വിദ്യാഭ്യാസത്തിന്റെ ദൈവിക ആധാരങ്ങളും ശാസ്‌ത്രത്തിന്റെ നിര്‍മതവല്‌കരണവും
മാനവരാശി നേടിയ മഹത്തായ നേട്ടങ്ങള്‍ക്കൊക്കെ ആധാരം വിദ്യാഭ്യാസമാണ്‌. ആഹാരസമ്പാദനം, ആവാസ സൗകര്യമൊരുക്കല്‍, ആത്മരക്ഷോപായങ്ങള്‍ സ്വീകരിക്കല്‍ എന്നീ വിഷയങ്ങളില്‍ ജന്തുവര്‍ഗങ്ങളും ഇളംതലമുറയെ പരിശീലിപ്പിക്കാറുണ്ട്‌. എന്നാല്‍ അത്യന്തം വിപുലമായ ആശയവിനിമയവും പരിശീലനവും മുഖേനയുള്ള വിദ്യാഭ്യാസം മാനവരാശിയുടെ മാത്രം സവിശേഷതയാണ്‌. അഭൂതപൂര്‍വമായ നാഗരിക വികാസത്തിന്‌ വഴിയൊരുക്കിയത്‌ വിദ്യാഭ്യാസമാണ്‌. ആശയ പ്രപഞ്ചത്തില്‍ ആധിപത്യം കൈവരിച്ചത്‌ മനുഷ്യന്‍ മാത്രമാണ്‌. ദശലക്ഷക്കണക്കിലുള്ള മറ്റു ജന്തുവര്‍ഗങ്ങളിലൊന്നു പോലും പരിമിതികളില്ലാത്ത ആശയ വിനിമയത്തിന്‌ പ്രാപ്‌തമായിട്ടില്ല.

മനുഷ്യനേക്കാള്‍ അനേകമിരട്ടി ഭാരമുള്ളവയും ഭീമമായ ശക്തിയുള്ളവയും വേഗതയുള്ളവയും ഉയരമുള്ളവയും ജന്തുവര്‍ഗങ്ങളിലുണ്ട്‌. കാഴ്‌ച, കേള്‍വി, ഘ്രാണശക്തി എന്നിവയില്‍ മനുഷ്യനേക്കാള്‍ ഏറെ മികവുറ്റ ജന്തുക്കളുമുണ്ട്‌. സ്വയം വൈദ്യുതിയുല്‌പാദിപ്പിക്കുകയും പ്രകാസം പ്രസരിപ്പിക്കുകയും ചെയ്യുന്ന ജീവികളുമുണ്ട്‌. എന്നാല്‍ ജന്മവാസനയുടെ പരിധിക്കപ്പുറത്തേക്കുള്ള വൈജ്ഞാനിക വികാസം അവയ്‌ക്കൊന്നും സംസിദ്ധമായിട്ടില്ല. എന്തുകൊണ്ട്‌ മനുഷ്യനെന്ന ജന്തുവിന്‌ മാത്രം ആ നേട്ടം കൈവന്നു എന്ന ചോദ്യത്തിനുള്ള ശരിയായ ഉത്തരം ഭൗതികശാസ്‌ത്രശാഖകളൊന്നും ഇതപ്പര്യന്തം കണ്ടെത്തിയിട്ടില്ല. പ്രകൃതിയുടെ നിര്‍ധാരണം മനുഷ്യനെ അറിവിന്റെ അധിപനാക്കിയെന്നോ പരിണാമ ചക്രത്തിന്റെ അനുസ്യൂതമായ കറക്കം മനുഷ്യവര്‍ഗത്തെ വിജ്ഞരാക്കിയെന്നോ അഭിപ്രായപ്പെടുന്നുണ്ടാകും. എന്നാല്‍ എന്തുകൊണ്ട്‌ മനുഷ്യന്‍ മാത്രം എന്ന ചോദ്യത്തിന്‌ അതൊന്നും തൃപ്‌തികരമായ ഉത്തരമല്ല.

എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌ സൃഷ്‌ടികര്‍ത്താവായ അല്ലാഹു തന്നെ മനുഷ്യനെ വിദ്യാസമ്പന്നനാക്കിയെന്നാണ്‌; അഥവാ വിപുലമായ അറിവ്‌ നേടാനുള്ള ഘടനാപരമായ സാധ്യത മനുഷ്യപ്രകൃതിയില്‍ നിക്ഷിപ്‌തമാക്കിയെന്നാണ്‌. ഭൂമിയില്‍ മനുഷ്യനെ സ്ഥാനപതിയാക്കിയതിന്റെ പ്രസക്തി മലക്കുകളെ അല്ലാഹു ബോധ്യപ്പെടുത്തിയതിനെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നത്‌ ഇങ്ങനെ: ``അല്ലാഹു ആദമിന്‌ നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട്‌ ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക്‌ കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക്‌ പറഞ്ഞുതരൂ''(2:31). മനുഷ്യവര്‍ഗത്തിന്റെ പിതാവിന്‌ അല്ലാഹു നല്‌കിയത്‌ എന്തിനും ഏതിനും നാമകരണം ചെയ്യാനുള്ള കഴിവാണ്‌. മലക്കുകള്‍ക്കോ ജന്തുവര്‍ഗങ്ങള്‍ക്കോ ആ കഴിവ്‌ നല്‌കിയിട്ടില്ല. മനുഷ്യര്‍ സകല വസ്‌തുക്കളെയും തങ്ങളുടെ വ്യവഹാര സീമയില്‍ കൊണ്ടുവരുന്നത്‌ അവയ്‌ക്ക്‌ നാമങ്ങള്‍ നല്‌കിക്കൊണ്ടാണ്‌. ആയിരക്കണക്കില്‍ ഭാഷകളില്‍ കോടിക്കണക്കില്‍ പേരുകളും പദങ്ങളും. ഈ നാമകരണം വിദ്യാഭ്യാസത്തിന്റെ ആധാരങ്ങളിലൊന്നു കൂടിയാകുന്നു.

വസ്‌തുക്കള്‍ക്കും വസ്‌തുതകള്‍ക്കും പദങ്ങള്‍ നിശ്ചയിക്കുന്നതിനു പുറമെ ആ പദങ്ങളുപയോഗിച്ച്‌ വിപുലമായ ആശയവിനിമയം നടത്താനും മാനവരാശിക്ക്‌ സാധിച്ചു. മറ്റു പല ജന്തുക്കള്‍ക്കും അവയുടെ ജൈവധര്‍മങ്ങള്‍ നിറവേറ്റാനുള്ള ഭാഷയുള്ളതായി ജീവശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്‌. പക്ഷികളുടെയും ഉറുമ്പിന്റെയും ഭാഷയെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്‌. എന്നാല്‍ അത്യന്തം വിപുലമായ ആശയാവിഷ്‌കാര ശേഷി മനുഷ്യര്‍ക്ക്‌ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇത്‌ സ്രഷ്‌ടാവായ അല്ലാഹു നല്‌കിയ കഴിവാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ``പരമകാരുണികന്‍ ഈ ഖുര്‍ആന്‍ പഠിപ്പിച്ചു. അവന്‍ മനുഷ്യനെ സൃഷ്‌ടിച്ചു. അവനെ കാര്യങ്ങള്‍ വിവരിക്കാന്‍ പഠിപ്പിച്ചു''(55:1-4). മനുഷ്യജീവിതം സംബന്ധിച്ച കാര്യങ്ങളും ഭൗതികപ്രതിഭാസങ്ങളെ സംബന്ധിച്ച വിവരങ്ങളും ഇതരര്‍ക്ക്‌ വിശദീകരിച്ചു കൊടുക്കാനുള്ള കഴിവാണ്‌ വിദ്യാഭ്യാസത്തിന്റെ രണ്ടാമത്തെ ആധാരം. ആശയാവിഷ്‌കാരത്തിനുള്ള വിപുലമായ കഴിവ്‌ മനുഷ്യനല്ലാത്ത ഒരു ജന്തുവര്‍ഗത്തിനും സ്വായത്തമാക്കിയിട്ടില്ല.

