അന്വേഷണക്കമ്മീഷന്റെ ദൗത്യം നീതിനിഷേധത്തിന്റെ ശാശ്വതീകരണമോ ?
മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കും സിഖുകാര്‍ക്കുമെതിരില്‍ നടന്ന കൂട്ടക്കൊലകളും കൊടുംപീഡനങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ തീര്‍ത്താല്‍ തീരാത്ത കളങ്കങ്ങളത്രെ. സംഘപരിവാര്‍ ഒഴികെയുള്ള രാഷ്ട്രീയകക്ഷികളൊക്കെ ചിലപ്പോള്‍ ഈ യാഥാര്‍ഥ്യം തുറന്നുപറഞ്ഞിട്ടുമുണ്ട്‌. കൂട്ടക്കൊലകളിലും കലാപങ്ങളിലും അവര്‍ണനീയമായ കഷ്‌ടനഷ്‌ടങ്ങള്‍ നേരിട്ടവര്‍ക്ക്‌ നീതി ലഭിക്കേണ്ടതിന്റെ ആവശ്യകത തത്വത്തില്‍ അംഗീകരിക്കുന്നവരാണ്‌ ഭരണം കയ്യാളുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരുമായ പ്രമുഖ രാഷ്‌ട്രീയ കക്ഷികള്‍. പക്ഷെ, വളരെ വിരളമായി മാത്രമേ ഇരകള്‍ക്ക്‌ നീതി ലഭിക്കാറുള്ളൂ. അതിന്‌ കാരണങ്ങള്‍ പലതാണ്‌.

ഇരകള്‍ക്ക്‌ നീതി ഉറപ്പാക്കാന്‍ മുന്‍കയ്യെടുക്കേണ്ട ഭരണകക്ഷികളുടെ നിസ്സംഗതയും അനാസ്ഥയുമാണ്‌ ഒരു പ്രധാന കാരണം. ഇരകളുടെ പുനരധിവാസത്തിനും നഷ്‌ടപരിഹാരത്തിനും താല്‌പര്യം കാണിച്ചാല്‍ അത്‌ ന്യൂനപക്ഷപ്രീണനമായി മുദ്രയടിക്കപ്പെടുമെന്ന്‌ മതേതരകക്ഷികളുടെ തലപ്പത്തുള്ളവര്‍ പോലും ഭയപ്പെടുന്നതായി തോന്നുന്നു. ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കേണ്ട ഉദ്യോഗസ്ഥരില്‍ പലരും വര്‍ഗീയമായി ചിന്തിക്കുന്നവരോ, ന്യൂനപക്ഷങ്ങള്‍ക്കെതിരില്‍ മുന്‍വിധി വെച്ചു പുലര്‍ത്തുന്നവരോ ആണെന്നതാണ്‌ മറ്റൊരു കാരണം. പോലീസുകാരില്‍ പലരും മനസ്സില്‍ ന്യൂനപക്ഷവിരോധം വെച്ചുപുലര്‍ത്തുന്നവരായതിനാല്‍ കുറ്റാന്വേഷണം, എഫ്‌ ഐ ആര്‍ തയ്യാറാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉഴപ്പല്‍ വ്യാപകമായതാണ്‌ മറ്റൊരു കാരണം. പ്രശ്‌നങ്ങള്‍ ജുഡീഷ്യല്‍ കമ്മീഷനുകളുടെ അന്വേഷണ പരിധിയിലായിരിക്കുകയും അന്വേഷണം ഇഴഞ്ഞുനീങ്ങുകയും ചെയ്യുന്നതാണ്‌ മറ്റൊരു കാരണം. പീഡിതര്‍ നീതിക്ക്‌ വേണ്ടി എത്ര മുറവിളി കൂട്ടിയാലും, നടപടികള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ വിന്നിട്ടാകാം എന്ന ഒഴികഴിവുകൊണ്ട്‌ ഓട്ടയടയ്‌ക്കാന്‍ ഭരണകൂടങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സൗകര്യം ലഭിക്കുന്നു.

