നാം വരുത്തുന്ന തെറ്റുകള്‍ അല്ലാഹുവിന്റെ വിധി നിമിത്തമോ ?
ചോദ്യം :

വിധിവിശ്വാസത്തെ സംബന്ധിച്ച ചില ധാരണകളാണ്‌ ഈ ചോദ്യത്തിനാധാരം. നന്മയും തിന്മയുമൊക്കെ അല്ലാഹുവില്‍ നിന്നുള്ളതാണെന്ന വിശ്വാസം ഈമാനിന്റെ ഭാഗമാണ്‌ എന്നാണല്ലോ. നാം സ്വയംകൃതാനര്‍ഥം കൊണ്ട്‌ വരുത്തിവെക്കുന്ന തെറ്റുകളൊക്കെ അല്ലാഹുവിന്റെ വിധികൊണ്ട്‌ സംഭവിക്കുന്നതാണെന്നുള്ളത്‌ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നുള്ള രക്ഷപ്പെടലല്ലേ? അല്ലാഹു ഖുര്‍ആനില്‍ പറയുന്നത്‌ തിന്മ അവനവന്റെ സൃഷ്‌ടിയും നന്മ അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതുമാണെന്നാണല്ലോ. മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതുകൊണ്ട്‌ കടലിലും കരയിലും നാശം എന്നതില്‍ നിന്നും തിന്മയുടെ ഭാഗധേയത്വം അല്ലാഹു ഏല്‍ക്കുന്നില്ല എന്നല്ലേ മനസ്സിലാകുന്നത്‌? കാര്യങ്ങളെല്ലാം അല്ലാഹു മുന്‍കൂട്ടി വിധിച്ചുവെച്ച്‌ അതിന്റെ കേവല നടത്തിപ്പ്‌ മാത്രമാണ്‌ ഇവിടെ അരങ്ങേറുന്നത്‌ എന്ന്‌ എങ്ങനെ വിശ്വസിക്കാനാകും? നമ്മുടെ പ്രാര്‍ഥനകളും സല്‍ക്കര്‍മങ്ങളും നേരത്തെ വിധിച്ചുവെച്ചിട്ടുള്ളതിനെ മറികടക്കാന്‍ പര്യാപ്‌തമാണെങ്കില്‍ നമ്മില്‍ പതിഞ്ഞുപോയ വിധിവിശ്വാസവുമായി അത്‌ എങ്ങനെ ഇണങ്ങും?

ഉത്തരം :

ഈ വിഷയത്തെ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യമായി അല്ലാഹുവിന്റെ അറിവ്‌ പരമവും പൂര്‍ണവും സാര്‍വത്രികവുമാണെന്ന യാഥാര്‍ഥ്യം മനസ്സില്‍ ഉറപ്പിക്കണം. ``അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ യാതൊന്നും അവര്‍ക്ക്‌ സൂക്ഷ്‌മമായി അറിയാന്‍ കഴിയില്ല.'' (വി.ഖു 2:255). ``ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ത്തന്നെയോ യാതൊരാപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിനു മുമ്പു തന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു''(വി.ഖു 57:22). ``അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത്‌ അവന്‍ അറിയുന്നു.

അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്‌തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല''(വി.ഖു 6:59). ``യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത്‌ തീര്‍ച്ചയായും ചെയ്യാം എന്ന്‌ നീ പറഞ്ഞുപോകരുത്‌. അല്ലാഹു ഉദ്ദേശിക്കുന്നെങ്കില്‍ ചെയ്യാമെന്നല്ലാതെ.''(വി.ഖു. 18:23,24)

എല്ലാ വസ്‌തുക്കളും അവയുടെ അവസ്ഥാന്തരങ്ങളും, എല്ലാ മനുഷ്യരും അവരുടെ ചിന്തകളും വാക്കുകളും വ്യവഹാരങ്ങളും അല്ലാഹുവിന്റെ അറിവും ഹിതവുമനുസരിച്ച്‌ മാത്രമാണ്‌ എന്നത്രെ മുകളില്‍ ഉദ്ധരിച്ചതുള്‍പ്പെടെ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഭൂമിയിലെ ഖലീഫയായി അല്ലാഹു നിശ്ചയിച്ച മനുഷ്യന്‌ സ്വതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവും സൗകര്യവും നല്‌കിയത്‌ അല്ലാഹു തന്നെയാണ്‌. ``ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല'' (വി.ഖു 81:29). പ്രപഞ്ചനാഥന്റെ ഹിതത്തിന്‌ വിധേയമാണ്‌ എന്നതുകൊണ്ട്‌ മനുഷ്യന്റെ സ്വാതന്ത്ര്യവും ഇച്ഛാശക്തിയും ഉദാത്തമല്ലാതാകുന്നില്ല. കമ്പ്യൂട്ടറിന്റെ (ഹാര്‍ഡ്‌വെയറിന്റെ) പരിമിതിക്ക്‌ വിധേയമായിട്ടാണെങ്കിലും സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയറും പ്രോഗ്രാമറും മറ്റും വിപുലമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടല്ലോ. തയ്യാറാക്കപ്പെട്ട കാന്‍വാസിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട്‌ തന്നെ കലാകാരന്മാര്‍ ഉദാത്തമായ കലാരൂപങ്ങള്‍ ആവിഷ്‌കരിക്കുന്നു.

``പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്‌ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്‌ടമുള്ളവര്‍ അവിശ്വസിക്കട്ടെ. തീര്‍ച്ചയായും നാം അക്രമികള്‍ക്ക്‌ നരകാഗ്നി ഒരുക്കിവെച്ചിട്ടുണ്ട്‌.'' (വി.ഖു 18:29). ``വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്റെ സ്വന്തം ഗുണത്തിനായി തന്നെയാണ്‌ അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്‌. വല്ലവനും പിഴച്ചുപോകുന്ന പക്ഷം തനിക്ക്‌ ദോഷത്തിന്നായി തന്നെയാണ്‌ അവന്‍ പിഴച്ചുപോകുന്നത്‌. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നതുവരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല'' (വി.ഖു 17:15). വിശ്വാസവും അവിശ്വാസവും സന്മാര്‍ഗവും ദുര്‍മാര്‍ഗവും സ്വീകരിക്കാന്‍ മനുഷ്യന്‌ പൂര്‍ണ സ്വാതന്ത്ര്യം നല്‌കപ്പെട്ടിട്ടുണ്ടെന്നും ആ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന്റെ അനിവാര്യ ഫലം അവനു അനുഭവവേദ്യമാകുമെന്നും ഉപര്യുക്ത സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു.

നാം എന്ത്‌ വിശ്വസിക്കണമെന്നും ഏത്‌ മാര്‍ഗം സ്വീകരിക്കണമെന്നും അല്ലാഹു മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ നമുക്കെങ്ങനെയാണ്‌ സ്വന്തം നിലയില്‍ സത്യമോ അസത്യമോ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടാവുക എന്ന ചോദ്യം എക്കാലത്തും ധാരാളം ആളുകള്‍ ഉന്നയിച്ചിട്ടുണ്ട്‌. പരമമായ ദിവ്യജ്ഞാനത്തിന്റെ മാനങ്ങളൊക്കെ പരിമിതമായ മനുഷ്യവിജ്ഞാനത്തിന്റെ മാപിനികള്‍ കൊണ്ട്‌ അളന്നു തിട്ടപ്പെടുത്താനുള്ള വ്യഗ്രതയാണ്‌ ആ ചോദ്യത്തിന്‌ നിദാനം. വിശുദ്ധ ഖുര്‍ആനില്‍ അതിനെ സംബന്ധിച്ച്‌ പരാമര്‍ശിച്ചിട്ടുള്ളത്‌ ഇപ്രകാരമാണ്‌: ``ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും; അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവോട്‌ ഇതര ദൈവങ്ങളെ) പങ്കുചേര്‍ക്കുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല എന്ന്‌. ഇതേപ്രകാരം അവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നതു വരെ നിഷേധിച്ചുകളയുകയുണ്ടായി.

പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക്‌ നിങ്ങള്‍ അതൊന്ന്‌ വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ്‌ നിങ്ങള്‍ പിന്തുടരുന്നത്‌. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.''(വി.ഖു 6:148)

`ഞാന്‍ ഇങ്ങനെയാകണമെന്നായിരിക്കും അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്‌. അതില്‍ മാറ്റം വരുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടു കാര്യമില്ലല്ലോ' എന്ന്‌ പറയുന്നവര്‍ ആരായാലും ഉറപ്പായ അറിവ്‌ കൂടാതെ ഊഹം പറയുക മാത്രമാണ്‌ അവര്‍ ചെയ്യുന്നത്‌. ഊഹത്തിന്റെ അടിസ്ഥാനത്തിലുള്ള അഭിപ്രായ പ്രകടനം ഒഴിവാക്കി, അല്ലാഹു അവന്റെ കാരുണ്യത്താല്‍ പ്രവാചകന്മാര്‍ മുഖേന, വേദഗ്രന്ഥങ്ങള്‍ മുഖേന നല്‌കിയ മാര്‍ഗദര്‍ശനത്തെ പിന്തുടരുകയാണ്‌ വിവേകമതികള്‍ ചെയ്യേണ്ടത്‌.

നന്മയും തിന്മയും അല്ലാഹുവില്‍ നിന്ന്‌ എന്നതിന്റെ അര്‍ഥം അല്ലാഹുവിന്റെ തീരുമാനങ്ങള്‍, വാക്കുകള്‍, പ്രവൃത്തികള്‍ എന്നിവയില്‍ കുറെ നല്ലതും കുറെ ചീത്തയുമാണ്‌ എന്നല്ല. അല്ലാഹു സൃഷ്‌ടിച്ചതെല്ലാം വിശിഷ്‌ടമാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (32:7) വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു വിധിച്ച കാര്യങ്ങളില്‍ ചിലത്‌ നമ്മെ അപേക്ഷിച്ച്‌ ഗുണകരവും ദോഷകരവും ആകാം എന്ന്‌ മാത്രം. അല്ലാഹുവിന്റെ അനുഗ്രഹമായ മഴ നല്ല കാര്യമാണ്‌ എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഒരു നാട്ടില്‍ ഒരു ദിവസം പെയ്യുന്ന മഴ തന്നെ കുറെ ആളുകള്‍ക്ക്‌ ഗുണകരമായി ഭവിക്കുമ്പോള്‍ ചിലര്‍ക്ക്‌ അതു മുഖേന ദോഷമോ നാശനഷ്‌ടങ്ങളോ സംഭവിക്കാം. ഇത്‌ രണ്ടും അല്ലാഹുവിന്റെ വിധി പ്രകാരം സംഭവിക്കുന്നതു തന്നെയാണ്‌. സ്വത്ത്‌, സൗന്ദര്യം, ആരോഗ്യം തുടങ്ങിയ പല കാര്യങ്ങളും ആളുകള്‍ക്ക്‌ ഗുണകരമായും ദോഷകരമായും ഭവിക്കാറുണ്ട്‌. മനുഷ്യരുടെ സ്വയംകൃത അനര്‍ഥങ്ങള്‍ക്ക്‌ അവര്‍ ഉത്തരവാദികളല്ലെന്ന്‌ ഇസ്‌ലാമിലെ വിധിവിശ്വാസത്തിന്‌ അര്‍ഥമില്ല.