മനസ്സില്‍ ഉരുത്തിരിഞ്ഞതോ വാക്കിലൂടെ ആവിഷ്‌കരിച്ചതോ ആയ ആശയം ലിപികളോ ചിഹ്നങ്ങളോ ഉപയോഗിച്ച്‌ പേനകൊണ്ട്‌ രേഖപ്പെടുത്താനുള്ള കഴിവാണ്‌ മനുഷ്യനെ ഇതര ജന്തുക്കളില്‍ നിന്ന്‌ വ്യതിരിക്തനാക്കുന്ന മറ്റൊരു പ്രധാന ഘടകം. ഇതിന്റെ വികസിത രൂപമത്രെ പേനയെക്കാള്‍ പരിഷ്‌കൃതമായ ഉപാധികള്‍ ഉപയോഗിച്ചുള്ള ആലേഖനം. വൈജ്ഞാനിക ഈടുവയ്‌പുകള്‍ തലമുറകള്‍ക്ക്‌ ഫലപ്രദമായി കൈമാറുന്നതില്‍ അക്ഷരവിദ്യ വഹിച്ച പങ്ക്‌ അദ്വിതീയമാകുന്നു. അക്ഷരജ്ഞാനത്തെയും ലോകരക്ഷിതാവിന്റെ അനിതരമായ അനുഗ്രഹം എന്ന നിലയിലാണ്‌ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്‌. ഏറ്റവും ആദ്യമായി അവതീര്‍ണമായ സൂക്തങ്ങളില്‍ തന്നെ ഇത്‌ സംബന്ധിച്ച പരാമര്‍ശം കാണാം. ``നീ വായിക്കുക. നിന്റെ രക്ഷിതാവ്‌ പേനകൊണ്ട്‌ പഠിപ്പിച്ച അത്യുദാരനാകുന്നു. മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു''(96:3-5). അക്ഷരവിദ്യയാണ്‌ വിദ്യാഭ്യാസത്തിന്റെ മൂന്നാമത്തെ ആധാരം.

കാര്യങ്ങളുടെ പൊരുള്‍ തിരിച്ചറിഞ്ഞ്‌ പേരു നല്‌കാനും ഗ്രഹിച്ച ആശയങ്ങള്‍ വാക്കിലൂടെ പ്രകാശിപ്പിക്കാനും ആലേഖനം ചെയ്യാനുമുള്ള കഴിവ്‌ മനുഷ്യന്‌ മാത്രമായി പ്രപഞ്ചനാഥന്‍ പ്രദാനം ചെയ്‌തതായിരിക്കെ വായനയും പഠനവും നാഥന്റെ നാമത്തിലായിരിക്കണമെന്ന ആഹ്വാനമാണ്‌ ഹിറാഗുഹയില്‍ വെച്ച്‌ മുഹമ്മദ്‌ നബി(സ)ക്ക്‌ ആദ്യമായി കേള്‍പ്പിക്കപ്പെട്ടത്‌. അധ്യയനവും അധ്യാപനവും നാഥന്റെ നാമത്തിലായിരിക്കുക എന്നതുകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടത്‌ ബിസ്‌മി ഉച്ചരിച്ചുകൊണ്ട്‌ തുടങ്ങുക എന്ന്‌ മാത്രമല്ല. ദൈവദത്തമായ പ്രബുദ്ധതയെ ദൈവിക മാര്‍ഗദര്‍ശനത്തിന്‌ അനുരൂപമായി മാത്രം വിനിയോഗിക്കുക എന്നത്‌ കൂടി അതിന്റെ താല്‌പര്യമാകുന്നു. തന്റെ ജ്ഞാനം തന്റെ സ്വന്തം ചിന്തയും പഠനവും കൊണ്ട്‌ മാത്രം സിദ്ധിച്ചതാണെന്നും ആ ജ്ഞാനം ഏത്‌ വിധത്തില്‍ വിനിയോഗിക്കാനും തനിക്ക്‌ സ്വാതന്ത്ര്യമുണ്ടെന്നും കരുതുന്ന മനുഷ്യന്‍ ഇസ്‌ലാമിക വിദ്യാഭ്യാസദര്‍ശനത്തിന്റെ അടിസ്ഥാനം തന്നെ തള്ളിക്കളയുകയാണ്‌ ചെയ്യുന്നത്‌.

