സലഫി വീക്ഷണം പ്രതിലോമപരതയുടെ പ്രതീകമോ?
മതവിഷയത്തിലും ലൗകിക കാര്യങ്ങളിലും ഒരുപോലെ മുസ്‌ലിം സമൂഹത്തെ പതിനാലു നൂറ്റാണ്ടു മുമ്പത്തെ അവസ്ഥയിലേക്ക്‌ തിരിച്ചുകൊണ്ടുപോവുകയാണ്‌ സലഫികള്‍ ചെയ്യുന്നതെന്ന്‌ പല കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തേജോവധം ചെയ്യാന്‍ തക്കംപാര്‍ത്തിരിക്കുന്ന അമുസ്‌ലിം വിമര്‍ശകര്‍ മാത്രമല്ല, കാലത്തിനും ലോകത്തിനും മുമ്പില്‍ ഇസ്‌ലാമിന്റെ പ്രതിച്ഛായ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്ന ഗുണകാംക്ഷികള്‍ പോലുമുണ്ട്‌ സലഫീ ആദര്‍ശത്തെ സംബന്ധിച്ച്‌ സംശയമോ തെറ്റിദ്ധാരണയോ പുലര്‍ത്തുന്നവരുടെ കൂട്ടത്തില്‍. നൂറ്റാണ്ടുകള്‍ക്കിടയില്‍ മുസ്‌ലിം പ്രതിഭാശാലികള്‍ ഗവേഷണ പഠനങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ആശയങ്ങളെയൊക്കെ ബിദ്‌അത്തുകള്‍ എന്ന നിലയിലോ സച്ചരിതരായ പൂര്‍വികര്‍ മാതൃക കാണിക്കാത്തത്‌ എന്ന നിലയിലോ തള്ളിക്കളയാനാണ്‌ സലഫികള്‍ ആഹ്വാനം ചെയ്യുന്നത്‌ എന്ന്‌ സമര്‍ഥിച്ചുകൊണ്ടാണ്‌ പലരും വിരുദ്ധ പ്രചാരണം നടത്തുന്നത്‌. ക്ലാസിക്കല്‍ ഇസ്‌ലാമിന്റെ കാലഘട്ടത്തിലെ അഥവാ ഇസ്‌ലാമിന്റെ സുവര്‍ണയുഗത്തിലെ സ്ഥിതി ഇങ്ങനെയായിരുന്നില്ലെന്നും, അന്ന്‌ വികസിത ചിന്തയ്‌ക്കും അഭിപ്രായ പ്രകടനത്തിനും ഏറെ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നുവെന്നും വിമര്‍ശകര്‍ വാദിക്കുന്നു.

സലഫികളും ഇതര മുസ്‌ലിം വിഭാഗങ്ങളും ഒരുപോലെ വസ്‌തുനിഷ്‌ഠമായ വിശകലനത്തിന്‌ വിധേയമാക്കേണ്ട വിഷയമാണിത്‌. അബ്ബാസിയാ ഭരണത്തിന്റെ പ്രതാപകാലത്ത്‌ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന്‌ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ സമാഹരിച്ച്‌ അറബി ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്യാനും അവയിലെ വിജ്ഞാനം മുസ്‌ലിം സമൂഹത്തിന്റെ ബൗദ്ധിക മുന്നേറ്റത്തിനു വേണ്ടി ഉപയോഗപ്പെടുത്താനും ഭരണകൂടത്തിന്റെ പിന്തുണയോടെ വിപുലമായ ശ്രമങ്ങള്‍ നടക്കുകയുണ്ടായി. ലക്ഷക്കണക്കില്‍ കയ്യെഴുത്തു ഗ്രന്ഥങ്ങളുള്ള ലൈബ്രറികള്‍ ഗവേഷണപഠനങ്ങള്‍ക്ക്‌ ആക്കംകൂട്ടുകയും ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമായ ബഗ്‌ദാദ്‌ ലോകത്തിലെ തന്നെ ഏറ്റവുമധികം വൈജ്ഞാനിക വികാസം സിദ്ധിച്ച നഗരമായി പരിണമിക്കുകയും ചെയ്‌തു. മുസ്‌ലിം സ്‌പെയിനിലെ കോര്‍ഡോവ, ഗ്രാനഡ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചും അഭൂതപൂര്‍വകമായ വൈജ്ഞാനിക വികാസം ഉണ്ടായി. ഗ്രീസിലെയും റോമിലെയും ഈജിപ്‌തിലെയും പേര്‍ഷ്യയിലെയും ഇന്ത്യയിലെയും പല ഗ്രന്ഥങ്ങളും പാശ്ചാത്യര്‍ക്ക്‌ ലഭ്യമായത്‌ അറബികളുടെ വിവര്‍ത്തനങ്ങള്‍ മുഖേനയാണ്‌. നിഷ്‌പക്ഷരായ പാശ്ചാത്യ ചരിത്രകാരന്മാര്‍ ഇസ്‌ലാമിന്റെ സുവര്‍ണയുഗത്തില്‍ ബഗ്‌ദാദ്‌ കേന്ദ്രീകരിച്ച്‌ നടന്ന വൈജ്ഞാനിക വികാസത്തിന്‌ വലിയ വില കല്‌പിച്ചിട്ടുണ്ട്‌. എന്നാല്‍ ഖുര്‍ആനിന്റെയും ഹദീസിന്റെയും പിന്‍ബലത്തില്‍ നടന്നതല്ല ഈ വൈജ്ഞാനിക വികാസം എന്നതിനാല്‍ സലഫീ പാരമ്പര്യമുള്ള പണ്ഡിതന്മാര്‍ അതിനെ അനുകൂലിച്ചിട്ടില്ലെന്നും ഇന്നത്തെ സലഫികളും വൈജ്ഞാനിക സാഹിത്യമേഖലകളിലെ ആധുനികതയെ എതിര്‍ക്കുകയാണ്‌ ചെയ്യുന്നതെന്നും വിമര്‍ശകര്‍ വാദിക്കുന്നു.