``നിങ്ങള്‍ എവിടെയായാലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും. (നബിയേ), അവര്‍ക്ക്‌ വല്ല നേട്ടവും വന്നു കിട്ടിയാല്‍ അവര്‍ പറയും; ഇത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണെന്ന്‌. അവര്‍ക്ക്‌ വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും; ഇത്‌ നീ കാരണം ഉണ്ടായതാണെന്ന്‌. പറയുക: എല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. അപ്പോള്‍ ഈ ആളുകള്‍ക്കെന്ത്‌ പറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല. നന്മയായിട്ട്‌ നിനക്ക്‌ എന്തൊന്ന്‌ വന്നു കിട്ടിയാലും അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍ നിന്നു തന്നെ ഉണ്ടാകുന്നതാണ്‌.'' (വി.ഖു 4:78,79). എല്ലാം അല്ലാഹുവിങ്കല്‍ നിന്ന്‌ എന്നത്‌ യാഥാര്‍ഥ്യത്തിന്റെ ഒരു വശമാണ്‌. തിന്മയുണ്ടാകുന്നത്‌ മനുഷ്യന്റെ ഭാഗത്ത്‌ നിന്ന്‌ എന്നത്‌ മറ്റൊരു വശവും. പരമകാരുണികനായ അല്ലാഹുവിന്റെ വിധി മനുഷ്യരുടെ പ്രാര്‍ഥന സ്വീകരിക്കുന്നതിനോ അവരുടെ സല്‍കര്‍മങ്ങള്‍ക്ക്‌ പ്രതിഫലം നല്‌കുന്നതിനോ തടസ്സമാവുകയില്ല. അല്ലാഹുവിന്റെ വിധിയിലൂടെ അവന്റെ കാരുണ്യം നിറവേറുമെന്നാണ്‌ ന്യായമായി പ്രതീക്ഷിക്കാവുന്നത്‌.

കുടിവെള്ളം കുത്തകയാക്കാമോ ?
ചോദ്യം :

കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. കുടിവെള്ളത്തിനു വേണ്ടി തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പല ഭാഗത്തും നടന്നുകൊണ്ടിരിക്കുന്നു. കുടിവെള്ളം സുലഭമായി ലഭിക്കുന്ന ഭാഗത്തു നിന്നും കുടിവെള്ളത്തിന്‌ പ്രയാസം വരുന്ന ഭാഗത്തേക്ക്‌ എത്തിക്കുക എന്നത്‌ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്‌ അല്ലേ? ഒരു പ്രദേശത്ത്‌ ഉള്ള വെള്ളം ആ പ്രദേശത്തുകാര്‍ക്ക്‌ മാത്രം ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന വാദം ശരിയാണോ? വെള്ളം ഇല്ലാത്തവര്‍ക്ക്‌ എത്തിക്കുന്ന ശ്രമം തടയുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നത്‌ വിശ്വാസികള്‍ക്ക്‌ ചേര്‍ന്നതാണോ? വെള്ളം ഒരു സ്വകാര്യ സ്വത്താണോ?

ഉത്തരം :

മിച്ചമുള്ള വെള്ളം വില്‌ക്കാന്‍ പാടില്ലെന്ന്‌ നബി(സ) പറഞ്ഞതായി അബൂഹുറയ്‌റ(റ), ഇയാസുബ്‌നു അബ്‌ദ്‌, ജാബിര്‍(റ) എന്നിവരില്‍ നിന്ന്‌ പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. വെള്ളം, പുല്ല്‌, തീ എന്നിവയില്‍ ജനങ്ങള്‍ക്കെല്ലാം അവകാശമുണ്ടെന്ന്‌ നബി(സ) പറഞ്ഞതായി അഹ്‌മദ്‌, അബൂദാവൂദ്‌, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈന്തപ്പന നനയ്‌ക്കാന്‍ ഒരു ജലാശയത്തിലെ വെള്ളം ഉപയോഗപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ തര്‍ക്കമുണ്ടായപ്പോള്‍, മുകള്‍ ഭാഗത്തുള്ളവന്‍ ആദ്യം നനയ്‌ക്കുക. എന്നിട്ട്‌ വെള്ളം താഴ്‌ഭാഗത്തെ തോട്ടത്തിലേക്ക്‌ വിട്ടുകൊടുക്കുക. അവിടെ നനച്ചുകഴിഞ്ഞാല്‍ അതിന്‌ താഴെയുള്ള സ്ഥലത്തേക്ക്‌ വിട്ടുകൊടുക്കുക എന്ന്‌ നബി(സ) തീര്‍പ്പ്‌ കല്‌പിച്ചതായി ഉബാദ(റ)യില്‍ നിന്ന്‌ ഇബ്‌നുമാജ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

വെള്ളം വില്‌ക്കാന്‍ പാടില്ലെന്ന്‌ വിലക്കിയെങ്കിലും കിണറുകളുടെ ക്രയവിക്രയം നബി(സ) അനുവദിച്ചതായി പ്രബലമായ ഹദീസില്‍ കാണാം. വില കൊടുത്തു വാങ്ങിയ കിണറിന്മേല്‍ ഉടമസ്ഥനുള്ള അവകാശം അനിഷേധ്യമാണ്‌. എന്നാല്‍ അയാളുടെ ന്യായമായ ആവശ്യം കഴിച്ച്‌ മിച്ചമുള്ള വെള്ളം അടുത്തോ അകലെയോ ഉള്ള അത്യാവശ്യക്കാര്‍ ചോദിച്ചുവന്നാല്‍ അയാള്‍ നിഷേധിക്കാന്‍ പാടില്ല. നദികളോ തടാകങ്ങളോ ആര്‍ക്കും സ്വകാര്യസ്വത്താക്കാന്‍ പാടുള്ളതല്ല. മനുഷ്യര്‍ക്ക്‌ മൊത്തം അവകാശപ്പെട്ട ജലാശയങ്ങള്‍ വെള്ളക്കൊള്ള നടത്തുന്ന ഭീമന്മാര്‍ക്ക്‌ കുത്തകയാക്കാന്‍ അവസരം നല്‌കരുത്‌. രാഷ്‌ട്രങ്ങള്‍ തമ്മിലോ സംസ്ഥാനങ്ങള്‍ തമ്മിലോ ഉള്ള നദീജലത്തര്‍ക്കങ്ങള്‍ നബിചര്യയനുസരിച്ച്‌, ആദ്യം ഉയര്‍ന്ന ഭാഗത്തുള്ളവര്‍ക്ക്‌, പിന്നെ താഴ്‌ഭാഗത്തുള്ളവര്‍ക്ക്‌ എന്ന രീതിയില്‍ തീര്‍പ്പാക്കേണ്ടതാണ്‌. ശുദ്ധജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വെള്ളം മിച്ചമുള്ളവരെല്ലാം സഹജീവികളോടുള്ള ബാധ്യത നിറവേറ്റിയാലേ പ്രശ്‌നം പരിഹൃതമാകൂ. അയല്‍ക്കാരോടുള്ള കടമകള്‍ വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും ഊന്നിപ്പറഞ്ഞിട്ടുള്ളതിനാല്‍ മിച്ചമുള്ള വെള്ളത്തിന്റെ കാര്യത്തില്‍ അവര്‍ക്ക്‌ മുന്‍ഗണന നല്‌കുക തന്നെ വേണം. എന്നാല്‍ വെള്ളം ധൂര്‍ത്തടിക്കാന്‍ ആരെയും അനുവദിക്കരുത്‌.

നബി(സ) മരണസമയത്ത്‌ എന്താണ്‌ ചൊല്ലിയത്‌ ?
ചോദ്യം :

നബി(സ)ക്ക്‌ മരണം ആസന്നമായ സമയത്ത്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്നായിരുന്നോ ചൊല്ലിയത്‌. അതോ അതിന്‌ സമാനമായ മറ്റു വല്ല പദവുമായിരുന്നോ?

ഉത്തരം :

അല്ലാഹുവേ, ഉന്നതരായ കൂട്ടുകാരോടൊപ്പം ചേര്‍ക്കേണമേ എന്നായിരുന്നു നബി(സ)യുടെ അവസാനത്തെ പ്രാര്‍ഥനയെന്ന്‌ ബുഖാരിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത പ്രബലമായ ഹദീസുകളില്‍ കാണാം. സൂറത്തുന്നിസാഇലെ 69-ാം സൂക്തത്തില്‍ അല്ലാഹു പറഞ്ഞിട്ടുള്ള പ്രവാചകന്മാര്‍, സിദ്ദീഖുകള്‍, രക്തസാക്ഷികള്‍ തുടങ്ങിയ നല്ല കൂട്ടുകാരും ശ്രേഷ്‌ഠരായ മലക്കുകളുമാണ്‌ `ഉന്നതരായ കൂട്ടുകാര്‍' എന്ന വാക്കുകൊണ്ട്‌ നബി(സ) ഉദ്ദേശിച്ചതെന്നും ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌.

ഏക മഅ്‌മൂം ഇമാമിന്റെ ഏത്‌ ഭാഗത്ത്‌ ?
ചോദ്യം :

ഇബ്‌നുഅബ്ബാസ്‌(റ) പറഞ്ഞതായി ഉദ്ധരിച്ച ഒരു ഹദീസില്‍ അദ്ദേഹം നബി(സ)യുടെ കൂടെ നമസ്‌കരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വലത്തെ ചെവി പിടിച്ച്‌ വലതുഭാഗത്ത്‌ നിര്‍ത്തിയതായി പറയുന്നുണ്ട്‌. ഒരാള്‍ മാത്രമാണ്‌ ഇമാമിനെ തുടരുന്നതെങ്കില്‍ ഇമാമിന്റെ വലതുഭാഗത്താണല്ലോ മഅ്‌മൂം നില്‌ക്കേണ്ടത്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇമാമിന്റെ വലതുഭാഗത്ത്‌ തന്നെയാണ്‌ (ഒറ്റ സ്വഫ്‌ഫ്‌) മഅ്‌മൂം നില്‍ക്കാറുള്ളത്‌. രണ്ടാമത്‌ ഒരാള്‍ വന്നാല്‍ മഅ്‌മൂമിനെ തോണ്ടി പിന്നോട്ടുനിര്‍ത്തി തുടരുകയാണ്‌ ചെയ്യാറുള്ളത്‌. എന്നാല്‍ ``ഒരാള്‍ മാത്രമാണ്‌ ഇമാമിനെ തുടരുന്നതെങ്കില്‍ അയാള്‍ ഇമാമിന്റെ വലതുഭാഗത്ത്‌ അല്‌പം താഴെയായിട്ടാണ്‌ നില്‌ക്കേണ്ടത്‌. രണ്ടാമതൊരാള്‍ വന്നാല്‍ അയാള്‍ ഇമാമിന്റെ ഇടതുഭാഗത്ത്‌ നില്‌ക്കുകയും ശേഷം രണ്ട്‌ പേരുംകൂടി താഴോട്ട്‌ ഇറങ്ങിനില്‌ക്കുകയും ചെയ്യേണ്ടതാണ്‌'' (ഏക മഅ്‌മൂം നില്‌ക്കേണ്ടത്‌ എവിടെ ?, Saturday, 3 April 2010). ഇതില്‍ ഏതാണ്‌ സുന്നത്തുമായി കൂടുതല്‍ യോജിക്കുന്നത്‌. ഇത്‌ സംബന്ധമായി മറ്റു വല്ല ഹദീസും വന്നിട്ടുണ്ടോ? ഒരാള്‍ നമസ്‌കരിക്കുമ്പോള്‍ സുന്നത്തോ ഫര്‍ളോ എന്നൊന്നും അറിയാതെ തോണ്ടി തുടരുന്ന പതിവും കാണുന്നുണ്ട്‌. ഇതിന്‌ വല്ല തെളിവും ഉണ്ടോ ?

