മനസ്സും മനോഭാവങ്ങളും വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചത്തില്‍
ഹൃദയം എന്നര്‍ഥമുള്ള ഖല്‍ബ്‌, ഫുആദ്‌ എന്നീ പദങ്ങളും സ്വത്വം എന്ന്‌ കൂടി അര്‍ഥമുള്ള നഫ്‌സ്‌ എന്ന പദവുമാണ്‌ മനുഷ്യമനസ്സിനെ കുറിക്കാന്‍ വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുള്ളത്‌. ഈമാന്‍ അഥവാ വിശ്വാസം ഖല്‍ബില്‍ പ്രവേശിച്ചിരിക്കണം; വാക്കില്‍ മാത്രം ഉണ്ടായാല്‍ പോരാ എന്ന്‌ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ``ഗ്രാമീണ അറബികള്‍ പറയുന്നു; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. നീ പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ `ഞങ്ങള്‍ കീഴ്‌പ്പെട്ടിരിക്കുന്നു' എന്ന്‌ നിങ്ങള്‍ പറഞ്ഞുകൊള്ളുക.

വിശ്വാസം നിങ്ങളുടെ ഖല്‍ബുകളില്‍ പ്രവേശിച്ചു കഴിഞ്ഞിട്ടില്ല. അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കര്‍മഫലങ്ങളില്‍ നിന്ന്‌ യാതൊന്നും അവന്‍ കുറവ്‌ വരുത്തുന്നതല്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (വി.ഖു 49:14)
വിശ്വാസികളെപ്പോലെ പെരുമാറുകയോ സംസാരിക്കുകയോ ചെയ്‌തതുകൊണ്ട്‌ മാത്രം കാര്യമില്ലെന്നും ഖല്‍ബുകളില്‍ അഥവാ ഹൃദയങ്ങളില്‍ കുടികൊള്ളുന്ന വിശ്വാസമേ അല്ലാഹു പരിഗണിക്കുകയുള്ളൂവെന്നും ഈ സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാം. പരലോക മോക്ഷം ലഭിക്കണമെങ്കില്‍ ഖല്‍ബ്‌ കളങ്കമില്ലാത്തതായിരിക്കണമെന്നും അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇബ്‌റാഹീം നബി(അ)യുടെ ഒരു പ്രാര്‍ഥന സൂറത്തുശ്ശുഅറാഇല്‍ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ``അവര്‍ (സൃഷ്‌ടികള്‍) ഉയിര്‍ത്തെഴുന്നേല്‌പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനിതനാക്കരുതേ. അതായത്‌, കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം'' (വി.ഖു 26:87-89).

ഖല്‍ബ്‌ എന്നാല്‍ നെഞ്ചിനകത്തുള്ള ഹൃദയമെന്ന, രക്തം സദാ പമ്പ്‌ ചെയ്‌തുകൊണ്ടിരിക്കുന്ന അവയവം തന്നെയാണോ, മാനസിക വ്യാപാരങ്ങള്‍ക്ക്‌ ആ അവയവവുമായി ബന്ധമുണ്ടോ എന്നൊക്കെ ചിലര്‍ക്ക്‌ സംശയമുണ്ടാകാം. എന്നാല്‍ ഖല്‍ബിന്റെ സ്ഥാനം നെഞ്ചിനകത്ത്‌ തന്നെയാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ``തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്‌. പക്ഷെ, നെഞ്ചുകളിലുള്ള ഖല്‍ബുകളെയാണ്‌ അന്ധത ബാധിക്കുന്നത്‌.'' (22:46) മാനസിക വ്യവഹാരങ്ങള്‍ക്ക്‌ ഹൃദയവുമായുള്ള ബന്ധം സമീപകാലത്ത്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌ എന്ന കാര്യവും ഇതോടൊപ്പം പ്രസ്‌താവ്യമാകുന്നു.