മുസ്‌ലിംകള്‍ എക്കാലത്തും പിന്തുടരേണ്ടത്‌ സലഫുസ്സ്വാലിഹുകളുടെ അഥവാ സച്ചരിതരായ മുന്‍ഗാമികളുടെ ആശയാദര്‍ശങ്ങളെയാണെന്ന്‌ വാദിക്കുന്ന സലഫികള്‍ യഥാര്‍ഥത്തില്‍ വൈജ്ഞാനിക പുരോഗതിക്ക്‌ പുറംതിരിഞ്ഞു നില്‍ക്കുകയാണോ ചെയ്യുന്നത്‌? അഹ്‌മദുബ്‌നു ഹന്‍ബലിനെപ്പോലുള്ള സലഫുകള്‍ വിജ്ഞാനരംഗത്തെ സമകാലിക പ്രവണതകളെ എതിര്‍ക്കുകയാണോ ചെയ്‌തത്‌? ശാസ്‌ത്ര സാങ്കേതിക രംഗങ്ങളില്‍ ആധുനിക സമൂഹങ്ങള്‍ക്കൊപ്പം മുന്നേറാന്‍ മുസ്‌ലിംകളെ സലഫികള്‍ പ്രേരിപ്പിക്കുന്നുണ്ടോ? സലഫീ പണ്ഡിതന്മാരുടെ മാര്‍ഗനിര്‍ദേശപ്രകാരം ഭരണം നടക്കുന്ന സുഊദി അറേബ്യയില്‍ കാലം മരവിച്ചു കിടക്കുന്നു എന്ന ചിലരുടെ പ്രചാരണത്തിന്‌ വല്ല അടിസ്ഥാനവുമുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക്‌ വിവിധ വിഭാഗങ്ങള്‍ നല്‍കുന്ന ഉത്തരം അവരുടെ മതപരമായ വീക്ഷണവ്യത്യാസങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കും.

ഏത്‌ കാലത്തും ഏത്‌ നാട്ടിലും പഴമയുടെയും പുതുമയുടെയും കാര്യത്തില്‍ ജനങ്ങള്‍ രണ്ടുചേരിയിലാണ്‌. പ്രായംചെന്ന തലമുറയില്‍ പലരും പഴയ സമ്പ്രാദയങ്ങളെ ഗൃഹാതുരത്വത്തോടെ ശ്ലാഘിക്കുകയും പുതിയ ജീവിതരീതികളെ ദോഷൈകദൃഷ്‌ടിയോടെ വിമര്‍ശിക്കുകയും ചെയ്യും. ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണത്തിന്റെ ഗുണഗണങ്ങള്‍ എടുത്തുപറയുന്ന ചിലരെ ഇപ്പോഴും നമ്മുടെ നാട്ടില്‍ കണ്ടെത്താന്‍ കഴിയും. ആദര്‍ശപ്രതിബദ്ധതയുള്ള മുസ്‌ലിംകള്‍ എക്കാലത്തും സ്വഹാബികളുടെ കാലത്തെ ആദരാതിശയങ്ങളോടെ വിലയിരുത്തിപ്പോന്നിട്ടുണ്ട്‌. ഏത്‌ കാലത്തും പുതുതലമുറയില്‍ അധികപേരും നൂതനാശയങ്ങളോടും പുതിയ കണ്ടെത്തലുകളോടും അഭിനിവേശം പുലര്‍ത്തിപ്പോരുകയാണ്‌ ചെയ്യുന്നത്‌. നാഗരിക പുരോഗതിക്ക്‌ അനുപേക്ഷ്യമായ ഒരു പ്രധാനഗുണമാണ്‌ നവീകരണത്തിനു വേണ്ടിയുള്ള വെമ്പല്‍ എന്ന യാഥാര്‍ഥ്യത്തെ ആര്‍ക്കും അവഗണിക്കാനാവില്ല. എന്നാല്‍ പഴയ മനുഷ്യരും പുതിയ മനുഷ്യരും ഒരുപോലെ ചില വിഷയങ്ങളില്‍ തെറ്റുപറ്റാന്‍ സാധ്യതയുള്ളവരാണ്‌. തെറ്റ്‌ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുകയാണ്‌ മതപരവും ലൗകികവുമായ വിഷയങ്ങളില്‍ വിജയിക്കാനും മുന്നേറാനും അനിവാര്യമായിട്ടുള്ളത്‌. ആദം സന്തതികളെല്ലാം തെറ്റുപറ്റാവുന്നവരാണെന്നും തെറ്റുപറ്റുന്നവരില്‍ ഏറ്റവും നല്ലവര്‍ പശ്ചാത്തപിച്ചുമടങ്ങുന്നവരാണെന്നും വ്യക്തമാക്കിയ മുഹമ്മദ്‌ നബി(സ) തെറ്റും തിരുത്തുമായി മുന്നോട്ടുനീങ്ങുന്ന നാഗരിക പ്രയാണത്തിന്‌ ശരിയായ ദിശ കാണിക്കുകയാണ്‌ ചെയ്‌തത്‌.