ഉത്തരം :

ഈ വിഷയകമായി ഇബ്‌നു അബ്ബാസ്‌, ജാബിര്‍, അനസ്‌(റ) എന്നിവരില്‍ നിന്ന്‌ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. എല്ലാ ഹദീസുകളിലും ഉള്ളത്‌ ഏക മഅ്‌മൂമിനെ നബി(സ) തന്റെ വലതുഭാഗത്തേക്ക്‌ മാറ്റിനിര്‍ത്തി എന്നാണ്‌. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ `ഫജഅലനീ അന്‍ യമീനിഹി' (എന്നെ അദ്ദേഹത്തിന്റെ വലതു ഭാഗത്തേക്കാക്കി) എന്നാണുള്ളത്‌. വലത്തെ ചെവി പിടിച്ചു എന്ന്‌ പറഞ്ഞിട്ടില്ല. ഈ ഹദീസിന്‌ ബുഖാരി നല്‌കിയ ശീര്‍ഷകത്തില്‍ `അവര്‍ (ഇമാമും മുഅ്‌മൂമും) രണ്ടു പേര്‍ മാത്രമാണെങ്കില്‍ ഇമാമിന്റെ നേര്‍ വലതുഭാഗത്ത്‌ ഇരുവരും തുല്യമായിട്ട്‌ നില്‌ക്കണം' എന്ന്‌ കാണാം. ഇത്‌ ഹദീസിന്റെ ഭാഗമല്ല; ഹദീസില്‍ നിന്ന്‌ അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനമാണ്‌. ആ നിഗമനം തെറ്റാണെന്ന്‌ പറയാന്‍ പ്രത്യേക കാരണമൊന്നും കാണുന്നില്ല. എന്നാലും, ഇമാമിനേക്കാള്‍ അല്‌പം പിന്നിലായി വലതുഭാഗത്ത്‌ നിര്‍ത്തിയാലും വലതുഭാഗത്തേക്ക്‌ മാറ്റി എന്ന്‌ പറയാന്‍ സാധ്യതയുണ്ട്‌ എന്ന കാര്യം വിസ്‌മരിക്കാവുന്നതല്ല.

ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഫത്‌ഹുല്‍ ബാരിയില്‍ ഇബ്‌നുഹജര്‍ അസ്‌ഖലാനി, `ഇരുവരും തുല്യമായിട്ട്‌' എന്ന്‌ ശീര്‍ഷകത്തില്‍ ബുഖാരി രേഖപ്പെടുത്തിയതിനെ സംബന്ധിച്ച്‌ ഇപ്രകാരം പരാമര്‍ശിച്ചിരിക്കുന്നു: ``മഅ്‌മൂം മുന്നോട്ടോ പിന്നോട്ടോ നീങ്ങരുത്‌ എന്നാണ്‌ അദ്ദേഹം (ബുഖാരി) ഉദ്ദേശിച്ചത്‌.

എന്നാല്‍ അദ്ദേഹം ഉദ്ധരിച്ച ഹദീസില്‍ നിന്ന്‌ ഈ ആശയം അദ്ദേഹം ഗ്രഹിച്ചതില്‍ `വിദൂരത'യുണ്ട്‌. നമ്മുടെ കൂട്ടുകാര്‍ (ശാഫിഈ മദ്‌ഹബുകാര്‍) പറഞ്ഞിട്ടുള്ളത്‌ മഅ്‌മൂം ഇമാമിനേക്കാള്‍ അല്‌പം പിന്നോട്ട്‌ നീങ്ങി നില്‌ക്കലാണ്‌ സുന്നത്ത്‌ എന്നത്രെ'' (ഫത്‌ഹുല്‍ബാരി 3:104) `വിദൂരതയുണ്ട്‌' എന്ന വാക്കു കൊണ്ട്‌ ഇബ്‌നുഹജര്‍ ഉദ്ദേശിച്ചത്‌, ഇമാമും മഅ്‌മൂമും ഒപ്പത്തിനൊപ്പം നില്‌ക്കണം എന്നത്‌ ഹദീസില്‍ നിന്ന്‌ ഖണ്ഡിതമായി തെളിയുന്നില്ല എന്നായിരിക്കാം. കേരളത്തില്‍ ശാഫിഈ മദ്‌ഹബിന്റെ സ്വാധീനം നിലനില്‌ക്കുന്നതാണ്‌ മഅ്‌മൂം അല്‌പം പിന്നോട്ട്‌ നീങ്ങുന്ന സമ്പ്രദായം നിലനില്‌ക്കുന്നതിന്‌ കാരണം. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിലവിലുള്ള രീതി തെറ്റാണെന്ന്‌ പറയാവുന്നതല്ല എന്ന്‌ തന്നെയാണ്‌ `മുസ്‌ലിം' കരുതുന്നത്‌.

ക്രിസ്‌തുവെയും മര്‍യമിനെയും സംബന്ധിച്ച്‌ മോശമായ പരാമര്‍ശമോ ?
ചോദ്യം :

ചില മുസ്‌ലിം പ്രബോധകന്മാരുടെ പുസ്‌തകങ്ങളില്‍ യേശുക്രിസ്‌തു, കന്യാമര്‍യം എന്നിവരെക്കുറിച്ച്‌ മോശപ്പെട്ട പരാമര്‍ശമുണ്ടെന്നും ഈ പരാമര്‍ശമാണ്‌ മുഹമ്മദ്‌ നബിയെക്കുറിച്ച്‌ ചില അധിക്ഷേപങ്ങള്‍ വരാന്‍ കാരണമെന്നും ക്രിസ്‌തീയ സുഹൃത്തുക്കളുടെ പക്ഷത്തു നിന്ന്‌ ഒരു പരാതി ചില പത്രങ്ങളില്‍ വായിക്കാന്‍ കഴിഞ്ഞു. യഥാര്‍ഥത്തില്‍ ഈസാനബി(അ), മര്‍യം ബീവി എന്നിവരെക്കുറിച്ച്‌ ഖുര്‍ആനില്‍ നല്ലതല്ലാത്ത പരാമര്‍ശങ്ങളുണ്ടോ?

ഉത്തരം :

അല്ലാഹുവിന്റെ ഏറ്റവും ശ്രേഷ്‌ഠരായ പ്രവാചകന്മാരിലൊരാളാണ്‌ ഈസാ അല്‍മസീഹ്‌(അ) അഥവാ യേശുക്രിസ്‌തു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ സിദ്ധിച്ച മഹതിയാണ്‌ അദ്ദേഹത്തിന്റെ മാതാവ്‌ മര്‍യം(റ). ഇവര്‍ ഇരുവരുടെയും മഹത്വം വ്യക്തമാക്കുന്ന അനേകം പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്‌. മര്‍യമി(റ)നോട്‌ അല്ലാഹുവിന്റെ മലക്കുകള്‍ അവന്റെ നിര്‍ദേശപ്രകാരം പറഞ്ഞ വാക്കുകള്‍ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം കാണാം: ``മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം: മര്‍യമേ അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക്‌ പരിശുദ്ധി നല്‌കുകയും, ലോകത്തുള്ള സ്‌ത്രീകളില്‍ ഉല്‍കൃഷ്‌ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്‌തിരിക്കുന്നു'' (വി.ഖു 3:42). അല്ലാഹു ഇത്രയും മഹത്വം നല്‌കിയ ആ മഹതിയെ സംബന്ധിച്ച്‌ മോശമായ യാതൊരു സംസാരവും യഥാര്‍ഥ മുസ്‌ലിംകളുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകാന്‍ പാടില്ല. ഇസ്‌ലാമിക പ്രബോധകരാകട്ടെ അല്ലാഹു ആദരിച്ചവരെ സംബന്ധിച്ച്‌ നല്ലത്‌ മാത്രം പറയാന്‍ പ്രത്യേകം ബാധ്യതയുള്ളവരാകുന്നു.

വിശുദ്ധ ഖുര്‍ആനിലെ 19-ാം അധ്യായത്തിന്റെ പേര്‍ `മര്‍യം' എന്നാണ്‌. ആ മഹതിയുടെ അസാധാരണ ഗര്‍ഭധാരണത്തെയും ഈസാനബി(അ)യുടെ ജനനത്തെയും സംബന്ധിച്ച്‌ ഈ അധ്യായത്തില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. പുരുഷസ്‌പര്‍ശം കൂടാതെ അല്ലാഹുവിന്റെ തീരുമാനപ്രകാരം മര്‍യം(റ) ഗര്‍ഭം ധരിച്ച്‌ പ്രസവിച്ച കാര്യം അംഗീകരിക്കാന്‍ വിസമ്മതിച്ചവരോട്‌ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞായിരിക്കെ ഈസാ(അ) സംസാരിച്ച കാര്യവും ഈ സൂക്തത്തില്‍ വിവരിച്ചിട്ടുണ്ട്‌.

ഇസ്‌റാഈല്യരിലേക്ക്‌ അദ്ദേഹത്തെ ദൈവദൂതനായി നിയോഗിക്കുകയും അദ്ദേഹം മുഖേന അനേകം അമാനുഷിക ദൃഷ്‌ടാന്തങ്ങള്‍ അല്ലാഹു വെളിപ്പെടുത്തുകയും ചെയ്‌ത കാര്യം ഖുര്‍ആനിലെ 3:49 സൂക്തത്തില്‍ വിവരിച്ചിട്ടുണ്ട്‌. 3:45 സൂക്തത്തില്‍ അദ്ദേഹത്ത വിശേഷിപ്പിച്ചിട്ടുള്ളത്‌ `ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനും എന്നാണ്‌. ഇങ്ങനെ അല്ലാഹു ഏറെ മഹത്വം നല്‌കിയ പ്രവാചക ശ്രേഷ്‌ഠന്‍ ഈസാ(യേശു)യെ സംബന്ധിച്ച്‌ ആക്ഷേപകരമായി സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്നവര്‍ക്ക്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല. അല്ലാഹു കാലാകാലങ്ങളില്‍ വിവിധ ജനവിഭാഗങ്ങളിലേക്ക്‌ നിയോഗിച്ച മുഴുവന്‍ പ്രവാചകന്മാരെയും ദൈവദൂതന്മാരെയും ആദരിക്കാന്‍ കടപ്പെട്ടവരാണ്‌ മുസ്‌ലിംകള്‍.

എന്നാല്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇസ്‌ലാമില്‍ ആദരവും ആരാധനയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്‌. ആരാധനയ്‌ക്ക്‌ അര്‍ഹന്‍ ലോകരക്ഷിതാവായ അല്ലാഹു മാത്രമാണ്‌. ആദം(അ) മുതല്‍ മുഹമ്മദ്‌(സ) വരെയുള്ള പ്രവാചകന്മാരെയോ മലക്കുകളെയോ പുണ്യവാന്മാരെയോ ആരാധിക്കാന്‍ പാടില്ല. അവരോട്‌ പ്രാര്‍ഥിക്കാനും പാടില്ല. ``എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം'' എന്ന്‌ തന്നെയാണ്‌ ഈസാനബി(അ) ഞങ്ങളോട്‌ ആഹ്വാനം ചെയ്‌തതെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 5:117 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്‌. യേശുക്രിസ്‌തുവിന്റെ അധ്യാപനങ്ങള്‍ക്ക്‌ വിരുദ്ധമായിട്ടാണ്‌ ക്രിസ്‌ത്യാനികളില്‍ ചിലര്‍ അദ്ദേഹത്തെയും മാതാവിനെയും ദൈവങ്ങളാക്കിയതെന്നാണ്‌ 5:116 സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത്‌. യേശുക്രിസ്‌തുവിനെ ദൈവമാക്കരുതെന്ന്‌ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്‌ അദ്ദേഹത്തോട്‌ ബഹുമാനക്കുറവുള്ളതുകൊണ്ടല്ല; പ്രപഞ്ചനാഥനായ അല്ലാഹുവിന്‌ മാത്രമേ ദിവ്യത്വം കല്‌പിക്കാന്‍ പാടുള്ളൂ എന്ന സത്യത്തിന്‌ അത്‌ വിരുദ്ധമായതുകൊണ്ടാണ്‌.

