമ്പോള്‍ മറ്റു തെറ്റുകുറ്റങ്ങള്‍ക്കെതിരിലുള്ള ബോധവത്‌കരണത്തിന്‌ ചിലപ്പോള്‍ വലിയ മുന്‍ഗണന ലഭിക്കാതെ പോകാനിടയുണ്ട്‌ എന്നേയുള്ളൂ.

ഇതോടൊപ്പം ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്‌. മാധ്യമപ്രവര്‍ത്തകര്‍ ഒട്ടൊക്കെ ദോഷൈക ദൃഷ്‌ടിയോടെയാണ്‌ മുസ്‌ലിം സമൂഹത്തിലെ ചില തിന്മകളെ വീക്ഷിക്കുന്നത്‌. എത്രയോ സല്‍പ്രവൃത്തികള്‍ ചെയ്യുന്ന ഒരാള്‍ ഒരിക്കല്‍ എന്തെങ്കിലും അവിവേകം കാണിക്കുകയോ അധര്‍മം പ്രവര്‍ത്തിച്ചുപോവുകയോ ചെയ്‌താല്‍ അയാളെ ഇകഴ്‌ത്തുന്ന സമീപനം ഒട്ടും സന്തുലിതമല്ല. തിന്മകളെക്കാളേറെ നന്മകള്‍ ചെയ്യുന്നവര്‍ അല്ലാഹുവിന്റെ കണക്കില്‍ സജ്ജനങ്ങളായിരക്കും. എന്നാല്‍ മാധ്യമങ്ങള്‍ അത്തരക്കാരെയും തേജോവധം ചെയ്യാറുണ്ട്‌. വ്യക്തികളുടെയും സമൂഹങ്ങളുടെയും നന്മകള്‍ കണ്ടില്ലെന്ന്‌ നടിക്കുകയും തിന്മകള്‍ പര്‍വതീകരിക്കുകയുമാണ്‌ മിക്ക മാധ്യമങ്ങളും ചെയ്യുന്നത്‌. മുസ്‌ലിം സമൂഹത്തില്‍ മാത്രമല്ല, എല്ലാ സമൂഹങ്ങളിലും കുറ്റവാളികളുണ്ട്‌. അവരെക്കൊണ്ട്‌ നല്ല മനുഷ്യര്‍ക്ക്‌ പല വിഷമങ്ങള്‍ നേരിടുന്നുണ്ടെങ്കിലും അവരെ ഗുണകാംക്ഷയോടെ ഉപദേശിച്ചു നന്നാക്കുകയാണ്‌ വേണ്ടത്‌, അവരെ തീര്‍ത്തും എഴുതിത്തള്ളുകയല്ല.

പരമ്പരാഗതമായ പ്രബോധനരീതി എന്ന അടയാളപ്പെടുത്തല്‍ എത്രത്തോളം ശരിയാണെന്ന കാര്യം സംശയാസ്‌പദമാണ്‌. അല്ലാഹുവിന്റെ ഗ്രന്ഥവും നബിചര്യയും വിവരിച്ചുകൊടുത്തുകൊണ്ട്‌ ജനങ്ങളെ ബോധവത്‌കരിക്കുക എന്ന പ്രബോധനരീതിയാണ്‌ സ്വഹാബികളും അവരുടെ അടുത്ത തലമുറകളിലെ ജ്ഞാനികളും സ്വീകരിച്ചത്‌. ആ രീതിക്ക്‌ എക്കാലത്തും പ്രസക്തിയുണ്ടെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌. ഇസ്‌ലാമിക ആദര്‍ശത്തിന്റെ ശോഭന മാനങ്ങള്‍ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ചു കാണിക്കുന്നതിനും ഏറെ പ്രസക്തിയുണ്ട്‌. പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതിന്‌ ആധുനിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതും പ്രസക്തം തന്നെ. എന്നാല്‍ അതിശയോക്തിപരമോ അടിസ്ഥാനരഹിതമോ ആയ കഥകള്‍ പറഞ്ഞ്‌ ബഹുജനങ്ങളെ വശീകരിക്കുന്നത്‌ ശരിയായ പ്രബോധനരീതിയല്ല.

മനസ്സും മനോഭാവങ്ങളും വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചത്തില്‍
ഹൃദയം എന്നര്‍ഥമുള്ള ഖല്‍ബ്‌, ഫുആദ്‌ എന്നീ പദങ്ങളും സ്വത്വം എന്ന്‌ കൂടി അര്‍ഥമുള്ള നഫ്‌സ്‌ എന്ന പദവുമാണ്‌ മനുഷ്യമനസ്സിനെ കുറിക്കാന്‍ വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുള്ളത്‌. ഈമാന്‍ അഥവാ വിശ്വാസം ഖല്‍ബില്‍ പ്രവേശിച്ചിരിക്കണം; വാക്കില്‍ മാത്രം ഉണ്ടായാല്‍ പോരാ എന്ന്‌ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ``ഗ്രാമീണ അറബികള്‍ പറയുന്നു; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. നീ പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ `ഞങ്ങള്‍ കീഴ്‌പ്പെട്ടിരിക്കുന്നു' എന്ന്‌ നിങ്ങള്‍ പറഞ്ഞുകൊള്ളുക.

വിശ്വാസം നിങ്ങളുടെ ഖല്‍ബുകളില്‍ പ്രവേശിച്ചു കഴിഞ്ഞിട്ടില്ല. അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കര്‍മഫലങ്ങളില്‍ നിന്ന്‌ യാതൊന്നും അവന്‍ കുറവ്‌ വരുത്തുന്നതല്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (വി.ഖു 49:14)
വിശ്വാസികളെപ്പോലെ പെരുമാറുകയോ സംസാരിക്കുകയോ ചെയ്‌തതുകൊണ്ട്‌ മാത്രം കാര്യമില്ലെന്നും ഖല്‍ബുകളില്‍ അഥവാ ഹൃദയങ്ങളില്‍ കുടികൊള്ളുന്ന വിശ്വാസമേ അല്ലാഹു പരിഗണിക്കുകയുള്ളൂവെന്നും ഈ സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാം. പരലോക മോക്ഷം ലഭിക്കണമെങ്കില്‍ ഖല്‍ബ്‌ കളങ്കമില്ലാത്തതായിരിക്കണമെന്നും അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇബ്‌റാഹീം നബി(അ)യുടെ ഒരു പ്രാര്‍ഥന സൂറത്തുശ്ശുഅറാഇല്‍ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ``അവര്‍ (സൃഷ്‌ടികള്‍) ഉയിര്‍ത്തെഴുന്നേല്‌പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനിതനാക്കരുതേ. അതായത്‌, കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം'' (വി.ഖു 26:87-89).

ഖല്‍ബ്‌ എന്നാല്‍ നെഞ്ചിനകത്തുള്ള ഹൃദയമെന്ന, രക്തം സദാ പമ്പ്‌ ചെയ്‌തുകൊണ്ടിരിക്കുന്ന അവയവം തന്നെയാണോ, മാനസിക വ്യാപാരങ്ങള്‍ക്ക്‌ ആ അവയവവുമായി ബന്ധമുണ്ടോ എന്നൊക്കെ ചിലര്‍ക്ക്‌ സംശയമുണ്ടാകാം. എന്നാല്‍ ഖല്‍ബിന്റെ സ്ഥാനം നെഞ്ചിനകത്ത്‌ തന്നെയാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ``തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്‌. പക്ഷെ, നെഞ്ചുകളിലുള്ള ഖല്‍ബുകളെയാണ്‌ അന്ധത ബാധിക്കുന്നത്‌.'' (22:46) മാനസിക വ്യവഹാരങ്ങള്‍ക്ക്‌ ഹൃദയവുമായുള്ള ബന്ധം സമീപകാലത്ത്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌ എന്ന കാര്യവും ഇതോടൊപ്പം പ്രസ്‌താവ്യമാകുന്നു.

ഖല്‍ബ്‌ എന്ന പദവും അതിന്റെ ബഹുവചനമായ ഖുലൂബ്‌ എന്ന പദവും അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്‌. നെഞ്ചിനകത്തുള്ള അവയവം തന്നെയാണ്‌ ഖല്‍ബെങ്കിലും രക്തം പമ്പ്‌ ചെയ്യുന്ന അവയവം എന്ന നിലയിലുള്ള അതിന്റെ ധര്‍മത്തെ സംബന്ധിച്ചല്ല ഖുര്‍ആനില്‍ പ്രതിപാദിക്കുന്നത്‌. സത്യവും അസത്യവും തിരിച്ചറിയാനും ഗുണദോഷ വിചിന്തനം നടത്താനും ഉപയുക്തമാകുന്ന ഒരു മഹാസംവിധാനം എന്ന നിലയിലാണ്‌ ഖല്‍ബിനെ സംബന്ധിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍. ``ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിനു വേണ്ടി സൃഷ്‌ടിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ ഖല്‍ബുകളുണ്ട്‌. അവ ഉപയോഗിച്ച്‌ അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക്‌ കണ്ണുകളുണ്ട്‌. അവയുപയോഗിച്ച്‌ അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌. അവ ഉപയോഗിച്ച്‌ അവര്‍ കേട്ട്‌ മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍.''(7:179)

ഖല്‍ബ്‌ ഉപയോഗിച്ച്‌ നന്മയും തിന്മയും വേര്‍തിരിച്ചു മനസ്സിലാക്കിയിട്ട്‌ നന്മ സ്വീകരിക്കുകയും തിന്മ വര്‍ജിക്കുകയും ചെയ്യുകയാണ്‌ മനുഷ്യരുടെ സുപ്രധാന ബാധ്യതയെന്ന്‌ വിവിധ ഖുര്‍ആന്‍ സൂക്തങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ഖല്‍ബുകള്‍ അന്യൂനമാകുന്നതിനെയും സംശുദ്ധമാകുന്നതിനെയും സമാധാന നിര്‍ഭരമാകുന്നതിനെയും വിനീതമാകുന്നതിനെയും ആര്‍ദ്രമാകുന്നതിനെയും സംബന്ധിച്ച്‌ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. അതിന്‌ വിപരീതമായി ഖല്‍ബുകള്‍ രോഗഗ്രസ്‌തമാകുന്നതിനെയും കടുത്തുപോകുന്നതിനെയും അടഞ്ഞുപോകുന്നതിനെയും ചഞ്ചലമാകുന്നതിനെയും അശ്രദ്ധമാകുന്നതിനെയും സംബന്ധിച്ചും പരാമര്‍ശമുണ്ട്‌.

എന്തൊന്നിനെക്കുറിച്ച്‌ ചിന്തിക്കാനും ചിന്തയെ ഏത്‌ വഴിക്ക്‌ തിരിച്ചുവിടാനും പാകത്തില്‍ ഖല്‍ബിന്‌ ഘടനാപരമായ സ്വാതന്ത്ര്യം അല്ലാഹു നല്‌കിയിട്ടുണ്ട്‌. നന്മയോ തിന്മയോ തെരഞ്ഞെടുക്കാന്‍ ഖല്‍ബ്‌ നിര്‍ബന്ധിതമാകുന്നില്ല. എന്നാല്‍ ചിന്തയെ സത്യവിശ്വാസത്തിലേക്കും സദ്‌വൃത്തികളിലേക്കും തിരിച്ചുവിടുന്ന ആളുടെ ഖല്‍ബില്‍ വിശ്വാസത്തോടും ധര്‍മനിഷ്‌ഠയോടും ആഭിമുഖ്യം ഉളവാക്കുകയും അവിശ്വാസത്തിന്റെയും അധര്‍മത്തിന്റെയും മാര്‍ഗത്തോട്‌ വെറുപ്പ്‌ തോന്നിക്കുകയും ചെയ്യും. ``.....എങ്കിലും അല്ലാഹു സത്യവിശ്വാസത്തെ നിങ്ങള്‍ക്ക്‌ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും നിങ്ങളുടെ ഖല്‍ബുകളില്‍ അത്‌ അലംകൃതമായി തോന്നിക്കുകയും ചെയ്‌തിരിക്കുന്നു. അവിശ്വാസവും അധര്‍മവും അനുസരണക്കേടും നിങ്ങള്‍ക്ക്‌ അവന്‍ അനിഷ്‌ടകരമാക്കുകയും ചെയ്‌തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍.''(വി.ഖു 49:7)

സത്യവിശ്വാസവും സന്മാര്‍ഗവും അന്വേഷിച്ചു മനസ്സിലാക്കാന്‍ ഖല്‍ബിനെ ഉപയോഗപ്പെടുത്താന്‍ ഒട്ടും താല്‌പര്യം കാണിക്കാത്തവരുടെയും സത്യത്തെ അവഗണിച്ചുകളയുന്നവരുടെയും ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെക്കും. പിന്നീട്‌ അവര്‍ക്ക്‌ സന്മാര്‍ഗം തിരിച്ചറിയാത്ത അവസ്ഥയുണ്ടാകും. ``ഹൃദയങ്ങള്‍ക്കും കേള്‍വിക്കും കാഴ്‌ചകള്‍ക്കും അല്ലാഹു മുദ്ര വെച്ചിട്ടുള്ള ഒരു വിഭാഗമാകുന്നു അക്കൂട്ടര്‍. അവര്‍ തന്നെയാകുന്നു അശ്രദ്ധര്‍. ഒട്ടും സംശയമില്ല. അക്കൂട്ടര്‍ തന്നെയാണ്‌ പരലോകത്ത്‌ നഷ്‌ടക്കാര്‍'' (വി.ഖു 16:108,109). ആദര്‍ശ വിഷയത്തില്‍ അടിക്കടി നിലപാട്‌ മാറ്റുന്നവരുടെ ഹൃദയങ്ങളെ അല്ലാഹു മാറ്റിമറിക്കുമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ``ഇതില്‍ (ഖുര്‍ആനില്‍) ആദ്യ തവണ അവര്‍ വിശ്വസിക്കാതിരുന്നതു പോലെ തന്നെ (ഇപ്പോഴും) നാം അവരുടെ ഹൃദയങ്ങളെയും കണ്ണുകളെയും മാറ്റിമറിച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി വിഹരിച്ചു കൊള്ളാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്യും''(6:110). ``ഹൃദയങ്ങളെ മാറ്റി മറിക്കുന്ന അല്ലാഹുവേ, നീ എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ'' എന്ന്‌ നബി(സ) പ്രാര്‍ഥിക്കാറുണ്ടായിരുന്നു എന്ന്‌ പ്രബലമായ ഹദീസില്‍ കാണാം. നമ്മുടെ ഖല്‍ബുകള്‍ ദുര്‍വിചാരങ്ങളിലേക്ക്‌ വഴുതിപ്പോകാതിരിക്കാന്‍ നാം പരമാവധി ശ്രമിക്കുകയും അതിന്‌ പുറമെ മനസ്സുറപ്പ്‌ നല്‌കാന്‍ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കുകയും ചെയ്യേണ്ടതാണ്‌ എന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. തന്റെ കുടുംബത്തെ മക്കയില്‍ അധിവസിപ്പിച്ച സന്ദര്‍ഭത്തില്‍ ഇബ്‌റാഹീം നബി(അ) ``മനുഷ്യരില്‍ ചിലരുടെ ഹൃദയങ്ങളെ നീ അവരോട്‌ ചായ്‌വുള്ളതാക്കണമേ'' എന്ന്‌ പ്രാര്‍ഥിച്ചതായി 14:37 സൂക്തത്തില്‍ കാണാം.
`അവരുടെ ഖല്‍ബുകളില്‍ രോഗമുണ്ട്‌' എന്ന പ്രസ്‌താവം അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണാം. ഹൃദയം എന്ന അവയവത്തെ ബാധിക്കുന്ന ഭൗതികമായ രോഗങ്ങളല്ല അതുകൊണ്ട്‌ വിവക്ഷിക്കപ്പെട്ടിട്ടുള്ളത്‌.

മാനസിക രോഗങ്ങളുമല്ല ഉദ്ദേശ്യം. ഹൃദ്രോഗമോ മനോരോഗമോ നിമിത്തം ആരും അല്ലാഹുവിന്റെ ശാപത്തിനോ ശിക്ഷയ്‌ക്കോ അവകാശികളാകണമെന്നില്ല. അന്ധവിശ്വാസങ്ങളിലേക്കും ദുസ്സ്വഭാവങ്ങളിലേക്കും ദുര്‍വൃത്തികളിലേക്കും ഹൃദയം അഥവാ മനസ്സ്‌ ആകൃഷ്‌ടമാകുന്നതാണ്‌ ജീവിതത്തെ ആത്യന്തിക നഷ്‌ടത്തിലേക്ക്‌ നയിക്കുന്ന രോഗം. പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും അതിവര്‍ത്തിച്ചുകൊണ്ട്‌ മനസ്സിനെ സകല തിന്മകള്‍ക്കുമെതിരില്‍ ജാഗ്രത്താക്കുകയാണ്‌ ഇതിനുള്ള ചികിത്സ.
മനസ്സ്‌ എന്ന്‌ കൂടി അര്‍ഥമുള്ള പദമാണ്‌ നഫ്‌സ്‌ എന്ന്‌ നേരത്തെ സൂചിപ്പിച്ചുവല്ലോ. നഫ്‌സിന്റെ സദ്‌ഗുണങ്ങളെയും ദുര്‍ഗുണങ്ങളെയും സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്‌.