ഖുര്‍ആനില്‍ നിന്നും പ്രവാചക നടപടികളില്‍ നിന്നും ഇസ്‌ലാമിക തത്വങ്ങള്‍ നിര്‍ധരിച്ചെടുക്കുമ്പോള്‍ തെറ്റ്‌ പറ്റാനുള്ള സാധ്യതയെ നബി(സ) ദീര്‍ഘദര്‍ശനം ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ തെറ്റുപറ്റുന്നവരെ കുറ്റപ്പെടുത്തുകയല്ല സത്യം കണ്ടെത്താന്‍ ശ്രമിച്ച വകയില്‍ അവര്‍ക്ക്‌ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുമെന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. പഠനഗവേഷണങ്ങളില്‍ സംഭവിക്കുന്ന തെറ്റുകളുടെ നേര്‍ക്കുള്ള ഉദാരമായ ഈ നിലപാട്‌ ഒരു സമൂഹത്തിന്റെ സര്‍വതോമുഖമായ വികാസത്തിന്‌ ഉത്തേജനമേകാന്‍ പര്യാപ്‌തമത്രെ. അതുകൊണ്ടാണ്‌ പ്രവാചകശിഷ്യന്മാര്‍ക്കും അവരുടെ അടുത്ത തലമുറകള്‍ക്കും അഭൂതപൂര്‍വകമായ വൈജ്ഞാനിക-നാഗരിക മുന്നേറ്റം സാധ്യമായത്‌. പുതിയ സാമൂഹ്യ-സാമ്പത്തിക വിഷയങ്ങളെ ഇസ്‌ലാമിക ദൃഷ്‌ട്യാ വിലയിരുത്തുമ്പോള്‍ വിവിധ വീക്ഷണങ്ങള്‍ ഉയര്‍ന്നുവന്നതിനെ അക്കാലത്ത്‌ ആരും അസഹിഷ്‌ണുതയോടെ വിലയിരുത്തിയിരുന്നില്ല. ലൗകിക വിജ്ഞാനത്തിന്റെ ഏത്‌ ശാഖകളില്‍ നടക്കുന്ന പഠനങ്ങളെയും അവര്‍ സര്‍വാത്മനാ സ്വാഗതം ചെയ്‌തിരുന്നു. അഹ്‌മദുബ്‌നു ഹമ്പലിനെപ്പോലുള്ള സലഫീ പണ്ഡിതന്മാര്‍ സമകാലിക വൈജ്ഞാനിക പുരോഗതിക്ക്‌ നേരെ പുറംതിരിഞ്ഞു നിന്നു എന്നതിന്‌ തെളിവൊന്നുമില്ല.

എന്നാല്‍ ചില അനിസ്‌ലാമിക ദര്‍ശനങ്ങളുടെ സ്വാധീനത്തില്‍ അകപ്പെട്ട പണ്ഡിതന്മാര്‍ ഖുര്‍ആന്‍ ഒരു സൃഷ്‌ടിയാണെന്ന വാദം ഉന്നയിക്കുകയും ഖലീഫ ആ വാദത്തെ അംഗീകരിക്കുകയും ചെയ്‌തപ്പോള്‍ ഇമാം അഹ്‌മദ്‌ അതിനോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചത്‌ സ്വാഭാവികമാണ്‌. സര്‍വജ്ഞനായ സ്രഷ്‌ടാവ്‌ മാനവരാശിയുടെ മൊത്തം മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിച്ച കാലഹരണപ്പെടാത്ത വേദഗ്രന്ഥത്തെ മനുഷ്യരചനകളുടെ തലത്തിലേക്ക്‌ താഴ്‌ത്തുന്നതിനെ പ്രതിരോധിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌.