വിശുദ്ധ ഖുര്‍ആനില്‍ യഹൂദര്‍ക്കും ക്രൈസ്‌തവര്‍ക്കും സംഭവിച്ച ആദര്‍ശവ്യതിയാനത്തെ സംബന്ധിച്ച്‌ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഇസ്‌റാഈലീ സമൂഹത്തിലെ പ്രവാചകന്മാരെ സംബന്ധിച്ച്‌ അവരുടെ മഹത്വം തികച്ചും വ്യക്തമാക്കുന്ന പരാമര്‍ശങ്ങളാണുള്ളത്‌. മുഹമ്മദ്‌ നബി(സ)യെയും അനുചരന്മാരെയും ഉന്മൂലനം ചെയ്യാന്‍ യഹൂദര്‍ ഉപജാപം നടത്തിയ കാലഘട്ടത്തില്‍ അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍ പോലും യഹൂദര്‍ക്കിടയിലെ മൂസാ(മോശ), ദാവൂദ്‌ (ഡേവിഡ്‌), സുലൈമാന്‍ (സോളമന്‍) മുതലായ പ്രവാചകന്മാരെ സംബന്ധിച്ച്‌ മോശമായ യാതൊരു പരാമര്‍ശവും കാണാന്‍ കഴിയില്ല. ഏകദൈവത്വത്തില്‍ മായം ചേര്‍ത്തുകൊണ്ട്‌ ക്രൈസ്‌തവര്‍ ത്രിയേകത്വ ദൈവസങ്കല്‌പം ചമച്ചുണ്ടാക്കിയതിനെ ഖുര്‍ആനില്‍ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ഏതെങ്കിലും ക്രൈസ്‌തവ മതനേതാവിനെ വ്യക്തിപരമായി വിമര്‍ശിക്കുന്ന ഒരു വാക്കു പോലും ഖുര്‍ആനിലില്ല. മാത്രമല്ല, ക്രൈസ്‌തവരുടെ ചില സല്‍ഗുണങ്ങളെപ്പറ്റി ഖുര്‍ആനില്‍ (5:82, 57:27) പ്രതിപാദിച്ചിട്ടുമുണ്ട്‌.

വിശുദ്ധ ഖുര്‍ആനിന്റെ മൗലികതയത്രെ ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്‌. എന്നാല്‍ ഇതൊക്കെ കണ്ടില്ലെന്ന്‌ നടിച്ചുകൊണ്ട്‌ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും നീതിക്ക്‌ നിരക്കാത്ത ശത്രുത പുലര്‍ത്തുകയാണ്‌ ചില ക്രൈസ്‌തവ വിഭാഗങ്ങള്‍ ചെയ്യുന്നത്‌.

ആദര്‍ശ പ്രചാരണത്തിന്‌ ബൗദ്ധികശേഷി കുറഞ്ഞവര്‍ മതിയോ ?
ഇസ്‌ലാമിന്റെ സുവര്‍ണയുഗം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കാലഘട്ടത്തെ നൂറ്റാണ്ടുകള്‍ക്കു ശേഷവും ശ്രദ്ധേയമാക്കുന്നത്‌ പ്രഗത്ഭരായ ധാരാളം പണ്ഡിതന്മാരുടെ സാന്നിധ്യമാകുന്നു. അന്ന്‌ ബഗ്‌ദാദിലും കോര്‍ദോവയിലും കയ്‌റോയിലും സമര്‍ഖണ്ഡിലും മറ്റും വിവിധ വിജ്ഞാനശാഖകളില്‍ അഗാധമായ പാണ്ഡിത്യം നേടിയ അനേകം പേരുണ്ടായിരുന്നു.

ഇസ്‌ലാമിക വിജ്ഞാനം അനേകം ശാഖകളായി പടര്‍ന്നുപന്തലിച്ചത്‌ തന്നെ ആ കാലഘട്ടത്തിലാണ്‌. മതവിഷയങ്ങള്‍ക്ക്‌ പുറമെ അക്കാലത്ത്‌ അറിയപ്പെട്ടിരുന്ന എല്ലാ ശാസ്‌ത്രശാഖകളിലും ഭാഷാ വിജ്ഞാനീയങ്ങളിലും അവഗാഹം നേടിയവരെക്കൊണ്ട്‌ അന്നത്തെ മുസ്‌ലിം സമൂഹം ധന്യമായിരുന്നു. ഖലീഫമാരും മന്ത്രിമാരും മറ്റും ഉള്‍പ്പെട്ട `അഭിജാതവിഭാഗം' പോലും അന്ന്‌ വിപുലമായ തോതില്‍ മതവിജ്ഞാനം നേടുന്നതില്‍ തല്‍പരരായിരുന്നു. മക്കളെ മതപണ്ഡിതന്മാരാക്കുന്നതിലും അവര്‍ ദത്തശ്രദ്ധരായിരുന്നു. ജ്ഞാനികളെ മുസ്‌ലിം സമൂഹം മാനിച്ചിരുന്നുവെങ്കിലും സമ്പത്തോ സാമൂഹ്യപദവികളോ ലക്ഷ്യമാക്കിയല്ല അന്ന്‌ ആളുകള്‍ വിദ്യതേടിയിരുന്നത്‌. അറിവ്‌ നേടുന്നതിന്‌ ഇസ്‌ലാം ചെലുത്തുന്ന പ്രചോദനവും സ്വന്തം നിലയിലുള്ള ജിജ്ഞാസയുമാണ്‌ വൈജ്ഞാനിക പുരോഗതി കൈവരിക്കാന്‍ അവര്‍ക്ക്‌ പ്രേരകമായത്‌.

മലയാളി മുസ്‌ലിംകള്‍ മതപരമായ ഉപരിപഠനത്തില്‍ ഏറെ മുന്നിലായിരുന്നില്ലെങ്കിലും മക്കളെ മതപണ്ഡിതന്മാരാക്കാന്‍ സമ്പന്നരിലും ഇടത്തരക്കാരിലും ഒരു വിഭാഗം മുമ്പൊക്കെ താല്‌പര്യം കാണിച്ചിരുന്നു. മക്കള്‍ എല്ലാ നിലയിലും നല്ലവരായിത്തീരാനുള്ള ആഗ്രഹവും പണ്ഡിതന്മാര്‍ക്ക്‌ സമൂഹത്തിലുള്ള സ്ഥാനവും ഇതിനു പ്രേരകമായിരുന്നു. എന്നാല്‍ ഏതാനും പതിറ്റാണ്ടുകളായി ഈ സ്ഥിതിക്ക്‌ കാര്യമായ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്‌. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഏറ്റവും മികച്ച തൊഴില്‍ നേടുക എന്നതാണെന്ന ധാരണ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഏറെ സ്വാധീനിച്ചതോടെ മതവിജ്ഞാനത്തോടുണ്ടായിരുന്ന ആഭിമുഖ്യം തീരെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌.

ഉന്നതഭൗതിക വിദ്യാഭ്യാസത്തിന്‌ പല കാരണങ്ങളാല്‍ അവസരം ലഭിക്കാത്തവരാണ്‌ ഇപ്പോള്‍ അറബി-ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളില്‍ ഗണ്യമായ ഭാഗം. പല അറബിക്കോളെജുകളിലും പഠിതാക്കളില്‍ ഭൂരിപക്ഷം പെണ്‍കുട്ടികളാണ്‌. ഉയര്‍ന്ന ബൗദ്ധികശേഷിയുള്ളവര്‍ അപൂര്‍വമായേ മതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനെത്തുന്നുള്ളൂ എന്നത്‌ മതപ്രബോധന-മതാധ്യാപന മേഖലകളില്‍ പല അപര്യാപ്‌തതകള്‍ക്കും വഴിവെക്കുന്നു.

വിദ്യാസമ്പന്നര്‍ക്ക്‌ മതിപ്പുളവാകുംവിധം ഇസ്‌ലാമിക വിഷയങ്ങള്‍ വിശദീകരിക്കാന്‍ മതപണ്ഡിതന്മാര്‍ക്ക്‌ സാധിക്കാതിരുന്നാല്‍ പ്രബോധനത്തിന്റെ ഫലപ്രാപ്‌തിയെ അത്‌ പ്രതികൂലമായി ബാധിക്കും. ആവശ്യമായ ഇസ്‌ലാമികജ്ഞാനം നേടാന്‍ ഔപചാരിക മതവിദ്യാഭ്യാസം അനുപേക്ഷ്യമല്ലെന്നും, പ്രസിദ്ധീകരണങ്ങളില്‍ നിന്നും പ്രഭാഷണങ്ങളില്‍ നിന്നും മറ്റും കാലാകാലങ്ങളില്‍ മതപരമായ അറിവ്‌ നേടിക്കൊണ്ടിരിക്കാമെന്നും കരുതുന്ന പലരുമുണ്ട്‌. ഔപചാരിക ലൗകിക വിദ്യാഭ്യാസം അതിന്‌ ലഭിക്കുന്ന അവസരത്തില്‍ തന്നെ നേടിയാലേ യഥാസമയം തൊഴില്‍ നേടിയെടുക്കാന്‍ കഴിയുകയുള്ളൂ എന്ന ചിന്ത നിമിത്തം, മതബോധമുള്ള രക്ഷിതാക്കള്‍ പോലും മക്കളെ ഭൗതിക കോഴ്‌സുകള്‍ക്ക്‌ ചേര്‍ക്കുന്നു. മക്കളുടെ ഭാവി ഭദ്രമാക്കാനുള്ള അവരുടെ ആഗ്രഹം ആക്ഷേപിക്കപ്പെടേണ്ടതല്ല.

എന്നാല്‍ ഏത്‌ അറിവ്‌ നേടുന്നതിന്റെയും ആത്യന്തികലക്ഷ്യം ഐഹിക നേട്ടമാകാന്‍ പാടില്ലെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. ഔപചാരികമായോ അനൗപചാരികമായോ സമഗ്ര മതപരിജ്ഞാനം നേടുന്നതിലൂടെയാണ്‌ യഥാര്‍ഥ വിശ്വാസിയും ധര്‍മനിഷ്‌ഠയുള്ളവനുമായി ലക്ഷ്യബോധത്തോടെ ജീവിക്കാന്‍ പ്രചോദനം ലഭിക്കുക എന്ന യാഥാര്‍ഥ്യം പരലോകത്തിന്‌ മുന്‍ഗണന നല്‍കുന്ന രക്ഷിതാക്കളാരും വിസ്‌മരിക്കാന്‍ പാടില്ല.

പ്രഫസര്‍മാരും നിയമജ്ഞരും ഭിഷഗ്വരരും എന്‍ജിനീയര്‍മാരും ഉള്‍പ്പെടെ അഭ്യസ്‌തവിദ്യരായ ധാരാളം പേര്‍ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ഖുര്‍ആനും നബിചര്യയും പഠിച്ചുകൊണ്ടിരിക്കുന്നത്‌ പ്രസ്‌താവ്യമായ ഒരു വിഷയം തന്നെയാണ്‌. എന്നാല്‍ അങ്ങനെ പഠിക്കുന്നവരില്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഖുര്‍ആന്‍-ഹദീസ്‌ ക്ലാസുകളും ഖുത്വ്‌ബകളും നിര്‍വഹിക്കാന്‍ താല്‍പര്യം കാണിക്കുന്നുള്ളൂ. അഭ്യസ്‌തവിദ്യരില്‍ ഭൂരിപക്ഷത്തെ സംബന്ധിച്ചേടത്തോളം അവരുടെ അനൗപചാരിക മതവിദ്യാഭ്യാസത്തിന്റെ ഫലം സ്വജീവിതം സംശുദ്ധമാക്കുന്നതില്‍ ഒതുങ്ങുന്നു. നമ്മുടെ ഖത്വീബുമാരില്‍ ബഹുഭൂരിഭാഗം ഇപ്പോഴും അറബി-ഇസ്‌ലാമിക കലാലയങ്ങളില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കിയവര്‍ തന്നെയാകുന്നു. നമ്മുടെ സമൂഹത്തെ ഇസ്‌ലാമിക ആദര്‍ശത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ ഈ കലാലയങ്ങള്‍ വഹിക്കുന്ന നിര്‍ണായകമായ പങ്ക്‌ ഇതില്‍ നിന്ന്‌ വ്യക്തമാകുന്നു. അതുകൊണ്ടു തന്നെ ബുദ്ധിശക്തിയും അര്‍പ്പണബോധവുമുള്ള വിദ്യാര്‍ഥികള്‍ ഈ കലാലയങ്ങളിലേക്ക്‌ ആകൃഷ്‌ടരാകുന്നില്ലെങ്കില്‍ മുസ്‌ലിം സമൂഹത്തിന്‌ അത്‌ വലിയ നഷ്‌ടമായിരിക്കുകയും ചെയ്യും.