അന്വേഷണക്കമ്മീഷനുകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കപ്പെട്ടിട്ടുണ്ട്‌. ഭരണകൂടം വിഷയം ഗൗരവപൂര്‍വം പരിഗണിച്ചിട്ടുണ്ട്‌ എന്നതിന്റെ തെളിവെന്നോണമാണ്‌ ജുഡീഷ്യല്‍ അന്വേഷണം വിലയിരുത്തപ്പെടാറുള്ളത്‌. പീഡിത ജനവിഭാഗങ്ങള്‍ എക്കാലത്തും കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക്‌ വേണ്ടി ആകാംക്ഷയോടെ കാത്തിരുന്നിട്ടുമുണ്ട്‌. പക്ഷെ, നീതി നിഷേധത്തെ ശാശ്വതീകരിക്കാനുള്ള ഉപകരണങ്ങളായി അന്വേഷണക്കമ്മീഷനുകള്‍ പരിണമിക്കുന്ന ദുര്‍ഗതിയാണ്‌ ഇതപ്പര്യന്തം ഉണ്ടായിട്ടുള്ളത്‌. ചില അന്വേഷണക്കമ്മീഷനുകളുടെ പ്രവര്‍ത്തനം പതിറ്റാണ്ടുകളോളം വൈകി. നീതിനിര്‍വഹണം ഏറെ വൈകുന്നത്‌ നീതിനിഷേധത്തിന്‌ തുല്യമാണെന്ന യാഥാര്‍ഥ്യം അറിയാത്തവരല്ല അന്വേഷണച്ചുമതല ഏല്‌പിക്കപ്പെടുന്ന ന്യായാധിപന്മാര്‍. ഏറെക്കാലത്തെ അന്വേഷണത്തിനുശേഷം സമര്‍പ്പിക്കപ്പെടുന്ന റിപ്പോര്‍ട്ടുകളാകട്ടെ ലോകസഭയുടെയോ നിയമസഭയുടെയോ ഷെല്‍ഫുകളില്‍ അന്ത്യവിശ്രമം കൊള്ളുന്നു. കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കി ഇരകള്‍ക്ക്‌ ആശ്വാസം നല്‌കുക എന്നത്‌ സംഭവിക്കുന്നേയില്ല.

പീഡിതരുടെ രോഷം കുറേക്കാലത്തേക്ക്‌ തണുപ്പിക്കാനുള്ള ഒരു തന്ത്രം എന്നതില്‍ കവിഞ്ഞ്‌ യാതൊരു ഫലവും ഉളവാക്കാത്ത അന്വേഷണക്കമ്മീഷനുകള്‍ക്ക്‌ വേണ്ടി ദശകോടിക്കണക്കില്‍ രൂപയാണ്‌ പൊതുഖജനാവില്‍ നിന്ന്‌ വിനിയോഗിക്കപ്പെടുന്നത്‌. ഇതൊക്കെ ഇങ്ങനെത്തന്നെ നടക്കാനുള്ളതാണ്‌ എന്ന ഭാവത്തിലാണ്‌ ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികള്‍.