അല്ലാഹുവിന്റെ ദീന്‍ അവന്റെ ഗ്രന്ഥത്തില്‍ പറഞ്ഞതും അവന്‍ നിയോഗിച്ച അന്തിമ പ്രവാചകന്‍ വിശദീകരിച്ചതുമാണെന്ന സത്യം തുറന്നുപറയുകയും മതത്തില്‍ നൂതന നിര്‍മിതികള്‍ പാടില്ലെന്ന്‌ പ്രവാചകന്‍ വിലക്കിയത്‌ ഊന്നിപ്പറയുകയുമാണ്‌ സലഫികള്‍ ചെയ്യുന്നത്‌. ഇസ്‌ലാമിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഈ നിലപാട്‌ അനിവാര്യവുമാണ്‌. ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി മനുഷ്യചിന്തകള്‍ക്ക്‌ മതപരിവേഷം ചാര്‍ത്തിയപ്പോഴാണ്‌ ഖബ്‌റാരാധനയും ത്വരീഖത്തുകളും അദൈ്വതസൂഫിസവും മറ്റും ഇസ്‌ലാമിന്റെ സാക്ഷാല്‍ സ്വരൂപങ്ങളെന്നോണം അവതരിപ്പിക്കപ്പെട്ടത്‌. ഗുരുതരമായ വ്യതിയാനങ്ങള്‍ക്കെതിരില്‍ ജാഗ്രതപുലര്‍ത്തുന്നതോടൊപ്പം അടിസ്ഥാന പ്രമാണങ്ങള്‍ക്ക്‌ വിരുദ്ധമാകാത്ത മതഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ സച്ചരിതരായ പൂര്‍വികര്‍ ചെയ്‌തത്‌. ആ പൂര്‍വികരുടെ മാതൃക പിന്തുടരുന്നവര്‍ ഇക്കാലത്ത്‌ ചെയ്യേണ്ടതും മതചിന്തയുടെ സമുചിതമായ വികാസത്തെ സര്‍വഥാ പിന്തുണയ്‌ക്കുകയാണ്‌. അതോടൊപ്പം ശാസ്‌ത്ര സാങ്കേതിക രംഗങ്ങളിലെ മുന്നേറ്റത്തെയും.

ഒരു നാട്ടില്‍ ബഹുകക്ഷിരാഷ്‌ട്രീയമില്ലെങ്കില്‍, അവിടുത്തെ നഗരങ്ങളില്‍ ഇടയ്‌ക്കിടെ രാഷ്‌ട്രീയ പ്രകടനങ്ങള്‍ നടക്കുന്നില്ലെങ്കില്‍ അവിടെ സ്‌ത്രീകള്‍ അര്‍ധനഗ്‌നരായി ചുറ്റിത്തിരിയുന്നില്ലെങ്കില്‍, അവിടെ സിനിമാ തിയേറ്ററുകളും നിശാക്ലബ്ബുകളുമില്ലെങ്കില്‍, അവിടെ സ്‌ത്രീ സൗന്ദര്യം വില്‍പനച്ചരക്കാക്കുന്ന പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ലെങ്കില്‍, അവിടുത്തെ മാധ്യമങ്ങളില്‍ പരദൂഷണങ്ങളും അപവാദ പ്രചാരണങ്ങളുമില്ലെങ്കില്‍ ആ നാട്ടില്‍ കാലം മരവിച്ചു കിടക്കുന്നു എന്ന ആരോപണം ആധുനികതയുടെ ഹാവഭാവങ്ങളില്‍ ഭ്രമിച്ചുപോയവരുടെ പഴിവാക്ക്‌ മാത്രമാണ്‌. ഇത്‌ പറയുമ്പോഴും ആധുനികതയുടെ നല്ല അംശങ്ങള്‍ സ്വാംശീകരിക്കാന്‍ നാം വൈമുഖ്യം കാണിക്കരുത്‌. ഈ ദുനിയാവിലെ എല്ലാ നന്മകളും-പഴമയിലും പുതുമയിലുമുള്ള നന്മകള്‍ സത്യവിശ്വാസികള്‍ക്ക്‌ ഉപയോഗപ്പെടുത്താനും അനുഭവിക്കാനും അല്ലാഹു അനുവദിച്ചിട്ടുള്ളതാണ്‌.