ഈ സാഹചര്യത്തില്‍ രണ്ട്‌ കാര്യങ്ങള്‍ ഇസ്‌ലാമികരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ സജീവമായി പരിഗണിക്കേണ്ടതുണ്ട്‌. (1) പ്ലസ്‌ടൂവിനും ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ഥികളെ അറബി-ഇസ്‌ലാമിക കലാലയങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്നതിന്‌ ആസൂത്രിത നടപടികള്‍ സ്വീകരിക്കുക. അറബി ബി എ, എം എ കോഴ്‌സുകളുടെ പാഠ്യപദ്ധതിയില്‍ മൗലികമായ പരിഷ്‌കരണം വരുത്തുക, ഈ കോഴ്‌സുകളില്‍ ചേരുന്ന മിടുക്കന്മാര്‍ക്ക്‌ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുക എന്നിങ്ങനെ പലതും ഇതിനുവേണ്ടിവരും. അറബിഭാഷയുടെ അത്യാധുനിക വികാസപരിണാമങ്ങള്‍ കണക്കിലെടുത്തു കൊണ്ടും, കമേഴ്‌സ്യല്‍ അറബിക്കിനും ഇന്‍ഡസ്‌ട്രിയല്‍ അറബിക്കിനും പ്രാധാന്യം നല്‍കിക്കൊണ്ടും ഐ ടിയുടെ സാധ്യതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്‌ പ്രസക്തമായിരിക്കും. പരിഷ്‌കരണത്തിന്റെ പ്രയോജനത്തെക്കുറിച്ച്‌ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവത്‌കരിക്കേണ്ടതും ആവശ്യമാകുന്നു.

(2) ഖുര്‍ആനും ഹദീസും ഇസ്‌ലാമിക വിഷയങ്ങളും പഠിപ്പിക്കാനുള്ള അനൗപചാരിക പാഠ്യപദ്ധതിയില്‍ പ്രസംഗത്തിനും ആശയാവിഷ്‌കരണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുക. ബൗദ്ധികമായി ഉന്നതനിലവാരമുള്ളവരെ വാഗ്‌മികളും എഴുത്തുകാരുമാക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ചിലപ്പോള്‍ ഏറെ ഫലദായകമാകാനിടയുണ്ട്‌. ആധുനിക യുഗത്തില്‍ ഇസ്‌ലാമിനെതിരില്‍ ഉയര്‍ത്തപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക്‌ ഫലപ്രദമായ മറുപടി നല്‍കാന്‍ ഇസ്‌ലാമിനെ യഥോചിതം പഠിച്ച അഭ്യസ്‌തവിദ്യര്‍ കൂടുതല്‍ കരുത്ത്‌ തെളിയിച്ചേക്കാം.

മതവിഷയങ്ങളിലും ലൗകിക വിഷയങ്ങളിലും ഒരുപോലെ അവഗാഹമുള്ളവരുടെ സേവനം ഇസ്‌ലാമിനുവേണ്ടി ആശയപ്രതിരോധം ഏര്‍പ്പെടുത്തുന്നതിനു മാത്രമല്ല, ആധുനിക നാഗരികതയെയും ശാസ്‌ത്രശാഖകളെയും സാങ്കേതിക വിദ്യകളെയും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂടെ വിലയിരുത്താനും വിമര്‍ശനവിധേയമാക്കാനും അനുപേക്ഷ്യമാകുന്നു. നാഗരികതയുടെ പല തലങ്ങളും കടുത്ത അപചയത്തിനും അപമാനവീകരണത്തിനും വിധേയമായിക്കൊണ്ടിരിക്കുകയും തിരുത്താനും ദിശാബോധം നല്‍കാനും പരിണതപ്രജ്ഞരായ ജ്ഞാനികള്‍ മുന്നോട്ടുവരാതിരിക്കുകയും ചെയ്യുമ്പോള്‍ മാനവപ്രകൃതിയെയും പ്രാപഞ്ചിക വ്യവസ്ഥയെയും സംബന്ധിച്ച സമ്യക്കായ ഇസ്‌ലാമികദര്‍ശനം തെളിച്ചത്തോടെ, ഔജ്ജ്വല്യത്തോടെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ ദീനും ദുന്‍യാവും മികവോടെ പഠിച്ചവര്‍ അര്‍പ്പണബോധത്തോടും സഹകരണത്തോടും കൂടെ പ്രവര്‍ത്തിക്കേണ്ടത്‌ അനിവാര്യമാകുന്നു. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം പാഠ്യപദ്ധതികള്‍ ക്രമീകരിക്കുന്നതും കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതും.

നബി ഖദീജയില്‍ നിന്ന്‌ സ്‌ത്രീധനം വാങ്ങിയോ ?
ചോദ്യം :

ഖദീജ(റ) ധനികയായ കച്ചവടക്കാരി ആയിരുന്നുവല്ലോ? നബി(സ) ഖദീജ(റ)യെ വിവാഹം ചെയ്‌തതിനു ശേഷം ഏറെ സുഖാഡംബരത്തിലായിരുന്നു ജീവിച്ചിരുന്നത്‌ എന്നും ഇതെല്ലാം നബി(സ)ക്ക്‌ സാധ്യമായത്‌ ഖദീജ(റ)യുടെ ധനം മുഖേനയാണ്‌ എന്നും ഒരു വാദം കേള്‍ക്കാനിടയായി. നബി(സ) സ്‌ത്രീധനത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നല്ലേ ഇതില്‍ നിന്നും മനസ്സിലാവുന്നത്‌? നബി(സ) സ്‌ത്രീധനം വാങ്ങിയിട്ടാണോ ഖദീജ(റ)യെ വിവാഹം ചെയ്‌തത്‌?

ഉത്തരം :

ഖദീജ(റ) മക്കയിലെ കുലീനതയുള്ള ഒരു കച്ചവടക്കാരിയും ധനികയുമായിരുന്നു. സിറിയയിലേക്ക്‌ കച്ചവടച്ചരക്കുകളുമായി ഒട്ടകക്കൂട്ടങ്ങളെ നയിക്കാനും അവിടെ നിന്ന്‌ സാധനങ്ങള്‍ വാങ്ങി മക്കയിലെത്തിക്കാനും പ്രാപ്‌തരായ പുരുഷന്മാരുമായി, ലാഭത്തിന്റെ നിശ്ചിത വിഹിതം അവര്‍ക്ക്‌ നല്‌കാം എന്ന വ്യവസ്ഥയില്‍ പങ്കുകച്ചവടക്കരാറില്‍ ഏര്‍പ്പെടുകയാണ്‌ ഖദീജ(റ) ചെയ്‌തിരുന്നത്‌. മൂലധനം ആ മഹതിയുടേതായിരുന്നു. മുഹമ്മദി(സ)ന്റെ സത്യസന്ധതയെയും വിശ്വസ്‌തതയെയും സ്വഭാവശുദ്ധിയെയും സംബന്ധിച്ച്‌ കേട്ട ഖദീജ(റ) അദ്ദേഹത്തോട്‌ തന്റെ ബിസിനസ്‌ നടത്തിപ്പുകാരനായി ശാമില്‍ (സിറിയയില്‍) പോകാന്‍ താല്‌പര്യമുണ്ടോ എന്ന്‌ ചോദിക്കുകയും, മറ്റു വ്യാപാര പങ്കാളികള്‍ക്ക്‌ നല്‌കുന്നതിനേക്കാള്‍ മെച്ചപ്പെട്ട ലാഭവിഹിതം അദ്ദേഹത്തിന്‌ നല്‌കാമെന്ന്‌ വാക്കുകൊടുക്കുകയും ചെയ്‌തു. ഈ ഓഫര്‍ സ്വീകരിച്ചുകൊണ്ട്‌ ഖദീജ(റ)യുടെ അടിമയായ മൈസറയോടൊപ്പമാണ്‌ മുഹമ്മദ്‌(സ) സിറിയയിലേക്കുള്ള ആദ്യത്തെ വ്യാപാരയാത്ര നടത്തിയത്‌.

ഈ വ്യാപാര പങ്കാളിത്തത്തിനിടയില്‍ അദ്ദേഹത്തിന്റെ സ്വഭാവവൈശിഷ്‌ട്യവും മഹദ്‌ഗുണങ്ങളും മനസ്സിലാക്കിയ ഖദീജ(റ) അദ്ദേഹത്തെ ജീവിതപങ്കാളിയായി സ്വീകരിക്കാന്‍ താല്‌പര്യം പ്രകടിപ്പിക്കുകയും അദ്ദേഹം ആ താല്‌പര്യം മാനിച്ച്‌ ആ മഹതിയെ വിവാഹം കഴിക്കുകയുമാണുണ്ടായത്‌. അദ്ദേഹം ഇരുപത്‌ ഒട്ടകങ്ങളെ മഹ്‌റായി നല്‌കിയെന്ന്‌ ഇബ്‌നുഹിശാം പറഞ്ഞതായി ഇബ്‌നുകഥീര്‍ അദ്ദേഹത്തിന്റെ അല്‍ബിദായ: വന്നിഹായ: എന്ന ചരിത്രഗ്രന്ഥത്തില്‍ (2:377) രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ അദ്ദേഹം ഖദീജ(റ)യില്‍ നിന്ന്‌ സ്‌ത്രീധനം വാങ്ങിയതായി ഹദീസ്‌-ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നില്ല. വിവാഹ ശേഷം അദ്ദേഹം ആഡംബരജീവിതം നയിച്ചിരുന്നു എന്നതിനും തെളിവൊന്നുമില്ല. വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ മഹ്‌ര്‍ നല്‌കണമെന്ന്‌ നബി(സ) കല്‌പിച്ചിരുന്നു എന്നതിന്‌ ഹദീസുകളില്‍ തെളിവുണ്ട്‌. എന്നാല്‍ സ്‌ത്രീധനം കൊടുക്കാനോ വാങ്ങാനോ അദ്ദേഹം പ്രേരിപ്പിച്ചതായി വിശ്വസനീയമായ യാതൊരു രേഖയിലുമില്ല.

ആഭരണത്തിന്റെ സകാത്ത്‌
ചോദ്യം :

എന്റെ ഭാര്യയുടെ ഉടമസ്ഥതയില്‍ 53.4 പവന്‍ സ്വാര്‍ണാഭരണമുണ്ട്‌. ഒരു വര്‍ഷം തികയുമ്പോള്‍ അതിന്റെ പൂര്‍ണമായ മൂല്യവില കണക്കാക്കി സകാത്ത്‌ കൊടുക്കേണ്ടതുണ്ടോ? സ്വര്‍ണാഭരണത്തിന്റെ നിസ്വാബ്‌ എത്രയാണ്‌? ആഭരണമായതിനാല്‍ ആവശ്യത്തിന്‌ അണിയാനുള്ളത്‌ മാറ്റിവെച്ച്‌ അവശേഷിക്കുന്ന അളവിന്‌ സകാത്ത്‌ നല്‌കിയാല്‍ മതി എന്ന അഭിപ്രായത്തിന്‌ തെളിവുണ്ടോ?