സൂക്ഷ്‌മവും സ്ഥൂലവുമായ സകല വസ്‌തുക്കളെയും സര്‍വജ്ഞനും സര്‍വശക്തനുമായ രക്ഷിതാവിന്റെ സൃഷ്‌ടിവൈഭവത്തിന്റെ ദൃഷ്‌ടാന്തങ്ങള്‍ എന്ന നിലയില്‍ പഠനവിധേയമാക്കാനുള്ള ആഹ്വാനം അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണാം. അത്തരമൊരു പഠനം ആ വസ്‌തുക്കളുടെ ഭൗതിക ഘടന കണ്ടെത്താന്‍ മാത്രമുള്ളതായിരിക്കില്ല. അവയുടെ മൗലികഗുണങ്ങളും സത്താപരമായ സംശുദ്ധതയും ആ പഠനത്തിന്റെ പരിധിയില്‍ വരും. ആ വസ്‌തുക്കളുടെ സദ്‌വിനിയോഗവും ദുര്‍വിനിയോഗവും സംബന്ധിച്ച തിരിച്ചറിവിലേക്ക്‌ ആ പഠനം നയിക്കും. മനുഷ്യന്റെ പ്രകൃതിയോടും അവന്‍ കയ്യാളുന്ന വസ്‌തുക്കളുടെ പ്രകൃതത്തോടും നീതിപുലര്‍ത്തുന്ന വിനിയോഗമാണ്‌ സദ്‌വിനിയോഗം അഥവാ ധാര്‍മിക വിനിയോഗം. മനുഷ്യപ്രകൃതിക്ക്‌ അപചയം വരുത്തുന്ന വിധത്തില്‍ ഏതൊരു ഭൗതിക വസ്‌തുവെ ഉപയോഗപ്പെടുത്തുന്നതും അധാര്‍മികമാണ്‌.

ആരോഗ്യകരവും പോഷകമൂല്യമുള്ളതുമായ പഴസ്സത്ത്‌ ശരീരത്തിനും മനസ്സിനും ഹാനി വരുത്തുന്ന മദ്യമാക്കി ഉപയോഗിക്കുന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌. പ്രകൃതിയിലെ മൗലിക ഗുണമുള്ള വസ്‌തുക്കളെ രാസവിശ്ലേഷണങ്ങള്‍ക്ക്‌ വിധേയമാക്കി ശാസ്‌ത്രജ്ഞര്‍ പരിസ്ഥിതിയുടെ സന്തുലനം തെറ്റിക്കുന്ന വളരെയധികം ഉല്‌പന്നങ്ങള്‍ക്ക്‌ രൂപം നല്‌കിയിട്ടുണ്ട്‌. അവയില്‍ പലതും ഭൂമിയുടെ ഭാവിക്ക്‌ തന്നെ കടുത്ത ഭീഷണിയായി ഭവിച്ചിരിക്കുകയാണ്‌. ശാസ്‌ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ദുര്‍വിനിയോഗത്തിന്‌ പ്രേരകമാകുന്ന പല ഘടകങ്ങളില്‍ പ്രധാനം യുദ്ധക്കൊതിയും ലാഭക്കൊതിയുമാണ്‌.