ഖല്‍ബ്‌ എന്ന പദവും അതിന്റെ ബഹുവചനമായ ഖുലൂബ്‌ എന്ന പദവും അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്‌. നെഞ്ചിനകത്തുള്ള അവയവം തന്നെയാണ്‌ ഖല്‍ബെങ്കിലും രക്തം പമ്പ്‌ ചെയ്യുന്ന അവയവം എന്ന നിലയിലുള്ള അതിന്റെ ധര്‍മത്തെ സംബന്ധിച്ചല്ല ഖുര്‍ആനില്‍ പ്രതിപാദിക്കുന്നത്‌. സത്യവും അസത്യവും തിരിച്ചറിയാനും ഗുണദോഷ വിചിന്തനം നടത്താനും ഉപയുക്തമാകുന്ന ഒരു മഹാസംവിധാനം എന്ന നിലയിലാണ്‌ ഖല്‍ബിനെ സംബന്ധിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍. ``ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിനു വേണ്ടി സൃഷ്‌ടിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ ഖല്‍ബുകളുണ്ട്‌. അവ ഉപയോഗിച്ച്‌ അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക്‌ കണ്ണുകളുണ്ട്‌. അവയുപയോഗിച്ച്‌ അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌. അവ ഉപയോഗിച്ച്‌ അവര്‍ കേട്ട്‌ മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍.''(7:179)

ഖല്‍ബ്‌ ഉപയോഗിച്ച്‌ നന്മയും തിന്മയും വേര്‍തിരിച്ചു മനസ്സിലാക്കിയിട്ട്‌ നന്മ സ്വീകരിക്കുകയും തിന്മ വര്‍ജിക്കുകയും ചെയ്യുകയാണ്‌ മനുഷ്യരുടെ സുപ്രധാന ബാധ്യതയെന്ന്‌ വിവിധ ഖുര്‍ആന്‍ സൂക്തങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ഖല്‍ബുകള്‍ അന്യൂനമാകുന്നതിനെയും സംശുദ്ധമാകുന്നതിനെയും സമാധാന നിര്‍ഭരമാകുന്നതിനെയും വിനീതമാകുന്നതിനെയും ആര്‍ദ്രമാകുന്നതിനെയും സംബന്ധിച്ച്‌ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. അതിന്‌ വിപരീതമായി ഖല്‍ബുകള്‍ രോഗഗ്രസ്‌തമാകുന്നതിനെയും കടുത്തുപോകുന്നതിനെയും അടഞ്ഞുപോകുന്നതിനെയും ചഞ്ചലമാകുന്നതിനെയും അശ്രദ്ധമാകുന്നതിനെയും സംബന്ധിച്ചും പരാമര്‍ശമുണ്ട്‌.

എന്തൊന്നിനെക്കുറിച്ച്‌ ചിന്തിക്കാനും ചിന്തയെ ഏത്‌ വഴിക്ക്‌ തിരിച്ചുവിടാനും പാകത്തില്‍ ഖല്‍ബിന്‌ ഘടനാപരമായ സ്വാതന്ത്ര്യം അല്ലാഹു നല്‌കിയിട്ടുണ്ട്‌. നന്മയോ തിന്മയോ തെരഞ്ഞെടുക്കാന്‍ ഖല്‍ബ്‌ നിര്‍ബന്ധിതമാകുന്നില്ല. എന്നാല്‍ ചിന്തയെ സത്യവിശ്വാസത്തിലേക്കും സദ്‌വൃത്തികളിലേക്കും തിരിച്ചുവിടുന്ന ആളുടെ ഖല്‍ബില്‍ വിശ്വാസത്തോടും ധര്‍മനിഷ്‌ഠയോടും ആഭിമുഖ്യം ഉളവാക്കുകയും അവിശ്വാസത്തിന്റെയും അധര്‍മത്തിന്റെയും മാര്‍ഗത്തോട്‌ വെറുപ്പ്‌ തോന്നിക്കുകയും ചെയ്യും. ``.....എങ്കിലും അല്ലാഹു സത്യവിശ്വാസത്തെ നിങ്ങള്‍ക്ക്‌ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും നിങ്ങളുടെ ഖല്‍ബുകളില്‍ അത്‌ അലംകൃതമായി തോന്നിക്കുകയും ചെയ്‌തിരിക്കുന്നു. അവിശ്വാസവും അധര്‍മവും അനുസരണക്കേടും നിങ്ങള്‍ക്ക്‌ അവന്‍ അനിഷ്‌ടകരമാക്കുകയും ചെയ്‌തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍.''(വി.ഖു 49:7)