ഇന്ത്യന്‍ മുസ്‌ലിംകളെ മൊത്തത്തില്‍ തന്നെ ഏറെ നോവിക്കുകയും മതേതരജനാധിപത്യത്തിന്‌ ഏറ്റവും വലിയ ക്ഷതമേല്‌പ്പിക്കുകയും ചെയ്‌ത കൊടുംകുറ്റകൃത്യമാണ്‌ ബാബറിധ്വംസനം. സംഘപരിവാര്‍ നേതാക്കളുടെ നിരന്തരമായ പ്രേരണകൊണ്ട്‌ ആയിരക്കണക്കില്‍ കര്‍സേവകര്‍ ചേര്‍ന്ന്‌ ബാബരി മസ്‌ജിദിന്റെ താഴികക്കുടങ്ങള്‍ ഓരോന്നായി തകര്‍ത്ത സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൊക്കെ തെളിഞ്ഞുകണ്ടതാണ്‌. പകല്‍ വെളിച്ചത്തില്‍ ക്യാമറകള്‍ക്കു മുമ്പില്‍ നടന്ന ആ നശീകരണത്തെ സംബന്ധിച്ച്‌ നിയമാനുസൃതമായ അന്വേഷണം നടത്തി വസ്‌തുനിഷ്‌ഠമായ ഒരു റിപ്പേര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ മതിയാകുമായിരുന്നു. എന്നാല്‍ ബാബരി ധ്വംസനത്തിന്റെ അന്വേഷണച്ചുമതല ഏല്‌പിക്കപ്പെട്ട ലിബര്‍ഹാന്‍ കമ്മീഷന്‍ പതിനേഴ്‌ വര്‍ഷം കഴിഞ്ഞിട്ടാണ്‌ കേന്ദ്ര സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. അതിനകം എട്ട്‌ കോടി രൂപ കമ്മീഷന്റെ പ്രവര്‍ത്തനത്തിനു വേണ്ടി ചെലവായിക്കഴിഞ്ഞിരുന്നു. അദ്വാനിയുള്‍പ്പെടെയുള്ള സംഘ്‌പരിവാര്‍ നേതാക്കള്‍ക്ക്‌ ബാബരി ധ്വംസനത്തിലുള്ള പങ്ക്‌ ലിബര്‍ഹാന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും കുറ്റവാളികള്‍ക്കെതിരില്‍ ഇതപ്പര്യന്തം യാതൊരു നടപടിയും ഉണ്ടായില്ല. ഇനി ഉണ്ടാകാനുള്ള സാധ്യതയും കാണുന്നില്ല.

മതനിരപേക്ഷതയോട്‌ പ്രതിബദ്ധതയുള്ള പാര്‍ലമെന്റംഗങ്ങള്‍, വിശിഷ്യാ മുസ്‌ലിം മെമ്പര്‍മാര്‍ കാര്യമായ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ എന്തെങ്കിലും നടപടികളെടുക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമാകുമായിരുന്നു. പക്ഷെ, ആരുടെ പ്രതിബദ്ധതയും പ്രകടമായി കണ്ടില്ല.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ മുസ്‌ലിം കൂട്ടക്കൊലയാണ്‌ 2002ല്‍ ഗുജറാത്തില്‍ നടന്നത്‌. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഒത്താശയോടെയാണ്‌ അവിടെ രണ്ടായിരത്തോളം മുസ്‌ലിംകള്‍ കൊന്നൊടുക്കപ്പെട്ടതെന്ന കാര്യം ഇന്ത്യയിലെ നിഷ്‌പക്ഷ മാധ്യമങ്ങള്‍ തെളിവുകളുടെ പിന്‍ബലത്തോടെ വ്യക്തമാക്കിയിട്ടുള്ളതാണ്‌. എന്നാല്‍ ഗുജറാത്ത്‌ കലാപം സംബന്ധിച്ച്‌ അന്വേഷിക്കാന്‍ നിയുക്തമായ നാനാവതി കമ്മീഷന്‍ ആറു വര്‍ഷം അന്വേഷണം നടത്തിയിട്ട്‌ 2008ല്‍ സമര്‍പ്പിച്ച പ്രഥമ റിപ്പോര്‍ട്ടില്‍ നരേന്ദ്രമോഡിയെ തികച്ചും ആക്ഷേപമുക്തനാക്കുകയാണ്‌ ചെയ്‌തത്‌.