``തീര്‍ച്ചയായും നഫ്‌സ്‌ ദുഷ്‌പ്രവൃത്തിക്ക്‌ ഏറെ പ്രേരിപ്പിക്കുന്നതാകുന്നു'' (12:53). ജീവിതത്തെ ദുഷിപ്പിക്കുന്ന പല കാര്യങ്ങളും മനസ്സിന്‌ ആസ്വാദ്യവും ആനന്ദകരവുമായി അനുഭവപ്പെടും. അതിനാല്‍ അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ മനസ്സ്‌ ശക്തിയായ പ്രേരണ ചെലുത്തിക്കൊണ്ടിരിക്കും. ഒരു കാര്യം ആസ്വാദ്യമാണോ അല്ലേ എന്നല്ല യഥാര്‍ഥത്തില്‍ ഗുണകരമാണോ അല്ലേ എന്നാണ്‌ വിവേചന ശേഷിയുള്ള ആളുകള്‍ നോക്കേണ്ടത്‌. സാക്ഷാല്‍ നന്മയെയും തിന്മയെയും സംബന്ധിച്ച ബോധം മനുഷ്യപ്രകൃതിയില്‍ തന്നെ ലോകരക്ഷിതാവ്‌ സന്നിവേശിപ്പിച്ചിട്ടുണ്ട്‌.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``മനുഷ്യാസ്‌തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം; എന്നിട്ട്‌ അതിന്‌ അതിന്റെ ദുഷ്‌ടതയും അതിന്റെ സൂക്ഷ്‌മതയും സംബന്ധിച്ച്‌ അവന്‍ ബോധം നല്‌കുകയും ചെയ്‌തിരിക്കുന്നു'' (91:7,8). ആസ്വാദ്യമായി തോന്നുന്ന പല കാര്യങ്ങളും യഥാര്‍ഥത്തില്‍ ദോഷമുണ്ടാക്കുന്നവയാണെന്ന തിരിച്ചറിവ്‌ എക്കാലത്തെയും പക്വമതികള്‍ക്ക്‌ സ്വായത്തമായിരുന്നു. മദ്യവും മയക്കുമരുന്നും അവിഹിത ലൈംഗിക വേഴ്‌ചകളും മറ്റും ഒഴിവാക്കി സൂക്ഷ്‌മത പുലര്‍ത്തിയാലേ ജീവിതം ധന്യമാവുകയുള്ളൂ എന്ന ബോധവും വിവേകശാലികള്‍ക്ക്‌ വെളിച്ചമേകിയിരുന്നു. സൂക്ഷ്‌മതയാണ്‌ ജീവിതത്തിന്റെ വിശുദ്ധിക്കും വികാസത്തിനും നിദാനമെന്ന്‌ മനസ്സിലാക്കി ചിട്ടയോടെ ജീവിക്കുന്നവര്‍ വിജയം വരിക്കുന്നു. പ്രകൃത്യായുള്ള തിരിച്ചറിവ്‌ പ്രയോജനപ്പെടുത്താതെ മനസ്സിന്റെ ദുഷ്‌പ്രേരണക്ക്‌ വശംവദരാകുന്നവര്‍ പരാജയപ്പെടുകയും ചെയ്യുന്നു.

``തീര്‍ച്ചയായും നഫ്‌സിനെ പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്‌തു.'' (വി.ഖു 91:9,10)
സുന്ദരവും ആകര്‍ഷകവും ആസ്വാദ്യവുമായി അനുഭവപ്പെടുന്നതെല്ലാം ആത്യന്തികമായി ഗുണകരമാവില്ല എന്ന യാഥാര്‍ഥ്യം സല്‍ബുദ്ധിയുള്ള മനുഷ്യര്‍ക്കെല്ലാം ഗ്രഹിക്കാന്‍ കഴിയുന്നതാണെങ്കിലും മിക്ക ആളുകളും ദുര്‍വികാരങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വശംവദരായി തെറ്റുകളിലേക്ക്‌ നീങ്ങുകയാണ്‌ പതിവ്‌. നിരന്തരമായ ബോധവത്‌കരണം കൊണ്ട്‌ മാത്രമേ ജനങ്ങള്‍ നന്മയുടെയും സത്യത്തിന്റെയും മൂല്യം മനസ്സിലാക്കി ജീവിതം സംശുദ്ധമാക്കാന്‍ പ്രേരിതരാവുകയുള്ളൂ. അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതും വിശ്വാസികളുടെ മേല്‍ പ്രബോധനബാധ്യത ചുമത്തിയതും മനുഷ്യരെ പിഴവുകളില്‍ നിന്നും പരാജയങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ വേണ്ടിയാകുന്നു.

തെറ്റ്‌ ചെയ്യാന്‍ ശക്തമായ പ്രേരണ ചെലുത്തുക എന്നതിനു പുറമെ തെറ്റു ചെയ്‌തുകഴിഞ്ഞാല്‍ സ്വന്തത്തെ തന്നെ കുറ്റപ്പെടുത്തുക അഥവാ കുറ്റബോധമുളവാക്കുക എന്നതും നഫ്‌സിന്റെ (മനസ്സിന്റെ) സ്വഭാവമാണെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ``ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളുകൊണ്ട്‌ ഞാനിതാ സത്യംചെയ്യുന്നു. കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു'' (വി.ഖു 75:1,2). ആസക്തി അനിയന്ത്രിതമാകുമ്പോള്‍ തെറ്റ്‌ അലംകൃതവും ആസ്വാദ്യവുമായി തോന്നുകയും അതിലേക്ക്‌ വഴുതിപ്പോവുകയും ചെയ്യുമെങ്കിലും പാപങ്ങളൊക്കെ മനുഷ്യപ്രകൃതിക്ക്‌ ദോഷം വരുത്തുന്നതായതിനാല്‍ മനസ്സിനുള്ളില്‍ നിന്ന്‌ തന്നെ കുറ്റബോധം ഉയര്‍ന്നുവരും. മതത്തെയും ധര്‍മത്തെയും തള്ളിപ്പറയുന്നവരുടെ മനസ്സുകളെപ്പോലും കടുത്ത കുറ്റബോധം അലട്ടാറുണ്ട്‌. ചെയ്‌തുപോയ തെറ്റിന്റെ പേരില്‍ നിര്‍വ്യാജം ഖേദിക്കുകയും ഇനിയത്‌ ആവര്‍ത്തിക്കുകയില്ലെന്ന്‌ ഉറച്ച തീരുമാനമെടുക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ്‌ കുറ്റബോധത്തിന്‌ അറുതിയാകുന്നത്‌.

മനസ്സിനെയും ആത്മാവിനെയും ശരീരത്തെയും സംവിധാനിച്ച രക്ഷിതാവിലുള്ള അചഞ്ചലമായ വിശ്വാസവും ധര്‍മനിഷ്‌ഠയും, ചെയ്‌തുപോയ തെറ്റുകളെ സംബന്ധിച്ച പശ്ചാത്താപവും ചേരുമ്പോള്‍ മനസ്സ്‌ കുറ്റബോധത്തില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും മുക്തമായി സമാധാനം കൈവരിക്കുന്നു. ``ശ്രദ്ധിക്കുക; അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മകൊണ്ടത്രെ ഹൃദയങ്ങള്‍ ശാന്തമായിത്തീരുന്നത്‌'' (വി.ഖു 13:28). ദൈവസ്‌മരണ കൊണ്ട്‌ പ്രശാന്തമായിത്തീരുന്ന `നഫ്‌സിനെ' അഭിസംബോധന ചെയ്‌ത്‌ അല്ലാഹു പറയുന്നു: ``സമാധാന നിര്‍ഭരമായ നഫ്‌സേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക്‌ സംതൃപ്‌തമായും സംപ്രീതമായും തിരിച്ചുപോവുക. എന്നിട്ട്‌ എന്റെ അടിയന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക'' (വി.ഖു 89:27-30). ഈ ലോകത്ത്‌ നിന്ന്‌ മടങ്ങിപ്പോകുമ്പോള്‍ സത്യവിശ്വാസിയുടെ മനസ്സ്‌ അല്ലാഹുവെക്കുറിച്ച്‌ സംതൃപ്‌തവും അവന്റെ പ്രീതിക്ക്‌ അര്‍ഹവുമായിരിക്കണം എന്നത്രെ ഇതിന്റെ താല്‌പര്യം.

ഉപര്യുക്ത സൂക്തങ്ങളില്‍ നഫ്‌സിന്‌, മനുഷ്യ മനസ്സിന്‌ അല്ലാഹു നല്‌കിയ വിശേഷണങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം. ഒന്ന്‌, `നഫ്‌സ്‌ അമ്മാറ: ബിസ്സൂഇ' (തിന്മകള്‍ക്ക്‌ ഏറെ പ്രേരിപ്പിക്കുന്ന മനസ്സ്‌). രണ്ട്‌, നഫ്‌സ്‌ ലവ്വാമ: (കുറ്റബോധമുളവാക്കുന്ന മനസ്സ്‌). മൂന്ന്‌, നഫ്‌സ്‌ മുത്വ്‌മ ഇന്ന: (പ്രശാന്തമായ മനസ്സ്‌). നാല്‌, നഫ്‌സ്‌ റാദ്വിയ: (സംതൃപ്‌തമായ മനസ്സ്‌). അഞ്ച്‌, നഫ്‌സ്‌ മര്‍ദ്വിയ്യ: (സംപ്രീതമായ അല്ലാഹുവിന്റെ പ്രീതിക്ക്‌ അര്‍ഹമായ മനസ്സ്‌)

അമാനത്തിന്റെ താല്‌പര്യവും ഇസ്‌ലാമിക ലോകവീക്ഷണവും
``സര്‍വസ്‌തുതിയും ലോകരക്ഷിതാവായ അല്ലാഹുവിന്‌'' എന്നര്‍ഥമുള്ള `ഹംദി'ന്റെ വാക്യം ദിനേന പലതവണ ഉരുവിടുന്നവരാണ്‌ നാം. ലോകത്തെ മഹത്തായ നിയോഗങ്ങള്‍ നിറവേറ്റേണ്ട സ്ഥാനപതി (ഖലീഫ) എന്നതാണ്‌ അല്ലാഹു ഓരോ മനുഷ്യനും നല്‌കിയിട്ടുള്ള പദവി എന്ന കാര്യം ഇസ്‌ലാമിനെക്കുറിച്ച്‌ സാമാന്യജ്ഞാനമുള്ള ആര്‍ക്കും അജ്ഞാതമാകാനിടയില്ല. മനുഷ്യന്റെ ഭാരിച്ച ഉത്തരവാദിത്തത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തം ഇപ്രകാരമാകുന്നു: ``തീര്‍ച്ചയായും നാം ആ വിശ്വസ്‌തദൗത്യം (ഉത്തരവാദിത്തം) ആകശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത്‌ ഏറ്റെടുക്കുന്നതിന്‌ അവ വിസമ്മതിക്കുകയും, അതിനെപ്പറ്റി അവയ്‌ക്ക്‌ പേടി തോന്നുകയും ചെയ്‌തു. മനുഷ്യന്‍ അത്‌ ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.'' (33:72)

സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹു ലോകത്തെയും ലോകരെയും സൃഷ്‌ടിച്ചു പരിപാലിക്കുന്നത്‌ ഏത്‌ വിധമെന്ന്‌ വ്യക്തമായി ഗ്രഹിക്കുമ്പോഴേ മനുഷ്യന്‌ ഭൂമിയിലെ സ്ഥാനപതി എന്ന നിലയില്‍ വിജയം കൈവരിക്കാന്‍ കഴിയൂ. സ്വശരീരവും മനസ്സും ഉള്‍പ്പെടെ സൃഷ്‌ടിപ്രപഞ്ചത്തിലെ മുഴുവന്‍ പ്രതിഭാസങ്ങളെയും സംബന്ധിച്ച്‌ സാമാന്യമായ ധാരണ ഉണ്ടാകുമ്പോഴാണ്‌ സൃഷ്‌ടികളോടും സ്രഷ്‌ടാവിനോടുമുള്ള ഉത്തരവാദിത്തം യഥോചിതം നിറവേറ്റാന്‍ നമുക്ക്‌ സാധിക്കുന്നത്‌. സര്‍വജ്ഞനായ അല്ലാഹു യാതൊന്നും നിരര്‍ഥകമായി സൃഷ്‌ടിച്ചിട്ടില്ല എന്ന്‌ വ്യക്തമായ ബോധ്യമുള്ള ഒരു ജ്ഞാനിക്ക്‌ സൃഷ്‌ടിപ്രപഞ്ചത്തെ സംബന്ധിച്ച്‌ കൂടുതല്‍ പഠിച്ചു കൊണ്ടിരിക്കാനും, സൃഷ്‌ടിവ്യവസ്ഥയുടെ മൗലികതയ്‌ക്ക്‌ ഊനം തട്ടിക്കാതിരിക്കാനും പ്രചോദനമുണ്ടായിരിക്കും. സൃഷ്‌ടിപ്രപഞ്ചത്തിലെ വിസ്‌മയങ്ങള്‍ ഓരോന്നും അടുത്തറിയുമ്പോള്‍ സ്രഷ്‌ടാവിന്റെ മഹത്വത്തെ വീണ്ടും വീണ്ടും വാഴ്‌ത്താനും പ്രചോദനമുണ്ടാകും.

``തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്‌ടിയിലും, രാപ്പകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്‌ടാന്തങ്ങളുണ്ട്‌. നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ ഓര്‍ക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്‌ടിയെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായി സൃഷ്‌ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ നീ കാത്തുരക്ഷിക്കണേ.'' (വി.ഖു 3:190,191)

കഴിഞ്ഞ നൂറ്റാണ്ടുകളിലെ മുസ്‌ലിം പണ്ഡിതന്മാരില്‍ പലരും ആകാശഗോളങ്ങളുടെ വലുപ്പം, അകലം, ഭ്രമണം, പരിക്രമണം, ഉദയം, അസ്‌തമയം, സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍ എന്നിവയെക്കുറിച്ച്‌ കഴിയുന്നത്ര സൂക്ഷ്‌മമായ പഠനം നടത്തിയിരുന്നു. ഉദയാസ്‌തമയങ്ങളുടെയും നമസ്‌കാര സമയങ്ങളുടെയും പ്രാദേശിക വ്യത്യാസങ്ങളും ദിവസേനയുള്ള മാറ്റങ്ങളും അവര്‍ കണിശമായി ഗണിച്ചിരുന്നു. ഭൂമിയുടെ അക്ഷാംശങ്ങളെയും രേഖാംശങ്ങളെയും ഉത്തര-ദക്ഷിണ അയനങ്ങളെയും സംബന്ധിച്ച പഠനഫലങ്ങളും ഇതിനുവേണ്ടി അവര്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഭൂപ്രദേശങ്ങളെയും പ്രകൃതി വിഭവങ്ങളെയും ജനവിഭാഗങ്ങളെയും സംബന്ധിച്ച്‌ കൂടുതല്‍ അറിവ്‌ നേടാന്‍ വേണ്ടി അവര്‍ ഏറേ ദേശസഞ്ചാരം നടത്തുകയും യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പഠനവിധേയമാക്കുകയും ചെയ്‌തു. ഭൂ വിഭാഗപഠനത്തിന്‌ പുറമെ വിവിധ നാടുകളുടെയും ജനപദങ്ങളുടെയും ചരിത്രം പഠിക്കാനും അവര്‍ ഏറെ താല്‌പര്യം കാണിച്ചു. നാഗരികതകളുടെ വികാസ സങ്കോചങ്ങളും ഉത്ഥാന പതനങ്ങളും ഒരുകാലത്ത്‌ മുസ്‌ലിം പണ്ഡിതന്മാരുടെ ഇഷ്‌ടവിഷയങ്ങളായിരുന്നു.

ഒരു കാലഘട്ടത്തില്‍ മുസ്‌ലിം വൈദ്യശാസ്‌ത്രജ്ഞരായിരുന്നു ലോകത്ത്‌ ഏറ്റവും മുന്നിട്ടുനിന്നിരുന്നത്‌. രസതന്ത്രം, ഊര്‍ജതന്ത്രം, ജീവശാസ്‌ത്രം, ഗണിതശാസ്‌ത്രം തുടങ്ങിയ വിജ്ഞാനമേഖലകളിലെല്ലാം ബഗ്‌ദാദും മുസ്‌ലിം സ്‌പെയിനിലെ കോര്‍ദോവാ നഗരവും അതുല്യമായ വികാസം കൈവരിച്ചിരുന്നു. ഇബ്‌നുതൈമിയ്യയും ഇബ്‌നുഖല്‍ദൂനും മറ്റും ഇസ്‌ലാമിക വിഷയങ്ങളില്‍ അവഗാഹം നേടിയതോടൊപ്പം സാമ്പത്തിക ശാസ്‌ത്രം, വികസന ശാസ്‌ത്രം, രാഷ്‌ട്രതന്ത്രം, സാമൂഹ്യശാസ്‌ത്രം എന്നീ വിഷയങ്ങളില്‍ ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തുകയും ചെയ്‌തിട്ടുണ്ട്‌. വൈജ്ഞാനിക മുന്നേറ്റത്തിന്റെ സാരഥികളാകുന്നതോടൊപ്പം വിജ്ഞാനശാഖകളുടെ ഇസ്‌ലാമികവത്‌കരണത്തിലും അവര്‍ ദത്തശ്രദ്ധരായിരുന്നു.

