ആദര്‍ശ പ്രചാരണത്തിന്‌ ബൗദ്ധികശേഷി കുറഞ്ഞവര്‍ മതിയോ ?
ഇസ്‌ലാമിന്റെ സുവര്‍ണയുഗം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കാലഘട്ടത്തെ നൂറ്റാണ്ടുകള്‍ക്കു ശേഷവും ശ്രദ്ധേയമാക്കുന്നത്‌ പ്രഗത്ഭരായ ധാരാളം പണ്ഡിതന്മാരുടെ സാന്നിധ്യമാകുന്നു. അന്ന്‌ ബഗ്‌ദാദിലും കോര്‍ദോവയിലും കയ്‌റോയിലും സമര്‍ഖണ്ഡിലും മറ്റും വിവിധ വിജ്ഞാനശാഖകളില്‍ അഗാധമായ പാണ്ഡിത്യം നേടിയ അനേകം പേരുണ്ടായിരുന്നു.

ഇസ്‌ലാമിക വിജ്ഞാനം അനേകം ശാഖകളായി പടര്‍ന്നുപന്തലിച്ചത്‌ തന്നെ ആ കാലഘട്ടത്തിലാണ്‌. മതവിഷയങ്ങള്‍ക്ക്‌ പുറമെ അക്കാലത്ത്‌ അറിയപ്പെട്ടിരുന്ന എല്ലാ ശാസ്‌ത്രശാഖകളിലും ഭാഷാ വിജ്ഞാനീയങ്ങളിലും അവഗാഹം നേടിയവരെക്കൊണ്ട്‌ അന്നത്തെ മുസ്‌ലിം സമൂഹം ധന്യമായിരുന്നു. ഖലീഫമാരും മന്ത്രിമാരും മറ്റും ഉള്‍പ്പെട്ട `അഭിജാതവിഭാഗം' പോലും അന്ന്‌ വിപുലമായ തോതില്‍ മതവിജ്ഞാനം നേടുന്നതില്‍ തല്‍പരരായിരുന്നു. മക്കളെ മതപണ്ഡിതന്മാരാക്കുന്നതിലും അവര്‍ ദത്തശ്രദ്ധരായിരുന്നു. ജ്ഞാനികളെ മുസ്‌ലിം സമൂഹം മാനിച്ചിരുന്നുവെങ്കിലും സമ്പത്തോ സാമൂഹ്യപദവികളോ ലക്ഷ്യമാക്കിയല്ല അന്ന്‌ ആളുകള്‍ വിദ്യതേടിയിരുന്നത്‌. അറിവ്‌ നേടുന്നതിന്‌ ഇസ്‌ലാം ചെലുത്തുന്ന പ്രചോദനവും സ്വന്തം നിലയിലുള്ള ജിജ്ഞാസയുമാണ്‌ വൈജ്ഞാനിക പുരോഗതി കൈവരിക്കാന്‍ അവര്‍ക്ക്‌ പ്രേരകമായത്‌.

മലയാളി മുസ്‌ലിംകള്‍ മതപരമായ ഉപരിപഠനത്തില്‍ ഏറെ മുന്നിലായിരുന്നില്ലെങ്കിലും മക്കളെ മതപണ്ഡിതന്മാരാക്കാന്‍ സമ്പന്നരിലും ഇടത്തരക്കാരിലും ഒരു വിഭാഗം മുമ്പൊക്കെ താല്‌പര്യം കാണിച്ചിരുന്നു. മക്കള്‍ എല്ലാ നിലയിലും നല്ലവരായിത്തീരാനുള്ള ആഗ്രഹവും പണ്ഡിതന്മാര്‍ക്ക്‌ സമൂഹത്തിലുള്ള സ്ഥാനവും ഇതിനു പ്രേരകമായിരുന്നു. എന്നാല്‍ ഏതാനും പതിറ്റാണ്ടുകളായി ഈ സ്ഥിതിക്ക്‌ കാര്യമായ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്‌. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഏറ്റവും മികച്ച തൊഴില്‍ നേടുക എന്നതാണെന്ന ധാരണ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഏറെ സ്വാധീനിച്ചതോടെ മതവിജ്ഞാനത്തോടുണ്ടായിരുന്ന ആഭിമുഖ്യം തീരെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌.

ഉന്നതഭൗതിക വിദ്യാഭ്യാസത്തിന്‌ പല കാരണങ്ങളാല്‍ അവസരം ലഭിക്കാത്തവരാണ്‌ ഇപ്പോള്‍ അറബി-ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളില്‍ ഗണ്യമായ ഭാഗം. പല അറബിക്കോളെജുകളിലും പഠിതാക്കളില്‍ ഭൂരിപക്ഷം പെണ്‍കുട്ടികളാണ്‌. ഉയര്‍ന്ന ബൗദ്ധികശേഷിയുള്ളവര്‍ അപൂര്‍വമായേ മതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനെത്തുന്നുള്ളൂ എന്നത്‌ മതപ്രബോധന-മതാധ്യാപന മേഖലകളില്‍ പല അപര്യാപ്‌തതകള്‍ക്കും വഴിവെക്കുന്നു.