ഉത്തരം :

നബി(സ) അവിടുത്തെ പത്‌നി ആഇശ(റ)യുടെ കൈയിലണിഞ്ഞ വെള്ളിവളകള്‍ക്കും, മറ്റൊരു പത്‌നി ഉമ്മുസലമ(റ) കാലിലണിഞ്ഞ സ്വര്‍ണ പാദസരങ്ങള്‍ക്കും, ഒരു സ്വഹാബി വനിത കൈയിലണിഞ്ഞ സ്വര്‍ണവളകള്‍ക്കും സകാത്ത്‌ നല്‌കാന്‍ കല്‌പിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണാം. ശരീരത്തില്‍ അണിയുന്ന ആഭരണത്തിന്‌ സകാത്ത്‌ നല്‌കേണ്ടതില്ലെന്ന്‌ സൂചിപ്പിക്കുന്ന ഒരു ഹദീസുണ്ടെങ്കിലും ഉപര്യുക്ത ഹദീസുകളെ അപേക്ഷിച്ച്‌ അത്‌ പ്രബലമല്ല. എങ്കിലും പണ്ഡിതന്മാരില്‍ ഒരു വിഭാഗം, പതിവായി ഉപയോഗിക്കുന്ന ആഭരണത്തിന്‌ സകാത്ത്‌ നിര്‍ബന്ധമില്ലെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ആഭരണം, നാണയം, ലോഹം എന്നിങ്ങനെ ഏത്‌ രൂപത്തിലാണെങ്കിലും സ്വര്‍ണത്തിന്‌ സകാത്ത്‌ നിര്‍ബന്ധമാകുന്ന പരിധി നബി(സ) വ്യക്തമാക്കിയതനുസരിച്ച്‌ ഇരുപത്‌ ദീനാര്‍ (ഏകദേശം പത്തരപവന്‍) ആകുന്നു. അതിന്‌ (അല്ലെങ്കില്‍ അതിന്റെ മൂല്യത്തിന്‌) രണ്ടര ശതമാനമാണ്‌ സകാത്ത്‌. പരിധി എത്തിയാല്‍ മൊത്തം മൂല്യത്തിന്റെ രണ്ടര ശതമാനമാണ്‌ നല്‌കേണ്ടത്‌. പരിധിയില്‍ കൂടുതലുള്ളതിന്‌ മാത്രമല്ല. ഈ കാര്യം ഹദീസുകളില്‍ നിന്ന്‌ വ്യക്തമാണ്‌. പണ്ഡിതന്മാര്‍ക്ക്‌ അതില്‍ അഭിപ്രായവ്യത്യാസമില്ല. ``നിനക്ക്‌ ഇരുപത്‌ ദീനാര്‍ ഉണ്ടാവുകയും ഒരു കൊല്ലം പൂര്‍ത്തിയാവുകയും ചെയ്‌താല്‍ അതില്‍ അരദീനാറാണ്‌ സകാത്ത്‌'' എന്ന്‌ നബി(സ) പറഞ്ഞതായി അലി(റ)യില്‍ നിന്ന്‌ അബൂദാവൂദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നു.

ഇദ്ദയും വിവാഹമുക്തയുടെ വിധിയും
ചോദ്യം :

ഭര്‍ത്താവ്‌ മരണമടഞ്ഞ ഒരാളുടെ ഭാര്യയെ ഇദ്ദ കാലയളവില്‍ അന്യമതസ്ഥരായ സ്‌ത്രീകള്‍ക്ക്‌ കാണാന്‍ പാടില്ലേ? മകന്റെ ഭാര്യയെ ത്വലാഖ്‌ ചൊല്ലിക്കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ പിതാവിന്‌ അവള്‍ അന്യസ്‌ത്രീ തന്നെയല്ലേ? ത്വലാഖിനു ശേഷം മരുമകള്‍ ബന്ധം പാടുണ്ടോ?

ഉത്തരം :

ഭര്‍ത്താവ്‌ മരിച്ചതിന്റെ പേരില്‍ ദു:ഖമാചരിക്കുന്ന സ്‌ത്രീ കണ്ണില്‍ സുറുമയിടരുതെന്നും വര്‍ണഭംഗിയുള്ള വസ്‌ത്രം ധരിക്കരുതെന്നും ശരീരത്തില്‍ ചായം പൂശരുതെന്നും സുഗന്ധം പൂശരുതെന്നും നബി(സ) വിലക്കിയതായി പ്രബലമായ ഹദീസുകളില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. അന്യപുരുഷന്മാരെയോ അമുസ്‌ലിം സ്‌ത്രീകളെയോ കാണാന്‍ പാടില്ല എന്ന കര്‍ശനമായ വിലക്ക്‌ ഖുര്‍ആനിലോ പ്രബലമായ ഹദീസുകളിലോ കാണുന്നില്ല. എന്നാല്‍ 24:31 ഖുര്‍ആന്‍ സൂക്തത്തില്‍ അനുശാസിക്കുന്ന പെരുമാറ്റ-വസ്‌ത്രധാരണ മര്യാദകള്‍ ദു:ഖമാചരിക്കുന്ന സ്‌ത്രീകള്‍ നിര്‍ബന്ധമായി പാലിക്കേണ്ടതാണ്‌ എന്ന കാര്യത്തില്‍ സംശയത്തിന്നവകാശമില്ല. ഈ സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ മുസ്‌ലിം സ്‌ത്രീകള്‍ അമുസ്‌ലിം സ്‌ത്രീകളുടെ മുമ്പില്‍ ശിരോവസ്‌ത്രം ഉള്‍പ്പെടെയുള്ള മാന്യമായ വേഷം ധരിക്കണമെന്നത്രെ.

മകന്‍ വിവാഹമോചനം ചെയ്‌താല്‍ അമ്മോശന്‍-മരുമകള്‍ എന്ന ബന്ധം ഇല്ലാതാകും എന്ന കാര്യം ഉറപ്പാണല്ലോ. 24:31ല്‍ ഭര്‍തൃപിതാവിന്‌ മുമ്പില്‍ ഹിജാബ്‌ നിര്‍ബന്ധമല്ലെന്ന്‌ വ്യക്തമാക്കിയിട്ടുള്ളത്‌ മകനും മരുമകളും ദാമ്പത്യ ബന്ധം തുടരുന്ന കാലത്തേക്ക്‌ മാത്രമേ ബാധകമാവുകയുള്ളൂ. എന്നാല്‍ ഖുര്‍ആനില്‍ നിര്‍ദേശിച്ചപോലെ ത്വലാഖിനു ശേഷം ഇദ്ദ: കാലത്ത്‌, ഭര്‍ത്താവും ഭര്‍തൃപിതാവും താമസിക്കുന്ന വീട്ടില്‍ തന്നെയാണ്‌ മരുമകള്‍ താമസിക്കുന്നതെങ്കില്‍ ഹിജാബ്‌ കര്‍ശനമായി പാലിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വീക്ഷണവ്യത്യാസത്തിന്‌ സാധ്യതയുണ്ട്‌. പക്ഷെ, നമ്മുടെ നാട്ടില്‍ വിവാഹമുക്തയായ സ്‌ത്രീ ഇദ്ദ:കാലത്ത്‌ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്ന രീതി നിലവിലില്ലല്ലോ.

ഖുര്‍ആന്‍ ഓതുമ്പോള്‍ ഔറത്ത്‌ മറയ്‌ക്കല്‍ നിര്‍ബന്ധമാണോ ?
ചോദ്യം :

ഖുര്‍ആന്‍ പാരായണം നടത്തുമ്പോഴും മറ്റു പ്രാര്‍ഥനകള്‍ ചൊല്ലുമ്പോഴും സ്‌ത്രീകള്‍ തലയും ഔറത്തുഭാഗങ്ങളും മറയ്‌ക്കേണ്ടതുണ്ടോ?

ഉത്തരം :

ഖുര്‍ആനില്‍ നിന്നും പ്രബലമായ ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നതനുസരിച്ച്‌ നമസ്‌കാരവേളയിലും അന്യപുരുഷന്മാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോഴും മാത്രമേ സ്‌ത്രീകള്‍ മുഖവും കൈപ്പടങ്ങളും ഒഴിച്ച്‌ ശരീരം മുഴുവന്‍ മറയ്‌ക്കേണ്ടതുള്ളൂ. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം അന്യപുരുഷന്മാരുടെ മുമ്പാകെ പ്രത്യക്ഷപ്പെടുമ്പോള്‍ കണ്ണുകള്‍ ഒഴികെ ശരീരം മുഴുവന്‍ മറയ്‌ക്കണമെന്നാണ്‌. സ്‌ത്രീ മൊത്തമായി ഔറത്താണെന്ന്‌ അര്‍ഥമുള്ള ഒരു ഹദീസാണ്‌ ഈ വിഭാഗത്തിന്റെ തെളിവ്‌. 24:31 സൂക്തത്തില്‍ `അവരുടെ സൗന്ദര്യത്തില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴികെ' എന്ന്‌ പറഞ്ഞതിന്റെ വിവക്ഷ മുഖവും കൈപ്പടവും മറയ്‌ക്കേണ്ടതില്ലെന്നാണ്‌ എന്നത്രെ മറ്റു പണ്ഡിതന്മാരുടെ അഭിപ്രായം.

സ്വന്തം മുറിക്കുള്ളിലും സ്വകാര്യ സന്ദര്‍ഭങ്ങളിലുമെല്ലാം സ്‌ത്രീകളും പുരുഷന്മാരും നാണം മറയ്‌ക്കല്‍ നിര്‍ബന്ധമാണെന്നത്രെ പ്രബലമായ ഹദീസുകളുടെ അടിസ്ഥാനത്തില്‍ പ്രമുഖ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. വിസര്‍ജനവേള പോലെ നഗ്നത വെളിപ്പെടുത്തല്‍ അനിവാര്യമാകുന്ന സന്ദര്‍ഭങ്ങള്‍ മാത്രമാണ്‌ ഇതില്‍ നിന്ന്‌ ഒഴിവ്‌. അല്ലാഹു മാത്രം കാണുന്ന ഏകാന്തതയിലും നാണം മറയ്‌ക്കണമെന്ന കല്‌പന നിര്‍ബന്ധ സ്വരത്തിലല്ല; പ്രോത്സാഹനാര്‍ഥം മാത്രമാണെന്ന്‌ അഭിപ്രായപ്പെട്ട പണ്ഡിതന്മാരും ഉണ്ട്‌. ഖുര്‍ആന്‍ പാരായണത്തിന്‌ മാത്രമായി ഒരു ഔറത്ത്‌ ആയത്തുകളിലോ പ്രബലമായ ഹദീസുകളിലോ നിര്‍ണയിക്കപ്പെട്ടിട്ടില്ല. നമസ്‌കാരത്തിലും അന്യപുരുഷന്മാരുടെ മുമ്പിലും ഖുര്‍ആന്‍ ഓതുമ്പോള്‍ മുഖവും കൈപ്പടങ്ങളും ഒഴികെ ശരീരം മുഴുവന്‍ മറയ്‌ക്കണം. അല്ലാത്തപ്പോള്‍ നാണം മറച്ചുകൊണ്ട്‌ ഖുര്‍ആന്‍ ഓതുന്നതിന്‌ വിലക്കില്ല. നമസ്‌കാരമല്ലാത്ത പ്രാര്‍ഥനകളുടെ കാര്യവും ഇതുപോലെത്തന്നെ.

ലോട്ടറി സാമൂഹ്യ സന്തുലിതാവസ്ഥ തകര്‍ക്കുമെന്നോ?
ചോദ്യം :

വന്‍ വിജയമായി നടന്നുവരുന്ന ലോട്ടറി ബിസിനസ്സിനെതിരില്‍ ഇസ്‌ലാമിക മതവേദികളിലും മതലേഖനങ്ങളിലും ശബ്‌ദമുയരാറുണ്ട്‌. അത്‌ സമൂഹത്തിന്റെ സാമ്പത്തിക-സാമൂഹ്യ സന്തുലിതാവസ്ഥ തകര്‍ക്കുമെന്ന്‌ വിമര്‍ശനമുന്നയിക്കുന്നു. എന്നാല്‍ ഇത്തരം സംരംഭങ്ങള്‍ എങ്ങനെ സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കുമെന്ന്‌ ആരും വിശദീകരിച്ചുകണ്ടിട്ടില്ല.