സത്യവിശ്വാസവും സന്മാര്‍ഗവും അന്വേഷിച്ചു മനസ്സിലാക്കാന്‍ ഖല്‍ബിനെ ഉപയോഗപ്പെടുത്താന്‍ ഒട്ടും താല്‌പര്യം കാണിക്കാത്തവരുടെയും സത്യത്തെ അവഗണിച്ചുകളയുന്നവരുടെയും ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെക്കും. പിന്നീട്‌ അവര്‍ക്ക്‌ സന്മാര്‍ഗം തിരിച്ചറിയാത്ത അവസ്ഥയുണ്ടാകും. ``ഹൃദയങ്ങള്‍ക്കും കേള്‍വിക്കും കാഴ്‌ചകള്‍ക്കും അല്ലാഹു മുദ്ര വെച്ചിട്ടുള്ള ഒരു വിഭാഗമാകുന്നു അക്കൂട്ടര്‍. അവര്‍ തന്നെയാകുന്നു അശ്രദ്ധര്‍. ഒട്ടും സംശയമില്ല. അക്കൂട്ടര്‍ തന്നെയാണ്‌ പരലോകത്ത്‌ നഷ്‌ടക്കാര്‍'' (വി.ഖു 16:108,109). ആദര്‍ശ വിഷയത്തില്‍ അടിക്കടി നിലപാട്‌ മാറ്റുന്നവരുടെ ഹൃദയങ്ങളെ അല്ലാഹു മാറ്റിമറിക്കുമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ``ഇതില്‍ (ഖുര്‍ആനില്‍) ആദ്യ തവണ അവര്‍ വിശ്വസിക്കാതിരുന്നതു പോലെ തന്നെ (ഇപ്പോഴും) നാം അവരുടെ ഹൃദയങ്ങളെയും കണ്ണുകളെയും മാറ്റിമറിച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി വിഹരിച്ചു കൊള്ളാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്യും''(6:110). ``ഹൃദയങ്ങളെ മാറ്റി മറിക്കുന്ന അല്ലാഹുവേ, നീ എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ'' എന്ന്‌ നബി(സ) പ്രാര്‍ഥിക്കാറുണ്ടായിരുന്നു എന്ന്‌ പ്രബലമായ ഹദീസില്‍ കാണാം. നമ്മുടെ ഖല്‍ബുകള്‍ ദുര്‍വിചാരങ്ങളിലേക്ക്‌ വഴുതിപ്പോകാതിരിക്കാന്‍ നാം പരമാവധി ശ്രമിക്കുകയും അതിന്‌ പുറമെ മനസ്സുറപ്പ്‌ നല്‌കാന്‍ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കുകയും ചെയ്യേണ്ടതാണ്‌ എന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. തന്റെ കുടുംബത്തെ മക്കയില്‍ അധിവസിപ്പിച്ച സന്ദര്‍ഭത്തില്‍ ഇബ്‌റാഹീം നബി(അ) ``മനുഷ്യരില്‍ ചിലരുടെ ഹൃദയങ്ങളെ നീ അവരോട്‌ ചായ്‌വുള്ളതാക്കണമേ'' എന്ന്‌ പ്രാര്‍ഥിച്ചതായി 14:37 സൂക്തത്തില്‍ കാണാം.
`അവരുടെ ഖല്‍ബുകളില്‍ രോഗമുണ്ട്‌' എന്ന പ്രസ്‌താവം അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണാം. ഹൃദയം എന്ന അവയവത്തെ ബാധിക്കുന്ന ഭൗതികമായ രോഗങ്ങളല്ല അതുകൊണ്ട്‌ വിവക്ഷിക്കപ്പെട്ടിട്ടുള്ളത്‌.