ഹജറുല്‍ അസ്‌വദ്‌ സ്വര്‍ഗത്തിലെ കല്ലോ?
ചോദ്യം :

"എന്താണ്‌ ഹജറുല്‍ അസ്‌വദ്‌? അതിന്റെ നിറം കറുപ്പ്‌ തന്നെയാണോ? ഉത്തരം: സ്വര്‍ഗത്തില്‍ നിന്നുള്ള കല്ല്‌. പാലിനേക്കാള്‍ വെളുത്ത നിറമായിരുന്നു. പക്ഷേ, മനുഷ്യ ദോഷങ്ങള്‍ അതിനെ കറുപ്പിച്ചു.'' (ഇസ്‌ലാം ക്വിസ്‌, പേജ്‌ 148)

ഇത്‌ ശരിയാണോ? ഹജറുല്‍ അസ്‌വദ്‌ സ്വര്‍ഗത്തില്‍ നിന്നാണെന്നതിനോ മനുഷ്യദോഷങ്ങള്‍ അതിനെ കറുപ്പിച്ചുവെന്നതിനോ പ്രവാചകവചനങ്ങളിലെവിടെയെങ്കിലും പരാമര്‍ശങ്ങളുണ്ടോ?

ഉത്തരം :

ഹജറുല്‍ അസ്‌വദ്‌ സ്വര്‍ഗത്തില്‍ നിന്ന്‌ ഇറങ്ങിയതാണെന്ന്‌ റസൂല്‍(സ) പറഞ്ഞതായി തിര്‍മിദിയും നസാഈയും ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന്‌ റോപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ ഹദീസ്‌ സ്വഹീഹാണെന്ന്‌ തിര്‍മിദിയും അല്‍ബാനിയും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇതിന്റെ തുടര്‍ച്ചയായി "അത്‌ പാലിനേക്കാള്‍ തൂവെള്ള നിറമുള്ളതായിരുന്നു. മനുഷ്യരുടെ പാപങ്ങളാണ്‌ അതിനെ കറുപ്പിച്ചുകളഞ്ഞത്‌'' എന്നു കൂടി റസൂല്‍(സ) പറഞ്ഞുവെന്ന്‌ തിര്‍മിദി, അഹ്‌മദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ ഹദീസ്‌ സ്വഹീഹാണെന്ന്‌ ഇബ്‌നു ഖുസൈമ: അഭിപ്രായപ്പെട്ടിരിക്കുന്നു.

നബി(സ) ഹജറുല്‍ അസ്‌വദ്‌ ചുംബിച്ചുവെന്നും തൊട്ടുവെന്നും വ്യക്തമാക്കുന്ന ബുഖാരിയുടെയും മുസ്‌ലിമിന്റെയും കൂടുതല്‍ പ്രബലമായ ഹദീസുകളില്‍ ആ കല്ല്‌ സ്വര്‍ഗത്തില്‍ നിന്ന്‌ കൊണ്ടുവന്നതാണെന്നോ മുമ്പ്‌ അതിന്റെ നിറം വെള്ളയായിരുന്നുവെന്നോ പറഞ്ഞിട്ടില്ല. ഈ വിഷയകമായി കൂടുതല്‍ വിവരങ്ങള്‍ ഹദീസുകളില്‍ നിന്ന്‌ ലഭ്യമല്ല.

കൈ പല രൂപത്തില്‍ കെട്ടുന്നവരും കെട്ടാത്തവരും
ചോദ്യം :

മസ്‌ജിദുല്‍ഹറാമിലെ ഒരു നമസ്‌കാരത്തില്‍ പല രൂപത്തില്‍ കൈ കെട്ടുന്നവരെയും കൈ കെട്ടാത്തവരെയും ഒരു മരക്കഷ്‌ണം കൊണ്ട്‌ പല്ല്‌ തേക്കുന്നവരെയും കണ്ടു. ഇതിന്റെയൊക്കെ ഇസ്‌ലാമിക കാഴ്‌ചപ്പാടെന്താണ്‌?

ഉത്തരം :

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പല മദ്‌ഹബുകാരും പല വീക്ഷണക്കാരുമായ മുസ്‌ലിംകളാണ്‌ മക്കയിലെ മസ്‌ജിദുല്‍ ഹറാമിലും മദീനയിലെ മസ്‌ജിദുന്നബവിയിലും ഒരുമിച്ചു കൂടുന്നത്‌. പ്രധാനപ്പെട്ട നാലു മദ്‌ഹബുകാര്‍ക്ക്‌ പുറമെ ശീഅകളും ഇബാളീ മദ്‌ഹബുകാരും മറ്റുമുണ്ട്‌. ഹദീസുകള്‍ക്ക്‌ പ്രാമാണികത കല്‌പിക്കുന്നതിലും അവയെ വ്യാഖ്യാനിക്കുന്നതിലും ഇവരുടെ സമീപനങ്ങള്‍ വ്യത്യസ്‌തമായിരിക്കും. ചില ഇമാമുകള്‍ ഈ വിഷയകമായ എല്ലാ ഹദീസുകളും കണ്ടിട്ടില്ലെന്ന്‌ വരാം. ഹദീസുകളില്‍ ഏതിന്‌ മുന്‍ഗണന നല്‌കണമെന്ന കാര്യത്തില്‍ അവര്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ വ്യത്യസ്‌തമായിരിക്കാനും സാധ്യതയുണ്ട്‌.