അല്ലാഹു നിശ്ചയിച്ച പ്രകൃതിവ്യവസ്ഥയെ അട്ടിമറിക്കുന്ന യാതൊരു പ്രവര്‍ത്തനവും ശാസ്‌ത്രത്തിന്റെ പേരില്‍ സാധൂകരിക്കപ്പെടാവുന്നതല്ല എന്നായിരുന്നു എക്കാലത്തും മുസ്‌ലിം ശാസ്‌ത്രജ്ഞരുടെയും സാമൂഹ്യശാസ്‌ത്രജ്ഞരുടെയും നിലപാട്‌. വാണിജ്യവും വ്യവസായവും ഇസ്‌ലാമിന്റെ ധാര്‍മിക നിയമങ്ങള്‍ക്ക്‌ വിധേയമായിരിക്കണമെന്നും വ്യക്തികള്‍ക്കോ സമൂഹത്തിനോ ദോഷം വരുത്തുന്ന വസ്‌തുക്കള്‍ നിര്‍മിക്കാനോ വില്‌ക്കാനോ പാടില്ലെന്നും, വ്യവസായ ശാലകള്‍ പരിസര മലിനീകരണത്തിന്‌ നിമിത്തമാകരുതെന്നും മുസ്‌ലിം സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ നിഷ്‌കര്‍ഷിച്ചിരുന്നു. ഒരു `മുഹാസിബി'ന്റെ (സൂപ്രവൈസറുടെ) കര്‍ശനമായ നിയന്ത്രണത്തിന്‌ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ വിധേയമായിരിക്കണമെന്ന്‌ പല മുസ്‌ലിം സാമ്പത്തിക വിദഗ്‌ധരും നിഷ്‌കര്‍ഷിച്ചിരുന്നു. മുഹാസിബിന്റെ ചുമതലകള്‍ വിവരിക്കുന്ന കൂട്ടത്തില്‍, പുകയോ മാലിന്യമോ സൃഷ്‌ടിക്കുന്ന വ്യവസായശാല, വൈദ്യശാലക്കോ തുണിക്കടക്കോ അടുത്ത്‌ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന്‌ ഇബ്‌നുതൈമിയ്യ എഴുതിയതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌.

എല്ലാ മൂല്യങ്ങള്‍ക്കും ഉപരിയായി ലാഭത്തെ പ്രതിഷ്‌ഠിക്കുകയും, ലാഭകരമാകുന്ന എന്തിന്റെയും നിര്‍മാണവും വിതരണവും യഥേഷ്‌ടം അനുവദിക്കുകയും ചെയ്യുന്ന ഉദാര മുതലാളിത്ത വ്യവസ്ഥയുടെ വക്താക്കള്‍ക്ക്‌ ശാസ്‌ത്രത്തെയും സാമൂഹ്യവിജ്ഞാനീയങ്ങളെയും ഇസ്‌ലാമിക മൂല്യവ്യവസ്ഥയ്‌ക്ക്‌ വിധേയമാക്കണമെന്ന നിര്‍ദേശം അറു പിന്തിരിപ്പനായി തോന്നിയേക്കാം. എന്നാല്‍ ശാസ്‌ത്രവും സാങ്കേതിക വിദ്യയും സാമ്പത്തിക വ്യവഹാരങ്ങളും മനുഷ്യപ്രകൃതിക്കും പരിസ്ഥിതിക്കും ഗുരുതരമായ ദോഷങ്ങള്‍ വരുത്തിവെക്കുന്ന വിധത്തില്‍ മുന്നേറരുതെന്ന്‌ നിഷ്‌കര്‍ഷിക്കുന്ന യാതൊരു മൂല്യവ്യവസ്ഥയും മുതലാളിത്ത ലോകത്ത്‌ നിലനില്‌ക്കുന്നില്ല എന്ന അനിഷേധ്യ സത്യത്തെ എത്രകാലം അവഗണിച്ചു തള്ളാന്‍ കഴിയും? മണ്ണിലും വെള്ളത്തിലും മാരകമായ രാസവസ്‌തുക്കള്‍ കുമിഞ്ഞുകൂടുകയും അന്തരീക്ഷത്തെ കാര്‍ബണ്‍ വാതകങ്ങള്‍ വിഷമയമാക്കുകയും സസ്യജീവജാതികള്‍ `ജനിതക പരിഷ്‌കരണം' കൊണ്ട്‌ അപചയപ്പെടുകയും സ്വതന്ത്രരതിക്കും സെക്‌സ്‌ ടൂറിസത്തിനും വേണ്ടിയുള്ള പ്രചാരണങ്ങള്‍ സമൂഹങ്ങളെ ഫാദര്‍ലെസ്‌ (പിതൃശൂന്യം) ആക്കിത്തീര്‍ക്കുകയും ചെയ്‌താല്‍ ലോകത്തെയും ലോകരെയും വീണ്ടെടുക്കാന്‍ ഇസ്‌ലാമിക മൂല്യവ്യവസ്ഥയല്ലാതെ വിശ്വസനീയവും ആധികാരികവുമായ യാതൊരു രക്ഷോപായവും എവിടെയും ലഭ്യമല്ല.

ഈ യാഥാര്‍ഥ്യം ചൂണ്ടിക്കാണിക്കുന്നവരെ മതമൗലികവാദികളെന്നോ തീവ്രവാദികളെന്നോ വിളിച്ച്‌ ഇകഴ്‌ത്താന്‍ എളുപ്പമാണ്‌. എന്നാല്‍ പരിസ്ഥിതിയുടെ സന്തുലിതത്വവും മാനവതയുടെ മഹിതഭാവങ്ങളും കടുത്ത അപചയത്തിന്‌ വിധേയമാകുന്നത്‌ തടയാന്‍ ഭൂമുഖത്ത്‌ വേറെ ഏത്‌ ദര്‍ശനമോ പ്രത്യയശാസ്‌ത്രമോ ആണുള്ളതെന്ന്‌ ചോദിച്ചാല്‍ മുതലാളിത്തപക്ഷത്ത്‌ നിന്നോ സോഷ്യലിസ്റ്റ്‌ പക്ഷത്തുനിന്നോ തൃപ്‌തികരമായ യാതൊരു ഉത്തരവും ലഭിക്കുകയില്ല.

ലോകത്തിന്റെയും ലോകരുടെയും രക്ഷിതാവ്‌ അവതരിപ്പിച്ച ജീവിതദര്‍ശനം മാനവരാശിയെ ലക്ഷണയുക്തമായ ഒരു നാഗരികതയിലേക്ക്‌ എങ്ങനെ നയിക്കുന്നുവെന്നും, രക്ഷിതാവ്‌ തികച്ചും അന്യൂനമായി സംവിധാനിച്ച പ്രകൃതിവ്യവസ്ഥയെ താളപ്പിഴ കൂടാതെ നിലനിര്‍ത്താന്‍ എങ്ങനെ വഴികാണിക്കുന്നുവെന്നും സൂക്ഷ്‌മമായി പഠിക്കാനും പഠിപ്പിക്കാനും ഇസ്‌ലാമിക ചിന്തകന്മാര്‍ക്ക്‌ ബാധ്യതയുണ്ട്‌. വിശുദ്ധ ഖുര്‍ആനില്‍ സൂചിപ്പിച്ച ഖിലാഫത്തിന്റെയും അമാനത്തിന്റെയും താല്‌പര്യമാണത്‌. പോയ നൂറ്റാണ്ടുകളില്‍ യുഗപ്രഭാവരായ മുസ്‌ലിം ചിന്തകന്മാര്‍ അവരുടെ കാലത്തിനൊപ്പവും, സമകാലീന സമൂഹങ്ങളെ കവച്ചുവെച്ചും ഇസ്‌ലാമിക ലോകവീക്ഷണത്തിന്റെ പ്രസാരണം നടത്തിയിട്ടുണ്ട്‌.

എന്നാല്‍ ഇന്നത്തെ മുസ്‌ലിം ശാസ്‌ത്രജ്ഞര്‍ക്കും ചിന്തകന്മാര്‍ക്കും പാശ്ചാത്യരുടെ ആത്മനാശകരമായ ലിബറലിസത്തെയും, സസ്യ-ജീവജാതികളെ വീണ്ടെടുക്കാനൊക്കാത്ത അപചയത്തിലേക്ക്‌ നയിക്കുന്ന അന്തക ശാസ്‌ത്രത്തെയും കണ്ണടച്ച്‌ പിന്തുടരാന്‍ മാത്രമേ കഴിയുന്നുള്ളൂവെങ്കില്‍ ഖിലാഫത്തും അമാനത്തുമൊക്കെ കളഞ്ഞുകുളിക്കുകയായിരിക്കും അവര്‍ ചെയ്യുന്നത്‌. ഇസ്‌ലാമിക ലോകവീക്ഷണത്തിന്റെ സര്‍വകാല പ്രസക്തി തെളിയിക്കാന്‍ ശ്രമിക്കുന്നവരെ പാശ്ചാത്യരും അവരുടെ പിണിയാളുകളും തേജോവധം ചെയ്യുമെന്നുറപ്പാണെങ്കിലും കിഴക്കും പടിഞ്ഞാറുമുള്ള പക്വമതികളില്‍ കുറേപ്പേര്‍ ദൈവിക ജീവിതദര്‍ശനത്തിന്റെ ശോഭനമാനങ്ങള്‍ തെളിയിച്ചുകാണിച്ചു കൊണ്ടിരിക്കുമെന്ന്‌ തന്നെയാണ്‌ പ്രതീക്ഷിക്കാവുന്നത്‌.

ഓര്‍മപ്പെടുത്തല്‍ തെറ്റായാല്‍
ചോദ്യം :

ജമാഅത്ത്‌ നമസ്‌കാരങ്ങളില്‍ ഇമാമിന്‌ പിഴവ്‌ സംഭവിച്ചാല്‍ ഓര്‍മപ്പെടുത്താനായി മഅ്‌മൂമുകള്‍ പുരുഷന്മാര്‍ സുബ്‌ഹാനല്ലാഹ്‌ എന്ന്‌ പറയുകയും സ്‌ത്രീകള്‍ കൈകൊട്ടുകയുമാണല്ലോ ചെയ്യാറുള്ളത്‌. എന്നാല്‍ ഇമാമിന്‌ പിഴവ്‌ സംഭവിച്ചിട്ടുണ്ടെന്ന്‌ ഒരു മഅ്‌മൂമിന്‌ തെറ്റായ ധാരണ ഉണ്ടാവുകയും അദ്ദേഹം സുബ്‌ഹാനല്ലാഹ്‌ പറയുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ പിഴവ്‌ സംഭവിച്ചിട്ടില്ലെന്ന്‌ മറ്റ്‌ മഅ്‌മൂമുകള്‍ക്ക്‌ അറിയാം. ഇത്തരം സാഹചര്യത്തില്‍ ഇമാമിന്‌ പിഴച്ചിട്ടില്ലെന്ന്‌ അറിയിക്കാന്‍ മറ്റ്‌ മഅ്‌മൂമുകള്‍ക്ക്‌ പറയാനുള്ള വല്ല ഓര്‍മപ്പെടുത്തല്‍ പദവും ഉണ്ടോ?

ഉത്തരം :

ഇമാമിന്‌ പിഴച്ചിട്ടില്ലെന്ന്‌ അറിയിക്കാന്‍ പ്രത്യേക നിര്‍ദേശമൊന്നും നബി(സ) നല്‍കിയതായി ഹദീസുകളില്‍ കാണുന്നില്ല. അതിനാല്‍ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ ഒരു മഅ്‌മൂം സുബ്‌ഹാനല്ലാഹ്‌ ചൊല്ലിയാല്‍ മറ്റു മഅ്‌മൂമുകള്‍ പ്രത്യേകിച്ചെന്തെങ്കിലും ചൊല്ലേണ്ടതില്ല. ഇമാം തനിക്ക്‌ ബോധ്യമായിട്ടുള്ളതനുസരിച്ച്‌ പ്രവര്‍ത്തിച്ചുകൊള്ളട്ടെ എന്ന്‌ കരുതിയാല്‍ മതി. സുബ്‌ഹാനല്ലാഹ്‌ കേട്ടതുകൊണ്ട്‌ മാത്രം ഇമാം തെറ്റിദ്ധാരണയില്‍ അകപ്പെടണമെന്നില്ലല്ലോ.

ദൈവത്തിന്റെ കാരുണ്യം ഇങ്ങനെയോ ?
ചോദ്യം :

വ്യഭിചരിച്ചവനെ എറിഞ്ഞു കൊല്ലണമെന്നും മോഷണം നടത്തിയവന്റെ കൈ വെട്ടണമെന്നും ശിക്ഷവിധിച്ച അല്ലാഹു തന്റെ സൃഷ്ടികളായ മനുഷ്യരോട് കരുണയുള്ളവനാണെന്ന് പറയുന്നതെങ്ങനെ? മാത്രമല്ല, അല്ലാഹുവിന്റെ സ്വന്തം സൃഷ്ടികളെ നരകത്തിലിട്ട് വറുക്കുന്ന അല്ലാഹു എങ്ങനെയാണ് പരമകാരുണികനും കരുണാനിധിയുമാകുന്നത്? ഭാര്യയെ പോറ്റാന്‍കഴിയാത്തവനോട് തന്റെ വികാരം നിയന്ത്രിക്കാന്‍ വ്രതം അനുഷ്ഠിക്കണമെന്ന് പറയുന്ന, കഴിവുള്ള പണക്കാരന് നാല് പെണ്ണിനെ വേള്‍ക്കാനും പുറമെ കഴിയുന്നത്ര വെപ്പാട്ടിമാരെ സ്വീകരിക്കാനും അനുവദിക്കുന്ന അല്ലാഹു പക്ഷപാതിയും ബൂര്‍ഷ്വാവാദിയുമല്ലേ? വ്യഭിചാരക്കുറ്റത്തിനും മോഷണക്കുറ്റത്തിനും ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് പാവപ്പട്ടവരായിരിക്കുമല്ലോ ?

ഉത്തരം :

സ്വന്തം ഭാര്യയെ മറ്റൊരാള്‍ ബലാല്‍സംഗം ചെയ്യുകയും, അവന്റ ബീജം അവളുടെ ഗര്‍ഭാശയത്തില്‍ വളരാന്‍ തുടങ്ങുകയും അവനെ ശിക്ഷക്കൊന്നും വിധേയനാക്കാന്‍ കഴിയാതെപോവുകയും ചെയ്താല്‍ അവനെ നരകത്തിലിട്ട് വറുക്കുന്ന ഒരു ദൈവം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് യുക്തിവാദി പോലും കൊതിച്ചുപോകും. എയ്ഡ്സ് പേടിച്ചിട്ട് മനുഷ്യര്‍ക്ക് ഒരു ഇന്‍ജക്ഷന്‍ എടുപ്പിക്കാന്‍പോലും കഴിയാത്ത അവസ്ഥാവിശേഷത്തിന്വഴിയൊരുക്കിയ ദുര്‍നടപ്പുകാരോട് വലിയ കാരുണ്യം തോന്നുകയും സന്മാര്‍ഗത്തിലേക്കും സദാചാരത്തിലേക്കും വഴികാണിക്കുന്നപരമകാരുണികനെ വെറുക്കുകയും ചെയ്യുക എന്നതാണ് മനുഷ്യനെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ രോഗം.

പട്ടിണി നിമിത്തം മോഷ്ടിക്കാന്‍ നിര്‍ന്ധിതനാകുന്നവന്റെ കൈവെട്ടണമെന്ന് ദൈവം നിശ്ചയിച്ചിട്ടില്ല. എന്നാല്‍ മോഷ്ടാവിന്റ മനുഷ്യാവകാശത്തെക്കുറിച്ച് വാചാലരാകുന്ന പലരും അത്യാവശ്യ കാര്യത്തിന് വേണ്ടി പണം മോഷ്ടിക്കപ്പെട്ടതിനാല്‍ കഷ്ടത അനുഭവിക്കുന്നവന്റെ ദൈന്യതയോട് അനുകമ്പ കാണിക്കാറില്ല. നമ്മുടെ നാട്ടിലെ അവസ്ഥ നോക്കൂ. നൂറ്രൂപ മോഷ്ടിച്ചവന്‍ ഇവിടെ ജയിലില്‍ കിടക്കേണ്ടിവന്നേക്കാം. ഒരാളെ കൊന്നവന് വധശിക്ഷവരെ ലഭിച്ചേക്കാം. എന്നാല്‍ നൂറ് കോടി മോഷ്ടിക്കുകയോ അപഹരിക്കുകയോ ചെയ്തിട്ട് നല്ലൊരു ഭാഗം വേണ്ടപ്പെട്ടവര്‍ക്കൊക്കെ സമ്മാനിച്ചാല്‍ സുഖമായി വിലസാമെന്ന് മാത്രമല്ല എം.എല്‍.എയോ മന്ത്രിയോ ആകാനുള്ള സൌഭാഗ്യവും ലഭിച്ചേക്കാം. പതിനഞ്ചോ ഇരുപതോ പേരെ ഒന്നിച്ചുകൊന്നാല്‍ ഘാതകന് പത്രവാരികകളില്‍ കിട്ടുന്ന കവറേജ് അയാളെ പാര്‍ലമെന്റ് അംഗമോ കേന്ദ്രമന്ത്രിയോ വരെ ആകാന്‍ അര്‍ഹനാക്കുന്ന അവസ്ഥാവിശേഷവും ഇവിടെയുണ്ട്. യഥാര്‍ഥമായ നീതിയോ കാരുണ്യമോ ഈ സാഹചര്യത്തില്‍ ആരില്‍നിന്നാണ് പ്രതീക്ഷിക്കാന്‍ കഴിയുക. പരമകാരുണികനായ ദൈവത്തില്‍ നിന്നല്ലാതെ!

