കരിംജീരകം സര്‍വരോഗ സംഹാരിയോ ?
ചോദ്യം :

കരിംജീരകം മരണമല്ലാത്ത എല്ലാ രോഗത്തിനും ശമനം നല്‌കുമെന്ന്‌ നബി(സ) പറഞ്ഞതായി ബുഖാരി, മുസ്‌ലിം പോലുള്ള ഹദീസ്‌ ഗ്രന്ഥങ്ങളില്‍ കാണുന്നു. മുസ്‌ലിംകള്‍ക്ക്‌ ഏത്‌ രോഗം ബാധിച്ചാലും കരിംജീരകം ഉപയോഗിച്ചാണോ ചികിത്സിക്കേണ്ടത്‌?

ഉത്തരം :

നബി(സ) പല വസ്‌തുക്കളുടെയും ഔഷധഗുണങ്ങളെ സംബന്ധിച്ച്‌ പരാമര്‍ശിച്ചതായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസുകളില്‍ കാണാം. ഇതൊക്കെ അല്ലാഹു അദ്ദേഹത്തിന്‌ വഹ്‌യ്‌ (ദിവ്യബോധനം) നല്‌കിയതായിരിക്കാനും അദ്ദേഹം അനുഭവങ്ങളില്‍ നിന്ന്‌ നിരീക്ഷിച്ചു മനസ്സിലാക്കിയതാകാനും സാധ്യതയുണ്ട്‌. ഈന്തപ്പനയുടെ പരാഗണത്തെപ്പറ്റി നബി(സ) പറഞ്ഞ അഭിപ്രായം അല്ലാഹു അറിയിച്ചതല്ല, സ്വന്തം നിഗമനമായിരുന്നുവെന്നാണ്‌ തല്‍സംബന്ധമായ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ``നിങ്ങളാണ്‌ നിങ്ങളുടെ ദുന്‍യാവിനെപ്പറ്റി കൂടുതല്‍ അറിവുള്ളവര്‍'' എന്ന്‌ നബി(സ) പറഞ്ഞതിന്റെ താല്‌പര്യം ലൗകിക വിഷയങ്ങളില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന മതപരമല്ലാത്ത അഭിപ്രായം ആത്മനിഷ്‌ഠമായ നിഗമനം ആയിരിക്കാന്‍ സാധ്യതയുണ്ട്‌ എന്നത്രെ. എല്ലാ രോഗത്തിനും ശമനം എന്നതിനെ സംബന്ധിച്ച്‌ പൂര്‍വിക പണ്ഡിതന്മാര്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. അത്‌ അക്ഷരാര്‍ഥത്തില്‍ തന്നെ ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന്‌ അഭിപ്രായപ്പെട്ടവരും അവരുടെ കൂട്ടത്തിലുണ്ട്‌.

ഒരു മരുന്ന്‌ എല്ലാ രോഗങ്ങളുടെയും ശമനത്തിന്‌ സഹായകമാവുക എന്നത്‌ അസംഭവ്യമല്ല. കാരണം, എല്ലാ രോഗങ്ങളുടെയും അടിസ്ഥാന കാരണം ശരീരകോശങ്ങളെ ബാധിക്കുന്ന അപചയമാണ്‌. കോശങ്ങള്‍ക്ക്‌ ഊര്‍ജസ്വലത നല്‌കുന്നതോ കോശങ്ങളില്‍ നിന്ന്‌ സൂക്ഷ്‌മ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതോ ആയ ഔഷധം എല്ലാ രോഗങ്ങളുടെയും ശമനത്തിന്‌ ഉപകരിച്ചുകൂടായ്‌കയില്ല. കരിംജീരകത്തിന്റെ ഔഷധഗുണങ്ങളെ സംബന്ധിച്ച്‌ പൂര്‍വികരും ആധുനികരുമായ വൈദ്യന്മാര്‍ വിവരിച്ചിട്ടുണ്ട്‌. കരിംജീരകവും അതിന്റെ എണ്ണയും മുഖേന രോഗശമനം ലഭിച്ച ചില അനുഭവസ്ഥരെ കേള്‍ക്കാനും അവസരം ലഭിച്ചിട്ടുണ്ട്‌. ഇതിന്‌ ഒരു മറുവശവുമുണ്ട്‌. ഏത്‌ വിശിഷ്‌ട ഔഷധവും ചിലര്‍ക്ക്‌ ചിലപ്പോള്‍ ഫലിച്ചില്ലെന്ന്‌ വരാം എന്നതത്രെ അത്‌. അതിന്‌ ഔഷധത്തിന്റെ ഫലരാഹിത്യമല്ലാത്ത മറ്റു പല കാരണങ്ങളും ഉണ്ടാകാം. മുസ്‌ലിംകളെല്ലാവരും എല്ലാ രോഗങ്ങള്‍ക്കും ഒരേ മരുന്ന്‌ തന്നെ കഴിക്കണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) വിധിച്ചിട്ടില്ല. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ അങ്ങനെ അഭിപ്രായപ്പെട്ടിട്ടുമില്ല.

0 comments:

Post a Comment