നമസ്‌കാരത്തിന്റെ തുടക്കത്തെ സംബന്ധിച്ച്‌ അബൂഹുമൈദി(റ)ല്‍ നിന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ റസൂല്‍(സ) തക്‌ബീര്‍ ചൊല്ലുമ്പോള്‍ കൈകള്‍ ചുമലിന്‌ നേരെ ഉയര്‍ത്തുമായിരുന്നു എന്നേ പറഞ്ഞിട്ടുള്ളൂ. അതിന്‌ ശേഷം കൈകള്‍ കെട്ടി എന്നോ താഴ്‌ത്തിയിട്ടു എന്നോ വ്യക്തമാക്കിയിട്ടില്ല. വാഇലുബ്‌നു ഹുജ്‌റി(റ)ല്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌, അഹ്‌മദ്‌ എന്നിവര്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ നബി(സ) നമസ്‌കാരം തുടങ്ങുമ്പോള്‍ കൈകള്‍ ഉയര്‍ത്തി തക്‌ബീര്‍ ചൊല്ലിയ ശേഷം വലതു കൈ ഇടതു കൈമേല്‍ വെച്ചു എന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ കൈകള്‍ വെച്ചത്‌ നെഞ്ചത്തോ വയറ്റത്തോ പൊക്കിളിന്‌ താഴെയോ എന്ന്‌ ഈ ഹദീസില്‍ പറഞ്ഞിട്ടില്ല. നമസ്‌കാരത്തില്‍ കൈപ്പടങ്ങള്‍ കൈപ്പടങ്ങളിന്മേലായി പൊക്കിളിന്‌ താഴെ വെക്കുകയാണ്‌ നബിചര്യയെന്ന്‌ അലി(റ) പറഞ്ഞതായി അഹ്‌മദും അബൂദാവൂദും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടെങ്കിലും ആ ഹദീസിന്റെ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാള്‍ വിമര്‍ശന വിധേയനായിട്ടുണ്ട്‌. നമസ്‌കാരത്തില്‍ കൈകള്‍ എവിടെ വെക്കണം എന്നത്‌ സംബന്ധിച്ച്‌ താരതമ്യേന പ്രബലമായ ഹദീസ്‌ വാഇലുബ്‌നു ഹുജ്‌റി(റ)ല്‍ നിന്ന്‌ ഇബ്‌നുഖുസൈമ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളതാണ്‌. റസൂല്‍(സ) വലതുകൈ ഇടതു കയ്യിന്മേലായി നെഞ്ചത്ത്‌ വെച്ചുവെന്ന്‌ ഈ ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇത്‌ പ്രബലമാണെന്ന്‌ ഇബ്‌നു ഖുസൈമ പറഞ്ഞിട്ടുണ്ട്‌.

ഖുത്‌ബക്കിടയില്‍ ഇരിക്കാന്‍ മറന്നാല്‍
ചോദ്യം :

ഖുത്വുബക്കിടയില്‍ ഖത്വീബ്‌ ഇരിക്കാന്‍ മറക്കുകയാണെങ്കില്‍ അയാള്‍ ഒരു ഖുത്വുബ മാത്രമാണല്ലോ നിര്‍വഹിച്ചത്‌. എങ്കില്‍ ആ ഖുത്വുബയും ജുമുഅയും സാധുവാകുമോ? വ്യാഴാഴ്‌ച ഇശാ നമസ്‌കാരത്തിലും വെള്ളിയാഴ്‌ച സുബ്‌ഹിലും സൂറത്തുല്‍ അഅ്‌ലായും സൂറതു ഗാശിഅയും ചിലര്‍ പതിവാക്കുന്നു. ഇതിന്‌ പ്രത്യേക പുണ്യമുണ്ടോ?

ഉത്തരം :

നബി(സ) വെള്ളിയാഴ്‌ച രണ്ട്‌ ഖുത്വ്‌ബ നിര്‍വഹിച്ചിരുന്നുവെന്നും അവക്കിടയില്‍ ഇരുന്നിരുന്നുവെന്നും പ്രാമാണികമായ ഹദീസുകളില്‍ കാണാം. അതേ നിലയില്‍ നിര്‍വഹിക്കുകയാണ്‌ സുന്നത്ത്‌. എന്നാല്‍ രണ്ടു ഖുത്വ്‌ബ നിര്‍വഹിക്കണമെന്ന്‌ നബി(സ) നിര്‍ബന്ധ സ്വരത്തില്‍ കല്‌പിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ ഒരു ഖുത്വ്‌ബയേ നിര്‍ബന്ധമുള്ളൂ എന്നാണ്‌ പൂര്‍വിക പണ്ഡിതന്മാരില്‍ ഭൂരിപക്ഷം പേര്‍ അഭിപ്രായപ്പെട്ടത്‌. രണ്ടാം ഖുത്വ്‌ബയും നിര്‍ബന്ധമാണെന്നാണ്‌ മറ്റു പണ്ഡിതന്മാരുടെ അഭിപ്രായം. രണ്ടു അഭിപ്രായപ്രകാരമാണെങ്കിലും ഖുത്വ്‌ബക്കിടയില്‍ ഇരിക്കാന്‍ മറന്നുപോയ ഇമാം കുറ്റക്കാരനല്ല. അബദ്ധവും മറവിയും നിമിത്തം വല്ല കാര്യവും വിട്ടുപോയാല്‍ അല്ലാഹു ശിക്ഷിക്കുകയില്ലെന്നാണ്‌ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. അതിനാല്‍ ജുമുഅയുടെയോ, ഖുത്വ്‌ബയുടെയോ സാധുതയെ സംബന്ധിച്ച്‌ ആശങ്കപ്പെടേണ്ടതില്ല. രണ്ടാം ഖുത്വ്‌ബ മറന്നാല്‍ അതിന്‌ പ്രായശ്ചിത്തമായി എന്തെങ്കിലും ചെയ്യാന്‍ നബി(സ) കല്‌പിച്ചിട്ടില്ല.