മാനസിക രോഗങ്ങളുമല്ല ഉദ്ദേശ്യം. ഹൃദ്രോഗമോ മനോരോഗമോ നിമിത്തം ആരും അല്ലാഹുവിന്റെ ശാപത്തിനോ ശിക്ഷയ്‌ക്കോ അവകാശികളാകണമെന്നില്ല. അന്ധവിശ്വാസങ്ങളിലേക്കും ദുസ്സ്വഭാവങ്ങളിലേക്കും ദുര്‍വൃത്തികളിലേക്കും ഹൃദയം അഥവാ മനസ്സ്‌ ആകൃഷ്‌ടമാകുന്നതാണ്‌ ജീവിതത്തെ ആത്യന്തിക നഷ്‌ടത്തിലേക്ക്‌ നയിക്കുന്ന രോഗം. പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും അതിവര്‍ത്തിച്ചുകൊണ്ട്‌ മനസ്സിനെ സകല തിന്മകള്‍ക്കുമെതിരില്‍ ജാഗ്രത്താക്കുകയാണ്‌ ഇതിനുള്ള ചികിത്സ.
മനസ്സ്‌ എന്ന്‌ കൂടി അര്‍ഥമുള്ള പദമാണ്‌ നഫ്‌സ്‌ എന്ന്‌ നേരത്തെ സൂചിപ്പിച്ചുവല്ലോ. നഫ്‌സിന്റെ സദ്‌ഗുണങ്ങളെയും ദുര്‍ഗുണങ്ങളെയും സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്‌.

``തീര്‍ച്ചയായും നഫ്‌സ്‌ ദുഷ്‌പ്രവൃത്തിക്ക്‌ ഏറെ പ്രേരിപ്പിക്കുന്നതാകുന്നു'' (12:53). ജീവിതത്തെ ദുഷിപ്പിക്കുന്ന പല കാര്യങ്ങളും മനസ്സിന്‌ ആസ്വാദ്യവും ആനന്ദകരവുമായി അനുഭവപ്പെടും. അതിനാല്‍ അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ മനസ്സ്‌ ശക്തിയായ പ്രേരണ ചെലുത്തിക്കൊണ്ടിരിക്കും. ഒരു കാര്യം ആസ്വാദ്യമാണോ അല്ലേ എന്നല്ല യഥാര്‍ഥത്തില്‍ ഗുണകരമാണോ അല്ലേ എന്നാണ്‌ വിവേചന ശേഷിയുള്ള ആളുകള്‍ നോക്കേണ്ടത്‌. സാക്ഷാല്‍ നന്മയെയും തിന്മയെയും സംബന്ധിച്ച ബോധം മനുഷ്യപ്രകൃതിയില്‍ തന്നെ ലോകരക്ഷിതാവ്‌ സന്നിവേശിപ്പിച്ചിട്ടുണ്ട്‌.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``മനുഷ്യാസ്‌തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം; എന്നിട്ട്‌ അതിന്‌ അതിന്റെ ദുഷ്‌ടതയും അതിന്റെ സൂക്ഷ്‌മതയും സംബന്ധിച്ച്‌ അവന്‍ ബോധം നല്‌കുകയും ചെയ്‌തിരിക്കുന്നു'' (91:7,8). ആസ്വാദ്യമായി തോന്നുന്ന പല കാര്യങ്ങളും യഥാര്‍ഥത്തില്‍ ദോഷമുണ്ടാക്കുന്നവയാണെന്ന തിരിച്ചറിവ്‌ എക്കാലത്തെയും പക്വമതികള്‍ക്ക്‌ സ്വായത്തമായിരുന്നു. മദ്യവും മയക്കുമരുന്നും അവിഹിത ലൈംഗിക വേഴ്‌ചകളും മറ്റും ഒഴിവാക്കി സൂക്ഷ്‌മത പുലര്‍ത്തിയാലേ ജീവിതം ധന്യമാവുകയുള്ളൂ എന്ന ബോധവും വിവേകശാലികള്‍ക്ക്‌ വെളിച്ചമേകിയിരുന്നു. സൂക്ഷ്‌മതയാണ്‌ ജീവിതത്തിന്റെ വിശുദ്ധിക്കും വികാസത്തിനും നിദാനമെന്ന്‌ മനസ്സിലാക്കി ചിട്ടയോടെ ജീവിക്കുന്നവര്‍ വിജയം വരിക്കുന്നു. പ്രകൃത്യായുള്ള തിരിച്ചറിവ്‌ പ്രയോജനപ്പെടുത്താതെ മനസ്സിന്റെ ദുഷ്‌പ്രേരണക്ക്‌ വശംവദരാകുന്നവര്‍ പരാജയപ്പെടുകയും ചെയ്യുന്നു.