വിദ്യാസമ്പന്നര്‍ക്ക്‌ മതിപ്പുളവാകുംവിധം ഇസ്‌ലാമിക വിഷയങ്ങള്‍ വിശദീകരിക്കാന്‍ മതപണ്ഡിതന്മാര്‍ക്ക്‌ സാധിക്കാതിരുന്നാല്‍ പ്രബോധനത്തിന്റെ ഫലപ്രാപ്‌തിയെ അത്‌ പ്രതികൂലമായി ബാധിക്കും. ആവശ്യമായ ഇസ്‌ലാമികജ്ഞാനം നേടാന്‍ ഔപചാരിക മതവിദ്യാഭ്യാസം അനുപേക്ഷ്യമല്ലെന്നും, പ്രസിദ്ധീകരണങ്ങളില്‍ നിന്നും പ്രഭാഷണങ്ങളില്‍ നിന്നും മറ്റും കാലാകാലങ്ങളില്‍ മതപരമായ അറിവ്‌ നേടിക്കൊണ്ടിരിക്കാമെന്നും കരുതുന്ന പലരുമുണ്ട്‌. ഔപചാരിക ലൗകിക വിദ്യാഭ്യാസം അതിന്‌ ലഭിക്കുന്ന അവസരത്തില്‍ തന്നെ നേടിയാലേ യഥാസമയം തൊഴില്‍ നേടിയെടുക്കാന്‍ കഴിയുകയുള്ളൂ എന്ന ചിന്ത നിമിത്തം, മതബോധമുള്ള രക്ഷിതാക്കള്‍ പോലും മക്കളെ ഭൗതിക കോഴ്‌സുകള്‍ക്ക്‌ ചേര്‍ക്കുന്നു. മക്കളുടെ ഭാവി ഭദ്രമാക്കാനുള്ള അവരുടെ ആഗ്രഹം ആക്ഷേപിക്കപ്പെടേണ്ടതല്ല.

എന്നാല്‍ ഏത്‌ അറിവ്‌ നേടുന്നതിന്റെയും ആത്യന്തികലക്ഷ്യം ഐഹിക നേട്ടമാകാന്‍ പാടില്ലെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. ഔപചാരികമായോ അനൗപചാരികമായോ സമഗ്ര മതപരിജ്ഞാനം നേടുന്നതിലൂടെയാണ്‌ യഥാര്‍ഥ വിശ്വാസിയും ധര്‍മനിഷ്‌ഠയുള്ളവനുമായി ലക്ഷ്യബോധത്തോടെ ജീവിക്കാന്‍ പ്രചോദനം ലഭിക്കുക എന്ന യാഥാര്‍ഥ്യം പരലോകത്തിന്‌ മുന്‍ഗണന നല്‍കുന്ന രക്ഷിതാക്കളാരും വിസ്‌മരിക്കാന്‍ പാടില്ല.

പ്രഫസര്‍മാരും നിയമജ്ഞരും ഭിഷഗ്വരരും എന്‍ജിനീയര്‍മാരും ഉള്‍പ്പെടെ അഭ്യസ്‌തവിദ്യരായ ധാരാളം പേര്‍ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ഖുര്‍ആനും നബിചര്യയും പഠിച്ചുകൊണ്ടിരിക്കുന്നത്‌ പ്രസ്‌താവ്യമായ ഒരു വിഷയം തന്നെയാണ്‌. എന്നാല്‍ അങ്ങനെ പഠിക്കുന്നവരില്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഖുര്‍ആന്‍-ഹദീസ്‌ ക്ലാസുകളും ഖുത്വ്‌ബകളും നിര്‍വഹിക്കാന്‍ താല്‍പര്യം കാണിക്കുന്നുള്ളൂ. അഭ്യസ്‌തവിദ്യരില്‍ ഭൂരിപക്ഷത്തെ സംബന്ധിച്ചേടത്തോളം അവരുടെ അനൗപചാരിക മതവിദ്യാഭ്യാസത്തിന്റെ ഫലം സ്വജീവിതം സംശുദ്ധമാക്കുന്നതില്‍ ഒതുങ്ങുന്നു. നമ്മുടെ ഖത്വീബുമാരില്‍ ബഹുഭൂരിഭാഗം ഇപ്പോഴും അറബി-ഇസ്‌ലാമിക കലാലയങ്ങളില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കിയവര്‍ തന്നെയാകുന്നു. നമ്മുടെ സമൂഹത്തെ ഇസ്‌ലാമിക ആദര്‍ശത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ ഈ കലാലയങ്ങള്‍ വഹിക്കുന്ന നിര്‍ണായകമായ പങ്ക്‌ ഇതില്‍ നിന്ന്‌ വ്യക്തമാകുന്നു. അതുകൊണ്ടു തന്നെ ബുദ്ധിശക്തിയും അര്‍പ്പണബോധവുമുള്ള വിദ്യാര്‍ഥികള്‍ ഈ കലാലയങ്ങളിലേക്ക്‌ ആകൃഷ്‌ടരാകുന്നില്ലെങ്കില്‍ മുസ്‌ലിം സമൂഹത്തിന്‌ അത്‌ വലിയ നഷ്‌ടമായിരിക്കുകയും ചെയ്യും.