തുച്ഛമായ പത്തോ ഇരുപതോ രൂപ മാത്രമാണ്‌ സാധാരണ ലോട്ടറി ടിക്കറ്റിന്റെ വില. നിരവധി ആളുകള്‍ നല്‌കുന്ന ഈ `സംഭാവന' കുറച്ചുപേര്‍ക്ക്‌ വലിയ തുകയായി കിട്ടുന്നു. ഇതൊരു വലിയ കാര്യമല്ലേ? വസ്‌ത്രം, ഭക്ഷണം, ചികിത്സ, നിത്യോപയോഗ ചെലവുകള്‍ തുടങ്ങിയ രംഗങ്ങളില്‍ അത്യാവശ്യത്തിന്‌ പുറമെ നാം ചെലവഴിക്കുന്ന സംഖ്യയുടെ ചെറിയൊരു ശതമാനം മാത്രമേ ഇതു വരികയുള്ളൂ. മാത്രമല്ല, അവസാന അക്കങ്ങള്‍ യോജിച്ചുവരുമ്പോള്‍ ലഭിക്കുന്ന 10,50,100,500,1000 രൂപ വിലയുള്ള ചെറിയ സമ്മാനങ്ങള്‍ ലക്ഷക്കണക്കിനാളുകള്‍ക്ക്‌ ലഭിക്കുന്നു. സമ്മാനങ്ങള്‍ ലഭിക്കാത്തവര്‍ക്ക്‌ വെറുമൊരു പ്രാതല്‍ ഭക്ഷണത്തിന്റെ വിലയേ നഷ്‌ടപ്പെടുന്നുള്ളൂ. ഇതെങ്ങനെ സാമൂഹ്യ സന്തുലിതാവസ്ഥ തകര്‍ക്കും ?

ലോട്ടറിയിലൂടെ സര്‍ക്കാറിന്‌ വന്‍ തുക ലഭിക്കുന്നുണ്ട്‌. ഈ സംഖ്യ അത്രയും പൊതുജന നന്മക്കാണ്‌ വിനിയോഗിക്കുന്നത്‌. കൂടാതെ വൈകല്യം സംഭവിച്ചവരുള്‍പ്പെടെ നിരവധി പേര്‍ക്ക്‌ ലോട്ടറി വ്യവസായം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നുമുണ്ട്‌. ഇതൊന്നും വക വെക്കാതെ ലോട്ടറിക്കെതിരെ ശബ്‌ദിക്കുന്നത്‌ ശരിയാണോ?

ഉത്തരം :

കുറെ ആളുകള്‍ക്ക്‌ പത്തോ ഇരുപതോ രൂപ വീതം നഷ്‌ടപ്പെടുകയും അതെല്ലാം കൂടി ഒരാളുടെ കൈയില്‍ എത്തിച്ചേരുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നത്‌ സാമ്പത്തിക സന്തുലിതത്വമല്ല എന്ന കാര്യം സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും ഗ്രഹിക്കാനാവുന്നതാണ്‌. തിന്മകള്‍ സമൂഹത്തില്‍ വ്യാപകമാകുന്നുകൊണ്ടോ അവയ്‌ക്ക്‌ ഭരണകൂടത്തിന്റെ പിന്തുണയുള്ളതുകൊണ്ടോ അവയെ ശരിവെക്കാന്‍ ധാര്‍മിക ബോധമുള്ള മതവിശ്വാസികള്‍ക്ക്‌ കഴിയില്ല.

ലോട്ടറി ടിക്കറ്റെടുക്കുന്നവരോ ചൂതാട്ടത്തിന്‌ പോകുന്നവരോ സാമൂഹ്യസേവനത്തിനു വേണ്ടി അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം ത്യജിക്കുകയല്ല ചെയ്യുന്നത്‌. അന്യരുടെ പണം അധാര്‍മികമായി കൈവശപ്പെടുത്താന്‍ വേണ്ടി ചൂണ്ടയിടുന്ന സ്വാര്‍ഥികളാണവര്‍. അന്യായമായ എല്ലാ സമ്പാദ്യവും ഇസ്‌ലാം നിഷിദ്ധമായി വിധിച്ചിട്ടുള്ളത്‌ മനുഷ്യരെ സ്വാര്‍ഥത്തില്‍ നിന്നും മറ്റു കളങ്കങ്ങളില്‍ നിന്നും മുക്തരാക്കാന്‍ വേണ്ടിയാകുന്നു.

കള്ളും ചാരായവും വിറ്റു കിട്ടുന്ന ലാഭം ഭരണകൂടം ജനസേവനത്തിനു വേണ്ടി വിനിയോഗിക്കുന്നു എന്നതുകൊണ്ട്‌ മദ്യപാനവും മദ്യവ്യാപാരവും മഹത്തായ സാമൂഹ്യ സേവനമാണെന്ന്‌ പറയാന്‍ മതവിശ്വാസികള്‍ക്ക്‌ പറ്റില്ല. കള്ളും ചാരായവും കൊണ്ട്‌ ആയിരക്കണക്കിലാളുകള്‍ക്ക്‌ ഉപജീവനമാര്‍ഗം ലഭിക്കുന്നു എന്നത്‌ ശരിയാണെങ്കിലും ദശലക്ഷങ്ങള്‍ കുടിച്ചു ജീവിതം തുലയ്‌ക്കുന്ന വിഷയമാണ്‌ ഗൗരവപൂര്‍വം പരിഗണിക്കേണ്ടത്‌. ലോട്ടറികൊണ്ട്‌ കുറേ പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുന്ന കാര്യം മദ്യവുമായി ബന്ധപ്പെട്ട തൊഴില്‍ സാധ്യതയേക്കാള്‍ മഹത്തരമൊന്നുമല്ല.

അന്വേഷണക്കമ്മീഷന്റെ ദൗത്യം നീതിനിഷേധത്തിന്റെ ശാശ്വതീകരണമോ ?
മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കും സിഖുകാര്‍ക്കുമെതിരില്‍ നടന്ന കൂട്ടക്കൊലകളും കൊടുംപീഡനങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ തീര്‍ത്താല്‍ തീരാത്ത കളങ്കങ്ങളത്രെ. സംഘപരിവാര്‍ ഒഴികെയുള്ള രാഷ്ട്രീയകക്ഷികളൊക്കെ ചിലപ്പോള്‍ ഈ യാഥാര്‍ഥ്യം തുറന്നുപറഞ്ഞിട്ടുമുണ്ട്‌. കൂട്ടക്കൊലകളിലും കലാപങ്ങളിലും അവര്‍ണനീയമായ കഷ്‌ടനഷ്‌ടങ്ങള്‍ നേരിട്ടവര്‍ക്ക്‌ നീതി ലഭിക്കേണ്ടതിന്റെ ആവശ്യകത തത്വത്തില്‍ അംഗീകരിക്കുന്നവരാണ്‌ ഭരണം കയ്യാളുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരുമായ പ്രമുഖ രാഷ്‌ട്രീയ കക്ഷികള്‍. പക്ഷെ, വളരെ വിരളമായി മാത്രമേ ഇരകള്‍ക്ക്‌ നീതി ലഭിക്കാറുള്ളൂ. അതിന്‌ കാരണങ്ങള്‍ പലതാണ്‌.

ഇരകള്‍ക്ക്‌ നീതി ഉറപ്പാക്കാന്‍ മുന്‍കയ്യെടുക്കേണ്ട ഭരണകക്ഷികളുടെ നിസ്സംഗതയും അനാസ്ഥയുമാണ്‌ ഒരു പ്രധാന കാരണം. ഇരകളുടെ പുനരധിവാസത്തിനും നഷ്‌ടപരിഹാരത്തിനും താല്‌പര്യം കാണിച്ചാല്‍ അത്‌ ന്യൂനപക്ഷപ്രീണനമായി മുദ്രയടിക്കപ്പെടുമെന്ന്‌ മതേതരകക്ഷികളുടെ തലപ്പത്തുള്ളവര്‍ പോലും ഭയപ്പെടുന്നതായി തോന്നുന്നു. ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കേണ്ട ഉദ്യോഗസ്ഥരില്‍ പലരും വര്‍ഗീയമായി ചിന്തിക്കുന്നവരോ, ന്യൂനപക്ഷങ്ങള്‍ക്കെതിരില്‍ മുന്‍വിധി വെച്ചു പുലര്‍ത്തുന്നവരോ ആണെന്നതാണ്‌ മറ്റൊരു കാരണം. പോലീസുകാരില്‍ പലരും മനസ്സില്‍ ന്യൂനപക്ഷവിരോധം വെച്ചുപുലര്‍ത്തുന്നവരായതിനാല്‍ കുറ്റാന്വേഷണം, എഫ്‌ ഐ ആര്‍ തയ്യാറാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉഴപ്പല്‍ വ്യാപകമായതാണ്‌ മറ്റൊരു കാരണം. പ്രശ്‌നങ്ങള്‍ ജുഡീഷ്യല്‍ കമ്മീഷനുകളുടെ അന്വേഷണ പരിധിയിലായിരിക്കുകയും അന്വേഷണം ഇഴഞ്ഞുനീങ്ങുകയും ചെയ്യുന്നതാണ്‌ മറ്റൊരു കാരണം. പീഡിതര്‍ നീതിക്ക്‌ വേണ്ടി എത്ര മുറവിളി കൂട്ടിയാലും, നടപടികള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ വിന്നിട്ടാകാം എന്ന ഒഴികഴിവുകൊണ്ട്‌ ഓട്ടയടയ്‌ക്കാന്‍ ഭരണകൂടങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സൗകര്യം ലഭിക്കുന്നു.

അന്വേഷണക്കമ്മീഷനുകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കപ്പെട്ടിട്ടുണ്ട്‌. ഭരണകൂടം വിഷയം ഗൗരവപൂര്‍വം പരിഗണിച്ചിട്ടുണ്ട്‌ എന്നതിന്റെ തെളിവെന്നോണമാണ്‌ ജുഡീഷ്യല്‍ അന്വേഷണം വിലയിരുത്തപ്പെടാറുള്ളത്‌. പീഡിത ജനവിഭാഗങ്ങള്‍ എക്കാലത്തും കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക്‌ വേണ്ടി ആകാംക്ഷയോടെ കാത്തിരുന്നിട്ടുമുണ്ട്‌. പക്ഷെ, നീതി നിഷേധത്തെ ശാശ്വതീകരിക്കാനുള്ള ഉപകരണങ്ങളായി അന്വേഷണക്കമ്മീഷനുകള്‍ പരിണമിക്കുന്ന ദുര്‍ഗതിയാണ്‌ ഇതപ്പര്യന്തം ഉണ്ടായിട്ടുള്ളത്‌. ചില അന്വേഷണക്കമ്മീഷനുകളുടെ പ്രവര്‍ത്തനം പതിറ്റാണ്ടുകളോളം വൈകി. നീതിനിര്‍വഹണം ഏറെ വൈകുന്നത്‌ നീതിനിഷേധത്തിന്‌ തുല്യമാണെന്ന യാഥാര്‍ഥ്യം അറിയാത്തവരല്ല അന്വേഷണച്ചുമതല ഏല്‌പിക്കപ്പെടുന്ന ന്യായാധിപന്മാര്‍. ഏറെക്കാലത്തെ അന്വേഷണത്തിനുശേഷം സമര്‍പ്പിക്കപ്പെടുന്ന റിപ്പോര്‍ട്ടുകളാകട്ടെ ലോകസഭയുടെയോ നിയമസഭയുടെയോ ഷെല്‍ഫുകളില്‍ അന്ത്യവിശ്രമം കൊള്ളുന്നു. കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കി ഇരകള്‍ക്ക്‌ ആശ്വാസം നല്‌കുക എന്നത്‌ സംഭവിക്കുന്നേയില്ല.

പീഡിതരുടെ രോഷം കുറേക്കാലത്തേക്ക്‌ തണുപ്പിക്കാനുള്ള ഒരു തന്ത്രം എന്നതില്‍ കവിഞ്ഞ്‌ യാതൊരു ഫലവും ഉളവാക്കാത്ത അന്വേഷണക്കമ്മീഷനുകള്‍ക്ക്‌ വേണ്ടി ദശകോടിക്കണക്കില്‍ രൂപയാണ്‌ പൊതുഖജനാവില്‍ നിന്ന്‌ വിനിയോഗിക്കപ്പെടുന്നത്‌. ഇതൊക്കെ ഇങ്ങനെത്തന്നെ നടക്കാനുള്ളതാണ്‌ എന്ന ഭാവത്തിലാണ്‌ ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികള്‍.