``തീര്‍ച്ചയായും നഫ്‌സിനെ പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്‌തു.'' (വി.ഖു 91:9,10)
സുന്ദരവും ആകര്‍ഷകവും ആസ്വാദ്യവുമായി അനുഭവപ്പെടുന്നതെല്ലാം ആത്യന്തികമായി ഗുണകരമാവില്ല എന്ന യാഥാര്‍ഥ്യം സല്‍ബുദ്ധിയുള്ള മനുഷ്യര്‍ക്കെല്ലാം ഗ്രഹിക്കാന്‍ കഴിയുന്നതാണെങ്കിലും മിക്ക ആളുകളും ദുര്‍വികാരങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വശംവദരായി തെറ്റുകളിലേക്ക്‌ നീങ്ങുകയാണ്‌ പതിവ്‌. നിരന്തരമായ ബോധവത്‌കരണം കൊണ്ട്‌ മാത്രമേ ജനങ്ങള്‍ നന്മയുടെയും സത്യത്തിന്റെയും മൂല്യം മനസ്സിലാക്കി ജീവിതം സംശുദ്ധമാക്കാന്‍ പ്രേരിതരാവുകയുള്ളൂ. അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതും വിശ്വാസികളുടെ മേല്‍ പ്രബോധനബാധ്യത ചുമത്തിയതും മനുഷ്യരെ പിഴവുകളില്‍ നിന്നും പരാജയങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ വേണ്ടിയാകുന്നു.

തെറ്റ്‌ ചെയ്യാന്‍ ശക്തമായ പ്രേരണ ചെലുത്തുക എന്നതിനു പുറമെ തെറ്റു ചെയ്‌തുകഴിഞ്ഞാല്‍ സ്വന്തത്തെ തന്നെ കുറ്റപ്പെടുത്തുക അഥവാ കുറ്റബോധമുളവാക്കുക എന്നതും നഫ്‌സിന്റെ (മനസ്സിന്റെ) സ്വഭാവമാണെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ``ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളുകൊണ്ട്‌ ഞാനിതാ സത്യംചെയ്യുന്നു. കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു'' (വി.ഖു 75:1,2). ആസക്തി അനിയന്ത്രിതമാകുമ്പോള്‍ തെറ്റ്‌ അലംകൃതവും ആസ്വാദ്യവുമായി തോന്നുകയും അതിലേക്ക്‌ വഴുതിപ്പോവുകയും ചെയ്യുമെങ്കിലും പാപങ്ങളൊക്കെ മനുഷ്യപ്രകൃതിക്ക്‌ ദോഷം വരുത്തുന്നതായതിനാല്‍ മനസ്സിനുള്ളില്‍ നിന്ന്‌ തന്നെ കുറ്റബോധം ഉയര്‍ന്നുവരും. മതത്തെയും ധര്‍മത്തെയും തള്ളിപ്പറയുന്നവരുടെ മനസ്സുകളെപ്പോലും കടുത്ത കുറ്റബോധം അലട്ടാറുണ്ട്‌. ചെയ്‌തുപോയ തെറ്റിന്റെ പേരില്‍ നിര്‍വ്യാജം ഖേദിക്കുകയും ഇനിയത്‌ ആവര്‍ത്തിക്കുകയില്ലെന്ന്‌ ഉറച്ച തീരുമാനമെടുക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ്‌ കുറ്റബോധത്തിന്‌ അറുതിയാകുന്നത്‌.