വ്യാഴാഴ്‌ച ഇശാനമസ്‌കാരത്തിലോ വെള്ളിയാഴ്‌ച സുബ്‌ഹിലോ ചോദ്യകര്‍ത്താവ്‌ എഴുതിയ സൂറത്തുകള്‍ നബി(സ) പതിവായി ഓതിയിരുന്നുവെന്നോ ഓതാന്‍ കല്‌പിച്ചിരുന്നുവെന്നോ പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. വെള്ളിയാഴ്‌ച സുബ്‌ഹ്‌ നമസ്‌കാരത്തില്‍ അലിഫ്‌ലാം തന്‍സീലു..., ഹല്‍അതാഅലല്‍ ഇന്‍സാനി എന്നീ സൂറത്തുകള്‍ നബി(സ) പാരായണം ചെയ്‌തിരുന്നുവെന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ എല്ലാവരും ഈ സൂറത്തുകള്‍ തന്നെ ഓതണമെന്ന്‌ കല്‌പിച്ചിട്ടില്ല. ഇശാനമസ്‌കാരത്തില്‍ പൊതുവെ ഏറെ ദൈര്‍ഘ്യമില്ലാത്ത സൂറത്തുകള്‍ ഓതാന്‍ നബി(സ) നിര്‍ദേശിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണാം. അഅ്‌ലാ, ഗാശിയ പോലുള്ള സൂറത്തുകള്‍ ആ വിഭാഗത്തില്‍ ഉള്‍പ്പെടും. ഖുര്‍ആനില്‍ നിന്ന്‌ ഏത്‌ ഭാഗം ഓതുന്നതും തെറ്റാണെന്ന്‌ പറയാവുന്നതല്ല.

നോമ്പ്‌ നോല്‌ക്കാന്‍ ബാധ്യതയുണ്ടായിരിക്കെ മരിച്ചാല്‍
ചോദ്യം :

നോമ്പ്‌ നോറ്റു വീട്ടേണ്ടതുള്ള ഒരാള്‍ അത്‌ നിര്‍വഹിക്കാതെ മരിച്ചാല്‍ ബന്ധുക്കള്‍ അയാള്‍ക്ക്‌ പകരം നോറ്റു വീട്ടേണ്ടതുണ്ടോ?

ഉത്തരം :

"നോമ്പ്‌ നിര്‍വഹിക്കാന്‍ ബാധ്യതയുള്ള നിലയില്‍ വല്ലവനും മരിച്ചാല്‍ അയാള്‍ക്ക്‌ പകരം അയാളുടെ ഉറ്റബന്ധു നോമ്പനുഷ്‌ഠിക്കേണ്ടതാണ്‌ '' എന്ന്‌ നബി(സ) പറഞ്ഞതായി ആഇശ(റ)യില്‍ നിന്ന്‌ ബുഖാരിയിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസ്‌ ഇപ്രകാരമാകുന്നു: " ഒരാള്‍ നബി(സ)യുടെ അടുത്ത്‌ വന്നിട്ട്‌ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്റെ ഉമ്മ മരിക്കുമ്പോള്‍ അവര്‍ക്ക്‌ ഒരു മാസത്തെ നോമ്പ്‌ ബാധ്യതയുണ്ട്‌. അവര്‍ക്ക്‌ പകരം ഞാന്‍ അത്‌ നോറ്റു വീട്ടണമോ? നബി(സ) പറഞ്ഞു : ``അതെ, അല്ലാഹുവിനുള്ള കടമാണ്‌ വീട്ടാന്‍ ഏറ്റവും അവകാശപ്പെട്ടത്‌.'' ഇങ്ങനെ നോറ്റുവീട്ടുന്നത്‌ നിര്‍ബന്ധമല്ല; സുന്നത്താണ്‌ എന്നത്രെ പൂര്‍വിക പണ്ഡിതന്മാരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഒരു നോമ്പിന്‌ പകരം ഒരു പാവപ്പെട്ടവന്‌ ഭക്ഷണം നല്‌കുകയാണ്‌ ഉറ്റ ബന്ധു ചെയ്യേണ്ടതെന്നാണ്‌ പൂര്‍വ പണ്ഡിതന്മാരില്‍ പ്രമുഖരായ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. സ്വഹാബികളില്‍ ചിലരുടെ ഫത്‌വകളാണ്‌ അവര്‍ക്ക്‌ അവലംബം.

