നബി ഖദീജയില്‍ നിന്ന്‌ സ്‌ത്രീധനം വാങ്ങിയോ ?
ചോദ്യം :

ഖദീജ(റ) ധനികയായ കച്ചവടക്കാരി ആയിരുന്നുവല്ലോ? നബി(സ) ഖദീജ(റ)യെ വിവാഹം ചെയ്‌തതിനു ശേഷം ഏറെ സുഖാഡംബരത്തിലായിരുന്നു ജീവിച്ചിരുന്നത്‌ എന്നും ഇതെല്ലാം നബി(സ)ക്ക്‌ സാധ്യമായത്‌ ഖദീജ(റ)യുടെ ധനം മുഖേനയാണ്‌ എന്നും ഒരു വാദം കേള്‍ക്കാനിടയായി. നബി(സ) സ്‌ത്രീധനത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നല്ലേ ഇതില്‍ നിന്നും മനസ്സിലാവുന്നത്‌? നബി(സ) സ്‌ത്രീധനം വാങ്ങിയിട്ടാണോ ഖദീജ(റ)യെ വിവാഹം ചെയ്‌തത്‌?

ഉത്തരം :

ഖദീജ(റ) മക്കയിലെ കുലീനതയുള്ള ഒരു കച്ചവടക്കാരിയും ധനികയുമായിരുന്നു. സിറിയയിലേക്ക്‌ കച്ചവടച്ചരക്കുകളുമായി ഒട്ടകക്കൂട്ടങ്ങളെ നയിക്കാനും അവിടെ നിന്ന്‌ സാധനങ്ങള്‍ വാങ്ങി മക്കയിലെത്തിക്കാനും പ്രാപ്‌തരായ പുരുഷന്മാരുമായി, ലാഭത്തിന്റെ നിശ്ചിത വിഹിതം അവര്‍ക്ക്‌ നല്‌കാം എന്ന വ്യവസ്ഥയില്‍ പങ്കുകച്ചവടക്കരാറില്‍ ഏര്‍പ്പെടുകയാണ്‌ ഖദീജ(റ) ചെയ്‌തിരുന്നത്‌. മൂലധനം ആ മഹതിയുടേതായിരുന്നു. മുഹമ്മദി(സ)ന്റെ സത്യസന്ധതയെയും വിശ്വസ്‌തതയെയും സ്വഭാവശുദ്ധിയെയും സംബന്ധിച്ച്‌ കേട്ട ഖദീജ(റ) അദ്ദേഹത്തോട്‌ തന്റെ ബിസിനസ്‌ നടത്തിപ്പുകാരനായി ശാമില്‍ (സിറിയയില്‍) പോകാന്‍ താല്‌പര്യമുണ്ടോ എന്ന്‌ ചോദിക്കുകയും, മറ്റു വ്യാപാര പങ്കാളികള്‍ക്ക്‌ നല്‌കുന്നതിനേക്കാള്‍ മെച്ചപ്പെട്ട ലാഭവിഹിതം അദ്ദേഹത്തിന്‌ നല്‌കാമെന്ന്‌ വാക്കുകൊടുക്കുകയും ചെയ്‌തു. ഈ ഓഫര്‍ സ്വീകരിച്ചുകൊണ്ട്‌ ഖദീജ(റ)യുടെ അടിമയായ മൈസറയോടൊപ്പമാണ്‌ മുഹമ്മദ്‌(സ) സിറിയയിലേക്കുള്ള ആദ്യത്തെ വ്യാപാരയാത്ര നടത്തിയത്‌.

ഈ വ്യാപാര പങ്കാളിത്തത്തിനിടയില്‍ അദ്ദേഹത്തിന്റെ സ്വഭാവവൈശിഷ്‌ട്യവും മഹദ്‌ഗുണങ്ങളും മനസ്സിലാക്കിയ ഖദീജ(റ) അദ്ദേഹത്തെ ജീവിതപങ്കാളിയായി സ്വീകരിക്കാന്‍ താല്‌പര്യം പ്രകടിപ്പിക്കുകയും അദ്ദേഹം ആ താല്‌പര്യം മാനിച്ച്‌ ആ മഹതിയെ വിവാഹം കഴിക്കുകയുമാണുണ്ടായത്‌. അദ്ദേഹം ഇരുപത്‌ ഒട്ടകങ്ങളെ മഹ്‌റായി നല്‌കിയെന്ന്‌ ഇബ്‌നുഹിശാം പറഞ്ഞതായി ഇബ്‌നുകഥീര്‍ അദ്ദേഹത്തിന്റെ അല്‍ബിദായ: വന്നിഹായ: എന്ന ചരിത്രഗ്രന്ഥത്തില്‍ (2:377) രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ അദ്ദേഹം ഖദീജ(റ)യില്‍ നിന്ന്‌ സ്‌ത്രീധനം വാങ്ങിയതായി ഹദീസ്‌-ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നില്ല. വിവാഹ ശേഷം അദ്ദേഹം ആഡംബരജീവിതം നയിച്ചിരുന്നു എന്നതിനും തെളിവൊന്നുമില്ല. വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ മഹ്‌ര്‍ നല്‌കണമെന്ന്‌ നബി(സ) കല്‌പിച്ചിരുന്നു എന്നതിന്‌ ഹദീസുകളില്‍ തെളിവുണ്ട്‌. എന്നാല്‍ സ്‌ത്രീധനം കൊടുക്കാനോ വാങ്ങാനോ അദ്ദേഹം പ്രേരിപ്പിച്ചതായി വിശ്വസനീയമായ യാതൊരു രേഖയിലുമില്ല.

0 comments:

Post a Comment