ടീസ്റ്റാ സെതല്‍വാദ്‌ എന്ന മുട്ടുമടക്കാത്ത മനുഷ്യാവകാശ പ്രവര്‍ത്തകയും അഹമ്മദാബാദില്‍ കാപാലികര്‍ കൊന്നുകളഞ്ഞ കോണ്‍ഗ്രസ്‌ എം പി ഇഹ്‌സാന്‍ ജാഫരിയുടെ ഭാര്യ സകിയയും ഉള്‍പ്പെട്ട, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള സമിതി കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി നിരന്തരം പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ്‌ ഗുജറാത്ത്‌ കൂട്ടക്കൊലക്കേസുകളില്‍ ചിലതിന്റെ പുനരന്വേഷണത്തിന്‌ സുപ്രീംകോടതി ഉത്തരവിട്ടത്‌. ചില മന്ത്രിമാരും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌ ഒരുപക്ഷെ വര്‍ഗീയ കൂട്ടക്കൊലകളുടെ ചരിത്രത്തില്‍ ആദ്യമായിരിക്കും. സുപ്രീംകോടതി പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ചതും ആ സംഘം നരേന്ദ്രമോഡിയെ മണിക്കൂറുകളോളം വിചാരണ ചെയ്‌തതുമൊക്കെ ടീസ്റ്റയും കൂട്ടുകാരും നടത്തിയ `നിയമയുദ്ധ'ങ്ങളുടെ ഫലം തന്നെ. പക്ഷെ, മോഡിക്കെതിരില്‍ ഒരു എഫ്‌ ഐ ആര്‍ തയ്യാറാക്കുന്നേടത്ത്‌ പോലും നടപടികള്‍ എത്തിയിട്ടില്ലാത്ത സ്ഥിതിക്ക്‌ ആ മുരത്ത വര്‍ഗീയവാദി ചോദ്യം ചെയ്യപ്പെട്ടതില്‍ സംതൃപ്‌തിയടയാന്‍ മാത്രമേ തല്‌ക്കാലം ടീസ്റ്റയ്‌ക്കും സകിയയ്‌ക്കും മറ്റും കഴിയൂ. ജുഡീഷ്യല്‍ കമ്മീഷനുകള്‍ കൊണ്ട്‌ ഒരിക്കലും നടക്കാത്ത നീതി നിര്‍വഹണത്തിലേക്കുള്ള ശക്തമായ നീക്കങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കടുംപിടുത്തം നിമിത്തം നടന്നുവെന്നത്‌ എന്തായാലും നിസ്സാര കാര്യമല്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മാധ്യമങ്ങളില്‍ ഏറെ ഇടം കണ്ടെത്തിയ ഒരു അന്വേഷണക്കമ്മീഷനാണ്‌ ശ്രീകൃഷ്‌ണാ കമ്മീഷന്‍. ബാബറി ധ്വംസനത്തിനെതിരില്‍ പ്രതിഷേധ പ്രകടനം നടത്തിയ മുസ്‌ലിംകളെ ശിവസേനക്കാരും വര്‍ഗീയവാദികളായ ചില പൊലീസ്‌ ഉദ്യോഗസ്ഥരും കൂടി വേട്ടയാടിയ മുംബൈ കലാപം എന്ന്‌ പറയപ്പെടുന്ന സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ 1993ല്‍ മഹാരാഷ്‌ട്രയിലെ ശരദ്‌ പവാര്‍ സര്‍ക്കാരാണ്‌ ഈ കമ്മീഷനെ നിയോഗിച്ചത്‌. അഞ്ച്‌ വര്‍ഷം കഴിഞ്ഞ്‌ 1998 ല്‍ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച ശ്രീകൃഷ്‌ണ കമ്മീഷന്‍ ശിവസേന നേതാക്കള്‍ക്കും ചില പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കും മുസ്‌ലിംകളെ കൊന്നൊടുക്കിയതിലുള്ള പങ്ക്‌ തുറന്നുകാണിച്ചിരുന്നു. പക്ഷെ, അതിനുശേഷം മഹാരാഷ്‌ട്രയില്‍ മാറിമാറി വന്ന സര്‍ക്കാരുകളൊന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ക്കെതിരില്‍ നടപടിയെടുക്കുകയുണ്ടായില്ല. അവിടെ വര്‍ഗീയ രാഷ്‌ട്രീയക്കാരെ എപ്പോഴും വിമര്‍ശിച്ചുകൊണ്ടിരുന്നവര്‍ അധികാരത്തിലിരുന്നപ്പോഴും കുറ്റവാളികള്‍ സൈ്വരവിഹാരം നടത്തുക തന്നെയായിരുന്നു. മുംബൈയില്‍ ഒരു മസ്‌ജിദില്‍ നമസ്‌കരിച്ചുകൊണ്ടിരുന്ന മുസ്‌ലിംകള്‍ക്കു നേരെ യാതൊരു പ്രകോപനവും കൂടാതെ വെടിയുതിര്‍ത്ത്‌ ആറു പേരെ കൊല്ലുകയും അനേകം പേര്‍ക്ക്‌ പരിക്കേല്‌പിക്കുകയും ചെയ്‌ത രണ്ടു പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരില്‍ 2010 മാര്‍ച്ചില്‍ സുപ്രീംകോടതിയാണ്‌ ചില നടപടികള്‍ കൈക്കൊണ്ടത്‌.