നോമ്പ്‌: നിയ്യത്തിന്റെ രൂപവും സമയവും
ചോദ്യം :

നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമാണോ? അതിന്റെ വാക്കുകള്‍ എപ്രകാരമാണ്‌? നിയ്യത്ത്‌ വെക്കേണ്ട സമയം എപ്പോഴാണ്‌?

ഉത്തരം :

ഒരു കര്‍മം ചെയ്യുമ്പോള്‍ മനസ്സിലെ വിചാരഗതിയെന്താണോ അതാണ്‌ നിയ്യത്ത്‌. ഈ വിഷയകമായി പ്രസിദ്ധമായ നബിവചനം ഇപ്രകാരമാകുന്നു: ``കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ച്‌ മാത്രമാകുന്നു. അതിനാല്‍ വല്ലവന്റെയും ഹിജ്‌റ അല്ലാഹുവിലേക്കും റസൂലിലേക്കുമാണെങ്കില്‍ അവന്റെ ഹിജ്‌റ അല്ലാഹുവിലേക്കും റസൂലിലേക്കും തന്നെ. വല്ലവന്റെയും ഹിജ്‌റ ഐഹികനേട്ടങ്ങള്‍ക്കു വേണ്ടിയോ ഒരു സ്‌ത്രീയെ വിവാഹം കഴിക്കാന്‍ വേണ്ടിയോ ആണെങ്കില്‍ അവന്റെ ഹിജ്‌റ അവന്‍ ലക്ഷ്യമാക്കിയ കാര്യത്തിലേക്ക്‌ തന്നെയാകുന്നു.'' (ബുഖാരി, മുസ്‌ലിം) നബി(സ) മദീനാവാസമാരംഭിച്ചത്‌ മുതല്‍ മക്കാവിജയംവരെ ഏത്‌ നാട്ടുകാര്‍ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കിലും അവര്‍ സ്വദേശം വെടിഞ്ഞ്‌ മദീനയിലേക്ക്‌ ഹിജ്‌റ പോകണമെന്നായിരുന്നു അല്ലാഹുവിന്റെ കല്‌പന. ഈ ഹിജ്‌റ അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഒരു സല്‍കര്‍മമാകണമെങ്കില്‍ ഉദ്ദേശ്യം ശരിയാകണമെന്നും എല്ലാ കര്‍മങ്ങള്‍ക്കും ഇത്‌ ബാധകമാണെന്നും ഈ നബിവചനത്തില്‍ നിന്ന്‌ ഗ്രഹിക്കാം.

നോമ്പിന്റെ നിയ്യത്ത്‌ സംബന്ധിച്ച്‌ പ്രത്യേകമായി പരാമര്‍ശിക്കുന്ന നബിവചനം ഇപ്രകാരമാകുന്നു: ``നോമ്പനുഷ്‌ഠിക്കണമെന്ന്‌ ഫജ്‌റിന്‌ (പുലരിക്ക്‌) മുമ്പായി തീരുമാനിക്കാത്തവന്റെ നോമ്പ്‌ സാധുവല്ല.'' (അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌) എന്നാല്‍ നിര്‍ബന്ധമല്ലാത്ത നോമ്പിന്റെ കാര്യത്തില്‍ നേരം പുലര്‍ന്നതിനു ശേഷം തീരുമാനമെടുക്കാവുന്നതാണെന്ന്‌ തെളിയിക്കുന്ന നബിവചനം ആഇശ(റ)യില്‍ നിന്നും മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഉദ്ദേശ്യശുദ്ധിയും തീരുമാനവുമൊക്കെ മനസ്സില്‍ ഉണ്ടാകേണ്ടതാണ്‌. അത്‌ ഏതെങ്കിലും ഭാഷയില്‍ പറയേണ്ടതില്ല. ഹജ്ജിലും ഉംറയിലും പ്രവേശിക്കുന്നത്‌ മാത്രമേ പ്രഖ്യാപിക്കണമെന്ന്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളൂ. ഒരു റമദാന്‍ മാസം മുഴുവന്‍ നോമ്പെടുക്കാമെന്ന്‌ മനസ്സിലുറപ്പിച്ച വ്യക്തി ഓരോ രാത്രിയിലും ആ തീരുമാനം ആവര്‍ത്തിക്കണമെന്നില്ലെന്ന്‌ ചില പ്രമുഖ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.