മനസ്സിനെയും ആത്മാവിനെയും ശരീരത്തെയും സംവിധാനിച്ച രക്ഷിതാവിലുള്ള അചഞ്ചലമായ വിശ്വാസവും ധര്‍മനിഷ്‌ഠയും, ചെയ്‌തുപോയ തെറ്റുകളെ സംബന്ധിച്ച പശ്ചാത്താപവും ചേരുമ്പോള്‍ മനസ്സ്‌ കുറ്റബോധത്തില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും മുക്തമായി സമാധാനം കൈവരിക്കുന്നു. ``ശ്രദ്ധിക്കുക; അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മകൊണ്ടത്രെ ഹൃദയങ്ങള്‍ ശാന്തമായിത്തീരുന്നത്‌'' (വി.ഖു 13:28). ദൈവസ്‌മരണ കൊണ്ട്‌ പ്രശാന്തമായിത്തീരുന്ന `നഫ്‌സിനെ' അഭിസംബോധന ചെയ്‌ത്‌ അല്ലാഹു പറയുന്നു: ``സമാധാന നിര്‍ഭരമായ നഫ്‌സേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക്‌ സംതൃപ്‌തമായും സംപ്രീതമായും തിരിച്ചുപോവുക. എന്നിട്ട്‌ എന്റെ അടിയന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക'' (വി.ഖു 89:27-30). ഈ ലോകത്ത്‌ നിന്ന്‌ മടങ്ങിപ്പോകുമ്പോള്‍ സത്യവിശ്വാസിയുടെ മനസ്സ്‌ അല്ലാഹുവെക്കുറിച്ച്‌ സംതൃപ്‌തവും അവന്റെ പ്രീതിക്ക്‌ അര്‍ഹവുമായിരിക്കണം എന്നത്രെ ഇതിന്റെ താല്‌പര്യം.

ഉപര്യുക്ത സൂക്തങ്ങളില്‍ നഫ്‌സിന്‌, മനുഷ്യ മനസ്സിന്‌ അല്ലാഹു നല്‌കിയ വിശേഷണങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം. ഒന്ന്‌, `നഫ്‌സ്‌ അമ്മാറ: ബിസ്സൂഇ' (തിന്മകള്‍ക്ക്‌ ഏറെ പ്രേരിപ്പിക്കുന്ന മനസ്സ്‌). രണ്ട്‌, നഫ്‌സ്‌ ലവ്വാമ: (കുറ്റബോധമുളവാക്കുന്ന മനസ്സ്‌). മൂന്ന്‌, നഫ്‌സ്‌ മുത്വ്‌മ ഇന്ന: (പ്രശാന്തമായ മനസ്സ്‌). നാല്‌, നഫ്‌സ്‌ റാദ്വിയ: (സംതൃപ്‌തമായ മനസ്സ്‌). അഞ്ച്‌, നഫ്‌സ്‌ മര്‍ദ്വിയ്യ: (സംപ്രീതമായ അല്ലാഹുവിന്റെ പ്രീതിക്ക്‌ അര്‍ഹമായ മനസ്സ്‌)

0 comments:

Post a Comment