പ്രപഞ്ചവിസ്‌മയങ്ങളെ സംബന്ധിച്ച അത്യന്തം സൂക്ഷ്‌മമായ പഠനഗവേഷണങ്ങള്‍ ഇപ്പോള്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണല്ലോ. എന്നാല്‍ സര്‍വജ്ഞനായ പ്രപഞ്ച നാഥനാണ്‌ ഈ വിസ്‌മയങ്ങളൊക്കെ സംവിധാനിച്ചൊരുക്കിയത്‌ എന്ന അനിഷേധ്യസത്യത്തെ തമസ്‌കരിച്ചുകൊണ്ടാണ്‌ ആധുനിക പഠനങ്ങളെല്ലാം നടക്കുന്നത്‌. മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന വിദ്യാലയങ്ങളിലും കലാലയങ്ങളിലും പോലും ശാസ്‌ത്രവിഷയങ്ങള്‍ പഠിപ്പിക്കുമ്പോള്‍ അല്ലാഹുവിന്റെ സ്ഥാനത്ത്‌ പ്രകൃതിയെ പ്രതിഷ്‌ഠിക്കുകയാണ്‌ പതിവ്‌. ആ വിദ്യാഭ്യാസത്തില്‍ മുന്നേറാന്‍ കഴിഞ്ഞതിന്റെ പേരില്‍ മതസംഘടനകള്‍ പോലും അഭിമാനിക്കുന്നു. ആര്‌ എങ്ങനെ പഠിപ്പിച്ചാലും സൃഷ്‌ടി പ്രപഞ്ചത്തെ സംബന്ധിച്ച അറിവല്ലേ പഠിതാക്കള്‍ക്ക്‌ ലഭിക്കുന്നത്‌ എന്ന നിലയില്‍ പലരും ആശ്വസിക്കുന്നു. എന്നാല്‍ പടച്ചവനെ മാറ്റിനിര്‍ത്തിക്കൊണ്ട്‌ ഭൗതിക പ്രതിഭാസങ്ങളെ വിലയിരുത്തി പഠിച്ചവര്‍ക്ക്‌ പിന്നീട്‌ ആരാണ്‌, എപ്പോഴാണ്‌ ആത്യന്തികസത്യം പഠിപ്പിച്ചുകൊടുക്കുക? മതസംഘടനകള്‍ വല്ലപ്പോഴും നടത്തുന്ന ബോധവത്‌കരണം കൊണ്ട്‌ മാത്രം പ്രകൃതി എന്ന മിഥ്യാദൈവത്തെ ഒഴിവാക്കി ശാസ്‌ത്ര വിദ്യാര്‍ഥികളുടെ മനസ്സ്‌ സാക്ഷാല്‍ മഹാസംവിധായകനില്‍ കേന്ദ്രീകരിപ്പിക്കാന്‍ കഴിയുമോ എന്ന്‌ സംശയമാണ്‌.

വിദ്യാഭ്യാസത്തിന്റെ പ്രധാന ആധാരങ്ങളെല്ലാം പ്രപഞ്ചനാഥന്‍ പ്രദാനം ചെയ്‌തതായിട്ടും, ജൈവ-അജൈവ പദാര്‍ഥങ്ങളെല്ലാം സര്‍വജ്ഞനായ സ്രഷ്‌ടാവ്‌ നിര്‍ണയിച്ച വ്യവസ്ഥകള്‍ക്ക്‌ വിധേയമായിട്ടും വിദ്യാഭ്യാസ രംഗത്ത്‌ സാക്ഷാല്‍ സത്യം വ്യാപകമായി തമസ്‌കരിക്കപ്പെടുന്നതിന്റെ കാരണമെന്താണ്‌? ശാസ്‌ത്ര വിദ്യാഭ്യാസം മതേതരവല്‌കരിക്കപ്പെടുക മാത്രമല്ല നിര്‍മതവല്‌കരിക്കപ്പെടുക തന്നെ ചെയ്‌തിരിക്കുന്നു എന്നതാണ്‌ അതിന്റെ കാരണം. പരമാണു പൊരുളിലും സ്‌ഫുരണമായി മിന്നും പരമപ്രകാശത്തെ ശരണം പ്രാപിക്കുന്ന പ്രാര്‍ഥനാഗാനം കൊണ്ട്‌ ഈ നിര്‍മത വല്‌കരണത്തിന്റെ കേട്‌ തീരുകയില്ല. രാസ-ഊര്‍ജ മേഖലകളിലെ അലംഘ്യമായ നിയമങ്ങളാവിഷ്‌കരിച്ച സാക്ഷാല്‍ സംവിധായകനെ മാറ്റിനിര്‍ത്തി, ശാസ്‌ത്രജ്ഞര്‍ ആവിഷ്‌കരിച്ച നിയമങ്ങളനുസരിച്ചാണ്‌ പ്രപഞ്ചം നിലനില്‌ക്കുന്നതെന്ന്‌ സമര്‍ഥിക്കുന്നത്‌ മുഴുത്ത ധിക്കാരമാണ്‌.

0 comments:

Post a Comment