ഇന്ത്യന്‍ മുസ്‌ലിംകളെ മൊത്തത്തില്‍ തന്നെ ഏറെ നോവിക്കുകയും മതേതരജനാധിപത്യത്തിന്‌ ഏറ്റവും വലിയ ക്ഷതമേല്‌പ്പിക്കുകയും ചെയ്‌ത കൊടുംകുറ്റകൃത്യമാണ്‌ ബാബറിധ്വംസനം. സംഘപരിവാര്‍ നേതാക്കളുടെ നിരന്തരമായ പ്രേരണകൊണ്ട്‌ ആയിരക്കണക്കില്‍ കര്‍സേവകര്‍ ചേര്‍ന്ന്‌ ബാബരി മസ്‌ജിദിന്റെ താഴികക്കുടങ്ങള്‍ ഓരോന്നായി തകര്‍ത്ത സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൊക്കെ തെളിഞ്ഞുകണ്ടതാണ്‌. പകല്‍ വെളിച്ചത്തില്‍ ക്യാമറകള്‍ക്കു മുമ്പില്‍ നടന്ന ആ നശീകരണത്തെ സംബന്ധിച്ച്‌ നിയമാനുസൃതമായ അന്വേഷണം നടത്തി വസ്‌തുനിഷ്‌ഠമായ ഒരു റിപ്പേര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ മതിയാകുമായിരുന്നു. എന്നാല്‍ ബാബരി ധ്വംസനത്തിന്റെ അന്വേഷണച്ചുമതല ഏല്‌പിക്കപ്പെട്ട ലിബര്‍ഹാന്‍ കമ്മീഷന്‍ പതിനേഴ്‌ വര്‍ഷം കഴിഞ്ഞിട്ടാണ്‌ കേന്ദ്ര സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. അതിനകം എട്ട്‌ കോടി രൂപ കമ്മീഷന്റെ പ്രവര്‍ത്തനത്തിനു വേണ്ടി ചെലവായിക്കഴിഞ്ഞിരുന്നു. അദ്വാനിയുള്‍പ്പെടെയുള്ള സംഘ്‌പരിവാര്‍ നേതാക്കള്‍ക്ക്‌ ബാബരി ധ്വംസനത്തിലുള്ള പങ്ക്‌ ലിബര്‍ഹാന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും കുറ്റവാളികള്‍ക്കെതിരില്‍ ഇതപ്പര്യന്തം യാതൊരു നടപടിയും ഉണ്ടായില്ല. ഇനി ഉണ്ടാകാനുള്ള സാധ്യതയും കാണുന്നില്ല.

മതനിരപേക്ഷതയോട്‌ പ്രതിബദ്ധതയുള്ള പാര്‍ലമെന്റംഗങ്ങള്‍, വിശിഷ്യാ മുസ്‌ലിം മെമ്പര്‍മാര്‍ കാര്യമായ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ എന്തെങ്കിലും നടപടികളെടുക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമാകുമായിരുന്നു. പക്ഷെ, ആരുടെ പ്രതിബദ്ധതയും പ്രകടമായി കണ്ടില്ല.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ മുസ്‌ലിം കൂട്ടക്കൊലയാണ്‌ 2002ല്‍ ഗുജറാത്തില്‍ നടന്നത്‌. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഒത്താശയോടെയാണ്‌ അവിടെ രണ്ടായിരത്തോളം മുസ്‌ലിംകള്‍ കൊന്നൊടുക്കപ്പെട്ടതെന്ന കാര്യം ഇന്ത്യയിലെ നിഷ്‌പക്ഷ മാധ്യമങ്ങള്‍ തെളിവുകളുടെ പിന്‍ബലത്തോടെ വ്യക്തമാക്കിയിട്ടുള്ളതാണ്‌. എന്നാല്‍ ഗുജറാത്ത്‌ കലാപം സംബന്ധിച്ച്‌ അന്വേഷിക്കാന്‍ നിയുക്തമായ നാനാവതി കമ്മീഷന്‍ ആറു വര്‍ഷം അന്വേഷണം നടത്തിയിട്ട്‌ 2008ല്‍ സമര്‍പ്പിച്ച പ്രഥമ റിപ്പോര്‍ട്ടില്‍ നരേന്ദ്രമോഡിയെ തികച്ചും ആക്ഷേപമുക്തനാക്കുകയാണ്‌ ചെയ്‌തത്‌.

ടീസ്റ്റാ സെതല്‍വാദ്‌ എന്ന മുട്ടുമടക്കാത്ത മനുഷ്യാവകാശ പ്രവര്‍ത്തകയും അഹമ്മദാബാദില്‍ കാപാലികര്‍ കൊന്നുകളഞ്ഞ കോണ്‍ഗ്രസ്‌ എം പി ഇഹ്‌സാന്‍ ജാഫരിയുടെ ഭാര്യ സകിയയും ഉള്‍പ്പെട്ട, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള സമിതി കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി നിരന്തരം പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ്‌ ഗുജറാത്ത്‌ കൂട്ടക്കൊലക്കേസുകളില്‍ ചിലതിന്റെ പുനരന്വേഷണത്തിന്‌ സുപ്രീംകോടതി ഉത്തരവിട്ടത്‌. ചില മന്ത്രിമാരും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌ ഒരുപക്ഷെ വര്‍ഗീയ കൂട്ടക്കൊലകളുടെ ചരിത്രത്തില്‍ ആദ്യമായിരിക്കും. സുപ്രീംകോടതി പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ചതും ആ സംഘം നരേന്ദ്രമോഡിയെ മണിക്കൂറുകളോളം വിചാരണ ചെയ്‌തതുമൊക്കെ ടീസ്റ്റയും കൂട്ടുകാരും നടത്തിയ `നിയമയുദ്ധ'ങ്ങളുടെ ഫലം തന്നെ. പക്ഷെ, മോഡിക്കെതിരില്‍ ഒരു എഫ്‌ ഐ ആര്‍ തയ്യാറാക്കുന്നേടത്ത്‌ പോലും നടപടികള്‍ എത്തിയിട്ടില്ലാത്ത സ്ഥിതിക്ക്‌ ആ മുരത്ത വര്‍ഗീയവാദി ചോദ്യം ചെയ്യപ്പെട്ടതില്‍ സംതൃപ്‌തിയടയാന്‍ മാത്രമേ തല്‌ക്കാലം ടീസ്റ്റയ്‌ക്കും സകിയയ്‌ക്കും മറ്റും കഴിയൂ. ജുഡീഷ്യല്‍ കമ്മീഷനുകള്‍ കൊണ്ട്‌ ഒരിക്കലും നടക്കാത്ത നീതി നിര്‍വഹണത്തിലേക്കുള്ള ശക്തമായ നീക്കങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കടുംപിടുത്തം നിമിത്തം നടന്നുവെന്നത്‌ എന്തായാലും നിസ്സാര കാര്യമല്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മാധ്യമങ്ങളില്‍ ഏറെ ഇടം കണ്ടെത്തിയ ഒരു അന്വേഷണക്കമ്മീഷനാണ്‌ ശ്രീകൃഷ്‌ണാ കമ്മീഷന്‍. ബാബറി ധ്വംസനത്തിനെതിരില്‍ പ്രതിഷേധ പ്രകടനം നടത്തിയ മുസ്‌ലിംകളെ ശിവസേനക്കാരും വര്‍ഗീയവാദികളായ ചില പൊലീസ്‌ ഉദ്യോഗസ്ഥരും കൂടി വേട്ടയാടിയ മുംബൈ കലാപം എന്ന്‌ പറയപ്പെടുന്ന സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ 1993ല്‍ മഹാരാഷ്‌ട്രയിലെ ശരദ്‌ പവാര്‍ സര്‍ക്കാരാണ്‌ ഈ കമ്മീഷനെ നിയോഗിച്ചത്‌. അഞ്ച്‌ വര്‍ഷം കഴിഞ്ഞ്‌ 1998 ല്‍ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച ശ്രീകൃഷ്‌ണ കമ്മീഷന്‍ ശിവസേന നേതാക്കള്‍ക്കും ചില പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കും മുസ്‌ലിംകളെ കൊന്നൊടുക്കിയതിലുള്ള പങ്ക്‌ തുറന്നുകാണിച്ചിരുന്നു. പക്ഷെ, അതിനുശേഷം മഹാരാഷ്‌ട്രയില്‍ മാറിമാറി വന്ന സര്‍ക്കാരുകളൊന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ക്കെതിരില്‍ നടപടിയെടുക്കുകയുണ്ടായില്ല. അവിടെ വര്‍ഗീയ രാഷ്‌ട്രീയക്കാരെ എപ്പോഴും വിമര്‍ശിച്ചുകൊണ്ടിരുന്നവര്‍ അധികാരത്തിലിരുന്നപ്പോഴും കുറ്റവാളികള്‍ സൈ്വരവിഹാരം നടത്തുക തന്നെയായിരുന്നു. മുംബൈയില്‍ ഒരു മസ്‌ജിദില്‍ നമസ്‌കരിച്ചുകൊണ്ടിരുന്ന മുസ്‌ലിംകള്‍ക്കു നേരെ യാതൊരു പ്രകോപനവും കൂടാതെ വെടിയുതിര്‍ത്ത്‌ ആറു പേരെ കൊല്ലുകയും അനേകം പേര്‍ക്ക്‌ പരിക്കേല്‌പിക്കുകയും ചെയ്‌ത രണ്ടു പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരില്‍ 2010 മാര്‍ച്ചില്‍ സുപ്രീംകോടതിയാണ്‌ ചില നടപടികള്‍ കൈക്കൊണ്ടത്‌.

ഇതിന്‌ മുമ്പും അനേകം അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ കേവലം പാഴ്‌കടലാസുകളായി മാറിയിട്ടുണ്ട്‌. അടിയന്തിരാവസ്ഥ കാലത്തെ അകൃത്യങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ മൊറാര്‍ജി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഷാ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ദിരാഗാന്ധിയുടെയും മകന്‍ സഞ്‌ജയ്‌ ഗാന്ധിയുടെയും മേല്‍ കുറ്റം ചുമത്തുന്ന റിപ്പോര്‍ട്ട്‌ 1978ല്‍ സമര്‍പ്പിച്ചുവെങ്കിലും പിന്നീട്‌ വന്ന ചരണ്‍സിംഗ്‌ സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ കുറ്റമാരോപിക്കപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ താല്‌പര്യം കാണിക്കുകയുണ്ടായില്ല. 1980ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയതോടെ ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടു. ഇന്ദിരാവധത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ തുടര്‍ന്നു വന്ന രാജീവ്‌ സര്‍ക്കാര്‍ നിയോഗിച്ച താക്കര്‍ കമ്മീഷന്‍, ഇന്ദിരാവധത്തെ തുടര്‍ന്ന്‌ നടന്ന സിക്ക്‌ വിരുദ്ധ കലാപത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ രാജീവ്‌ ഗാന്ധി തന്നെ നിയോഗിച്ച രംഗനാഥ മിശ്ര കമ്മീഷന്‍ എന്നിവയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും നടപടികളൊന്നും ഉണ്ടായില്ല. ഓരോ കാലത്തും ഭരിക്കുന്നവര്‍ക്ക്‌ കമ്മീഷന്‍ നിയമനങ്ങള്‍ കൊണ്ട്‌ ചില പ്രയോജനങ്ങളുണ്ടാകാറുണ്ടെങ്കിലും അവ പീഡിത ജനവിഭാങ്ങള്‍ക്ക്‌ വ്യാമോഹങ്ങള്‍ മാത്രം അവശേഷിപ്പിച്ചുകൊണ്ട്‌ നീതി നിഷേധത്തെ ശാശ്വതീകരിക്കാനുള്ള ഉപകരണമായി പരിണമിക്കുന്ന കാഴ്‌ചയാണ്‌ നാം ഇതപ്പര്യന്തം കണ്ടത്‌. കോടികള്‍ ചെലവഴിച്ച്‌ നടത്തുന്ന കമ്മീഷന്‍ കോപ്രായം ജനാധിപത്യത്തിന്‌ അപമാനമാണെന്ന യാഥാര്‍ഥ്യം രാഷ്‌ട്ര സാരഥികള്‍ ഒന്നുകില്‍ തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ തിരിച്ചറിയാത്ത ഭാവം നടിക്കുകയാണ്‌.