ഈ സാഹചര്യത്തില്‍ രണ്ട്‌ കാര്യങ്ങള്‍ ഇസ്‌ലാമികരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ സജീവമായി പരിഗണിക്കേണ്ടതുണ്ട്‌. (1) പ്ലസ്‌ടൂവിനും ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ഥികളെ അറബി-ഇസ്‌ലാമിക കലാലയങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്നതിന്‌ ആസൂത്രിത നടപടികള്‍ സ്വീകരിക്കുക. അറബി ബി എ, എം എ കോഴ്‌സുകളുടെ പാഠ്യപദ്ധതിയില്‍ മൗലികമായ പരിഷ്‌കരണം വരുത്തുക, ഈ കോഴ്‌സുകളില്‍ ചേരുന്ന മിടുക്കന്മാര്‍ക്ക്‌ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുക എന്നിങ്ങനെ പലതും ഇതിനുവേണ്ടിവരും. അറബിഭാഷയുടെ അത്യാധുനിക വികാസപരിണാമങ്ങള്‍ കണക്കിലെടുത്തു കൊണ്ടും, കമേഴ്‌സ്യല്‍ അറബിക്കിനും ഇന്‍ഡസ്‌ട്രിയല്‍ അറബിക്കിനും പ്രാധാന്യം നല്‍കിക്കൊണ്ടും ഐ ടിയുടെ സാധ്യതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്‌ പ്രസക്തമായിരിക്കും. പരിഷ്‌കരണത്തിന്റെ പ്രയോജനത്തെക്കുറിച്ച്‌ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവത്‌കരിക്കേണ്ടതും ആവശ്യമാകുന്നു.

(2) ഖുര്‍ആനും ഹദീസും ഇസ്‌ലാമിക വിഷയങ്ങളും പഠിപ്പിക്കാനുള്ള അനൗപചാരിക പാഠ്യപദ്ധതിയില്‍ പ്രസംഗത്തിനും ആശയാവിഷ്‌കരണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുക. ബൗദ്ധികമായി ഉന്നതനിലവാരമുള്ളവരെ വാഗ്‌മികളും എഴുത്തുകാരുമാക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ചിലപ്പോള്‍ ഏറെ ഫലദായകമാകാനിടയുണ്ട്‌. ആധുനിക യുഗത്തില്‍ ഇസ്‌ലാമിനെതിരില്‍ ഉയര്‍ത്തപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക്‌ ഫലപ്രദമായ മറുപടി നല്‍കാന്‍ ഇസ്‌ലാമിനെ യഥോചിതം പഠിച്ച അഭ്യസ്‌തവിദ്യര്‍ കൂടുതല്‍ കരുത്ത്‌ തെളിയിച്ചേക്കാം.

മതവിഷയങ്ങളിലും ലൗകിക വിഷയങ്ങളിലും ഒരുപോലെ അവഗാഹമുള്ളവരുടെ സേവനം ഇസ്‌ലാമിനുവേണ്ടി ആശയപ്രതിരോധം ഏര്‍പ്പെടുത്തുന്നതിനു മാത്രമല്ല, ആധുനിക നാഗരികതയെയും ശാസ്‌ത്രശാഖകളെയും സാങ്കേതിക വിദ്യകളെയും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂടെ വിലയിരുത്താനും വിമര്‍ശനവിധേയമാക്കാനും അനുപേക്ഷ്യമാകുന്നു. നാഗരികതയുടെ പല തലങ്ങളും കടുത്ത അപചയത്തിനും അപമാനവീകരണത്തിനും വിധേയമായിക്കൊണ്ടിരിക്കുകയും തിരുത്താനും ദിശാബോധം നല്‍കാനും പരിണതപ്രജ്ഞരായ ജ്ഞാനികള്‍ മുന്നോട്ടുവരാതിരിക്കുകയും ചെയ്യുമ്പോള്‍ മാനവപ്രകൃതിയെയും പ്രാപഞ്ചിക വ്യവസ്ഥയെയും സംബന്ധിച്ച സമ്യക്കായ ഇസ്‌ലാമികദര്‍ശനം തെളിച്ചത്തോടെ, ഔജ്ജ്വല്യത്തോടെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ ദീനും ദുന്‍യാവും മികവോടെ പഠിച്ചവര്‍ അര്‍പ്പണബോധത്തോടും സഹകരണത്തോടും കൂടെ പ്രവര്‍ത്തിക്കേണ്ടത്‌ അനിവാര്യമാകുന്നു. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം പാഠ്യപദ്ധതികള്‍ ക്രമീകരിക്കുന്നതും കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതും.

0 comments:

Post a Comment