ഇതിന്‌ മുമ്പും അനേകം അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ കേവലം പാഴ്‌കടലാസുകളായി മാറിയിട്ടുണ്ട്‌. അടിയന്തിരാവസ്ഥ കാലത്തെ അകൃത്യങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ മൊറാര്‍ജി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഷാ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ദിരാഗാന്ധിയുടെയും മകന്‍ സഞ്‌ജയ്‌ ഗാന്ധിയുടെയും മേല്‍ കുറ്റം ചുമത്തുന്ന റിപ്പോര്‍ട്ട്‌ 1978ല്‍ സമര്‍പ്പിച്ചുവെങ്കിലും പിന്നീട്‌ വന്ന ചരണ്‍സിംഗ്‌ സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ കുറ്റമാരോപിക്കപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ താല്‌പര്യം കാണിക്കുകയുണ്ടായില്ല. 1980ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയതോടെ ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടു. ഇന്ദിരാവധത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ തുടര്‍ന്നു വന്ന രാജീവ്‌ സര്‍ക്കാര്‍ നിയോഗിച്ച താക്കര്‍ കമ്മീഷന്‍, ഇന്ദിരാവധത്തെ തുടര്‍ന്ന്‌ നടന്ന സിക്ക്‌ വിരുദ്ധ കലാപത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ രാജീവ്‌ ഗാന്ധി തന്നെ നിയോഗിച്ച രംഗനാഥ മിശ്ര കമ്മീഷന്‍ എന്നിവയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും നടപടികളൊന്നും ഉണ്ടായില്ല. ഓരോ കാലത്തും ഭരിക്കുന്നവര്‍ക്ക്‌ കമ്മീഷന്‍ നിയമനങ്ങള്‍ കൊണ്ട്‌ ചില പ്രയോജനങ്ങളുണ്ടാകാറുണ്ടെങ്കിലും അവ പീഡിത ജനവിഭാങ്ങള്‍ക്ക്‌ വ്യാമോഹങ്ങള്‍ മാത്രം അവശേഷിപ്പിച്ചുകൊണ്ട്‌ നീതി നിഷേധത്തെ ശാശ്വതീകരിക്കാനുള്ള ഉപകരണമായി പരിണമിക്കുന്ന കാഴ്‌ചയാണ്‌ നാം ഇതപ്പര്യന്തം കണ്ടത്‌. കോടികള്‍ ചെലവഴിച്ച്‌ നടത്തുന്ന കമ്മീഷന്‍ കോപ്രായം ജനാധിപത്യത്തിന്‌ അപമാനമാണെന്ന യാഥാര്‍ഥ്യം രാഷ്‌ട്ര സാരഥികള്‍ ഒന്നുകില്‍ തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ തിരിച്ചറിയാത്ത ഭാവം നടിക്കുകയാണ്‌.

0 comments:

Post a Comment