മോഷണവും വ്യഭിചാരവും പാവപ്പെട്ടവന്റെ ഗതികേടിന്റെ അനിവാര്യതയാണെന്ന വാദം യാഥാര്‍ഥ്യത്തിന് വിരുദ്ധമാകുന്നു. ഓടുന്ന കാറുകള്‍ക്കുള്ളില്‍ മൊബൈല്‍ വ്യഭിചാരം നടത്തുന്നവരും ദിവസേന രണ്ടോ മൂന്നോ കാറുകള്‍ വീതം മോഷ്ടിക്കുന്നവരുമൊക്കെ സമൃദ്ധിയുടെ ശീതളച്ഛായയില്‍ കുറ്റവാളിയായി വിലസുന്നവരാണ്. ഇവരുടെ ഇരകളോട് അര്‍ഹിക്കുന്ന കരുണ കാണിക്കാന്‍ കരുണാവാരിധിയായ ദൈവമല്ലാതെ മറ്റാരുമില്ല.

നാല് പെണ്ണ് കെട്ടണമെന്ന് ഇസ്ലാം കല്‍പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. അനിവാര്യമായ സാഹചര്യങ്ങളില്‍ വ്യഭിചാരത്തെ സാധൂകരിക്കുന്നതിന് പകരം എയ്ഡ്സിനോ ഉഷ്ണപ്പുണ്ണിനോ വഴിവെക്കാത്ത ബഹുഭാര്യത്വം അനുവദിച്ചുവെന്നേയുള്ളൂ. അത് ഒരു അപരാധമൊന്നുമല്ല.

അനിസ്‌ലാമിക സമൂഹങ്ങള്‍ക്ക്‌ നടുവില്‍ ചോര്‍ന്നുപോകാത്ത ആദര്‍ശപ്രതിബദ്ധത
ഒരു മുസ്‌ലിമിനെ ഇതരരില്‍ നിന്ന്‌ വ്യതിരിക്തനാക്കുന്നത്‌ അവന്റെ ആദര്‍ശ പ്രതിബദ്ധതയാണ്‌. സത്യവിശ്വാസം അവന്‌ ഏറ്റവും പ്രിയങ്കരമായിരിക്കും, ആയിരിക്കണം. ഇസ്‌ലാമിന്റെ സൗന്ദര്യവും സൗരഭ്യവും അവന്റെ മനസ്സില്‍ പ്രചോദനമുണര്‍ത്തണം. സത്യനിഷേധത്തോടും ദുര്‍വൃത്തികളോടും അവന്‌ വെറുപ്പുണ്ടായിരിക്കണം. സന്മാര്‍ഗത്തെയും ദുര്‍മാര്‍ഗത്തെയും സംബന്ധിച്ച തിരിച്ചറിവ്‌ ജീവിതപാതകളില്‍ ഉടനീളം അവന്‌ ദിശാബോധം നല്‌കണം. അല്ലാഹു പറയുന്നു: ``അല്ലാഹുവിന്റെ ദൂതനാണ്‌ നിങ്ങള്‍ക്കിടയിലുള്ളതെന്ന്‌ നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ചുപോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങള്‍ക്ക്‌ സത്യവിശ്വാസത്തെ പ്രിയംകരമാക്കിത്തീര്‍ക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ അത്‌ അലംകൃതമായി തോന്നിക്കുകയും ചെയ്‌തിരിക്കുന്നു. അവിശ്വാസവും അധര്‍മവും അനുസരണക്കേടും നിങ്ങള്‍ക്ക്‌ അവന്‍ അനിഷ്‌ടകരമാക്കുകയും ചെയ്‌തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍.'' (വി.ഖു. 49:7)

മിക്ക മനുഷ്യരും ഭൗതികജീവിതത്തിലെ നേട്ടങ്ങളും സുഖസൗകര്യങ്ങളും ഏറെ കൊതിക്കുന്നവരാണ്‌. ചിലര്‍ എന്തിനേക്കാളുമേറെ ഇഷ്‌ടപ്പെടുന്നത്‌ കാമുകി/കാമുകനെയായിരിക്കും. ചിലര്‍ സര്‍വോപരി സ്‌നേഹിക്കുന്നത്‌ ഭാര്യയെ/ഭര്‍ത്താവിനെ ആയിരിക്കും. ചില മാതാപിതാക്കള്‍ക്ക്‌ മറ്റാരെക്കാളും പ്രിയപ്പെട്ടത്‌ മക്കളായിരിക്കും. ചില സ്‌ത്രീകള്‍ക്ക്‌ ഏറ്റവും വലിയ ഭ്രമം സ്വര്‍ണത്തോടായിരിക്കും. മനുഷ്യബന്ധങ്ങള്‍ക്കെല്ലാം ഉപരിയായി പണത്തെ പ്രണയിക്കുന്ന ചിലരുണ്ടാകും. മനുഷ്യരുടെ ഭ്രമാത്മകതയെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ പറയുന്നതിങ്ങനെ: ``ഭാര്യമാര്‍, പുത്രന്മാര്‍, കൂമ്പാരമായി കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍ക്കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്‌ടപ്പെട്ട വസ്‌തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക്‌ അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോക ജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്‌) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.'' (3:14)

ഭൗതിക വിഭവങ്ങളില്‍ അല്ലാഹു നിഷിദ്ധമാക്കിയതല്ലാത്തതൊക്കെ മനുഷ്യര്‍ക്ക്‌ അനുഭവിക്കാവുന്നതും ആസ്വദിക്കാവുന്നതുമാണ്‌. അവയോട്‌ ആഗ്രഹവും ഇഷ്‌ടവും തോന്നുക സ്വാഭാവികമാണ്‌. എന്നാല്‍ ഇവയൊന്നും അല്ലാഹുവെക്കാളും റസൂലി(സ) നെക്കാളും ദീനിനെക്കാളും പ്രിയപ്പെട്ടതാകാന്‍ പാടില്ല. അല്ലാഹു പറയുന്നു: ``പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ച സ്വത്തുക്കളും മാന്ദ്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും നിങ്ങള്‍ തൃപ്‌തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക്‌ അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്‌പന കൊണ്ടുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല'' (വി.ഖു 9:24). അല്ലാഹുവെ സ്‌നേഹിക്കുന്നതു പോലെ മറ്റു പലരെയും പലതിനെയും സ്‌നേഹിക്കുക എന്നത്‌ സത്യനിഷേധികളുടെയും ബഹുദൈവവാദികളുടെയും നിലപാടാണ്‌.

യഥാര്‍ഥ വിശ്വാസികള്‍ എല്ലാറ്റിനെക്കാളും ഉപരിയായി അല്ലാഹുവെ സ്‌നേഹിക്കുന്നവരായിരിക്കണം. ``അല്ലാഹുവിന്‌ പുറമെയുള്ളവരെ അവന്‌ സമന്മാരാക്കുന്ന ചില ആളുകളുണ്ട്‌. അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ ഈ ആളുകള്‍ അവരെയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്തമായ സ്‌നേഹമുള്ളവരത്രെ. പരലോക ശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത്‌, ശക്തി മുഴുവന്‍ അല്ലാഹുവിന്നാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും, ഈ അക്രമികള്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ.''(വി.ഖു. 2:165)

പല മതക്കാര്‍ക്കും മതരഹിതര്‍ക്കും പല രാഷ്‌ട്രീയ കക്ഷികള്‍ക്കുമിടയില്‍ ജീവിക്കുമ്പോള്‍ ഉപര്യുക്ത ഖുര്‍ആന്‍ സൂക്തങ്ങളോട്‌ തികച്ചും നീതി പുലര്‍ത്താന്‍ കഴിയുന്നുണ്ടോ എന്ന്‌ ഓരോ സത്യവിശ്വാസിയും ആത്മപരിശോധന നടത്തേണ്ടതുണ്ട്‌. ദൈവതുല്യമോ അതിലുപരിയോ ദേശത്തെ സ്‌നേഹിക്കണമെന്ന്‌ സിദ്ധാന്തിക്കുന്നവരുടെ നടുവിലായിരിക്കും ചില വിശ്വാസികള്‍ ജീവിക്കുന്നത്‌. പാര്‍ട്ടിക്കുപരിയായി ആരെയും, യാതൊന്നിനെയും പരിഗണിക്കരുത്‌ എന്ന്‌ ശഠിക്കുന്നവരായിരിക്കും ചില വിശ്വാസികളുടെ കൂട്ടുകാര്‍. ക്രിക്കറ്റിനെയോ ഫുട്‌ബോളിനെയോ സര്‍വോപരി സ്‌നേഹിക്കുന്നവരായിരിക്കും ചിലരുടെ സുഹൃത്തുക്കള്‍. ഏതെങ്കിലും താരത്തിന്റെ `ഫാനാ'കുന്നത്‌ ജീവിത സാക്ഷാത്‌കാരമായി ഗണിക്കുന്ന ചങ്ങാതിമാരുമുണ്ടാകും. ഏത്‌ സാഹചര്യത്തില്‍, ഏതൊക്കെ കൂട്ടുകാര്‍ക്കിടയില്‍ ജീവിക്കുകയാണെങ്കിലും തനിക്ക്‌ സര്‍വോപരി പ്രിയംകരമായത്‌ അല്ലാഹുവും അവന്റെ റസൂലും അവന്റെ ദീനും തന്നെയാണ്‌ എന്ന്‌ സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്തുക എന്നത്‌ നിര്‍ണായകമായിരിക്കും.

ഇസ്‌ലാം മാത്രമാണ്‌ പ്രപഞ്ച നാഥന്‌ സ്വീകാര്യമായ ആദര്‍ശമെന്ന്‌ പറഞ്ഞാല്‍ രാഷ്‌ട്രീയരംഗത്തോ ഔദ്യോഗിക സ്ഥാനങ്ങളിലോ ഉള്ള സഹപ്രവര്‍ത്തകര്‍ക്ക്‌ ഇഷ്‌ടമാവുകയില്ല എന്നതിനാല്‍ എല്ലാ മതങ്ങളെയും പ്രശംസിച്ച്‌ നല്ല പിള്ള ചമയുന്നവര്‍ യഥാര്‍ഥത്തില്‍ അല്ലാഹുവെയും റസൂലി(സ)നെയും സത്യദീനിനെയും സര്‍വോപരി സ്‌നേഹിക്കുന്നവരാണോ? താന്‍ തികച്ചും സെക്യുലറാണെന്ന്‌ എല്ലാവരും ധരിച്ചുകൊള്ളട്ടെ എന്ന ഉദ്ദേശത്തോടെ തന്റെ സ്ഥാപനത്തില്‍ ശ്രീകൃഷ്‌ണന്റെയും യേശുവിന്റെയും കഅ്‌ബയുടെയും പടങ്ങള്‍ ഒന്നിച്ച്‌ ഫ്രെയിം ചെയ്‌തു തൂക്കുന്ന മുസ്‌ലിം എല്ലാറ്റിനെക്കാളുമേറെ അല്ലാഹുവെയാണോ ഇഷ്‌ടപ്പെടുന്നത്‌? സര്‍വ മതസത്യവാദമോ അതിനടുത്ത്‌ നില്‌ക്കുന്ന നിലപാടോ മാത്രമേ `പൊതുസമൂഹ'ത്തിന്‌ സ്വീകാര്യമാവുകയുള്ളൂ എന്ന്‌ തോന്നുന്നതിനാല്‍ മതവിഷയത്തില്‍ ആര്‍ക്കും അനിഷ്‌ടം തോന്നാത്ത കാര്യങ്ങള്‍ മാത്രം പറയുന്നവര്‍ അല്ലാഹുവെയും സത്യദീനിനെയുമാണോ ഒന്നാം സ്ഥാനത്ത്‌ നിര്‍ത്തുന്നത്‌? ബന്ധുമിത്രാദികള്‍ ഉള്‍പ്പെടെ എല്ലാ മനുഷ്യരെക്കാളും സ്വന്തത്തെക്കാളും ഉപരിയായി മുഹമ്മദ്‌ നബി(സ)യെ സ്‌നേഹിക്കാന്‍ മനസ്സ്‌ പാകപ്പെടാത്ത മുസ്‌ലിംകള്‍ 9:24 സൂക്തത്തോട്‌ നീതി പുലര്‍ത്തിയവരാകുമോ?

മറ്റുള്ളവര്‍ ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും അല്ലാഹുവെപ്പറ്റി സംതൃപ്‌തിയുള്ള, അവന്റെ പ്രീതി നേടിയ ഒരു ജീവിതം നയിക്കുകയും ആ നിലയില്‍ തന്നെ അല്ലാഹുവിങ്കലേക്ക്‌ മടങ്ങാന്‍ കഴിയുകയും ചെയ്യുന്നതിനാണ്‌ യഥാര്‍ഥ വിശ്വാസികള്‍ മുന്‍ഗണ നല്‌കേണ്ടത്‌. വിശുദ്ധ ഖുര്‍ആനില്‍ ആ കാര്യം വ്യക്തമാക്കുന്നത്‌ ഇങ്ങനെ: ``തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്‌ടികളില്‍ ഉത്തമര്‍. അവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്‌ഭാഗത്ത്‌ കൂടി അരുവികളൊഴുകുന്ന, സ്ഥിര വാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്‌. അല്ലാഹു അവരെപ്പറ്റി തൃപ്‌തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്‌തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവനുള്ളതാകുന്നു അത്‌'' (വി.ഖു. 98:7,8). ``ഹേ, സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക്‌ തൃപ്‌തിപ്പെട്ടുകൊണ്ടും തൃപ്‌തി ലഭിച്ചുകൊണ്ടും മടങ്ങുക. എന്നിട്ട്‌ എന്റെ അടിയന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.'' (വി.ഖു. 89:27-30)

അല്ലാഹുവിന്റെ തൃപ്‌തിയും അനിസ്‌ലാമിക സമൂഹത്തിന്റെ തൃപ്‌തിയും ഒന്നിച്ചു നേടുക അസാധ്യമാണ്‌. മുസ്‌ലിംകള്‍ ആദര്‍ശത്തില്‍ അയവ്‌ വരുത്തുകയും വ്യാജദൈവങ്ങളോടും മനുഷ്യനിര്‍മിത മതങ്ങളോടും അധാര്‍മിക നടപടികളോടും രാജിയാവുകയും ചെയ്‌താലേ മറ്റു പലര്‍ക്കും തൃപ്‌തിയാവുകയുള്ളൂ. ഈ കാര്യം വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ``യഹൂദര്‍ക്കും ക്രൈസ്‌തവര്‍ക്കും നിന്നെപ്പറ്റി തൃപ്‌തി വരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നതു വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ്‌ യഥാര്‍ഥ മാര്‍ഗദര്‍ശനം. നിനക്ക്‌ അറിവ്‌ വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്‌ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന്‌ നിന്നെ രക്ഷിക്കാനോ സഹായിക്കോനാ ആരുമുണ്ടാവില്ല.'' (വി.ഖു. 2:120)

യേശുക്രിസ്‌തുവിന്റെയും മാതാവിന്റെയും മഹത്വം കൃത്യമായും വ്യക്തമായും തെളിയിച്ചു കാണിച്ചിട്ടുള്ള ഏക ഗ്രഥം വിശുദ്ധ ഖുര്‍ആനാണ്‌. ക്രൈസ്‌തവ ബൈബിളില്‍ അഥവാ ബൈബിള്‍ പുതിയ നിയമ പുസ്‌തകങ്ങളില്‍ അത്ര മനോഹരമായി അത്‌ വിവരിച്ചിട്ടില്ല. അദ്ദേഹം ദൈവപുത്രനാണെന്ന്‌ ബൈബിളില്‍ പോലും പറഞ്ഞിട്ടില്ല. ത്രിയേക ദൈവസങ്കല്‌പത്തിനും ബൈബിളില്‍ ഖണ്ഡിതമായ തെളിവില്ല. എന്നിട്ടും യേശുക്രിസ്‌തു അഥവാ ഈസാനബി(അ) അല്ലാഹുവിന്റെ ശ്രേഷ്‌ഠ പ്രവാചകനാണെന്ന്‌ ഉറച്ചു വിശ്വസിക്കുന്ന മുസ്‌ലിംകളെ ക്രിസ്‌ത്യാനികള്‍ പൊതുവെ വെറുക്കുകയാണ്‌ ചെയ്യുന്നത്‌. ചര്‍ച്ചിന്റെ നേതൃത്വത്തില്‍ അവര്‍ മുസ്‌ലിംകള്‍ക്കെതിരില്‍ നൂറ്റാണ്ടുകളോളം നീണ്ടുനിന്ന കുരിശുയുദ്ധങ്ങള്‍ നടത്തുകയും ചെയ്‌തു. ഇപ്പോള്‍ ക്രൈസ്‌തവ പടിഞ്ഞാറ്‌ മുസ്‌ലിം ലോകത്തിനെതിരെ ഒരര്‍ഥത്തില്‍ അപ്രഖ്യാപിത കുരിശുയുദ്ധമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. ജൂത സമൂഹം ഒന്നടങ്കം അതിനെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. ആക്രമണകാരികളല്ലാത്ത എല്ലാ വിഭാഗങ്ങളോടും നല്ല നിലയില്‍ വര്‍ത്തിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നു. അതോടൊപ്പം അല്ലാഹുവോടും റസൂലിനോടും ദീനിനോടുമുള്ള പ്രതിബദ്ധതയില്‍ യാതൊരു അയവും പാടില്ലെന്ന്‌ നിഷ്‌കര്‍ഷിക്കുകയയും ചെയ്യുന്നു.

