ഖുര്‍ആന്‍ ഓതുമ്പോള്‍ ഔറത്ത്‌ മറയ്‌ക്കല്‍ നിര്‍ബന്ധമാണോ ?
ചോദ്യം :

ഖുര്‍ആന്‍ പാരായണം നടത്തുമ്പോഴും മറ്റു പ്രാര്‍ഥനകള്‍ ചൊല്ലുമ്പോഴും സ്‌ത്രീകള്‍ തലയും ഔറത്തുഭാഗങ്ങളും മറയ്‌ക്കേണ്ടതുണ്ടോ?

ഉത്തരം :

ഖുര്‍ആനില്‍ നിന്നും പ്രബലമായ ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നതനുസരിച്ച്‌ നമസ്‌കാരവേളയിലും അന്യപുരുഷന്മാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോഴും മാത്രമേ സ്‌ത്രീകള്‍ മുഖവും കൈപ്പടങ്ങളും ഒഴിച്ച്‌ ശരീരം മുഴുവന്‍ മറയ്‌ക്കേണ്ടതുള്ളൂ. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം അന്യപുരുഷന്മാരുടെ മുമ്പാകെ പ്രത്യക്ഷപ്പെടുമ്പോള്‍ കണ്ണുകള്‍ ഒഴികെ ശരീരം മുഴുവന്‍ മറയ്‌ക്കണമെന്നാണ്‌. സ്‌ത്രീ മൊത്തമായി ഔറത്താണെന്ന്‌ അര്‍ഥമുള്ള ഒരു ഹദീസാണ്‌ ഈ വിഭാഗത്തിന്റെ തെളിവ്‌. 24:31 സൂക്തത്തില്‍ `അവരുടെ സൗന്ദര്യത്തില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴികെ' എന്ന്‌ പറഞ്ഞതിന്റെ വിവക്ഷ മുഖവും കൈപ്പടവും മറയ്‌ക്കേണ്ടതില്ലെന്നാണ്‌ എന്നത്രെ മറ്റു പണ്ഡിതന്മാരുടെ അഭിപ്രായം.

സ്വന്തം മുറിക്കുള്ളിലും സ്വകാര്യ സന്ദര്‍ഭങ്ങളിലുമെല്ലാം സ്‌ത്രീകളും പുരുഷന്മാരും നാണം മറയ്‌ക്കല്‍ നിര്‍ബന്ധമാണെന്നത്രെ പ്രബലമായ ഹദീസുകളുടെ അടിസ്ഥാനത്തില്‍ പ്രമുഖ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. വിസര്‍ജനവേള പോലെ നഗ്നത വെളിപ്പെടുത്തല്‍ അനിവാര്യമാകുന്ന സന്ദര്‍ഭങ്ങള്‍ മാത്രമാണ്‌ ഇതില്‍ നിന്ന്‌ ഒഴിവ്‌. അല്ലാഹു മാത്രം കാണുന്ന ഏകാന്തതയിലും നാണം മറയ്‌ക്കണമെന്ന കല്‌പന നിര്‍ബന്ധ സ്വരത്തിലല്ല; പ്രോത്സാഹനാര്‍ഥം മാത്രമാണെന്ന്‌ അഭിപ്രായപ്പെട്ട പണ്ഡിതന്മാരും ഉണ്ട്‌. ഖുര്‍ആന്‍ പാരായണത്തിന്‌ മാത്രമായി ഒരു ഔറത്ത്‌ ആയത്തുകളിലോ പ്രബലമായ ഹദീസുകളിലോ നിര്‍ണയിക്കപ്പെട്ടിട്ടില്ല. നമസ്‌കാരത്തിലും അന്യപുരുഷന്മാരുടെ മുമ്പിലും ഖുര്‍ആന്‍ ഓതുമ്പോള്‍ മുഖവും കൈപ്പടങ്ങളും ഒഴികെ ശരീരം മുഴുവന്‍ മറയ്‌ക്കണം. അല്ലാത്തപ്പോള്‍ നാണം മറച്ചുകൊണ്ട്‌ ഖുര്‍ആന്‍ ഓതുന്നതിന്‌ വിലക്കില്ല. നമസ്‌കാരമല്ലാത്ത പ്രാര്‍ഥനകളുടെ കാര്യവും ഇതുപോലെത്തന്നെ.

1 comments:

Noushad Vadakkel said...

"അല്ലാത്തപ്പോള്‍ നാണം മറച്ചുകൊണ്ട്‌ ഖുര്‍ആന്‍ ഓതുന്നതിന്‌ വിലക്കില്ല. നമസ്‌കാരമല്ലാത്ത പ്രാര്‍ഥനകളുടെ കാര്യവും ഇതുപോലെത്തന്നെ"

ആദരപൂര്‍വ്വം വിയോജിക്കുന്നു, കാരണം :

യഥാര്‍ത്ഥത്തില്‍ നാണം മറക്കുക എന്നതോടൊപ്പം ചില മര്യാദകള്‍ ആചരിക്കുന്നത് വഴി അല്ലാഹുവിന്റെ സ്മരണ ( ഭയഭക്തി ) നിലനിര്‍ത്തുക എന്നത് കൂടി വസ്ത്ര ധാരണത്തില്‍ അടങ്ങിയിട്ടില്ലേ ? ഏകാഗ്രത ദൈവ സ്മരണയ്ക്ക് അനിവാര്യമായ കാര്യമാണെന്ന് ഞാന്‍ വിസ്വശിക്കുന്നു.

സ്ത്രീകള്‍ സാദാ സമയവും ജാഗ്രത പുലര്‍ത്തേണ്ട കാര്യമാണ് ഔറത്തു മറക്കല്‍ .അതിന്റെ ഗൌരവം ഒരു നിമിഷം പോലും സത്യ വിശ്വാസിനികള്‍ മറക്കാന്‍ പാടുണ്ടോ? അപ്പോള്‍ പരിശുദ്ധ ഖുര്‍ആന്‍ ഏകാഗ്രതയോടെ പാരായണം ചെയ്യുന്ന സത്യവിശ്വ്സിനി ആയ സ്ത്രീ നിര്‍ബന്ധമായും ഔറത്തു മറക്കണം എന്നാണു എന്റെ അറിവില്‍ മനസ്സിലാകുന്നത് .ഭയഭക്തിയുടെ അനിവാര്യ ഭാഗം ഏകാഗ്രത ആകുമ്പോള്‍ പ്രത്യേകിച്ചും .

(എന്റേത് പരിമിതമായ അറിവ് മാത്രം .പരിശുദ്ധ ഇസ്ലാമിന്റെ വിവിധ രംഗങ്ങളില്‍ അഗാധ പണ്ഡിതനാണ് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനി എന്ന് ഞാന്‍ വീണ്ടും പറയുകയാണ്.എന്റെ വിയോജിപ്പ് എന്റെ അറിവുമായി ബന്ധപ്പെട്ടിരിക്കുന്നു .മാന്യ വായനക്കാര്‍ തെറ്റിദ്ധരിക്കരുത് എന്ന് അപേക്ഷിക്കുന്നു .‌)

Post a Comment