അല്ലാഹുവിന്റെ അപ്രീതി ഭയപ്പെട്ട്‌ നന്മ ചെയ്‌താല്‍
ചോദ്യം :

ഒരു നന്മ ചെയ്‌താല്‍ പത്ത്‌ പ്രതിഫലവും ഒരു തിന്മയില്‍ നിന്ന്‌ പിന്തിരിഞ്ഞാല്‍ ഒരു പ്രതിഫലവുമുണ്ടെന്ന തത്വം മനസ്സിലാക്കാതെ ഒരാള്‍ ഒരു നന്മ ചെയ്യുന്നത്‌ അല്ലാഹുവിന്റെ അപ്രീതിയെ ഭയപ്പെട്ടുകൊണ്ടും തിന്മയില്‍ നിന്ന്‌ പിന്തിരിയുന്നത്‌ അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെട്ടുകൊണ്ടുമാണെങ്കില്‍ അല്ലാഹുവിന്റെ അടുക്കല്‍ മേല്‌പറഞ്ഞ പ്രതിഫലങ്ങള്‍ക്ക്‌ അയാള്‍ അര്‍ഹനായിത്തീരുമോ?

ഉത്തരം :

അല്ലാഹുവിന്റെ അപ്രീതിയോ ശിക്ഷയോ ഭയപ്പെട്ട്‌ സല്‍പ്രവൃത്തി ചെയ്യുന്നത്‌ അല്ലാഹുവിനുള്ള സമര്‍പ്പണത്തിന്റെ ഭാഗം തന്നെയാണ്‌. അല്ലാഹുവിനുവേണ്ടി ചെയ്യുന്ന ഏത്‌ നന്മയ്‌ക്കും അവന്‍ പത്തിരട്ടിയോ അതിലേറെയോ പ്രതിഫലം നല്‌കുമെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രബലമായ ഹദീസില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌.

അല്ലാഹുവെ ഉദ്ദേശിച്ചല്ലാതെ ചെയ്യുന്ന നല്ല പ്രവൃത്തിക്ക്‌ അവന്‍ പ്രതിഫലം നല്‌കുമെന്ന്‌ പ്രതീക്ഷിക്കാവുന്നതല്ല. കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായി മാത്രമാണ്‌ പരിഗണിക്കപ്പെടുകയെന്ന്‌ നബി(സ) വ്യക്തമാക്കിയിട്ടുണ്ട്‌. ജനങ്ങളുടെ പ്രീതിയോ അംഗീകാരമോ ലക്ഷ്യമാക്കിയാണ്‌ നല്ല പ്രവൃത്തികള്‍ ചെയ്യുന്നതെങ്കില്‍ അതിന്‌ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്ന്‌ മാത്രമല്ല അവന്റെ ശിക്ഷയ്‌ക്ക്‌ അത്‌ കാരണമായിത്തീരുകയും ചെയ്യും.

നമസ്‌കാരത്തിനിടെ ഫോണ്‍ ഓഫാക്കാമോ ?
ചോദ്യം :

മൊബൈല്‍ ഫോണ്‍ ഇന്ന്‌ വ്യാപകമാണല്ലോ. `മൊബൈല്‍ ഓഫ്‌ ചെയ്‌തു എന്ന്‌ ഉറപ്പുവരുത്തുക' എന്ന ബോര്‍ഡ്‌ വെക്കാത്ത ഒരു മുസ്‌ലിം പള്ളിയുമില്ല. എന്നിട്ടും ചിലര്‍ അത്‌ ഓഫ്‌ ചെയ്യാതെ പള്ളിയില്‍ കയറി നമസ്‌കരിക്കാറുണ്ട്‌. അവര്‍ക്ക്‌ നമസ്‌കാരത്തില്‍ കോള്‍ വന്നാല്‍ അപ്പോള്‍ അവര്‍ അത്‌ ഓഫാക്കുന്നതും കാണുന്നു. നമസ്‌കാരത്തില്‍ മൊബൈല്‍ ഓഫ്‌ ആക്കുന്നത്‌ അനുവദനീയമാണോ?

ഉത്തരം :

നമസ്‌കാരത്തിനിടയില്‍ തേളിനെയോ പാമ്പിനെയോ കണ്ടാല്‍ അവയെ കൊല്ലാന്‍ നബി(സ) കല്‌പിച്ചതായി അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. നമസ്‌കരിക്കുന്നതിനിടയില്‍ ആഇശ(റ) വന്നപ്പോള്‍ നബി(സ) ചെന്നു വാതില്‍ തുറന്നുകൊടുത്തിട്ട്‌ നമസ്‌കാരത്തിലേക്ക്‌ തന്നെ മടങ്ങിയെന്ന്‌ തിര്‍മിദി, അബൂദാവൂദ്‌, നസാഈ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. മൊബൈല്‍ ഫോണ്‍ ഓഫാക്കുക പോലുള്ള ചെറിയ പ്രവൃത്തികള്‍ കൊണ്ട്‌ നമസ്‌കാരത്തിന്‌ ഭംഗം വരുകയില്ലെന്നാണ്‌ ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാവുന്നത്‌. നമസ്‌കരിക്കുന്നവര്‍ക്ക്‌ മനസ്സാന്നിധ്യം നഷ്‌ടപ്പെടുന്നത്‌ ഒഴിവാക്കുക എന്ന നിലയില്‍ ഒരു സല്‍പ്രവൃത്തിയും കൂടിയാണല്ലോ ഫോണ്‍ ഓഫാക്കല്‍. എന്നാലും നമസ്‌കാരത്തിനിടയില്‍ ശല്യമുണ്ടാകാത്ത വിധം നേരത്തെ തന്നെ ഓഫാക്കുന്നതാണ്‌ കൂടുതല്‍ ഉത്തമം എന്ന കാര്യത്തില്‍ സംശയമില്ല.

ചാരപ്പണി എല്ലായ്‌പ്പോഴും നിഷിദ്ധമല്ലേ?
ചോദ്യം :

ചാരപ്പണി മതവിരുദ്ധമാണല്ലോ. എന്നാല്‍ നബി(സ) യുടെ കാലത്ത്‌ യുദ്ധവേളകളിലും മറ്റും സ്വഹാബിമാരെ ശ ത്രുപാളയത്തിലെ വിവരം ശേഖരിക്കുന്നതിന്നായി നിയോഗിച്ചിരുന്നുവല്ലോ. ഇത്‌ ചാരപ്പണിയല്ലേ?

ഉത്തരം :

വിശുദ്ധ ഖുര്‍ആനിലെ 49:12 സൂക്തത്തില്‍ നിരോധിച്ചിട്ടുള്ള ചാരപ്പണി വ്യക്തിജീവിതത്തിലെ സ്വകാര്യതകള്‍ ചുഴിഞ്ഞന്വേഷിച്ച്‌ ആര്‍ക്കെങ്കിലും വെളിപ്പെടുത്തിക്കൊടുക്കലാണ്‌. അമുസ്‌ലിംകളുടെ സ്വകാര്യജീവിതത്തിലേക്ക്‌ ചുഴിഞ്ഞുനോക്കുന്നതും കുറ്റകരം തന്നെയാണ്‌. എന്നാല്‍ മുസ്‌ലിം സമൂഹത്തെ ആക്രമിച്ചു നശിപ്പിക്കാന്‍ ശത്രുക്കള്‍ കോപ്പുകൂട്ടുന്നുണ്ടോ എന്ന്‌ രഹസ്യമായി അന്വേഷിക്കുന്നത്‌ വിലക്കപ്പെട്ട ചാരവൃത്തിയില്‍ പെട്ടതല്ല. ഓര്‍ക്കാപ്പുറത്ത്‌ ശത്രുക്കളുടെ ആക്രമണത്തിന്‌ ഇരയാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതും ആളുകളുടെ സ്വകാര്യജീവിതത്തിലേക്ക്‌ ഒളിഞ്ഞുനോക്കുന്നതും തമ്മിലുള്ള വ്യത്യാസം സുവിദിതമാകുന്നു.

ദൈവം ഒരു തന്നെപ്പൊക്കിയല്ലേ?
ചോദ്യം :

വിശാലമായ ഈ പ്രപഞ്ചത്തില്‍ മനുഷ്യന്‍ എത്രയോ നിസ്സാരന്‍. പ്രപഞ്ച സ്രഷ്ടാവിന്‌ നിസ്സാരനായ മനുഷ്യെ‍ന്‍റ "നീ വലിയവനാണ്‌" (അല്ലാഹു അക്ബര്‍ ) എന്ന സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമുണ്ടോ? അല്ലാഹു ഒരു തന്നെപ്പൊക്കിയാണെന്നല്ലേ ഇതിനര്‍ഥം? മനുഷ്യന്‍ പുകഴ്ത്തിയില്ലെങ്കില്‍ ദൈവം വലിയവന്‍ തന്നെയല്ലേ? യുക്തിവാദികളുടെ ഈ ചോദ്യത്തിന്‌ വ്യക്തമായ മറുപടി ആരും നല്‍കാത്തത്‌ സത്യം അവരുടെ പക്ഷത്താണെന്നല്ലേ തെളിയിക്കുന്നത്‌ ?

ഉത്തരം :

'അല്ലാഹു അല്ലാഹു അക്ബര്‍ ' എന്നതിന്‌ അല്ലാഹുവാണ്‌ ഏറ്റവും വലിയവന്‍ എന്നാണര്‍ഥം. 'നീ വലിയവനാണ്‌' എന്നല്ല. അത്യന്തം സൂക്ഷ്മവും അതീവസ്ഥൂലവുമായ ഭൗതിക വസ്തുക്കളൊന്നും ഒരു മഹാ സംവിധായകനില്ലാതെ നിലവില്‍വരുക സാദ്ധ്യമല്ലെന്നാണ് സത്യസന്ധതയും പക്വതയുമുള്ള ബുദ്ധിജീവികള്‍ ഉറപ്പിച്ചു പറയുന്നത്‌. മനുഷ്യശരീരത്തിലെ ശതകോടിക്കണക്കിലുള്ള ഡി.എന്‍.എ. തന്മാത്രകളില്‍ ഓരോന്നിലും രാസാക്ഷരങ്ങള്‍കൊണ്ട്‌ കുറിച്ചിട്ടുള്ള വിവരശേഖരം ഒരു കംപ്യൂട്ടറില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്തത്ര ഭീമമാണെന്നത്രെ ജിനോമിക്സ്‌ ഗവേഷകരുടെ കണ്ടെത്തല്‍. ഒരു മില്ലിമീറ്ററിന്റെ മില്യനിലൊന്ന്‌ മാത്രം വലിപ്പമുള്ള അതിസൂക്ഷ്‌മവസ്തുവില്‍ അപാരമായ ഈ വിവരശേഖരം തനിയെ വന്നുചേര്‍ന്നു എന്ന്‌ പറയുന്നത്‌ തികഞ്ഞ അസംന്ധമാകുന്നു. എന്നാല്‍ വിശുദ്ധഖുര്‍ആനില്‍ സര്‍വജ്ഞനായ അല്ലാഹു പറയുന്നത്‌ നോക്കുക:

"അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം. തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു. ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാവുകയും അതിന്‌ പുറമെ ഏഴ്‌ സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനു‍മാകുന്നു" (വി.ഖു. 31:26,27).

മനുഷ്യന്‍ തെ‍ന്‍റ പരിമിതികളും സര്‍വശക്തനായ സ്രഷ്ടാവിന്റെ അപാരമായ കഴിവുകളും അറിഞ്ഞ്‌ അംഗീകരിക്കുമ്പോഴാണ് മനു‍ഷ്യ ജീവിതം ശരിയായ ദിശയില്‍ നീങ്ങുക. ദൈവത്തിന്റെ മുമ്പില്‍ വിനയവും താഴ്മയും പ്രകടിപ്പിക്കാത്ത മനുഷ്യരില്‍ അധിക പേരും അഹങ്കാരികളും മുഷ്കന്മാരും നികൃഷ്ടരുമാവുകയാണ്‌ പതിവ്‌. സ്വഭാവം നിഷ്കളങ്കമായിരിക്കണമെന്നും വാഗ്‌വിചാരകര്‍മങ്ങള്‍ അന്യൂനമായിരിക്കണമെന്നും നിഷ്കര്‍ഷപുലര്‍ത്താന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാന ഘടകം അത്യുന്നതനായദൈവത്തോടുള്ള വിധേയത്വമാകുന്നു. സദാ ദൈവത്തെ സ്മരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യരിലാണ്‌ നന്മയോടുള്ള പ്രതിദ്ധത മങ്ങാതെ നിലനില്‍ക്കുന്നത്‌.

"നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്‌. തീര്‍ച്ചയായും നിനക്ക്‌ ഭൂമിയെ പിളര്‍ക്കാനൊന്നും കഴിയില്ല. ഉയരത്തില്‍ നിനക്ക്‌ പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല; തീര്‍ച്ച" (വി.ഖു. 17:37). പ്രപഞ്ചനാഥന്‌ യഥാര്‍ഥത്തിലുള്ളതാണ്‌ അളവില്ലാത്ത അറിവും കഴിവും. അവനെ സംബന്ധിച്ചിടത്തോളം ഒരു പൊക്കലിന്റെ ആവശ്യമില്ല. എന്നാല്‍ മനുഷ്യന്‌ സ്വന്തമെന്ന്‌ പറയാന്‍ ഒന്നുമില്ല. അവന്‍അനുഭവിക്കുന്നതെല്ലാം ദൈവത്തിന്റെ ദാനമാണ്‌. അത്‌ തുറന്ന് സമ്മതിച്ചുകൊണ്ട്‌ വിനീതമായ ജീവിതം നയിക്കുന്നതിലൂടെയാണ്‌ മനുഷ്യന്‌ മഹത്വം കൈവരുന്നത്‌. ഈ മഹത്വം കരഗതമാക്കുന്നതിന്‌ അവനെ സഹായിക്കുന്ന ഘടകങ്ങളത്രെ പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും.

മനുഷ്യര്‍ അനശ്വരരാവുകയോ? അത് സ്രഷ്ടാവിന്റെ മാത്രം ഗുണമല്ലേ?
ചോദ്യം :

ഹ്രസ്വവും നശ്വരവുമായ ഭൌതിക ജീവിതത്തിനു ശേഷം അനശ്വരമായ പരലോകജീവിതമുണ്ടെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. നശ്വരത സൃഷ്ടികള്‍ക്കുള്ള ഗുണവും അനശ്വരത സ്രഷ്ടാവിന്റെ ഗുണവുമായിരിക്കെ സൃഷ്ടികള്‍ അനശ്വരത കൈവരിക്കുക എന്നത് സ്രഷ്ടാവിന്റെ ഗുണത്തി(സ്വിഫത്ത്) ലേക്കുള്ള പ്രവേശനമല്ലേ? അത് സംഭവിക്കുമോ?

ഉത്തരം :

സ്രഷ്ടാവിനെയും അവന്റെ അനശ്വരതയെയും സംബന്ധിച്ചും, സൃഷ്ടികളുടെ നശ്വരതയെയും പരലോകത്തിന്റെ ശാശ്വതികത്വത്തെയും സംബന്ധിച്ചും വിശുദ്ധ ഖുര്‍ആനില്‍തന്നെയാണ് പറഞ്ഞിട്ടുള്ളത്. സൃഷ്ടികള്‍ക്ക് സ്വയം അനശ്വരത കൈവരിക്കാന്‍ കഴിയുമെന്ന് അല്ലാഹുവോ റസൂലോ (സ) പറഞ്ഞിട്ടില്ല. ഇല്ലായ്മയില്‍നിന്ന് അല്ലാഹു സൃഷ്ടിച്ച മനുഷ്യരെ മരിപ്പിച്ചതിനു ശേഷം അവന് ‍തന്നെ അവരെ ഉയിര്‍ത്തെഴുന്നേല്‍പിച്ച് അവര്‍ക്ക് ശാശ്വതമായ രക്ഷയോ ശിക്ഷയോ നല്‍കുമെന്നാണ് വിശുദ്ധ ഖുര്‍ആനില്‍നിന്ന് ഗ്രഹിക്കാവുന്നത്. സ്വന്തം നിലയില്‍ അനശ്വരതയുള്ളത് അല്ലാഹുവിന് മാത്രമാണ്. പരലോകത്ത് സൃഷ്ടികള്‍ക്കുള്ള ശാശ്വതവാസം അല്ലാഹുവിന്റെ ഹിതത്തിന് വിധേയമാണ്.

(അവരോട് പറയപ്പെടും:) "സമാധാനപൂര്‍വം നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക. ശാശ്വത വാസത്തിനുള്ള ദിവസമാകുന്നു അത്''(വി.ഖു.50:34). എന്നാല്‍, പരലോകത്തിന്റെ ശാശ്വതികത്വം സൃഷ്ടികള്‍ക്ക് നിരുപാധികമായി അധീനമായതല്ല. അക്കാര്യത്തില്‍ അല്ലാഹുവിന്റെ ഹിതമായിരിക്കും അന്തിമവും നിര്‍ണായകവും.

"ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നേടത്തോളം അവര്‍ അതില്‍ (നരകത്തില്‍) നിത്യവാസികളായിരിക്കും. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പാക്കുന്നവനാകുന്നു. എന്നാല്‍, സൌഭാഗ്യം സിദ്ധിച്ചവര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നേടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. നിലച്ചുപോകാത്ത ഒരു ദാനമായിരിക്കും അത്'' (വി.ഖു. 11:107, 108). ഇതിന്റെ വ്യാഖ്യാനങ്ങള്‍ക്ക് പ്രമുഖ തഫ്സീര്‍ ഗ്രന്ഥങ്ങളോ ഖുര്‍ആന്‍ പരിഭാഷകളോ നോക്കാവുന്നതാണ്.

ആകസ്മികവാദവും ദൈവാസ്തിത്വവും
ചോദ്യം :

പ്രാപഞ്ചിക നിലനില്‍പ് (Universal existance) എന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യംതന്നെ. എന്നാല്‍, അനാദിയില്‍നിന്നും അനന്തതയിലേക്ക് അനുസ്യൂതം പ്രവഹിക്കുന്ന ഏതോ ആകസ്മികത മാത്രമാണീ നിലനില്‍പെന്നും, ആ ആകസ്മികതയുടെ താരതമ്യേന നിസ്സാരമായ ഒരു ഭാഗം മാത്രമാണ് മനുഷ്യനും അവന്റെ ജീവിതവുമെന്നും ഒരാള്‍ കരുതുന്നു; അതല്ല, ഈ നിലനില്‍പിന് കാരണക്കാരനായി ഒരു സ്രഷ്ടാവുണ്ടെന്നും ആ സ്രഷ്ടാവിന്റെ ഉദ്ദേശലക്ഷ്യങ്ങളിലെ ഒരംശം തന്നെയാണ് മനുഷ്യനും അവന്റെ ജീവിതവുമെന്നും മറ്റൊരാളും കരുതുന്നു. ഈ രണ്ടില്‍ ഒന്ന് മാത്രമാണ് ശരി, മറ്റേത് തെറ്റ് എന്ന് ബുദ്ധിയും യുക്തിയുമുപയോഗിച്ച് എങ്ങനെ തിട്ടപ്പെടുത്താനാവും? രണ്ടും ശരിയാവാനും തെറ്റാവാനും തുല്യ സാധ്യതകളല്ലേ ചിന്തിച്ച് നോക്കിയാല്‍ കാണാന്‍ കഴിയുന്നത് ?

പ്രപഞ്ചവും നിലനില്‍പും എങ്ങനെ യാദൃച്ഛികമായുണ്ടാവും എന്ന് ചോദിക്കുന്നതും സ്രഷ്ടാവായ ദൈവം എങ്ങനെ കാരണമില്ലാതെയുണ്ടാവും എന്ന്ചോദിക്കുന്നതും ഒരുപോലെയല്ലേ? ഓരോരുത്തനും ശരിയെന്ന് തോന്നുന്നത് അവന്‍ 'വിശ്വസിക്കുക' എന്നല്ലാതെ മറ്റ് നിര്‍വാഹമെന്തുണ്ടിവിടെ?

ഉത്തരം :

പ്രപഞ്ചം നിലനില്‍ക്കുന്നു എന്നത് മാത്രമല്ല, ഓരോ പ്രാപഞ്ചിക പ്രതിഭാസവും വ്യവസ്ഥാപിതമാണ് എന്നതും അനിഷേധ്യസത്യമാകുന്നു. അത്യന്തം സൂക്ഷ്മമായ ഒരു പരമാണുവിനകത്ത് ന്യൂട്രോണുകളും പ്രോട്ടോണുകളും ഇലക്ട്രോണുകളും വിന്യസിക്കപ്പെട്ടിട്ടുള്ളത് തികച്ചും വ്യവസ്ഥാപിതമായിട്ടാണ്. ആര്‍ക്കും എണ്ണിതിട്ടപ്പെടുത്താന്‍ കഴിയാത്തത്ര ഹൈഡ്രജന്‍ പരമാണുക്കള്‍ ഈ പ്രപഞ്ചത്തിലുണ്ട്. ഇവയുടെയെല്ലാം സൂക്ഷ്മഘടന തികച്ചും സമാനമാകുന്നു.

നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അടങ്ങിയ സ്ഥൂലപ്രപഞ്ചവും കണിശമായ വ്യവസ്ഥകള്‍ക്ക് വിധേയമായിത്തന്നെയാണ് വര്‍ത്തിക്കുന്നത്. ഭൂമിയും സൂര്യനും തമ്മിലുള്ള നിശ്ചിത അകലവും, സാങ്കല്‍പിക അച്ചുതണ്ടില്‍ ഭൂമിയുടെ ഭ്രമണവും സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണവും എല്ലാം കണിശമായ വ്യവസ്ഥപ്രകാരം നിലനില്‍ക്കുന്നതുകൊണ്ടാണ് ഇവി ടെ ജീവസസ്യജാലങ്ങളുടെ നിലനില്‍പ് സാധ്യമാകുന്നത്.

ഓരോ വിത്തില്‍നിന്നും മുളച്ചുവളരുന്നത് വേര്, കാണ്ഡം, ഇല, പൂവ്, കായ് എന്നിവയുടെ കാര്യത്തില്‍ അതീവ സൂക്ഷ്മമായ സവിശേഷതകളുള്ള സസ്യമാണ്. വര്‍ണങ്ങളിലോ ഗന്ധങ്ങളിലോ രുചികളിലോ യാദൃച്ഛികമായി യാതൊരു മാറ്റവും സംഭവിക്കുന്നില്ല. ഓരോ ജീവവര്‍ഗത്തിന്റെയും പ്രത്യുല്‍പാദനകോശങ്ങള്‍ സംയോജിക്കുമ്പോള്‍ ലക്ഷണമൊത്ത പുതിയ ജീവതലമുറ പിറക്കുന്നു. പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും ചേര്‍ന്ന് ഭ്രൂണംരൂപംകൊണ്ടതിനുശേഷം അത്യന്തം സൂക്ഷ്മമായ വ്യവസ്ഥകള്‍ക്ക്വിധേയമായിക്കൊണ്ടുള്ള കോശവിഭജന പ്രക്രിയകളിലൂടെ മാസങ്ങള്‍ക്കുള്ളില്‍ അവയവത്തികവുള്ള കുഞ്ഞായി വളരുന്ന പ്രതിഭാസം തികച്ചും ആസൂത്രിതമായും വ്യവസ്ഥാപിതമായുമാണ് സംഭവിക്കുന്നത്. യുഗാന്തരങ്ങളായി സഹസ്രകോടിക്കണക്കില്‍ മാതാക്കളുടെ ഗര്‍ഭാശയങ്ങളില്‍ ഈ വ്യവസ്ഥാപിത പ്രതിഭാസം അരങ്ങേറിക്കാണ്ടേയിരിക്കുന്നു. സാധാരണഗതിയില്‍ യാതൊരു താളപ്പിഴയും കൂടാതെ ഇത് തുടരുന്നു. ആകസ്മികമായി ഈ വ്യവസ്ഥയില്‍നിസ്സാര മാറ്റങ്ങള്‍ സംഭവിച്ചാല്‍പോലും മനുഷ്യര്‍ വിഷമിച്ചുപോകുമായിരുന്നു. ഉദാഹരണമായി കണ്‍പോളകളിലെ രോമങ്ങള്‍ തലമുടിപോലെ നിരന്തരം വളരാന്‍ തുടങ്ങിയാല്‍ എത്രത്തോളം വിഷമമാകുമായിരുന്നു എന്നാലോചിച്ച് നോക്കുക.

ചരിത്രകാലത്തിനിടയില്‍ ഒരിക്കല്‍പോലും യാദൃച്ഛികമായിതെങ്ങ് വാഴക്കുലയോ വാഴ തേങ്ങാക്കുലയോ ഉല്‍പാദിപ്പിച്ചിട്ടില്ല. ഇനി അങ്ങനെയൊരു ആകസ്മിക സംഭവം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുകയുമില്ല. യാദൃച്ഛികമായി സ്ത്രീയുടെ ശരീരത്തില്‍ തന്നെ പുരുഷ ബീജവും കൂടി ഉല്‍പാദിപ്പിക്കപ്പെടുകയും അണ്ഡബീജസങ്കലനം നടന്ന് അവള്‍ ഗര്‍ഭിണിയാവുകയും ചെയ്യുമെന്നും ആരും പ്രതീക്ഷിക്കുകയില്ല. ആകസ്മികമായി ഒരു ഡി.എന്‍.എ. തന്മാത്രയുടെ ഘടനയില്‍ മൌലികമായ മാറ്റമുണ്ടാകുമെന്ന് പോലും കരുതാന്‍ യാതൊരു ന്യായവും കാണുന്നില്ല. യാഥാര്‍ഥ്യം ഇതായിരിക്കെ അനാദിയില്‍നിന്ന് അനന്തതയിലേക്ക് അനുസ്യൂതം പ്രവഹിക്കുന്ന ഏതോ ആകസ്മികതയായി സൂക്ഷ്മവും സ്ഥൂലവുമായ പ്രാപഞ്ചിക വ്യവസ്ഥയെ വിലയിരുത്തത് തനി അസംന്ധമാകുന്നു. ആകസ്മികത എന്നാല്‍ വാഹനാപകടം പോലെ അവിചാരിതമായ സ്ഥലത്തും അപ്രതീക്ഷിതമായ സമയത്തും നടക്കുന്ന കാര്യമാണ്. അത് ഒരിക്കലും അനുസ്യൂതമായി പ്രവഹിക്കുകയില്ല. പടച്ചവനെ മാറ്റിനിര്‍ത്താന്‍ വേണ്ടി യുക്തിയുടെ പേരില്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ മരമണ്ടന്‍ സ്റ്റൈലിലുളളതാകുന്നത് ഒട്ടും ഭൂഷണമല്ല.

ഇരുമ്പയിരിന്റെ ഒരു വലിയ കൂമ്പാരം ഒരു സ്ഥലത്ത് കിടന്നിട്ട് ആകസ്മിക സംഭവങ്ങളുടെ എത്ര പ്രവാഹങ്ങള്‍ അതിന്റെ മീതെ കടന്നുപോയാലും പതിനായിരം കോടി കൊല്ലങ്ങള്‍ക്ക് ശേഷം പോ
ലും അത് തനിയെ ട്രാക്ടറുകളോ തീവണ്ടി എഞ്ചിനുകളോ ആവുകയില്ല എന്ന കാര്യം ഉറപ്പാണ്. വന്‍തോതിലുള്ള ബൌദ്ധിക യത്നംകൊണ്ട്മാത്രമെ ഒരു യന്ത്രം രൂപപ്പെടുകയുള്ളൂവെങ്കില്‍ വിസ്മ
യങ്ങളില്‍ വിസ്മയമായ മനുഷ്യാസ്തിത്വം സര്‍വജ്ഞനും സര്‍വശക്തനുമായ ഒരു സംവിധായകനില്ലാതെ രൂപംകൊള്ളുകയില്ല എന്ന കാര്യം നിഷേധിക്കാനാകാത്ത സത്യംതന്നെയാകുന്നു.

ജിനോമിക്സ് പഠനങ്ങള്‍ തെളിയിക്കുന്നത് മനുഷ്യശരീരത്തിലെ കോടിക്കണക്കില്‍ ഡി.എന്‍.എ. തന്മാത്രകളില്‍ ഓരോന്നിലും രേഖപ്പെടുത്തിയ വിവരശേഖരം പകര്‍ത്തിവെക്കാന്‍ അനേകം കംപ്യൂട്ടറുകള്‍വേണ്ടിവരുമെന്നാണ്. ഒരു മില്ലി മീറ്ററിന്റെ മില്യനില്‍ ഒരു ഭാഗം മാതം വലിപ്പമുള്ള ജൈവ ഘടകത്തിലാണ് നാല് രാസപദാര്‍ഥങ്ങള്‍ അക്ഷരങ്ങളാക്കിക്കൊണ്ട് ഇത്ര ഭീമമായ വിജ്ഞാനശേഖരംരേഖപ്പടുത്തിവെച്ചിരിക്കുന്നത്. ഇതൊക്കെ ആകസ്മികമാണെന്ന് പറയുന്നതും സര്‍വജ്ഞനായ മഹാശക്തന്‍ സംവിധാനിച്ചതാണെന്ന് പറയുന്നതും ഒരു പോലെയാണെന്ന്, അഥവാ തെറ്റാകാനും ശരിയാകാനും തുല്യസാധ്യതയുള്ളതാണെന്ന് തോന്നുന്നതാണ് മനുഷ്യ ബുദ്ധിക്ക് സംഭവിക്കാവുന്ന ഏറ്റവും കടുത്ത അപചയം.

സല്‍ബുദ്ധിയുള്ള ഓരോ മനുഷ്യനോടും വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നു: "ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിതനാക്കിയ കാര്യം എന്താണ്? നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും താനുദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കുകയും ചെയ്തവനത്രെ അവന്‍'' (വി.ഖു. 82:6-8).

"ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാവുകയും അതിന് പുറമെ ഏഴ് സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരു
കയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (വി.ഖു. 31:27).

ആശാരിയെ നിര്‍മിച്ചത് ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയില്ല എന്ന് കരുതി ആരും മേശ നിര്‍മിച്ചത് ആശാരിയാണെന്ന് പറയാന്‍ മടിക്കാറില്ല. അതുപോലെതന്നെ ദൈവത്തെ ആര്സൃഷ്ടിച്ചുവെന്ന് വല്ലവരും ചോദിച്ചേക്കുമെന്ന് ആശങ്കിച്ച് പ്രപഞ്ചമാകെ സൃഷ്ടിച്ചത് ദൈവമാണെന്ന് പറയാനും മടിക്കേണ്ടതില്ല. പ്രപഞ്ചമാകെ സൃഷ്ടിച്ചവന്‍ ആരാലും സൃഷ്ടിക്കപ്പെട്ടവനാകാതിരിക്കുക എന്നത് ബൌദ്ധികമായ അനിവാര്യതയാകുന്നു.

വിദ്യാഭ്യാസത്തിന്റെ ദൈവിക ആധാരങ്ങളും ശാസ്‌ത്രത്തിന്റെ നിര്‍മതവല്‌കരണവും
മാനവരാശി നേടിയ മഹത്തായ നേട്ടങ്ങള്‍ക്കൊക്കെ ആധാരം വിദ്യാഭ്യാസമാണ്‌. ആഹാരസമ്പാദനം, ആവാസ സൗകര്യമൊരുക്കല്‍, ആത്മരക്ഷോപായങ്ങള്‍ സ്വീകരിക്കല്‍ എന്നീ വിഷയങ്ങളില്‍ ജന്തുവര്‍ഗങ്ങളും ഇളംതലമുറയെ പരിശീലിപ്പിക്കാറുണ്ട്‌. എന്നാല്‍ അത്യന്തം വിപുലമായ ആശയവിനിമയവും പരിശീലനവും മുഖേനയുള്ള വിദ്യാഭ്യാസം മാനവരാശിയുടെ മാത്രം സവിശേഷതയാണ്‌. അഭൂതപൂര്‍വമായ നാഗരിക വികാസത്തിന്‌ വഴിയൊരുക്കിയത്‌ വിദ്യാഭ്യാസമാണ്‌. ആശയ പ്രപഞ്ചത്തില്‍ ആധിപത്യം കൈവരിച്ചത്‌ മനുഷ്യന്‍ മാത്രമാണ്‌. ദശലക്ഷക്കണക്കിലുള്ള മറ്റു ജന്തുവര്‍ഗങ്ങളിലൊന്നു പോലും പരിമിതികളില്ലാത്ത ആശയ വിനിമയത്തിന്‌ പ്രാപ്‌തമായിട്ടില്ല.

മനുഷ്യനേക്കാള്‍ അനേകമിരട്ടി ഭാരമുള്ളവയും ഭീമമായ ശക്തിയുള്ളവയും വേഗതയുള്ളവയും ഉയരമുള്ളവയും ജന്തുവര്‍ഗങ്ങളിലുണ്ട്‌. കാഴ്‌ച, കേള്‍വി, ഘ്രാണശക്തി എന്നിവയില്‍ മനുഷ്യനേക്കാള്‍ ഏറെ മികവുറ്റ ജന്തുക്കളുമുണ്ട്‌. സ്വയം വൈദ്യുതിയുല്‌പാദിപ്പിക്കുകയും പ്രകാസം പ്രസരിപ്പിക്കുകയും ചെയ്യുന്ന ജീവികളുമുണ്ട്‌. എന്നാല്‍ ജന്മവാസനയുടെ പരിധിക്കപ്പുറത്തേക്കുള്ള വൈജ്ഞാനിക വികാസം അവയ്‌ക്കൊന്നും സംസിദ്ധമായിട്ടില്ല. എന്തുകൊണ്ട്‌ മനുഷ്യനെന്ന ജന്തുവിന്‌ മാത്രം ആ നേട്ടം കൈവന്നു എന്ന ചോദ്യത്തിനുള്ള ശരിയായ ഉത്തരം ഭൗതികശാസ്‌ത്രശാഖകളൊന്നും ഇതപ്പര്യന്തം കണ്ടെത്തിയിട്ടില്ല. പ്രകൃതിയുടെ നിര്‍ധാരണം മനുഷ്യനെ അറിവിന്റെ അധിപനാക്കിയെന്നോ പരിണാമ ചക്രത്തിന്റെ അനുസ്യൂതമായ കറക്കം മനുഷ്യവര്‍ഗത്തെ വിജ്ഞരാക്കിയെന്നോ അഭിപ്രായപ്പെടുന്നുണ്ടാകും. എന്നാല്‍ എന്തുകൊണ്ട്‌ മനുഷ്യന്‍ മാത്രം എന്ന ചോദ്യത്തിന്‌ അതൊന്നും തൃപ്‌തികരമായ ഉത്തരമല്ല.

എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌ സൃഷ്‌ടികര്‍ത്താവായ അല്ലാഹു തന്നെ മനുഷ്യനെ വിദ്യാസമ്പന്നനാക്കിയെന്നാണ്‌; അഥവാ വിപുലമായ അറിവ്‌ നേടാനുള്ള ഘടനാപരമായ സാധ്യത മനുഷ്യപ്രകൃതിയില്‍ നിക്ഷിപ്‌തമാക്കിയെന്നാണ്‌. ഭൂമിയില്‍ മനുഷ്യനെ സ്ഥാനപതിയാക്കിയതിന്റെ പ്രസക്തി മലക്കുകളെ അല്ലാഹു ബോധ്യപ്പെടുത്തിയതിനെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നത്‌ ഇങ്ങനെ: ``അല്ലാഹു ആദമിന്‌ നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട്‌ ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക്‌ കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക്‌ പറഞ്ഞുതരൂ''(2:31). മനുഷ്യവര്‍ഗത്തിന്റെ പിതാവിന്‌ അല്ലാഹു നല്‌കിയത്‌ എന്തിനും ഏതിനും നാമകരണം ചെയ്യാനുള്ള കഴിവാണ്‌. മലക്കുകള്‍ക്കോ ജന്തുവര്‍ഗങ്ങള്‍ക്കോ ആ കഴിവ്‌ നല്‌കിയിട്ടില്ല. മനുഷ്യര്‍ സകല വസ്‌തുക്കളെയും തങ്ങളുടെ വ്യവഹാര സീമയില്‍ കൊണ്ടുവരുന്നത്‌ അവയ്‌ക്ക്‌ നാമങ്ങള്‍ നല്‌കിക്കൊണ്ടാണ്‌. ആയിരക്കണക്കില്‍ ഭാഷകളില്‍ കോടിക്കണക്കില്‍ പേരുകളും പദങ്ങളും. ഈ നാമകരണം വിദ്യാഭ്യാസത്തിന്റെ ആധാരങ്ങളിലൊന്നു കൂടിയാകുന്നു.

വസ്‌തുക്കള്‍ക്കും വസ്‌തുതകള്‍ക്കും പദങ്ങള്‍ നിശ്ചയിക്കുന്നതിനു പുറമെ ആ പദങ്ങളുപയോഗിച്ച്‌ വിപുലമായ ആശയവിനിമയം നടത്താനും മാനവരാശിക്ക്‌ സാധിച്ചു. മറ്റു പല ജന്തുക്കള്‍ക്കും അവയുടെ ജൈവധര്‍മങ്ങള്‍ നിറവേറ്റാനുള്ള ഭാഷയുള്ളതായി ജീവശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്‌. പക്ഷികളുടെയും ഉറുമ്പിന്റെയും ഭാഷയെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്‌. എന്നാല്‍ അത്യന്തം വിപുലമായ ആശയാവിഷ്‌കാര ശേഷി മനുഷ്യര്‍ക്ക്‌ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇത്‌ സ്രഷ്‌ടാവായ അല്ലാഹു നല്‌കിയ കഴിവാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ``പരമകാരുണികന്‍ ഈ ഖുര്‍ആന്‍ പഠിപ്പിച്ചു. അവന്‍ മനുഷ്യനെ സൃഷ്‌ടിച്ചു. അവനെ കാര്യങ്ങള്‍ വിവരിക്കാന്‍ പഠിപ്പിച്ചു''(55:1-4). മനുഷ്യജീവിതം സംബന്ധിച്ച കാര്യങ്ങളും ഭൗതികപ്രതിഭാസങ്ങളെ സംബന്ധിച്ച വിവരങ്ങളും ഇതരര്‍ക്ക്‌ വിശദീകരിച്ചു കൊടുക്കാനുള്ള കഴിവാണ്‌ വിദ്യാഭ്യാസത്തിന്റെ രണ്ടാമത്തെ ആധാരം. ആശയാവിഷ്‌കാരത്തിനുള്ള വിപുലമായ കഴിവ്‌ മനുഷ്യനല്ലാത്ത ഒരു ജന്തുവര്‍ഗത്തിനും സ്വായത്തമാക്കിയിട്ടില്ല.

മനസ്സില്‍ ഉരുത്തിരിഞ്ഞതോ വാക്കിലൂടെ ആവിഷ്‌കരിച്ചതോ ആയ ആശയം ലിപികളോ ചിഹ്നങ്ങളോ ഉപയോഗിച്ച്‌ പേനകൊണ്ട്‌ രേഖപ്പെടുത്താനുള്ള കഴിവാണ്‌ മനുഷ്യനെ ഇതര ജന്തുക്കളില്‍ നിന്ന്‌ വ്യതിരിക്തനാക്കുന്ന മറ്റൊരു പ്രധാന ഘടകം. ഇതിന്റെ വികസിത രൂപമത്രെ പേനയെക്കാള്‍ പരിഷ്‌കൃതമായ ഉപാധികള്‍ ഉപയോഗിച്ചുള്ള ആലേഖനം. വൈജ്ഞാനിക ഈടുവയ്‌പുകള്‍ തലമുറകള്‍ക്ക്‌ ഫലപ്രദമായി കൈമാറുന്നതില്‍ അക്ഷരവിദ്യ വഹിച്ച പങ്ക്‌ അദ്വിതീയമാകുന്നു. അക്ഷരജ്ഞാനത്തെയും ലോകരക്ഷിതാവിന്റെ അനിതരമായ അനുഗ്രഹം എന്ന നിലയിലാണ്‌ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്‌. ഏറ്റവും ആദ്യമായി അവതീര്‍ണമായ സൂക്തങ്ങളില്‍ തന്നെ ഇത്‌ സംബന്ധിച്ച പരാമര്‍ശം കാണാം. ``നീ വായിക്കുക. നിന്റെ രക്ഷിതാവ്‌ പേനകൊണ്ട്‌ പഠിപ്പിച്ച അത്യുദാരനാകുന്നു. മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു''(96:3-5). അക്ഷരവിദ്യയാണ്‌ വിദ്യാഭ്യാസത്തിന്റെ മൂന്നാമത്തെ ആധാരം.

കാര്യങ്ങളുടെ പൊരുള്‍ തിരിച്ചറിഞ്ഞ്‌ പേരു നല്‌കാനും ഗ്രഹിച്ച ആശയങ്ങള്‍ വാക്കിലൂടെ പ്രകാശിപ്പിക്കാനും ആലേഖനം ചെയ്യാനുമുള്ള കഴിവ്‌ മനുഷ്യന്‌ മാത്രമായി പ്രപഞ്ചനാഥന്‍ പ്രദാനം ചെയ്‌തതായിരിക്കെ വായനയും പഠനവും നാഥന്റെ നാമത്തിലായിരിക്കണമെന്ന ആഹ്വാനമാണ്‌ ഹിറാഗുഹയില്‍ വെച്ച്‌ മുഹമ്മദ്‌ നബി(സ)ക്ക്‌ ആദ്യമായി കേള്‍പ്പിക്കപ്പെട്ടത്‌. അധ്യയനവും അധ്യാപനവും നാഥന്റെ നാമത്തിലായിരിക്കുക എന്നതുകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടത്‌ ബിസ്‌മി ഉച്ചരിച്ചുകൊണ്ട്‌ തുടങ്ങുക എന്ന്‌ മാത്രമല്ല. ദൈവദത്തമായ പ്രബുദ്ധതയെ ദൈവിക മാര്‍ഗദര്‍ശനത്തിന്‌ അനുരൂപമായി മാത്രം വിനിയോഗിക്കുക എന്നത്‌ കൂടി അതിന്റെ താല്‌പര്യമാകുന്നു. തന്റെ ജ്ഞാനം തന്റെ സ്വന്തം ചിന്തയും പഠനവും കൊണ്ട്‌ മാത്രം സിദ്ധിച്ചതാണെന്നും ആ ജ്ഞാനം ഏത്‌ വിധത്തില്‍ വിനിയോഗിക്കാനും തനിക്ക്‌ സ്വാതന്ത്ര്യമുണ്ടെന്നും കരുതുന്ന മനുഷ്യന്‍ ഇസ്‌ലാമിക വിദ്യാഭ്യാസദര്‍ശനത്തിന്റെ അടിസ്ഥാനം തന്നെ തള്ളിക്കളയുകയാണ്‌ ചെയ്യുന്നത്‌.

സൂക്ഷ്‌മവും സ്ഥൂലവുമായ സകല വസ്‌തുക്കളെയും സര്‍വജ്ഞനും സര്‍വശക്തനുമായ രക്ഷിതാവിന്റെ സൃഷ്‌ടിവൈഭവത്തിന്റെ ദൃഷ്‌ടാന്തങ്ങള്‍ എന്ന നിലയില്‍ പഠനവിധേയമാക്കാനുള്ള ആഹ്വാനം അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണാം. അത്തരമൊരു പഠനം ആ വസ്‌തുക്കളുടെ ഭൗതിക ഘടന കണ്ടെത്താന്‍ മാത്രമുള്ളതായിരിക്കില്ല. അവയുടെ മൗലികഗുണങ്ങളും സത്താപരമായ സംശുദ്ധതയും ആ പഠനത്തിന്റെ പരിധിയില്‍ വരും. ആ വസ്‌തുക്കളുടെ സദ്‌വിനിയോഗവും ദുര്‍വിനിയോഗവും സംബന്ധിച്ച തിരിച്ചറിവിലേക്ക്‌ ആ പഠനം നയിക്കും. മനുഷ്യന്റെ പ്രകൃതിയോടും അവന്‍ കയ്യാളുന്ന വസ്‌തുക്കളുടെ പ്രകൃതത്തോടും നീതിപുലര്‍ത്തുന്ന വിനിയോഗമാണ്‌ സദ്‌വിനിയോഗം അഥവാ ധാര്‍മിക വിനിയോഗം. മനുഷ്യപ്രകൃതിക്ക്‌ അപചയം വരുത്തുന്ന വിധത്തില്‍ ഏതൊരു ഭൗതിക വസ്‌തുവെ ഉപയോഗപ്പെടുത്തുന്നതും അധാര്‍മികമാണ്‌.

ആരോഗ്യകരവും പോഷകമൂല്യമുള്ളതുമായ പഴസ്സത്ത്‌ ശരീരത്തിനും മനസ്സിനും ഹാനി വരുത്തുന്ന മദ്യമാക്കി ഉപയോഗിക്കുന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌. പ്രകൃതിയിലെ മൗലിക ഗുണമുള്ള വസ്‌തുക്കളെ രാസവിശ്ലേഷണങ്ങള്‍ക്ക്‌ വിധേയമാക്കി ശാസ്‌ത്രജ്ഞര്‍ പരിസ്ഥിതിയുടെ സന്തുലനം തെറ്റിക്കുന്ന വളരെയധികം ഉല്‌പന്നങ്ങള്‍ക്ക്‌ രൂപം നല്‌കിയിട്ടുണ്ട്‌. അവയില്‍ പലതും ഭൂമിയുടെ ഭാവിക്ക്‌ തന്നെ കടുത്ത ഭീഷണിയായി ഭവിച്ചിരിക്കുകയാണ്‌. ശാസ്‌ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ദുര്‍വിനിയോഗത്തിന്‌ പ്രേരകമാകുന്ന പല ഘടകങ്ങളില്‍ പ്രധാനം യുദ്ധക്കൊതിയും ലാഭക്കൊതിയുമാണ്‌.

പ്രപഞ്ചവിസ്‌മയങ്ങളെ സംബന്ധിച്ച അത്യന്തം സൂക്ഷ്‌മമായ പഠനഗവേഷണങ്ങള്‍ ഇപ്പോള്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണല്ലോ. എന്നാല്‍ സര്‍വജ്ഞനായ പ്രപഞ്ച നാഥനാണ്‌ ഈ വിസ്‌മയങ്ങളൊക്കെ സംവിധാനിച്ചൊരുക്കിയത്‌ എന്ന അനിഷേധ്യസത്യത്തെ തമസ്‌കരിച്ചുകൊണ്ടാണ്‌ ആധുനിക പഠനങ്ങളെല്ലാം നടക്കുന്നത്‌. മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന വിദ്യാലയങ്ങളിലും കലാലയങ്ങളിലും പോലും ശാസ്‌ത്രവിഷയങ്ങള്‍ പഠിപ്പിക്കുമ്പോള്‍ അല്ലാഹുവിന്റെ സ്ഥാനത്ത്‌ പ്രകൃതിയെ പ്രതിഷ്‌ഠിക്കുകയാണ്‌ പതിവ്‌. ആ വിദ്യാഭ്യാസത്തില്‍ മുന്നേറാന്‍ കഴിഞ്ഞതിന്റെ പേരില്‍ മതസംഘടനകള്‍ പോലും അഭിമാനിക്കുന്നു. ആര്‌ എങ്ങനെ പഠിപ്പിച്ചാലും സൃഷ്‌ടി പ്രപഞ്ചത്തെ സംബന്ധിച്ച അറിവല്ലേ പഠിതാക്കള്‍ക്ക്‌ ലഭിക്കുന്നത്‌ എന്ന നിലയില്‍ പലരും ആശ്വസിക്കുന്നു. എന്നാല്‍ പടച്ചവനെ മാറ്റിനിര്‍ത്തിക്കൊണ്ട്‌ ഭൗതിക പ്രതിഭാസങ്ങളെ വിലയിരുത്തി പഠിച്ചവര്‍ക്ക്‌ പിന്നീട്‌ ആരാണ്‌, എപ്പോഴാണ്‌ ആത്യന്തികസത്യം പഠിപ്പിച്ചുകൊടുക്കുക? മതസംഘടനകള്‍ വല്ലപ്പോഴും നടത്തുന്ന ബോധവത്‌കരണം കൊണ്ട്‌ മാത്രം പ്രകൃതി എന്ന മിഥ്യാദൈവത്തെ ഒഴിവാക്കി ശാസ്‌ത്ര വിദ്യാര്‍ഥികളുടെ മനസ്സ്‌ സാക്ഷാല്‍ മഹാസംവിധായകനില്‍ കേന്ദ്രീകരിപ്പിക്കാന്‍ കഴിയുമോ എന്ന്‌ സംശയമാണ്‌.

വിദ്യാഭ്യാസത്തിന്റെ പ്രധാന ആധാരങ്ങളെല്ലാം പ്രപഞ്ചനാഥന്‍ പ്രദാനം ചെയ്‌തതായിട്ടും, ജൈവ-അജൈവ പദാര്‍ഥങ്ങളെല്ലാം സര്‍വജ്ഞനായ സ്രഷ്‌ടാവ്‌ നിര്‍ണയിച്ച വ്യവസ്ഥകള്‍ക്ക്‌ വിധേയമായിട്ടും വിദ്യാഭ്യാസ രംഗത്ത്‌ സാക്ഷാല്‍ സത്യം വ്യാപകമായി തമസ്‌കരിക്കപ്പെടുന്നതിന്റെ കാരണമെന്താണ്‌? ശാസ്‌ത്ര വിദ്യാഭ്യാസം മതേതരവല്‌കരിക്കപ്പെടുക മാത്രമല്ല നിര്‍മതവല്‌കരിക്കപ്പെടുക തന്നെ ചെയ്‌തിരിക്കുന്നു എന്നതാണ്‌ അതിന്റെ കാരണം. പരമാണു പൊരുളിലും സ്‌ഫുരണമായി മിന്നും പരമപ്രകാശത്തെ ശരണം പ്രാപിക്കുന്ന പ്രാര്‍ഥനാഗാനം കൊണ്ട്‌ ഈ നിര്‍മത വല്‌കരണത്തിന്റെ കേട്‌ തീരുകയില്ല. രാസ-ഊര്‍ജ മേഖലകളിലെ അലംഘ്യമായ നിയമങ്ങളാവിഷ്‌കരിച്ച സാക്ഷാല്‍ സംവിധായകനെ മാറ്റിനിര്‍ത്തി, ശാസ്‌ത്രജ്ഞര്‍ ആവിഷ്‌കരിച്ച നിയമങ്ങളനുസരിച്ചാണ്‌ പ്രപഞ്ചം നിലനില്‌ക്കുന്നതെന്ന്‌ സമര്‍ഥിക്കുന്നത്‌ മുഴുത്ത ധിക്കാരമാണ്‌.

മഗ്‌രിബിന്‌ മുമ്പ്‌ സുന്നത്തുണ്ടോ?
ചോദ്യം :

ചില പള്ളികളില്‍ മഗ്‌രിബ്‌ ബാങ്ക്‌ വിളിച്ച ഉടനെ എല്ലാവരും എഴുന്നേറ്റ്‌ രണ്ട്‌ റക്‌അത്ത്‌ സുന്നത്ത്‌ നമസ്‌കരിക്കുന്നതായി കാണുന്നു. 10 റക്‌അത്ത്‌ സുന്നത്ത്‌ നമസ്‌കാരത്തിന്‌ നല്‌കുന്നതിലേറെ പ്രാധാന്യമാണ്‌ അവിടങ്ങളില്‍ ഇതിന്‌ നല്‌കി കാണുന്നത്‌. ഇതിന്‌ വല്ല അടിസ്ഥാനവുമുണ്ടോ?

ഉത്തരം :

ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: റസൂല്‍(സ) പറഞ്ഞു: ``നിങ്ങള്‍ മഗ്‌രിബിന്‌ മുമ്പ്‌ നമസ്‌കരിക്കൂ. നിങ്ങള്‍ മഗ്‌രിബിനു മുമ്പ്‌ നമസ്‌കരിക്കൂ.'' മൂന്നാം പ്രാവശ്യം അദ്ദേഹം പറഞ്ഞു: ``അങ്ങനെ ചെയ്യാന്‍ ഉദ്ദേശിച്ചവര്‍ക്ക്‌.'' ജനങ്ങള്‍ അതൊരു പതിവായി സ്വീകരിക്കുമോ എന്ന ഭയം കൊണ്ടാണ്‌ അദ്ദേഹം അപ്രകാരം പറഞ്ഞത്‌. ഇബ്‌നുഹിബ്ബാന്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ നബി(സ) മഗ്‌രിബിന്‌ മുമ്പ്‌ രണ്ടു റക്‌അത്ത്‌ നമസ്‌കരിച്ചുവെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

ഇബ്‌നു അബ്ബാസ്‌(റ) ഇപ്രകാരം പറഞ്ഞതായി മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌: ഞങ്ങള്‍ സൂര്യാസ്‌തമയത്തിന്‌ ശേഷം രണ്ടു റക്‌അത്ത്‌ നമസ്‌കരിക്കാറുണ്ടായിരുന്നു. നബി(സ) അത്‌ കണ്ടിട്ട്‌ ഞങ്ങളോട്‌ അപ്രകാരം ചെയ്യാന്‍ കല്‌പിക്കുകയോ ഞ ങ്ങളെ അതില്‍ നിന്ന്‌ വിലക്കുകയോ ചെയ്‌തില്ല. നബി(സ) പതിവായി നിര്‍വഹിച്ചിരുന്ന സുന്നത്ത്‌ നമസ്‌കാരങ്ങളെ സംബന്ധിച്ച കൂടുതല്‍ പ്രബലമായ റിപ്പോര്‍ട്ടുകളില്‍ ഈ സുന്നത്ത്‌ നമസ്‌കാരത്തെ സംബന്ധിച്ച്‌ പരാമര്‍ശിച്ചിട്ടില്ല. എന്നാലും ഇത്‌ സുന്നത്തല്ലെന്ന്‌ പറയാവുന്നതല്ല.

വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ


വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ വിവിധ രൂപത്തില്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.

പരിഭാഷ : ചെറിയമുണ്ടം അബ്ദുല്‍ഹമീദ്, കുഞ്ഞിമുഹമ്മദ് പറപ്പൂര്
പരിശോധന : കെ പി മുഹമ്മദ് ബിന്‍ അഹ്മദ്
Download PDF format -

MP3 Audio രൂപത്തില്‍

ഓണ്‍ലൈന്‍ വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ

കൂടിക്കാഴ്ച - പുസ്തകം
ഇസ്ലാം- സര്‍വശക്തനുള്ള സമ്പൂര്‍ണ സമര്‍പ്പണം. എല്ലാതരം ചൂഷണങ്ങളില്‍നിന്നും മനുഷ്യനെ മുക്തമാക്കുന്ന മാനവികതയുടെ ദര്‍ശനം. അതിന്നെതിരെ എക്കാലത്തും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, വിമര്‍ശനങ്ങളെല്ലാം ദൈവികദര്‍ശനത്തിന്റെ പ്രോജ്ജ ്വല പ്രകാശത്തിനു മുമ്പില്‍ വാടിയതായാണ് ചരിത്രം. ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങളെയും സംശയങ്ങളെയും കൈകാര്യം ചെയ്യുവാനായി 'സ്നേഹസംവാദം' മാസികയിലുള്ള പംക്തിയാണ് 'കൂടിക്കാഴ്ച'. പ്രഗല്‍ഭ പണ്ഡിതനും വാഗ്മിയും ഗ്രന്ഥകാരനുമായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി 'കൂടിക്കാഴ്ച'യിലൂടെ നല്‍കിയ മറുപടികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവയാണ് ഈ പുസ്തകത്തില്‍.
കൂടിക്കാഴ്ച - പുസ്തകം
പ്രസാധകര്‍ - Da'wa Books, Vyttilla Cochin

Download in PDF Format

ഖുര്‍ആന്‍ സത്യാന്വേഷിയുടെ മുമ്പില്‍ (പുസ്തകം)ഖുര്‍ആന്‍ സത്യാന്വേഷിയുടെ മുമ്പില്‍ (പുസ്തകം)

പ്രസാധകര്‍ : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

Download : Download in PDF Format

The Quran And Rationalism (Book - English)
The Quran And Rationalism (Book - English)

Publisher : Niche of Truth

Download in PDF Format

ജിഹാദ് : സത്യവും മിഥ്യയും (പുസ്തകം)


ജിഹാദ് : സത്യവും മിഥ്യയും (പുസ്തകം)

പ്രസാധകര്‍ : ദി ട്രൂത്ത്‌, കേരള


Download : Download in PDF Format

മഴയുള്ളപ്പോള്‍ ജുമുഅയുടെ കാര്യത്തില്‍ ഇളവുണ്ടോ ?
ചോദ്യം : 

മഴയുള്ള സമയത്ത്‌ ജുമുഅയ്‌ക്ക്‌ പോകാതിരിക്കുന്നതില്‍ തെറ്റുണ്ടോ? ഇല്ലെങ്കില്‍ അത്‌ പള്ളിയില്‍ നിന്ന്‌ കുറെ അകലെ താമസിക്കുന്നവര്‍ക്ക്‌ മാത്രമാണോ? വരാന്‍ സാധിക്കുന്നവരെയും കൊണ്ട്‌ ഇമാം ജുമുഅ ഖുത്വ്‌ബയും നമസ്‌കാരവും നടത്തേണ്ടതുണ്ടോ?
ഉത്തരം :

ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ``മഴയുള്ള ഒരു ദിവസം ഇബ്‌നുഅബ്ബാസ്‌ ബാങ്കുവിളിക്കുന്ന ആളോട്‌ പറഞ്ഞു: അശ്‌ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്‌ എന്നു പറഞ്ഞുകഴിഞ്ഞാല്‍ നീ ഹയ്യ അലസ്സലാഹ്‌ (നമസ്‌കാരത്തിന്‌ വരൂ) എന്ന്‌ പറയരുത്‌. അതിന്‌ പകരം നീ സ്വല്ലൂഫീ ബുയൂതികും (നിങ്ങളുടെ വീടുകളില്‍ നമസ്‌കരിച്ചുകൊള്ളുക) എന്നുപറയണം. അവിടെയുണ്ടായിരുന്നവര്‍ക്ക്‌ ഈ നിര്‍ദേശം ഇഷ്‌ടപ്പെട്ടിട്ടില്ലെന്ന്‌ തോന്നിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്നെക്കാള്‍ ശ്രേഷ്‌ഠതയുള്ള വ്യക്തി (നബി) ഇപ്രകാരം ചെയ്‌തിട്ടുണ്ട്‌. ജുമുഅ ഒരു നിര്‍ബന്ധബാധ്യതയാണ്‌. (നമസ്‌കാരത്തിന്‌ വരൂ എന്ന്‌ വിളിച്ചാല്‍) ചെളിയിലൂടെ വഴുതിനീങ്ങിക്കൊണ്ട്‌ നടന്നുവരാന്‍ നിങ്ങളെ ഞാന്‍ നിര്‍ബന്ധിതനാക്കുകയാവും ചെയ്യുന്നത്‌. ഞാന്‍ അത്‌ ഇഷ്‌ടപ്പെടുന്നില്ല.''

മഴയുള്ളപ്പോള്‍ ജമുഅയുടെ കാര്യത്തില്‍ നബി(സ) ഇളവ്‌ നല്‌കിയിട്ടുണ്ടെന്ന്‌ ഈ ഹദീസില്‍ നിന്ന്‌ വ്യക്തമാകുന്നു. `ശക്തിയുള്ള മഴ' എന്ന്‌ ഹദീസില്‍ പ്രത്യേകം പറഞ്ഞിട്ടില്ലാത്തതിനാല്‍ ഏത്‌ മഴയത്തും ഇളവുണ്ടെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. കനത്ത മഴയുണ്ടെങ്കിലേ ഇളവുള്ളൂ എന്നാണ്‌ മറ്റു ചിലരുടെ അഭിപ്രായം. ചെളിയിലൂടെ ആളുകള്‍ക്ക്‌ നടക്കാന്‍ പ്രയാസമുള്ള സാഹചര്യമാണ്‌ ഇളവിന്‌ നിദാനമെന്ന്‌ ഇബ്‌നുഅബ്ബാസി(റ)ന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നു. പള്ളിയില്‍ നിന്ന്‌ അകലെയുള്ളവര്‍ക്കാണ്‌ പ്രയാസം കൂടുതലുണ്ടാവുകയെങ്കിലും മഴയും ചെളിയും നിമിത്തമുള്ള ഇളവ്‌ അവര്‍ക്ക്‌ മാത്രമേയുള്ളൂ എന്നുപറയാന്‍ ഖണ്ഡിതമായ തെളിവൊന്നും കാണുന്നില്ല. പള്ളിയില്‍ എത്തിച്ചേര്‍ന്ന ആളുകളെ അഭിമുഖീകരിച്ചുകൊണ്ട്‌ ഖുത്വ്‌ബ നടത്താന്‍ വേണ്ടി മിന്‍ബറില്‍ കയറിയ സന്ദര്‍ഭത്തിലാണ്‌ മുഅദ്ദിനിനോട്‌ ഹയ്യ അലസ്സ്വലാഹ്‌ എന്നു ബാങ്കില്‍ പറയേണ്ടതില്ലെന്ന്‌ ഇബ്‌നു അബ്ബാസ്‌(റ) നിര്‍ദേശിച്ചത്‌ എന്നത്രെ ഇതുസംബന്ധിച്ച വ്യത്യസ്‌ത റിപ്പോര്‍ട്ടുകളില്‍ നിന്നും പണ്ഡിതന്മാരുടെ വിശദീകരണങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. അതിനാല്‍ ജുമുഅ ഉപേക്ഷിക്കുന്നതല്ല, വരാന്‍ പ്രയാസമുള്ളവര്‍ക്ക്‌ ഇളവു അനുവദിക്കുക മാത്രം ചെയ്യുന്നതാണ്‌ നബിചര്യയെന്ന്‌ ഇബ്‌നുഅബ്ബാസ്‌ ഗ്രഹിച്ചിരുന്നുവെന്നാണ്‌ നമുക്ക്‌ മനസ്സിലാക്കാവുന്നത്‌.

ഏക മഅ്‌മൂം നില്‌ക്കേണ്ടത്‌ എവിടെ ?
ചോദ്യം :

ഒരു ഇമാമും ഒരു മഅ്‌മൂമും മാത്രമാണ്‌ നമസ്‌കരിക്കുന്നതെങ്കില്‍ മഅ്‌മൂം നില്‌ക്കേണ്ടത്‌ ഇമാമിന്റെ വലതുഭാഗത്ത്‌ ഇമാമിനെക്കാള്‍ അല്‌പം പിന്നിലായിട്ടാണോ, അതല്ല ഇമാമിന്റെ ഒപ്പം തന്നെ പിന്നോട്ടോ മുന്നോട്ടോ നീങ്ങാതെയാണോ? നമ്മുടെ നാട്ടില്‍ എല്ലാവരും നില്‌ക്കുന്നത്‌ ആദ്യം പറഞ്ഞ രീതിയിലാണ്‌. ഗള്‍ഫിലും മറ്റും പലരും നില്‌ക്കുന്നത്‌ രണ്ടാമത്‌ പറഞ്ഞ നിലയിലാണ്‌. ഇതില്‍ നബിചര്യയോട്‌ കൂടുതല്‍ യോജിച്ചത്‌ ഏതാണ്‌?

ഉത്തരം :

ഈ വിഷയകമായി ബുഖാരിയും മുസ്‌ലിമും ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ``എന്റെ മാതൃസഹോദരിയും പ്രവാചകപത്‌നിയുമായ മൈമൂന(റ)യുടെ വീട്ടില്‍ ഞാന്‍ ഒരു രാത്രി താമസിച്ചു. അന്ന്‌ റസൂല്‍(സ) ഇശാ നമസ്‌കരിച്ചശേഷം വീട്ടില്‍ വന്നു. അനന്തരം നാലു റക്‌അത്ത്‌ നമസ്‌കരിച്ചിട്ട്‌ അദ്ദേഹം ഉറങ്ങി. പിന്നെ ഉറക്കമുണര്‍ന്ന്‌ അദ്ദേഹം നമസ്‌കരിക്കാന്‍ നിന്നപ്പോള്‍ ഞാന്‍ ചെന്ന്‌ അദ്ദേഹത്തിന്റെ ഇടതുഭാഗത്ത്‌ നിന്നു. അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ വലതുഭാഗത്തേക്ക്‌ മാറ്റിനിര്‍ത്തി. അങ്ങനെ അദ്ദേഹം അഞ്ചു റക്‌അത്ത്‌ നമസ്‌കരിച്ചു. പിന്നീട്‌ രണ്ടു റക്‌അത്ത്‌ നമസ്‌കരിച്ചിട്ട്‌ അദ്ദേഹം ഉറങ്ങി. അപ്പോള്‍ അദ്ദേഹത്തിന്റെ കൂര്‍ക്കം വലി ഞാന്‍ കേട്ടു. പിന്നീട്‌ അദ്ദേഹം (സുബ്‌ഹ്‌) നമസ്‌കാരത്തിന്‌ (പള്ളിയിലേക്ക്‌) പുറപ്പെട്ടു.''

ഇബ്‌നുഅബ്ബാസിനെ നബി(സ) നിര്‍ത്തിയത്‌ അദ്ദേഹത്തിന്റെ വലതുഭാഗത്ത്‌ അതേ നിരയില്‍ തന്നെയായിരുന്നോ അതല്ല അല്‌പം പിന്നോട്ട്‌ നീങ്ങിയായിരുന്നോ എന്ന്‌ ഈ ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാല്‍ ബുഖാരി ഈ ഹദീസിന്‌ നല്‌കിയ ശീര്‍ഷകം `രണ്ടു പേരാണ്‌ നമസ്‌കരിക്കുന്നതെങ്കില്‍ ഇമാമിന്റെ വലതുഭാഗത്ത്‌ അദ്ദേഹത്തിന്റെ നേരെ തുല്യസ്ഥാനത്താണ്‌ നില്‌ക്കേണ്ടത്‌' എന്നാകുന്നു. ഹദീസില്‍ നിന്ന്‌ അപ്രകാരമാണ്‌ അദ്ദേഹം ഗ്രഹിച്ചതെന്നര്‍ഥം. എന്നാല്‍ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാതാവായ ഇബ്‌നുഹജര്‍ അദ്ദേഹത്തിന്റെ ഫത്‌ഹുല്‍ബാരി എന്ന വ്യാഖ്യാന ഗ്രന്ഥത്തില്‍ (3:104) പറഞ്ഞിട്ടുള്ളത്‌ ശീര്‍ഷകത്തില്‍ പറഞ്ഞ കാര്യം ഈ ഹദീസില്‍ നിന്ന്‌ സംശയാതീതമായി തെളിയുന്നില്ലെന്നാണ്‌. കാരണം, ഇമാമിന്റെ വലതുഭാഗത്തേക്ക്‌ മാറ്റിനിര്‍ത്തി എന്നതിന്‌, ഒട്ടും മുന്നോട്ടോ പിന്നോട്ടോ നീങ്ങാത്തവിധം നേര്‍ക്കു നേരെ നിര്‍ത്തി എന്ന്‌ തന്നെ അര്‍ഥമാകണമെന്നില്ലല്ലോ. വലതുഭാഗത്ത്‌ തന്നെ അല്‌പം പുറകോട്ട്‌ നീക്കി നിര്‍ത്തിയാലും `വലത്തോട്ട്‌ മാറ്റി നിര്‍ത്തി' എന്ന്‌ പറയുന്നതില്‍ അപാകതയില്ല. ഈ നിലയിലാണ്‌ ശാഫിഈ മദ്‌ഹബുകാര്‍ ഈ ഹദീസിനെ വിലയിരുത്തുന്നത്‌. ഇമാം ബുഖാരിയെ പോലെ അത്വാഉം അഭിപ്രായപ്പെട്ടത്‌ ഇമാമിന്റെ നേര്‍വലതുഭാഗത്ത്‌ തന്നെയാണ്‌ ഏക മഅ്‌മൂം നില്‌ക്കേണ്ടതെന്നത്രെ. രണ്ടാം ഖലീഫ ഉമര്‍(റ) ഒരു മഅ്‌മൂമിനെ തന്റെ നേര്‍വലതുഭാഗത്ത്‌ തന്നെ നിര്‍ത്തിയ സംഭവം ഇമാം മാലിക്‌ മുവത്വയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.